പൂമുഖം LITERATUREനർമ്മം കേളുമാഷ് (ഭാഗം-16)

കേളുമാഷ് (ഭാഗം-16)

കേളുമാഷുടെ മകൾ സുധയെ വിവാഹം കഴിപ്പിച്ചത് നടുവണ്ണൂരാണ്. സ്വന്തം നാട്ടിൽ നിന്നും അധികം ദൂരത്തല്ലാത്തതിനാൽ ഇടയ്ക്ക് മകളുടെ വിശേഷമറിയാൻ കേളുമാഷ് അവിടെ പോകാറുണ്ട്. ഒരുദിവസം രാവിലെ പത്തുമണിക്ക് മുൻപായി തന്നെ മാഷ് അവിടെയെത്തി. ഒഴിവുദിവസമായതിനാൽ ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായ മരുമകൻ അശോകനും അവിടെയുണ്ട്.

അച്ഛൻ വന്ന സന്തോഷത്തിലാണ് മകൾ. അത്ര സന്തോഷം ഏതായാലും അശോകനില്ല. എന്നാൽ അയാൾ അത് കാട്ടിയതുമില്ല. ഇനി തന്‍റെ ഒഴിവുദിവസത്തെ ചെറിയ ചെറിയ കാര്യങ്ങൾ നടക്കില്ലല്ലോയെന്ന പരിഭവം ഉള്ളാലെ മറച്ച് വെച്ച് മുഖത്തൊരു ചിരി പാസ്സാക്കി കേളുമാഷുടെ പുളിച്ച ബഡായികൾ കേൾക്കാൻ സന്നദ്ധനായിരിക്കുകയാണ് അശോകൻ. സ്‌കൂളിനെ ചുറ്റിപ്പറ്റിയുള്ള, പലപ്പോഴും പറഞ്ഞ ‘എമണ്ടൻ’ തമാശകൾ വീണ്ടും കേൾക്കുന്നതിലെ വിമ്മിട്ടം തുറന്നുകാട്ടാതെ കേളുമാഷ് പറയുന്നതിൽ രസിച്ചിരിക്കുകയാണ് മരുമകൻ. ഇടയ്ക്ക് സുധ ഒരു പിഞ്ഞാണത്തിൽ നന്നായി പാലൊഴിച്ച തേൻ പോലെ മധുരമുള്ള ചായയും നല്ല ചൂടുള്ള പഴംപൊരിയും അച്ഛൻ പതിവായിരിക്കുന്ന സ്ഥലത്തെ ഇരുത്തിയിൽ കൊണ്ടുവച്ചു.

വര: പ്രസാദ്‌ കാനാത്തുങ്കല്‍

(കേളുമാഷിന്‌ ഗ്ലാസിൽ ചായ കുടിക്കുന്നത് പതിവില്ല. വലിയ പിഞ്ഞാണത്തിൽ നന്നായി പാലും പഞ്ചസാരയും കടുപ്പത്തിൽ തേയിലയും ചേർത്ത ചായ തന്നെ വേണം. അക്കാരണം കൊണ്ടു തന്നെ വീടുവിട്ടാൽ ചായകുടിക്കുന്ന പതിവും മൂപ്പർക്കില്ല. കേളുമാഷുടെ ഈ ശീലം അമ്മവഴി മകളും ശീലിച്ചിട്ടുണ്ട്. പേരാമ്പ്ര ചന്തയിൽ നിന്നും മൂന്ന് പിഞ്ഞാണി പാത്രങ്ങൾ കല്യാണം കഴിഞ്ഞതിന്‍റെ പിറ്റേന്ന് തന്നെ സുധ അശോകൻ വഴി വാങ്ങിയതും അക്കാര്യത്തിൽ രണ്ടാം നാളിൽ തന്നെ നവദമ്പതികൾ തമ്മിൽ വഴക്കുകൂടിയതും കേളുമാഷ് ഇതേവരെ അറിഞ്ഞിട്ടില്ല).

മാഷ് ഒരു കവിൾ ചായ ഒച്ചയോടെ വലിച്ചുകുടിച്ച് മകളോടായി പറഞ്ഞു.
“കുഞ്ഞിപ്പെണ്ണെ (മകളെ കേളുമാഷ് അങ്ങിനെയാണ് വിളിക്കുക) ഉച്ചയ്ക്ക് ഊണിന് നല്ല ചെറാവ് (സ്രാവ്) പൊരിച്ചതും അയിന്‍റെ കറീം മാണം മറക്കണ്ട.”
“അയിനെന്താച്ഛാ അശോകേട്ടന് അതൊക്കെ ബെല്യ കാര്യേല്ലേ. ഓറ് ഇപ്പം തെന്നെ ചെറാവ് മാങ്ങാൻ പോവൂല്ലേ.”

അച്ഛനോട് ചേർന്നുള്ള സുധയുടെ പായ്യാരം പറച്ചിൽ കേട്ട് അശോകന് അരിശം തോന്നിയെങ്കിലും അതുകാട്ടാതെ അയാൾ കേളുമാഷോടായി പറഞ്ഞു.
“അമ്പോ ചെറാവോ ബെല്യ പൈശ്യാവും. അയിന് പൈശ ഇങ്ങള് തന്നെ തരണം.”

മരുമകന്‍റെ പിശുക്ക് മാഷിന് അത്രയ്ക്കങ്ങു പിടിച്ചില്ല. എന്നാൽ ക്ഷോഭിക്കാതെ മൂപ്പര് അതിനേക്കാൾ വലിയ കാര്യം പറയാൻ തുടങ്ങി.
“മോനെ ഇഞ്ഞെനിക്ക് ഇപ്പം തന്നെ നാല്പത് ലച്ചം ഉറുപ്പ്യ തരാനുണ്ട്. ന്നിട്ടാ ഉളുപ്പില്ലാണ്ട് മീനിന്‍റെ കണക്ക് പറേന്നെ…”

അശോകൻ അതുകേട്ട് തലയിൽ കൈവെച്ച് ചോദിച്ചു.
“അയേ അതെപ്പോ.. ഇങ്ങള് പിടിച്ചേനേക്കാളും മാളത്തിലാണല്ലോ.. ന്റെ മുത്തപ്പാ!”

ഒരു ചെറുചിരിയോടെ മാഷ് തുടർന്നു.
ഇന്‍റെ ഓള് ണ്ടല്ലോ അതായത് ന്‍റെ മോള്…ഓളെ ഇന്നെ കെട്ടിക്കും മുമ്പ് നിക്ക് ചെലവായ പൈശ നിക്കറിയ്യോ. ഓളെ ഓള്ടെ അമ്മ പെറുമ്മം നിക്ക് അക്കാലത്തെ പതിനായിരാ ചെലവായത്. പിന്നെ ഒന്നാം ക്ലാസ്സ് മുതൽ എം.എ. ബി എഡ് ബരെ എത്തിക്കാൻ അഞ്ച് ലച്ചം ചെലവായി. ഇന്‍റെ മൂന്ന് കുട്ട്യേള്ടെ പേറിന് ചില്ലറയാ നിക്ക് ചെലവായത്? പിന്നെ ഓളെ കല്യാണത്തിന്‍റെ പൊന്നിന്‍റെ കായി. നല്ല ബെടിപ്പായി കയിച്ച കല്യാണത്തിന്‍റെ കണക്ക് ബേറെ….മൊത്തം ഞാൻ കൂട്ടി ബെച്ചിട്ട്ണ്ട്..അക്കണക്കാ മനേ നാല്പത് ലച്ചം…അതാദ്യം ഇബിടെ ഈ ഇരുത്തീമ്മൽ ബെക്ക്. ന്നിട്ട് മ്മക്ക് ചെറായ്ന്‍റെ കണക്ക് പറയാം. ഹല്ല പിന്നെ…”

കണക്ക് കേട്ട് ഏറെ അഭിമാനത്തോടെ സുധ അച്ഛനെ ശ്രദ്ധിച്ച് ഭർത്താവിനെ ഒളികണ്ണാലെ നോക്കിയിട്ട് പറഞ്ഞു.
“അച്ഛാ ഓർക്ക് ഇപ്പാ ന്‍റെ ബെല മനസ്സിലായെ. ഇക്കണക്ക് അച്ഛൻ നേരത്തെ പറയണ്ടേനും. അശോകേട്ടൻ ഇടയ്ക്ക് പറേന്നെ കേട്ടാ തോന്നും ഞാൻ ഈട ബലിഞ്ഞു കേറി ബന്നതാന്ന്. നന്നായച്ഛാ ഇപ്പം പറഞ്ഞെ. കൊണം ബെരട്ടെ അച്ഛന്.”

അശോകൻ ഉത്തരം മുട്ടി അമ്മിക്കുട്ടി വിഴുങ്ങിയ പോലെയായി. ഒന്നും പറയാതെ അയാൾ ഉടനെ അങ്ങാടിയിലേക്ക് നീട്ടി വലിച്ചുനടന്നു. ഗേറ്റ് കടന്നു പോകുന്ന മരുമകനെ നോക്കി കേളുമാഷ് മകളോടായി പറഞ്ഞു.
“ങ്ങും.. ഓനേം ഓ ന്‍റെ അച്ഛനേം ബിറ്റ കായ്ണ്ട് ന്‍റെ കൈയ്യിൽ. മ്മളോടാ കളി.”
“അദ്ന്നെ അച്ഛാ മ്മളോടാ കളി”

തിളയ്ക്കുന്ന വെയിലത്ത് അമ്മോശ്ശന്‍റെ പെരിയ കണക്ക് കേട്ട് അപമാനിതനായി നടന്നുപോയ അശോകൻ പറഞ്ഞ തെറി അച്ഛനും മകളും കേൾക്കാത്തത് ആരുടെയൊക്കെയോ ഭാഗ്യം. പിന്നല്ലാതെ!

(തുടരും)

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.