പൂമുഖം Travelയാത്ര മരാക്കെഷിന്റെ മായാജാലം (അവസാന ഭാഗം)

മരാക്കെഷിന്റെ മായാജാലം (അവസാന ഭാഗം)

സാദിയൻ ശവകുടീരങ്ങൾ

മരാക്കെഷിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഒരിടമാണിത്. 70 മൊറോക്കൻ ദീനാർ കൊടുത്ത് ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ ഇടുങ്ങിയ ഒരു വഴിയിലൂടെ ഉള്ളിലേക്ക് നടന്നെത്തുന്നത് വളരെ വിശാലമായ ഒരു നടുമുറ്റത്താണ്. അമേരിക്ക, യൂറോപ്പ്, മദ്ധ്യപൂർവ്വദേശങ്ങൾ എന്നിവയിൽ നിന്നാണ് സന്ദർശകൾ അധികവും. ഇന്ത്യാക്കാരായി ഞങ്ങളെ മാത്രമേ അവിടെ കണ്ടുള്ളു. നാരക മരങ്ങളും റോസാച്ചെടികളും നിറഞ്ഞ ഇതിൻ്റെ പല ഭാഗങ്ങളിലായാണ് ശവകുടീരങ്ങൾ. 170 രാജകുടുംബാംഗങ്ങളുടെ ശവക്കല്ലറകൾ കെട്ടിടങ്ങളുടെ ഉള്ളിലും, അവരുടെ ഉദ്യോഗസ്ഥ പ്രമാണികളുടേത് തുറന്നയിടങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. മിക്കവാറും എല്ലാംതന്നെ പച്ച, കറുപ്പ്, കാപ്പിത്തവിട്ട്, നീല, വെള്ള എന്നീ നിറങ്ങളിലുള്ള സെറാമിക് ടൈലുകളുടെ പലതരം അലങ്കാരരൂപങ്ങൾ പൊതിഞ്ഞ് ഭംഗിയാക്കിട്ടുണ്ട്.

സൗദിഅറേബ്യയിൽ നിന്നുള്ളത് എന്ന് അർത്ഥമുള്ള സാദിയൻ രാജവംശത്തിലെ രാജാക്കന്മാരാണ് 1510-1659 കാലത്ത് ഇത് നിർമ്മിച്ചത്. മുഹമ്മദ് നബിയുടെ പേരമകനായ ഹസ്സൻ ഇബിൻ അലി സ്ഥാപിച്ചതാണ് സാദിയൻ രാജവംശം എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇവിടെയുള്ളതിൽ വച്ച് ഏറ്റവും വലുതും സുന്ദരവുമായ ശവകുടീരം ഇവരിൽ ഏറ്റവും ധനികനും പ്രതാപിയുമായ സുൽത്താൻ അഹമ്മദ് അൽ മൻസൂറിൻ്റെതാണ്. മനോഹരമായ 12 തൂണുകൾക്ക് മുകളിൽ ധാരാളം കൊത്തു പണികളും ചിത്രവേലകളും നിറഞ്ഞ മച്ച് കാണാം. മുകൾത്തട്ടിൽ തടി കൊണ്ടും കമാനങ്ങളിലും തുണുകളിലും പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ചും, ഭിത്തികളിൽ ടൈലുകൾ പതിച്ചും ചെയ്തിരിക്കുന്ന ശില്പവേലകൾ അതിമനോഹരമാണ്. ഇവയെ അക്കാലത്തെ ഇസ്ലാമിക ശില്പവിദ്യാചാതുരിയുടെ ഉത്തമോദാഹരണങ്ങളായി കണക്കാക്കാം. ഇവയിൽ പലതിലും ഖുറാൻ വചനങ്ങളും കവിതാശകലങ്ങളും കാണാം. മൂന്ന് ശവകുടീരങ്ങൾ പ്രധാന മന്ദിരത്തിൻ്റെ ഉള്ളിലുണ്ട്. 1603-ൽ മരിച്ച അൽമൻസൂറിൻ്റെ ശവകുടീരം മദ്ധ്യഭാഗത്തു കാണാം. ഇരുവശങ്ങളിലുമായി ഇദ്ദേഹത്തിൻ്റെ ഭാര്യയും മകനും അന്തിയുറങ്ങുന്നു. സന്ദർശകർക്ക് ഇതിനകത്തേക്ക് പ്രവേശനം ഇല്ല. നീണ്ട ക്യൂവിൽ നിന്ന് വേണം ഈ കാഴ്ചയിലേക്ക് എത്താൻ. വളരെ കുറഞ്ഞ സമയം മാത്രമേ ഇത് കാണാൻ ലഭിയ്ക്കുകയുള്ളു; രണ്ട് മൂന്ന് ഫോട്ടോകൾ എടുത്ത ശേഷം പിറകിൽ പൊരിവെയിലിൽ ക്യൂ നിൽക്കുന്നവർക്കായി സ്ഥലം മാറിക്കൊടുത്തു.

ഭരണം മാറിയപ്പോൾ പിറകെ വന്ന അലൊവൈറ്റ് രാജവംശക്കാർ ഈ ശവക്കല്ലറകൾ നിൽക്കുന്ന പ്രദേശം കെട്ടിയടച്ചു. നൂറ്റാണ്ടുകളോളം മണ്ണ് മൂടിക്കിടന്ന ഈ പ്രദേശം1917ൽ ആണ് പിന്നീട് കണ്ടെത്തുന്നത്. വർഷങ്ങളോളം നടന്ന പുനരുദ്ധാരണപ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഇത് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.

അവിടെ നിന്ന് ഉച്ചയോടെ ഞങ്ങൾ ഈ നഗരത്തിന്റെ പുതിയ ഭാഗങ്ങൾ കാണാനായി പുറപ്പെട്ടു. റോഡുകളെല്ലാം മറ്റേത് ആധുനിക നഗരങ്ങളെ പോലെയും നന്നായി സൂക്ഷിച്ചിട്ടുണ്ട്. ബഹുനിലക്കെട്ടിടങ്ങളും പാർക്കുകളും എല്ലാമുള്ള നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാളിലാണ് ടാക്സിയിൽ ഞങ്ങൾ ചെന്നിറങ്ങിയത്. കുറച്ചുനേരം കാഴ്ചകൾ കണ്ടു നടന്നു. അവസാനം മാളിന്റെ മുകളിൽ പോയി ഉച്ചഭക്ഷണം കഴിച്ചു.

മടക്കയാത്രയിൽ നഗരത്തിൻ്റെ ചുറുമതിലുകൾ കാണാനായി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അൽ മൊറാവിദ് രാജവംശം നിർമ്മിച്ച മരാക്കെഷിന്റെ പഴയ നഗരമതിലുകൾ,കൊത്തളങ്ങൾ എന്നറിയപ്പെടുന്നു. ചുവന്ന നിറമുള്ള കളിമണ്ണ് കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇത് നഗരത്തിന് “റെഡ് സിറ്റി” എന്ന വിളിപ്പേര് നേടിക്കൊടുത്തു. ഏകദേശം19 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ പ്രതിരോധ മതിലുകൾക്ക് ഏകദേശം 9 മീറ്റർ ഉയരവും 2 മീറ്റർ കനവുമുണ്ട്, കൂടാതെ 20 ഗേറ്റുകളും 200 ഓളം ഗോപുരങ്ങളും ഇതിൻ്റെ ഭാഗമായി ഉണ്ട്. സന്ദർശകർക്ക് മതിലുകളുടെ ചില ഭാഗങ്ങളിലൂടെ നടക്കാനോ കുതിരവണ്ടിയിൽ സഞ്ചരിക്കാനോ കഴിയും, അവ ഇപ്പോഴും ഉപരിതലത്തിൽ ദൃശ്യമാകുന്ന സ്കാർഫോൾഡിംഗ് ദ്വാരങ്ങളുടെ സഹായത്തോടെ പരിപാലിക്കപ്പെടുന്നു ‘

പിറ്റേന്ന് അതിരാവിലെ അഞ്ചുമണിക്ക് എയർപോർട്ടിലേക്ക് പോകേണ്ടതുകൊണ്ട് നേരത്തെ ഹോട്ടലിലെത്തി പാക്കിംഗും മറ്റും ചെയ്യേണ്ടതുണ്ട്. പുറത്തുപോയി ഭക്ഷണം കഴിച്ച് സമയം കളയണ്ട എന്നു കരുതി റിയാദിൽത്തന്നെ രാത്രി ഭക്ഷണത്തിനുള്ള ഏർപ്പാടുകൾ നേരത്തെ ചെയ്തിരുന്നു. ആദ്യദിവസത്തെ പോലെ തന്നെ റ്റജീനും മറ്റനുസാരികളോളം ഒക്കെ ചേർന്ന് നല്ലൊരു ഡിന്നറായിരുന്നു അവിടെ തയാറാക്കിയിരുന്നത്.

ഭക്ഷണം കഴിഞ്ഞ് നടുമുറ്റത്തിൻ്റെയും പൂന്തോട്ടത്തിൻ്റെയും കുറച്ച് ഫോട്ടോകൾ എടുത്ത ശേഷം ഞങ്ങൾ മുറിയിലേക്ക് പോയി. ഹോട്ടലിൽ നിന്ന് ഏർപ്പെടുത്തിയ ടാക്സി രാവിലെ അഞ്ചുമണിക്ക് എത്തി. എന്നാൽ സ്റ്റാൻ്റിലേക്ക് 10 മിനിറ്റ് നടക്കേണ്ടതുണ്ട്. അഹമ്മദ് ലഗേജും മറ്റും എടുത്തു കൊണ്ട് ഞങ്ങളുടെ ഒപ്പം വന്നു. കൃത്യസമയത്ത് തന്നെ എയർപോർട്ടിൽ എത്തി.

വിമാനത്താവളത്തിലെ സംവിധാനങ്ങൾ മിക്കവാറും മൂന്നാംലോകരാജ്യങ്ങളിൽ കാണുന്ന മട്ടിലാണ്.. ഫ്ലൈറ്റ് അല്പം താമസിച്ചാണ് പുറപ്പെട്ടത്. അങ്ങനെ ഞങ്ങൾ മരാക്കെഷിനോട് യാത്ര പറഞ്ഞു. ചരിത്രവും പാരമ്പര്യവും കൊണ്ട് അനുഗ്രഹീതമായ ഈ നാട്ടിലെ കാഴ്ചകൾ മറക്കാനാവാത്തതാണ്.

(അവസാനിച്ചു)

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.