എഴുപത്തിയേഴ്
നാണിയുടെ കണ്ണ് സുഖമായ ശേഷമാണ് യുവാക്കളുടെ മടക്കയാത്ര ആരംഭിച്ചത്. നേരത്തേ തീരുമാനിച്ച പോലെ പൊടിയനും ഗോമതിയും നാണിയും അവർക്കൊപ്പമുണ്ട്. അവസാന നിമിഷമാണ് ഗിരിയും ഹേമയും സംഘത്തിൽ ചേർന്നത്. തിങ്കളാഴ്ച രാവിലെ തുടങ്ങി ചൊവ്വാഴ്ച വൈകുന്നേരം ഹസനൂരിൽ എത്തി. അവിടെ മൂന്നുനാല് വീടുകളിലായി സംഘത്തിന് പാർപ്പിടം ഒത്തു കിട്ടി. ബുധനാഴ്ച അതിരാവിലെ കാട്ടിലേക്കുള്ള യാത്ര തുടങ്ങി. ഒരു ക്ഷീണവും ഇല്ലാതെയുള്ള നാണിയുടെ നടത്തം എല്ലാവരെയും അതിശയിപ്പിച്ചു.
‘എത്ര വയസ്സായി മുത്തശ്ശിക്ക്?’ വീരു ചോദിച്ചു. ചോദ്യം രാജൻ പരിഭാഷപ്പെടുത്തി.
‘ഒരുപാട് ആയി. പത്ത്, അറുപത്തഞ്ച് എങ്കിലും കാണും.’ നാണി പറഞ്ഞു.
ഗിരിയും ഹേമയും പുഞ്ചിരിച്ചു.
‘എനിക്കു പോലും അറുപത്തഞ്ചിൽ കൂടുതൽ കാണും അല്ലേടി?’ പൊടിയൻ ഗോമതിയോടു ചോദിച്ചു.
‘നമ്മക്കൊക്കെ കാലോം പ്രായോമൊക്കെ തൊടങ്ങിയതെന്നാ, നാട്ടീ വന്ന് പിന്നേം നാലഞ്ചു കൊല്ലം കഴിഞ്ഞല്യോ? അപ്പോ പിന്നെ പറയുന്നതാ പ്രായം. അറുപത്തഞ്ചെങ്കിൽ അറുപത്തഞ്ച്, എഴുപത്തഞ്ചെങ്കിൽ അത്.’
ഗോമതി പറഞ്ഞു.
പത്തുമണിയോടെ കാട്ടിനുള്ളിലെ കുടിലുകൾ ഓരോന്നായി കാണാമെന്നായി. പുറത്തുനിന്നവർ ആഗതരെ കണ്ട് ആവേശമൊന്നും കാണിച്ചില്ല. ഗിരിയും ഹേമയും അവരെ കൈ ഉയർത്തി കാട്ടി. നാണി ഉത്സാഹത്തോടെ തനിക്ക് അറിയാവുന്ന പഴയ കാട്ടുഭാഷയിൽ ഓരോന്നു വിളിച്ചു ചോദിച്ചു. വൃദ്ധ പറയുന്നത് എന്തെന്നറിയാതെ കാട്ടിലുള്ളവർ മിഴിച്ചുനിന്നു.
‘അവർക്ക് ആ ഭാഷ അറിയില്ലല്ലോ അമ്മൂമ്മ.’ രാജൻ ഓർമ്മപ്പെടുത്തി.
വീരുവും സാക്കിയും മറ്റും അവരവരുടെ കുടിലുകളിലേക്ക് പോയി. രാജൻ തന്റെ ആളുകളുമായി തേനിയുടെ അടുത്തേക്കും. തേനി സന്തോഷത്തോടെ ഭർത്താവിന്റെ ആളുകളെ സ്വീകരിച്ചു. ഗിരിയോടും ഹേമയോടും ഉപചാരം പ്രദർശിപ്പിച്ചു. ഗോമതിയും നാണിയും തേനിയോടും കുട്ടിയോടും സ്നേഹ വാത്സല്യങ്ങൾ പ്രകടിപ്പിച്ചു.
‘കാന്തി എവിടെ?’ ഹേമ ചോദിച്ചു.
കാന്തിയെ പറ്റിയാണ് ചോദ്യം എന്ന് തേനിക്ക് മനസ്സിലായി.
‘ജ്വരം പിടിച്ചു കിടക്കുകയാണ്. ഇപ്പോൾ കുറവുണ്ട്. ചുപ്പൻ കൂടെത്തന്നെയിരുന്നു ശുശ്രൂഷിക്കുകയായിരുന്നു.’
തേനി പറഞ്ഞു.
രാജൻ തേനി പറഞ്ഞത് ഹേമയ്ക്ക് വിശദീകരിച്ചു കൊടുത്തു.
‘മൂപ്പനും മൂപ്പത്തിയും വലിയ പിണക്കത്തിലാണ് കേട്ടോ,’ കുട്ടിയെ കൈമാറിക്കൊണ്ട് തേനി രാജനോട് പറഞ്ഞു.

‘ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ പിണക്കം എല്ലാം മാറും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ അങ്ങനെയല്ല. വൈരാഗ്യം കൂടി വരികയാണ്. മറ്റുള്ളവരെക്കാൾ ദേഷ്യം നിങ്ങളോടാണ്. വലിയ ശത്രുതയോടെയാണ് നിങ്ങളെ പറ്റി സംസാരിക്കുന്നത്. എന്നെയും കുഞ്ഞിനെയും പോലും ഇപ്പോൾ ഗൗനിക്കുന്നില്ല. മൂപ്പത്തിക്കാണ് ദേഷ്യം കൂടുതൽ. അല്ലേലും രണ്ടുപേരിൽ ആജ്ഞാശക്തിയും തന്റേടവും പണ്ടേ മൂപ്പത്തിക്കാണ്.’
തേനി എന്താണ് പറയുന്നതെന്ന് നാണി ചോദിച്ചു. രാജൻ സംഗതികളെല്ലാം മലയാളത്തിൽ വിശദീകരിച്ചു.
‘ഞാനാ തള്ളയെ കണ്ട് കാര്യം പറയാം,’ നാണിക്ക് ദേഷ്യം വന്നു.
‘ഏതു ഭാഷയിൽ?,’ രാജൻ ചിരിച്ചു.
‘ഞാൻ നിങ്ങളെ അവരുടെ അടുത്തേക്ക് കൊണ്ടുപോകാം. എന്നെ വിളിക്കാനുള്ള ചീത്തയുടെ വിഹിതം നിങ്ങൾക്കു കൂടെ കിട്ടും,’ കുഞ്ഞിന് മുത്തം കൊടുത്തുകൊണ്ട് രാജൻ പറഞ്ഞു.
രാജൻ പിതാവിന്റെ വേഷത്തിലേക്ക് തെന്നി മാറിയത് ഹേമ കൗതുകത്തോടെ നോക്കി നിന്നു.
‘എനിക്ക് പേടിയൊന്നുമില്ല.കൊന്നുതിന്നത്തുമൊന്നുമില്ലല്ലോ!,’ നാണി വിട്ടില്ല.
‘വൈകിട്ട് നമുക്ക് ഒരുമിച്ചു പോകാം.’ രാജൻ പറഞ്ഞു.
എഴുപത്തിയെട്ട്
വൈകുന്നേരത്തോടെ ചുപ്പനും കാന്തിയും വന്നു. കാന്തി അവശയായിരുന്നു. ഒരു വടിയുടെ സഹായത്തോടെയാണ് വന്നത്. രാജനെയും കൂട്ടരെയും കണ്ടതോടെ കാന്തിക്ക് ഊർജ്ജമായി.
‘പനി വേണമെങ്കിൽ മേടിച്ചോ,’ ചുപ്പൻ ഹേമയോട് പറഞ്ഞു.
‘തന്നോളൂ. കാട്ടിലെ പനിയല്ലേ, എനിക്ക് സന്തോഷമാണ്.’ ഹേമ ചിരിച്ചുകൊണ്ടു പറഞ്ഞു.
‘ഞങ്ങടെ പയ്യന്മാർക്ക് പോലീസിന്റെ കയ്യിൽ നിന്ന് നല്ല തല്ലു കിട്ടി അല്ലേ?’
ചുപ്പൻ ഗിരിയോട് ചോദിച്ചു.
‘കിട്ടി. തിരിച്ചും കൊടുത്തു. ഒടുവിൽ ഇവന്റെ കൈയിലെ പൈസ എല്ലാം കൊടുത്ത് അവന്മാരെ രക്ഷപ്പെടുത്തിയെടുത്തു.’
‘ഒരുപാട് പൈസ കൊടുത്തോ?’
‘ഒരുപാട്.’
ചുപ്പൻ അതിശയിച്ചു പോയി. അവൻ ഗിരി പറഞ്ഞത് കാന്തിക്കും തേനിക്കും വിശദീകരിച്ചു കൊടുത്തു.
‘ആഹാ അതുകൊള്ളാമല്ലോ. എന്റെ കൊച്ചിന് ഉള്ള പൈസയാണോ ചേട്ടന്മാർക്കായി കളഞ്ഞത്?’ തേനി ചിരിച്ചുകൊണ്ട് ചോദിച്ചു.
‘മൂപ്പത്തി വലിയ ദേഷ്യത്തിലാ. കാന്തി രാജനോട് പറഞ്ഞു.
‘മൂപ്പന് അത്ര ദേഷ്യം ഇല്ല.’ ചുപ്പൻ പറഞ്ഞു.
‘അതെപ്പോഴും അങ്ങനെയല്ലേ?,’ തേനി ചോദിച്ചു.
‘ഈ കാട്ടിൽ എപ്പോഴും അവസാന വാക്ക് മൂപ്പത്തിയുടേതാണ്. അവർ ഒരു തീരുമാനമെടുത്താൽ മാറ്റാനും പാടാണ്.’
രാജൻ തേനി പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർക്കായി വിശദീകരിച്ചു.
‘നല്ല ചൊണയൊള്ള അമ്മച്ചി ആണല്ലോ?’
ഗോമതി പറഞ്ഞു.
‘കൊച്ചേ എൻ്റെ കൂടെ നടക്കാൻ വരാമോ? ഒറ്റക്ക് പോയാൽ വഴിതെറ്റുവോ എന്ന് പേടി.’
നാണി തേനിയോട് ചോദിച്ചു.
എന്താണ് ചോദിച്ചതെന്ന് അറിയാതെ തേനി മിഴിച്ചു നിന്നു. രാജൻ ചോദ്യം മനസ്സിലാക്കി കൊടുത്തു.
‘ഓ റെഡി. ഇപ്പോൾ തന്നെ പോകാം.’ തേനി പറഞ്ഞു.
എഴുപത്തിയൊൻപത്
ഒപ്പം ഒരു ദ്വിഭാഷി ഇല്ലാതെയാണ് പുറപ്പെട്ടതെങ്കിലും നാണിക്കും തേനിക്കും പരസ്പരം ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ടുണ്ടായില്ല. ഓരോ മരവും ചെടിയും വെള്ളക്കെട്ടും കാട്ടി തേനി ആവേശത്തോടെ വിശദീകരിച്ചു നടന്നു. ആംഗ്യങ്ങളിൽ നിന്നും ഊഹത്തിൽ നിന്നും പപ്പാതി വീതം മനസ്സിലാക്കിയെടുത്ത് നാണി തലയാട്ടി കൂടെ നടന്നു.
‘നീയൊരു മിടുക്കി തന്നെ. രാജൻ ഭാഗ്യവാനാണ്.’ നാണി പറഞ്ഞു.
എന്തോ പ്രശംസയാണെന്ന് അനായാസം മനസ്സിലാക്കി തേനി ലജ്ജ പ്രകടിപ്പിച്ചു ചിരിച്ചു. അവൾ കുലച്ചു നിന്ന ഒരു വാഴയുടെ കൂമ്പിൽ നിന്നും തേനെടുത്ത് നാണിക്കു നൽകി. അല്പം രുചിച്ചിട്ട് നാണി തേൻ തേനിക്ക് തിരികെ നൽകി.
‘തേനൊന്നും കുടിക്കരുതെന്നാ ഡോക്ടറ് പറഞ്ഞേക്കണേ.’
പറഞ്ഞത് മനസ്സിലായില്ലെങ്കിലും മനസ്സിലായതു പോലെ ഭാവിച്ച് തേനി തേനെല്ലാം വലിച്ചു കുടിച്ചു.
പെട്ടെന്ന് അവൾ നിന്നു. ദൂരെ നിന്ന് മൂപ്പനും മൂപ്പത്തിയും വരുന്നു. കൂടെ വേറെ രണ്ടുപേരും ഉണ്ട്. രാജന്റെ മുത്തശ്ശിയെ കണ്ടാൽ അവർക്ക് അലോഹ്യമാകുമോ എന്ന് തേനി സംശയിച്ചു. ആകുന്നെങ്കിൽ ആകട്ടെ. ഈ കിളവിയെ എവിടെ ഒളിപ്പിക്കാനാണ്?
തേനിയുടെ സംശയം അസ്ഥാനത്ത് ആയിരുന്നില്ല. ദൂരത്തു നിന്നു തന്നെ മൂപ്പനും കൂട്ടരും അവരെ കണ്ടു. തേനിയോടൊപ്പമുള്ള പരിചയമില്ലാത്ത കിളവി രാജന്റെ സംഘത്തിൽ പെട്ടതായിരിക്കുമെന്ന് അവർ ഊഹിച്ചു. മൂപ്പന്റെയും മൂപ്പത്തിയുടെയും മുഖങ്ങളിൽ ക്രോധം പ്രത്യക്ഷപ്പെട്ട് ഉറഞ്ഞുനിന്നു.
തേനിയെയും കിളവിയേയും അവഗണിച്ച് അവർ നേരെ നടന്നു പോകാനൊരുങ്ങി. തേനിക്ക് അതിൽ ആശ്വാസം തോന്നി. നാണിയാകട്ടെ നടത്ത നിറുത്തി അവരെ തന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു. മൂപ്പനും സംഘവും മറികടന്നു പോയപ്പോൾ എന്തോ സംശയം തീർക്കാൻ എന്ന വണ്ണം നാണി ഉറക്കെ വിളിച്ചു:
‘ഇക്കാവേ, സമാനാ….’.
പുറത്ത് അസ്ത്രം തറച്ചതു പോലെ മൂപ്പനും മൂപ്പത്തിയും നിന്നു.
മൂപ്പനും മൂപ്പത്തിയും ഞെട്ടിത്തിരിഞ്ഞു. അവർ നാണിയെ പകച്ചു നോക്കി. പിന്നെ പരസ്പരം നോക്കി. തേനിയും ചൂളി. ആരും അവരെ പേര് ചൊല്ലി വിളിക്കാറില്ല. അതിനുള്ള ധൈര്യം ആർക്കുമില്ല- കുട്ടികൾക്കും മുതിർന്നവർക്കും അതിനുള്ള ധൈര്യമില്ല. ഇവിടെ എവിടെനിന്നോ വന്ന ഒരു വൃദ്ധ മൂപ്പനെയും മൂപ്പത്തിയെയും പേര് ചൊല്ലി വിളിച്ചിരിക്കുന്നു! അതും നല്ല ആത്മവിശ്വാസത്തോടെ, സ്വാതന്ത്ര്യത്തോടെ.
മൂപ്പനും മൂപ്പത്തിയും വൃദ്ധയുടെ അടുത്തേക്ക് മെല്ലെ നടന്നു. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരും അമ്പരപ്പോടെ കൂടെ നടന്നു. അവർ അടുത്തത്തിയപ്പോൾ വൃദ്ധ വീണ്ടും വിളിച്ചു: ഇക്കാവേ ….സമാനാ…..
തുടർന്ന് അവരുടെ പഴയ കാട്ടുഭാഷയിൽ സംസാരിച്ചു: ‘ഇക്കാവേ, സമാനാ, ഇത് നിങ്ങൾ തന്നെയല്ലേ? എന്റെ ദൈവമേ, ആണ്, എനിക്ക് ഉറപ്പാണ്. എന്റെ പിള്ളേരേ, നിങ്ങൾക്ക് വല്ലാതെ പ്രായമായല്ലോ! നിങ്ങളുടെ കരോയെ കാണണ്ടേ മക്കളേ? അവൻ വളർന്ന് വലിയ ആളായെടീ. അത് നമ്മുടെ രായൻ ആണെടീ.’
എൺപത്
മൂപ്പത്തി തറയിൽ മോഹാലസ്യപ്പെട്ടു വീണു. തേനിയും മൂപ്പനും കൂടി അവരെ ഉയർത്തി കുടിലിലേക്ക് കൊണ്ടുപോയി.
‘എന്താ ഉണ്ടായത്? ഈ വൃദ്ധക്ക് നിങ്ങളെ എങ്ങനെയറിയാം?’ മൂപ്പത്തിയെ ചുമന്നു കൊണ്ടുപോകുമ്പോൾ തേനി മൂപ്പനോട് ചോദിച്ചു.
ഒന്നും പറയാതെ സ്വയം നഷ്ടപ്പെട്ടവനെപ്പോലെ നടക്കുകയായിരുന്നു അയാൾ എന്ന് അവൾ കണ്ടു. വൃദ്ധ അപ്പോഴും ഇടതടവില്ലാതെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് മൂപ്പനും അവരോട് ഏതോ ഭാഷയിൽ കുറച്ച് സംസാരിച്ചു.
കുടിലിൽ എത്തിയപ്പോഴേക്കും മൂപ്പത്തിക്ക് ബോധം വീണു. തേനിക്ക് പരിചിതമല്ലാത്ത ഭാഷയിൽ മൂന്നുപേരും- നാണി, മൂപ്പൻ, മൂപ്പത്തി – എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. നിങ്ങൾ സംസാരിക്ക്, ഞാനിപ്പോൾ വരാം എന്നു പറഞ്ഞ് തേനി തിരികെ പ്പോയി.
സ്വന്തം കുടിലിലെത്തി അവൾ മറ്റുള്ളവരോട് വിശേഷങ്ങൾ എല്ലാം പറഞ്ഞു. എല്ലാവരും ആശയക്കുഴപ്പത്തിലായി.
‘അമ്മ സംസാരിക്കുന്നത് ഞങ്ങടെ പഴേ പാഷയാരിക്കും. അത് എവർക്ക് എങ്ങനെ അറിയാം? അറിയാമെങ്കിൽ അവരെ അമ്മയ്ക്ക് നേരത്തെ അറിയാം. അതൊറപ്പാ. എവര് പൊറത്തൂന്ന് വന്നവരാന്നോ?,’ ഗോമതി രാജനോട് ചോദിച്ചു.
രാജൻ കാന്തിയോട് അക്കാര്യം ചോദിച്ചു.
‘പുറത്തുനിന്ന് വന്നവരാണ് എന്നു കേട്ടിട്ടുണ്ട്. എന്റെ കൊച്ചുന്നാളിലാണ്. കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞു വന്നതാണ്. വന്നപ്പോൾ ഈ മൂപ്പനും അന്നത്തെ വലിയ പ്രതാപശാലിയായ ഒരാളും തമ്മിൽ വലിയ അടിപിടി ഉണ്ടായി. മൂപ്പൻ അയാളെ കൊന്നു. മൂപ്പത്തിയും വളരെ ശക്തയായിരുന്നു. അവരു രണ്ടുപേരും പെട്ടെന്ന് ഇവിടുത്തെ ഭാഷ പഠിച്ച് നേതാക്കന്മാരായി. എല്ലാ കാര്യത്തിനും നല്ല വൈഭവം ഉള്ള ആളാ മൂപ്പത്തി. അവരാ മൂപ്പന്റെ ശക്തി. ഈ കാട് ഭരിക്കുന്നത് ശരിക്കും ആരാ എന്ന് ചോദിച്ചാൽ മൂപ്പത്തിയാണ് എന്നു പറയണം.’
‘നമുക്ക് അങ്ങോട്ട് പോകാം.’
കാന്തി തേനിയോട് പറഞ്ഞു. ആംഗ്യത്തിലൂടെ അവർ ഗോമതിയെയും ക്ഷണിച്ചു. പൊടിയനും അവർക്കൊപ്പം യാത്രയായി.
‘ഡാ,എൻ്റെ ഒരു ഊഹം പറയട്ടെ?,’ ഗിരി രാജനോട് ചോദിച്ചു.
രാജൻ ചോദ്യഭാവത്തിൽ നോക്കി.
‘വെറുമൊരു ഊഹമാണ്. നിന്റെ പേരു കേട്ട ശേഷമാണ് ആ സ്ത്രീ ബോധം കെട്ടതെങ്കിൽ, ഒരുപക്ഷേ …’
‘വേണ്ട വേണ്ട. കൂടുതൽ ഒന്നും ഊഹിക്കേണ്ട.’ ഹേമ ഗിരിയെ തടഞ്ഞു.
‘അതെ. ചിലപ്പോൾ എന്തെങ്കിലും കാരണം കൊണ്ട് ദേഹം വല്ലായ്മ വന്നതാകാം. അവർ വിശ്രമിക്കട്ടെ.’ ഗിരി പറഞ്ഞു.
എൺപത്തിയൊന്ന്
‘ഇക്കാവേ, നിനക്ക് സന്തോഷമാണോ ദുഃഖമാണോ?,’
മൂപ്പൻ മൂപ്പത്തിയോട് ചോദിച്ചു.
ഉത്തരം പറയാതെ അവർ ദയനീയമായി ഭർത്താവിനെ നോക്കി. അയാൾ വിളക്കിന്റെ തിരി അല്പം താഴ്ത്തി.
‘എൻ്റെ ഓർമ്മകൾ എല്ലാം മിക്കവാറും പോയി. അവര് പറഞ്ഞ പല കാര്യങ്ങളും എനിക്ക് ഓർമ്മയില്ല.’ അയാൾ പറഞ്ഞു.
‘കരോയെ മറക്കാൻ നമുക്ക് ഒക്കുകയില്ലല്ലോ.’ അവർ ചിതറിയ ശബ്ദത്തിൽ പറഞ്ഞു.
‘അവൻ്റെ കുട്ടിക്കാലത്തെ മുഖം എനിക്ക് ഓർക്കാൻ കഴിയുന്നില്ല.’ അയാൾ പറഞ്ഞു.
‘എനിക്ക് അങ്ങനെയല്ലല്ലോ.’ അവർ വിതുമ്പി.
‘എന്നിട്ട് നീ കാണാൻ പോയില്ലല്ലോ?’
‘സമാനും പോയില്ലല്ലോ.’
‘ഇല്ല’ അയാൾ അത്രമാത്രം പറഞ്ഞു.
‘കരോയെ ഓർക്കാത്ത ഒരു ദിവസവും ഇല്ല. കുറച്ചെങ്കിലും ഓർക്കാത്തത് ഈ അടുത്തകാലത്താണ്. മനസ്സു നിറയെ രാജനോടുള്ള പക നിറഞ്ഞിരുന്നതു കാരണം.’ അവർ പറഞ്ഞു.
‘ഏറ്റവും സ്നേഹമുള്ളയാളും ഏറ്റവും വിരോധമുള്ളയാളും ഒരാൾ തന്നെ ആയിരുന്നു! നമുക്ക് ഇനി ഏതെങ്കിലും ഒന്ന് മറന്നേ തീരൂ. ഒന്ന് നമ്മുടെ കരോ. മറ്റേത് രാജൻ നമ്മുടെ കാടിനോട് ചെയ്ത ദ്രോഹം. എന്നെ സംബന്ധിച്ചിടത്തോളം കരോയെ മറക്കാനാണ് എളുപ്പമെന്നു തോന്നുന്നു. മകനാണെന്ന് അറിയുമ്പോഴും രാജനോടുള്ള ശത്രുത എൻറെ മനസ്സിൽ നിന്ന് പോകുന്നില്ല.’ അയാൾ പറഞ്ഞു.
‘അയ്യോ അങ്ങനെ പറയല്ലേ. രാജന്റെ ചെയ്തികൾ മറക്കാം. മനപ്പൂർവ്വം ചെയ്തതല്ലെന്ന് വിചാരിക്കാം.’ അവർ പറഞ്ഞു.
കവർ: വിൽസൺ ശാരദ ആനന്ദ്