എഴുപത്തിമൂന്ന്
സ്വന്തം വീട്ടിൽ സമ്പന്നതയുണ്ടായിട്ടും മറ്റു വീടുകളിലെ പട്ടിണിയും ദുരിതവും കണ്ട് ദൈവവിശ്വാസം പോയ ആളാണ് സ്റ്റെല്ലയുടെ പിതാവ് സെബാസ്റ്റ്യൻ. അവിശ്വാസിയാകുന്നതിനും മുന്നേ വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ മറ്റൊരു ശൂന്യത അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ കയറിയിരുന്നു. മെട്രിക്കുലേഷൻ കഴിഞ്ഞാലുടനെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനായി തയ്യാറെടുത്തിരുന്നതാണ്. പക്ഷേ പരീക്ഷയുടെ റിസൾട്ട് വരുന്നതിനു മുന്നേ ഇന്ത്യക്ക് സ്വാത്രന്ത്ര്യം കിട്ടി. ഒരു ദിവസമെങ്കിൽ ഒരു ദിവസം സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊള്ളാൻ കഴിയാതെ പോയതിൽ സെബാസ്ററ്യൻ ദുഖിച്ചു. എത്ര വലിയ കനകാവസരമാണ് തെന്നിപ്പോയത്! ആന്തരികജീവിതമുള്ള ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊള്ളുന്നതിനപ്പുറം അഭിമാനകരമായ മറ്റെന്താണുള്ളത്? ഏതായാലും ആ നിരാശ ഉള്ളിലൊതുക്കി പഠനം തുടർന്നു. യൗവ്വനാരംഭത്തിൽ തന്നെ അദ്ധ്യാപകനായി. ദീനാമ്മയെ വിവാഹം കഴിച്ചു. സ്റ്റെല്ലയുടെ പിതാവായി.
സ്റ്റെല്ലയെ ഗർഭംധരിച്ചതു മുതൽ രണ്ടു വർഷത്തോളം ദീനാമ്മയുടെ ആരോഗ്യം പ്രക്ഷുബ്ധമായ കടലിൽ പെട്ട പായ്ക്കപ്പലിനെ പോലെ ആടിയുലഞ്ഞു. ജനിച്ചുവീണ സ്റ്റെല്ലയ്ക്കും ബാലാരിഷ്ടതകൾ നിരവധിയായിരുന്നു. അവളെ പരിചരിക്കാനും അവശയായ ദീനാമ്മ വല്ലാതെ ബുദ്ധിമുട്ടി. ഭാര്യയുടെ ദൈന്യാവസ്ഥ കണ്ട സെബാസ്റ്റ്യൻ ഉള്ളിൽ തീരുമാനമെടുത്തു: രണ്ടാമതൊരു കുഞ്ഞിന് ഏതായാലും താൻ പിതാവാകില്ല. സ്റ്റെല്ലയുടെ ബാലാരിഷ്ടതകൾ ശമിച്ച സമയത്തു തന്നെ ദീനാമ്മയും ആരോഗ്യം വീണ്ടെടുത്തു. സെബാസ്റ്റ്യന് സന്തോഷമായി. അയാൾ ഭാര്യയോട് പറഞ്ഞു: ദീനാമ്മ എന്ന നിൻ്റെ പേര് അറം പറ്റിയോ എന്നു ഞാൻ സംശയിച്ചിരിക്കുകയായിരുന്നു.
സ്റ്റെല്ലക്ക് അഞ്ചു വയസ്സായതോടെ ദീനാമ്മക്ക് അടുത്ത കുട്ടി വേണമെന്നായി. രണ്ടാമത്തെ കുട്ടിയുടെ വരവ് തടയുന്നതു ലക്ഷ്യം വച്ചാകണം ഭർത്താവ് അതിമാനുഷമായ ആത്മനിയന്ത്രണത്തോടെ ഒരു കാര്യം കുറച്ചു കാലമായി ചെയ്യുന്നത് ദീനാമ്മ ശ്രദ്ധിച്ചിരുന്നു. ആനന്ദവിസ്ഫോടനത്തിനു തൊട്ടു മുമ്പുള്ള മുഹൂർത്തത്തിൽ തന്നിൽ നിന്ന് ഇറങ്ങിപ്പോകുക എന്നതാണത്. അക്കാര്യത്തിൽ അയാളെ പരാജയപ്പെടുത്തി രണ്ടാമത്തെ കുട്ടിയെ നേടാൻ ദീനാമ്മ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. സ്റ്റെല്ല ഒറ്റക്കുട്ടിയായി തുടർന്നു.
ജീവിതത്തിൽ അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്നുള്ള ചിന്ത സെബാസ്റ്റ്യൻറെ മനസ്സിൽ അസ്തമിക്കാതെ നിന്നു. ആ ചിന്ത കാരണമാണ് വീട്ടിൻ്റെ പടികടന്നു വന്ന നാടോടികളെ ഒപ്പം കൂട്ടാനും അവരുടെ കൂട്ടത്തിലെ പയ്യനെ സ്കൂളിൽ വിടാനും തീരുമാനിച്ചത്. അവർ പടികടന്നു വന്നപ്പോൾ തന്നെ ഉള്ളിൽ ഗാന്ധിയുടെ ശബ്ദം കേട്ടതുപോലെ സെബാസ്റ്റ്യന് തോന്നി: നീ ഇവരെ സ്വീകരിക്കുക, ഉദ്ധരിക്കുക. ഉള്ളിൽ മുഴങ്ങിയ ഗാന്ധിശബ്ദത്തെ അനുസരിക്കാൻ അയാൾ തീരുമാനിച്ചു. അറിഞ്ഞവരും കേട്ടവരും നിരുത്സാഹപ്പെടുത്തി. ദീനാമ്മ ചെറിയ കലാപം തന്നെയുണ്ടാക്കി. സെബാസ്റ്റ്യൻ പിന്മാറിയില്ല. പയ്യൻറെ പഠനം മുടങ്ങാതിരിക്കാനുള്ള ശ്രമം ചെലവേറിയതായിരുന്നു. നാടോടിക്കുടുംബം എപ്പോൾ വേണമെങ്കിലും പുറപ്പെട്ടു പോകാമെന്ന് സെബാസ്റ്റ്യന് അറിയാമായിരുന്നു. അതു തടയാൻ വേണ്ടി അവർക്ക് പ്രിയമുള്ളതെല്ലാം നല്കിക്കൊണ്ടിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അവരുമായി ബന്ധപ്പെട്ട ഓരോ പ്രതിസന്ധിഘട്ടത്തിലും സെബാസ്റ്റ്യൻ ഹൃദയത്തിനുള്ളിൽ ഗാന്ധിയുടെ ശബ്ദത്തിനായി കാതോർത്തു.
പയ്യൻ പഠനത്തിൽ പിന്നാക്കമായിരുന്നില്ല. അവൻ അത്യാവശ്യം ബുദ്ധിയുള്ള ആളാണെന്നായിരുന്നു സെബാസ്റ്റ്യൻ്റെ വിലയിരുത്തൽ. രണ്ടു തവണ തോറ്റെങ്കിലും അവൻ പ്രീഡിഗ്രി കടന്നു കൂടി. രാജന് തുടർന്നു പഠിക്കാൻ താത്പര്യമില്ലെന്ന് സെബാസ്റ്റ്യനറിയാം. തന്നെ എതിർക്കാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഇതുവരെ അവൻ കോളേജിൽ പോയതെന്നും. അവന് തന്നോടുള്ള മനോഭാവം എന്തായിരിക്കും എന്ന് സെബാസ്റ്റ്യൻ ചിന്തിച്ചു. സ്വാതന്ത്ര്യം ഹനിക്കുന്ന ആളെന്ന നിലയിൽ വെറുപ്പാകാനാണ് സാധ്യത. യഥാർത്ഥത്തിൽ അവന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ തനിക്ക് അവകാശമുണ്ടോ? അതുപോലെ രാജന്റെ വീട്ടുകാരും അടിസ്ഥാനപരമായി നാടോടികളാണ്. നാടുകളിൽ നിന്ന് നാടുകളിലേക്ക് നീങ്ങുന്നതാണ് അവരുടെ സ്വാഭാവിക പ്രവണത. അത്തരം സഞ്ചാരത്തിലാകും അവരുടെ ആനന്ദവും.രാജനെ താൻ വിദ്യാഭ്യാസത്തിൽ കുടുക്കിയിട്ടിരിക്കുന്നതു കൊണ്ട് അവർക്കതിനു കഴിയുന്നില്ല. പഠിത്തം രാജനു ചേരുന്ന സംഗതിയല്ലെന്നും അവൻ ദേഹം കൊണ്ട് ജോലിചെയ്ത് ജീവിച്ചുകൊള്ളുമെന്നും ദീനാമ്മ യുക്തിയുക്തം വാദിച്ചു. അതോടെ സെബാസ്റ്റ്യൻ ആശയക്കുഴപ്പത്തിലായി. ശരിയാണോ താൻ ചെയ്യുന്നത്? മറ്റൊരാളിന്റെ ജീവിതത്തിൽ താൻ ആവശ്യമില്ലാതെ ഇടപെടുകയാണോ? ഏതു വിഷയത്തിലാണെങ്കിലും തീരുമാനമെടുക്കാൻ പ്രയാസം നേരിട്ടാൽ സെബാസ്റ്റ്യൻ തിരിയുന്നത് ഗാന്ധിയിലേക്കു തന്നെയാണ്. എപ്പോഴായാലും അവിടെനിന്ന് വെളിച്ചം കിട്ടാതിരിക്കില്ല. രാജന്റെ കാര്യത്തിലും കിട്ടി. ഗാന്ധിസാഹിത്യം പരതി ക്കൊണ്ടിരുന്നപ്പോൾ ഒരു ഭാഗം കണ്ണിൽ പെട്ടു. ശസ്ത്രക്രിയാ വിദഗ്ദ്ധൻ കത്തിയുപയോഗിക്കുന്നതും അദ്ധ്യാപകൻ ചൂരൽ ഉപയോഗിക്കുന്നതും ഹിംസയല്ലെന്ന് ഗാന്ധി തീർത്തു പറയുന്ന ഭാഗം. അതോടെ രാജന്റെ ഇഷ്ടക്കേട് കാര്യമാക്കേണ്ട, തുടർന്നു പഠിപ്പിക്കണം എന്ന് സെബാസ്റ്റ്യൻ നിശ്ചയിച്ചു.
അങ്ങനെ രാജന് ഡിഗ്രിക്ക് ചേരേണ്ടിവന്നു. നാടോടിപ്പയ്യൻ തൻ്റെ മകളുടെ ക്ലാസ്സിൽ തന്നെ പഠിക്കട്ടെ എന്ന് സെബാസ്റ്റ്യൻ തീരുമാനിച്ചു. മനസ്സിൽ ഉച്ചനീചത്വത്തിന്റെ കണികയെങ്കിലും ഉണ്ടെങ്കിൽ അത് നശിക്കട്ടെ എന്നു വിചാരിച്ചാണ് അങ്ങനെ ചെയ്തത്. അങ്ങനെയൊക്കെ ആണെങ്കിലും കോളേജിൽ നിന്ന് യാത്രപോയ മകൾ കൂട്ടുകാരോടൊപ്പം കാട്ടിലകപ്പെട്ടു എന്നതറിഞ്ഞ് അയാൾ തകർന്നു പോയി. ആ മഹാദുഃഖത്തിന്റെ സമയത്ത് സെബാസ്റ്റ്യൻ ഒരു കാര്യം മനസ്സിലാക്കി – തന്റെ മനസ്സിലെ ഭീതിയും ദുഖവും സ്വന്തം മകളെക്കുറിച്ച് മാത്രമാണ്. രാജനെക്കുറിച്ചോ മകളുടെ മറ്റു രണ്ടു കൂട്ടുകാരെക്കുറിച്ചോ തരിമ്പു പോലും ദുഃഖം തോന്നുന്നില്ല. എന്തുകൊണ്ടാകാമത്? വലിയൊരു തിരിച്ചറിവിലേക്ക് സെബാസ്റ്റ്യൻ വേഗം നടന്നുകയറി- താനൊരു ദുർബ്ബലനായ സാധാരണക്കാരൻ മാത്രമാണ്. തനിക്കൊരിക്കലും മഹാനാകാൻ കഴിയില്ല. തന്നെപ്പോലെയുള്ളവർക്ക് ഗാന്ധിയെ പോലെയുള്ള പ്രതിഭകളെ ബഹുമാനിക്കാം, ആരാധിക്കാം. പക്ഷേ ഒരിക്കലും അവരെപ്പോലെയാകാൻ കഴിയില്ല. അവശേഷിക്കുന്ന ജീവിതകാലത്ത് തനിക്ക് ചെയ്യാനുള്ളത് ഇത്രമാത്രമാണ്- സമ്പൂർണ്ണമായും ഒരു സാധാരണക്കാരനാകുക. ചെറിയ കാര്യങ്ങൾ ചെയ്യുന്ന, ചിന്തിക്കുന്ന വെറും സാധാരണക്കാരൻ.
മകളെ നഷ്ടപ്പെട്ടതിന് സെബാസ്റ്റ്യൻറെ ദൈവനിഷേധവും ഒരു കാരണമായിരിക്കാം എന്ന് ദീനാമ്മ പരിതപിക്കാറുണ്ടായിരുന്നു. വലിയ ദുഖത്തിനിടയിലും ദീനാമ്മ പള്ളിയിൽ പോക്ക് മുടക്കിയില്ല. ഒരു ഞായറാഴ്ച്ച പള്ളിയിൽ പോകാനൊരുങ്ങിയ ദീനാമ്മയോട് സെബാസ്റ്റ്യൻ പറഞ്ഞു: ഞാനും വരാം.
ആദ്യമായി സെബാസ്റ്റ്യനെ പള്ളിയിൽ കണ്ട ഇടവകക്കാർ അതിശയിച്ചു. ആരും അയാളോടോ ദീനാമ്മയോടോ അതേപ്പറ്റി ചോദിച്ചില്ല. വലിയ ദുഃഖമുണ്ടാകുമ്പോൾ മനുഷ്യന് അത്താണി ദൈവം മാത്രമാണല്ലോ എന്നവർ പരസ്പരം പറയുക മാത്രം ചെയ്തു. പക്ഷേ സെബാസ്റ്റ്യൻ ആദ്യമായി പള്ളിയിൽ വന്ന രാത്രി തന്നെ സ്റ്റെല്ല തിരിച്ചെത്തിയ വാർത്ത വന്നത് നാട്ടിലാകെ വിസ്മയത്തിൻ്റെ അലമാലയിളക്കി. സത്യദൈവം മനുഷ്യനെപ്പറ്റി കരുതുന്നു. അതുകൊണ്ട് എല്ലാവരും വിശ്വാസമുള്ളവരും പശ്ചാത്താപമുള്ളവരും ആയിരിക്കുക. ഉടയാംകുളം പള്ളിക്ക് ആ മാസവും അടുത്ത കുറേ മാസങ്ങളും ദശാംശം ഒരു ബുദ്ധിമുട്ടുമില്ലാതെ പിരിഞ്ഞുകിട്ടി. ഒപ്പം ഒരു ആയുഷ്കാല വിശ്വാസിയെയും ലഭിച്ചു- സെബാസ്ററ്യൻ.
എഴുപത്തിനാല്
‘നമ്മൾ നേരിട്ട ആപത്തുമായി തട്ടിച്ചു നോക്കിയാ ഇതൊന്നും ഒന്നുമല്ല. എങ്കിലും നീ പോലീസ് സ്റ്റേഷനിൽ എത്തിയാ അടങ്ങിയൊതുങ്ങി നിക്കണം. ചൂടാവാനും തർക്കിക്കാനും ഒന്നും പോവരുത്. ആ പാവങ്ങളെ രക്ഷപ്പെടുത്തി എടുക്കുക എന്നതാ പ്രധാനം.’ അടൂരിലേക്കുള്ള ബസ്സിൽ ഇരിക്കുമ്പോൾ ഗിരി രാജനോട് പറഞ്ഞു.
രാജൻ തലയാട്ടി.
സ്റ്റേഷനിലെത്തിയപ്പോൾ ഗിരി പരിചയമുള്ള ഒരു പോലീസുകാരനെ കണ്ടു. മണ്ണടിക്കാരൻ ആയ സുബൈർ. വിവരം തിരക്കിയപ്പോൾ തന്നെ സുബൈറിന് എല്ലാം പിടികിട്ടി.
‘നിങ്ങടെ കൂടൊണ്ടാരുന്ന ആ കാട്ടുജാതികൾ ആണോ ഇതെല്ലാം. ചുമ്മാതല്ല! എവമ്മാര് പറയുന്നത് എന്താന്ന് നമുക്കും നമ്മളു പറയുന്നത് എന്താന്ന് എവമ്മാർക്കും അറിയില്ല. പോലീസ് എന്ന സംഗതിയേ അറിയില്ല. ചോദ്യംചെയ്യൽ ഒന്നും നടന്നില്ല. നിങ്ങൾ ഏതായാലും സർക്കിൾ സാറിനെ കാണ്. പോലീസിനെ കൈവച്ച കേസാ. എങ്കിലും ആദിവാസിയാ, അറിവില്ലാത്തവരാ എന്നൊക്കെ പറഞ്ഞു കാലു പിടിച്ചാ കേസ് ചെലപ്പോ ഒഴിവായേക്കും.’
മര്യാദക്കാരൻ എന്നും ദയാലുവെന്നും അറിയപ്പെടുന്ന ആളാണ് സർക്കിൾ ഇൻസ്പെക്ടർ അബ്രഹാം തരകൻ. ആ ദുഷ്കീർത്തി മറികടക്കാനായി അദ്ദേഹം എല്ലാ കക്ഷികളുടെ നേരെയും നന്നായി ചീറും. ക്രമേണ തണുക്കും. പിന്നെ പ്രായോഗികമായ ഉപദേശങ്ങളും മറ്റും നൽകി കോംപ്രമൈസ് ആക്കാൻ ഒക്കുമോ എന്ന് നോക്കും.
‘നീയാണോ ഇവറ്റകളെ കാട്ടിൽ നിന്ന് മണ്ണടിയിൽ കൊണ്ടുവന്ന് പാർപ്പിച്ചിരിക്കുന്നത്?,’ അബ്രഹാം തരകൻ രാജനോട് ചോദിച്ചു. ‘നിന്റെ ധൈര്യത്തിലാണോ ഇവന്മാര് അക്രമം കാണിച്ചെ? ഇവന്മാരെ അല്ല നിന്നെയാണ് എടുത്തു ചവിട്ടിക്കൂട്ടേണ്ടത്. രണ്ടുമൂന്ന് ഷാപ്പ് ഒള്ളതിന്റെ അഹങ്കാരമാ നെനക്ക്. ഏതായാലും പോലീസിനെ കൈ വെച്ചിട്ട് ഇവന്മാരൊന്നും ഇനി പുറംലോകം കാണാൻ പോകുന്നില്ല. നീയും അനുഭവിക്കും.’
‘സാറ് ക്ഷമിക്കണം. ഒരുതവണത്തേക്ക് മാപ്പാക്കണം. അവർ ആദിവാസികളാണ്. അവർക്ക് പോലീസ് എന്താണെന്നൊന്നും അറിയില്ല.’ ഗിരി പറഞ്ഞു.
‘നീ ആരാ? ഈ കേസുമായി എന്താ ബന്ധം?’
‘രാജന്റെ സുഹൃത്താണെന്ന് മാത്രം.’
‘എന്നാ അവൻ സംസാരിക്കട്ട്. നീ അടങ്ങ്.’
‘സാറ് ക്ഷമിക്കണം. മാപ്പാക്കണം.’ രാജൻ ഗിരി പറഞ്ഞത് ആവർത്തിച്ചു.
‘എടാ ഇതങ്ങനെ പെട്ടെന്ന് തീരുമോ? പോലീസിനെ കൈവച്ച കേസല്ലേ, അതും നാട്ടുകാര് കാണെ?’
‘സാറ് സഹായിക്കണം.’ രാജൻ പിന്നെയും പറഞ്ഞു.
‘പ്രയാസമാ. നീ ഏതായാലും വൈകുന്നേരത്തിനു മുമ്പ് ഇരുപത്തി അയ്യായിരം രൂപയുമായി ഇങ്ങുവാ. ഞാനൊന്നു നോക്കട്ട് വല്ലതും ചെയ്യാനൊക്കുമോ എന്ന്.’
രാജനും ഗിരിയും ഇറങ്ങാൻ തുടങ്ങിയപ്പോൾ സർക്കിൾ പറഞ്ഞു: ‘ഡാ, തെറ്റിദ്ധാരണ വേണ്ട. എനിക്ക് നിന്റെയൊന്നും നയാ പൈസ വേണ്ട. തല്ലുകൊണ്ടവമ്മാർക്ക് വീതിച്ചു കൊടുക്കണം. അതിനാ.’
എഴുപത്തിയഞ്ച്
പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിയ യുവാക്കളുമായി രാജൻ അടൂരിൽ തന്നെയുള്ള മാതാപിതാക്കളെ കാണാൻ പോയി. ഗിരിയും കൂടെയുണ്ടായിരുന്നു. പൊടിയനും ഗോമതിയും രാജനെയും കൂട്ടുകാരെയും സന്തോഷത്തോടെ സ്വീകരിച്ചു. മുത്തശ്ശി നാണിക്ക് തിമിരത്തിന്റെ ഓപ്പറേഷൻ കഴിഞ്ഞ് കണ്ണ് കെട്ടിവച്ചിരിക്കുന്നു. അനുജത്തി രാജി ആയിടെ ജനിച്ച രണ്ടാമത്തെ കുട്ടിയെ മുലയൂട്ടുന്നു. ഫ്രോക്ക് ധരിച്ച് നിന്നിരുന്ന ഒന്നാമത്തവൾ രാജനെയും കൂട്ടരെയും അവഗണിച്ച് റോഡിലൂടെ ചാടുരുട്ടി പോയി.
‘ഇവർ എന്റെ കാട്ടിലെ സുഹൃത്തുക്കളാ. ഇപ്പോ എന്റെ കൂടെ മണ്ണടിയിൽ ഉണ്ട്.’ രാജൻ പരിചയപ്പെടുത്തി.
‘കണ്ണ് തെളിഞ്ഞാ എനിക്ക് കാടൊക്കെ ഒന്നുകൂടി കാണണമെന്നുണ്ട്. ചാവുന്നതിനു മുമ്പ് ഒരു വട്ടം കൂടി,’ നാണി പറഞ്ഞു.
‘മുത്തശ്ശിയെ കൊണ്ടുപോകാം.’ രാജൻ പറഞ്ഞു.
‘ഞങ്ങക്കും ഭയങ്കര ആശയൊണ്ട് കാട് കാണാൻ. നമ്മള് അവടെ ജനിച്ചു വളന്നതല്ലേ. നീ കൊണ്ടുപോകുമോ?’
ഗോമതി ചോദിച്ചു.
‘നമുക്കെല്ലാം കൂടി പോകാം. ഇവമ്മാരെ കൊണ്ടുവിടാൻ ഞാൻ അടുത്താഴ്ച പോകും. അപ്പോഴേക്കും തയ്യാറായിരുന്നോ.’
‘നീ വരുന്നോടീ? സദാശിവൻ വിടുമോ? നാണി രാജിയോട് ചോദിച്ചു .
‘ പോയാ എത്ര ദിവസം കൊണ്ട് തിരിച്ചു വരാം?’
‘കൊറഞ്ഞത് പത്ത് ദിവസം.’
‘ഞാൻ വരുന്നില്ല. പത്ത് ദിവസം മാറി നിന്നാ അങ്ങേര് എന്ത് ചെയ്യും എന്ന് പറയാൻ കഴിയില്ല. ചെലപ്പോ ഇവിടെ നിന്നുതന്നെ മുങ്ങിക്കളയും.’
രാജി ചിരിച്ചു.
വർത്തമാനം പറഞ്ഞ കാര്യങ്ങൾ രാജൻ കൂട്ടുകാർക്ക് തർജ്ജമ ചെയ്തു കൊടുത്തു. രാജി ഭർത്താവിനെ പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ വീരു എന്തോ തമാശ പറഞ്ഞു. അത് കേട്ട് രാജൻ ഉൾപ്പെടെയുള്ളവർ ചിരിച്ചു.
‘എന്താ അവൻ പറഞ്ഞത്? എന്താ നിങ്ങൾ എല്ലാം ചിരിച്ചത്?’
ഗോമതി ചോദിച്ചു.
‘അവൻ പറഞ്ഞത് സദാശിവൻ ഇവളെയും പിള്ളേരെയും ഉപേക്ഷിച്ചു മുങ്ങിയാൽ അവൻ സ്വീകരിച്ചു കൊള്ളാമെന്നാ.’
പൊടിയനും ഗോമതിയും നാണിയും ചിരിച്ചു. രാജി ചൂളി അകത്തേക്ക് പോയി.
‘അതാ ചുണക്കുട്ടി.’ നാണി പറഞ്ഞു.
![](https://i0.wp.com/malayalanatu.com/wp-content/uploads/2025/01/vara-2.jpg?resize=720%2C986&ssl=1)
ഗിരി രാജന്റെ വീട്ടുകാരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ദീർഘകാലം നാട്ടിൽ ജീവിച്ചിട്ടും അവർക്കിപ്പോഴും മറ്റുള്ളവരുമായി എന്ത് വ്യത്യാസമാണ്! നാടിന്റെ സൗകര്യങ്ങൾ ഇഷ്ടപ്പെടുമ്പോഴും നാടുമായി ഒരിക്കലും ഇണങ്ങില്ല എന്ന ശാഠ്യം അവർക്കുള്ളതുപോലെ. ഒരവസരം കിട്ടിയാൽ അവർ കാട്ടിലെ ജീവിതം തിരഞ്ഞെടുക്കുമോ? സാധ്യതയില്ല. കാടിനോടും അവർക്ക് പരാതിയുണ്ട്. കൂട്ടം തെറ്റിയ ഏതോ ജീവികളാണവർ എന്ന് ഗിരിക്കു തോന്നി.
എഴുപത്തിയാറ്
കോളേജിൽനിന്ന് സ്റ്റഡി ടൂർ പോയത് മുതലുള്ള കാര്യങ്ങൾ ഗിരി പുതിയ ഒരു നോട്ടുബുക്കിൽ എഴുതാൻ തുടങ്ങിയിരുന്നു. രാത്രിയിലാണ് എഴുത്ത്. സ്റ്റഡിടൂർ മുതൽ തുടങ്ങി വർത്തമാനകാലത്തിലെത്താൻ രണ്ടു വർഷം വേണ്ടിവന്നു. ആറു നോട്ടുബുക്കുകൾ എഴുതിത്തീർത്തു. എഴുത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഹേമ മനപ്പൂർവ്വം ഗിരി എഴുതിയതൊന്നും വായിച്ചില്ല. രാജന്റെ കൂട്ടുകാരെ പോലീസ് സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചു കൊണ്ടുവന്നതിന്റെ നാലാം ദിവസം ഗിരി ഹേമയോട് പറഞ്ഞു: നീ ഞാൻ എഴുതിയതെല്ലാം ഒന്നു വായിച്ചു നോക്കൂ. വിട്ടുപോയ പ്രധാന സംഗതികൾ എന്തെങ്കിലുമുണ്ടെങ്കിൽ പറയണം.
ഹേമ നോട്ടുബുക്കുകൾ വായിച്ചു തുടങ്ങി. ഓരോ പേജ് കഴിയുംതോറും ഗിരിയുടെ ഓർമ്മശക്തിയും സൂക്ഷ്മനിരീക്ഷണ പാടവവും കണ്ട് അവൾ അമ്പരന്നുപോയി. പ്രധാനപ്പെട്ട ഒരു സംഗതി പോലും വിട്ടു പോകുന്നില്ല. ആളുകളുടെ സംഭാഷണങ്ങൾ പോലും നന്നായി ഓർത്തെടുത്ത് രേഖപ്പെടുത്തിയിരിക്കുന്നു. ഏറ്റവും കൗതുകകരമായ സംഗതി ഓരോരുത്തരുടെയും ഭാവങ്ങളും മനോവിചാരങ്ങൾ കൂടിയും രേഖപ്പെടുത്താൻ ശ്രദ്ധിക്കുന്നുണ്ട്. അത്തരം ഭാഗങ്ങളിലെല്ലാം ഗിരി മുൻകൂർ ജാമ്യം എടുക്കുന്നുണ്ട്, ‘എനിക്ക് തോന്നിയത് അങ്ങനെയാണ്’ എന്ന വാക്യത്തിന്റെ സഹായത്തോടെ. കാട്ടിലെ ജീവിതത്തിന്റെ ഭീകരതയെല്ലാം ഒപ്പിയെടുത്തതു പോലെയാണ് എഴുതിച്ചേർത്തിരിക്കുന്നത്. രാജനുമായിട്ടുണ്ടായ ശണ്ഠ വിവരിക്കുന്ന സ്ഥലത്ത് നാലുപേരുടെയും മനോവിചാരങ്ങൾ ഗിരി എഴുതുന്നുണ്ട്. ഹേമയെ നഷ്ടപ്പെടുമോ എന്ന ഉൽക്കണ്ഠ, രാജനോട് തോന്നിയിരുന്ന അധീശത്വഭാവം, എല്ലാം തുറന്നെഴുതുന്നു. കാട്ടിൽ നിന്ന് പുറത്തുവന്ന ശേഷം ഓരോരുത്തരുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങളും മനോനിലകളിൽ സംഭവിച്ച വലിയ വ്യത്യാസങ്ങളും ഭംഗിയായി രേഖപ്പെടുത്തിയിരിക്കുന്നു. സ്റ്റെല്ലയെപ്പറ്റി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ‘സ്റ്റെല്ലയെ എനിക്ക് വർഷങ്ങളായി അറിയാം. ജീവിതത്തിൽ സാധ്യമായ പരമാവധി ഉയരത്തിലേക്ക് എത്തണമെന്ന ആഗ്രഹമുള്ള ആളായിരുന്നു സ്റ്റെല്ല. അതിനു പോന്ന ബുദ്ധിശക്തിയും നിശ്ചയദാർഢ്യവും അവൾക്ക് എന്നും ഉണ്ടായിരുന്നു. പരന്ന വായനയുള്ള ആളാണെങ്കിലും ദാർശനിക കാര്യങ്ങളിൽ സ്റ്റെല്ല എന്തെങ്കിലും താല്പര്യമെടുക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. മിസ്റ്റിസിസത്തെയും മിസ്റ്റിക്കുകളെയും കൗതുകത്തോടെ നിരീക്ഷിക്കുന്നതാണ് എൻ്റെ സ്വഭാവം. അതുകൊണ്ടുതന്നെ പരിചയമുള്ള ആളുകളിൽ വച്ച് മിസ്റ്റിസിസത്തിന്റെ മേഖലയിൽ ഒരിക്കലും എത്താൻ സാധ്യതയില്ലാത്ത ആളായിട്ടാണ് സ്റ്റെല്ലയെ ഞാൻ കണ്ടിരുന്നത്. കാട്ടിൽ വെച്ച് ഏതുവിധേനയും പുറത്തു കടക്കണം എന്നുമാത്രമായിരുന്നു സ്റ്റെല്ലയുടെ ചിന്ത. അങ്ങനെയുള്ള ആളാണ് പുറത്തുവന്നശേഷം അവിശ്വസനീയമായ രീതിയിൽ കാടിന്റെ സ്വാധീനത്തിൽ പെട്ടതും ആ സ്വാധീനത്തിൽ ആഹ്ളാദത്തോടെ ഇപ്പോഴും നിലനിൽക്കുന്നതും. ഓരോതവണ സ്റ്റെല്ലയെ കാണുമ്പോഴും പുതിയ ഒരാളായാണ് അനുഭവപ്പെടുന്നത്. അവളുടെ കണ്ണുകൾക്ക്, പുഞ്ചിരിക്ക്, വാക്കുകൾക്ക് കൂടുതൽ ആഴം കൈവന്നതായി കാണാം. ഇതിനെയൊക്കെ നമ്മൾ എങ്ങനെ വിശദീകരിക്കും! കാടിൻ്റെ രീതികൾ നിഗൂഢമാണ് എന്നല്ലാതെ?’
താനും രാജനുമായുള്ള ബന്ധത്തെയും ഗിരി സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്:
‘സ്റ്റഡി ടൂറിനു മുമ്പുള്ള കാലമെടുക്കാം. രാജൻ നിലനിൽക്കുന്നതായി പോലും ഞാൻ ശ്രദ്ധിച്ചിട്ടില്ല. ക്ലാസിൽ രാജൻ ശ്രദ്ധിക്കപ്പെട്ടിരുന്നത് അസാന്നിധ്യം കൊണ്ട് മാത്രമായിരുന്നു. അവൻ ആരാണ്, അവൻ്റെ പശ്ചാത്തലം എന്താണ് ഇതൊന്നും അറിയാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. അവസരം ഉണ്ടായിട്ടും അവനോട് അക്കാര്യങ്ങൾ ചോദിക്കാൻ ആരും ശ്രമിച്ചിട്ടില്ല. വിദ്യാഭ്യാസവും അവനും പരസ്പരം ചേരാത്ത രണ്ട് സംഗതികൾ ആയിട്ടാണ് അന്ന് തോന്നിയത്. പ്രതിസന്ധികളിൽ അകപ്പെടുമ്പോഴാണ് ഒരാളുടെ യഥാർത്ഥ ഗുണങ്ങൾ പുറത്തു വരുന്നതെന്നു കേട്ടിട്ടുണ്ട്. കാട്ടിൽ അകപ്പെട്ട നിമിഷം മുതൽ അവൻ ഞങ്ങൾക്കു മുന്നിൽ പുതിയ ഒരാളായി മാറി. രാജനായിരുന്നു ഞങ്ങളുടെ നേതാവ്. എല്ലാ കാര്യങ്ങൾക്കും ഞങ്ങൾക്ക് രാജനെ ആശ്രയിക്കേണ്ടി വന്നു. ഹേമയെ അവൻ നോട്ടം ഇട്ടതോടെ ഞങ്ങൾ തമ്മിൽ സംഘർഷമായി. ഞാനിപ്പോൾ ആലോചിക്കുന്ന കാര്യം കാട്ടിൽ വച്ച് ഏറെ അവസരം കിട്ടിയിട്ടും അവൻ എന്നെ കൊന്നുകളയാഞ്ഞതെന്ത് എന്നാണ്. എന്നെക്കൊണ്ട് കാട്ടിൽ വിശേഷിച്ച് ഒരു ഗുണവും അവനില്ലായിരുന്നു. എന്നെ അവസാനിപ്പിച്ചിരുന്നെങ്കിൽ രണ്ടു യുവതികളും അവൻ്റെ സ്വന്തമാകുമായിരുന്നു. കുറച്ചുകാലമെങ്കിൽ കുറച്ചുകാലം അവന് അവരുമൊത്ത് നിർബാധം രമിക്കാമായിരുന്നു. നിയമവ്യവസ്ഥയുമായി മുഖാമുഖം വരാനുള്ള യാതൊരു സാധ്യതയും ഇല്ലാതിരിക്കെ അവൻ്റെ സ്ഥാനത്ത് മറ്റാരായിരുന്നെങ്കിലും എന്നെ കൊന്നേനെ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലനിൽപ്പിന് ഞാൻ അവനോട് കടപ്പെട്ടിരിക്കുന്നു.
കാട് ഞങ്ങൾ നാലുപേരെയും നാല് രീതിയിലാണ് ഉണർത്തി വിട്ടിരിക്കുന്നത്. എന്റെ കാര്യം പറയാം. ഞാൻ വളരെ പൊങ്ങച്ചം ഉള്ള ഒരാളായിരുന്നു. ശരീര സൗന്ദര്യം, കുടുംബമഹിമ, പാരമ്പര്യം ഇത്തരം കാര്യങ്ങളിൽ എനിക്ക് സ്വകാര്യമായ ഒരു ഗർവ്വ് ഉണ്ടായിരുന്നു. അതിന്റെ കണിക പോലുമില്ലാതെയാണ് കാട്ടിൽ നിന്നു ഞാൻ പുറത്തുവന്നിരിക്കുന്നതെന്നു തോന്നുന്നു. സമാനമായ ഒരു മാറ്റം തന്നെയാണ് ഹേമയ്ക്കും ഉണ്ടായിരിക്കുന്നത്. ഓരോ നിമിഷത്തിലും ജീവിക്കാനുള്ള വിദ്യ കാട് ഞങ്ങളെ രണ്ടുപേരെയും പഠിപ്പിച്ചിരിക്കുന്നു.
രാജനെപ്പറ്റി ആലോചിക്കുമ്പോൾ മനസ്സിലാകും അവൻ്റെ ഉള്ളിൽ ഒളിഞ്ഞിരുന്ന നേതൃത്വഗുണം കാട് പുറത്തുകൊണ്ടുവന്നത്. എത്ര സംരംഭങ്ങൾ വേണമെങ്കിലും ഏറ്റെടുക്കാനും വിജയിപ്പിക്കാനും അവനിന്ന് ചങ്കൂറ്റമുണ്ട്. ദുഃഖകരമായ കാര്യമുള്ളത് ജീവിതത്തെ സംബന്ധിച്ചുള്ള നിഷേധാത്മകമായ ചിന്തകൾ അവനെ വിട്ടു പോയിട്ടില്ല എന്നതാണ്. അവൻ്റെ വിജയങ്ങൾക്കിടയിൽപോലും അവ കൂടുതൽ ബലപ്പെട്ടു വരുന്നതായും എനിക്കു സംശയമുണ്ട്.
കവർ: വിൽസൺ ശാരദ ആനന്ദ്