തന്നിലേക്ക് ഒഴുകിയ പുഴയിൽ പ്രണയം തിരഞ്ഞ തിരമാലയ്ക്ക് കിട്ടിയതു കുറെ മണൽത്തരികളാണ്.
തന്നെ പുറന്തള്ളിയ മലനിരകളുടെ ഓർമ്മകൾ നദി ശിരസ്സിലേറ്റിയതാണെന്നറിഞ്ഞ തിര വിഷാദിച്ചു. എന്നിട്ടും അവൻ വീണ്ടും വീണ്ടും അവളിലേയ്ക്ക് വീശിയടിച്ചു കൊണ്ടിരുന്നു.
കാൽപാദങ്ങളിൽ തട്ടി തിരിച്ചു പോകുന്ന തിരയോട് കഥാകൃത്ത് ചോദിച്ചു – ” എന്തിനാണ് നീ വീണ്ടും അവളെ തേടി പോകുന്നത് ?!”
“മണലിന്‍റെ ഭാരം പേറി അവൾ ആഴങ്ങളിലേക്ക് മറയാതിരിക്കാൻ…..” ഒട്ടുമാലോചിക്കാതെ തിരമാല മറുപടി പറഞ്ഞു.
കാൽപ്പാദങ്ങളിലെ മണൽത്തരികൾ ഉതിർത്തു കളഞ്ഞുകൊണ്ട് വീണ്ടും അയാൾ ചോദിച്ചു – ” നിൻ്റെ കഥയ്ക്ക് ഞാനെന്തു പേരിടണം?!”
“തിരയും തീരവും”
“അതിൽ അവളില്ലല്ലോ !!”
എൻ്റെ കഥയിൽ ഒരിക്കലും അവൾ ഉണ്ടായിരുന്നില്ലല്ലോ…..” എന്ന് ചോദിച്ചുകൊണ്ട് തിരമാല വീണ്ടും പുഴയെ തേടി പോയി.
കവര്‍: സുധീര്‍ എം എ
