അറുപത്തിനാല്
വർഷങ്ങളായി അടുപ്പമുണ്ടെങ്കിലും ഹേമ ഗിരിയുടെ വീട്ടിൽ ആദ്യമായി വരുന്നത് കല്യാണനാളിലാണ്. ചിലയിടങ്ങളിൽ മേൽക്കൂര വാർത്തതും മറ്റിടങ്ങളിൽ ഓട് നിരത്തിയതുമായ ഒരു ഭീമൻ കെട്ടിടമാണ് ഗിരിയുടെ വീട്. പല സമയങ്ങളിലായി പുതുക്കിപ്പണിഞ്ഞതാണെന്ന് ആർക്കും വേഗം മനസ്സിലാകും. വശത്തായി ഒരു വലിയ കളപ്പുരയും തൊഴുത്തും. തൊഴുത്തിൽ മണികെട്ടിയ മൂന്നു പശുക്കളും കിടാങ്ങളും. പറമ്പിൽ കുടുംബത്തിന്റെ സമ്പന്നതയെ വിളിച്ചോതിക്കൊണ്ട് വലിയ കച്ചിത്തുറുവുകൾ രണ്ടു തെങ്ങുകൾക്ക് ചുറ്റുമായി ക്ഷമയോടെ നിൽക്കുന്നു. മുറ്റത്ത് അയകളിൽ എണ്ണമറ്റ റബർ ഷീറ്റുകൾ ഭൗതികസമൃദ്ധിയുടെ ദുർഗ്ഗന്ധം പരത്തി തൂങ്ങിക്കിടക്കുന്നു.
‘ആ ജോലി കളയല്ലേ. കഷ്ടപ്പെട്ട് കിട്ടിയതല്ലേ?,’ ഗിരിയുടെ മൂത്ത സഹോദരി ഹേമയോട് പറഞ്ഞു.
‘എനിക്കും അതാ മോളെ പറയാനൊള്ളെ. ഇവിടെ ഭാഗം ചെയ്തു കഴിയുമ്പോ- നിങ്ങക്ക് മുട്ട് ഒന്നും ഒണ്ടാവില്ല, എങ്കിലും ചെലവുകൾ അല്ലേ- എല്ലാം ആലോചിച്ചു വേണം.’
രണ്ടാമത്തെ സഹോദരിയും പറഞ്ഞു.
ഹേമ പുഞ്ചിരിപൊഴിച്ചു നിന്നു.
ഗിരിയുടെ മുറിയിൽ എത്തിയപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടുപോയത്. മനോഹരങ്ങളായ രണ്ടു ചിത്രങ്ങൾ ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്നു. രണ്ടും ഗിരി വരച്ചതു തന്നെ. ചിത്രങ്ങൾക്കടിയിൽ അവൻ്റെ കയ്യൊപ്പ് കാണാം.
‘നീ ചിത്രം വരയ്ക്കുന്ന കാര്യം ഇതുവരെ പറഞ്ഞിട്ടില്ലല്ലോ!’
ഹേമ അതിശയം പ്രകടിപ്പിച്ചു.
‘കുറച്ചൊക്കെ വരയ്ക്കുമായിരുന്നു. അത്ര പറയാൻ വേണ്ടി ഒന്നുമില്ല. ഇതെല്ലാം കാട്ടിൽ നിന്നു തിരിച്ചുവന്നപ്പോൾ വരച്ചതാ. ഇനിയുമുണ്ട്. ഗിരി ഒരാൽബം അലമാരയിൽ നിന്നും വലിച്ചെടുത്തു. നിറയെ കാടിന്റെയും മരങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ. കാടിന്റെ പശ്ചാത്തലത്തിൽ രണ്ടു യുവാക്കളുടെയും രണ്ടു യുവതിമാരുടെയും ചിത്രവുമുണ്ട്. പിന്നെ ഒരു കാളവണ്ടി യാത്രയുടെ ചിത്രവും.
‘ഒന്നാന്തരം ആയിട്ടുണ്ട്. സംസാരിക്കുന്ന ചിത്രങ്ങൾ.’

ഹേമ ഗിരിയെ ആലിംഗനം ചെയ്തു. അലമാരി തുറന്നപ്പോഴാണ് മറ്റൊരു കാര്യം കണ്ടത്. ഒരേയൊരു പുസ്തകം അതിൽ ഇരിക്കുന്നു. ജിദ്ദു കൃഷ്ണമൂർത്തിയുടെ പ്രഭാഷണങ്ങൾ. അതിനടിയിൽ ഒരു നോട്ടുബുക്കും.
‘ആഹാ! നീ ഇപ്പോൾ ആത്മീയതയിലാണോ?’
‘ആത്മീയതയൊന്നുമില്ല. പക്ഷേ ഇപ്പോ അല്പം താല്പര്യം ഇങ്ങേരിലുണ്ട്. പ്രകൃതിയെ നിരീക്ഷിച്ച് ഉണർന്നിരിക്കാൻ ആണ് മൂപ്പരുടെ ഉപദേശം. അതിനോട് എനിക്ക് യോജിപ്പാണ്.’
‘കാട് നമ്മളെ പഠിപ്പിച്ച കാര്യങ്ങൾ ഏതെങ്കിലും ചിന്തകനോ പുസ്തകത്തിനോ പകർന്നു തരാൻ കഴിയുമോ? എനിക്ക് തോന്നുന്നില്ല. ഈയിടെയായി വീടിനടുത്തുള്ള വായനശാല കാണുമ്പോഴെല്ലാം ഞാൻ ആലോചിക്കുന്ന കാര്യമാ.’ ഹേമ പറഞ്ഞു.
‘പറഞ്ഞതിൽ വാസ്തവമുണ്ട്. പക്ഷേ പണ്ടാണ് ഈ പുസ്തകം വായിച്ചിരുന്നതെങ്കിൽ ഞാൻ മുഴുമിപ്പിക്കില്ലായിരുന്നു. ഉണർവ് എന്ന് അദ്ദേഹം പറയുമ്പോൾ അതെന്താണെന്ന് ഒരു ധാരണ ഇപ്പോൾ കിട്ടുന്നുണ്ട്.’
‘മറ്റുള്ളവർക്ക് മനസ്സിലാവാത്ത ഒരുതരം ഉണർവ്വിലല്ലേ നമ്മളെല്ലാം ഇപ്പോൾ? ഞാനും നീയും രാജനും സ്റ്റെല്ലയുമെല്ലാം?’ ഹേമ ചോദിച്ചു.
‘വളരെ ശരിയാണ്. കാട്ടിലെ ജീവിതം നമ്മളെ ഉണർത്തി വിട്ടിട്ടുണ്ട്. നീ പറയുന്നത് വച്ച് നോക്കുമ്പോൾ ഏറ്റവും ഉണർവ്വ് വന്നിട്ടുള്ളത് സ്റ്റെല്ലക്കാണ്. അവളെ പോലെയുള്ള ഒരാളിൽ നിന്നും ഈ മാറ്റം പ്രതീക്ഷിക്കാൻ ഒക്കില്ല. കാട്ടിൽ വച്ച് കാടിനോട് ഏറ്റവും ഭയമുള്ളയാൾ അവളായിരുന്നെല്ലോ.
കൂട്ടത്തിൽ ഒരു കാര്യം കൂടി പറയണം,’ ഗിരി പറഞ്ഞു.
‘നമ്മളിൽ തികച്ചും പ്രകൃതിയോടിണങ്ങി ജീവിക്കുന്നത് രാജനാ. അവൻ തീർത്തും സ്പൊണ്ടേനിയസ് ആണ്. ദേഷ്യം വരുമ്പോ ദേഷ്യപ്പെടുന്നു. പ്രവർത്തിക്കേണ്ടപ്പോ ഉറുമ്പുകളെ പോലെ പ്രവർത്തിക്കുന്നു.’
‘പക്ഷേ ചിരി കുറവല്ലേ?’ ഹേമ മേശവിരി കുടഞ്ഞു വിരിച്ചുകൊണ്ട് ചോദിച്ചു. ‘അവൻ ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വേദനിച്ച് ചിരിക്കുന്ന പോലെയാണ്.’
‘അതെ. അവന്റെ ജീവിതം അങ്ങനെയായിരുന്നല്ലോ.’ ഗിരി പറഞ്ഞു .
രാത്രി കിടക്കാറായപ്പോൾ ഹേമ പറഞ്ഞു: ചേച്ചിമാർ രണ്ടുപേരും ജോലി വിടരുതെന്ന് നിർബന്ധം പിടിക്കുന്നു. വീട്ടിലും അങ്ങനെതന്നെ. അമ്മ ബഹളമാണ്. എനിക്കാണെങ്കിൽ തീരെ താല്പര്യമില്ല.’
‘നീ പോകണ്ട. കുറച്ചുകഴിയുമ്പോൾ ബഹളങ്ങൾ എല്ലാം അവസാനിക്കും.’
‘എല്ലാവരും തിരക്കുപിടിച്ചു ജോലി ചെയ്യുന്ന ലോകമാ. അവർക്കിടയിൽ നമ്മൾ എങ്ങനെയാ ജീവിക്കാൻ പോകുന്നെ?’
‘നമ്മൾ ശാന്തമായി ചുറ്റുപാടിനെ നിരീക്ഷിച്ച് ഇരിക്കും. സംഭവിക്കാനുള്ളതൊക്കെ സംഭവിക്കുകയും ചെയ്യും.’
ഗിരി പറഞ്ഞു.
‘സന്തോഷം തരുന്ന എന്തെങ്കിലും പ്രവൃത്തികൾ നമുക്ക് ചെയ്യണം,’ ഹേമ പറഞ്ഞു.
‘ഒന്നുരണ്ട് ഭ്രാന്തുകൾ ഞാൻ ഉദ്ദേശിക്കുന്നുണ്ട്. അവ തീരുമ്പോ അതുപോലെ വേറെ ചിലത് ചെയ്യണം.’
‘കേൾക്കട്ടെ,’ ഹേമ പറഞ്ഞു.
‘കിഴക്ക് ശിവൻ കോവിലിന് അടുത്ത് നമുക്ക് ഒരു തോട്ടമുണ്ട് . അവിടെ ഒരു കിണറ് കുത്തണം. ആരാ? നമ്മള് രണ്ടും ചേർന്ന്. വേറെ ആരുമില്ല.’
‘ഐഡിയ കൊള്ളാം, എനിക്കിഷ്ടമായി.പക്ഷേ ഞാൻ അങ്ങു ഗർഭിണി ആയാലോ?’
‘ഞാൻ തനിച്ചു ചെയ്യും. നീ വെറുതേ നോക്കിയിരിക്കും. നമുക്ക് ഒരു ധൃതിയുമില്ല. കിണറ് വർഷങ്ങൾ കൊണ്ട് തീർന്നാൽ മതി.’
‘പിന്നെ?’
‘പിന്നെ, ഇതു പഴയ വീടല്ലേ? ഇതിന്റെ മുൻപിൽ നമ്മൾ ഒരു ചെറിയ വീട് പണിയും. ആര്? നമ്മൾ രണ്ടുപേരും മാത്രം ചേർന്ന്. പിന്നെ അടുത്ത ഭ്രാന്ത്. അങ്ങനെ ആവുന്ന കാലത്തോളം ഓരോരോ ഭ്രാന്തിൽ മുഴുകി നമ്മക്കു ജീവിക്കാം.’
‘ആളുകൾ നമുക്ക് ഭ്രാന്താണെന്ന് പറയും.’
‘പറഞ്ഞോട്ടെ. നമ്മുടെ കാര്യം നമുക്ക് അറിയാമല്ലോ.’
കൃഷ്ണമൂർത്തിയുടെ പുസ്തകത്തിനടിയിൽ ഇരിക്കുന്ന നോട്ട്ബുക്ക് ഹേമ എടുത്തുനോക്കി. ബുക്ക് നിറയെ ശീർഷകമില്ലാത്ത ഒട്ടേറെ കഥകൾ.
‘ഡെയ്, നീ കഥയും എഴുതുമോ! ഇതൊക്കെ പറയാത്തതെന്ത്?’
‘കഥ എഴുതാനുള്ള ഭാവന എനിക്കില്ല കൊച്ചേ. ഭാവനയോട് എനിക്കു വലിയ ബഹുമാനവുമില്ല. ഞാൻ കണ്ടതും കേട്ടതുമായ വസ്തുതകൾ വച്ച് കുറച്ചുപേരെ പറ്റി എഴുതിയതാ അതെല്ലാം. എല്ലാം ഈ നാട്ടുകാർ തന്നെ. അവരെ അറിഞ്ഞുകൂടാത്തവർക്ക് ബുക്കിലുള്ളത് കഥകൾ ആണെന്ന് തോന്നും. പക്ഷേ ഞാൻ നേരിട്ട് കണ്ടതും പലരിൽ നിന്നു കേട്ടറിഞ്ഞതുമായ കാര്യങ്ങൾ ചേർത്തതാ അതെല്ലാം. മിക്കവാറും വിവരണങ്ങൾ മാത്രമാ. വേറെയും കുറച്ച് എണ്ണം എഴുതാനുണ്ട്. ഒന്നും പ്രസിദ്ധീകരിക്കാൻ ഉള്ള സംഗതികൾ അല്ല. അങ്ങനെ ചെയ്താൽ വലിയ മോശമല്ലേ. നമുക്ക് അറിയാവുന്ന ആളുകളെ പറ്റിയല്ലേ.’
‘എനിക്ക് ഏതായാലും നീ എഴുതി വെച്ചിരിക്കുന്നതെല്ലാം വായിക്കണം. നാളെ തുടങ്ങാം.’ ഹേമ പറഞ്ഞു.
അറുപത്തിയഞ്ച്
അടുത്ത ദിവസം രാവിലെ ഗിരി ഹേമയെ കല്ലടയാറ് കാണിക്കാൻ കൊണ്ടുപോയി. സൗമ്യമായി ഒഴുകുന്ന നദിയെ നോക്കി ഹേമ പറഞ്ഞു: ‘മറ്റെന്ത് ഉണ്ടായാലും ഒരു നദിയില്ലാത്ത സ്ഥലം ദരിദ്രമാണ്.’
‘അങ്ങനെ സ്ഥലങ്ങൾ പലതില്ലല്ലോ,’ ഗിരി പറഞ്ഞു. ‘മനുഷ്യർ പേരിട്ട് പലതാക്കിയതല്ലെ സ്ഥലങ്ങളെ. എല്ലാ നദികളും സകല മനുഷ്യരുടേതുമാണ്. എന്നാൽ ആരുടേതുമല്ല താനും.’
ഹേമ കുറച്ച് ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു: ‘സ്റ്റെല്ല കുട്ടിക്കാലത്ത് ഈ നദിയിൽ വീണുപോയിട്ടുണ്ട് അല്ലേ? ഈയിടെ അവൾ പറഞ്ഞിരുന്നു. അതെവിടെയാണ്, അവൾ മുങ്ങിപ്പോയ സ്ഥലം?’
‘ഓ ശരിയാണ്. ഞാൻ അത് മറന്നുപോയി. ഞങ്ങൾ അന്ന് മൂന്നിലോ നാലിലോ പഠിക്കുകയാണ്.’ ഗിരി അകലെയുള്ള ഒരു കടവിലേക്ക് കൈചൂണ്ടി. ‘ആ കാണുന്ന കടവാണ് പാണ്ടിക്കടവ്. അവിടെയാണ് അവൾ മുങ്ങിയത്. അവിടെ നിന്ന് ആ കാണുന്ന ചെട്ടിയാരേത്തു കടവ് വരെ അവൾ ഒഴുകി. വള്ളക്കാരാണ് പിടിച്ചുകയറ്റിയത്. അവർ രക്ഷപ്പെടുത്തുമ്പോൾ സ്റ്റെല്ലയ്ക്ക് ബോധമില്ലായിരുന്നു. രക്ഷപ്പെട്ടത് എങ്ങനെയെന്ന് അന്ന് എല്ലാവർക്കും വലിയ അതിശയമായിരുന്നു..’
‘സ്റ്റെല്ലയുടേത് ഒരസാധാരണ ജാതകമാണ്,അല്ലെ?’ ഹേമ ചോദിച്ചു. ‘അസാധാരണമായി അപകടത്തിൽ പെടുക, അത്യത്ഭുതകരമായി രക്ഷപ്പെടുക.’
‘അവൾ എന്താ നദിയിൽ വീണതിനെപ്പറ്റി പറഞ്ഞത്?’
‘നദിയിൽ വീണശേഷം പിന്നെ ഒരിക്കലും കല്ലടയാറ്റിലേക്ക് പോയിട്ടില്ലായിരുന്നു. പക്ഷേ കാട്ടിൽ നിന്ന് തിരിച്ചുവന്ന ശേഷം പല തവണ പോയി. നദി നോക്കിനിൽക്കുന്നതുപോലെ ആനന്ദകരമായി ഒന്നും ഇപ്പോൾ ഇല്ലെന്ന്.’
‘അവളുടെ കാര്യത്തിൽ നദി തുടങ്ങിവെച്ചത് കാട് പൂർത്തീകരിച്ചതുപോലെ. ഒരുതരം യിൻ-യാങ് പൂരണം.’ ഗിരി പറഞ്ഞു.
‘ഈ നദിയിൽ വീണ് ഒരുപാട് ആളുകൾ മരിച്ചിട്ടുണ്ട്, അല്ലേ? ഒരു കൊച്ചുകുട്ടി മരിച്ച കാര്യം നീ പറഞ്ഞിട്ടുണ്ട്.’
‘മൂന്നുനാല് മരണങ്ങൾ അറിയാം.’ ഗിരി പറഞ്ഞു. ‘ജഡം ഒഴുകിപ്പോകുന്നത് പലതവണ കണ്ടിട്ടുണ്ട്. ചിലപ്പോൾ കടവിൽ വന്നു തട്ടിനിൽക്കും. അപ്പോൾ ആളുകൾ ജഡത്തെ ഒഴുക്കിലേക്ക് കുത്തിവിടും.’
‘എന്തുകഷ്ടമാണ് അങ്ങനെ ചെയ്യുന്നത്! The death of each man diminishes me എന്നല്ലേ. നമുക്ക് പോകാം.’ ഹേമ പറഞ്ഞു.
ഉച്ചയൂണ് കഴിഞ്ഞ് ഗിരി മയങ്ങാൻ കിടന്നപ്പോൾ ഹേമ നോട്ടുബുക്ക് കയ്യിലെടുത്തു.
പേരിടാത്ത ആദ്യത്തെ വിവരണം വായിക്കാൻ തുടങ്ങി:
‘എന്റെ അകന്ന ബന്ധത്തിലുള്ള ഒരമ്മാവന്റെ കഥയാണ്. അമ്മാവൻ എന്ന പേരു തന്നെ കഥയിൽ ഉപയോഗിക്കാം. ഞങ്ങളുടെ നാട്ടിൽ വിപ്ലവം കൊണ്ടുവന്നത് മൂപ്പരാണെന്നു പറയാം. ഒരുതരം വിചാര വിപ്ലവം. ഞങ്ങളുടെ നാട്ടിലുള്ള വേലുത്തമ്പി മെമ്മോറിയൽ ഗ്രന്ഥശാല കേന്ദ്രീകരിച്ച് അദ്ദേഹം യുക്തിവാദ പ്രവർത്തനങ്ങൾ തുടങ്ങി. മികച്ച താർക്കികനും വാഗ്മിയും ആയിരുന്നു അമ്മാവൻ. അക്കാലത്ത് നാട്ടിൽ ഉണ്ടായിരുന്ന ചെറുപ്പക്കാർ മുഴുവനും അമ്മാവനിൽ ആകൃഷ്ടരായി. മിക്കവരും യുക്തിവാദികളും നിരീശ്വരവാദികളുമായി. അത് നാട്ടിലുള്ള യാഥാസ്ഥിതികരെ ആശങ്കാകുലരാക്കി. അവരെല്ലാം കൂടി ചേർന്ന് അമ്മാവനുമായി തർക്കിക്കാൻ ചങ്ങനാശ്ശേരിയിൽ നിന്ന് പ്രശസ്തനായ ഒരു സന്യാസിയെ മണ്ണടിയിലെത്തിച്ചു. വേലുത്തമ്പി സ്മാരക വായനശാലയിൽ വച്ചായിരുന്നു സംവാദം.
സന്യാസി അതിപ്രശസ്തനായിരുന്നു. പൂർവാശ്രമത്തിൽ ഭൗതിക ശാസ്ത്രത്തിൽ വലിയ പാണ്‌ഠിത്യമുള്ള കോളജ് അദ്ധ്യാപകനായിരുന്നു. നാലഞ്ചു ശിഷ്യർക്കൊപ്പമാണ് അദ്ദേഹം സംവാദത്തിന് എത്തിയത്. നാട്ടുപ്രമാണിമാർ അദ്ദേഹത്തെ ആചാരപൂർവ്വം സ്വീകരിച്ച് വായനശാലയിൽ എത്തിച്ചു. എതിർ സംവാദകനെ അദ്ദേഹം കൗതുകപൂർവ്വം നോക്കി. ഇസ്തിരിയിടാത്ത മുണ്ടും ഷർട്ടും ധരിച്ച് മെലിഞ്ഞു നീണ്ട ഒരു ഗ്രാമീണൻ.
‘എന്താ പേര്?,’ സ്വാമി കാരുണ്യപൂർവ്വം ചോദിച്ചു.
‘പുരുഷോത്തമൻ. താങ്കളുടെ പേര് എന്താണ്?’
‘നമ്മെ സച്ചിദാനന്ദ സ്വാമികൾ എന്നാണ് വിളിക്കാറ്.’
‘നാമോ? താങ്കൾ ഒരാളല്ലേ ഉള്ളൂ?’
ആ നിഷേധം സംവാദത്തിൽ ഉടനീളം അമ്മാവൻ പ്രദർശിപ്പിച്ചു. ഒന്നര മണിക്കൂർ നീണ്ട ചർച്ചയിൽ അമ്മാവൻ വീറോടെയും സ്വാമി സൗമ്യത വെടിയാതെയും സംസാരിച്ചുകൊണ്ടിരുന്നു. അമ്മാവന്റെ വാദങ്ങൾക്കാണ് ബലം കൂടുതലെന്ന് ഏവർക്കും തോന്നി. ഇടയ്ക്കിടയ്ക്ക് അമ്മാവന്റെ പരിഹാസങ്ങൾ കേട്ട് നാട്ടിലെ ചെറുപ്പക്കാർ പൊട്ടിച്ചിരിക്കുകയും ചെയ്തു. നിശ്ചയിച്ചിരുന്ന സമയമായപ്പോഴേക്കും സ്വാമി വിളറി വെളുത്തിരുന്നു. അദ്ദേഹത്തെ പ്രമാണിമാർ ആദരവോടെ കാറിലേക്ക് ആനയിച്ച് യാത്രയാക്കി.
സംവാദത്തിൽ വിജയിക്കുമെന്ന് പൂർണ്ണവിശ്വാസമുള്ളതു കൊണ്ട് അമ്മാവൻ ശിഷ്യർക്കായി വീട്ടിൽ ഉച്ചയൂണ് ഏർപ്പാട് ചെയ്തിരുന്നു. കപ്പയും പുഴമീനും കൂട്ടി അവർ അമ്മാവന്റെ വിജയം ആഘോഷിച്ചു. അവർ യാത്രയായപ്പോൾ അമ്മാവൻ മയങ്ങാൻ കിടന്നു. ക്ഷീണം ഉള്ളതുകൊണ്ടാവാം ഗാഢമായി ഉറങ്ങിപ്പോവുകയും ചെയ്തു.
വൈകുന്നേരത്തോടെയാണ് എഴുന്നേറ്റത്. മൂത്രമൊഴിക്കാനായി പടിഞ്ഞാറ് പറമ്പിലുള്ള തുറുവിനോട് ചേർന്നുനിന്നു. മൂത്രമൊഴിച്ചുകൊണ്ട് നിന്നപ്പോൾ അസ്തമയ സൂര്യന്റെ രശ്മികൾ മൂത്രത്തിൽ തട്ടി തിളങ്ങുന്നത് കണ്ട് അമ്മാവന് ഒരിക്കലുമില്ലാത്ത സൗന്ദര്യബോധം അനുഭവപ്പെട്ടു. അസ്തമയ സൂര്യനും തുറുവും താനും പറമ്പും ആകാശവും എല്ലാം കൂടെ ചേർന്ന് ഒരു വലിയ സൗന്ദര്യത്തിൽ ലയിച്ചു ചേരുന്ന അനുഭവം അദ്ദേഹത്തിനപ്പോൾ ഉണ്ടായി. അമ്മാവൻ അവിടെ സ്തംഭിച്ചു നിന്നു. ആ അനുഭവത്തോടെ അമ്മാവൻ ഏറെക്കുറെ നിശ്ശബ്ദനായി. എങ്കിലും ഉണ്ടായ അനുഭവം ശിഷ്യരോട് പറഞ്ഞു. അമ്മാവനു വന്ന മാറ്റത്തിൽ ശിഷ്യരെല്ലാം കുപിതരാവുകയും അമ്മാവനെ തള്ളിപ്പറയുകയും ചെയ്തു.
ആ സംഭവത്തിന് മൂന്നുനാലാഴ്ച മുമ്പ് എവിടെ നിന്നോ ഭിക്ഷാംദേഹിയായ ഒരു സന്യാസി മണ്ണടിയിൽ എത്തിച്ചേർന്നിരുന്നു. അയാൾ ഭക്ഷണത്തിനായി ഏതെങ്കിലും വീട്ടിന്റെ മുമ്പിൽ ചെന്ന് നിശ്ശബ്ദനായി നിൽക്കും. കിട്ടുന്ന ഭക്ഷണം നിശ്ശബ്ദനായി നിന്ന് കഴിക്കുകയും ചെയ്യും. ക്ഷേത്ര കോമ്പൗണ്ടിന് മുൻപിലുള്ള പടിയിൽ നട്ടുച്ചക്ക് അയാൾ അർദ്ധനഗ്നനായി സൂര്യനെ നോക്കി കിടക്കും. സൂര്യസ്വാമി എന്ന് ആളുകൾ അയാളെ വിളിച്ചു. സംവാദത്തിന്റെ തലേദിവസം അമ്മാവൻ അയാളെ പൊതിരെ ശകാരിച്ചു. രണ്ടുദിവസത്തിനകം നാടുവിട്ടു പൊയ്ക്കോണം അല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. സന്ന്യാസി തല കുനിച്ച് അമ്മാവന്റെ ശകാരം സ്വീകരിച്ചു.
സംവാദാനന്തരം അലൗകികാനുഭൂതി അനുഭവപ്പെട്ടതിന്റെ അടുത്ത ദിവസം പുലർച്ചെ അമ്മാവൻ വാതിൽ തുറന്നു പുറത്തുവന്നപ്പോൾ കണ്ടത് സൂര്യസ്വാമിയെയാണ്. അമ്മാവനെ നോക്കി അയാൾ തലയാട്ടി, പിന്നെ തിരിഞ്ഞു നടന്നു. അമ്മാവൻ ഒന്നും മിണ്ടാതെ അയാളുടെ പുറകെ പോയി. ആ പോക്കുകണ്ട് മുറ്റം തൂത്തുകൊണ്ടു നിന്ന അമ്മാവി അന്ധാളിച്ചു നിന്നു. അമ്മാവനെ പിന്നെ ആരും കണ്ടിട്ടില്ല.’
കഥ വായിച്ച് ഹേമ അല്പനേരം ആലോചിച്ചിരുന്നു.
‘എവിടെയായിരുന്നു അമ്മാവന്റെ വീട്?’
ജനാലയിലൂടെ അകലെ ഓടിട്ട ഒരു വീട് ഗിരി ചൂണ്ടിക്കാട്ടി.
‘ഈ കഥയിൽ ഒരു ഉപകഥ കൂടിയുണ്ട്. അമ്മാവൻ്റെ വീടിനെപ്പറ്റി ഒരു വിശ്വാസം നിലവിലുണ്ട്. ഓരോ തലമുറയിലും ഒരാൾ വീതം സന്യാസിയാവും എന്നതാണ് അത്. കൃത്യമായി അങ്ങനെ സംഭവിച്ചു പോരികയായിരുന്നു. തൻ്റെ തലമുറയിൽ ഏതായാലും അങ്ങനെ ഉണ്ടാവരുത് എന്ന് അമ്മാവൻ നിശ്ചയിച്ചു. അതിനു വേണ്ടിയാണ് അദ്ദേഹം യുക്തിവാദ ഗ്രന്ഥങ്ങൾ പഠിച്ചതും കുടുംബത്തിലുള്ള സ്വന്തം തലമുറക്കാരെ മുഴുവൻ പഠിപ്പിച്ചതും.’
അറുപത്തിയാറ്
ഡോക്ടർ ജോസും ഡോക്ടർ അന്നമ്മയും ഇടയ്ക്കിടെ ഫോണിൽ സംസാരിക്കും. ഏതാണ്ട് രണ്ടാഴ്ച കൂടുമ്പോഴാണ് സംസാരം. ഒൻപതരയോടെ സ്റ്റെല്ല കിടക്കും. അതിനു ശേഷമാണ് ജോസ് ഫോണെടുത്ത് അന്നമ്മയെ ഡയൽ ചെയ്യുക. ശബ്ദമടക്കി ജോസ് സംസാരിക്കുന്നത് സ്റ്റെല്ല ശ്രദ്ധിച്ചിട്ടുണ്ട്. അത് അന്നമ്മയോടാണെന്ന് ബുദ്ധിമുട്ടില്ലാതെ ഊഹിച്ചിട്ടുമുണ്ട്. അന്നമ്മയോട് സംസാരിക്കുന്നതിനെ കുറിച്ച് ജോസും സ്റ്റെല്ലയോട് ഒരു തവണ പറഞ്ഞു. ഒരു രാത്രി നേരത്തേ കിടന്നിട്ടും സ്റ്റെല്ലയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ജോസ് അന്നമ്മയോട് ഫോണിൽ സംസാരിക്കുന്നത് അവൾ കേട്ടു കിടന്നു.
‘അടുത്ത വ്യാഴമാ സ്റ്റെല്ലയുടെ ഡേറ്റ്. സിസേറിയൻ ആകും. ആശുപത്രിയിൽ കൂടെ നിൽക്കാൻ കൂട്ടുകാരി ഹേമ മതി എന്നാ അവൾ പറയുന്നെ. കൂട്ടുകാരിയെ ചട്ടം കെട്ടി നിർത്തിയിരിക്കുകയാ.’
‘അതേ. കാട്ടിൽ ഒപ്പമുണ്ടായിരുന്ന പെണ്ണ്. നല്ലൊരു ജോലി കിട്ടീട്ട് വേണ്ടെന്ന് വെച്ച് നിൽക്കുകയാ കൂട്ടുകാരി. ആളിന്റെ സാമാന്യബുദ്ധിയുടെ ലെവൽ ഒന്നാലോചിച്ചു നോക്കിയേ. അവളെയാ ആശുപത്രിയിൽ ഒപ്പം വേണമെന്നു പറയുന്നത്. എന്തെങ്കിലും ആവട്ടെ.’
‘പിള്ളേര് ഒറങ്ങിയോ?’
‘ശരി. ഒറങ്ങിക്കോ.’
സ്റ്റെല്ലയ്ക്ക് ജോസിനെപ്പറ്റി പാവം തോന്നി. ലോകത്ത് ആരും വീഴാത്ത ഒരു കുഴിയിലാണ് ഈ സാധു വീണിരിക്കുന്നത്. പ്രേമിച്ചു കെട്ടിയ പെണ്ണിനെ വാശിയുടെ പുറത്ത് ഒഴിഞ്ഞു. എന്നിട്ട് ലക്കും ലഗാനുമില്ലാതെ ഏറെക്കുറെ അബ്നോർമൽ ആയ വേറൊരു പെണ്ണിനെ കെട്ടി. പഴയ കാമുകിയും ഭാര്യയുമായിരുന്ന പെണ്ണിനോട് വീണ്ടും ചങ്ങാത്തം. അവളെ സ്വീകരിക്കാൻ ആവാത്ത ദയനീയ സ്ഥിതി.
സ്റ്റെല്ല എഴുന്നേറ്റ് ജോസിന്റെ അടുത്തേക്ക് ചെന്നു. അയാൾ ഒരു സെറ്റിയിൽ ആലോചനയിൽ മുഴുകി ഇരിക്കുകയായിരുന്നു. സ്റ്റെല്ല അയാളുടെ അടുത്തുചെന്നിരുന്നു. ജോസിന്റെ കൈപ്പത്തി കരങ്ങൾക്കുള്ളിലാക്കി മെല്ലെ അമർത്തി. ജോസ് അതിശയത്തോടെ സ്റ്റെല്ലയെ നോക്കി.
അറുപത്തിയേഴ്
1983നും 1993നും ഇടയിൽ ലോകത്ത് ഒരുപാട് സംഭവങ്ങൾ നടന്നു. ലോകത്ത് ഇറാനും ഇറാഖും തമ്മിൽ എന്തിനെന്നറിയാതെയുള്ള യുദ്ധം, സോവിയറ്റ് യൂണിയന്റെ തകർച്ച. ഇന്ത്യയിൽ ഇന്ദിരാഗാന്ധിയുടെ വധം, രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതാവസ്ഥ, അങ്ങനെ എത്രയെത്ര സംഗതികൾ. കേരളത്തിൽ യേശുദാസിന്റെ മധുര ഗംഭീരമായ ആലാപനത്തിന്റെ ആധിപത്യത്തുടർച്ച, മഹാന്മാരായ സംവിധായകരും നടന്മാരും എഴുത്തുകാരും ചേർന്നു സൃഷ്ടിച്ച മികച്ച സിനിമകൾ.
രാജന്റെയും സ്റ്റെല്ലയുടെയും ഗിരി-ഹേമ ദമ്പതിമാരുടെയും ജീവിതങ്ങളിലും ഈ കാലയളവിൽ കുറെയേറെ മാറ്റങ്ങൾ ഉണ്ടായി. സ്റ്റെല്ലയ്ക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ വളർന്ന് സ്കൂളിൽ പോയിത്തുടങ്ങി. ഹേമയ്ക്കും ഗിരിക്കും കുട്ടികളൊന്നും ഉണ്ടായില്ല. പകരം അവർ നേരത്തേ പദ്ധതിയിട്ട പ്രകാരം അകലെയുള്ള തോട്ടത്തിന്റെ മദ്ധ്യത്തിൽ തനിയെ ഒരു വലിയ കിണർ കുഴിച്ചു. കിണർ പൂർത്തിയാക്കാൻ മൂന്നു വർഷത്തോളം എടുത്തു. കിണറിന്റെ സമീപത്ത് നിൽക്കുന്ന കൊന്നത്തെങ്ങിൽ വടംകെട്ടി ഹേമയ്ക്ക് കൂടി ഇറങ്ങുവാൻ കഴിയുന്ന വിധം ആണ് കിണറിലെ പടികൾ ക്രമീകരിച്ചത്. ഒരുമിച്ച് കിണറിൽ ഇറങ്ങിനിന്ന് ഗിരിയും ഹേമയും ഭൂമിക്കടിയിലെ അലൗകിക ശബ്ദങ്ങൾക്കായി കാതോർത്തു .
രാജന് തേനിയിൽ ഒരു ആൺകുട്ടി ജനിച്ചു. ഞാങ്കടവിന് പുറമേ പാണ്ടിമലപ്പുറം, ഏഴാംമൈൽ ഷാപ്പുകളും രാജൻ സ്വന്തമാക്കി. മണ്ണടിയിൽ അരയേക്കർ ഭൂമിയും ഇരുപതു പറ വയലും മേടിച്ചു. വാങ്ങിച്ച ഭൂമിയിൽ മൂന്നുമുറി വീടുവച്ചു.
രാജന്റെ വീട്ടുകാരും അടൂരിലെ ടൗൺ ജീവിതവുമായി നന്നായി പൊരുത്തപ്പെട്ടു. രാജന്റെ സഹായത്തോടെ അവർ പന്നിവിഴയിൽ ഇരുപതു സെൻറ് ഭൂമി വാങ്ങി വീട് വച്ചു. മുത്തശ്ശി നാണിയുടെ വലിവിനുള്ള ചികിത്സ സർക്കാർ ആശുപത്രിയിൽ നിന്ന് പുതുതായി തുടങ്ങിയ മരിയാ ആശുപത്രിയിലേക്ക് മാറ്റി. അനുജത്തി രാജിയുടെ മകൾ ഫ്രോക്ക് ഇട്ട് ഹോളി ഏഞ്ചൽസ് സ്കൂളിൽ പോയിത്തുടങ്ങി.
രാജന് കാട്ടിലെ ഭാഷ നല്ലവണ്ണം വശമായി. ചുപ്പന്റെയും രാജന്റെയും സംസാരം കേട്ടിട്ടും കാന്തിക്കും തേനിക്കും ചെറുതായി പോലും മലയാളം തലയിൽ കയറിയില്ല.
‘ഏതാണ്ട് കിറുക്കുപിടിച്ച ഭാഷയാ,’ തേനിയും കാന്തിയും മലയാളത്തെ പറ്റി പറയും. രാജൻ ‘ചുപ്പൻ’ എന്ന് വിളിക്കുന്നതും സ്ത്രീകൾക്ക് വലിയ തമാശയാണ്. രാജൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കാട്ടിലുള്ളവർ വിളിക്കുന്ന പോലെ അയാളുടെ പേര് വിളിക്കാൻ കഴിഞ്ഞില്ല.
മൂപ്പനോട് അനുവാദം വാങ്ങി പലതവണ തേനി രാജനൊപ്പം നാട്ടിൽ പോയി. പോയപ്പോഴെല്ലാം ചുപ്പനും കുടുംബവും ഒപ്പം കൂടി.
കാട്ടിൽ എത്തുമ്പോൾ ഒരാളിനോടു പോലും രാജൻ താമസം നാട്ടിലേക്ക് മാറ്റാൻ ഉപദേശിച്ചില്ല. അത് ബോധപൂർവമാണ്. ഒന്ന്, കാടിനേക്കാൾ മനോഹരമാണ് നാട് എന്നത് ഒരു മിഥ്യാധാരണയാണ്. രണ്ട്, ആളുകൾ കാട് ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാൻ തുടങ്ങിയാൽ ഒരു സമൂഹം എന്ന നിലയിൽ അവർക്കിടയിലെ കെട്ടുറപ്പും സന്തോഷവും ഇല്ലാതെയാകും. വേരുകൾ നഷ്ടപ്പെട്ട ഒരു കൂട്ടം ആളുകളാകും കാടുപേക്ഷിച്ച് നാട്ടിലെത്തുക. അതുകൊണ്ടുതന്നെ തരം കിട്ടുമ്പോളെല്ലാം കാട്ടിലെ ജീവിതത്തെ പ്രകീർത്തിക്കാനും നാട്ടിലെ ജീവിതത്തിന്റെ പ്രശ്നങ്ങൾ പറയാനും രാജൻ ശ്രദ്ധിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും കാട്ടിലുള്ള പലരും-വിശേഷിച്ച് ചെറുപ്പക്കാർ-രാജന്റെ ജീവിതം നന്നായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്തെല്ലാം സാധനങ്ങളാണ് അവൻ കാട്ടിലേക്ക് കൊണ്ടുവരുന്നത്! കപ്പ, ഉണക്കമീൻ, വാഴപ്പഴം, എഴുതാനുള്ള പേനയും പേപ്പറും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ- അങ്ങനെ എന്തെല്ലാം. ഇതെല്ലാം കിട്ടുമ്പോൾ കുട്ടികളുടെ സന്തോഷം ഒന്ന് കാണണം. കാടിനപ്പുറത്ത് ഇങ്ങനെയൊരു അത്ഭുത ലോകം ഉള്ളപ്പോൾ നമ്മൾ എന്തിനാണ് ഇതുപോലെ അപകടം പിടിച്ച ഒരു സ്ഥലത്ത് കഴിയുന്നത്? രാജൻ കള്ളം പറയുകയാണ്. അവിടെയാണ് സുഖം. അവിടെയാണ് ജീവിതം. നാട്ടിൽ പോയിട്ടു വന്ന തേനിയും കാന്തിയും പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോൾ എന്ത് ആവേശകരമാണ് അവിടത്തെ ജീവിതം! ഇഷ്ടംപോലെ കള്ളുകുടിക്കാം. വർണ്ണാഭമായ ഉത്സവങ്ങൾ കാണാം. കൊട്ടകയിൽ പോയി സിനിമ കാണാം, പാട്ട് കേൾക്കാം. തുണിക്കടയിൽ പോയി കളറുള്ള തുണി മേടിക്കാം. മൈതാനത്തും മറ്റും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരുപാട് കളികൾ ഉണ്ടത്രേ. പിന്നെ പിള്ളേരെല്ലാം പള്ളിക്കൂടത്തിൽ പോകും. പഠിച്ച് വലിയ ഉദ്യോഗം മേടിക്കും. ആർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ നിന്ന് ഇംഗ്ലീഷ് മരുന്ന് കിട്ടും. പെട്ടെന്ന് അസുഖം മാറും.
നമ്മളും രക്ഷപ്പെടണം, നമ്മുടെ വരാനുള്ള തലമുറകളും രക്ഷപ്പെടണം. അതിന് രാജൻ നമ്മളെ സഹായിച്ചേ തീരൂ.
അറുപത്തിയെട്ട്
അഞ്ചു ചെറുപ്പക്കാർ – വീരു, സാക്കി, പുഞ്ചൻ, സേക്കു, അന്നൻ- രാജനെ വിടാതെ പിടികൂടാൻ തുടങ്ങി.
‘ഞങ്ങൾക്കും നാട്ടിൽ വരണം. ഇവിടം ഞങ്ങൾക്കു മടുത്തു. നീ ഞങ്ങളെ കൊണ്ടുപോകണം. സഹായിച്ചേ തീരൂ.’
‘നിങ്ങളുടെ വീട്ടുകാർ എന്ത് ചെയ്യും? മൂപ്പനും മൂപ്പത്തിയും എന്തു പറയും?’
രാജൻ ചോദിച്ചു.
ചെറുപ്പക്കാർ അതിനു മറുപടി പറഞ്ഞില്ല. പകരം രാജനെ നിർബന്ധിച്ചു കൊണ്ടിരുന്നു. രാജൻ വിഷമവൃത്തത്തിൽ ആയി. അവൻ ചുപ്പനോട് വിഷയം സംസാരിച്ചു.
‘ഞാനും നേരിട്ട പ്രശ്നമാ,’ ചുപ്പൻ പറഞ്ഞു. ‘എൻ്റെ താമസം കാട്ടിൽ തന്നെ ആയതിനാലാകാം വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. നീ നാട്ടിൽ താമസിക്കുന്നു. വലിയ പത്രാസിൽ നടക്കുന്നു. ഓരോ തവണയും സമ്മാനങ്ങൾ കൊണ്ടുവരുന്നു. ഇതെല്ലാമാണ് പ്രശ്നമായത്. സൂക്ഷിച്ചു കൈകാര്യം ചെയ്യണം. മൂപ്പനും മൂപ്പത്തിക്കും വലിയ ദേഷ്യം ആവാൻ ഇടയുണ്ട്.’
‘ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. ഞാനായിട്ട് ആരെയും കൊണ്ടുപോകുന്നില്ല. സഹായിക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് സഹായിക്കാതിരിക്കാനും ആവില്ല. പക്ഷേ ഒന്നുണ്ട്, ഇവിടെനിന്ന് നാട്ടിലേക്ക് ചാടി ചെല്ലുന്നത് അവന്മാർക്ക് നല്ലതിന് ആവണമെന്നില്ല. നാട് അവർ കരുതുന്നതുപോലെ അത്ര സുഖമുള്ള സ്ഥലമല്ല. ഇവിടെ നിന്ന് ചെല്ലുന്നവർക്ക് പ്രത്യേകിച്ചും.’
രാജൻ മൂപ്പന്റെ മുമ്പിലേക്ക് വിളിപ്പിക്കപ്പെട്ടു. വലിയ ദേഷ്യത്തിൽ ആയിരുന്നു മൂപ്പനും മൂപ്പത്തിയും. വിശേഷിച്ചും മൂപ്പത്തി. ഒരിക്കലും കാണിച്ചിട്ടില്ലാത്ത കാർക്കശ്യത്തോടെ അവർ രാജനോട് സംസാരിച്ചു. രാജൻ കാട്ടിൽ അന്ത:ച്ചിദ്രം ഉണ്ടാക്കുകയാണെന്ന് അവർ ആരോപിച്ചു. രാജൻ ബോധപൂർവ്വം ആസൂത്രണത്തോടെ ചെയ്യുന്നതാണ് അതെല്ലാം. അത്തരം പെരുമാറ്റത്തെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ആദ്യമായി കണ്ടപ്പോഴേ രാജനെ വകവരുത്തിയേനെ. അന്നതു ചെയ്യാത്തതിൽ ഇന്ന് പശ്ചാത്തപിക്കുന്നു. ഇപ്പോൾ രാജൻ കാടിന്റെ ഭാഗമാണ്. ഇവിടത്തെ ഒരു പെണ്ണിന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ്. അതുകൊണ്ട് കൊല്ലാതെ വെറുതെ വിടുന്നു. ഇവിടെനിന്ന് ആരെയും പുറത്തുകൊണ്ടുപോയിക്കൂടാ. അങ്ങനെ പോയാൽ പോകുന്നവർക്ക് തിരികെ കാട്ടിൽ സ്ഥാനം ഉണ്ടാവില്ല. ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് രാജന്റെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് അവർ ശപിച്ചു. രാജനാകട്ടെ എല്ലാം കേട്ടു നിന്നതല്ലാതെ സ്വയം ന്യായീകരിക്കാൻ ശ്രമമൊന്നും നടത്തിയില്ല.
നാട്ടിലേക്ക് പോകാൻ തയ്യാറായ അഞ്ചു ചെറുപ്പക്കാരുമായി മൂപ്പനും മൂപ്പത്തിയും സംസാരിച്ചു. ചെറുപ്പക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. അതോടെ നിരാശയോടെ വൃദ്ധദമ്പതികൾ പിന്മാറി. സകലതിനും കാരണക്കാരൻ ആയ രാജനെ ദൈവം ശിക്ഷിക്കട്ടെ എന്ന് അവർ ആശിച്ചു. രാജൻ നിരപരാധിയാണെന്ന് ചുപ്പനും കാന്തിയും തേനിയും ആണയിട്ട് പറഞ്ഞെങ്കിലും അവർ വിശ്വസിച്ചില്ല.
‘അവൻ ഇപ്പോൾ നിങ്ങളുടെ കുടുംബക്കാരൻ. നിങ്ങൾ ആ മഹാപാപിയുടെ പക്ഷം പിടിക്കുന്ന ദ്രോഹികൾ. കടന്നു പോ!’
കവർ: വിൽസൺ ശാരദ ആനന്ദ്