എം ടി ക്ക് ശേഷം എസ് ജയചന്ദ്രൻ നായരും വിടവാങ്ങിയിരിക്കുന്നു. രണ്ടുപേരും മലയാളം കണ്ട മികച്ച പത്രാധിപന്മാർ. മലയാള സാഹിത്യത്തിൽ ആധുനികതയുടെ സ്വാംശീകരണത്തിന് വഴി ഒരുക്കുന്നതിൽ രണ്ടുപേരും നടന്ന് തീർത്ത ഭൂമിക വളരെ വലുതാണ്. മാതൃഭൂമിയുടെ തട്ടകമായ കോഴിക്കോട് നഗരത്തിന്റെ വളക്കൂറുള്ള മണ്ണിൽ നിന്ന് എം ടി വളർന്ന് വലുതായെങ്കിൽ അന്ന് ഇതൊന്നും വലുതായി അവകാശപ്പെടാൻ ഇല്ലാതിരുന്ന തലസ്ഥാനനഗരിയിൽ നിന്നാണ് ജയചന്ദ്രൻ നായർ തന്റെ നിയോഗം ഏറ്റെടുത്തത് എന്ന വ്യത്യാസമുണ്ട്. മലയാള സാഹിത്യരംഗത്തെ നിരവധി നവാഗതപ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ ഗഹനമായ വായന ഇഷ്ടപ്പെടുന്നവരിലേക്ക് എത്തിക്കുന്നതിലും എം ടി യോടൊപ്പം ജയചന്ദ്രൻ നായരും വലിയ പങ്ക് വഹിച്ചു. എഴുത്തുകാർക്ക് ഇന്ന് കിട്ടുന്ന അംഗീകാരത്തിനും പ്രതിഫലത്തിനും പിന്നിലെ കാരണഭൂതർ ഇവർ രണ്ടുപേരുമാണെന്ന് നിസ്സംശയം പറയാം.
കെ. ബാലകൃഷ്ണൻ എന്ന അതികായന്റെ കീഴിൽ തന്റെ കരിയർ ആരംഭിച്ച ജയചന്ദ്രൻ നായർ സ്വയം ഒരു അതികായനായി വളരുന്ന കാഴ്ചയാണ് നാം കണ്ടത്. മലയാള സാഹിത്യവും വായനക്കാരും ആധുനികതയെ രണ്ടുകൈയും ചേർത്ത് സ്വീകരിക്കാൻ വെമ്പുന്ന കാലമായിരുന്നു അത്. മാതൃഭൂമി വാരികയ്ക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ആ പ്രവാഹം. മാതൃഭൂമിക്ക് പുറത്ത് ആ പ്രവാഹത്തിന് ഒത്തുചേരാനും പരിണമിക്കാനും വളക്കൂറുള്ള നിലം ഒരുക്കുന്നതിൽ ജയചന്ദ്രൻ നായർ നിർണ്ണായകമായ പങ്ക് വഹിച്ചു.
എഴുപത്-എൺപതുകളിൽ ഗൗരവമുള്ള വായനയ്ക്ക് കോഴിക്കോട് നിന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോട്ടയം കേന്ദ്രീകരിച്ച് മനോരമയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പൈങ്കിളി വാരികകളാണ് കളം നിറഞ്ഞുനിന്നത്. ഇങ്ങനെയൊരു ഇടത്തേയ്ക്കാണ് കൊല്ലത്ത് നിന്ന് എസ് കെ നായർ എന്ന കശുവണ്ടി മുതലാളി തുടങ്ങിയ “മലയാളനാട്” എന്ന വാരിക എത്തുന്നത്. മാതൃഭൂമിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു മലയാളനാടിന്റെ ഉള്ളടക്കം. ഗൗരവമുള്ള വായനയ്ക്കും പൈങ്കിളി വായനയ്ക്കും ഇടയിൽ മലയാളനാട് സ്വന്തം ഇടം കണ്ടെത്തിയെന്ന് വേണമെങ്കിൽ പറയാം. ഇതിന്റെ ചുവട് പിടിച്ചാണ് കലാകൗമുദി എത്തുന്നത്. പക്ഷെ ജയചന്ദ്രൻ നായർ എന്ന പത്രാധിപർ കലാകൗമുദിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തതോടെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ കൃതികൾ അതിലൂടെ പ്രകാശിതമാവാൻ തുടങ്ങി. പിന്നീട് നമ്മൾ കണ്ടത് മലയാള സാഹിത്യരംഗത്തെ ആധുനികതയുടെയും ഒരു വിപ്ലവമാണ്. “സാഹിത്യ വാരഫലം” എന്ന ജനകീയ പംക്തി മലയാളനാട് വിട്ട് കലാകൗമുദിയിൽ എത്തി. കലാകൗമുദി വിട്ട് മലയാളം വാരിക തുടങ്ങിയപ്പോഴും ഉള്ളടക്കത്തിലെ ഉന്നതനിലവാരം അദ്ദേഹം തുടർന്നു. എം ടി, ഓ വി വിജയൻ, എം മുകുന്ദൻ, മാധവിക്കുട്ടി, എം പി നാരായണപിള്ള, വി കെ എൻ, മലയാറ്റൂർ എന്നിവരുടെയെല്ലാം കൃതികൾ, മാതൃഭൂമി കഴിഞ്ഞാൽ, പ്രകാശിതമായത് കലാകൗമുദിയിലൂടെയും മലയാളം വരികയിലൂടെയും ആണെന്നത് എടുത്തുപറയേണ്ടതാണ്. നമ്പൂതിരി എന്ന രേഖാചിത്രകാരനെ കൂടാതെയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് സങ്കൽപ്പിക്കാൻ കഴിയാത്ത സമയത്താണ് അദ്ദേഹം മാതൃഭൂമി വിട്ട് മലയാളം വാരികയിൽ എത്തുന്നത്. രണ്ടാമൂഴം എന്ന എം ടി യുടെ നോവലിന് അദ്ദേഹം വരച്ച ചിത്രങ്ങൾ പ്രത്യേകം പരാമർശം അർഹിക്കുന്നു. സാഹിത്യകാരന്മാർക്ക് മാത്രമല്ല, നമ്പൂതിരിയെ പോലുള്ള കലാകാരന്മാർക്കും ജയചന്ദ്രൻ നായരോടുള്ള അടുപ്പവും ബഹുമാനവും ഇത് കാണിക്കുന്നു.
മലയാളസാഹിത്യത്തിന്റെ വളർച്ചയുടെ ഏടുകൾ അടയാളപ്പെടുത്തുമ്പോൾ ആ വളർച്ചയിൽ ജയചന്ദ്രൻ നായർ വഹിച്ച പങ്ക് തീർച്ചയായും അംഗീകരിക്കപ്പെടും. പ്രദക്ഷിണവഴികൾ പിന്നിട്ട പ്രതിഭാധനന് വിട.
കവർ: വിൽസൺ ശാരദ ആനന്ദ്