പൂമുഖം നോവൽ കാടകം (അധ്യായം – 7)

കാടകം (അധ്യായം – 7)

മുപ്പത്

യാത്ര വീണ്ടും തുടങ്ങി. ഇത്തവണ അൽപം കൂടി ശ്രമകരമായിരുന്നു. ഒരു ചെറിയ മല ചുറ്റിക്കയറി പോകേണ്ടി വന്നു. നിസ്സാരമെന്നു കരുതിയെങ്കിലും കയറി തുടങ്ങിയതോടെ വഴുവഴുപ്പുള്ള പാറകളും മറ്റുമായി അത് മറികടക്കാൻ പ്രയാസമുള്ള ഒന്നായി അനുഭവപ്പെട്ടു. അതേസമയം ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ സ്ഥലവും അതാണെന്ന് അവർക്കു തോന്നി. സൂര്യന്റെ രശ്മികൾക്ക് തീക്ഷ്ണത കുറവ്, ചുറ്റും പറങ്കിമാവിന്‍റെ വലിയ കൂട്ടങ്ങൾ. പറങ്കിമാമ്പഴത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം.

‘ഉറപ്പായും ഇവിടെ മനുഷ്യർ എത്തിയിട്ടുണ്ട്. അല്ലെങ്കിൽ പറങ്കിമാവ് വരില്ല.’ ഗിരി പറഞ്ഞു.
‘വെറുതെ ആശിപ്പിക്കാതെ,’ ഹേമ പറഞ്ഞു.
‘നമ്മൾ ഒരു അൻപത് കിലോമീറ്റർ എങ്കിലും സഞ്ചരിച്ചു കാണില്ലേ?’ സ്റ്റെല്ല സംശയം പ്രകടിപ്പിച്ചു.
‘നാല് ദിശകളിൽ നമ്മുടേത് ഏറ്റവും മോശം തെരഞ്ഞെടുപ്പ് ആയിരുന്നു.’
ഹേമ പറഞ്ഞു തീർന്നില്ല അകലെ ഒരു ശബ്ദം കേട്ടു. നാലുപേരും അങ്ങോട്ട് ശ്രദ്ധിച്ചു.
‘ഒരു കൂവലല്ലേ കേട്ടത്?’ ഗിരി ആവേശത്തോടെ ചോദിച്ചു.

‘അങ്ങനെയാണ് തോന്നുന്നത്.’ ഹേമ പറഞ്ഞു .

വീണ്ടും ഒരുതവണ കൂടി അതേ ഒച്ച. കൂവൽ തന്നെ. തുടർന്ന് ആരവം പോലെ ഒരു ശബ്ദം. കുറെ ആളുകൾ ഒരുമിച്ചു ശബ്ദമുണ്ടാക്കുന്ന പോലെ.

‘കാടിന്റെ അവസാനമായി.’ രാജൻ അഭിമാനത്തോടെ പറഞ്ഞു. ‘പക്ഷേ,’ അവൻ കരുതലോടെ കൂട്ടിച്ചേർത്തു,
‘വളരെ സൂക്ഷിക്കണം. കാടിനേക്കാൾ അപകടകാരികളാ മനുഷ്യർ ചിലപ്പോ. അവിടെയുള്ളവർ മനുഷ്യരാന്നെങ്കിലും നമ്മളോട് അടുപ്പം കാണിക്കണമെന്നില്ല.’

‘സത്യമാണ്.’ ഹേമ പറഞ്ഞു. ‘പല തരത്തിലുള്ള മനുഷ്യരല്ലെ, കാട്ടിൽ പ്രത്യേകിച്ചും.’

‘എങ്കിലും സാരമില്ല. പരമാവധി അവരങ്ങ് കൊല്ലുമായിരിക്കും. ഈ കാട്ടിൽ കിടന്നാലും അതു തന്നെയല്ലേ വിധി?,’ സ്റ്റെല്ല ചോദിച്ചു.

കാടിന്റെ അവസാനം കണ്ടതിന്റെ സന്തോഷം ഏറ്റവും അധികം അവൾക്കാണെന്ന് തോന്നിച്ചു. ‘നമുക്കൊരു ഒച്ച ഉണ്ടാക്കാം. എല്ലാവരും ചേർന്ന്.’
സ്റ്റെല്ല ആവേശത്തോടെ പറഞ്ഞു.

എല്ലാവരും പരസ്പരം മുഖങ്ങളിൽ നോക്കി. രാജൻ രണ്ട് കൈകളും കൊണ്ട് വായ പകുതി മൂടി ഉറക്കെ ശബ്ദമുണ്ടാക്കി: ‘ഓയ്…ഓയ് …ഓയ്’

ഗിരിയും അവനെ അനുകരിച്ച് ഒച്ച ഉണ്ടാക്കി: ‘ഓയ്…. ഓയ്….ഓയ്’

അതിന് പ്രതികരണം ഉണ്ടായില്ല. എല്ലാവരും ചേർന്ന് പരമാവധി ശബ്ദത്തിൽ വീണ്ടും ഒച്ച വെച്ചു:
ഓയ്….ഓയ്….ഓയ്.

ഇത്തവണ അകലെ നിന്നും ഒച്ച ഉയർന്നു : കൂ….കൂ ….കൂ .

ഗിരിയും ഹേമയും ചേർന്ന് ആവർത്തിച്ചു : ഓയ് ….ഓയ് …ഓയ്

അകലെ നിന്നും കൂടുതൽ ശക്തിയിൽ ഒച്ച കേട്ടു: കൂ… കൂ….കൂ .

മുപ്പത്തിയൊന്ന്

ഏഴുപേരുടെ ഒരു സംഘമാണ് അകലെനിന്ന് എത്തിയത്. അവരുടെ രൂപങ്ങൾ പാറക്കെട്ടിനു മുകളിൽ തെളിഞ്ഞപ്പോൾ തന്നെ നാലുപേരും ആവേശഭരിതരായി. സ്റ്റെല്ലയും ഹേമയും പരസ്പരം കെട്ടിപ്പിടിച്ചു. മനുഷ്യർ! ശത്രുവായാലും മിത്രമായാലും മനുഷ്യർ! തങ്ങൾ നാലുപേർക്കപ്പുറം അഞ്ചാമതൊരു മനുഷ്യനെ ഈ ജന്മം കാണാൻ കഴിയുമെന്ന് വിചാരിച്ചതല്ല. അത് നടന്നിരിക്കുന്നു.

അവർ അടുത്തടുത്ത് വന്നു. രാജൻ ഉറക്കെ ഒച്ച ഉണ്ടാക്കി തങ്ങൾ നിൽക്കുന്ന സ്ഥാനത്തേക്ക് അവരുടെ ശ്രദ്ധ തിരിച്ചു. വന്നവർ ആയുധധാരികൾ ആയിരുന്നു. കൂർത്ത കമ്പികൾ, വെട്ടുകത്തി എന്നിവയായിരുന്നു അവരുടെ കൈകളിൽ. കൈലി മാത്രമായിരുന്നു വേഷം. നാലു ചെറുപ്പക്കാർ, രണ്ടു ബാലന്മാർ, ഒരു മധ്യവയസ്കൻ എന്നിവരാണ് വന്നുകൊണ്ടിരുന്നത്. അടുത്തെത്തിയപ്പോൾ ബാലന്മാർ എന്ന് കരുതിയവർ കൗമാരം പിന്നിട്ടവരാണ് എന്ന് വ്യക്തമായി. സ്റ്റെല്ലയും ഹേമയും പുരുഷന്മാരുടെ പിന്നിലേക്ക് മാറിനിന്നു.

കരിവീട്ടിയുടെ നിറമുള്ള ദൃഢഗാത്രരാണ് വന്നവരെല്ലാം. മധ്യവയസ്കൻ മുന്നോട്ടു നീങ്ങി നിന്ന് അപരിചിതമായ ഭാഷയിൽ ഉറക്കെ എന്തോ ചോദിച്ചു. ഒന്നു ശങ്കിച്ചു നിന്നശേഷം രാജൻ മലയാളത്തിൽ ‘മനസ്സിലായില്ല’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ആഗതർ പരസ്പരം നോക്കി. ഭാഷ അറിയാത്തവരാണെന്ന് അവർക്ക് മനസ്സിലായതു പോലെ തോന്നി.

മധ്യവയസ്കൻ മുന്നോട്ടുവന്ന് മുന്നിൽ നിൽക്കുന്നവരെ സൂക്ഷിച്ചു നോക്കി. അയാൾ പിന്നെയും എന്തോ ചോദിച്ചു. മനസ്സിലാകുന്നില്ല, ഭാഷ അറിയില്ല എന്ന് രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്തോ മനസ്സിലായപോലെ അയാളും മന്ദഹസിച്ചു തലയാട്ടി. പിന്നിൽ നിന്ന സ്ത്രീകളെ അയാൾ തല ചരിച്ചു നോക്കി. അവർ കുറേക്കൂടി പുരുഷന്മാരുടെ മറവിലേക്ക് നീങ്ങി നിന്നു. മധ്യവയസ്കൻ ചിരിച്ചുകൊണ്ട് തിരികെ പോയി.

ആഗതർ കുറേനേരം പരസ്പരം സംസാരിച്ചു. പിന്നീട് കൗമാരക്കാർ വന്ന വഴിയെ തിരിച്ച് ഓടി.

സൂര്യൻ നേർമുകളിൽ വന്നു നിന്നു. സ്റ്റെല്ലയും ഹേമയും രാജനും ഗിരിയും വിയർത്തൊഴുകാൻ തുടങ്ങി. വന്നവർ മധ്യവയസ്കന്റെ ആജ്ഞാനുവർത്തികൾ ആണെന്ന് തോന്നി. സംസാരത്തിനിടയിൽ അയാൾ ഒരു ചെറുപ്പക്കാരനെ ആഞ്ഞു പ്രഹരിച്ചു. അവൻ പ്രഹരമേറ്റ കൈ തുടച്ചുകൊണ്ട് പിന്നിലേക്ക് മാറിനിൽക്കുക മാത്രം ചെയ്തു.

കുറേ നേരം കഴിഞ്ഞ് അകലെ നിന്നും വീണ്ടും കൂവൽ കേട്ടു. പോയ കൗമാരക്കാർ തിരികെ വരികയാണ്. മൂന്നുനാലു പേർ കൂടെയുണ്ട് . അടുത്തടുത്ത് വന്നപ്പോൾ കൗമാരക്കാർക്ക് ഒപ്പമുള്ളവർ സ്ത്രീകളാണ് എന്നു മനസ്സിലായി. അവരുടെ കയ്യിൽ കുറച്ചു വസ്ത്രങ്ങൾ ഉണ്ട്.

സ്ത്രീകൾ അടുത്തുവന്നു . ഗൗരവം മുറ്റി നിൽക്കുന്ന മുഖഭാവമുള്ള ആരോഗ്യവതികളായ സ്ത്രീകൾ. രാജനെയും ഗിരിയെയും അവഗണിച്ച് പിന്നിലെത്തി രണ്ട് മുണ്ടുകൾ അവർ നീട്ടി. സ്റ്റെല്ലയും ഹേമയും അത് വേഗം സ്വീകരിച്ച് ദേഹത്ത് ചുറ്റി. ഒരു സ്ത്രീ രണ്ടു മുണ്ടുകൾ ഗിരിക്കും രാജനും നൽകി. അവരും വേഗം അത് സ്വീകരിച്ച് ശരീരത്തിൽ ചുറ്റി. മദ്ധ്യവയസ്‌കൻ മുന്നോട്ടുവന്ന് രാജന്റെ കയ്യിലിരുന്ന ചാക്കിൽ സംശയത്തോടെ നോക്കി. രാജൻ ചാക്കിലുള്ള സാധനങ്ങൾ പുറത്തേക്കിട്ടു. വെട്ടുകത്തിയും രണ്ടു കമ്പികളും മാത്രം. മദ്ധ്യവയസ്കൻ സംശയം മാറിയതുപോലെ തലയാട്ടി. സ്ത്രീകൾ സ്റ്റെല്ലയോടും ഹേമയോടും ഉയർന്ന ശബ്ദത്തിൽ എന്തോ പറഞ്ഞു. അവരുടെ ആംഗ്യത്തിൽ നിന്ന് ഒപ്പം വരിക എന്നാണെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല.

മുപ്പത്തിരണ്ട്

മരങ്ങൾ വെട്ടിമാറ്റിയ വിസ്തൃതമായ ഒരു പ്രദേശത്തേക്കാണ് നാലു പേരെയും കൊണ്ട് പോയത്. മരക്കമ്പുകളിൽ ടാർപ്പയും പ്ലാസ്റ്റിക്കും വിരിച്ച ചെറുകുടിലുകൾ. അപരിചിതരായ മനുഷ്യരുടെ വരവു കണ്ട് കുടിലുകളുടെ മുന്നിൽ ജോലി ചെയ്തുകൊണ്ടിരുന്ന ആളുകൾ പകച്ചു നോക്കി. സ്ത്രീകളും പുരുഷന്മാരും ഇടചേർന്ന സംഘങ്ങൾ ചെയ്തുകൊണ്ടിരുന്നത് മുഖ്യമായും നെയ്ത്തുജോലിയാണ്. ചിലർ കുട്ടകളും വട്ടികളും നെയ്യുന്നു. ചിലർ പരമ്പുകളാണ് നെയ്യുന്നത്. സ്ത്രീകൾ മാത്രമുള്ള സംഘങ്ങളെയും കണ്ടു. അവർ തുണികളിൽ ചിത്രപ്പണി ചെയ്യുകയാണെന്നു തോന്നി. വലിയ എരുമകളും പോത്തുകളും എമ്പാടും അലഞ്ഞു നടക്കുന്നു. രാജനെയും കൂട്ടരെയും കുടിലുകളിൽ ഒന്നിലേക്ക് കൊണ്ടുപോയി. അതിൽ നാല് പേരെയും വിശ്രമിപ്പിച്ചു. ചിരട്ടകളിൽ ഒരു ദ്രാവകം ഒഴിച്ചു കൊടുത്തു. പനങ്കള്ള്. ഒന്നു സ്വസ്ഥമായി കഴിഞ്ഞപ്പോൾ ഭക്ഷണം എത്തി. കൂവക്കിഴങ്ങും ഏതോ മൃഗത്തിൻറെ ഇറച്ചിയും. വിശപ്പിന്റെ ആധിക്യം കാരണമാകാം അത്ര സ്വാദിഷ്ടമായ ഭക്ഷണം ജീവിതത്തിൽ അതുവരെ കഴിച്ചിട്ടില്ല എന്നു നാലുപേർക്കും തോന്നി. തീറ്റ കഴിഞ്ഞു നാലുപേരും ഓരോ പാറകളിൽ കയറിക്കിടന്ന് മയങ്ങാൻ നോക്കി. നടന്നില്ല. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഒക്കെയായി ഇടതടവില്ലാതെ ആളുകൾ വന്ന് അവരെ നിരീക്ഷിച്ചു നിന്നു. ഒരുതവണ വന്നവർ തന്നെയാണ് പിന്നെയും പിന്നെയും വരുന്നതെന്ന് തോന്നി.

വൈകുന്നേരത്തോടെ തേജസ്വികളായ ഒരു വൃദ്ധനും വൃദ്ധയും കാണാൻ വന്നു. രാവിലെ ആദ്യം കണ്ട ആളുകളും അവരുടെ ഒപ്പം ഉണ്ടായിരുന്നു. വൃദ്ധനെയും വൃദ്ധയെയും മറ്റുള്ളവർ വലിയ ആദരവോടെയാണ് കാണുന്നത് എന്ന് വ്യക്തമായിരുന്നു. വൃദ്ധൻ വിസ്തൃതമായ നെറ്റിത്തടമുള്ള, ആജ്ഞാശേഷി സ്ഫുരിക്കുന്ന കണ്ണുകളോടു കൂടിയ ഒരാളായിരുന്നു.

വര: പ്രസാദ് കാനത്തുങ്കൽ

വന്നയുടനെ അദ്ദേഹം നാലുപേരെയും സൂക്ഷ്മമായി നിരീക്ഷിച്ചു. എന്നിട്ട് എന്തോ ചോദിച്ചു. അയാൾ ഉപയോഗിച്ചത് തമിഴിനോട് സാമ്യമുള്ള ഏതോ ഭാഷ ആണെന്നു തോന്നി.

‘നല്ലവണ്ണം മനസ്സിലായില്ല’ എന്നു രാജൻ പറഞ്ഞു .
വൃദ്ധൻ മന്ദഹസിച്ചു .
‘മലയാളത്താരാ?’ എന്ന് അടുത്ത ചോദ്യം .
‘അതെ’ എന്ന് രാജൻ പറഞ്ഞു .

‘നീയാ ഇവർടെ നേതാ?’ വൃദ്ധൻ
ക്ലേശിച്ച് മലയാളത്തിൽ ചോദിച്ചു.

‘കൂട്ടുകാരാണ്.’ രാജൻ പറഞ്ഞു .
ഹേമ മുന്നോട്ടുവന്ന് കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി . ചുറ്റും കൂടിയിരുന്നവരിൽ അത് വലിയ അതൃപ്തി ഉണ്ടാക്കിയതുപോലെ തോന്നി. അവർ പരസ്പരം നോക്കി പിറുപിറുത്തു. വൃദ്ധനും ഹേമയെ നോക്കാതെ തിരിഞ്ഞു നിന്നു. രാജന് കാര്യം പിടികിട്ടി. പ്രാധാന്യമുള്ള കാര്യങ്ങൾ സ്ത്രീകൾ സംസാരിക്കുന്നത്, വിശേഷിച്ച് പുരുഷന്മാർ ഒപ്പം ഉള്ളപ്പോൾ സംസാരിക്കുന്നത്, ഇവർ ഇഷ്ടപ്പെടുന്നില്ല. രാജൻ വിനയത്തോടെ കാര്യങ്ങൾ വിശദീകരിച്ചു. കോളേജിൽ യാത്ര വന്നതും, കാട്ടിൽ അകപ്പെട്ടു പോയതും, കാട്ടിലെ കഷ്ടപ്പാടുകളും, മനുഷ്യരെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദവും ആശ്വാസവും എല്ലാം.

ഒന്നും പെട്ടെന്ന് വിശ്വസിക്കുന്ന ആളല്ല വൃദ്ധൻ എന്ന് അയാളുടെ മുഖഭാവം സൂചിപ്പിച്ചു. കുറെയേറെ നേരം രാജനെയും കൂട്ടരെയും നോക്കിയതിനുശേഷം അയാൾ തിരിച്ചു നടന്ന് അയാളുടെ ഭാര്യയുടെ അടുത്തെത്തി. രാവിലെ കണ്ട മധ്യവയസ്കനെ അവർ അരികിലേക്ക് വിളിച്ചു . കൈകൊണ്ട് വായ പൊത്തി അയാൾ അടുത്തേക്ക് ചെന്നു. മധ്യവയസ്കന്റെയും ഭാര്യയുടെയും വാക്കുകൾക്ക് അവിടെയുള്ള ആളുകൾ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് രാജന് തോന്നി.

വൃദ്ധൻ രാജനെ വിളിച്ചു. രാജൻ അടുത്ത് എത്തിയപ്പോൾ വലിയ ഗൗരവത്തിൽ അയാൾ പറഞ്ഞു:
‘രണ്ടു നാൾ നിൽക്കാം. അതുക്കപ്പുറം പോണം. മൂന്ന് മൈൽ താണ്ടിയാ വണ്ടി കെടക്കും.’

‘നാളെ തന്നെ പോകാം.’ രാജൻ പറഞ്ഞു .
‘നാളെ വേണ്ടാം.’
പോകണ്ട സമയം തമിഴും മലയാളവും പാടുപെട്ട് മിശ്രണം ചെയ്ത ഭാഷയിൽ വൃദ്ധൻ പറഞ്ഞു. രണ്ടു ഭാഷകളും അല്പം മാത്രമേ വൃദ്ധന് അറിവുള്ളുവെന്നും പരിമിതമായ ആ അറിവ് ഉപയോഗിക്കാൻ അവസരം കൈവന്നതിൽ അദ്ദേഹം സന്തോഷിക്കുന്നുവെന്നും രാജനു തോന്നി. ഒപ്പം കൂടെയുള്ള വൃദ്ധയുടെ ഏകാഗ്രവും പഠിക്കുന്ന പോലെയുമുള്ള നോട്ടത്തിൽ നിന്ന് ആതിഥ്യം നൽകുമ്പോഴും അവർ തങ്ങളെ പൂർണ്ണമായും വിശ്വസിക്കുന്നില്ല എന്നും മനസ്സിലായി.

മുപ്പത്തിമൂന്ന്

രണ്ടുദിവസത്തേക്കാണ് താമസം അനുവദിച്ചിരിക്കുന്നത്. അതിനുമുൻപ് പോകാനും അനുവാദമില്ല. രണ്ടുദിവസം എന്ത് ചെയ്യണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ തലേദിവസം കണ്ട മധ്യവയസ്കൻ കുടിലിലേക്ക് തേനുമായി വന്നു കയറി. ആംഗ്യഭാഷയിൽ അയാൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു. വ്യക്തമായി മനസ്സിലായ ഒരേയൊരു കാര്യം അയാൾ സ്വന്തം പേര് പറയാൻ ശ്രമിക്കുന്നു എന്നാണ്. അവരുടെ ഭാഷയിലുള്ള ഉച്ചരിക്കാൻ പ്രയാസമുള്ള ഒരു പേര്. അയാൾ പറയുന്ന സ്വന്തം പേരിനെ പരമാവധി മനസ്സിലാക്കാൻ കഴിയുന്നത് ‘കുങ്കൻ’ എന്നാണ്. അങ്ങനെ ഉച്ചരിച്ചപ്പോൾ അയാൾ സമ്മതിക്കുന്ന മട്ടിൽ ചിരിച്ചു. അയാളെ സൂക്ഷിച്ചു നോക്കിയപ്പോൾ അയാൾക്ക് അധികം പ്രായം കാണില്ല എന്ന് രാജന് തോന്നി. ഒരു പ്രായം കഴിഞ്ഞാൽ കാട്ടിൽ എല്ലാവരും വേഗം വൃദ്ധരാകും. അൻപത് വയസ്സ് തോന്നിക്കുമെങ്കിലും കുങ്കന് നാൽപ്പത് വയസ്സിന് പുറത്ത് ഏതായാലും കാണില്ല.

രാജനും ചില കാര്യങ്ങൾ അയാളിൽ നിന്ന് അറിയാൻ ശ്രമിച്ചു. കാട് കഴിഞ്ഞാലുള്ള സ്ഥലം ഏതാണ്? അവിടെനിന്ന് കേരളത്തിലേക്ക് എങ്ങനെയാണ് പോകേണ്ടത്? വസ്ത്രവും മറ്റും എവിടെ നിന്നാണ് വാങ്ങുന്നത്?

അതൊന്നും കുങ്കനിൽ നിന്ന് അറിയാൻ കഴിഞ്ഞില്ല. കിടന്നുറങ്ങുന്ന ഹേമയെയും സ്റ്റെല്ലയെയും അയാൾ ഉറ്റു നോക്കി കുങ്കൻ എന്തോ ചോദിച്ചു. ആംഗ്യത്തിൽ നിന്ന് ഓരോരുത്തരും ആരുടെ ഇണയാണ് എന്നാണ് അയാൾ അറിയാൻ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലായി. സ്റ്റെല്ല തന്റേതെന്നും ഹേമ ഗിരിയുടെതെന്നും രാജൻ ആംഗ്യം കാട്ടി. കുങ്കൻ സന്തോഷത്തോടെ തലയാട്ടി. കുട്ടികളില്ലേ എന്ന് ആംഗ്യത്തിലൂടെ അടുത്ത ചോദ്യം. ഹേമയെ ചൂണ്ടി വയറ്റിലുണ്ട് എന്ന് രാജൻ ആംഗ്യം കാണിച്ചു. കുറച്ചുനേരം കൂടി ഇരുന്നശേഷം കുങ്കൻ പോയി.

അന്ന് മുഴുവൻ വിശ്രമിച്ചു. കുറച്ചു നെല്ലിക്ക തന്നതൊഴിച്ചാൽ രാത്രി ഭക്ഷണം ഒന്നും കിട്ടിയില്ല. അതൊരാശ്വാസമായാണ് നാലുപേർക്കും തോന്നിയത് . കഠിനാധ്വാനം ഇല്ലെങ്കിൽ ഒരു ദിവസമോ അതിൽ അധികമോ ഭക്ഷണം ഇല്ലാതെ കഴിയുന്നത് ഇപ്പോൾ പ്രശ്നമേയല്ല. ഇരുട്ടകറ്റാൻ വെളിച്ചവും കിട്ടിയില്ല. അകലെ ഏതോ ഒരു കുടിലിൽ മാത്രം വിളക്ക് കത്തുന്നത് കാണാം. എങ്കിലും കാട്ടിൽ അകപ്പെട്ട ശേഷം പൂർണ്ണ സുരക്ഷിതത്വബോധത്തോടെ കഴിയുന്നത് അന്നാണ്. ഹേമ ഗിരിയോട് ചേർന്നാണിരുന്നത്.

രാജൻ ഒഴികെ മൂന്നുപേർക്കും നാടിന്റെ ചിന്തകൾ വന്നു തുടങ്ങി. ഇത് ഏതാണ് സ്ഥലം? എങ്ങനെ നാട്ടിലെത്തും?
‘നമുക്ക് ഫോറസ്റ്റുകാരെ കുറിച്ച് അന്വേഷിക്കാം. അവർ സഹായിക്കാതിരിക്കില്ല.’ സ്റ്റെല്ല പറഞ്ഞു.
‘അതെയതെ. അല്ലാതെ നാടുവരെയെത്തുക പ്രയാസമാണ്.’ഹേമ യോജിച്ചു.

‘കൂ…’ പുറത്തുനിന്ന് ആരോ ഒച്ച വെച്ചു. പ്രായം ചെന്ന രണ്ടു സ്ത്രീകൾ ആയിരുന്നു. അവർ എന്തോ പറഞ്ഞ് രണ്ട് കയ്യിലുമുള്ള സാധനങ്ങൾ നീട്ടി. സ്റ്റെല്ല അവ സ്വീകരിച്ചു. നിലാവിന്റെ മങ്ങിയവെട്ടത്തിൽ കിട്ടിയത് പരിശോധിച്ചു.
‘ഹായ് ഉമിക്കരി, ഇഞ്ച!,’ സംസ്കാരത്തിൻറെ പടവുകൾ തിരികെ കയറാൻ തുടങ്ങുന്ന ഭാവത്തോടെ സ്റ്റെല്ല ആവേശം പ്രകടിപ്പിച്ചു.
‘എത്ര നാളായി നല്ലവണ്ണം ഒന്ന് പല്ല് തേച്ചിട്ട്?’ ഗിരിക്കും സന്തോഷമായി.
‘കുളിക്കാൻ ഒക്കെ?’ സ്റ്റെല്ല ആംഗ്യം കാട്ടി സ്ത്രീകളോട് ചോദിച്ചു.
അവർ പരസ്പരം നോക്കി എന്തൊക്കെയോ ചർച്ച ചെയ്തു. എല്ലാമുണ്ട് എന്ന അർത്ഥം തോന്നും വിധം ആകണം എന്തൊക്കെയോ പറഞ്ഞു സ്ത്രീകൾ തിരിച്ചുപോയി.

മുപ്പത്തിനാല്

അനുവദിച്ചുകിട്ടിയ രണ്ടുദിവസം നാലുപേരും വെറുതെയിരുന്നില്ല. ഗിരിയും രാജനും പുരുഷന്മാരോടൊപ്പം വേട്ടയ്ക്കും തേൻ ശേഖരിക്കാനും പോയി. സ്റ്റെല്ലയും ഹേമയും പാചകം സ്ത്രീകൾ പാചകം ചെയ്യുന്നതു കാണാൻ പോയി. പാചകം ചെയ്യുന്നവരുടെ ഉത്‍സാഹത്തിൽ നിന്ന് വിശേഷതയുള്ള ഏതോ വിഭവമാണ് തയ്യാറാക്കുന്നതെന്നു തോന്നി. വലിയ ഒരു കുട്ടുകത്തിൽ അരിയിട്ട കഞ്ഞി തിളയ്ക്കുന്നു. അതിലേക്ക് ഒരു സ്ത്രീ ശ്രദ്ധയോടെ കയ്യിലിരിക്കുന്ന കുടത്തിൽ നിന്ന് പാൽ ഒഴിക്കുന്നു. മറ്റൊരു സ്ത്രീ അരിഞ്ഞു വെച്ചിരിക്കുന്ന ശർക്കര കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കുന്നു. മൂന്നാമത് ഒരു സ്ത്രീ ചട്ടുകം കൊണ്ട് എല്ലാം ചേർത്ത് ഇളക്കുന്നു. രുചിമുകുളങ്ങളെ പ്രകോപിപ്പിക്കുന്ന ഗന്ധം കുട്ടുകത്തിൽ നിന്ന് ഉയരുന്നു. തലേദിവസം കണ്ട നേതാവായ വൃദ്ധൻ എത്തുമ്പോൾ സ്ത്രീകൾ ഭവ്യതയോടെ മാറിനിൽക്കാറാണ് പതിവ്. സ്റ്റെല്ലയും ഹേമയും അതു തെറ്റിച്ചു. ഒരു പിതാവിനോട് എന്ന വണ്ണം അവർ അയാളോട് സ്വാതന്ത്ര്യം എടുത്തു. അവരുടെ ആത്മവിശ്വാസത്തിന് മുന്നിൽ അയാൾ കീഴടങ്ങിയത് മറ്റുള്ളവർ അമ്പരപ്പോടെ കണ്ടുനിന്നു. മറ്റുള്ളവർ അയാൾക്ക് നൽകുന്ന ആദരവ് വെച്ച് അയാൾ ആ പ്രദേശത്തെ രാജാവായിരിക്കണം എന്ന് രാജന് തോന്നി. ഗിരിയുമായി ചർച്ച ചെയ്തപ്പോൾ അവനും അങ്ങനെ തന്നെയാണ് തോന്നുന്നതെന്നു പറഞ്ഞു.

‘നമുക്ക് എന്നാൽ രാജാവുമായി കുറച്ചു സംസാരിക്കാം.’ രാജൻ പറഞ്ഞു .

രാജനും ഗിരിയും അയാളെ സമീപിച്ച് തൊഴുതു നിന്നു. എന്താണ് എന്ന അർത്ഥത്തിൽ അയാൾ അവരെ നോക്കി .
‘ഇവിടുത്തെ രാജാവാണോ?’ രാജൻ അയാളുടെ നേർക്ക് ചൂണ്ടി ചോദിച്ചു .
കൈ ചൂണ്ടലും മുഖവുര ഇല്ലാതെയുള്ള ചോദ്യം ചോദിക്കലും അയാളുടെ മുഖം വക്രിപ്പിച്ചു. അയാളുടെ ഭാര്യയുടെ മുഖവും ഇരുണ്ടു.
വൃദ്ധൻ പെട്ടെന്ന് തെളിഞ്ഞു.
‘ആമാ നാൻ രാജാ താൻ.’

അകലെ നിന്ന് സഞ്ചിയുമായി ഒരുവൻ വരുന്നത് വൃദ്ധൻ കണ്ടു. അയാളെ ചൂണ്ടി ഗിരിയോടും രാജനോടും പറഞ്ഞു:
‘നിങ്ങ പാഷ അവന് തെരിയും. എല്ലാ പാഷയും അവന് തെരിയും. മലയാളം നന്നാ പേശും.’

വന്നയാൾ അടുത്തെത്തിയപ്പോൾ വൃദ്ധനെ താണുതൊഴുതു. വൃദ്ധനും ഭാര്യയും അയാളോട് എന്തൊക്കെയോ ചോദിച്ചു. അയാൾ വിനയത്തോടെ അതിനൊക്കെ മറുപടി പറഞ്ഞു. പരസ്പരം പറയേണ്ട കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോൾ വൃദ്ധൻ രാജനെയും ഗിരിയെയും ചൂണ്ടി വന്നയാളോട് എന്തൊക്കെയോ പറഞ്ഞു. അയാൾ അവരെ കൗതുകത്തോടെ നോക്കി:
‘നാട്ടിൽ എവിടെയാണ്?’
‘അടൂരിനടുത്ത്.’ ഗിരി പറഞ്ഞു.
‘അടൂർ? എങ്കയോ കേട്ട പോലെ.’

‘കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടക്ക് ആയി വരും.’
‘ഓ. എനക്ക് കോട്ടയം തെരിയും. പോയിട്ടുണ്ട്.’ അയാൾ പറഞ്ഞു.

‘പേരെന്താണ്?’ രാജൻ ചോദിച്ചു.
‘എനിക്ക് രണ്ടു പേരുണ്ട്,’ അയാൾ ചിരിച്ചു.
‘ഇവിടെ ചുപ്പെ എന്നാണ് പേര്. നാട്ടിലുള്ളവർക്ക് ആ പേര് പറയാൻ പ്രയാസം. നിങ്ങള് ചുപ്പൻ എന്ന് വിളിച്ചോളൂ. അതാ എളുപ്പം. പുറത്ത് മോഹൻ എന്നാ എന്നെ വിളിക്കുന്നത്.’
‘പുറത്തോ? പുറത്ത് എവിടെ?’
‘കാടിനു പുറത്ത് കർണാടകയിലും നിങ്ങളുടെ നാട്ടിലും.’
‘അവിടൊക്കെ പോകുമോ?’ ഗിരി അതിശയിച്ചു.
‘ഒക്കെ പറയാം. നിങ്ങളെ കണ്ടത് വലിയ സന്തോഷമായി. പുറത്തുനിന്ന് ആരും ഇവിടെ വരാറില്ല. എന്റെ കുടിലിലേക്ക് വരുന്നോ?’

‘വരാം.’ രാജൻ പറഞ്ഞു.
ഗിരി മടിച്ചു.’ അവർ രണ്ടുപേരും …’
‘ഓ! നിങ്ങടെ ഭാര്യമാരോ? അവരെയും വിളിച്ചോളൂ. നല്ല പനങ്കള്ള് തരാം.’

മുപ്പത്തിയഞ്ച്

വൈകിട്ടോടെ ചുപ്പൻ തിരികെയെത്തി. ഉടുപ്പിടാതെ നിൽക്കുന്ന ചുപ്പൻ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമാണെന്നു രാജന് തോന്നി. വലിയ ഉയരമില്ല, പക്ഷേ മാംസപേശികൾ ഓടിക്കളിക്കുന്ന കൈകളും ഉടലും. മാറിൽ പുലിനഖമുള്ള ഒരു മാല വിശ്രമിക്കുന്നു. മുഖത്ത് ഉറക്കം കഴിഞ്ഞതിന്റെ ആലസ്യം.

‘എവിടെ മറ്റേയാൾ, ഭാര്യമാരും?’

ഗിരിയും ഹേമയും സ്റ്റെല്ലയും പുറത്തുവന്നു. യുവതികളെ സൂക്ഷിച്ചു നോക്കി.

‘ചുന്ദരികൾ. ആര് ആരുടെ ഭാര്യ?’

ഹേമ ഗിരിയെ തൊട്ടു ചിരിച്ചു.

‘ഓ അപ്പൊ ഇത് നിങ്ങടെ.’ ചുപ്പൻ സ്റ്റെല്ലയെ ചൂണ്ടി പറഞ്ഞു.
സ്റ്റെല്ല ചെറുതായി വിളറി.
‘അതേ.’ രാജൻ ദൃഢമായി പറഞ്ഞു.
ചുപ്പൻ ഒഴികെയുള്ളവർ അതിശയത്തോടെ രാജനെ നോക്കി. രാജൻ സ്റ്റെല്ലയെ ചേർത്തുപിടിച്ചു. സ്റ്റെല്ല മൃദുവായി കുതറി. രാജൻ പിടുത്തം വിട്ടു.

ചുപ്പൻ രാജനും കൂട്ടരും കാട്ടിലെത്തിയ കഥ തിരക്കി. രാജനാണ് വിവരണം തുടങ്ങിയതെങ്കിലും മറ്റു മൂന്നു പേരും ഓർമ്മവന്ന വിശദാംശങ്ങൾ നൽകിക്കൊണ്ടിരുന്നു. ചുപ്പൻ നിറഞ്ഞ അത്ഭുതത്തോടെ വായ പൊത്തിയും മൂക്കത്ത് വിരൽ വച്ചുമാണ് കഥ കേട്ടത്.
‘ചത്തു പോവാഞ്ഞത് ഭാഗ്യം! കടുവ വരെയുള്ള കാടാ. നെറേ പാമ്പും. നമ്മടെ തന്നെ പത്ത് ഇരുപത് പേര് അകക്കാട്ടീ പൊയ്പ്പോയി.’ ചുപ്പൻ നിശ്വസിച്ചു.

‘ഇനി ഇവിടെനിന്ന് ഞങ്ങൾ എങ്ങനെയാ പോകേണ്ടത്?,’ സ്റ്റെല്ല ചോദിച്ചു.

‘നിങ്ങൾ പോകുന്നോ!’ ചുപ്പൻ അതിശയം പ്രകടിപ്പിച്ചു.

‘ നാളെ രാവിലെ വരേ നിൽക്കാൻ അനുവാദം ഉള്ളൂ.’ രാജൻ പറഞ്ഞു.

‘ഓ അതൊക്കെ മാറി.’ ചുപ്പൻ പറഞ്ഞു.
‘നിങ്ങൾ ഇവിടെ നിൽക്കട്ടെ എന്നാ മൂപ്പൻ ഇപ്പോൾ പറയുന്നത്. മൂപ്പർക്കും മൂപ്പത്തിക്കും നിങ്ങളെ പെരുത്ത് ഇഷ്ടമായി. പ്രത്യേകിച്ച് നിങ്ങടെ ഭാര്യമാരെ.’

നാലുപേരും പരസ്പരം നോക്കി.
ഹേമ ചുപ്പനെ നോക്കി സ്നേഹത്തിൽ പറഞ്ഞു:
‘ഞങ്ങൾക്ക് അഭയം തന്ന ആളുകളാണ്. ഞങ്ങൾക്ക് അതിന്റെ വലിയ നന്ദിയുണ്ട്. ചുപ്പൻ അത് അവരോട് പറയണം. പക്ഷേ ഞങ്ങൾക്ക് പോകണം. ഞങ്ങടെ വീട്ടുകാരെ കാണണം.’

‘ഞാൻ പറയാം. മൂപ്പനും മൂപ്പത്തിക്കും വലിയ വിഷമമാകും എന്നത് ഉറപ്പാ.’
ചുപ്പൻ വിഷാദത്തോടെ പറഞ്ഞു.

‘ഞങ്ങൾക്കും വലിയ വിഷമം ഉണ്ട്. പക്ഷേ പോകാതിരിക്കാൻ കഴിയില്ല ചുപ്പാ.’ സ്റ്റെല്ല പറഞ്ഞു.

‘ഞങ്ങളോട് ചുപ്പന്റെ കഥയൊന്നും പറഞ്ഞില്ലല്ലോ. എങ്ങനെയാണ് കാട്ടിന് പുറത്ത് പോയി തുടങ്ങിയത്? എന്തൊക്കെയാ അവിടെ ചെയ്യുന്നത്? അതൊക്കെ കേൾക്കട്ടെ.’ ഗിരി വിഷയം മാറ്റാൻ ശ്രമിച്ചു.

ചുപ്പന് ഉന്മേഷമായി. ജീവിതകഥ പറഞ്ഞു തുടങ്ങി. പത്താം വയസ്സിലാണ് കാട്ടിലെ വിഭവങ്ങളുമായി പുറത്തുപോയി തുടങ്ങിയത്. എല്ലാവർക്കും ആഗ്രഹമുണ്ടെങ്കിലും തിരഞ്ഞെടുത്ത ആളുകൾക്കാണ് പുറത്തുപോകാൻ അനുവാദം കിട്ടുക. സ്ത്രീകൾ തീർത്തും പുറത്തു പോകാൻ പാടില്ല. പതിനെട്ട് വയസ്സ് ആകുമ്പോൾ ആണുങ്ങൾക്ക് കെട്ടാം, കെട്ടണം. പതിനഞ്ച് വയസ്സാകുമ്പോൾ സ്ത്രീകളും.

കുട്ടികളുടെ ഒരു കൂട്ടം ബഹളം ഉണ്ടാക്കിക്കൊണ്ട് ഓടിപ്പോയി.
‘അതിലുള്ള മൂന്നെണ്ണം എന്റെയാ. ഏറ്റവും പിറകിൽ ഓടുന്ന കുഞ്ഞൻ മൂന്നാമത്തെ.’ ചുപ്പൻ ചിരിച്ചു.

‘ചുപ്പന് എത്ര വയസ്സായി?’ ഹേമ തിരക്കി.

‘ഇരുപത്തേഴ്.’

‘എനിക്കും ഇരുപത്താറോ ഇരുപത്തേഴോ,’ രാജൻ പറഞ്ഞു.

ചുപ്പൻ രാജന്റെ കൈ കോർത്തു പിടിച്ചു:
‘നമ്മൾ സെയിം ഏജ്.’

‘ആൾമോസ്റ്റ്.’ രാജനും വിട്ടുകൊടുക്കാതെ ഇംഗ്ലീഷ് പറഞ്ഞു.

ചുപ്പന്റെ കഥ മുന്നോട്ടുപോയി. ഇരുപത്തി മൂന്നാം വയസ്സിൽ ഒരു തുണിക്കച്ചവടക്കാരനൊപ്പം കൂടി. കർണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലും ധാരാളം യാത്ര ചെയ്തു. മംഗലാപുരത്തിന് അടുത്ത് ഒരു ഗ്രാമത്തിൽ രണ്ടാമതൊരു ബന്ധം തുടങ്ങുകയും ചെയ്തു.

കഥ ആ ഭാഗത്തേക്ക് പ്രവേശിച്ചപ്പോൾ ഹേമയുടെയും സ്റ്റെല്ലയുടെയും മുഖം വല്ലാതെ ഇരുണ്ടു.

‘അതിൽ ഒരു കൊളന്ത ഉണ്ട്.’ ചുപ്പൻ അഭിമാനത്തോടെ പറഞ്ഞു.

‘മംഗലാപുരത്തുകാരിക്ക് ഇവിടത്തെ ബന്ധം അറിയില്ലേ?,’ ഗിരി തിരക്കി.

‘പിന്നറിയാതെ?’ ചുപ്പൻ അതിശയത്തോടെ ചോദിച്ചു.
‘അവക്കെല്ലാം അറിയാം.’

‘ഇവിടുത്തെ ഭാര്യക്കോ?’ രാജൻ മടുപ്പോടെ തിരക്കി.

‘അവക്കും അറിയാം. എന്താ?’
നാലുപേരുടെയും മുഖത്തെ ഭാവം കണ്ട് ചുപ്പൻ അമ്പരന്നു .

ചുപ്പൻ യാത്രയായി .

‘ഇവർക്കൊന്നും അങ്ങനൊന്നുമില്ല.’ സ്റ്റെല്ല പറഞ്ഞു.

‘പെണ്ണുങ്ങൾക്ക് രണ്ട് കെട്ടാമോ എന്നറിയില്ലല്ലോ.’ ഹേമ പറഞ്ഞു.

‘അതിനു സാധ്യതയില്ല. കാടിനു പുറത്തുപോകാൻ തന്നെ അനുവാദമില്ലല്ലോ.’ ഗിരി പറഞ്ഞു.

‘അതെയതെ. നമ്മൾ ഒന്നിനും വിധി കൽപ്പിക്കേണ്ട. ഓരോ ഇടത്തും ഓരോ സമ്പ്രദായങ്ങൾ. നമ്മുടെ ശരിയല്ല അവരുടെ ശരി.’ ഹേമ ആ ചർച്ച അവസാനിപ്പിച്ചു.

മുപ്പത്തിയാറ്

‘Man is polygamous by nature എന്നാണ്. പക്ഷേ ഗിരീ നീ ആ വഴി നോക്കണ്ട കേട്ടോ. ഞാൻ കൊന്നുകളയും.’ ഹേമ ചിരിച്ചുകൊണ്ട് ഗിരിയോട് പറഞ്ഞു.

‘ഒരാളിനോട് ലോയൽ ആയിരിക്കുകയാണ് വേണ്ടത്. അതാണ് എപ്പോഴും ശരി.’
രാജൻ സ്റ്റെല്ലയെ നോക്കി പറഞ്ഞു.
സ്റ്റെല്ല അകലേക്ക് നോക്കി.

‘ഏതായാലും എനിക്ക് ചുപ്പന്റെ കുടിലിൽ ഒന്ന് പോകണം. അവന്റെ ഭാര്യയെ കാണണം.’ ഹേമ പറഞ്ഞു.

‘വെറുതെ കാട്ടിൽ വന്നു വേടന്മാരുടെ വീട്ടിൽ കുടുംബ കലഹം ഉണ്ടാക്കണോ? ഉള്ള ജീവനുമായി ഇവിടെനിന്ന് രക്ഷപ്പെട്ട് പോയാപ്പോരെ?,’ സ്റ്റെല്ല ചിരിച്ചു.

‘കണ്ടോ കണ്ടോ, നാലുമാസം വവ്വാലിൻ്റേം കുരങ്ങന്റേം ഇറച്ചി തിന്ന് കഴിഞ്ഞവളാ. പുറത്തിറങ്ങാമെന്നായപ്പോ അഭയം തന്നവരോട് അവക്ക് പുച്ഛം. Racist pig.’ ഹേമ കളിയാക്കി.

‘എനിക്ക് പുച്ഛമൊന്നും ഇല്ല.’ സ്റ്റെല്ല കെറുവിച്ചു.

നാലുപേരും ചുപ്പന്റെ കുടിലിൽ എത്തി. ചുപ്പൻ വരാന്തയിൽ പലകയിട്ട് അവരെ സ്വീകരിച്ചു. ചുപ്പന്റെ ഭാര്യ വന്ന് ചിരിച്ചു നിന്നു. അകലെനിന്ന് വടികുത്തി വന്ന ഒരു വൃദ്ധ പല്ലില്ലാത്ത മോണ കാട്ടിച്ചിരിച്ച് ചുപ്പനോട് എന്തോ ചോദിച്ചു. ചുപ്പന്റെ ഭാര്യ ചിരിച്ചുകൊണ്ട് അവർക്ക് എന്തോ മറുപടി കൊടുത്തു. തൃപ്തിയോടെ വൃദ്ധ രാജനെയും കൂട്ടരെയും നോക്കി തലയാട്ടി. പിന്നെ മെല്ലെ യാത്രയായി.

ചുപ്പന്റെ ഭാര്യ ഒരു കൂടയിൽ മാതളപ്പഴങ്ങളുമായി വന്നു. ചുപ്പൻ അവ ഓരോന്നായി തറയിൽ അടിച്ചു പൊട്ടിച്ച് കൂടയിലിട്ടു.

‘എന്താ പേര്?’ ഹേമ ഭാര്യയോട് ചോദിച്ചു.

ചുപ്പൻ ഭാര്യയ്ക്ക് ചോദ്യം തർജ്ജമ ചെയ്തു.
‘കാന്തി.’ അവൾ പറഞ്ഞു.

‘ചുപ്പനും കാന്തിയും.’ സ്റ്റെല്ല പറഞ്ഞു.

‘മക്കൾ എവിടെ?’ ഗിരി ചോദിച്ചു.

‘എന്തോ വേലയ്ക്ക് പോയി.’ചുപ്പൻ പറഞ്ഞു.

‘സ്കൂളിൽ വിടണ്ടേ?’ ഹേമ ചോദിച്ചു.
ചുപ്പൻ തല ചൊറിഞ്ഞു. എന്താ ചോദിച്ചതെന്ന് കാന്തി ചുപ്പനെ നോക്കി. ചുപ്പൻ ചോദ്യം മൊഴിമാറ്റി കൊടുത്തു. കാന്തി എന്തോ പറഞ്ഞത് ചുപ്പൻ അവർക്കായി മൊഴിമാറ്റി: ‘വെറുതെ എന്തിനാ കുട്ടികളെ ബുദ്ധിമുട്ടിക്കുന്നെ? മരിക്കുംവരെ അവരുടെ കാര്യം ഈ കാട് നോക്കിക്കൊള്ളും.’

രാജൻ പുഞ്ചിരിച്ചു തലയാട്ടി. ഹേമയും സ്റ്റെല്ലയും നിരാശയോടെ പരസ്പരം നോക്കി.

‘കാന്തി കാടിന് പുറത്ത് പോയിട്ടുണ്ടോ?’ ഹേമ ചോദിച്ചു.

‘ഒരു തവണ ഞാൻ മൂപ്പന്റെ സമ്മതം മേടിച്ച് കാന്തിയേം മക്കളേം കൊണ്ടുപോയി. സ്ഥലമെല്ലാം കാണിച്ചു.’

കാന്തി എന്തോ പറഞ്ഞു ചിരിച്ചു.
ചുപ്പനും ചിരിച്ചു.
‘മംഗലാപുരത്ത് ശാന്തിയുടെ വീട്ടിൽ മാത്രം കൊണ്ടുപോയില്ല എന്നാണ് അവൾ പറയുന്നത്. കൊണ്ടുപോയാൽ കുഴപ്പമായേനെ. ശാന്തിക്ക് ഒരു ദേഷ്യവും ഇല്ല. പക്ഷേ ആ വീട്ടുകാരും നാട്ടുകാരും എന്ത് ചെയ്യും എന്ന് പറയാൻ ഒക്കില്ല.’

‘ശാന്തി ഇവിടെ വന്നിട്ടുണ്ടോ?’ ഹേമ ചോദിച്ചു.

‘രണ്ടുതവണ. ഇവർ രണ്ടുപേരും ഒറ്റക്കെട്ടാ. ഞാൻ ഇവൾടെ കുറ്റം പറയാൻ ശാന്തിയും ശാന്തീടെ കുറ്റം പറയാൻ ഇവളും സമ്മതിക്കില്ല.’
കാന്തി അകത്തു പോയി ഒരു ഫോട്ടോയുമായി വന്നു. ഒരു കുട്ടിയുടെ ഫോട്ടോ.’ കോപു,’ അവൾ വാത്സല്യം നിറഞ്ഞ മുഖമോടെ പറഞ്ഞു.

‘ഗോപു, എൻ്റേം ശാന്തീടേം മകൻ.’ ചുപ്പൻ വിശദീകരിച്ചു.

കാന്തി കുട്ടിയുടെ ഫോട്ടോയിൽ ചുംബിച്ചു.

(തുടരും)

Comments

You may also like