പൂമുഖം LITERATUREകഥ പ്രതിമയും രാജാവും

പ്രതിമയും രാജാവും

പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. പ്രജകളുടെ രാജവിരുദ്ധനീക്കങ്ങൾ പലഭാഗങ്ങളിലും മുളപൊട്ടുന്നത് ചാരന്മാർ രാജാവിന്‍റെ കാതുകളിലെത്തിച്ചു. ഭരണം നഷ്ടപ്പെടാതിരിക്കാൻ, പ്രജകളുടെ സംഘംചേരൽ തകർക്കാൻ, രാജാവ് തന്ത്രങ്ങൾ മെനയാൻതുടങ്ങി. കിഴക്കൻദേശത്തെ, മൺമറഞ്ഞുപോയ, പ്രജകളുടെ ആരാധ്യനായ ചക്രവര്‍ത്തിയുടെ പടുകൂറ്റൻ പ്രതിമ നിർമ്മിക്കുവാൻ രാജാവ് തീരുമാനിച്ചു. രാജസംഘങ്ങൾ നാനാദേശത്തേക്കും പുറപ്പെട്ട് ആ വാർത്ത വിളംബരംചെയ്യാനും തുടങ്ങി.

കുതിരകളിലും ഒട്ടകങ്ങളിലും ആനകളിലും പ്രതിമാനിർമ്മാണത്തിനുള്ള സാമഗ്രികൾ കിഴക്കൻദേശത്തേക്കെത്തിത്തുടങ്ങി. ഭടന്മാരുടെ അകമ്പടിയോടെ രഥങ്ങളിൽ കോടിക്കണക്കിനു പണം രാജകൊട്ടാരത്തിൽ നിന്ന് കിഴക്കൻദേശത്തെ സാമന്തന്മാരുടെ കൈകളിലെത്തുകയും പ്രതിമാനിർമ്മാണം ആഘോഷപൂർവ്വം ആരംഭിക്കുകയും ചെയ്തു. രാവും പകലുമറിയാതെ നൂറോളം അടിമകൾ പണിതുടർന്നുകൊണ്ടിരുന്നു. മലഞ്ചെരിവിൽ വിസ്താരമേറിയ കരിങ്കൽത്തറ രണ്ടുദിവസം കൊണ്ടു പടുത്തുയർത്തി. രാജവിരുദ്ധനീക്കങ്ങളിൽനിന്നു കിഴക്കൻദേശത്തുകാർ പിൻവലിയുന്ന സന്തോഷവാർത്ത സൈന്യാധിപൻ രാജാവിനെ അറിയിച്ചു.

പ്രതിമ ഉയർന്നുക്കൊണ്ടിരിക്കുമ്പോഴാണ്, വടക്കൻദേശം കടുത്തപ്രളയത്തിൽ അകപ്പെടുന്നത്. എന്നും ഇടഞ്ഞുനിൽക്കുന്ന ആ ദേശക്കാരെ പാഠം പഠിപ്പിക്കാൻ ചില്ലിപ്പണംപോലും രാജാവ് കൊടുത്തില്ല. അയൽരാജ്യങ്ങളോടു സഹായം ചോദിച്ച വടക്കൻദേശത്തെ ഇടപ്രഭുവിനെ രാജാവ് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ഇടപ്രഭുവിനെ കാരാഗ്രഹത്തിലടക്കാനുള്ള രാജ്യദ്രോഹകുറ്റങ്ങളുടെ രേഖകൾ രാജാവിന്‍റെ കൈവശമുണ്ടായിരുന്നു. പ്രളയക്കെടുതിയിൽ ജനം ജീവിതം തിരിച്ചുപിടിക്കാൻ പാടുപെടുമ്പോൾ പ്രതിമാനിർമ്മാണം വേഗം തീർക്കാനായി കൂടുതൽപണം കിഴക്കൻദേശത്തേക്കെത്തിക്കൊണ്ടിരുന്നു.

മലഞ്ചെരുവിൽനിന്ന് പ്രതിമ വാനിലേക്കുയർന്നു.മലയുടെ മറുഭാഗത്തെ, പടിഞ്ഞാറൻ ദേശക്കാരുടെ മണ്ണിലേക്കും പ്രതിമയുടെ കിരീടത്തിലേയും ഉയർത്തിപ്പിടിച്ച വാളിലേയും സ്വർണ്ണത്തിളക്കം പെയ്തിറങ്ങി. പുരോഹിതരുടെ പ്രത്യേകപൂജകളോടെ രാജാവ് പ്രതിമ നാടിനു സമർപ്പിച്ചു. താഴ് വരയിൽ തടിച്ചുകൂടിയ പ്രജകളൊന്നാകെ രാജാവ് നീണാൾവാഴട്ടെയെന്ന് ആർപ്പുവിളിച്ചു. പ്രതിമയുടെ പാദസ്പർശത്തിനായുള്ള തിക്കും തിരക്കും നിയന്ത്രിക്കാൻ കൂടുതൽ ഭടന്മാർ ദേശത്തെത്തി. കുതിരപ്പടയ്ക്കൊപ്പം രാജാവ് തലസ്ഥാനത്തേക്ക് മടക്കയാത്രനടത്തുന്നതിനിടയിൽ കിഴക്കൻദേശം പേമാരിയിലകപ്പെടാനും തുടങ്ങി.

കനത്തമഴയിലും കാറ്റിലും പ്രതിമ ഉലഞ്ഞു. പ്രതിമയുടെ പരിസരത്തെ കിടപ്പാടങ്ങളുപേക്ഷിച്ച് പ്രജകൾ ഓടിപ്പോയി. ഘോരശബ്ദത്തോടെ, അർദ്ധരാത്രിയിൽ പ്രതിമ നിലംപതിച്ചു. ആ സമയം മലയുടെ മറുഭാഗത്തെ, പടിഞ്ഞാറൻദേശത്ത് വൻ ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തു. വീടുകളേയും കെട്ടിടങ്ങളേയും മണ്ണും പാറകളും ചെളിവെള്ളവും തകർത്തെറിഞ്ഞു. ജനങ്ങളുടെ ശരീരങ്ങൾ ചിന്നിച്ചിതറി ഉരുൾജലത്തോടൊപ്പം താഴ് വരകളിലേക്കൊഴുകി. പടിഞ്ഞാറൻ ദേശത്തെ ഇടപ്രഭുവും സാമന്തന്മാരും നാട്ടുപ്രമാണിമാരും,രാജാവും സംഘങ്ങളും സഹായങ്ങളുമായി രക്ഷാപ്രവർത്തനങ്ങൾക്കെത്തുമെന്നു കരുതി.

രാജാവപ്പോൾ പ്രതിമയുടെ തകർച്ചയിൽ ആകുലനായി അന്ത:പുരത്തിൽകഴിയുകയായിരുന്നു. പടിഞ്ഞാറൻദേശത്തുനിന്നു വരുന്ന ദൂതുകൾക്കൊന്നും പ്രാധാന്യംകൊടുക്കേണ്ടയെന്ന് രാജഭൃത്യന്മാർക്കു കല്പനകൊടുത്തു. ദേശത്തിന്‍റെ ആരാധ്യനായ ചക്രവര്‍ത്തിയുടെ പ്രതിമ വീണതിൽ സാമന്തന്മാരെ വധിക്കാൻ കിഴക്കൻദേശക്കാർ ഒത്തുകൂടിക്കഴിഞ്ഞെ ന്നും, ഇത് രാജഭരണത്തിന് തിരിച്ചടിയാവുമെന്നും, ഇതിനെ മറികടക്കാനുള്ള വഴികളുടൻ കണ്ടെത്തണമെന്നും അറിയിക്കാൻ ചാരന്മാർ രാത്രി രാജസന്നിധിയിലെത്തി. രാജാവുടനെ രാജഗുരുവിനേയും മന്ത്രിയേയും സൈന്യാധിപന്മാരെയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ അവർ ചർച്ചചെയ്തു.

പുലരും മുൻപ് സാമന്തന്മാരെ കിഴക്കൻദേശത്തുനിന്ന് രാജനഗരിയിലെ കോട്ടയിലേക്കു മാറ്റി. മൂന്ന്അടിമകളെ ഉൾക്കാട്ടിൽവെച്ച് രഹസ്യമായി വധിച്ച്, പ്രതിമാനിർമ്മാണത്തിൽ അഴിമതിനടത്തിയ സാമന്തന്മാരുടെ തലയറുത്തുകളഞ്ഞുവെന്ന വാർത്ത രാജ്യത്താകമാനംപടർത്തി. നാടുചുറ്റുന്ന വിളംബരസംഘങ്ങൾ, ഇതാണ് സാമന്തന്മാരുടെ ശരീരഭാഗങ്ങളെന്നുപറഞ്ഞ് അടിമകളുടെഅവയവങ്ങൾ കവലകളിൽ പ്രദർശിപ്പിക്കുകയും പ്രതിമ പുനർനിർമ്മിക്കാനായി പരന്ത്രീസുകാരനായ ശില്പി ഉടനെത്തുമെന്നും പ്രജകളെ അറിയിക്കുകയും ചെയ്തു.പടിഞ്ഞാറൻദേശക്കാരപ്പോൾ ഉരുൾപൊട്ടലിൽ മണ്ണിലാണ്ടുപോയ പ്രജകളുടെ ശരീരഭാഗങ്ങൾ പുറത്തെടുത്ത്,കുഴികളുണ്ടാക്കി കൂട്ടത്തോടെ മറവുചെയ്യുകയായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ മലഞ്ചെരിവിൽ ശംഖുവിളികൾ മുഴങ്ങി. കുതിരപ്പടയുടെയും രഥചക്രങ്ങളുടെയും ശബ്ദങ്ങളുയർന്നു. രാജാവും പരിവാരങ്ങളും മലയിറങ്ങി പടിഞ്ഞാറൻ ദേശത്തെത്തി. രാജാവ് പ്രദേശങ്ങൾ സന്ദർശിച്ചു. പ്രജകളെ ആശ്വസിപ്പിച്ചു. ഇടപ്രഭുവും സാമന്തന്മാരും ധനസഹായത്തെക്കുറിച്ച് ഓർമ്മപ്പെടുത്തി. നാശനഷ്ടങ്ങളുടെ രേഖകൾ സമർപ്പിക്കാൻ രാജകിങ്കരന്മാർ ഇടപ്രഭുവിനെ ധരിപ്പിച്ചു. ധനസഹായം ഉടനെത്തുമെന്നു പറഞ്ഞ് രാജാവ് യാത്രയായി. രാജപരിവാരങ്ങൾ മലഞ്ചെരിവിൽ മറയുന്നതും നോക്കി പടിഞ്ഞാറൻദേശക്കാർ പ്രതീക്ഷകൈവിടാതെ അതിജീവനം തുടർന്നു.

ആഴ്ചകൾ കടന്നുപോയിട്ടും രാജാവിൽനിന്നുള്ള സഹായങ്ങളൊന്നും ലഭിച്ചില്ല. പണം പല്ലക്കുകളിൽ വരുന്നത് ദേശക്കാർ പലരും സ്വപ്നംകണ്ടു. അയൽദേശത്തെ നാട്ടുപ്രമാണിമാരുടെ ധനസഹായങ്ങൾകൊണ്ട്, എല്ലാംനഷ്ടപ്പെട്ട പ്രജകളെ ദേശക്കാർ ജീവിതത്തി ലേക്ക് തിരികെക്കൊണ്ടുവന്നുകൊണ്ടിരുന്നു. ഒരുദിവസം ശംഖുവിളികേട്ട്, പൊൻതിളക്കങ്ങൾ പടിഞ്ഞാറൻ ദേശത്തെമണ്ണിലേക്കു ചിതറുന്നതു കണ്ട് പ്രജകളെല്ലാം മലഞ്ചെരുവിലേക്കോടിക്കൂടി. രഥചക്രങ്ങളുടെ ശബ്ദമൊ കുളമ്പടിയൊച്ചകളൊ കേട്ടില്ല. മലകൾക്കിടയിൽ പ്രതിമയുടെ കിരീടവും ഉയർത്തിപ്പിടിച്ചവാളും വാനിലേക്കുയർന്നുവരുന്നതു കണ്ട് അവരെല്ലാം നെഞ്ചിടിപ്പോടെ മണ്ണിലിരുന്നു.

പൊടുന്നനെ, അവരിലൊരാൾ കുറ്റിക്കാടിനുള്ളിലേക്കു പാഞ്ഞു. അയാൾ രണ്ടുപേരോടു വേഗംവരാൻ പറഞ്ഞു. അവരോടിപ്പോവുന്നത് പ്രജകളെല്ലാം കണ്ടു. അവർക്കരികിലേക്കെല്ലാവരും നടന്നു. ഈയടുത്ത് അയൽരാജ്യവുമായി നടന്ന യുദ്ധത്തിനുശേഷം സൈന്യം ഉപേക്ഷിച്ചുപോയ പീരങ്കി അവർ കുറ്റിക്കാട്ടിനുള്ളിൽനിന്ന് തള്ളികൊണ്ടുവന്ന് കിഴക്കോട്ടുതിരിച്ചുവെച്ചു. തകരപ്പാത്രത്തിലെ വെടിമരുന്ന് പീരങ്കിയിൽ നിറക്കുന്നതോടൊപ്പം, മറ്റൊരാൾ വെടിയുണ്ട അകത്തേക്കു കയറ്റിവെച്ചു. വെടിമരുന്നിനു തീകൊടുത്തതോടൊപ്പം പുക ഉയരുകയും ഉണ്ട മുഴക്കത്തോടെ ആകാശത്തേക്കു തെറിച്ച് പ്രതിമയുടെ തലപിളർക്കുകയും ചെയ്യുന്നത് പ്രജകളെല്ലാം ആവേശത്തോടെ കണ്ട് മുഷ്ടികളുയര്‍ത്തി.

Comments

You may also like