പൂമുഖം LITERATUREകഥ കാത്തിരിപ്പുകേന്ദ്രത്തിലെ മഴ

കാത്തിരിപ്പുകേന്ദ്രത്തിലെ മഴ

ആ കാത്തിരിപ്പുകേന്ദ്രത്തിനെ ഒരു നീർക്കുമിളയോടുപമിക്കാമായിരുന്നു. നാലോ അഞ്ചോ പേർക്ക് മാത്രം ബസ്സുനോക്കിയിരിക്കാനാവുന്ന കുടുസ്സിടമായിരുന്നു അത്. എന്നാലും അതുപോലെയുള്ള ഒരു ചെറുപട്ടണത്തിൽ അതൊരു എണ്ണപ്പെട്ട വസ്തു തന്നെയായിരുന്നു. ആ പട്ടണത്തിൽ നിന്ന് യാത്രതിരിച്ച് മുപ്പതു കിലോമീറ്റർ അകലെയുള്ള അക്ഷരനഗരത്തിലേക്കു പോകുന്ന ബസ്സുകളും വടക്കോട്ടുള്ള ചില ദീർഘദൂരബസ്സുകളും അവിടെ നിർത്താറുണ്ട്. അക്കൊല്ലത്തെ ജില്ലാതല സ്കൂൾ കലോത്സവം ആ പട്ടണത്തിലാണ് നടന്നത്. അതു കഴിഞ്ഞതിൻ്റെ തിരക്കുകൾ മെല്ലെ ഒഴിഞ്ഞുതുടങ്ങുകയാണ്. മത്സരാർത്ഥികളും, രക്ഷിതാക്കളോ അദ്ധ്യാപകരോ ആയ മുതിർന്നവരും കൂടി ആ സ്ഥലത്തെ, മൂന്നു ദിവസമായി ഉത്സാഹത്തിരകളിൽ ആറാടിച്ചെന്നു തന്നെ പറയാം. കലോത്സവം കഴിഞ്ഞതോടെ, വിജയിച്ചവരുടെ തിമിർപ്പും പരാജിതരുടെ അടക്കിപ്പിടിച്ച മുഖങ്ങളും കൂടി പട്ടണത്തിലെ ഒരേയൊരു നിരത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി. ഇനിയെല്ലാവർക്കും ഒന്നു വീട്ടിലെത്തിയാൽ മതി. അന്തരീക്ഷത്തിലാണെങ്കിൽ, പട്ടണവാസികൾ കാത്തുകാത്തിരിയ്ക്കുന്ന ഒരു വേനൽമഴയുടെ മുഴുവൻ വേവലാതിയുമുണ്ട്. കഥാരചനയുടെ അഞ്ചുവിധികർത്താക്കളിൽ ഒരാളായാണ് വിനയൻ മാഷ് തലേദിവസം തന്നെ അവിടെത്തിച്ചേർന്നത്. വിനയൻ മാഷിൻ്റെ ചെറുകഥകൾക്ക് നല്ലൊരു വായനാവൃന്ദമുണ്ട്. മുഖ്യധാരാ മാദ്ധ്യമങ്ങളിൽ അദ്ദേഹത്തിൻ്റെ കഥകൾ കുറച്ചു മാത്രമേ വന്നിട്ടുള്ളൂ. ഏറിയപങ്കു രചനകളും പ്രസിദ്ധീകരിച്ചിട്ടുള്ളത് ചില കലാസ്വാദകരുടെ അമിതോത്സാഹം കൊണ്ടു തുടങ്ങിയ സമാന്തരപ്രസിദ്ധീകരണങ്ങളിലും, തൊഴിലാളിപ്രസ്ഥാനങ്ങളുടെയും സാംസ്കാരികസ്ഥാപനങ്ങളുടെയും സുവനീറുകളിലും മറ്റുമായിരുന്നു. ആ സംരംഭങ്ങളിൽ മിക്കതും ഏതാനും വർഷങ്ങൾക്ക് ശേഷം നിലച്ചുപോയിരുന്നെങ്കിലും കഥാസാഹിത്യത്തിലെ ഒറ്റപ്പെട്ട നക്ഷത്രങ്ങളായി അദ്ദേഹത്തിൻ്റെ ചില രചനകളെങ്കിലും അറിയപ്പെട്ടു. കഥകളെ ഒരേ മൂശയിൽത്തന്നെ വാർത്തെടുക്കാതെ വ്യത്യസ്ത രീതികളിൽ ആവിഷ്കരിക്കാൻ അയാൾ ശ്രദ്ധിച്ചു. എന്നാലും ഒരാൾക്കൂട്ടത്തിൽ നില്ക്കുമ്പോൾ കഥാകാരൻ വിനയൻ മാഷല്ലേ എന്ന് ചോദിച്ച് ആരെങ്കിലുമൊക്കെ വരാനുള്ള പേരൊന്നും അദ്ദേഹത്തിനില്ലായിരുന്നു. പെട്ടെന്ന് നിറഞ്ഞുതുളുമ്പുന്ന ഒരു പാത്രമാകയാൽ വിനയൻമാഷ് പ്രശസ്തിയേയും പ്രശംസാ വാചകങ്ങളെയുമൊക്കെ പക്വതയോടെയും സമചിത്തതയോടെയുമാണ് കണ്ടത്. കലോത്സവത്തിലെ വിധിനിർണയത്തിൻ്റെ ഭാഗമായി അന്നുച്ചയ്ക്ക് വായിച്ച ഇരുപതോളം കഥകളെപ്പറ്റി വിനയൻ മാഷ് വെറുതെ ഓർത്തുനോക്കി. ഒക്കെയും പ്രതീക്ഷ നൽകുന്നവയാണ്. പുതിയ തലമുറ, കഥയെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.കഥാലോകത്തിൻ്റെ മാത്രമല്ല ഈ ലോകത്തിൻ്റെ തന്നെ ഭാവിയും വരുംതലമുറകളുടെ കൈയിൽ ഭദ്രമായിരിക്കുമെന്നും, വിദ്വേഷവും പകയുമൊക്കെ വിനിമയങ്ങളിൽ നിന്ന് പിൻവലിക്കപ്പെട്ട നാണയങ്ങളെപ്പോലെ ഒരിക്കൽ എടുക്കാച്ചരക്കുകളാകുമെന്നും വിനയൻ മാഷിന് തോന്നി. ആ തോന്നലിൻ്റെ തണുപ്പിൽ മാഷിനെ ഒരു മയക്കം വന്നു തൊട്ടു. ഇനിയും ഒന്നര മണിക്കൂറു കഴിഞ്ഞേ അക്ഷരനഗരത്തിലേക്കുള്ള സർക്കാർവണ്ടി വരൂ.മഴക്കനവും ഈർപ്പവുമുള്ള തണുപ്പൻകാറ്റ് വീശിയടിക്കുന്നുണ്ട്.
മാഷൊന്നു കണ്ണടച്ചു.

വര: പ്രസാദ് കാനത്തുങ്കൽ

പക്ഷെ അരികത്തെന്തോ ശബ്ദം കേട്ടതിനാൽ മാഷിന് അധികം താമസിയാതെ മയക്കം വിട്ടുണരേണ്ടി വന്നു. തൊട്ടടുത്ത് ഒരപരിചിതൻ വിനയൻ മാഷിനെ നോക്കിയിരിപ്പുണ്ട്. അപരിചിതൻ്റെ മുഖത്തെ ഭാവം കണ്ടാൽ അയാൾ വിനയൻ മാഷ് ഉണരുന്നതും കാത്തിരിക്കുകയായിരുന്നെന്ന് തോന്നുമായിരുന്നു.കട്ടിച്ചില്ലുള്ള കണ്ണടയ്ക്കുള്ളിലൂടെയുള്ള അയാളുടെ തുളച്ചുനോട്ടത്തിന് ശിശുസഹജമായ ഒരു തരം നിഷ്ക്കളങ്കതയുണ്ടായിരുന്നു.

“കഥാകൃത്ത് വിനയനല്ലേ?”

അയാൾ വിനയൻമാഷിനു നേരെ കൈ നീട്ടി. അതീവമൃദുത്വമുളള ഒരു കൈത്തലമായിരുന്നു അത്. അയാളുടെ നീണ്ട കൈവിരലുകളുടെ ചുറ്റിപ്പിടുത്തത്തിൽ വിനയൻ മാഷിൻ്റെ കൈനൊന്തു.എന്നാൽ ഒരു കഥാകൃത്തെന്ന നിലയിൽ അയാൾക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ആഹ്ലാദം ഒട്ടും പുറത്തു കാണിക്കാതെ തന്നെ വിനയൻ മാഷ് മറുപടി പറഞ്ഞു.

“അതെ. കഥയെഴുതുന്ന വിനയൻ ഞാൻതന്നെയാണ്.ഒരു പാട് സന്തോഷം. പക്ഷേ, എനിയ്ക്ക് അങ്ങയെ തീരെ മനസ്സിലായില്ലല്ലോ !”

അതുകേട്ട് അപരിചിതൻ സ്വയം പരിചയപ്പെടുത്തി. രാജീവനെന്നാണ് പേര്. ഞാൻ കഥയെഴുതി പരാജയപ്പെട്ട ആളാണ്. അത്രയും പറഞ്ഞിട്ട് അയാളൊന്നു പുഞ്ചിരിച്ചു.അയാളുടെ മുഖത്തെ നിഷ്കളങ്കത ആരെയും വശീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നു.

“വിനയൻ മാഷേ! നമ്മൾ ഇതിനു മുൻപും പരിചയപ്പെട്ടിട്ടുണ്ട്. ഒരു ഇരുപതു കൊല്ലമെങ്കിലും ആയിക്കാണും” ആഗതൻ വിശദീകരിച്ചു.

അത് വിനയൻമാഷിനെ അത്ഭുതാഹ്ലാദങ്ങളിലെത്തിച്ചു. പക്ഷെ എത്രയാലോചിച്ചിട്ടും ഭൂത കാലഭിത്തികളിലെങ്ങും ആ അപരിചിതൻ്റെ മുഖം കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല. ക്ഷമാപണത്തോടെ മാഷ് പറഞ്ഞു

“സത്യമായും എനിക്കോർമ്മ കിട്ടുന്നില്ലല്ലോ! ആ പരിചയപ്പെടൽ ഏതു സന്ദർഭത്തിലാണെന്ന് ഒന്നു പറയാമോ”

ആഗതന് ധൃതിയൊന്നുമില്ലായിരുന്നു. തോൽകൊണ്ടുള്ള കൈസഞ്ചി തുറന്ന് അയാൾ ഒരു പ്ലാസ്റ്റിക് കൂട് വെളിയിലെടുത്തു. അതിൽ നിന്ന് വഴന്നുപോയ ഇളംവെറ്റിലയെടുത്ത് ഞരമ്പുകളഞ്ഞു കൊണ്ട് അയാൾ വിദൂരജില്ലകളിലൊന്നിലെ ഒരു സ്ഥലത്തിൻ്റെ പേരു പറഞ്ഞു.

“അവിടെ നിന്ന് നാലുകിലോ മീറ്ററകലെയാണ് എൻ്റെ ഗ്രാമം. അന്ന് പുഴയിലെ കടത്തുകടന്നു വേണമായിരുന്നു അവിടെത്തേണ്ടിയിരുന്നത്.കഥകളുടെ ആധുനികവഴികളെപ്പറ്റി പ്രഭാഷണം നടത്താനാണ് താങ്കളുൾപ്പെട്ട സാഹിത്യസംഘം അന്നവിടെത്തിയത് “

വിനയൻമാഷ് അത്ഭുതപ്പെട്ടു. ആധുനിക കഥകളുടെ വക്താവെന്ന നിലയിൽ പ്രഭാഷണങ്ങൾക്കൊക്കെയായി മുമ്പ് നന്നായി സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ ഇപ്പറഞ്ഞ സ്ഥലത്ത് താനൊരിക്കലും പോയിട്ടില്ലല്ലോ. എന്നാലും ആ മനുഷ്യൻ്റെ ഉത്സാഹത്തോടെയുള്ള വർത്തമാനം കെടുത്തിക്കളയാൻ മാഷിന് മനസ് വന്നില്ല.

മാഷ് രാജീവനോടു പറഞ്ഞു.

“എനിക്ക് താങ്കൾ പറയുന്നതൊന്നും ഓർമ്മ വരുന്നില്ല. പരിഭവം തോന്നരുത്. ഇപ്പറയുന്ന സ്ഥലം ഞാൻ കേട്ടിട്ടുപോലുമില്ല. സാധാരണ ഒരു പേരു കേൾക്കുമ്പോൾ എത്ര പഴയ കാര്യമായാലും ഓർത്തെടുക്കാനുള്ള സിദ്ധിയെനിക്കുണ്ട്. പക്ഷേ ഇവിടെ ഞാൻ പരാജയപ്പെട്ടു സുഹൃത്തേ! താങ്കളെ എനിക്കോർത്തെടുക്കാൻ പറ്റുന്നില്ല “

അതിനു മറുപടിയായി രാജീവൻ പുഞ്ചിരിയ്ക്കുക മാത്രം ചെയ്തു. മാഷ് ആ മനുഷ്യൻ്റെ മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അയാളുടെ വീതിയേറിയ നെറ്റിയോ കൗതുകങ്ങൾ കുത്തിനിറച്ച കണ്ണുകളോ മുമ്പെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെന്നു തന്നെ മനസ് അടിവരയിട്ടു പറഞ്ഞു.

അയാൾ മാഷിനെ ആശ്വസിപ്പിച്ചു.

“സാരമില്ല! ചിലപ്പോഴൊക്കെ എനിയ്ക്കും അങ്ങനെ സംഭവിക്കാറുണ്ട്. ഓർമ്മത്തെറ്റെന്നത് തലച്ചോറിൻ്റെ കളിയാണ് മാഷേ! ചില സമയങ്ങളിൽ വേണ്ട സ്ഥലങ്ങളിലേക്ക് ഓർമ്മ കടന്നുവരികയില്ല. കാക്കാലത്തിയുടെ തത്ത ചീട്ടു കൊത്താതിരിക്കുന്നതു പോലെ ഓർമ്മ മാറിമാറി നിൽക്കും”

എന്തൊരുപമ! വിനയൻ മാഷ് മനസിൽ പറഞ്ഞു. അയാളുടെ വാക്കുകൾ മാഷിനെ സമ്മിശ്ര വികാരങ്ങളിലാണെത്തിച്ചത്. കണ്ണട വച്ചിരിക്കുന്ന സ്ഥാനം മറന്നുപോകുക, കടകളിലോ ബസ്സുകളിലോ വച്ച് കുട മറന്നു പോകുക, അങ്ങാടിയിൽ പോകുമ്പോൾ ഓർത്തുവച്ചിരുന്ന ചില അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മറന്നു പോകുക തുടങ്ങിയ ചില്ലറ ഓർമ്മപ്പിശകുകൾ മറ്റെല്ലാവരെയും പോലെ തന്നെയും ബാധിക്കാറുണ്ട്. അതല്ലാതെ, ദൂരെയൊരു ദിക്കിലേക്ക് നടത്തിയ കഥാസംബന്ധിയായ യാത്ര എത്രകാലം കഴിഞ്ഞാലും മറന്നുപോകാൻ ഒരു ന്യായവുമില്ല. യാത്രകൾക്കിടയിലാണ് താൻ ഓരോ കഥയുടെയും ബീജം കണ്ടെത്തുന്നതു പോലും ! കഥ തൻ്റെ ജീവശ്വാസമാണല്ലോ !!

വെളിയിൽ നേർത്ത മഴച്ചാറ്റൽ തുടങ്ങുകയാണ്. കച്ചവടക്കാർ തടികൊണ്ടുള്ള കടയുടെ തട്ടികൾ മടക്കുകയോ ടാർപ്പാളിൻ്റെ വിരിപ്പുകൾ കൊണ്ട് വില്പനസാമഗ്രികളെ സംരക്ഷിക്കാനൊരുങ്ങുകയോ ഒക്കെയാണ്. വേനൽമഴയുടെ പ്രവചനാതീതമായ സ്വഭാവത്തെപ്പറ്റി അവർക്കെല്ലാം നല്ല ധാരണയുണ്ടെന്ന് തോന്നിച്ചു.

കാത്തിരിപ്പു കേന്ദ്രത്തിനുള്ളിൽ,അപരിചിതനായ ആ മനുഷ്യൻ വിനയൻമാഷിൻ്റെ കെട്ടു പോയ ചില ഓർമ്മകളെ ഊതിയൂതി കത്തിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

“ഇന്നത്തെപ്പോലെ ഞാനോർക്കുന്നു. അന്ന് പ്രോഗ്രാം കഴിഞ്ഞ്, മാഷ് എൻ്റെ വീട്ടിലും വന്നിരുന്നു. വീട്ടിലെ മറ്റംഗങ്ങളെയൊക്കെ താങ്കൾ പരിചയപ്പെടുകയും ചെയ്തതാണ്. അച്ഛൻ്റെ കാഴ്ചക്കുറവിൻ്റെ ചികിത്സയ്ക്കായി, കൂത്താട്ടുകുളത്തുള്ള ഒരു നാട്ടുവൈദ്യൻ്റെ വിലാസം തന്നത് മാഷോർക്കുന്നുണ്ടോ? ഉഷ്ണിച്ചുരുകിയ ഒരു മീനപ്പകലായിരുന്നു അത്. സന്ധ്യമയക്കത്തിന് നമ്മളൊന്നിച്ചാണ് പുഴയിൽപ്പോയി കുളിച്ചത്. ഞങ്ങളുടെ പുഴക്കരയിലെ മണൽത്തരികളിൽ സ്വർണത്തിൻ്റെ അംശമുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ അത്ഭുതത്തോടെയാണ് താങ്കളത് കേട്ടത്. രാത്രിയൂണും കഴിഞ്ഞ് ഞാനാണ് മാഷിനെ തെക്കോട്ടുള്ള രാത്രിവണ്ടി കയറ്റി വിട്ടത്. മാഷിന് ഓർമ്മ കിട്ടുന്നുണ്ടോ? “

ഒരു സ്വപ്നം പറഞ്ഞു കേൾക്കുന്നതു പോലെയാണ് വിനയൻ മാഷിന് തോന്നിയത്. ഓർമ്മകളുടെ ആഴങ്ങളിൽ എത്ര തിരഞ്ഞിട്ടും അയാൾ പറഞ്ഞ ഒന്നിലും ചെന്നടുക്കാൻ മാഷിന് കഴിഞ്ഞില്ല. വിനയൻ മാഷ് നിസ്സഹായതോടെ പറഞ്ഞു.

“ഓർക്കുന്നില്ല ഒന്നുമോർക്കുന്നില്ല!കഥകളെഴുതുന്ന വിനയൻ ഞാനാണ്. പക്ഷെ താങ്കൾ പറഞ്ഞ കാര്യങ്ങളിലെ കഥാകാരൻ ഉറപ്പായും ഞാനല്ല “

ഇത്രയൊക്കെ തിരസ്ക്കരിക്കപ്പെട്ടിട്ടും ആഗതൻ്റെ മുഖത്തെ പ്രസാദം മാഞ്ഞുപോകാത്തത് വിനയൻ മാഷിനെ അമ്പരപ്പിച്ചു. പരാജയം സമ്മതിക്കാൻ തയ്യാറാകാത്ത ഒരു പോരാളിയുടെ മുഖമായിരുന്നു അയാൾക്ക്.

അയാളെക്കുറിച്ച് ഓരോന്ന് വിനയൻമാഷ് ചോദിച്ച് മനസ്സിലാക്കി. നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റാണ് അയാളെന്നും സ്കൂൾ കലോത്സവത്തിൽ ഒരു വടക്കൻ ജില്ലയിൽപ്പെട്ട പ്രമുഖസ്കൂളിലെ കുട്ടികൾക്ക് ചായമിട്ടുകൊടുക്കാനാണ് അയാൾ അവിടെത്തിയിരിക്കുന്നതെന്നും മനസ്സിലായി. അല്പനേരത്തിനുള്ളിൽ അയാൾക്കുള്ള ബസ്സ് അവിടെയെത്തുമെന്നും വീട്ടിലേക്ക് ഏഴെട്ടു മണിക്കൂർ യാത്രയുണ്ടെന്നും കൂടി അയാൾ പറഞ്ഞു.

അയാളിന്നും കഥകളെഴുതാറുണ്ടെന്നും പക്ഷേ പ്രസിദ്ധീകരണങ്ങൾക്കൊന്നും അയച്ചു കൊടുക്കാറില്ലെന്നും അറിഞ്ഞപ്പോൾ വിനയൻ മാഷ് അയാളെ ഉപദേശിച്ചു.

“അങ്ങനല്ല ! ലോകം വല്ലാത്തൊരു പ്രതിസന്ധിയിലാണ്. ഇന്ന് ലോകത്തിന് കഥകളുടെ ആവശ്യമുണ്ട്. എഴുതുന്നതൊക്കെ ഓരോ ദിക്കിൽ അയച്ചുകൊടുക്കണം. കഥകളില്ലാത്ത ലോകം എത്ര ഊഷരമായിരിക്കുമെന്ന് രാജീവൻ ഓർത്തിട്ടുണ്ടോ?”

അയാൾ ഒന്നും പറഞ്ഞില്ല. പകരം എന്തൊക്കെയോ കൂട്ടിക്കിഴിക്കുന്ന മുഖത്തോടെ പുറത്തെ മഴയൊരുക്കം നോക്കിയിരിക്കുക മാത്രം ചെയ്തു. ആ മനുഷ്യൻ്റെ മനസ്സിനുള്ളിൽ അനുനിമിഷം എന്തൊക്കെയോ വലിഞ്ഞുമുറുകിപ്പൊട്ടുന്നുണ്ടെന്ന് വിനയൻ മാഷിന് തോന്നി. ബസ്സുവരുന്ന ദിക്കിലേക്ക് ഇടയ്ക്കിടെ അയാൾ എത്തി നോക്കുന്നുണ്ട്. അയാളുടെ ബസ്സ് ഏതാനും മിനിട്ടിനുള്ളിൽ എത്തിയേക്കും എന്നു തോന്നി.

വേനൽമഴയുടെ വീശിയടിച്ചുള്ള കടന്നുവരവിൽപ്പെട്ട് ആ തെരുവ് പെട്ടെന്ന് ഒരലങ്കോലത്തിൽ വീണു.മഴയിലകപ്പെട്ട മൂന്നാലുപേർ കാത്തിരിപ്പുകേന്ദ്രത്തിൻ്റെ ഇത്തിരിവട്ടത്തിലേക്ക് ഓടിക്കയറി. അവിടെ നിലനിന്നിരുന്ന സ്വകാര്യതയുടെ അന്തരീക്ഷം താറുമാറായതിൽ രാജീവൻ അസ്വസ്ഥനായിത്തീർന്നെന്ന് അയാളുടെ മുഖത്തു നിന്ന് വ്യക്തമായിരുന്നു. അയാളുടെ മുഖത്ത് പരന്നിരുന്ന ആത്മവിശ്വാസത്തിൻ്റെ പ്രകാശം പെട്ടെന്ന് മങ്ങിമറഞ്ഞതു പോലെ തോന്നി.തന്നോട് അയാൾക്കെന്തോ ചിലതു കൂടി പറയാനുണ്ടെന്ന് വിനയൻമാഷിന് വെറുതെ തോന്നി.

മഴയുടെ ഇടനാഴിയിലൂടെ മെല്ലെ രാജീവൻ്റെ ബസ്, കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിൽ വന്നുനിന്നു. അവിടെ നിന്ന് ബസ്സിൽകയറാൻ അയാൾമാത്രമേയുണ്ടായിരുന്നുള്ളൂ. അയാളെഴുന്നേറ്റ് ഒരു സ്വപ്നാടകനെപ്പോലെ ബസ്സിൻ്റെ വാതിലിനു നേരെ നീങ്ങി.ഒപ്പം വിനയൻ മാഷും നടന്നു.ഒരു മന്ത്രം പോലെ മൃദുവായി അയാൾ വിനയൻ മാഷിനോട് ചോദിച്ചു.

“മാഷിൻ്റെ ‘അരക്കില്ലം’ എന്ന ചെറുകഥയില്ലേ?”

മാഷ് മറുപടി പറയാതെ ചെവി വട്ടംപിടിച്ചു. തൻ്റെ ഏറ്റവും വായിക്കപ്പെട്ട പ്രിയരചനകളിലൊന്നാണത്. മനുഷ്യരാൽ തകർക്കപ്പെട്ട ഒരുവളുടെ അതിജീവനമായിരുന്നു അതിൻ്റെ പ്രമേയം. പെൺജീവിതങ്ങളുടെ മാഗ്നാകാർട്ട എന്നാണ് ഒരു പ്രസിദ്ധനിരൂപകൻ അതിനെയൊരിക്കൽ വിലയിരുത്തിയത്.

രാജീവൻ താഴ്ന്നുപോയൊരു സ്വരസ്ഥാനം കൊണ്ട് തുടർന്നു പറഞ്ഞു.

“അതെൻ്റെ പെങ്ങളുടെ കഥയാണ് !”

അന്നേരം പൊട്ടിവീണ മിന്നലിൽ ആ പട്ടണം ഒന്നാകെ ഒരുനിമിഷം വെട്ടിത്തിളങ്ങി നിന്നു. പിന്തുടർന്നു വന്ന ഇടിയൊച്ചയുടെ ഭയാനകമായ അലയൊലികളൊടുങ്ങുന്നേരം ഓർമ്മയുടെ ചീട്ടുകുത്തിൽ നിന്ന് കാക്കാലത്തിയുടെ തത്ത ഒരു പടം കൃത്യമായി കൊത്തിയിട്ടു.

വല്ലാത്തൊരു ശക്തിയോടെ വിനയൻ മാഷ് രാജീവനെ പിടിച്ചുലച്ചു.

“ഓർമ്മയുടെ കണ്ണുകെട്ടലെന്ന് താങ്കൾ പറഞ്ഞതെത്ര ശരിയാണ്. ഞാനിപ്പോൾ എല്ലാമോർക്കുന്നുണ്ട് രാജീവാ! മണിമേഖലയെ എനിക്കെങ്ങനെ മറക്കാൻ പറ്റും. അന്നു പരിചയപ്പെട്ടതിനു ശേഷം മുറയ്ക്ക് അവളെനിക്കെഴുതുമായിരുന്നു. ഇടയ്ക്കത് നിലച്ചുപോയി. പറയൂ,
അവളിപ്പോൾ എവിടെയാണ്? ആ വിവാഹബന്ധത്തിൽ നിന്ന് അവൾക്ക് മോചനം കിട്ടിയോ? അവളുടെ തകർന്നു പോയ ഇടത്തെക്കണ്ണിന് കാഴ്ച തിരിച്ചു കിട്ടിയോ? ബുദ്ധിമുട്ടില്ലെങ്കിൽ അവളുടെ നമ്പരൊന്നു തരാമോ “

പഴങ്കാലത്തിൻ്റെ മഞ്ഞുമലകളടർന്നു വീണ് വിനയൻ മാഷിന് അടിതെറ്റി.

എത്ര ശ്രമിച്ചിട്ടും അയാൾക്ക് ആവേശം അടക്കാൻ കഴിഞ്ഞില്ല.

“രാജീവാ ! താങ്കൾക്കറിയുമോ? മണിമേഖലയുടെ ഓരോ കത്തും അവസാനിച്ചിരുന്നത് മായാ അഞ്ചലോയുടെ പ്രസിദ്ധമായ ആ കാവ്യശകലത്തോടെയാണ്.

“You may trod me in the very dirt
But still, like dust, I’ll rise”

എനിയ്ക്കുറപ്പുണ്ട് പ്രതികൂലതകളെ മുറിച്ച് അവൾ നീന്തിക്കയറിയിരിക്കുമെന്ന്! എനിക്കവളെയൊന്നു കാണാൻ തോന്നുന്നു”

രാജീവൻ ഒന്നും പറഞ്ഞില്ല. അയാളൊന്നും കേട്ടില്ലെന്നു തോന്നുന്നു. വിനയൻ മാഷ് വീണ്ടും വീണ്ടും അയാളോട് ഓരോന്നു ചോദിച്ചു. ഒന്നും പറയാതെ ശുദ്ധശൂന്യമായ ഒരു മുഖഭാവത്തോടെ അയാൾ മാഷിൻ്റെ കൈപിടിച്ചമർത്തി. എന്നിട്ട് ബസ്സിനുള്ളിലേക്ക് മറഞ്ഞുപോയി.

കവർ: വിൽസൺ ശാരദ ആനന്ദ്

Comments

You may also like