ഒറ്റയ്ക്കു യാത്രപോകുമ്പോൾ വായനയ്ക്കായി ചിലപുസ്തകങ്ങളും ഞാൻ കൂടെക്കരുതാറുണ്ട്. കാർ യാത്രയിലോ ബസ്സുയാത്രയിലോ വായന പ്രയാസമാണ്. കാരണം പ്രകൃതിയുടെ വിന്യാസങ്ങൾ കൈയകലത്തിൽ നിൽക്കുമ്പോൾ കഥകളോ നോവലോ ഒന്നും വായനയ്ക്ക് വഴങ്ങുകയില്ല. എന്നാൽ കവിതയുടെ നിത്യഭാസുരമായ ഇത്തിരിപ്പൂവിടലിന് സാദ്ധ്യതയുണ്ടുതാനും!
ശ്രദ്ധിച്ചുനോക്കിയാൽ മതി, ഭൂമിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കവികളുപേക്ഷിച്ചു പോയ സൂചകങ്ങൾ നമുക്ക് കാണാൻ കഴിയും.
ഞങ്ങളുടെ അയൽനാടായ കടമ്മനിട്ടയിലൂടെ യാത്രപോകുമ്പോൾ കവിയുടെ മുഴങ്ങുന്നസ്വരത്തിലൂടെ കാറ്റെന്നെ സദാതൊട്ടുകൊണ്ടിരിക്കും.
കൊല്ലത്തുപോയിട്ട് ആറന്മുളയിലേക്കു മടങ്ങുമ്പോൾ ഞാൻ മന:പൂർവ്വം വണ്ടി ചിറ്റുമല (കല്ലട) വഴി തിരിച്ചുവിടാറുണ്ട്. എനിയ്ക്കാകെ പരിചയമുണ്ടായിരുന്ന മലയാളകവിയുടെ വീട് അവിടെയായിരുന്നു. അന്നേരം പ്രകൃതിയുടെ ലാവണ്യമൂർച്ചയിൽ വരികളെന്നോട് സംസാരിച്ചു കൊണ്ടിരിക്കും.
“തോരാതെ പെയ്യുമീ വര്ഷം, നമുക്കിനി-
തീരാതെ കൊള്ളാം തിരിക്കു പ്രിയേ
ആരോരുമില്ലാത്തൊരാറ്റുവക്കില്, കാറ്റു-
താലോലമോലുന്നൊരാറ്റുവക്കില്
നിന്നെപ്പിടിച്ചു ഞാനുമ്മവയ്ക്കുമ്പൊഴീ
പുന്നപ്പടര്പ്പിലും പൂരമേളം
പണ്ടു നാം മേഘങ്ങളായിരുന്നോ
സന്ധ്യാസമുദ്രത്തിലായിരുന്നോ
ചന്ദനക്കാറ്റേറ്റുവന്നിരുന്നോ
ചെമ്പകക്കാവിലും ചെന്നിരുന്നോ
ആടും മയിലിന്റെയാട്ടമായോ
ആനന്ദതാണ്ഡവക്കൂത്തുമായോ ..”
മരിച്ചുപോയ കവി വണ്ടിപ്പുറത്ത് പെയ്യുകയാണ്.
എന്നെ സംബന്ധിച്ച് കവികൾ പണ്ടേ നിരാകാരരാണ്. അതിനാൽ വിനയചന്ദ്രികയുടെ ഭൗതികാസ്തമയം കഴിഞ്ഞിട്ടും അതെന്നിൽ ആകസ്മികമായി നനഞ്ഞിറങ്ങാറുണ്ട്.
പൂക്കാതിരിക്കാനെനിയ്ക്കാവതില്ലേ എന്ന് പരിതാപപ്പെട്ട് ഏപ്രിലുകളിൽ കണിക്കൊന്ന തനിനിറം കാട്ടുമ്പോൾ മലയാളകവിതയുടെ ആ കൃഷ്ണദ്വൈപായനനും തിരക്കിട്ട് നമ്മുടെ മനസ്സിലെത്തും. അയ്യപ്പനാണെങ്കിലോ, എപ്പോൾ വേണമെങ്കിലും നമുക്കിടയിലേക്ക് കടന്നുവരാം.
വ്യവസ്ഥയില്ലാതെ അലങ്കോലപ്പെട്ടുകിടക്കുന്ന ഓരോ തെരുവും അദ്ദേഹമാണ്.
ദാദറിലെ സെൻട്രൽസ്റ്റേഷനിൽ നിന്ന് തുടർച്ചവണ്ടിപിടിക്കാൻ വെസ്റ്റിലേക്കോടുന്ന വഴിക്ക് അയ്യപ്പൻ്റെ മുഖച്ഛായയുള്ള ഒരു ഭിക്ഷക്കാരനെ പണ്ടു ഞാൻ സ്ഥിരം കാണുമായിരുന്നു. ഭ്രാന്തിൻ്റെ പൂക്കൾ വിടരുന്ന ചില ആഴ്ചകളിൽ അയാൾ വാൾട്ട് വിറ്റ്മാൻ്റെ കവിതകൾ നീട്ടി നീട്ടിച്ചൊല്ലുമായിരുന്നു. അയാളുടെ അഭിജാതമായ ഇംഗ്ലീഷിൻ്റെ വായ്മൊഴിയിൽ അന്നേരം മദ്ധ്യറെയിൽവേയുടെ ഇരുമ്പുമേൽപ്പാലവും അതിലേപോകുന്ന അന്ധപുരുഷാരവും കവിതപ്പെട്ടു നിൽക്കുമായിരുന്നു. ഏകാന്തതയുടെ കോണിച്ചുവട്ടിലിരുന്ന് നൂൽ നൂൽക്കുന്ന ചിലന്തിയെപ്പോലെയാണ് നാമോരോരുത്തരും എന്ന് അയാൾ വിശ്വകവിയെ ഉദ്ധരിച്ച് പറയുമ്പോൾ ചിലരെങ്കിലും അത് ശ്രദ്ധിക്കാതിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞ് ഒരു വഴിയാത്രയ്ക്കിടയിലാണ് വാൾട്ട് വിറ്റ്മാൻ്റെ പുസ്തകം ഞാൻ വാങ്ങുന്നത്. അതും ഒരു യാദൃച്ഛികതയാവാം. പഴയപുസ്തകങ്ങൾ വില്ക്കുന്ന അപരിചിതനായ കടക്കാരൻ പുസ്തകമുറിയുടെ ഉള്ളറയിൽ നിന്ന് പുറന്താൾ കീറിയ ഒരു കാവ്യപുസ്തകം എൻ്റെ നേരെ നീട്ടി.
“ഇതു താങ്കൾക്കിഷ്ടപ്പെട്ടേക്കും !!”
ആദ്യമായി കാണുന്ന ഒരാൾ എൻ്റെ ഇഷ്ടാനിഷ്ടങ്ങൾ എങ്ങനെയാണറിയുന്നതെന്ന് കൗതുകത്തോടെ ചിന്തിച്ച് ഞാനതു വാങ്ങി.
അനേകരുടെ തഴമ്പുകൾ വീണ് ജര ബാധിച്ച അതിൻ്റെ പേജുകളിലൊന്നിൽ കവിതയുടെ സ്വർണ്ണനൂൽ നീട്ടി ഒരു ചിലന്തിയിരിപ്പുണ്ടായിരുന്നു.
“A noiseless patient spider,
I mark’d where on a little promontory it stood isolated,
Mark’d how to explore the vacant vast surrounding,
It launch’d forth filament, filament, filament, out of itself,
Ever unreeling them, ever tirelessly speeding them.”
(Walt Whitman)
ശാന്തിനികേതനടുക്കാറാകുമ്പോൾ വഴിയോരത്തെ ധ്യാനസ്ഥമായ വിടപച്ഛായകളിൽപ്പോലും ടാഗോറിൻ്റെ രേഖാചിത്രം തെളിഞ്ഞു തുടങ്ങും. കവിതകളിലെ വെട്ടിത്തിരുത്തലുകളിൽ പോലും പൂക്കളും വള്ളികളും വരച്ചുചേർത്ത മഹാകവിയുടെ ആത്മാന്വേഷണത്തിൽ നിന്ന്, അയ്യപ്പൻ്റെ അലങ്കോലത്തെരുവിലേക്കുള്ള അലച്ചിലിലാണ്, കവിത അതിൻ്റെ ബൊഹീമിയൻ സ്വത്വം തിരയുന്നത്.
അവധിയ്ക്ക് ചെറുതുരുത്തിയിലൂടെയോ ഒറ്റപ്പാലത്തൂടെയോ കാർയാത്രപോകുമ്പോൾ പാലത്തിനടുത്ത് ഞാൻ വണ്ടി നിർത്താറുണ്ട്. എത്രയോ കവിതകൾക്ക് നീരുപകർന്നുകൊടുത്ത ആ നദിയെ ഞാനങ്ങനെ നോക്കിനിൽക്കും! ഒരിക്കൽ മാത്രമേ ഭാരതപ്പുഴയിലിറങ്ങി ഞാൻ കാൽ നനച്ചിട്ടുള്ളൂ. ഞാനിറങ്ങിയ കടവ് അന്നേരം ശൂന്യമായിരുന്നു. വള്ളത്തോളിൻ്റെ തോളുയർച്ചയോ കുഞ്ഞിരാമൻനായരുടെ ഗന്ധർവ്വ വ്യാപനമോ ഒന്നും പരിസരത്തെങ്ങുമില്ല. അങ്ങേയറ്റം സഹ്യതയോടെ നദിയെൻ്റെ കാലിനെ തൊട്ടുരുമ്മിയൊഴുകി. പെട്ടെന്ന് ഞാൻ വൈലോപ്പിള്ളിയെ ഓർത്തു. ദഹനം കഴിഞ്ഞ് മഹാകവിയെ ഒഴുക്കിയത് ഈ നദിയിലാണ്.
“ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താൽ
മെലിഞ്ഞ കുളിർനീരിൻ കൈകളാൽ
നിളാനദീ !
ഇവനായുയർത്തുക
തുമ്പിക്കൈ പഞ്ചാരിക്കു
ചെവിയാട്ടിടുമാലിൻ
ചോട്ടിലെപ്പൂരക്കാറ്റേ!”
(സച്ചിദാനന്ദൻ)
ഒരു കുടന്ന നീരെടുത്ത് ഞാൻ ശിരസ്സിൽ തൂകിനിന്നു. മനസ്സിലുണ്ടാകട്ടേ ഗ്രാമത്തിൽ വെളിച്ചവും മണവും മമതയുമെന്ന് ജലവിരലിനാൽ പുൽകി കവിയെന്നെ അനുഗ്രഹിച്ചപോലെ തോന്നി.
പല്ലനയിൽ ഞാനെത്തിയ പകൽ നേരം അവിടം വിജനമായിരുന്നു. ആറ് അകലെനിന്നു കണ്ടതേയുള്ളൂ. ആശാൻ ജലസമാധിയടയുമ്പോൾ കൈയിൽ കരുണയുടെ കൈയെഴുത്തുപ്രതിയുമുണ്ടായിരുന്നു. കരുണ എഴുതിത്തീർത്തത് 1923 നവംബർ 29-നാണ്. കൃത്യം ഒന്നരമാസം കഴിഞ്ഞ് മഹാകവി ഇവിടം വിട്ടുപോയി. ഏതൊരെഴുത്തുകാരൻ്റെയും സ്വപ്നമാണ് അനുവാചകലക്ഷങ്ങളുടെ വായനയും മനനവും. കരുണവായിച്ച്, മലയാള കവിതയുടെ മുറ്റത്തുവീണ പരിണതോജ്ജ്വലമുക്താഫലത്തിൽ, കരുണമാത്രമല്ല, വായനക്കാരൻ്റെ കണ്ണീരുപ്പും കലർന്നിരുന്നു.
പല്ലനയാറിൻ്റെ തീരത്തുനിന്നപ്പോൾ ആശാൻ്റെ ഒരു വരിക്കവിത പോലും എന്നെത്തേടി വന്നില്ല. മടക്കയാത്രയിൽ കുറെദൂരം പിന്നിട്ടപ്പോഴാണ് അത് സംഭവിക്കുന്നത്.
“എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേ-
ലെന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ ? മാവ-
തെന്തുള്ളു? – ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ!”
എന്തൊരു ദൂരദർശിത്വം! എന്തൊരു സമയസഞ്ചാരം !!
തീവണ്ടിയാത്രകൾ ഞാനെന്നും ആസ്വദിച്ചിട്ടുണ്ട്. ഓരോ സ്റ്റേഷനും ഓരോ ജന്മമാണെന്നും നൂറുക്കണക്കിന് ജന്മങ്ങളെ യോജിപ്പിച്ചുകിടക്കുന്ന ആശാപാശമാണ് വണ്ടിയെന്നും തോന്നിയിട്ടുണ്ട്. ഇടയ്ക്കിടെ യാത്രികരുടെ മുഖം മാറുന്നു. പുതിയതു വരുന്നു. പുതിയ ശബ്ദങ്ങൾ, മണങ്ങൾ ……… ഓരോ നിമിഷത്തിലും പുതുക്കിയെഴുതപ്പെടുന്ന ഒരു കഥ പോലെ തീവണ്ടിയാത്ര ഉദ്വേഗഭരിതമാണ്.
ഈ ജന്മാന്തരയാനത്തിനിടയിലെ വഴിവായന ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. നോവലുകളോ ചെറുകഥാസമാഹാരങ്ങളോ ആണ് ആ നേരങ്ങളിൽ ഞാൻ വായിക്കാറുള്ളത്. പ്രത്യേകിച്ച് നമ്മളറിയാത്ത മക്കോണ്ട പോലുള്ള ഇടങ്ങളിലെ ഭ്രമാത്മകമായ സഞ്ചാരങ്ങൾ. ചെങ്ങന്നൂരിൽ നിന്നു വണ്ടികയറി ദില്ലിയിലോ ബോംബെയിലോ ജബൽപൂരിലോ ഒക്കെ എത്തുമ്പോൾ അതുകേവലമൊരു കൂകിപ്പായും സഞ്ചാരമായി എനിക്ക് തോന്നിയിട്ടില്ല. വൈവിദ്ധ്യത്തിൻ്റെ പെരുങ്കളിയാട്ടമാണതെന്ന് ഞാനറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ പനോരമയുടെ ധാതുക്കളെ രുചിച്ചറിയാൻവേണ്ടി വണ്ടിനിർത്തുന്ന ഓരോസ്റ്റേഷനിലുമിറങ്ങി ഞാൻ കുടിവെള്ളക്കുപ്പി നിറയ്ക്കുമായിരുന്നു. നാട്ടിൽ നിന്നുള്ള തീവണ്ടിയുടെ രണ്ടാംദിനം എന്തായാലും റായലസീമയിലെ മഴനിഴൽ പ്രദേശത്തൂടെയായിരിക്കും. എരിമുളകുമണക്കുന്ന കടുത്ത ഒരു വേനൽക്കാലയാത്രയിലാണ് ഏകാന്തതയുടെ നൂറുവർഷം ഞാൻ തീർത്തത്. കോവിലൻ്റെ തോറ്റങ്ങളും മലയാറ്റൂരിൻ്റെ യന്ത്രവും യയാതിയുടെ മൂന്നാം വായനയും നടത്തിയതും ട്രെയിൻയാത്രകളിലാണ്. അന്ത:സ്സംഘർഷങ്ങളുടെ ഒഴുക്കുള്ള പുസ്തകങ്ങൾക്ക് തീവണ്ടിയുടെ ചൂടുംചൂരും നന്നായിണങ്ങുമെന്നു തോന്നുന്നു.
പക്ഷേ ഖസാക്കുപോലെയോ പ്രകൃതിനിയമം പോലെയോ പാണ്ഡവപുരമോ വൃദ്ധസദനമോ പോലെയോ ഉള്ള പുസ്തകങ്ങളൊന്നും ദീർഘദൂരയാത്രകൾക്ക് വഴങ്ങുന്നതായി എനിക്ക് തോന്നിയിട്ടില്ല. ആ പുസ്തകങ്ങൾ ആവശ്യപ്പെടുന്ന സൂക്ഷ്മഗതികൾ നൂറുകിലോമീറ്റർ വേഗതയിലോടുന്ന യന്ത്രസരീസൃപത്തിലിരുന്ന് നിയന്ത്രിക്കാനാവില്ല. പാണ്ഡവപുരത്തിൻ്റെ രചനയെ സ്വാധീനിച്ച ജബൽപ്പൂരിനടുത്തുള്ള ആ ഉത്തരേന്ത്യൻ നഗരത്തിൽ* സേതുവിനെപ്പോലെ തന്നെ രണ്ടുകൊല്ലത്തോളം ഞാനും ജീവിച്ചിട്ടുണ്ട്. ആ നോവലിൻ്റെ ആദ്യവായനയ്ക്കു ശേഷം പതിറ്റാണ്ടു കഴിഞ്ഞാണ് ഞാനവിടെയെത്തുന്നത്.
അന്തരീക്ഷത്തിൽ നിഗൂഢത തളം കെട്ടിനിൽക്കുന്ന ഒരു നഗരമായിരുന്നു അത്.ആകാശം തീരെത്താഴ്ത്തിപ്പണിഞ്ഞ, അകത്തുനിന്ന് സ്വയംബന്ധിച്ച വാതിലുകളുള്ള ഒരിടം. പാണ്ഡവപുരത്തിൻ്റെ കഥാപരിസരവും അത്തരമൊന്നാണ്. ഉള്ളുതുറക്കാത്ത മനുഷ്യരും പ്രകൃതിയും. അതിനിടയിൽ പ്രതീക്ഷയുടെ ഇരിപ്പിടങ്ങളുള്ള ആൾത്തിരക്കുകുറഞ്ഞ നീളൻ പ്ളാറ്റുഫാറവും തീവണ്ടിസ്റ്റേഷനും ! ദേവിയുടെ ജാരൻ ഏതു വണ്ടിയ്ക്കായിരിക്കും വന്നിറങ്ങുക എന്ന് രസംപൂണ്ട് നാലഞ്ചുതവണയെങ്കിലും ഞാനവിടെ പോയിരുന്നിട്ടുണ്ട് !!
എൻ്റെ സങ്കല്പത്തിൽ പാണ്ഡവപുരത്തിലെ ദേവി അതിസുന്ദരിയായ ഒരാളാണ്. നോവൽവായന കഴിഞ്ഞിട്ടും ആ രൂപം മനസ്സിൽ അങ്ങനെ തന്നെ നിന്നു. മറ്റൊരു യാത്രയിലാണ് ദേവിയെപ്പോലെ തോന്നിച്ച ഒരു സ്ത്രീയെ ഞാൻ നേരിൽ കാണുന്നത്. കൂപ്പെയിൽ ഞങ്ങൾ രണ്ടും മാത്രമേയുള്ളൂ ! അവർ ഏതോ പുസ്തകത്തിൻ്റെ താളുകളിൽ മുഴുകിയിരിക്കുകയാണ്. അതിൻ്റെ പുറഞ്ചട്ട ഒരു ഇംഗ്ലീഷ് പത്രത്തിൻ്റെ ഏടു കൊണ്ട് പൊതിഞ്ഞിരുന്നു. അതൊരു പ്രണയകാവ്യമായിരിക്കുമെന്ന് ഞാൻ ന്യായമായും സന്ദേഹിച്ചു.
തീവണ്ടിക്കു വെളിയിൽ വസന്തത്തിൻ്റെ തിരക്കാണ്. കടുത്ത ശൈത്യത്തിനും വേനലിനുമിടയ്ക്കുള്ള അല്പായുസ്സായ ഒരിടവേളയാണ് വടക്കേന്ത്യയിലെ വസന്തകാലം. ദൈർഘ്യം കുറഞ്ഞ ആ കാലയളവിൽ എത് അലോസരപ്പാഴ്മരവും പുഷ്പിതാഗ്രയായി വേഷം മാറും. വല്ലപ്പോഴും മാത്രം വീട്ടുപരിസരം വിട്ടിറങ്ങാൻ അനുമതിയുള്ള ഒരു ഗ്രാമവധുവിൻ്റെ ഉത്സാഹപ്പകർച്ചയോട് നമുക്കതിനെ താരതമ്യപ്പെടുത്താം.
പുസ്തകത്തിൻ്റെ ഓരോ താളും വായിച്ചുകഴിഞ്ഞ് അവർ പുറത്തെ കാട്ടുവാകകളുടെ അതിശയവസന്തത്തിലേക്ക് കണ്ണയയ്ക്കും ! അന്നേരം അവരെന്നെ നോക്കി ഒന്നു പുഞ്ചിരിച്ചെങ്കിലെന്ന് ഞാനാഗ്രഹിച്ചു. പക്ഷേ, അബദ്ധത്തിൽ പോലും അവരെന്നെ ശ്രദ്ധിച്ചില്ല. അതെന്നെ വല്ലാതെ നിരാശനാക്കി. തിരസ്കാരത്തിൻ്റെ ചൂളയിൽ വീണ് എനിക്ക് വല്ലാതെ പനിച്ചു.
വസന്തോത്സവത്തിൻ്റെ കാഴ്ചകളിൽ നിന്ന് വണ്ടി പെട്ടെന്നാണ് തുരങ്കത്തിലേക്ക് കടന്നത്. ചിന്തകളുടെ നൂലേണി തകർന്ന് ആ സ്ത്രീ ഞെട്ടറ്റുവീണപോലെ തോന്നി. അവർ പുസ്തകമടച്ചു വച്ച് എന്നോട് സംസാരിക്കാൻ തുടങ്ങി.
“എനിക്ക് തുരങ്കങ്ങൾ പേടിയാണ് “
അവർ പറഞ്ഞു.
അവരോട് സംസാരിക്കാൻ അവസരം കിട്ടിയതിൽ എനിക്ക് സന്തോഷം തോന്നി.തുരങ്കത്തിലെ നിയോൺ വിളക്കിൻ്റെ സ്വർണവെളിച്ചത്തിൽ അവരുടെ സൗന്ദര്യം ഇരട്ടിച്ചതുപോലെ തോന്നി. ഞാനവരെ നിർലജ്ജം നോക്കിയിരുന്നു !
“അവിടെ കുന്നിൽ മുകളിൽ കരിങ്കൽ ചുമരുകൾക്കു നടുവിലുള്ള ശ്രീകോവിലിൽ ചുവന്ന ഉടയാടകളണിഞ്ഞ്,നെറുകയിൽ സിന്ദൂരമണിഞ്ഞ് ഭഗവതി ചമ്രം പടിഞ്ഞിരുന്നു. ധ്യാനത്തിൻ്റെ അഗ്നിയിൽ അവളുടെ മുഖം പൊടുന്നനെ ജ്വലിച്ചു. സിന്ദുരം കൊഴിഞ്ഞുവീണു. മുഖമാകെ ജ്വലിച്ചു. ആ തീയിൽ പാണ്ഡവപുരത്തെ ജാരന്മാർ ഓരോരുത്തരായി ഈയലുകൾ പോലെ വന്നുവീണു കരിഞ്ഞു “
(സേതു )
ചിന്ത ഇത്രത്തോളമായപ്പോൾ ഞാൻ വല്ലാതെ ഞെട്ടിത്തരിച്ചു. സദാചാരബോധത്തിൻ്റെ തിരുത്തലിൽപ്പെട്ട് ഞാനവരോട് സൗഹൃദസംഭാഷണം തുടങ്ങി.
“എന്താണ് തുരങ്കങ്ങളിൽ പേടിക്കാനുള്ളത്?”
അവർ നിസ്സാരമായി അതിനുമറുപടി പറഞ്ഞു.
“മലയിടിഞ്ഞ് തുരങ്കത്തിൻ്റെ ഇരു വാതിലുകളും അടഞ്ഞുപോയെങ്കിലോ എന്നാണെൻ്റെ പേടി”
എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ചിരിയടക്കിവച്ച് ഞാനവരെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു.
“പാറകളുടെ സ്ഥാവരരഹസ്യം നന്നായിപഠിച്ചിട്ടാണ് എൻജിനീയർമാർ തുരങ്കങ്ങൾ രൂപകല്പന ചെയ്യുന്നത്. അതിൽ ഒരു വീഴ്ചയ്ക്കുള്ള സാദ്ധ്യത തുലോം കുറവാണ് “.
എൻ്റെ വിശദീകരണം കേട്ടിട്ടും അവരിലെ പേടിയുടെ തിരയടങ്ങിയില്ല. പതിഞ്ഞ ഒരാവൃത്തിയിൽ അവർ പറഞ്ഞു.
“സുഹൃത്തേ! പ്രകൃതിയുടെ മനസ്സ് ആർക്കും പിടികിട്ടാത്തതാണ്. ഉത്തരാഖണ്ഡിലെ ഒരു മലയിടിച്ചിലിലാണ് എനിക്കെൻ്റെ ഭർത്താവിനെ നഷ്ടപ്പെടുന്നത് !!!”
എനിയ്ക്ക് ഉത്തരംമുട്ടി. ആകസ്മികമായെത്തിയ ഒരു ഭീതിയിൽ ഞാനിരുന്നു വിറച്ചു. തുരങ്കം ഒന്നുകഴിഞ്ഞെങ്കിൽ എന്നു ഞാനാഗ്രഹിച്ചു. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ അവർ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമെന്താണെന്ന് ഞാൻ ചോദിച്ചു. ഒന്നും മിണ്ടാതെ അവരതെനിക്കു നീട്ടി. Lao Tsu വിൻ്റെ ചിന്തകളായിരുന്നു അത്. ഞാനതിലെ ഒരു താൾ വെറുതെ തുറന്നു നോക്കി.
അതിലിങ്ങനെ എഴുതിയിരുന്നു.
“We shape clay into a pot,
but it is the emptiness inside
that holds whatever we want”
പെട്ടെന്ന് എൻ്റെ മനം ശൂന്യമായി. സുന്ദരിയായ ദേവിയും അവരുടെ കാണാതായ ഭർത്താവും പാണ്ഡവപുരവും ഞാനും എങ്ങോ മറഞ്ഞു. തുരങ്കത്തിൻ്റെ ഗ്രസനം കഴിഞ്ഞ തീവണ്ടി ആയം പിടിച്ച് കൂകിപ്പാഞ്ഞു പോയി.
വഴിവായനകളെപ്പറ്റി എഴുതുന്നേരം ചുള്ളിക്കാടിൻ്റെ ‘സദ്ഗതി’ എന്ന കവിത ഓർക്കാതിരിക്കാൻ വയ്യ. ഒരുവൾ പരലോകയാത്രയ്ക്ക് പുറപ്പെടുകയാണ്. വഴിവായനയ്ക്ക് വേണ്ട പുസ്തകങ്ങൾ തിരഞ്ഞു തിരഞ്ഞ് അവൾ തളർന്നുപോകുന്നു. ഒടുക്കം കൈയിൽ തടയുന്നത് പ്രണയത്തിൻ്റെ പുസ്തകമാണ് …
“ഒരു നാളും നോക്കാതെ മാറ്റിവച്ച
പ്രണയത്തിന് പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..
പരകോടിയെത്തിയെന് യക്ഷജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പപൌര്ണമിയില്
പരിദീപ്തമാകുംനിന് അന്തരംഗം ….. “
എന്തൊരു സാഫല്യം! എന്തൊരാനന്ദം !!
*ജബൽപ്പൂരിനടുത്ത കട്നി നഗരം (അത് ഇന്ത്യയുടെ മദ്ധ്യബിന്ദുവുമാണ്)
കവർ: ജ്യോതിസ് പരവൂർ