പൂമുഖം സ്മരണാഞ്ജലി ആ നക്ഷത്രങ്ങൾ അസ്തമിച്ചു

ആ നക്ഷത്രങ്ങൾ അസ്തമിച്ചു

ഡോ.എം.ആർ. ശ്രീനിവാസൻ (1930-2025)

1974 മെയ് മാസത്തിൽ ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം കനഡയുടെ സഹകരണം നിർത്തിയപ്പോൾ, ആ ഘട്ടത്തെ ഇന്ത്യ ദൃഢനിശ്ചയത്തോടെയും വിജയകരമായും നേരിട്ടത് അദ്ദേഹത്തിന്റെ പ്രചോദനാത്മക നേതൃത്വത്തിന് കീഴിലാണ്.

എനർജി കമ്മീഷൻ (AEC) മുൻ ചെയർമാനും ആറ്റോമിക് എനർജി കമ്മീഷൻ അംഗവും ആറ്റോമിക് എനർജി വകുപ്പ് മുൻ സെക്രട്ടറിയും ഇന്ത്യയുടെ ആണവ പദ്ധതിയുടെ തുടക്കക്കാരനുമായ ഡോ.മാലൂർ രാമസ്വാമി ശ്രീനിവാസൻ (Dr.M.R.Sreenivasan) 2025, മെയ് 20ന് ലോകത്തോട് വിടപറഞ്ഞു. നീലഗിരിയിൽ താമസിച്ചുവരികയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാശ്രയ ആണവശേഷിയെ രൂപപ്പെടുത്തിയ നേതൃത്വത്തിന്റെയും സാങ്കേതിക മികവിന്റെയും അസാധാരണമായ പാരമ്പര്യം അവശേഷിപ്പിച്ചാണ് ശ്രീനിവാസൻ വിടപറയുന്നത്. ദീർഘവീക്ഷണമുള്ള നേതൃത്വം, സാങ്കേതിക മികവ്, രാഷ്ട്രത്തിനായുള്ള വിശ്രമമില്ലാത്ത സേവനം എന്നിവയുടെ പാരമ്പര്യം ഡോ. ശ്രീനിവാസനിലൂടെ ഭാവി തലമുറയെ പ്രചോദിപ്പിക്കും. ഇന്ത്യയിലെ ആദ്യ തലമുറയിലെ ആണവ സാങ്കേതിക വിദഗ്ധരിൽ ഒരാളായ ശ്രീനിവാസൻ രാജ്യത്തിന്റെ ആണവോർജ്ജ പദ്ധതി കെട്ടിപ്പടുത്ത പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു. ഒരു മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ഇന്ത്യയിലെ ആണവോർജ്ജത്തിന്റെ നട്ടെല്ലായി മാറിയ പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളുടെ (Pressurized Heavy Water Reactor) പരിഷ്കരണവും അതിനോടുള്ള പൊരുത്തപ്പെടുത്തലും ആയിരുന്നു.

ഡോ.എം.ആർ. ശ്രീനിവാസൻ 1930 ജനുവരി 5 ന് ബെംഗളൂരുവിൽ ജനിച്ചു. സംസ്കൃതവും ഇംഗ്ലീഷും പഠിച്ച് മൈസൂരിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഭൗതികശാസ്ത്രത്തോട് അതിയായ താല്പര്യം ഉണ്ടായിരുന്നെങ്കിലും എം.വിശ്വേശ്വരയ്യ പുതുതായി ആരംഭിച്ച എഞ്ചിനീയറിംഗ് കോളേജിൽ (ഇപ്പോൾ യു.വി.സി.ഇ) ചേർന്ന അദ്ദേഹം 1950 ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. കാനഡയിലെ മോൺട്രിയലിലെ മക്ഗിൽ സർവകലാശാലയിൽ നിന്ന് ഗ്യാസ് ടർബൈൻ സാങ്കേതികവിദ്യയിൽ 1950 ൽ ബിരുദാനന്തര ബിരുദവും 1954 ൽ പിഎച്ച്ഡിയും നേടി. 1955 ൽ ആറ്റോമിക് എനർജി വകുപ്പിൽ ചേർന്ന ശ്രീനിവാസൻ അവിടെ ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിസർച്ച് റിയാക്ടറായ അപ്സരയിൽ (Apsara) ഡോ.ഹോമി ഭാഭയോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. ഇന്ത്യയുടെ ആണവമേഖലയിൽ ശാസ്ത്രീയ നേതൃത്വം, സാങ്കേതിക നവീകരണം, സ്ഥാപന നിർമ്മാണം എന്നിവയുടെ തുടക്കം കുറിക്കുന്നതായിരുന്നു ഈ നേട്ടം. 1955 ൽ ഇരുപത്തിയഞ്ചാം വയസ്സിൽ ആറ്റോമിക് എനർജി വകുപ്പിൽ (ഡിഎഇ) ചേർന്ന ശ്രീനിവാസൻ 1987 ൽ അതിന്റെ ചെയർമാനായി ഉയർന്നു

1959 ൽ ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക് പവർ സ്റ്റേഷന്റെ നിർമ്മാണത്തിനായി പ്രിൻസിപ്പൽ പ്രോജക്ട് എഞ്ചിനീയറായി ഡോ.എം.ആർ. ശ്രീനിവാസൻ നിയമിതനായി. തുടർന്ന് കൽപ്പാക്കത്ത് ഇന്ത്യയുടെ ആറ്റോമിക് പവർ സ്റ്റേഷന്റെ ചീഫ് പ്രോജക്ട് എഞ്ചിനീയറായി ചുമതലയേറ്റു. അറ്റോമിക് എനർജി വകുപ്പിലെ (DAE) പവർ പ്രോജക്ട്സ് എഞ്ചിനീയറിംഗ് ഡിവിഷന്റെ ഡയറക്ടറായി. 1984 ൽ ന്യൂക്ലിയർ പവർ ബോർഡിന്റെ ചെയർമാനായി നിയമിതനായി.

1974 മെയ് മാസത്തിൽ ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം കനഡയുടെ സഹകരണം നിർത്തിയപ്പോൾ, ആ ഘട്ടത്തെ ഇന്ത്യ ദൃഢനിശ്ചയത്തോടെയും വിജയകരമായും നേരിട്ടത് അദ്ദേഹത്തിന്റെ പ്രചോദനാത്മക നേതൃത്വത്തിന് കീഴിലാണ്.

ആണവോർജ്ജത്തെക്കുറിച്ച് പൊതു വേദികളിൽ സംസാരിക്കുകയും പത്രമാധ്യമങ്ങളിൽ എഴുതുകയും ചെയ്ത ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു ശ്രീനിവാസൻ. അക്കാലത്ത് ആണവ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ ആരും തന്നെ മാധ്യമ പ്രവർത്തകരോട് സംവദിക്കുകയോ ശാസ്ത്രവിഷയങ്ങളെ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിന് എഴുത്തിലൂടെയോ അഭിമുഖങ്ങളിലൂടെയോ ശ്രമിക്കുകയോ ചെയ്യുന്നവരായിരുന്നില്ല. വൈവിധ്യമാർന്ന താൽപ്പര്യങ്ങളുള്ള ഒരു വ്യക്തിയായിരുന്ന അദ്ദേഹം പിന്നീടുള്ള വർഷങ്ങളിൽ പാരിസ്ഥിതിക പ്രശ്നങ്ങളിലും ആഴത്തിൽ ശ്രദ്ധാലുവായി.

ദീർഘവീക്ഷണമുള്ള എഞ്ചിനീയർ, ഇൻസ്റ്റിട്യൂഷണൽ ബിൽഡർ, ഗവേഷണ സ്ഥാപനങ്ങൾക്കുവേണ്ടി നയങ്ങൾ വികസിപ്പിച്ചെടുത്ത ശില്പി എന്നീ നിലകളിൽ പ്രശസ്തനായ ശ്രീനിവാസൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവോർജ്ജ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നതിൽ അടിസ്ഥാനപരമായ പങ്ക് വഹിച്ച പ്രതിഭാശാലിയാണ്. ശ്രീനിവാസന്റെ സ്ഥിരമായ നേതൃത്വം ആണവ പദ്ധതിയുടെ നിർണായക ഘട്ടങ്ങളിൽ തുടർച്ചയും, സ്ഥിരതയും, സുസ്ഥിരമായ വളർച്ചയും ഉറപ്പാക്കി. എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, വ്യവസായസ്ഥാപനങ്ങൾ എന്നിവർ തമ്മിലുള്ള സഹകരണത്തിന്റെ സംസ്കാരം വളർത്തിയെടുക്കുന്നതിൽ അദ്ദേഹം അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്നു. ആണവോർജ്ജ വികസനത്തിനായുള്ള ദേശീയ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തി. ഇന്ത്യയുടെ സമാധാനപരമായ ആണവോർജ്ജ പദ്ധതിയുടെ ചട്ടക്കൂടിൽ ഡോ.ശ്രീനിവാസന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതിബദ്ധത, ചിന്തയുടെ വ്യക്തത, മികവിനായുള്ള അശ്രാന്തപരിശ്രമം എന്നിവ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും പ്രചോദനമാണ്. ഇന്ത്യയുടെ ഊർജ്ജസുരക്ഷയ്ക്കും ശാസ്ത്രീയ വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടും. പത്മഭൂഷൺ, പത്മശ്രീ, പത്മവിഭൂഷൺ തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഡോ. വിഷ്ണു നർലിക്കർ

ശാസ്ത്ര പുസ്തകങ്ങൾക്കും പോപ്പുലർ ശാസ്ത്രസാഹിത്യരചനകൾക്കും പുറമെ ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളിൽ ശാസ്ത്ര സാഹിത്യ കൃതികളും നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നിരവധി സയൻസ് ഫിക്ഷൻ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 2015 ൽ പ്രസിദ്ധീകരിച്ച ‘വൈറസ്’ എന്ന കഥയിൽ, ലോകത്തെ കീഴടക്കുന്ന ഒരു പകർച്ചവ്യാധിയെക്കുറിച്ച് അദ്ദേഹം വിഭാവനം ചെയ്തു; 1986-ൽ പുറത്തിറങ്ങിയ The Return of Vaman എന്ന പുസ്തകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ധാർമ്മിക പ്രതിസന്ധികളെ ക്കുറിച്ചാണ് വിശദീകരിക്കുന്നത് .

കേംബ്രിഡ്ജിൽ അദ്ദേഹത്തിന്റെ ഏറ്റവും നിർണ്ണായകമായ എപ്പിസോഡ് പിഎച്ച്ഡി ഗൈഡായ ഭൗതികശാസ്ത്രജ്ഞൻ സർ ഫ്രെഡ് ഹോയിലുമായുള്ള ((Fred Hoyle: 1915-2001) ബന്ധമായിരുന്നു. മഹാവിസ്ഫോടന സിദ്ധാന്തത്തിന് (Big Bang Theory) വിപ്ലവകരമായ ഒരു ബദലിന് നർലിക്കറും ഹോയ്ലും ഒരുമിച്ച് അടിത്തറ പാകിയത് കേംബ്രിഡ്ജിൽ വച്ചായിരുന്നു.

പ്രപഞ്ചശാസ്ത്രത്തെക്കുറിച്ചുളള അഗാധമായ സൈദ്ധാന്തിക ഉൾക്കാഴ്ചയും ശാസ്ത്ര ആശയവിനിമയത്തോടുള്ള ആജീവനാന്ത പ്രതിബദ്ധതയും സംയോജിച്ച ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ജ്യോതിശാസ്ത്രജ്ഞരിൽ ഒരാളായ ഡോ.ജയന്ത് വിഷ്ണു നർലിക്കർ 1938 ജൂലൈ 19ന് മഹാരാഷ്ട്രയിലെ കൊൽഹാപ്പൂരിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവായ, വിഷ്ണു വാസുദേവ് നാർലിക്കർ പ്രസിദ്ധ ഗണിതജ്ഞനും വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ (BHU) ഗണിത ശാസ്ത്രവകുപ്പിന്റെ തലവനും ആയിരുന്നു. ജയന്തിന്റെ അമ്മ, സുമതി നാർലിക്കർ സംസ്കൃത പണ്ഡിതയായിരുന്നു.12-ആം ക്ലാസ്സു വരെ ജയന്ത് നർലിക്കർ ബനാറസ്സിലെ കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചലർ ഓഫ് സയൻസ് ബിരുദവും, കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഗണിതത്തിൽ അഭിമാനകരമായ മാതമാറ്റിക്കൽ ട്രൈ പോസ് ബിരുദവും കരസ്ഥമാക്കി. ജ്യോതിർഭൗതികശാസ്ത്രത്തിലും പ്രപഞ്ചശാസ്ത്രത്തിലും അദ്ദേഹം അഗാധമായ താൽപ്പര്യം പ്രകടിപ്പിച്ചു. ഏറ്റവും കൂടുതൽ സ്കോർ നേടുന്ന മിടുക്കരായ ഗണിതശാസ്ത്ര വിദ്യാർത്ഥികൾക്ക് കേംബ്രിഡ്ജിൽ നിന്ന് ലഭിക്കുന്ന അക്കാഡമിക് അംഗീകാരമായ Senior wrangler പദവി, Astrophysics നു നൽകുന്ന ടൈസൺ മെഡൽ, സ്മിൽസ് പ്രൈസ് എന്നിവ അദ്ദേഹം കരസ്ഥമാക്കി. ഫ്രെഡ് ഹൊയ്‍ലിന്റെ (Fred Hoyle: 1915 -2001) കീഴിൽ ഗവേഷണം നടത്തിയ അദ്ദേഹത്തിനു 1964ൽ ജ്യോതിശാസ്ത്രത്തിലും ജ്യോതിർ ഭൗതിക ശാസ്ത്രത്തിലും എം.എ ബിരുദം ലഭിച്ചു. കിങ്സ് കോളേജിന്റെ ഫെല്ലൊ ആയും കേംബ്രിജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കൽ ആസ്ട്രോണമിയിൽ സ്ഥാപക സ്റ്റാഫ് അംഗമായും സേവനമനുഷ്ഠിച്ചു.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (1972-1989) സൈദ്ധാന്തിക ജ്യോതിശാസ്ത്ര ഗ്രൂപ്പിനെ നയിച്ചുകൊണ്ട് ജയന്ത് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1988ൽ ഇന്ത്യൻ യൂണിവെഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ, പൂണെയിൽ ഇന്റർ യൂണിവേഴ്കിറ്റി സെന്റർ ഫോർ ആസ്ട്രോണമി & ആസ്ട്രോഫിസിക്സ് (ഐ.യു.സി.എ.എ) സ്ഥാപിച്ചപ്പോൾ നാർലിക്കർ അതിന്റെ സ്ഥാപക ഡയറക്ടറായി. 1988 ൽ അജിത് കെംഭവി, നരേഷ് ദാധിച് എന്നിവരുടെ സഹായത്തോടെ മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് (IUCAA) സ്ഥാപിക്കുന്നതിൽ നർലിക്കർ സുപ്രധാന പ്രധാന പങ്ക് വഹിച്ചു. ഇന്ത്യയിൽ ജ്യോതിർഭൗതിക ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് സഹകരിക്കാൻ ഒരു വേദി നൽകുന്നതിനുമാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. സ്ഥാപക ഡയറക്ടറായും പിന്നീട് എമിറേറ്റ്സ് പ്രൊഫസറായും സേവനമനുഷ്ഠിച്ച്, ഐയുസിഎഎ ലോകോത്തര ഗവേഷണത്തിന്റെ കേന്ദ്രമായി മാറിയെന്ന് ഉറപ്പാക്കി. സ്കൂൾ കുട്ടികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ടുള്ള പരിപാടികൾ ഐയുസിഎഎയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർബന്ധിച്ചു. പ്രതിമാസ പ്രഭാഷണങ്ങൾ, സയൻസ് ക്യാമ്പുകൾ, വർക്ക്ഷോപ്പുകൾ എന്നിവ പതിവ് പരിപാടികളായി മാറി

ജയന്ത് നർലിക്കറുടെ ഔദ്യോഗിക ജീവിതം ശാസ്ത്രീയ ഗവേഷണം, അധ്യാപനം, വിജ്ഞാന വ്യാപനം എന്നിവയിൽ അധിഷ്ഠിതമായിരുന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെയും ഘടനയെയും കുറിച്ച് ഗഹനമായ പഠനങ്ങൾ നടത്തിയ ശാസ്ത്രകാരനാണ് നർളിക്കർ. അന്താരാഷ്ട്രീയ ജ്യോതിശാസ്ത്ര യൂണിയന്റെ കീഴിലുള്ള കോസ്മോളജി കമ്മീഷന്റെ പ്രസിഡന്റ് ആയിരുന്നു. ക്വാണ്ടം കോസ്മോളജി, മാഷ്’സ് സിദ്ധാന്തം (Mach’s Principle) എന്നീ മേഖലകളിൽ അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.

നാർലിക്കർ പ്രപഞ്ചഘടനാശാസ്‌ത്രത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് ആഗോള പ്രശസ്തനായത്. പ്രത്യേകിച്ചും; മഹാസ്ഫോടനസിദ്ധാന്തത്തിനു ബദലായി കൊണ്ടുവന്ന സ്ഥിരസ്ഥിതി പ്രപഞ്ചഘടനാശാസ്‌ത്രത്തിന്റെ(Steady State Theory) പേരിൽ. അനന്തമായ പ്രപഞ്ചത്തിൽ പുതിയ ദ്രവ്യത്തിന്റെ തുടർച്ചയായ സൃഷ്ടി ഹോയ്ൽ-നർലിക്കർ സിദ്ധാന്തം മുന്നോട്ട് വച്ചു. പ്രപഞ്ചം എല്ലായ്പ്പോഴും നിലനിൽക്കുന്നുവെന്നും അനന്തതയിലേക്ക് തുടർച്ചയായി വികസിക്കുന്നുവെന്നും അദ്ദേഹം വിശ്വസിച്ചു. ബിഗ് ബാംഗ് (Big bang) മോഡലിന് വിപരീതമായിരുന്നു ഇത്. തുടർന്നുള്ള നിരീക്ഷണങ്ങൾ ബിഗ്ബാംഗ് സിദ്ധാന്തത്തെ ശക്തമായി പിന്തുണച്ചിട്ടുണ്ടെങ്കിലും, ഡോ. നർലിക്കർ തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം ആ സിദ്ധാന്തത്തിന്റെ നിരന്തര വിമർശകനായി തുടർന്നു.

ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് (ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി) ക്ക് ബദലായ ഹോയ്ൽ-നർലിക്കർ ഗുരുത്വാകർഷണ സിദ്ധാന്തം വികസിപ്പിക്കുന്നതിൽ നർലിക്കർ ഫ്രെഡ് ഹോയിലുമായി സഹകരിച്ചു പ്രവർത്തിച്ചു. ഈ സിദ്ധാന്തത്തിലൂടെ മാക്ക്’സ് തത്വത്തെ (Mach’s Theory) ഐൻസ്റ്റീന്റെ ആശയങ്ങളുമായി സംയോജിപ്പിക്കാനും വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന് വ്യത്യസ്തമായ വിശദീകരണം നൽകാനും കഴിഞ്ഞു

1999-2003-ൽ നാർലിക്കർ, 41 കി.മീ ഉയരത്തിലുള്ള സൂക്ഷ്മജീവികളടങ്ങിയ വായുവിന്റെ സാമ്പിൾ എടുത്ത് പരീക്ഷണവിധേയമാക്കുന്ന പ്രഥമ ഗവേഷണ പദ്ധതി രൂപകൽപന ചെയ്യാനായി ഒരു അന്താരാഷ്ട്ര ഗവേഷക സംഘത്തിന് നേതൃത്വം നൽകി. അങ്ങനെ ശേഖരിച്ച സാമ്പിളുകൾ ജീവശാസ്ത്രപരമായി പരിശോധിച്ചതിൽ നിന്നും അവിടെ ബാക്ടീരിയ പോലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തി. സൂക്ഷ്മജീവികൾ പുറത്തുനിന്നും ഭൂമിയിലേയ്ക്കു പതിച്ച് ഭൂമിയിൽ ജീവനു കാരണമായതാവാം എന്ന സങ്കൽപ്പത്തിനു ബലം നൽകുന്നതായിരുന്നു ആ നിരീക്ഷണം. അന്യഗ്രഹ ജീവികളെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.

നിരവധി പ്രമുഖ ശാസ്ത്രജ്ഞർക്ക് അദ്ദേഹം വഴികാട്ടിയായി: താണു പത്മനാഭൻ, നരേഷ് ദാധിച്ച്, സഞ്ജിത് മിത്ര, അമോൽ ഡിഘെ, വരുൺ സാഹ്നി എന്നിവർ അവരിൽ പ്രസിദ്ധരാണ്.

പത്മഭൂഷൺ, പത്മവിഭൂഷൺ ഉൾപ്പെടെ അനേകം ദേശീയവും അന്തർദ്ദേശീയവുമായ പുരസ്കാരങ്ങളും ഓണററി ബിരുദങ്ങളും നാർലിക്കറിനു ലഭിച്ചിട്ടുണ്ട്.

ശാസ്ത്ര പ്രചാരണം

1990 കളിൽ ടെലിവിഷനിലെ സയൻസ് പ്രോഗ്രാമുകളിൽ പതിവായി പ്രത്യക്ഷപ്പെട്ട അദ്ദേഹം കാൾ സാഗന്റെ ഔട്ട്റീച്ച് കൃതികളും സർ ഹോയ്ൽ, ഐസക് അസിമോവ്, ആർതർ സി ക്ലാർക്ക്, റേ ബ്രാഡ്ബറി എന്നിവരുടെ ഫിക്ഷനുകളും ശാസ്ത്ര ആശയവിനിമയത്തിനുള്ള പ്രധാന ഉപാധികളെന്ന നിലയിൽ കണക്കാക്കി. പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും റേഡിയോ ടെലിവിഷൻ പരിപാടികളിലൂടെയും ശാസ്ത്ര പ്രചാരണം നടത്തി

നർലിക്കർ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളുടെ പേരിലും പരക്കെ പ്രശംസിക്കപ്പെട്ടു. ശാസ്ത്രം പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പുസ്തകങ്ങൾ എഴുതി. ഒരു സയൻസ് കമ്മ്യൂണിക്കേറ്റർ കൂടിയായിരുന്നു അദ്ദേഹം. നർലിക്കറുടെ സയൻസ്-ഫിക്ഷൻ കഥയായ ധൂമകേതു (The comet) ചലച്ചിത്രമാക്കിയിട്ടുണ്ട്.

ശാസ്ത്രം പരീക്ഷണ ശാലകളിൽ മാത്രം ഒതുങ്ങി നിലനിൽക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. ചെറുപ്പക്കാരായാലും മുതിർന്നവരായാലും എല്ലാവരും ശാസ്ത്രം ആസ്വദിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന വീക്ഷണമുള്ളയാളായിരുന്നു നർലികർ.

Lighter Side of Gravity, Seven Wonders of the Cosmos, The Scientific Edge, Cosmic Safari, The Return of Vaman, The Adventure, The കോമറ്റ് എന്നിവ പ്രധാന കൃതികളാണ്.

ശാസ്ത്ര പുസ്തകങ്ങൾക്കും പോപ്പുലർ ശാസ്ത്രസാഹിത്യരചനകൾക്കും പുറമെ ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളിൽ ശാസ്ത്ര സാഹിത്യ കൃതികളും നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നിരവധി സയൻസ് ഫിക്ഷൻ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 2015 ൽ പ്രസിദ്ധീകരിച്ച ‘വൈറസ്’ എന്ന കഥയിൽ, ലോകത്തെ കീഴടക്കുന്ന ഒരു പകർച്ചവ്യാധിയെക്കുറിച്ച് അദ്ദേഹം വിഭാവനം ചെയ്തു; 1986-ൽ പുറത്തിറങ്ങിയ The Return of Vaman എന്ന പുസ്തകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ധാർമ്മിക പ്രതിസന്ധികളെ ക്കുറിച്ചാണ് വിശദീകരിക്കുന്നത് .

ജിജ്ഞാസയും അഭിനിവേശവും എങ്ങനെ മികച്ച കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് ജയന്ത് നർലിക്കറുടെ ജീവിതം. ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതിനും ശാസ്ത്രാഷ്ഠിതമല്ലാത്ത വിശ്വാസത്തെയും അന്ധവിശ്വാസങ്ങളെയും ചെറുക്കുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് അദ്ദേഹത്തെ മറ്റു ശാസ്ത്രകാരന്മാരിൽ നിന്ന് വേറിട്ടുനിർത്തിയത്. 2025 മെയ് 20 ന് ഡോ. ജയന്ത് നറലികർ വിടവാങ്ങി ആഗോള പ്രശസ്തനായ പ്രപഞ്ച ശാസ്തജ്ഞനെ മാത്രമല്ല, മറിച്ച് ശാസ്ത്ര ചിന്തകൾ സാമാന്യ ജനത്തിന് പകർന്നു നൽകികൊണ്ടിരുന്ന ഒരു ശാസ്ത്ര പ്രചാരകനെ കൂടിയാണ് നർലിക്കർ വിടപറഞ്ഞതോടെ രാജ്യത്തിന് നഷ്ടമായത്.

Comments

You may also like