പൂമുഖം സ്മരണാഞ്ജലി ഹെബ സാഗൂത് – ‘ദശലക്ഷങ്ങളിൽ ഒരാൾ’

ഹെബ സാഗൂത് – ‘ദശലക്ഷങ്ങളിൽ ഒരാൾ’

ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെട്ട ആർട്ടിസ്റ്റ് ഹെബ സാഗൂത് എന്ന ചിത്രകാരിയുടെ പെയിന്റിങ്ങുകളെ കുറിച്ച്.

ഹെബ സാഗൂത് എന്ന ഫലസ്തീൻ ചിത്രകാരിക്ക് നിറങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള വഴിയാണ്.ക്യാൻവാസിൽ ചായം പകർത്തുമ്പോഴെല്ലാം ഹെബ സാഗൂത് സ്വാതന്ത്ര്യം സ്വപ്നം കണ്ടിരുന്നു. ഒരിക്കലും അടിച്ചമർത്താനാവാത്ത സ്വപ്നങ്ങളുടേയും ആഗ്രഹങ്ങളുടേയും ലോകത്തിനാണ് ഹെബ നിറംകൊടുത്തത്. സ്വാതന്ത്ര്യം, മാനവികത,വിശാലമായ സ്വപ്നങ്ങൾ എന്നീ വിഷയങ്ങളാണ് ഹെബയുടെ ചിത്രങ്ങളിൽ. എന്നും സംഘർഷാവസ്ഥ നിലനിൽക്കുന്ന പലസ്തീനിലെ ഗാസ പ്രദേശത്ത് ജനിച്ച ഒരു യുവ കലാകാരിയിൽ സ്വാതന്ത്ര്യത്തെ കുറിച്ചല്ലാതെ വേറെന്തു സങ്കൽപ്പമാണ് ഉണ്ടാവുക! സ്വാതന്ത്ര്യത്തിന്റെ പ്രമേയത്തിൽ അടിയുറച്ചു നില്ക്കുന്ന ഹെബയ്ക്ക് ചിത്രരചന ഒരു പോരാട്ടമായിരുന്നു. നിറങ്ങളായിരുന്നു സമരായുധം. എന്നാൽ നിറങ്ങൾക്ക് മീതെ ചോര കമഴ്ത്തി എന്നേക്കുമായി അവരെ ഇല്ലാതാക്കി. ഹെബ സാഗൂത് – ദശലക്ഷങ്ങളിൽ ഒരാൾ’ മാത്രമായി.

വരച്ചുവെച്ച ചിത്രങ്ങളിലെ സ്വാതന്ത്ര്യത്തിന്റെ നിറങ്ങളെ സാക്ഷിയാക്കി അവർ ഇസ്രായേലി ക്രൂരതയ്ക്ക് മുന്നിൽ ഇല്ലാതായി. അല്ല, ഇല്ലാതാക്കി. ഒരു ജനതയെ നിരന്തരം കൊന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ ഭീകരതയെ ലോകം തിമിരംബാധിച്ച കണ്ണുകളോടെയാണ് കാണുന്നത്. ഫലസ്തീന്‍ ജനതയുടെ ജീവിക്കുവാനുള്ള അവകാശത്തെ തോക്കുകൊണ്ടും ടാങ്കുകൊണ്ടും നേരിടുന്ന ഇസ്രായേലിന്റെ കിരാതനടപടിക്കെതിരെ മൌനം പാലിക്കുന്നവര്‍ അതിജീവനത്തിനായി കല്ലുകൊണ്ട് ഇസ്രായേല്‍ പട്ടാളത്തെ നേരിടുന്നത് തീവ്രവാദമായാണ് കാണുന്നത്. “തിമിരമാണ്, നമുക്കൊക്കെ തിമിരമാണ്” എന്ന ഷൂസെ സരമാഗുവിന്റെ വാക്കുകള്‍ അര്‍ത്ഥവത്താകുകയാണ്, ലോകത്തിന്റെ നിസ്സംഗത മടുത്ത ഫലസ്തീന്‍ ജനതയ്ക്ക് ഇനിയും സമാധാക്കരാറുകളില്‍ വിശ്വാസമുണ്ടാകാനിടയില്ല. അതുകൊണ്ടാണ് മുസ്തഫല്‍ കുര്‍ദ്ദിന്റെ വാക്കുകള്‍ അവര്‍ക്ക് ആവേശമായി മാറുന്നത്, “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (പലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍” മരണം ഇത്രയും ചാരത്തു വന്നു നില്കുന്ന മറ്റൊരു സമൂഹം ലോകത്ത് ഉണ്ടാകില്ല. 70 ലക്ഷത്തിലധികം ഫലസ്തീനികളാണ് ജന്മനാടുപേക്ഷിച്ച് മറ്റു രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. ഇവരില്‍ പലര്‍ക്കും ജന്മനാട് ഒരു സ്വപ്നം മാത്രമാണ്. ഈ വരികൾ കുറിക്കുമ്പോൾ ഇസ്രായേലിന്റെ മിസൈലുകൾ ലബനോണിലെ കുഞ്ഞുങ്ങൾക്ക് മീതെ തീ തുപ്പുകയാണ്.കുഞ്ഞുങ്ങൾ പിടഞ്ഞുമരിക്കുന്നു. എല്ലാ അർത്ഥത്തിലും ക്രൂരതമാത്രം ചെയ്തുവരുന്ന ഒരു രാജ്യത്തിൻറെ തോക്കിനു കീഴിൽ ജീവിച്ചു, വരച്ചു, മരിച്ച (കൊല്ലപ്പെട്ട) കലാകാരിയാണ് ഹെബ സാഗൂത്.

ഹെബയുടെ ചിത്രങ്ങളിൽ ഫലസ്തീൻ ജനതയുടെ യാഥാർത്ഥ്യങ്ങൾ പ്രകടമാണ്. അവർ അനുഭവിക്കുന്ന ഹിംസയും അടിച്ചമർത്തലുകളും, അതിന് മീതെയുള്ള പ്രതിരോധവും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവും ചിത്രങ്ങളിൽ അടങ്ങിയിരിക്കുന്നു. ഹെബയുടെ ചിത്രങ്ങളിലെ മറ്റൊരു പ്രത്യേകത സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യമാണ്. അവരുടെ പ്രതിരോധം പല ചിത്രങ്ങളിലും. കേന്ദ്രബിന്ദുവാണ്. സ്ത്രീകളുടെ കരുത്തും, പ്രതിസന്ധികളുടെ മറവിലും അവരുടെ മനസ്സിൽ തുടിക്കുന്ന സ്വാതന്ത്ര്യവും ചിത്രങ്ങളിലൂടെ വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.

Gaza Peace എന്ന ചിത്രത്തിൽ നിറങ്ങളുടെ ധാരാളിത്തം ഒഴിവാക്കിയിരിക്കുന്നു. പകരം ചുവന്ന ആകാശത്ത് വെളുത്ത സമാധാനത്തിന്റെ പ്രാവുകൾ പറക്കുന്നു. എന്നും ഒരു തീഗോളം വന്നു വിഴുങ്ങാവുന്ന കുന്നിൻ ചെരുവുകളിലെ അടുത്തടുത്തുള്ള പലസ്തീൻ വീടുകൾ. സമാധാനം അകലെനിൽക്കുന്ന ചുവന്ന ആകാശത്തിൽ പ്രതീക്ഷയുടെ നാമ്പുകളാകുകയാണ് വെളുത്ത പ്രാവുകൾ.

കൊറോണക്കാലത്ത് മാത്രമല്ല ജീവിതത്തിലുടനീളം ക്വാറന്റൈൻ അനുഭവിക്കേണ്ടിവരുന്ന ഒരു ജനതയാണ് ഫലസ്തീനികൾ. ഒരു സൈറൺ കേട്ടാൽ ഭൂഗർഭ അറകളിലേക്ക് പായുന്നു, ചിലപ്പോൾ ദിവസങ്ങളോളം അവിടെ കഴിയേണ്ടിവരുന്നു. മഹാമാരിയുടെ ക്വാറന്റൈൻ കാലത്ത് ഹെബ സാഗൂത് വരച്ചതാണ് My Children in Quarantine എന്ന ചിത്രം. അതിൽ അവരുടെ കുടുംബങ്ങളുടെ അടുപ്പം കാണിക്കുന്നു. Jerusalem Is My City എന്ന ചിത്രത്തിൽ തന്റെ തന്നെ സൗന്ദര്യത്തോടൊപ്പം ചിത്രീകരിച്ച ചിത്രത്തിൽ ഖുദ്സ് കാണാം. ഏതൊരു ഫലസ്തീനിയും സ്വപ്നംകാണുന്ന പ്രാർത്ഥനായിടം. ഹെബയുടെ ചിത്രങ്ങളിൽ നിന്ന് ഒരു കലാസൃഷ്ടിക്ക് പകരാൻ കഴിയുന്ന പ്രതീക്ഷയുടെയോ നഷ്ടത്തിൻ്റെയോ നന്ദിയുടെയോ ആശയം ലഭിക്കുന്നു. സെൽഫ് പോർട്രൈറ്റിൽ അവരുടെ കളറുപിഴിഞ്ഞ കണ്ണിൽ നിന്ന് സ്വാതന്ത്ര്യത്തെ ആസ്വദിക്കുന്നതായി തോന്നും.

ഹെബ തന്റെ കുട്ടികൾക്കും വിദ്യാർത്ഥികൾക്കുമായി ജീവിതം സമർപ്പിച്ചു. ഗാസയിലെ അങ്ങേയറ്റം ദുഷ്‌കരമായ ജീവിതത്തെ കല ഉപയോഗിച്ചു നേരിടാൻ അവരെ സഹായിച്ചു. ഉണർന്നിരിക്കുന്ന ഓരോ നിമിഷവും അതിനായി ചെലവഴിച്ചു. ജർമ്മൻ മനുഷ്യാവകാശഗ്രൂപ്പായ മെഡിക്കോ ഇൻ്റർനാഷണലിൻ്റെ പ്രതിനിധി ക്രിസ് വിറ്റ്മാൻ-അബ്ദുൽകരീമിന്റെ വാക്കുകളിൽ “ദശലക്ഷങ്ങളിൽ ഒരാളായിരുന്നു ഹെബ. എന്നാൽ ഫലസ്തീനിയായിരിക്കുന്നതിനെ അവൾ മുഴുവനായും ഉൾക്കൊള്ളുകയും, ഹൃദയവും ആത്മാവും കലയിലേക്ക് പകരുകയും തന്റെ പോരാട്ടവഴികളെ ലോകത്തിനു മുന്നിൽ നിറങ്ങളിലൂടെ തുറന്നു വെക്കുകയും ചെയ്തു.”

ചിത്രങ്ങൾ ഹെബയുൾപ്പെടെയുള്ള പലസ്തീനിയൻ ജനതയുടെ ആത്മാവിനെ കുറിച്ചു പറയുന്നവയാണ്. സ്വാതന്ത്ര്യത്തിനൊപ്പം പ്രകൃതിയുടെ സൗന്ദര്യവും ഹെബയുടെ ചിത്രങ്ങളിലെ പ്രധാന ഘടകമാണ്. പ്രഭാതകാലം, നദികൾ, പർവതങ്ങൾ, പൂക്കൾ, പലസ്തീൻ വീടുകൾ, കൃഷിയിടങ്ങൾ, ദൈനന്ദിന പ്രവർത്തനങ്ങൾ, കുറ്റിച്ചെടികൾ, മരങ്ങൾ, മസ്ജിദുകളും പള്ളികളും പോലുള്ള ഐതിഹാസിക നിർമിതികൾ എന്നിവയെല്ലാം നമുക്കവയിൽ കാണാം. പ്രതികൂല സാഹചര്യങ്ങളിലും ഫലസ്തീൻസ്വത്വം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ ആ ചിത്രങ്ങൾ അടിവരയിടുന്നു.

ഫലസ്തീനിലെ ഏതൊരു കുട്ടിയേയും പോലെ, 1948-ൽ ഇസ്രായേൽ സൃഷ്ടിക്കപ്പെടുന്നതിലേക്ക് നയിച്ച സംഭവങ്ങളുടെയും നഷ്ടങ്ങളുടെയും ചോര പടർന്നകാലത്തെ കുറിച്ചു വിവരിക്കുന്ന മുതിർന്നവരുടെ കഥകൾ കേട്ടായിരുക്കുമല്ലോ ഗാസയിലെ അൽ ബുറെജ് അഭയാർത്ഥി ക്യാമ്പിൽ ജനിച്ച ഹെബയും വളർന്നിരിക്കുക. ഇപ്പോൾ ഇസ്രായേൽ നഗരമായ അഷ്‌ദോദ് എന്നറിയപ്പെടുന്ന ഇസ്‌ദുദ് ഗ്രാമത്തിൽ നിന്ന് നിർബന്ധിതമായി പുറത്താക്കപ്പെടുകയും ഗാസമുനമ്പിൽ അഭയം തേടുകയും ചെയ്ത ഫലസ്തീനികൾക്ക് എന്നത്തേയും കേൾവി ഇത്തരം കഥകളായിരിക്കുമല്ലോ. കുട്ടിക്കാലം മുതലേ ചിത്രകലയോടുള്ള അവളുടെ അഭിനിവേശമാണ് നിറങ്ങളിലൂടെ സ്വാതന്ത്ര്യം കാണാൻ പഠിപ്പിച്ചത്. 2003-ൽ ഹെബ സാഗൂത് ഗ്രാഫിക് ഡിസൈനിൽ ഡിപ്ലോമ നേടി. നാല് വർഷത്തിന് ശേഷം ഗാസയിലെ അൽ-അഖ്സ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈൻ ആർട്ട്സിൽ സ്പെഷ്യലൈസ് ചെയ്തു. താമസിയാതെ ഗാസയിലെ ഒരു പ്രൈമറി സ്കൂളിൽ ചിത്രകലാ അധ്യാപികയായി. യുദ്ധദുരിതങ്ങൾ അവരെ അലട്ടി. ഇസ്രായേലി ബോംബുകൾ വീട് തകർത്തു. കുടുംബത്തോടുള്ള സ്നേഹവും പ്രതിബദ്ധതയും മൂലം, ആറ് പേരടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമെന്ന നിലയിൽ, ജീവിക്കാനായി ഹെബ സാഗൂത് വരച്ചുകൊണ്ടിരുന്നു. ലോകമെമ്പാടുമുള്ള കലാസ്‌നേഹികളുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നതിനും അവരിലേക്ക് തൻറെ ചിത്രങ്ങൾ എത്തിക്കുവാനും ശ്രമിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ ലോകമെമ്പാടും അനുയായികളെ സൃഷ്ടിക്കാൻ അവർക്കായി. ഗാസയിൽ താമസിക്കുന്ന ഒരു അഭയാർത്ഥിയുടെ കണ്ണിലൂടെ ഫലസ്തീനിലെ ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും ജറുസലേം നഗരത്തിലേക്കും അൽ-അഖ്‌സ കോമ്പൗണ്ടിലേക്കും, അവളുടെ ധീരവും മനോഹരവുമായ അക്രിലിക് പെയിൻ്റിംഗുകളിലൂടെ ആയിരക്കണക്കിന് ആളുകളെ കൗതുകപ്പെടുത്തി. 2023 ഒക്ടോബറിൽ അവരുടെ വീടിനു മുകളിലും ഇസ്രായേൽ തൊടുത്തുവിട്ട ക്രൂരതയുടെ തീഗോളം പതിച്ചു, നിറങ്ങൾ ബാക്കിവെച്ച് എന്നേക്കുമായി കലാകാരി വിടപറഞ്ഞു. ഹെബ സാഗൂത് – ആർട്ടിസ്റ്റിനെ ഓർക്കുന്നത് ‘ദശലക്ഷങ്ങളിൽ ഒരാൾ’ മാത്രമായിട്ടല്ല, നിറങ്ങളുടെ സാധ്യതകളെ പോരാട്ടമാക്കിയ കലാകാരിഎന്ന നിലയ്ക്കു കൂടിയാണ്.

ഹെബ സാഗൂതിന്റെ ചിത്രങ്ങൾ

Comments

You may also like