പൂമുഖം LITERATUREകവിത അവകാശികൾ

അവകാശികൾ

എത്ര ഭയാനകം !
എഴുനിറങ്ങളിലേറ്റവുമിരുളുവാൻ
കറുപ്പുമാത്രം നിറയും
ശോകമിരുട്ടാക്കി മാറ്റുവാൻ
മനസ്സുമാത്രം.

എത്ര വിചിത്രം!
കിന്നരിവച്ച തലപ്പാവുകളെ
തലകളിലണിയാൻ
മനുഷ്യർ മാത്രം

എത്ര ദുഃഖകരം !
തിരസ്കൃതരുടെ
നിലവിളികൾക്കും
നിസ്സഹായരുടെ
അപേക്ഷകൾക്കും
ആരാണവകാശികൾ?

എത്ര ഭയങ്കരം !
ആത്മശാന്തിക്കായുള്ള
കെടാവിളക്കുകളില്ലാത്ത
കുടീരങ്ങൾക്കും
വെടിവയ്പ്പിൽ ഭയന്നോടി
രക്തസാക്ഷിക്കിണറായവർക്കും
ആരാണവകാശികൾ?

എത്ര അതിശയകരം!
കാലത്തെ അതിജീവിച്ചുനിൽക്കും
രമ്യഹർമ്യങ്ങൾക്കും
പഴക്കമേറിയ ലോകാതിശയങ്ങളാകും
പിരമിഡുകൾ പേറും
ശവക്കല്ലറകൾക്കും
ആരാണവകാശികൾ ?

എത്ര കഷ്ടം !
കൊടുമുടികളിൽ
ഹിമപാതത്തിലും
അതിശൈത്യത്തിലും
കാവൽ നിൽക്കും
രക്ഷാഭടൻമാരുടെ
അവശതകൾക്ക്‌
ആരാണവകാശികൾ?

എത്ര വിചിത്രം
അവകാശികളെത്തേടിയുള്ള
ഭ്രമണത്തിനിടയിൽ വസുധേ
കാണുന്നതവകാശസമരങ്ങൾ മാത്രം.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like