വീണ്ടും വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക്
അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക്. വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രഥമവും പ്രശസ്തവുമായ ഗോഹട്ടി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മംഗൽദായ് ഗവ: എയ്ഡഡ് ടീച്ചേഴ്സ് ടെയ്നിങ് കോളജിൽ. ആദ്യ ദിനത്തിൽ ഇന്നത്തെ പോലെ സ്വീകരണങ്ങളോ ആരവങ്ങളോ ഒന്നുമില്ല. അന്ന് ബി.എഡ്. ഒരു വർഷത്തെ കോഴ്‌സാണല്ലോ. പുതുതായെത്തുന്നവരെ വരവേൽക്കാൻ ആരുണ്ടാകാനാണവിടെ? പ്രൊഫഷനൽ ബിരുദമെടുക്കാതെ അസമിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി 1973 ൽ ആരംഭിച്ച സ്ഥാപനമാണിത്. എങ്കിലും 50 % സീറ്റ് മാത്രമാണ് അവർക്കുള്ളത്. ബാക്കി പുതുതായി ബിരുദം നേടിയെത്തുന്നവർക്കും. അതിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരേയും പരിഗണിക്കും.

അങ്ങനെയാണ് 1990-91 ബാച്ചിൽ അയൂബ്, മജീദ്, വിലാസൻ, ശ്രീധരൻ, മോഹൻദാസ്, ചന്ദ്രശേഖരൻ, അഗസ്റ്റിൻ, ജോർജ്കുട്ടി, ജയചന്ദ്രൻ, ജോസ്, മേരി, ലില്ലിക്കുട്ടി പിന്നെ ഞങ്ങൾ ആറു പേരും ഉൾപ്പെടെ പതിനെട്ടു മലയാളികൾക്ക് പ്രവേശനം ലഭിച്ചത്. ഇവരിൽ പലരെയും ക്ലാസ് തുടങ്ങിയ ശേഷമാണ് ഞങ്ങൾ പരിചയപ്പെട്ടത്. അസംകാരും ബീഹാറുകാരുമായ 35നും മേലെ പ്രായമുള്ള കുറെ പേർ ക്ലാസിലുണ്ടായിരുന്നു. അസംകാർ പരസ്പരം ആശയ വിനിമയം നടത്തുന്നത് അസമീസിൽ ആണെങ്കിലും പൊതുവെ എല്ലാവർക്കും ഹിന്ദി കൈകാര്യം ചെയ്യാനറിയാം. സ്ത്രീ പുരുഷ ഭേദമെന്യേ ഇവരിൽ പലരും കുഞ്ഞു വെറ്റിലച്ചെല്ലങ്ങൾ രഹസ്യമായി പോക്കറ്റിലോ വാനിറ്റി ബാഗിലോ സൂക്ഷിച്ചു പോന്നു. വെറ്റില മുറുക്കുന്ന ശീലമില്ലാത്തവർ വളരെ അപൂർവ്വം. തീർച്ചയായും ‘താമൂൽപാൻ’ ചവയ്ക്കൽ അസംകാരുടെ സാംസ്കാരിക തനിമയുടെ ഒരു പ്രതീകം തന്നെ.
എം.എ, ബി.ടി. ബിരുദധാരിയായ കാനൻ ബർദലോയ് മാഡമായിരുന്നു ഞങ്ങളുടെ പ്രിൻസിപ്പൽ. മാനുഷി ഭട്ടാചാര്യ മിസ്സിന്‍റെ എജ്യുക്കേഷണൽ സൈക്കോളജി ക്ലാസോടെയായിരുന്നു അധ്യയനത്തിന്‍റെ തുടക്കം. ദേക്കാ സാർ എജ്യുക്കേഷണൽ ഫിലോസഫിയിലൂടെ എന്നും മികവ് പുലർത്തി. ഒപ്പം ബറുവസാറിന്‍റെയും സിങ്ങ് സാറിന്‍റെയും സാമൂഹ്യ ശാസ്ത്ര ക്ലാസുകളുമെല്ലാം മുറയ്ക്ക് നടന്നു പോയി. സ്കൂൾ ഓർഗനൈസേഷൻ കൈകാര്യം ചെയ്ത സാർ ഏറെ തമശകൾ പറഞ്ഞ് അസംകാരായ വിദ്യാർഥികളെ മാത്രം രസിപ്പിച്ചു പോന്നു. ക്ലാസ് മുറിക്കുള്ളിൽ നിന്ന് കാര്യമായൊന്നും സ്വാംശീകരിക്കാൻ കഴിയില്ലെന്ന് അധികം വൈകാതെ തന്നെ ഞങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നു.
ഇനിയുള്ള നാളുകളിൽ വിദ്യാഭ്യാസ മന:ശാസ്ത്രത്തിനും ദർശനങ്ങൾക്കുമെല്ലാം ഉള്ളിലൊരിടം നൽകി മികച്ച സാമൂഹ്യശാസ്ത്രാധ്യാപകരായി മാറാനുള്ള കുറച്ച് അഭ്യാസങ്ങളെല്ലാം പരിശീലിക്കേണ്ടവരാണ് ഞങ്ങൾ. പ്രയാസങ്ങൾ ഒത്തിരിയുണ്ടാകും. “ലെക്ചറിങ് ക്ലാസ് കേട്ടതു കൊണ്ടൊന്നും പരീക്ഷ ജയിക്കാനാവില്ല. സിലബസ് കൃത്യമായി മനസ്സിലാക്കി ടെക്സ്റ്റു ബുക്കുകൾ സംഘടിപ്പിച്ച് കുറിപ്പുകൾ തയ്യാറാക്കി പഠിക്കുക. അത്ര തന്നെ.” ഒരിക്കൽ സഹപാഠിയായ വിലാസനുമായുള്ള സംഭാഷണത്തിനിടയിൽ മനോഹർജി പ്രകടിപ്പിച്ച ഈ അഭിപ്രായത്തോട് ഞങ്ങളെല്ലാവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇതിനിടയിൽ ഈരണ്ടു പേരുള്ള മൂന്നുഗ്രൂപ്പുകളായി പാചക കലയും ഞങ്ങൾ അഭ്യസിച്ചുതുടങ്ങിയിരുന്നു. 1. ഷംസുവും പവിത്രനും 2.ശശിയും ഹരിയും 3. ഞാനും മനോഹർജിയും. മെസിന്‍റെ കണക്കുകൾ കൈകാര്യം ചെയ്യാൻ ബി.കോം കാരനായ മനോഹർജിയെയാണ് ഞങ്ങൾ ചുമതലപ്പെടു ത്തിയത്. രാവിലെത്തെ മെനുവിൽ പ്രധാന താരങ്ങളായി ചപ്പാത്തിയും ഉപ്പുമാവും തന്നെ മാറിമാറി വന്നു. ബാക്കി നേരങ്ങളിൽ ചോറിനൊപ്പം പച്ചക്കറികൾ തന്നെ മുഖ്യം. മലയാളികളെപ്പോലെ അസംകാരുടെ പ്രധാന ആഹാരം അരി തന്നെയാണ്. മാർക്കറ്റിൽ രോഹു, ഇലിസ്, ബൊറോലി, ലാസിം തുടങ്ങി ബ്രഹ്മപുത്രയിലെ വലുതും ചെറുതുമായ മത്സ്യങ്ങൾ കിട്ടുമെങ്കിലും വളരെ അപൂർവ്വമായി മാത്രമേ ഞങ്ങളതിന്‍റെ രുചിയറിഞ്ഞിട്ടുള്ളു. ശൈത്യകാലത്ത് കാബേജും മറ്റു ചില പച്ചക്കറികൾക്കും വളരെ വിലക്കുറവായിരുന്നു.
നാട്ടിൻ പുറത്തെ ചില കൃഷിക്കാർ ചെത്തിമിനുക്കിയ മുളച്ചീന്തിന്‍റെ രണ്ടറ്റത്തും പടവലവും മറ്റു പച്ചക്കറികളും കെട്ടിത്തൂക്കി തോളിലേറ്റിയാണ് മാർക്കറ്റിലേക്ക് പോയിരുന്നത്. ഒരിക്കൽ ഒരാൾ മുർഗി… മുർഗി… എന്നു വിളിച്ച് പറഞ്ഞു വരുന്നുണ്ട്. ശ്രദ്ധിച്ചപ്പോൾ അയാളുടെ ചുമലിലുള്ള കമ്പിന്റെ രണ്ടറ്റത്തും കാലുകൾ കൂട്ടിക്കെട്ടിയ നല്ല നാടൻ കോഴികൾ കൊക്കു പിളർത്തി കണ്ണുമിഴിച്ച് തല കീഴായങ്ങനെ തൂങ്ങിയാടുന്നു. കൊടിയ പീഡനം തന്നെ! ഇത്തരം മുർഗികളെ രണ്ടോ മൂന്നോ തവണ ആവശ്യമായ മോചനദ്രവ്യം നൽകി ഞങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സങ്കടം തോന്നിയിട്ടാണേ… അങ്ങനെ ഗ്രാമീണ സംസ്കാരത്തെ അടയാളപ്പെടുത്തുന്ന കാഴ്ചകൾ ഒത്തിരിയുണ്ട്.
എല്ലാവരും ഷോപ്പിങ് കഴിഞ്ഞാൽ മാർക്കറ്റിൽ നിന്ന് സൈക്കിൾ റിക്ഷ പിടിച്ചാണ് തിരിച്ചു പോകുക. എന്നാൽ ഒരു സംഘമായി പോകുന്ന ഞങ്ങളോ? രണ്ടു പേർ ബിഗ് ഷോപ്പറിന്‍റെ ഓരോ വശവും പിടിച്ചങ്ങ് നടക്കും. മറ്റുള്ളവർ പച്ചക്കറികളുമായി പിന്നിലും. ഇത് മാത്രമല്ല വീട്ടിൽ ഞങ്ങളുടെ കൈലി ഉടുപ്പ് ശീലവും അസംകാർക്ക് കൗതുക കാഴ്ചയായിരുന്നു.
പുസ്തകങ്ങൾ ഓരോന്നും റഫർ ചെയ്തു തുടങ്ങിയപ്പോൾ കാര്യം ഇത്തിരി ബുദ്ധിമുട്ടു തന്നെയാണെന്നു പറയുന്നവരോട് പവിത്രന്‍റെ മറുപടി ഇങ്ങനെയായിരുന്നു. “ട്രെയ്നിങ്ങ്ന്ന് പറഞ്ഞാ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ അനുഭവിക്കേണ്ടിവരും. ബി.എഡ്.ന് മാത്രല്ല. എല്ലാ ടെയ്നിങ്ങും ഇങ്ങനെത്തന്യാ. അതിപ്പം പോലീസായാലും പട്ടാളായാലും.” ഇവിടെ ഒക്ടോബറിൽ പൂജ ഹോളിഡേയ്സ് കൂടുതൽ ദിവസമുണ്ടാകുമെന്നറിഞ്ഞതോടെ എല്ലാവർക്കും വലിയ സന്തോഷമായി. നാട്ടിലൊന്നു പോയി വരാമല്ലോ. പിന്നെ നാളുകളെണ്ണുകയായിരുന്നു.
ഓണാഘോഷവും ഭൂചലനവും
ഓഗസ്റ്റ് അവസാനമാകുമ്പോഴേക്കും മലയാളമണ്ണിൽ എങ്ങും പൂവിളികൾ ഉയരുന്ന ഓണക്കാലമെത്തി. ഈ ഓണത്തിന് ഏതായാലും, വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ ഞങ്ങളുടെ കലാസമിതി പുറത്തിറക്കിയ കൈയെഴുത്ത് മാസികയിലെ കവിതയിൽ സുഹൃത്തായ വിശ്വൻ കുറിച്ച പോലെ, ‘മനതാരിൽ പൂക്കളമിട്ട് പൂവേ പൊലി പാടുക’ മാത്രമേ നിവൃത്തിയുള്ളു എന്നു കരുതിയിരുന്നതാണ്. പക്ഷേ മലയാളികൾ ഏതു നാട്ടിലെത്തിയാലും ഒത്തു കൂടുമ്പോൾ ഓണം ആഘോഷിക്കാതിരിക്കുമോ ? പൂക്കളം തീർത്തില്ലെങ്കിലും ഒരു പായസം വച്ച് കൊണ്ട് ആ വർഷത്തെ തിരുവോണം ഞങ്ങളങ്ങാഘോഷമാക്കി. അന്നത്തെ ചീഫ് കുക്ക് പവിത്രൻ ഭായ് തന്നെയായിരുന്നു. ആ പട്ടം വെറുതെ ചാർത്തികൊടുത്തതല്ല; പാചകക്കാര്യത്തിൽ മൂപ്പർ ആള് വേറെ ലെവലാണ്. വാചകമടിച്ച് ഊർജ്ജം പകരാൻ ഞങ്ങളുമുണ്ടാ യിരുന്നു. അടുപ്പത്ത് പായസം തിളയ്ക്കുന്നതേയുള്ളൂ. വാചക കസർത്ത് നിർത്തി കട്ടിലിൽ കിടക്കുകയായിരുന്ന എന്നെ ആരോ പിടിച്ച് ആട്ടുന്നതുപോലെ ഒരു തോന്നൽ. പിന്നെ വീട്ടിന്‍റെ മേൽക്കൂരയിൽ നിന്നു വരെ ക്രേ…ക്രേ… എന്ന ശബ്ദം കേട്ടുതുടങ്ങി. അങ്ങ് അകലെ നിന്ന് ഒരു ബുള്ളറ്റ് വരുന്നതു പോലെയുള്ള മുഴക്കവും. എന്താ ഭൂമി കുലുങ്ങുന്നോ ? ഞാൻ ആദ്യം കട്ടിലിൽ മുറുകെ പിടിച്ചു പിന്നെ വേഗം എഴുന്നേൽക്കുമ്പോഴേക്കും എല്ലാം അവസാനിച്ചു. “ആരുംപേടിക്കണ്ട അത് മ്മളെ ഭൂമി ചെറുതായൊന്നു കുലുങ്ങിയതാ…” ഷംസുദ്ദീൻ പറഞ്ഞു. ഏതായാലും ഇതൊരു പുതിയ അനുഭവം തന്നെയായിരുന്നു.
മലയാളമണ്ണിലെ പ്രജകൾ ഇങ്ങ് ദൂരെ അസമിലെത്തിയിട്ടും തന്നെ മറന്നില്ലല്ലോ എന്നോർത്ത് മാവേലി തമ്പ്രാൻ പാതാളത്തിൽ നിന്ന് മംഗൽദായിയിലേക്ക് പുറപ്പെട്ടതിന്‍റെ ഒരു ചെറിയ പ്രകമ്പനമായിരുന്നോ ആ ഉച്ചനേരത്ത് അനുഭവപ്പെട്ടത് ? ഞങ്ങൾ നേരംപോക്കിനായി പറഞ്ഞു.
അസമിൽ തങ്ങിയ ഒരു വർഷത്തിനിടയിൽ പല തവണ ഇത്തരം ചെറുചലനങ്ങൾ ആവർത്തിച്ചിരുന്നു. ദൈർഘ്യവും തീവ്രതയും അല്പം കൂടുതലാണെങ്കിൽ ആളുകളെല്ലാം വീടിന് പുറത്തേക്ക് ഇറങ്ങിനിൽക്കുക പതിവാണ്. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ പഠന റിപ്പോർട്ട് അനുസരിച്ച് അസം ഭൂകമ്പ സാധ്യത ഏറെയുള്ള മേഖലകളിൽ ഉൾപ്പെടുന്നതാണല്ലോ. ബ്രിട്ടീഷ് ഭരണകാലമായ 1897 ൽ അസമിലുണ്ടായ ഭൂചലനത്തിന്‍റെ ഫലമായി അവരുടെ ആധുനിക നിർമ്മിതികളായ ബംഗ്ലാവുകളും ഓഫീസുകളും മറ്റും തകർന്നടിഞ്ഞു. മാത്രമല്ല ബ്രഹ്മപുത്രയും ചില പോഷകനദികളും വരെ ഗതിമാറി ഒഴുകിയതിനാൽ നാശനഷ്ടങ്ങളുടെ തോത് വർദ്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ അസമിലെ പരമ്പരാഗതരീതിയിലുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത് തുലോം കുറവായിരുന്നു. അതോടെ ബ്രിട്ടീഷുകാർ ഈ പരമ്പരാഗത രീതി പിൻപറ്റി ഭൂചലനത്തെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള പുതിയ അസം കെട്ടിട നിർമ്മാണ മാതൃകകൾ പ്രയോഗത്തിൽ വരുത്തി.
1950 ഓഗസ്റ്റ് 15 ന് അസമിലുണ്ടായ, റിച്ചർ സ്കെയിലിൽ 8.6 രേഖപ്പെടുത്തിയ, ഇന്ത്യയിൽ സമീപകാലത്തുണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ഭൂചലനത്തിൽ വീടുകളും മറ്റു കെട്ടിടങ്ങളും തകർന്നെങ്കിലും അസം മാതൃകയിലുള്ള നിർമ്മിതികൾ ഏറെയും ഭൂകമ്പത്തെ അതിജീവിച്ചിരുന്നുവത്രേ.
അസമിലെ വീടുകൾ
ഒരിക്കൽ സഹപാഠിയായ റിച്ചന്ദ് അഹമ്മദുമായുള്ള സംഭാഷണത്തിൽ നിന്നാണ് ഇവിടുത്തെ വീടു നിർമ്മാണ രീതിയെക്കുറിച്ച് മനസ്സിലാക്കിയത്. മുള, തടി, ഇക്ര എന്നറിയപ്പെടുന്ന ഈറ, വൈക്കോൽ തുടങ്ങി ഭാരം കുറഞ്ഞതും പ്രാദേശികമായി ലഭ്യമാകുന്നതുമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഗ്രാമ പ്രദേശങ്ങളിലെ വീടുകൾ ഏറെയും പണിയുന്നത്. മുളച്ചീന്തുകളും ചെളിയും ഉപയോഗിച്ച് ചുമരുകൾ നിർമ്മിക്കുന്ന ഇവ മേയുന്നത് വൈക്കോലോ നീണ്ട പുല്ലുകളോ ഉപയോഗിച്ചാകും. കച്ച എന്നറിയപ്പെടുന്ന ഇത്തരം കുഞ്ഞു വീടുകളിലാണ് സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്നത്. എന്നാൽ

വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ പറ്റുന്ന രീതിയിൽ തടിയുടെ കാലുകൾക്കു മുകളിലൊരുക്കുന്ന പ്ലാറ്റ്ഫോമിൽ മുളയും മറ്റും ഉപയോഗിച്ചുണ്ടാക്കുന്ന വീടുകളുമുണ്ടിവിടെ. നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും അപൂർവ്വമായി ഇഷ്ടിക ഉപയോഗിച്ച് നിർമ്മിച്ച കോൺക്രീറ്റ് വീടുകളും കാണാമായിരുന്നു. പരമ്പരാഗത അസം മാതൃക യിലുള്ള ഒറ്റനില വീട്ടീലായി രുന്നു ഞങ്ങൾ താമസിച്ചത്. അയൽവാസിയായ ലൂയിസില്‍ നിന്നാണ് അതിന്‍റെ നിർമ്മാണത്തെക്കുറിച്ച് മനസ്സിലാക്കിയത്. തറയിൽ നിന്ന് ഒരു മീറ്റർ വരെ ഉയരത്തിൽ ഇഷ്ടിക കൊണ്ട് ചുമർ നിർമ്മിച്ച് ഓരോ മുറിയുടെയും മൂലകളിൽ തടിയുടെ കാലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇഷ്ടികകൊണ്ട് നിർമ്മിച്ച ചുമരുകൾക്ക് മുകളിലുള്ള ഭാഗത്ത് ഈ കാലുകളെ തടി കൊണ്ടുള്ള ഫ്രെയിമുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ചതു കാണാം. അവയ്ക്കിടയിൽ മുളച്ചീന്തുകൾ നെയ്തുണ്ടാക്കിയ പാനലുകൾ പിടിപ്പിച്ച് ഇരുഭാഗവും സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തിട്ടുമുണ്ട്. ഞങ്ങളൊരിക്കൽ മുഷ്ടി ചുരുട്ടി ഒന്നിടിച്ചു നോക്കി. എന്തൊരു ഉറപ്പാണെന്നോ. അകത്ത് മരപ്പലക കൊണ്ടുള്ള സീലിങ്ങ്. അതി നുമുകളിൽ GI ഷീറ്റുകൾ ഉപ യോഗിച്ചുണ്ടാക്കുന്ന ചരിഞ്ഞ മേൽക്കൂരയ്ക്ക് പിന്തുണ നൽകുന്നത് തടി കൊണ്ടുള്ള കൈക്കോലുകളാണ്. ചിലർ ട്രസ്സുകളും ഉപയോഗിക്കുന്നുണ്ടത്രേ. ഇങ്ങനെയാകുമ്പോൾ വീടുകൾക്കു മുകളിൽ അമിതഭാരവും വരുന്നില്ലല്ലോ. അസമിൽ സർവ്വസാധാരണമായ, ‘ഇക്രവീടുകൾ’ എന്നറിയപ്പെടുന്ന, ഇത്തരം വീടുകൾക്ക് ഭൂചലനമുണ്ടാകുമ്പോൾ കേടുപാടുകൾ സംഭവിക്കുന്നത് വളരെ അപൂർവ്വമാണ്.
‘ചാങ്ങ്ഘർ ‘ മാതൃക
അസമിലെ ഗോത്ര ജന വിഭാഗങ്ങളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന മിഷിങ് വർഗക്കാർ നിർമ്മിക്കുന്ന പരമ്പരാഗതമായ വീടുകൾ ‘ചാങ്ങ്ഘർ’ എന്നാണറിയപ്പെടുന്നത്. കാലങ്ങളായി ബ്രഹ്മപുത്രയുടെയും മറ്റു പോഷക നദികളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ഇവർ വർഷംതോറും പൊടുന്നനെയുണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടുന്നതിനു തന്നെയാണ് ഈയൊരു ഗൃഹനിർമ്മാണ മാതൃക അവലംബിക്കുന്നത്.എട്ട് അടിയോളം ഉയരമുള്ള കാലുകളിൽ കാണപ്പെടുന്ന ഈ വിടുകളുടെ ചുമരുകൾ മുളകളും ചൂരലും കൊണ്ട് നിർമ്മിക്കുന്നതാണ്. ഇവയെല്ലാം അവിടുത്തെ വനപ്രദേശങ്ങളിൽ സുലഭവുമാണല്ലോ. മേൽക്കൂര മേയാൻ വൈക്കോലും പുല്ലുമെല്ലാം ഉപയോഗിച്ചുവരുന്നു. അപൂർവമായി GI ഷീറ്റുകളും. വീടുകളുടെ അടിഭാഗത്ത് തുണിനെയ്യുന്നതിനുള്ള തറി സ്ഥാപിക്കുന്നവരും വളർത്തുമൃഗങ്ങൾക്ക് സൗകര്യമൊരുക്കുന്നവരുമുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയരുമ്പോൾ രക്ഷപ്പെടാനായി തടി കൊണ്ടുള്ള ചങ്ങാടങ്ങളും സജ്ജമാക്കി വയ്ക്കും. ഓരോ വർഷവും പ്രളയജലം എത്രത്തോളം ഉയർന്നുവെന്നു വീടിന്‍റെ മുളങ്കാലുകളിൽ അടയാളപ്പെടുത്തി വയ്ക്കുന്ന പതിവുമുണ്ട് ഇവർക്ക്. വീട് റിപ്പയർ ചെയ്യുമ്പോൾ അതിനനുസരിച്ച് പ്ലാറ്റ്ഫോമിന്‍റെ ഉയരം വർദ്ധിപ്പിക്കാമല്ലോ.

ജീവിതത്തിൽ പ്രകൃതി പ്രതിഭാസങ്ങളെ നേരിടാൻ ഓരോ ജനസമൂഹവും തദ്ദേശീയമായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു കൊണ്ടു തന്നെയാണ് പ്രയാണം തുടരുന്നത്. അല്ലേ!
കവര്‍ ഡിസൈന്‍: ആദിത്യ സായിഷ്
(തുടരും)