പൂമുഖം LITERATUREനിരൂപണം കഥാവാരം – 35

കഥാവാരം – 35

എഴുത്തു ഭാഷയും സംസാരഭാഷയും വിഭിന്നങ്ങളാണ്. ഒരു വലിയ ജനവിഭാഗത്തെ ഭാഷ കൊണ്ട് മനസ്സിലാക്കാമെങ്കിലും, അതിലെ ഓരോ ചെറിയ ചെറിയ സമൂഹത്തിനും അവരുടേത് മാത്രമായ വ്യത്യസ്തങ്ങളായ വാമൊഴികളുണ്ട്. ഫിക്ഷനിൽ കഥാപാത്രത്തിന്റെ ഏറെക്കുറെ പൂർണ്ണമായ സ്വഭാവം പ്രകടിപ്പിക്കുവാൻ ആ വാമൊഴി സഹായിക്കുകയും ചെയ്യുന്നു. പലർക്കും ഉള്ള തെറ്റിദ്ധാരണയാണ് മലയാളത്തിൽ മാത്രമേ വാമൊഴി വ്യത്യസ്തമായി കിടക്കുന്നുള്ളൂ എന്ന്. ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന മാനക ഭാഷകളിൽ പോലും ഈയൊരു വ്യത്യാസം കാണാവുന്നതാണ്. ഭൂമിശാസ്ത്രപരമായി വളരെ ചെറിയ അകലം പാലിക്കുന്നവർക്കിടയിലും വാമൊഴിയിലെ വൈവിധ്യം വളരെ പ്രകടമാണ്. ഇംഗ്ലീഷ് അറബി തുടങ്ങിയ ബൃഹത് ഭാഷകളിലെ ഈ വ്യത്യാസം നമുക്ക് അറിവുള്ളതുമാണ്.

വാമൊഴികൾ സാഹിത്യത്തിൽ ഉപയോഗിക്കുമ്പോൾ മേൽപ്പറഞ്ഞ കഥാപാത്രനിർമ്മിതിയിലുള്ള സൗകര്യം മുതലെടുക്കാൻ പറ്റും എന്ന ഗുണം ഉണ്ടായിരിക്കെ തന്നെ, വായിക്കുന്നവർക്ക് ആ ഭാഷയോടുള്ള – വാമൊഴിയോടുള്ള – പരിചയക്കുറവ് വായനയുടെ ഒഴുക്കിനെ ബാധിക്കും. കഥാപാത്രങ്ങളുമായും കഥാന്തരീക്ഷവുമായി അനുവാചകന് ബന്ധപ്പെടുവാൻ കുറെയേറെ സമയം ലഭിക്കുമെന്നതിനാൽ നോവലിൽ ഈ ഒരു പരിമിതി അത്രകണ്ട് അധികമായി തോന്നുന്നില്ല. അതുകൊണ്ടുതന്നെ ചെറുകഥകളിൽ ഡയലക്റ്റ് / വാമൊഴി / പ്രാദേശിക ഭാഷയും ഭാഷാഭേദവും ഉപയോഗിക്കേണ്ടിവരുന്ന സന്ദർഭങ്ങൾ കുറക്കുകയാണ് നല്ലതെന്ന് തോന്നുന്നു. അപ്പോൾ വായനക്കാരന് വ്യത്യസ്തമായ ശബ്ദം ശ്രവിച്ച ഒരു കൗതുകം ഉണ്ടാകും. അല്ലാത്തപക്ഷം മനസ്സിലാക്കാൻ പറ്റാത്ത, ശബ്ദത്തെ വായിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യമാവും ഉണ്ടാവുക.
( സംസാരഭാഷ വഴി അതിന്റെ ശബ്ദത്തെ ദ്യോതിപ്പിക്കുക വഴി, കഥാപാത്രങ്ങളെ വ്യക്തമായി മനസ്സിലാക്കിപ്പിച്ച കൃതിയെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഹക്ക്ൾ ബെറിഫിൻ ആയിരിക്കാം. മലയാളത്തിൽ സി വി യുടെ ചരിത്രാഖ്യായികകളും)

ആനന്ദ്

മാതൃഭൂമിയുടെ രണ്ട് ലക്കങ്ങളിലായി ആനന്ദ് എഴുതിയ ‘താക്കോൽ’ എന്ന കഥ വിശദമായ പരാമർശം അർഹിക്കുന്ന സൃഷ്ടിയാണ്. കഴിഞ്ഞ കുറിപ്പിൽ പറഞ്ഞിരുന്ന എം കൃഷ്ണൻ നായരുടെ ചില നിരീക്ഷണങ്ങൾ ദശാബ്ദങ്ങൾക്ക് ശേഷവും എത്രത്തോളം പ്രസക്തി ഉള്ളതാണെന്ന് പറയുക ശ്രമകരമാണ്. സാഹിത്യത്തിന്റെ ഭാവുകത്വവും ഭാഷയും അവതരണ ശൈലിയും മാറിക്കൊണ്ടേയിരിക്കുന്നു.

ഏറെക്കുറെ വരണ്ട രീതിയിലുള്ള കഥ പറച്ചിലാണ് ആനന്ദിന്റേത്. മാതൃഭൂമിക്കഥയിലെ തുടക്കത്തിലുള്ള ഈ ഒരു രീതിയോട് പൊരുത്തപ്പെട്ട് പോവുക ശ്രമകരമായിരിക്കുമെങ്കിലും, അതിനുശേഷം പറയുന്ന കഥ, അതിന്റെ വൈകാരിക പരിസരം, അതുവഴി വായനക്കാരനിൽ സംജാതമാകുന്ന സ്തോഭം, തുടങ്ങിയവയൊന്നും നിസ്സാരമല്ല. കാലവും സ്ഥലവും വളരെ വിഭ്രമാത്മകമായ രീതിയിലാണ് കഥയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒരു സമൂഹം അല്ലെങ്കിൽ ഒരു സമുദായം ഇരയാക്കപ്പെടുമ്പോൾ, അവരുടെ കണ്ണും കാതും ചുണ്ടുകളും അദൃശ്യമായി മുദ്രവെക്കപ്പെടുകയാണ്. സ്ഥലകാലങ്ങൾ വ്യക്തമാക്കപ്പെടാതെ, മാധ്യമം വഴി ആരെയും കുറ്റവാളി ആക്കാം. ഇരകളെ വേട്ടക്കാരാക്കി ചിത്രീകരിക്കുവാൻ ഭരണകൂടത്തിന് പ്രയാസമില്ല. നമ്മൾ ജീവിക്കുന്നില്ല. അല്ലെങ്കിൽ നമ്മൾ ഭൂതകാലത്തിലോ ഭാവി കാലത്തിലോ ആണുള്ളത്. ചരിത്രത്തെയും വർത്തമാനത്തെയും പരസ്പരം മാറ്റി, ഭ്രമകൽപ്പനയുടെ അന്തരീക്ഷത്തിൽ വളരെ മൂർച്ചയുള്ള രാഷ്ട്രീയം കഥയിൽ സന്നിവേശിപ്പിക്കുന്നു ആനന്ദ്.

സാംസ്കാരിക പാരമ്പര്യവും പൈതൃകവും, പിന്നെ അതിൽ നിന്നും സമകാലിക ലോകത്തേക്ക് എത്തുമ്പോൾ നമ്മൾ സ്വായത്തമാക്കിയ മാനവികതയും വെറും തോന്നലുകൾ മാത്രമാണ് എന്ന ചിന്തയ്ക്കും താക്കോൽ ഇടം നൽകുന്നു. ധൈഷണികമായ സത്യസന്ധത മാത്രമല്ല വൈകാരികമായ സത്യസന്ധതയുമുണ്ട് ‘താക്കോലി’ൽ.

ജഗദീഷ് കോവളം

മാധ്യമത്തിൽ ഈയാഴ്ച ‘ചെല്ലമ്മചരിതം’ എന്ന കഥയുണ്ട്. ജഗദീഷ് കോവളം ആണ് കഥാകൃത്ത്. സ്ത്രീ ശാക്തീകരണവും സമത്വവാദവും പിറവികൊള്ളുന്നതിനും ഏറെ മുമ്പുള്ള ഒരു ധനുമാസത്തിലെ തണുത്ത വെളുപ്പാൻ കാലത്ത് കള്ളൻ തങ്കപ്പനോടൊപ്പം ഉപ്പങ്കാട്ടിൽ കാലുകുത്തുന്ന ചെല്ലമ്മയുടെ കഥയാണിത്. വേറെ ഏതോ നാട്ടിൽ നിന്നും വന്ന കഥാനായിക, അടക്കവും ഒതുക്കവുമില്ലാതെ ഉപ്പങ്കാട്ടിൽ വിലസി. പേറെടുക്കുന്നത് മുതൽ ഗർഭം അലസിപ്പിക്കുന്നത് വരെയുള്ള പല വൈദ്യപ്പണികളും ചെയ്തു. പക്ഷേ, മുൻപേ ആരോഗ്യവകുപ്പിന്റെ പാരിതോഷികം വാങ്ങി വന്ധ്യംകരണത്തിന് വിധേയനായ തങ്കപ്പന്റെ കൂടെ കഴിഞ്ഞിട്ടും ചെല്ലമ്മ പ്രസവിക്കുന്നു. കുഞ്ഞിന്റെ അംഗപ്രത്യംഗം തങ്കപ്പനെ പോലെ തന്നെ എന്ന് പറഞ്ഞ് അവൾ ലില്ലിയെ തങ്കപ്പന്റെ മകളാക്കുന്നു. കഥയിൽ കുറച്ചു ദൂരം കൂടി പോയാൽ തങ്കപ്പനോടും ചെല്ലമ്മയോടും നീരസമുള്ള നല്ല തമ്പി തെരഞ്ഞെടുപ്പിൽ ജയിച്ച് പുറമ്പോക്കിൽ താമസിക്കുന്ന ചെല്ലമ്മയെയും കുടുംബത്തെയും വഴിയാധാരമാക്കുന്നു. അതോടുകൂടി അവർ നാടുവിട്ടു പോകുന്നു. ഇത്രക്ക് ദുർബലമായ ഒരു ആശയത്തെ വായനക്കാരുടെ മനസ്സിൽ ഒരു ചലനവും ഉണ്ടാക്കാൻ പറ്റാത്ത വിധത്തിൽ കഥ എന്ന രൂപേണ അവതരിപ്പിച്ചിരിക്കുന്നു ജഗദീഷ് കോവളം. ഒരു സൃഷ്ടിയിലെ ഓരോ കാര്യവും, അല്ലെങ്കിൽ കഥാപാത്രങ്ങളുടെ വിശദാംശങ്ങൾ, അവരുടെ സംഭാഷണങ്ങൾ, ജീവിതം തുടങ്ങിയവ കഥയിൽ പറയുമ്പോൾ അതിന് എഴുത്തുകാരൻ കണ്ടുവച്ച ലക്ഷ്യമുണ്ടാകും. വായന തീരുമ്പോഴെങ്കിലും അനുവാചകർക്ക് അത് ബോധ്യമാകണം. അല്ലെങ്കിൽ അവർ ചോദിക്കും എന്താണിത് എന്ന്.

എന്താണിത്? എന്താണിത്? എന്താണിത്? എന്നിങ്ങനെ മൂന്നുപ്രാവശ്യം ഞാൻ ചോദിച്ചിരിക്കുന്നു എന്ന് മാത്രമേ പറയാനുള്ളൂ.

എൻ.ഹരി

സമകാലിക മലയാളം വരികയിൽ എൻ. ഹരി എഴുതിയ ‘മരുതം’ വ്യത്യസ്തമായ രീതിയിൽ പറഞ്ഞ കഥയാണ്. രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങിയ സൂരജും, ഓച്ചെറ എന്ന പൊടിയഞ്ചേട്ടനും. ജനാല കമ്പിളി കയർ മുറുക്കി ആത്മഹത്യ ചെയ്യാൻ തയ്യാറെടുക്കുന്ന സൂരജ്, സമീപത്തെവിടെയോ കൂട്ടക്കരച്ചിൽ കേൾക്കുന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ മനസ്സിലാകുന്നു താൻ പൊടിയഞ്ചേട്ടൻ എന്ന് വിളിക്കുന്ന ഓച്ചെറ, പായും തലയിണയും സൈക്കിളിൽ എടുത്ത് വെച്ച് കൊണ്ട് ജീവൻ ഒടുക്കാൻ പുറപ്പെട്ടിരിക്കുന്നു എന്ന്. അയാളെ കണ്ടെത്തിയ ശേഷം, അവർ തമ്മിൽ നടക്കുന്ന സംഭാഷണത്തിന് ശേഷം, ഓച്ചെറയുടെ അന്ത്യാഭിലാഷമായ, ഭൈരവനെ തല്ലുക എന്ന കൃത്യത്തിനായി പുറപ്പെടുന്നു. കാളക്കാരൻ ഭൈരവൻ, മരിക്കാൻ തീരുമാനിച്ച ഈ രണ്ടു പേരാൽ വീഴ്ത്തപ്പെടുമ്പോൾ അവർക്ക് സന്തോഷം. പക്ഷേ, അയാൾ മരിച്ചു പോയി എന്ന അറിവ് രണ്ടു പേരെയും ഭയപ്പെടുത്തുന്നു. അപകടം മനസ്സിലാക്കിയ സൂരജും, ഓച്ചെറയും പെട്ടെന്ന് തന്നെ അവിടെ നിന്നും രക്ഷപ്പെടുന്നു. പിറ്റേ പ്രഭാതത്തിനു മുൻപേ എഴുന്നേറ്റ ഭൈരവന്റെ , “ഒന്നു വീണെന്ന് വെച്ച് തോറ്റു പോയെന്ന് ആരും കരുതണ്ട” എന്ന ആത്മഗതത്തോടെ കഥ അവസാനിക്കുന്നു.

മരിക്കുവാൻ തീരുമാനിച്ചവർ മരണത്തെ പരാജയപ്പെടുത്തുകയും അതേസമയം ജീവിതത്തിന്റെ ഭാവി ഓർത്ത് ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന വൈരുദ്ധ്യം കഥയിൽ കാണിച്ചിരിക്കുന്നു. സമീപകാല കഥകളിൽ നിന്നും വ്യത്യസ്തമായ ആശയം. അതിന്റെ ആവിഷ്കാരം അവസാന ഘട്ടം എത്തുമ്പോൾ നന്നാവുകയും ചെയ്യുന്നു. ആശയവും ആവിഷ്കാരവും ഭാഷയും ഭേദപ്പെട്ടത് ആയിരിക്കുമ്പോൾ വിദഗ്ധമായ ക്രാഫ്റ്റിംഗ് എന്ന് പറയാൻ പറ്റുകയില്ല. ഒരു ചെറിയ സമൂഹത്തിന്റെ സംസാരഭാഷ കഥയിൽ കൊണ്ടുവരുമ്പോൾ വായനക്കാർക്ക് കൗതുകം ഉണ്ടാകും. അതുപോലെതന്നെ ഗ്രാമ്യഭാഷയാകട്ടെ, വാമൊഴികളാകട്ടെ, കേൾവിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. സിനിമകളിൽ പ്രാദേശിക ഭാഷ ഈ ഒരു ബുദ്ധിമുട്ട് മറികടക്കുന്നു. എഴുത്തിൽ സംഭാഷണങ്ങളെല്ലാം തദ്ദേശീയരുടെ വാമൊഴിയിൽ എഴുതുമ്പോൾ മറ്റ് ഭൂരിപക്ഷത്തിന് അത് ആസ്വദിക്കുന്നതിൽ തടസ്സമുണ്ടാകുന്നു. കഥയുടെ ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നായ പാരായണക്ഷമത അഥവാ ഒഴുക്ക് ഇത്തരം സന്ദർഭങ്ങളിൽ പ്രതിസന്ധിയിലാകുന്നു. ക്രാഫ്റ്റിംഗിൽ കഥാകൃത്ത് ഒന്നു കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ കഥയ്ക്ക് സവിശേഷമായ മാനം കൈവരുമായിരുന്നു എന്ന് തോന്നുന്നു.

പത്തു പേജുകളുള്ള കഥയിൽ തുടക്കത്തിൽ കുറെയേറെ അതിവിവരണമായതിനാൽ, ഭൈരവനും കാളയും – അതാണ് കഥയുടെ സ്വഭാവത്തെ തന്നെ കീഴ്മേൽമറിക്കുന്ന ഘടകം – വായനക്കാർക്ക് മുന്നിൽ വളരെ ദുർബലമായേ പതിയുന്നുള്ളൂ. എഡിറ്റിങ്ങിലെ പാളിച്ച ഒരു പേജോളം നീണ്ടുനിൽക്കുന്ന ആദ്യ ഖണ്ഡിക മു തൽ തന്നെ വ്യക്തമാകും. അത്രയും നീണ്ടുനിൽക്കുന്ന വിവരണം വായനക്കാർക്ക് ചെടിപ്പുണ്ടാക്കും. ഗംഭീരമായ ആശയത്തെ വളരെ സാധാരണമായിട്ട് പറഞ്ഞു എന്ന് വേണമെങ്കിൽ പറയാം

കവർ : വിൽസൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like