പൂമുഖം LITERATUREലേഖനം ഒരു കാർണിവൽ കൂടി കടന്നുപോകുമ്പോൾ

ഒരു കാർണിവൽ കൂടി കടന്നുപോകുമ്പോൾ

കവിതയുടെ കാർണിവൽ ആറാം പതിപ്പ് അവസാനിച്ചു. തികഞ്ഞ അഭിമാനവും സംതൃപ്തിയും മാത്രം. ഇവിടേക്കൊഴുകിയെത്തി കാർണിവൽപലമകളായി നിറഞ്ഞ ഏവരോടും സ്നേഹം.

ആറാം പതിപ്പ് മൂന്ന് ചുവടുകൾ മുന്നിലെന്നാണ് എന്റെ ആദ്യ തോന്നൽ. ഉള്ളടക്കത്തിലെ ആഴച്ചുഴിയും,അതിൽനിന് വൈവിദ്ധ്യങ്ങളിലേക്കുള്ള ഓളപരപ്പും, സൂക്ഷ്മവും കണിശവുമായ ചില പരിഗണനകളും, ഒരു അക്കാദമിക സ്പെയ്സ് എന്തായിരിക്കണമെന്ന ബോധ്യവുമാണ് ഈ കാർണിവലിനെ കൂടുതൽ തികവോടെ ചിട്ടപ്പെടുത്തിയത് എന്ന് ഞാൻ വിചാരിക്കുന്നു. ഞങ്ങൾക്ക് പ്രധാന അധ്വാനം അതിലായിരുന്നു. ഡിപ്പാർട്ട്മെന്റിലെ അധ്യാപകർകൂടാതെ പി. പി. രാമചന്ദ്രനും രാമനും റോയിയും അടങ്ങുന്ന ഒരു ചെറുസംഘമാണ് അതിൽ ഉഷ്ണിച്ചത്.

വിളംബര ജാഥ

രണ്ടാമത് സംഘാടനത്തിൽ, നിർവഹണത്തിൽ ഒരുപാട് മുന്നോട്ടുപോയി എന്നത്. മലയാളവിഭാഗത്തിലെ അധ്യാപകർ എന്ന നിലയിൽ പല വഴിച്ചാലുകളിലേക്ക് ഒഴുകുന്ന ഒരൊറ്റ ജീവകോശമാണ് ഞങ്ങൾ എന്ന് ഞങ്ങൾതന്നെ എന്നേ തിരിച്ചറിഞ്ഞതാണ്. മലയാളമായി മാറിയ മറ്റ് ചില അധ്യാപകർ കൂടി ചേർന്ന ഒരു ജൈവശരീരം കൂടിയാണ് മലയാളവിഭാഗം. അവരിൽ കലാധരനെപോലെ മറ്റ് കോളേജുകളിൽ ചെന്നും പട്ടാമ്പിയിൽതന്നെ ജീവിക്കുന്നവരുമുണ്ട്. ഒരേ അകവേവിന്റെ ആഴത്തിൽകഴിയുന്നവർ. അതിനപ്പുറം പട്ടാമ്പി കോളേജിലെ അധ്യാപകകൂട്ടായ്മ,‘ടീം എസ്. എൻ. ജി. എസ്’ എന്ന് മറുദേശങ്ങളിൽ വിളിപ്പേരുള്ള, ഏത് കാര്യത്തിലും ഒറ്റമനസ്സിലോടുന്ന ഒരു അപൂർവജനുസ്സുകൂടിയാണ്. അതോടൊപ്പമാണ് ഗവേഷകർതൊട്ട് ഒന്നാം വർഷ ഡിഗ്രികുട്ടികൾവരെ നെയ്തെടുത്ത ഇഴയടുപ്പമുള്ള വിദ്യാർത്ഥികൂട്ടായ്മ. ഉപാധികളൊന്നുമില്ലാത്ത വലിയ സമർപ്പണമുണ്ടാവുന്നത് ഈ ജൈവികമായ ഒരു ക്യാമ്പസ് സംസ്കാരത്തിൽനിന്നാണ്.

എന്ത് വലിയ സാഹസങ്ങളിലേക്കും എടുത്തുചാടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്തത് കൂടെ ചാടാൻ എല്ലാവരുമുണ്ടാകുമെന്ന ബോധ്യംഉള്ളതു കൊണ്ടു തന്നെയാണ്. ഇത്തവണ അധികമായി സംഭവിച്ചത് ഞങ്ങളെ മറികടന്ന് നേതൃനിരയിലേക്ക് ഗവേഷകരെത്തി എന്നതാണ്. അവർക്കൊപ്പം മറ്റ് കുട്ടികളും. അവർക്കായിരുന്നു എല്ലാ നിയന്ത്രണവും. അതിന്റെ കൂടെ നിൽക്കുകമാത്രമായിരുന്നു ഞങ്ങൾ അധ്യാപകരും മറ്റും. കാർണിവൽ പറമ്പിൽ ഞങ്ങൾക്കൊന്നും അധികം കാലുവെന്ത് ഓടേണ്ടിവന്നില്ല . ഇനിയുള്ള കാർണിവലുകളുടെ നടത്തിപ്പുകാർ അവർതന്നെയായിരിക്കും എന്ന ഉറപ്പാണ് ഇത്തവണത്തെ കാർണിവൽ.

ഐറിഷ് കവി ആൻമെറി നി ഹൊറാൻ

മൂന്നാം കുതിപ്പ് പങ്കാളിത്തത്തിലായിരുന്നു. കോവിഡാനന്തരമുള്ള കാർണിവൽ എന്ന നിലയിൽ അത് പ്രതീക്ഷിച്ചതാണ്. എന്നാൽ അമ്പരപ്പിച്ചത് മറ്റ് ക്യാമ്പസ്സുകളിൽനിന്നുള്ള ഒഴുക്കാണ്. രണ്ട് ഇരട്ടിയലധികം പങ്കാളികൾ വന്നത് ഞങ്ങളുടെ എല്ലാ കണക്കുകൂട്ടലുകളെയും സാമ്പത്തികശാസ്ത്രങ്ങളെയും തെറ്റിച്ചെങ്കിലും പരിമിതികൾക്കകത്തുനിന്ന് സംഘാടകരായ കുട്ടികൾ തന്നെ അതു മാനേജ് ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും കുട്ടികൾ അണമുറിയാതെ എത്തി. അവരെല്ലാം ഈ നാളുകളിൽ ക്യാമ്പസ്സിൽ താമസിച്ചു. ഇവിടത്തെ കുട്ടികൾക്കൊപ്പം കൂടി. കാർണിവൽ പരിപാടികൾ കഴിഞ്ഞ് രാത്രി ഏറെ മൂത്തിട്ടും കവിതകൾ ചൊല്ലിയും പാടിയും കലമ്പിയും ഫുട്ബോൾകളിയിൽ ആർത്തലച്ചും ക്യാമ്പസ്സിനെ ഉറക്കമില്ലാത്തതാക്കി. ഇൻസ്റ്റലേഷനുകളും കാഴ്ചപ്പണ്ടങ്ങളും തോരണങ്ങളുമൊക്കെ അവരുടേതായിരുന്നു.

കവികളെയും കലാകാരന്മാരെയും സാംസ്കാരികപ്രവർത്തകരെയും നാട്ടുകാരെയും അധ്യാപകരെയും അക്കാദമീഷ്യന്മാരെയുമൊക്കെ തള്ളിമാറ്റി കുട്ടികൾ ഏറ്റെടുത്ത കാർണിവലാണ് കഴിഞ്ഞുപോയത്. അതുകൊണ്ട് സംഘാടനത്തിലും പങ്കാളിത്തത്തിലും എന്ന പോലെ ഉള്ളടക്കവും പൂർണമായും കുട്ടികൾ നിശ്ചയിക്കുന്ന കാർണിവലുകളെ കുറിച്ച് ഇനി സ്വപ്നം കാണാം .

കാർണിവൽ നാടകം

കാർണിവൽ മാറുകയാണ്. ഞങ്ങളുടെ ലോകത്തിനു പുറത്തേക്ക് വല്ലാതെ വലുതാവുകയാണ്. ഒരു പക്ഷേ ഇനി ഇതുപോലെ മാനേജ് ചെയ്യാനാവാത്ത വിധം. നാളത്തെ കാർണിവൽ എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷേ ഒന്ന് നിശ്ചയം. അത് ഞങ്ങളുടേതാവില്ല. പുതിയ കുട്ടികളുടേതാവും. അവർ നിശ്ചയിക്കുന്ന ലോകത്ത് നമുക്ക് പങ്കാളികളായി ഒത്തുകൂടാം.

മലയാളനാട് യുവകവിതാപുരസ്കാര സമ്മാനദാനം

കാർണിവലിനോട് ഐക്യപ്പെട്ട ഏവർക്കും ഞങ്ങളുടെ അതിരില്ലാത്ത സ്നേഹം ഒരിക്കൽകൂടി അറിയിക്കട്ടെ..

കവർ ഡിസൈൻ : ആദിത്യ സായിഷ്

Comments
Print Friendly, PDF & Email

You may also like