പൂമുഖം SPORTS വാമോസ് വാമോസ് അർജന്റീന

വാമോസ് വാമോസ് അർജന്റീന

അർജന്റീനയിൽ വളരെ പ്രചാരമുള്ള ഒരു ഗാനമാണ് വാമോസ് വാമോസ് അർജന്റീന. ഈ ഗാനം മൂളാത്തവർ ഇന്ന് ലോകത്ത് കുറവായിരിക്കും. എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീനിയൻ ആരാധകരുടെ ഇടനെഞ്ചിൽ തീവാരിയിട്ടാണ് ആദ്യ കളി അവസാനിച്ചത്. ഫിഫ റാങ്കിങ്ങിൽ അൻപതിനു മേലെയുള്ള സൗദി അറേബ്യ മൂന്നാം റാങ്കുകാരായ അർജന്റീനയേ രണ്ടു ഗോളിന് വീഴ്ത്തിയപ്പോൾ അതൊരു വലിയ അട്ടിമറിയായി. ലോകവും ആരാധകരും ഞെട്ടലോടെ കണ്ട മത്സരം നൽകിയ നിരാശ ചെറുതായിരുന്നില്ല. ഇതുപോലൊരു അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ട് അതും ഇതിഹാസ താരം മറഡോണ നയിക്കുമ്പോൾ. 1990ലെ ലോകകപ്പിൽ ചാമ്പ്യന്മാരായി കളിക്കാൻ വന്ന് ഉദ്ഘാടന മത്സരത്തിൽ തന്നെ അന്നത്തെ പുതുമുഖ ടീമായ കാമറൂണുമായി മറഡോണയുടെ അർജന്റീന തോൽക്കുമെന്ന് ലോകത്താരും കരുതിക്കാണില്ല, പക്ഷെ അത് സംഭവിച്ചു. റോജർ മില്ലയും കൂട്ടരും കളിയും കയ്യാങ്കളിയുമായി. അവരുടെ ആ ശക്തിക്ക് മുന്നിൽ ലോകനായകന് ഒന്നും ചെയ്യാൻ ആയില്ല.’കട്ടക്ക് പൂട്ടി’ ഫ്രാംകോയിസ് ഒമം ബിയിക് അന്ന് അർജന്റീനിയൻ സ്വപ്നങ്ങൾക്ക് ആദ്യ വിലങ്ങുതടിയിട്ടുകൊണ്ട് ഗോൾ വലകുലുക്കി. കാമറൂണിന്റെ ബെഞ്ചമിങ് മാസിങ്ങിനും ആന്ദ്രേ കാന് ബിയികിനും റെഡ് കാർഡുകൾ കിട്ടി.പിന്നെ മഞ്ഞകാർഡുകൾ കൊണ്ട് കാമറൂണിനെ മൂടി.എങ്കിലും ഫലം മറിച്ചായില്ല. ഒന്ന്- പൂജ്യത്തിന് ആദ്യകളി തോറ്റപ്പോൾ ഉണ്ടായ അതേ നിരാശ. അതേ സാഹചര്യത്തിൽ ആയിരുന്നു അർജന്റീനിയൻ ആരാധകർ.

അവിടെനിന്നാണ് കളിയാരംഭിക്കുന്നത്. ഗ്രൂപ്പിലെ രണ്ടാമത്തെ കളിയിൽ USSR നെ രണ്ട് -പൂജ്യത്തിന് തോൽപ്പിച്ച് മത്സരം തിരിച്ചു പിടിച്ചു. റൊമാനിയയുമായി സമനില നേടി ഗ്രൂപ്പിൽ നിന്നും ക്വളിഫൈ ചെയ്തു ലോകത്തെ മുള്ളിൽ ചവിട്ടി നിർത്തി കളിയുടെ സർവ്വ ആവേശവും നിറച്ച് അർജന്റീന ആദ്യ 16ൽ എത്തി. അവിടെ എതിരെ മുട്ടിയ ബ്രസീലിനെ ഒന്ന് -പൂ ജ്യത്തിന് തോൽപിച്ചു. തുടർന്ന് നടന്നത് ചരിത്രമായി. യുഗോസ്ലാവിയയെയും കടന്ന് സെമിയിൽ മറഡോണയുടെ പട. ഇറ്റലിയോട്, അതും ഇറ്റലിയിൽതന്നെ. അതോടെ സോക്കർ കപ്പിൽ മാധ്യമങ്ങൾ ചീഞ്ഞ രാഷ്ട്രീയം കുത്തിനിറച്ചു, പിന്നെ വിവാദങ്ങളായി.അങ്ങനെ ലോകവും മറഡോണയും സെമിയിൽ മുട്ടി. ആ കുറിയ മനുഷ്യൻ ലോകത്തിന്റെ വായടപ്പിച്ചു. ഇറ്റലിയെ പരാജയപ്പെടുത്തി ആ ലോകകപ്പിൽ അർജന്റീന ജർമനിയുമായുള്ള ഫൈനലിൽ എത്തി. കളിയും രാഷ്ട്രീയവും വിവാദങ്ങളും നിറഞ്ഞ ലോകകപ്പ് . ഫൈനലിൽ സാക്ഷാൽ മത്തായിസിന്റെ ജർമൻ പട. ആവേശം തല്ലിയ കലാശക്കളി. ഒരു ചെറു പിഴവിൽ കിട്ടിയ പെനാൽട്ടി ആൻഡ്രിയാസ് ബ്രെമ്മെ ഗോളാക്കുന്നു. ജർമനി 1 അർജന്റീന 0 ഒൻപതു പേരേ വെച്ച് അർജന്റീന കളിച്ചു … കലങ്ങിയ കണ്ണുമായി കളം വിട്ട മറഡോണ ശത്രുക്കളെപോലും കരയിപ്പിച്ചു. അത് ആ കുറിയ മനുഷ്യന്റെ വിജയമായിരുന്നു. പരാജയപ്പെട്ടു എങ്കിലും അർജന്റീനയെ എഴുതിത്തള്ളിയവർക്ക് മറുപടി നൽകി. ചരിത്രം ഓർമിപ്പിച്ചത് വെറുതെയല്ല, എന്നും കളി വെറും കളി മാത്രമല്ല. അറേബ്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പ് മറ്റു ചില രാജ്യങ്ങൾക്ക് അത്ര പിടിച്ചിട്ടില്ല. അതിനാൽ പരമാവധി പെർഫെക്ഷനോടെ ലോകത്തിന് ഈ ലോകകപ്പ് ഒരു മാതൃകയാക്കണം എന്ന നിലയിൽ ഖത്തർ പ്രവർത്തിക്കുന്നു. അതിനാൽ ഈ മത്സരങ്ങളിൽ അന്നത്തെ പോലെ വിവാദങ്ങൾ ഉണ്ടാവാൻ ഇടയില്ല.


ആദ്യ മത്സരത്തിന്റെ ആഘാതത്തിൽ നിന്നും വലിയ ലക്ഷ്യങ്ങൾ കണ്ടുള്ള തിരിച്ചുവരവിലേക്കാണ് മെക്സിക്കോക്കെതിരെ അർജന്റീന നേടിയ വിജയവും നീങ്ങുന്നത്. ഇത് അര്‍ജന്റീനയുടെ തിരിച്ചുവരവ്. വൻമതിൽ തീർത്ത മെക്സിക്കന്‍ പ്രതിരോധത്തെ രണ്ടാം പകുതിയിൽ രണ്ട് മികച്ച ഗോളുകൾ കൊണ്ട് മെസ്സിയും സംഘവും ആരാധകരെ അർജന്റീനയുടെ കപ്പ് നേടാനുള്ള വരവറിയിച്ചു. ഗോള്‍രഹിതമായ ആദ്യപകുതി മന്ദഗതിയിൽ നീങ്ങിയപ്പോൾ ആശങ്കയോടെയാണ് ആരാധകർ ഇരുന്നത്. ഒപ്പം ഭയപ്പാടും. എല്ലാവരും മെസ്സിയുടെ കാലിൽ നിന്നും തന്നേ ഒരു മാജിക് പ്രതീക്ഷിച്ചു കാത്തിരുന്നു. കളിയുടെ 64-ാം മിനിറ്റില്‍ അത്‌ സംഭവിച്ചു. ഡി മരിയ നല്‍കിയ പാസ് മെസ്സിയുടെ ഇടംകാലടിയിലൂടെ പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചപ്പോള്‍ ലോകത്തെ മികച്ച ഗോൾ കീപ്പാർമാരിൽ ഒരാളായ ഒച്ചാവയുടെ കരങ്ങൾ എത്തിപ്പിടിക്കും മുമ്പ് പന്ത് വല തൊട്ടു. സ്റ്റേഡിയമാകെയും, ലോകത്താകമാനവും വാമോസ് വാമോസ് അർജന്റീന എന്ന് ആര്‍ത്തിരമ്പി. അതോടെ അർജന്റീനിയൻ ടീം ഉണർന്നു. അതുവരെ ഇല്ലാത്ത ഒരു ആവേശം വിരിഞ്ഞു. പിന്നീടങ്ങോട്ട് അർജന്റീനിയൻ പടയോട്ടം ആയിരുന്നു. വീണ്ടും ഒച്ചാവയേ ഞെട്ടിച്ചു കൊണ്ട് 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ വിജയമുറപ്പിച്ച തീതുപ്പുന്നൊരു ആംഗുലര്‍ ഷോട്ട്. ലോകം മുഴുവൻ വാമോസ് വാമോസ് അർജന്റീന എന്ന ആരവമുയർന്നു.

കവർ : നിയ മെതിലാജ്

Comments
Print Friendly, PDF & Email

You may also like