പൂമുഖം ഓർമ്മ ഓർമ്മയിൽ ഒരു ഓലമടൽ

ഓർമ്മയിൽ ഒരു ഓലമടൽ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ജീവിതത്തിൻറെ പുലർകാലമായ കുട്ടിക്കാലം. ഓർക്കുമ്പോൾ ചിരിക്കാനും ചിന്തിക്കാനും ഏറെയാണ്. കാലം മാറുമ്പോൾ ചിലതൊക്കെ മാഞ്ഞു പോകാം . എങ്കിലും ചിലതൊക്കെ എന്നും ഓർമയിൽ നിലനിൽക്കും.

1967കളിൽ നടന്ന സംഭവമാണ് . വയലിനാൽ ചുറ്റപ്പെട്ട ഒരു ദ്വീപ് പോലുള്ള സ്ഥലത്താണ് ഞാൻ താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ വീട്ടുപേർ വേറെയാണെങ്കിലും തറപ്പറമ്പുകാർ എന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. ഇന്നത്തെ പോലെ അടുത്തടുത്തൊന്നും വീടുകൾ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടിൽ നിന്ന്അടുത്ത വീട്ടിൽ എത്താൻ പാടത്തിന് അരികിലൂടെ ഒരു വരമ്പുണ്ടായിരുന്നു. വീട്ടുപറമ്പിൻറെ ചുറ്റും കൈത കൊണ്ട് അതിർത്തി വെച്ചിരുന്നു.

പായ നെയ്ത് വിറ്റാണ് പലരും നിത്യവൃത്തി നടത്തിയിരുന്നത്. കൂട്ടത്തിൽ ഞങ്ങളും . അന്ന് അരിക്കൊക്കെ വലിയ വിലയായിരുന്നു. അതുകൊണ്ട് റേഷൻ അരിയും ഗോതമ്പും ആരും വാങ്ങിക്കാതെ ഇരിക്കില്ല. ആഴ്ച്ചയിലായിരുന്നു റേഷൻ. ഒരാഴ്ചയിലെ റേഷൻ അതാത് ആഴ്ചയിൽ തന്നെ വാങ്ങണം. അല്ലെങ്കിൽ അത് ‘ലാപ്സ് ‘ആകും. ചെറുകിടക്കാരുടെ പ്രധാന വരുമാനം കശുവണ്ടിയും, പായയും ഒക്കെ വിറ്റുകിട്ടുന്ന പൈസയാണ്.

അന്ന് ചന്ത ഉണ്ടായിരുന്നത് രണ്ടു സ്ഥലങ്ങളിൽ ആയിരുന്നു എടത്തിരുത്തിയിലും, ചെന്ത്രാപ്പിന്നി നമ്പ്രാട്ടിച്ചിറയിലും. ആഴ്ച്ചയിൽ രണ്ടു ദിവസമാണ് ചന്ത. ചൊവ്വയും, ശനിയും. പ്രഭാതം മുതൽ അടുത്ത സൂര്യോദയം വരെയാണ് ചന്ത സമയം. ഉദയം ആകുന്നതോടെ ചന്ത അവസാനിപ്പിക്കും. അവിടത്തെ പ്രധാന ക്രയവിക്രയ ഇനങ്ങൾ നാളികേരം, അടക്ക, കശുവണ്ടി, പായ എന്നിവയാണ്. ഇവ വാങ്ങുവാനും വിൽക്കുവാനും ആളുകൾ എത്തുന്നു. പായ വിൽക്കാനും വാങ്ങാനും എത്തുന്നവരാണ് അധികവും. അക്കാലത്തു് എൻറെ വീട്ടിലെ പ്രധാന വരുമാന മാർഗം പായ വിറ്റുകിട്ടുന്ന പൈസയാണ്. റേഷനും മറ്റു പല വ്യഞ്ജനങ്ങളും അതുകൊണ്ടാണ് വാ ങ്ങുന്നത്. വീട്ടിൽ വല്യമ്മയും, അമ്മയും പായ നെയ്യും. അത് വിൽക്കാൻ കൊണ്ടുപോകേണ്ട ചുമതല എനിക്കാണ്. അമ്മ പറഞ്ഞതിലും കൂടുതൽ വിലക്കാണ് വിറ്റതെങ്കിൽ പത്തുപൈസ എനിക്ക് തരും. അത്കൊണ്ട് കൂടുതൽവില കിട്ടാൻ ഞാൻ ശ്രമിക്കും.

ഒരു ദിവസം അമ്മ എന്നെ പായ വിൽക്കാൻ കൊണ്ടുപോകാനായി വിളിച്ചുണർത്തി. മിക്കപ്പോഴും അമ്മ വിളിക്കുമ്പോൾ ഞാൻ ഉണർന്ന് മുറ്റത്തേക്കു നോക്കും.റോഡ് വളരെ അകലെ ആണെങ്കിലും ചന്തക്ക് പോകുന്ന കാളവണ്ടികളുടെ അടിയിൽ കെട്ടിയിട്ടിരിക്കുന്ന റാന്തൽ വിളക്കിൻറെ തിരിനാളം കാണാമായിരുന്നു. അന്ന് റോഡിലൊന്നും തെരുവുവിളക്ക് അധികമൊന്നും പ്രകാശിച്ചിരുന്നില്ല. സമയം അറിയാൻ വാച്ച് ഒന്നും ഞങ്ങൾക്ക് ഇല്ലായിരുന്നു. രാത്രി സമയം കണക്കാക്കുന്നത് വളരെ രസമാണ്. തൃപ്രയാർ അമ്പലത്തിൽ അത്താഴ പൂജ കഴിഞ്ഞു നടയടക്കുമ്പോൾ വെടി പൊട്ടിക്കും. അപ്പോൾ ഒൻപത് മണി. പിന്നീട് പാതിര വെടി, പിന്നെ പുലർച്ച വെടി ഇങ്ങിനെയാണ് സമയം കണക്കാക്കിയിരുന്നത്.അന്നത്തെ കാലത്ത് ശബ്ദ കോലാഹലങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് വെടി ശബ്ദം വളരെ ദൂരെവരെ കേൾക്കും. ഒരു വെടി ശബ്ദം കേട്ടപ്പോൾ അമ്മ എന്നെ വിളിച്ചുണർത്തി.

‘എടാ പുലർച്ച വെടി കേൾക്കുന്നു നീ വേഗം എഴുന്നേൽക്ക്’

ഞാൻ വേഗം എഴുന്നേറ്റ് മുറ്റത്ത് വന്നു നോക്കി. നല്ല വെളിച്ചം. കുറച്ച് നേരം അവിടെ ഇരുന്നു.റോഡിലേക്ക് സൂക്ഷിച്ച് നോക്കി. കാളവണ്ടികളൊന്നും പോകുന്നില്ല. എങ്കിലും വെളിച്ചമുണ്ടല്ലോ ഞാൻ പായ്‍ക്കെട്ടുമെടുത്ത് നടന്നു.വരമ്പിലൂടെ നടന്ന് അടുത്ത വീട്ടുപറമ്പിൽ എത്തുന്നതിനുമുമ്പ് ഞാൻ കണ്ട വെളിച്ചമൊക്കെ അപ്രത്യക്ഷമായി ആകെ ഇരുട്ട് വ്യാപിച്ചു. നല്ല കോടമഞ്ഞും. എന്നും നടക്കുന്ന വഴി ആയതുകൊണ്ട് അരണ്ട വെളിച്ചത്തിലും മുന്നോട്ട് പോകാൻ പറ്റി. ആ വീട്ടുപറമ്പും അടുത്ത ഒരു വീടും കഴിഞ്ഞാൽ റോഡ് ആയി. ഞാൻ വീടിന്റെ മുറ്റത്തേക്ക് എത്താറായി. വീട്ടുമുറ്റത്തേക്ക് നോക്കിയപ്പോൾ ഉള്ളൊന്നു കാളി. ഒരു കറുത്ത രൂപം ഇരുട്ടിൽ മുറ്റത്ത് നിൽക്കുന്നു. ഞാൻഉറപ്പിച്ചു,അത് പ്രേതം തന്നെ. അങ്ങിനെ തോന്നാനും കാരണങ്ങൾ ഉണ്ട്.തെങ്ങു കയറ്റക്കാരൻ രാമൻ തെങ്ങു കയറാൻ വരുമ്പോഴൊക്കെ അയാൾ കണ്ട പ്രേതത്തിന്റെ കഥകൾ ഞങ്ങളോട് പറയാറുണ്ട്. പ്രേതം എന്നൊന്നില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. എന്നൊക്കെ പറഞ്ഞ് അയാളോട് ഞങ്ങൾ തർക്കിക്കാറുണ്ട്. അങ്ങനെ ഒരിക്കൽ അയാൾ പറഞ്ഞു, ഞാൻ നിന്നിരുന്ന ആ വീട്ടു പറമ്പിൽ അവിടത്തെ സാഹിബിന്റെ പ്രേതത്തെ അയാൾ പല തവണ കണ്ടിട്ടുണ്ടെന്ന്!

അത് മുസ്ലിം അല്ലേ മുസ്ലിംകൾക്ക് എങ്ങനെ പ്രേതം ഉണ്ടാകും എന്നായിരുന്നു എന്റെ സംശയം. രാമൻ വിശദീകരിച്ചു. മുസ്ലിം ആണെങ്കിലും അയാൾ മരിച്ചത് എങ്ങിനെയാണെന്ന് അറിയില്ലേ? അങ്ങിനെ അപകട മരണമാണെങ്കിൽ പ്രേതം വന്നിരിക്കും. ആ വീട്ടിലെ അബ്ദുല്ല സാഹിബ് കച്ചവടക്കാരനായിരുന്നു. ഒരു ദിവസം കച്ചവടം കഴിഞ്ഞ് വീട്ടിൽ എല്ലാവരുമായി കുശലം പറഞ്ഞിരിക്കയായിരുന്നു. പെട്ടെന്ന് അടുത്ത വീട്ടിലെ കുളത്തിൽ ഒരു വലിയ ശബ്ദത്തോടെ എന്തോ വീഴുന്നത് കേട്ടു. ഉടനെ അബ്ദുല്ല സാഹിബ് അങ്ങോട്ട് ഓടി. ശബ്ദം കേട്ട എല്ലാവരും ചൂട്ടും കത്തിച്ച് കുളത്തിന് ചുറ്റും കൂടി. ആ വീട്ടിലെ കുട്ടി നിലവിളിച്ചുകൊണ്ട് പറഞ്ഞു

‘വാപ്പ കുളത്തിൽ വീണിട്ടുണ്ട് വാപ്പാനെ ഇവിടെ എങ്ങും കാണുന്നില്ല’

ആളുകൾ തമ്മിൽ തമ്മിൽ നോക്കി.

‘ ഓ കാദർ സാഹിബാണോ വീണത്?. അദ്ദേഹത്തിന് അസുഖമുള്ള ആളല്ലേ? രാത്രി പാതിരയാകുമ്പോൾ എഴുന്നേറ്റ് കുളത്തിൽ പോയി കുളിച്ച് വന്ന് കിടക്കുന്നത് അദ്ദേഹത്തിൻറെ ഒരു അസുഖമായിരുന്നു.ചിലപ്പോൾ വലിയ ശബ്ദവും ഉണ്ടാക്കാറുണ്ട്. ‘

ഇത് കേട്ട ഉടനെ അബ്ദുല്ല സാഹിബ് കുളത്തിലേക്ക് എടുത്ത് ചാടി. കുറച്ച് നേരത്തേക്ക് വെള്ളം കിടന്ന് ഇളകി മറിയുന്നതല്ലാതെ ആരെയും പുറത്തോട്ട് കണ്ടില്ല. ആകെ നിലവിളിയും ബഹളവും. ഒട്ടും കാത്തുനിൽക്കാതെ അബ്ദുല്ല സാഹിബിന്റെ മകൻ കുളത്തിലേക്കു ചാടി. കുറച്ച് കഴിഞ്ഞപ്പോൾ ഒരാളെ പൊക്കി വെള്ളത്തിൻറെ മുകളിൽ വന്നു. അത് കാദർസാഹിബായിരുന്നു. വെള്ളം കുറെ കുടിച്ചെന്നല്ലാതെ ബോധം പോയിട്ടുണ്ടായിരുന്നില്ല. ആളിനെ കരക്ക് എത്തിച്ച ശേഷം അബ്ദുല്ല സാഹിബിനെ തിരഞ്ഞ് കുളത്തിലേക്ക് വീണ്ടും ഇറങ്ങി. കുറെ നേരത്തെ തിരച്ചിലിനു ശേഷം അബ്ദുല്ല സാഹിബിനെയും കൊണ്ട് മകൻ കുളത്തിൽ നിന്നും പൊങ്ങി. പക്ഷെ അദ്ദേഹത്തിന് ബോധം ഉണ്ടായിരുന്നില്ല. രണ്ടുപേരെയും ആശുപത്രിയിൽ കൊണ്ടുപോയി. കാദർ സാഹിബിന് പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടായില്ല. വേഗം തന്നെ ആശുപത്രി വിട്ടു. പക്ഷെ അബ്ദുല്ല സാഹിബിൻറെ നില വളരെ മോശമായിരുന്നു. പത്ത് ദിവസം ആശുപത്രിയിൽ കിടന്നു. പത്താം ദിവസം അദ്ദേഹം മരിച്ചു.

അത് വരെ കേട്ട പ്രേത കഥകൾ ഒക്കെ സിനിമാ തിയേറ്ററിൽ കാണിക്കുന്ന സ്ലൈഡർ പോലെ ഒന്നൊന്നായി എൻറെ മനസ്സിലൂടെ ഓടി മറഞ്ഞു. ഞാൻ ആകെ പേടിച്ച് വിയർത്തു. അബ്ദുല്ല സാഹിബിൻറെ പ്രേതമാണോ മുന്നിൽ നിൽക്കുന്നത്! എന്തുചെയ്യണമെന്ന് ഒരു ഊഹവുമില്ലാതെ ആ നിൽപ്പ് നിൽക്കയാണ്. ഒന്ന് ഒച്ചവെച്ചാൽ വീട്ടുകാർ ഉണരും, ആകെ ബഹളമാവും. പതുക്കെ പിന്നോട്ട് നീങ്ങി തിരിച്ച് വീട്ടിൽ പോയാലോ? അത് അതിലേറെ പ്രശ്നം ആകും. പായ വിൽക്കാതെ വീട്ടിൽ പോയാൽ റേഷൻ വാങ്ങാൻ പറ്റില്ല. ശനിയാഴ്ചയാണ് റേഷൻ. പിന്നെകിട്ടില്ല . അതൊരുവശത്ത്. പിന്നോട്ട് പോയാൽ ആ സാധനവും എന്റെ പിന്നാലെ വരില്ലെന്ന് ആരുകണ്ടു? അങ്ങിനെയൊക്കെ ചിന്തിക്കവേ പെട്ടെന്നൊരു ആശയം മനസ്സിൽ വന്നു. തിരിച്ചു പോകാതെ തൊട്ടടുത്ത വീട്ടിലെ പറമ്പിൽ കയറി അവരുടെ മുറ്റത്തുകൂടി റോഡിലേക്ക് പോകാം. കുറച്ച് വളഞ്ഞ വഴിയാണെങ്കിലും അതേ നിവൃത്തിയുള്ളൂ. അപ്പോഴും ആ വീട്ടുകാർ എങ്ങാനും ഉണർന്നാൽ ആകെ പ്രശ്നമാകും. കാരണം എനിക്ക് ഒരു കാരണത്താലും ആ വീട്ടുപറമ്പിൽ കയറേണ്ട കാര്യമില്ല. വഴി നേരെ കിടക്കുമ്പോൾ പിന്നെ വളഞ്ഞ് അവരുടെ മുറ്റത്തുകൂടെ എന്തിനു പോകണം.? എന്തും വരട്ടെ എന്ന് കരുതി ഞാൻ പതുക്കെ അടുത്ത പറമ്പിലേക്ക് തിരിഞ്ഞ് റോഡിലേക്ക് പോയി. റോഡിൽ എത്തിയപ്പോൾ എനിക്ക് ശ്വാസം നേരെ വീണു.

എങ്കിലും റോഡിലൊന്നും ആരെയും കണ്ടില്ല. നേരെ ചന്ത സ്ഥലത്ത് എത്തി. അവിടെ രണ്ടു മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് എനിക്ക് മനസ്സിലായത് അമ്മ എന്നെ വിളിച്ചത് പാതിരാ വെടിയുടെ ശബ്ദം കേട്ടിട്ടാണെന്ന്! കുറച്ച് കഴിഞ്ഞപ്പോൾ പായ വാങ്ങുന്ന ഒരാൾ വന്നു അയാൾ എന്നോട് ചോദിച്ചു.

‘അല്ല എന്താ ഇന്ന് നേരത്തെ?’

‘എണീറ്റപ്പോൾ നല്ല വെളിച്ചം കണ്ടു. ഉടനെ പോന്നു’

അയാൾ എന്റെ പായ വാങ്ങി വിരിച്ച് അതിലിരുന്നു. ചന്ത തുടങ്ങാൻ ഇനിയും സമയം ഏറെയുണ്ട്. ആളുകൾ എത്തുന്നതേയുള്ളൂ. പ്രധാന കച്ചവടക്കാർ എത്തിയാൽ മാത്രമേ ചന്ത തുടങ്ങൂ. അവരിൽ ഒരാൾ കെട്ട് പൊട്ടിക്കട്ടേ എന്ന് ചോദിച്ച് പായ കെട്ടിയിരിക്കുന്ന വള്ളി പൊട്ടിക്കും. അതോടെ കച്ചവടം തുടങ്ങലായി. പിന്നെ പായക്ക് വിലപറയലും വിലപേശലും ഒക്കെയായി നല്ല ബഹളമാണ്. എന്തായാലും അന്ന് എൻറെ പായക്ക് വില ഉദ്ദേശിച്ചതിലും കൂടുതൽ കിട്ടി. എന്നിട്ടും ഞാൻ ചന്ത തീരുംവരെ അവിടെ തന്നെ നിന്നു. നേരം വെളുക്കട്ടെ എന്നിട്ടു പോന്നാൽ മതി എന്ന് ഞാൻ തീരുമാനിച്ചു. കാരണം മറ്റൊന്നും അല്ല. തിരിച്ച് പോകേണ്ടത് ആ വീട്ടുമുറ്റത്തുകൂടി തന്നെ വേണം. ഇരുട്ടിൽ വന്നാൽ ആ പ്രേതം വീട്ടുമുറ്റത്ത് തന്നെ നിൽപ്പുണ്ടെങ്കിലോ? സംഗതി പുലിവാലായില്ലേ?

നേരം വെളുത്തു റോഡൊക്കെ സജീവമായി. ഞാൻ വീട്ടിലേക്ക് തിരിച്ചു. അകലെ നിന്നുകൊണ്ട് പ്രേതത്തെ കണ്ട വീട്ടുമുറ്റത്തേക്ക് നോക്കി. അപ്പോഴും ആ കറുത്ത രൂപം അവിടെത്തന്നെ ഉണ്ട്. അത് എന്തായാലും പ്രേതം അല്ല. കാരണം പ്രേതങ്ങൾ രാത്രി മാത്രമേ സഞ്ചരിക്കൂ പകലിൽ അവർ വരില്ല എന്നൊക്കെയാണ് ഞാൻ കേട്ട കഥകൾ. അതുകൊണ്ട് ധൈര്യത്തോടെ ആ വീട്ടുമുറ്റത്തേക്ക് ഞാൻ അടുത്തു. അപ്പോഴാണ് എന്നെ പേടിപ്പിച്ച സാധനത്തെ നേരിൽ കാണുന്നത്. താഴ്ന്നു കിടന്ന അയയിൽ മുട്ടാതിരിക്കാൻ പതുക്കെ കുനിഞ്ഞു തൂങ്ങിക്കിടന്ന കിടന്ന ഓലമടലിന് ഒരടി കൊടുത്തു സകല ദേഷ്യവും തീർത്തു ഞാൻ വീട്ടിലേക്കു മടങ്ങി.

വീട്ടിൽ എത്തിയപ്പോൾ അമ്മ ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു. അമ്മ ഇരുന്നിടത്തുനിന്നെഴുന്നേറ്റു വന്നു.

‘മോനേ പാതിരാ വെടിയുടെ ശബ്ദം കേട്ടപ്പോൾ അത് പുലർച്ച വെടിയുടെ ശബ്ദമാണെന്നു കരുതിയാ നിന്നെ വിളിച്ചത്. മോൻ പേടിച്ചാണോ പോയത്?’

“ഞാനോ ? പണ്ടത്തെ ആളുകളെപ്പോലെ എനിക്കതിലൊന്നും വിശ്വാസല്ല്യ “

അഴയിൽ തൂങ്ങിയ തെങ്ങിൻ പട്ട കണ്ട് പ്രേതമാണെന്ന് തെറ്റിദ്ധരിച്ച് ഇല്ലില പോലെ വിറച്ചാണമ്മെ ഈ മോൻ വന്നത് എന്ന് ആത്മഗതം ചെയ്ത് പുഞ്ചിരിച്ചുകൊണ്ട് ഞാൻ അകത്തേക്ക് നീങ്ങി….

വര : മധുസൂദനൻ അപ്പുറത്ത്

കവർ ഡിസൈൻ : മനു

Comments
Print Friendly, PDF & Email

You may also like