പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ അതിലൊന്ന് ഒരാണും – ഇതൾ 2

പത്ത് പെൺമരണങ്ങൾ അതിലൊന്ന് ഒരാണും – ഇതൾ 2

മരണം= രണ്ട്

എന്തൊരു മഴയാണിത്! തോരുന്നതേയില്ലല്ലോ.

കുഞ്ഞിന്റെ കരച്ചിൽ. വിശന്നിട്ടാവും അമ്മയുടെ മുലയും കുടിച്ച് അമ്മച്ചൂടേറ്റുറങ്ങേണ്ട കുഞ്ഞായിരുന്നു, ഇനിയത് പറഞ്ഞിട്ടെന്തിന്? ആൺകുഞ്ഞുങ്ങളെ ഇങ്ങനെ കരയിക്കരുതെന്ന് മുത്തി പറയാറുണ്ട്, അപകടമാണെന്ന്, ഇത് പിന്നെ പെൺകുഞ്ഞാണല്ലോ എത്ര വേണമെങ്കിലും കരയാം.

മൂന്നുവയസ്സുകാരൻ അവിടെ തൊട്ടും പിടിച്ചും നിൽപ്പുണ്ട്. അമ്മയെ കാണണമെന്ന് പാട്ടിയോട് കുറേ നേരം ശാഠ്യം കാട്ടിയിരുന്നു. മൂന്നുവയസ്സുകാരന്റെ ശാഠ്യത്തിന് അവന്റെമ്മയല്ലാതെ മറ്റാരാണ് കീഴടങ്ങുക? അതും ‘ആത്മഹത്യ ചെയ്തവളുടെ മകന്റെ’ വാശിക്ക് ഇനിയവിടെ ആര്?

മരണത്തിലേക്കിറങ്ങിപ്പുറപ്പെട്ട നേരം അവൾ മക്കളെക്കുറിച്ച് ഓർക്കാതിരുന്നതെന്തേ?

വാത്സല്യവും,കരുതലും സ്നേഹവും നിറച്ച് തന്റെ മക്കളെ ആരൂട്ടുമെന്നാണവൾ കരുതിയത്? ഇനിയും പുറത്തുവരാതെ വീടിനുള്ളിലെവിടെയോ മറഞ്ഞിരിക്കുന്ന ആ മനുഷ്യനോ? എന്തൊരു ബാലിശമായ ചോദ്യം… സ്വയം മറന്നുപോയവൾ പിന്നെ ആരെ ഓർമ്മിക്കുമെന്നാണ്…

തമിഴ്നാട്ടിലെ ഗ്രാമത്തിൽനിന്നും അമുദത്തിന്റെ വീട്ടുകാർ വന്നു പോയിരിക്കുന്നു. അടുത്ത സ്വന്തമെങ്കിലും, കാരണവരുടെ വാക്കനുസരിച്ച് തങ്ങളേക്കാൾ സാമ്പത്തികമായി ഒരുപാട് മുന്നിൽനിൽക്കുന്ന വീട്ടിലേക്ക് മകളെ വിവാഹം ചെയ്യിച്ചയക്കരുതായിരുന്നു. എത്ര കഷ്ടപ്പെട്ടാണ് അവൾക്ക് വിദ്യാഭ്യാസം നൽകിയത്. പഠിപ്പ് അവളെ ഉയർത്തുമെന്ന് കരുതി. പക്ഷേ, പാഴായിപ്പോയ പഠിപ്പ് അമുദത്തെ ജീവനോടെ വേവിച്ച് രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കിയിരിക്കുന്നു.

കഴിഞ്ഞ മാസം പെരിയക്കാ പ്രസവിച്ച വിവരമറിഞ്ഞ് “നിങ്ങൾ അരഞ്ഞാണമൊക്കെ പണിത് വന്നോളൂ, ഞാൻ ഉടനെ പോകുമെന്ന്” ശേഖർ അമ്മായോട് ബഹളംകൂട്ടി അമുദത്തെയും കുഞ്ഞിനെയും കാണാൻ വന്നിരുന്നു. വെറും കയ്യോടെ പെറ്റുകിടക്കുന്ന പെണ്ണിനെ കാണാൻ പോയവൻ തിരികെ വന്നത് കയ്യിലൊരു വാച്ചൊക്കെകെട്ടി വലിയ സന്തോഷത്തിലാണ്. പെരിയക്കാ അടുത്തിരുന്നൂട്ടിയതും, അത്താൻ പഠിപ്പിനെക്കുറിച്ച് തിരക്കിയതും, ഈ വർഷം കഴിഞ്ഞ് ഇനി അവിടെനിന്ന് പഠിക്കാമെന്ന് പറഞ്ഞതുമൊക്കെ അവൻ അപ്പായോട് ആവർത്തിച്ചുകൊണ്ടേയിരുന്നു.

മകളുടെ പൊള്ളിയടർന്ന ശരീരമെങ്കിലും കാണിക്കണമെന്ന ചെറിയ ദയപോലും അവരോടാരും കാട്ടിയില്ല. കുഞ്ഞുങ്ങളെയൊന്ന് കാണാൻപോലും സാധിച്ചില്ല. മൂന്ന് അനുജത്തിമാരും, ഒരനുജനും, വയസ്സായ അച്ഛനുമമ്മയും. മാവ് മുറിക്കുവോളം അവരാ മുറ്റത്ത് നിന്നു. ശേഷം..


എന്തൊരു മഴയാണിത്.. കുന്തം. ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല. ഒരു ഒരു കുന്ന് ജോലി കിടപ്പുണ്ട്. മഴ പെയ്താൽ പിന്നെ അന്നത്തെ ദിവസം ജോലിയൊക്കെ സാ മട്ടാവും, അല്ലെങ്കിലേ പണിയെടുക്കുന്ന കാര്യത്തിൽ ഒച്ചിന്റെ വേഗതയേയുള്ളൂന്നാണ് ഇവിടെ സംസാരം.

ആര് ചെവി കൊടുക്കുന്നു..

വന്ന കാലത്തൊക്കെ ഇടംവലം തിരിഞ്ഞാല് ഒക്കേത്തിനും പരിഹാസവും, കുറ്റങ്ങളുമായിരുന്നു, അന്നൊക്കെ എല്ലാത്തിനും ഊമയെപ്പോലെ തലകുനിച്ച് നിൽപ്പും ഒറ്റക്കിരുന്നുള്ള കരച്ചിലും. ഇപ്പോൾ ആവോ.. ഒന്നും ഉള്ളിലേക്ക് ഏൽക്കുന്നില്ല. അല്ലേലും നോവും ,നീറ്റലും, കരച്ചിലുമൊക്കെ തോന്നണമെങ്കില് അവനോനെന്ന് ഒരിടമുണ്ടാകണം. കേൾക്കാനൊരു ചെവിയും, സാരമില്ലെന്ന് പറയാൻ ഒരു നാവും, ചേർത്തുപിടിക്കാനൊരു കൈച്ചൂടും വേണം. ഇതൊന്നുമില്ലെങ്കിൽ നമ്മളിലേക്ക് കരുണയോടെ നീണ്ടുവരാൻ ഒരു നോട്ടമെങ്കിലും..

ഓ, വേറെ ജോലിയില്ല. വന്നുവന്നെനിക്ക് തളർച്ചയുമില്ല നീറ്റലുമില്ല അതിനൊക്കെയപ്പുറം ഞാൻതന്നെയില്ലല്ലോ.. അപരിചിത!

മരണത്തെ സ്വയം തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ എന്തിനാണ് കാര്യകാരണങ്ങളെയും, കാരണക്കാരെയും ചൂണ്ടിക്കാട്ടി നിസ്സഹായതയും, പരാജയവും,ഭീതികളും കുത്തിനിറച്ച് ഒരു മരണമൊഴി?

ആർക്ക് വായിക്കാൻ?

ആരെ ബോധ്യപ്പെടുത്താൻ?

പോകുകയാണ് എന്ന് തീരുമാനിച്ചു. തിടുക്കമൊട്ടുമില്ലാതെ, ഏറ്റവും ശാന്തതയോടെ ഈ ദിവസത്തെ തിരഞ്ഞെടുത്തു. സ്വയംസ്നേഹിച്ചു, ഞാൻ ആരായിരുന്നു, എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് ഉള്ളിലേക്കൊന്ന് നോക്കി, മറ്റൊന്നിനും വേണ്ടിയായിരുന്നില്ല, സ്വയം ബോധ്യപ്പെടാൻ. തനുവിലുമുയിരിലും പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാറ്റിനേയും കഴുകിയിറക്കി കുളിച്ചു. ഇന്നുവരെ ജീവിച്ച ഈ പ്രപഞ്ചത്തിലെ സകലതിനേയും ഒരു ദീർഘശ്വാസമായ് ഉള്ളിലേയ്ക്ക് വലിച്ചെടുത്ത് പ്രാണനെയൊന്ന് തൊടീച്ചു

ഇത്രടം വരെ തുഴഞ്ഞു. ഇനി മതി. പൂർണ്ണ തൃപ്തിയോടെ ജീവിച്ച ജീവിതം എന്റേതായിരുന്നില്ല! ഞാനവളായിരുന്നില്ല!

ഞാനൊരു നിഴൽ.

എവിടൊക്കെ തിരഞ്ഞിട്ടും,എത്ര പരിശ്രമിച്ചിട്ടും അനേകർ കയ്യേറിയ എന്റെ ചെറു ജീവിതത്തെ സ്വതന്ത്രമാക്കാനോ ആ ജീവിതം ജീവിക്കാനോ എനിക്ക് സാധിച്ചില്ല..
കണ്ടില്ലേ ഉത്തരമില്ലാത്തൊരു നോവ് ചൂഴ്ന്നുപിടിക്കുന്നത്.. മരണത്തിലേക്ക് സ്വയം ഇറങ്ങിച്ചെല്ലേണ്ടി വരുന്നവളുടെ ചോദ്യങ്ങളാവാം ഈ നോവിന്റെ ഉടയോർ.

ഒരു താരാട്ട് കേൾക്കുവാൻ തോന്നുന്നു..

മെല്ലെ പതിഞ്ഞ ശബ്ദത്തിൽ ആരാണ് എനിക്കുവേണ്ടിയൊന്ന് മൂളുക….

കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി അടുക്കളയോട് ചേർന്നുള്ള ഈ ചെറിയ മുറിയെ ഞാനെന്റെ യാത്രക്കായ് പരുവപ്പെടുത്തുന്നു. മൂന്ന് ദിവസം മുമ്പാണ് റേഷൻ കടയിൽനിന്നും കൃഷ്ണാഓയിൽ കിട്ടിയത്. ശേഷമുള്ള ദിവസങ്ങൾ ഇതൊരു എടുത്തുചാട്ടമല്ലെന്ന് സ്വയം ബോധ്യപ്പെടാൻ…

എങ്ങനെയാണിത് ദേഹത്തൊഴിക്കേണ്ടത്?

നിന്നിട്ട് തലവഴിയേ ഒഴിച്ചാലോ? വേണ്ട നിൽക്കാൻ കാലുകൾക്ക് ബലം നഷ്ടപ്പെടുന്നതുപോലെ… വീണുപോകും.

ഇരിക്കാം അമ്മിക്കല്ലിനോട് ചേർന്ന് ആ മൂല, അതൊരു നല്ല സ്ഥലമാണ്.. എത്ര ദിനരാത്രങ്ങൾ ആ മൂലയും അമ്മിക്കല്ലും എനിക്ക് കൂട്ടിരുന്നിട്ടുണ്ടെന്നോ. ഒരുപക്ഷേ, മറ്റാരേക്കാളും എന്റെ മനസ്സറിയുന്നവർ ഇവരാകും. തളർച്ച തോന്നിയാൽ ആ കല്ലിൽ മുറുകെപ്പിടിക്കുകയും ചെയ്യാം.

തലവഴിയേ ഒഴിക്കേണ്ട, കുറേശ്ശെ കുറേശ്ശെ കാലുകളിലൊഴിക്കാം. വൃശ്ചികത്തിലെ അതിരാവിലെയുള്ള കുളിപോലെ….. കാലിൽ നിന്നും മെല്ലെ മുകളിലേക്ക്… എത്ര രസകരമായിരുന്നു ആ കുളി. ഇനി അതിനാവില്ലല്ലോ… മനസ്സ് പതറുന്നുവോ? ഏയ് ഇല്ല… ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലല്ലോ..

സാരിയുടെ മുന്താണിയഴിച്ച് കാമാക്ഷി വിളക്കിന്റെയുള്ളോളം നീട്ടിയിട്ടിട്ടുണ്ട്. ഒരു ജാരനെപ്പോലെ പതുങ്ങി കടന്നുവന്ന് ആലിംഗനം ചെയ്യാൻ തീയ്ക്ക് അതാണ് സൗകര്യം. ഇനി വൈകേണ്ടതില്ലല്ലോ..

അമ്മാ, ആദിപരാശക്തി!

വര : പ്രസാദ് കാനത്തുങ്കൽ
കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like