ഒപ്പീനിയന്‍
ഇന്ത്യ സാങ്കേതികമായി വലിയ പടവുകള്‍ കയറുമ്പോഴും ചാതുര്‍വര്‍ണ്യത്തില്‍ അഭിരമിച്ച് ഇരിക്കുന്നവര്‍ ഇപ്പോഴും നമ്മുടെ നാടിനെ പിറകോട്ട് കൊണ്ടു പോവുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്ന ജാതിഭ്രഷ്ടുകളും ദുരഭിമാന കൊലകളും ഇന്ന് ഇന്ത്യയുടെ മുഴുവന്‍ കളങ്കമായി മാറി. ഇതിന്‍റെ തീവ്രത ദിനം തോറും വര്‍ധിക്കുകയും ചെയ്യുന്നു. രാജാറാം മോഹന്‍ റോയെ പോലെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ശ്രമഫലമായി ഒരു പരിധി വരെ ഉണ്ടാക്കിയെടുത്ത മുന്നേറ്റങ്ങളെ മുഴുവന്‍ തകിടം മറിക്കുന്നതാണ് വര്‍ത്തമാന സംഭവവികാസങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത് ജാതി-മത ശക്തികളാണ്. സവര്‍ണ- ഹൈന്ദവ രാഷ്ട്രീയത്തിന്‍റെ വക്താക്കള്‍ നേതൃത്വം നല്‍കുന്ന കേന്ദ്രഭരണത്തില്‍ മറ്റു ജനാധിപത്യ പ്രക്ഷോഭങ്ങളോട് വെച്ച് പുലര്‍ത്തിയ നിലപാടല്ല, ജാതികേന്ദ്രീകൃതമായ സമരങ്ങളോട് വെച്ച് പുലര്‍ത്തുന്നത്. ജാതിയുടെ ശക്തി ജനാധിപത്യത്തെ എത്രത്തോളം നിയന്ത്രിക്കുന്നു എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണ് പട്ടേല്‍ സമരം. ഹരിയാനയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുപ്രസിദ്ധമാണ് ഖാപ്പ് പഞ്ചായത്തുകള്‍. നിയമ വ്യവസ്ഥിതിയെ മറികടന്ന് സമാന്തര സംവിധാനങ്ങള്‍ സൃഷ്ടിച്ച് തങ്ങളുടെ ജാതിയുടെ മേല്‍കോയ്മ ഊട്ടിയുറപ്പിക്കുയാണ് അവിടെ. ഹരിയാനയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പതിനേഴ് വയസുകാരിയുടെ മാതാപിതാക്കളോട് ഖാപ്പ് പഞ്ചായത്ത് പറഞ്ഞത് പെണ്‍കുട്ടിയെ നേരത്തെ വിവാഹം കഴിപ്പിച്ച് കൊടുത്താല്‍ പീഡനമുണ്ടാവില്ലെന്നാണ്!! ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്.
ലോകത്തില്‍ നടക്കുന്ന ദുരഭിമാന കൊലകളില്‍ അഞ്ചില്‍ ഒന്ന് ഇന്ത്യയിലാണ്. യുഎന്‍ നല്‍കുന്ന കണക്ക് പ്രകാരം പ്രതിവര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് 1000ത്തോളം ദുരഭിമാന കൊലപാതകങ്ങളാണ്.
ഇതിന്‍റെ എത്രയോ ഇരട്ടിയാണ് റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് ഇടയില്‍ നടന്ന ഇത്തരം കൊലപാതകങ്ങളുടെ എണ്ണം ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്നതാണ്.
ജാതി സമവാക്യങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ശക്തിയായി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാറിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇതിന്‍റെ ശക്തി ദിനംപ്രതി വര്‍ധിക്കുകയാണ്. അതിനാല്‍ തന്നെ ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി മാറി അധികാരം കൈയാളുന്ന തമിഴ്നാട്ടില്‍ ദളിതര്‍ക്കായെന്ന പേരില്‍ ഉദയം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നും സവര്‍ണന്‍റെ കരവലയത്തിലാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരഭിമാനകൊലകള്‍ നടക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ധര്‍മ്മപുരിയില്‍ മേല്‍ജാതിയില്‍പ്പെട്ട ദിവ്യയെന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട ഇളവരശന്‍ മുതല്‍ കഴിഞ്ഞ ദിവസം തിരുപ്പൂരില്‍ കൊലപ്പെട്ട ശങ്കര്‍ എന്ന 23 വയസുകാരനായ ദളിത് വിദ്യാര്‍ത്ഥി വരെ 50തോളം പേരാണ് ജാതിയുടെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി ജാതി സ്നേഹികള്‍ കൊന്നൊടുക്കിയത്. അനൗദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ദുരഭിമാന കൊലപാതകം കാരണം ജീവന്‍ നഷ്ടപ്പെട്ടത് 1971 പേര്‍ക്കാണ്. ജാതി സംരക്ഷണത്തിന്‍റെ ഭാഗമായി ദുരഭിമാനകൊലയെ ഒരു ആയുധമാക്കി തന്നെ മാറ്റി കഴിഞ്ഞു തമിഴ്നാട്ടിലെ ജാതി സ്നേഹികള്‍.
സ്വന്തം മകളെ കൊന്ന് തന്‍റെ ജാതിയുടെ അഭിമാനം സംരക്ഷിച്ചതില്‍ സന്തോഷത്തോടെ കോടതിയുടെ മുന്നില്‍ കുറ്റം സമ്മതിക്കുന്ന അച്ഛനെ എങ്ങനെയാണ് ഒരു മനുഷ്യത്വമുള്ള സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നത്. ഹരിയാനയിലെ ഖാപ്പ് പഞ്ചായത്ത് പോലെ നിയമവ്യവസ്ഥയെ വെല്ലിവിളിച്ച് കൊണ്ട് വിചാരണ നടത്തി ശിക്ഷ വിധിക്കുന്ന മേല്‍ജാതികാരുടെ സഭകള്‍ തമിഴ്നാട്ടില്‍ ശക്തി പ്രാപിച്ചതിന്‍റെ പ്രതിഫലനമാണ് വര്‍ധിച്ച് വരുന്ന ദുരഭിമാന കൊലകളും അതിന്‍റെ പേരില്‍ വലിയ അഭിമാനത്തോടെ കോടതിയില്‍ കീഴടങ്ങുന്ന ബന്ധുക്കളും. തിരുപ്പൂരില്‍ തന്‍റെ മകള്‍ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ കീഴടങ്ങി. ഇത്തരത്തില്‍ നിരവധിയാര്‍ന്ന സംഭവങ്ങളാണ് ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ മണ്ണില്‍ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത്. ശിവഗംഗ ജില്ലയില്‍ തന്‍റെ മകള്‍ കല്യാണം കഴിച്ച ദളിത് യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പിതാവ് കൊലപ്പെടുത്തിയത്. ജാതിയുടെ പേരില്‍ ജീവിന്‍ നഷ്ടപെട്ടവര്‍ ഇതു പോലെ നിരവധിയാണ്.
ഹിന്ദു യുവതിയെ പ്രണയിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയെന്നാണ് പ്രമുഖ മലയാളം ദിനപത്രമായ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു ഐക്യത്തിന് വേണ്ടി പ്രചരണം നടക്കുന്ന നാട്ടില്‍ തന്നെയാണ് ദളിതര്‍ പട്ടികളാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞത്. നിരവധിയാര്‍ന്ന ദളിത് അതിക്രമണങ്ങള്‍ ദിവസം തോറും ഉണ്ടാവുമ്പോഴും പ്രതികരണങ്ങളും പ്രതിഷേധങ്ങളും നാമമാത്രമാണ്. ദളിത് വിഷയങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്ന തമസ്കരണങ്ങള്‍ തുടര്‍ക്കഥയാണ്…
ഇന്ത്യേ ഞാന്‍ എന്‍റെ മന്‍ കീ ബാത് പറയട്ടേ…
ഇന്ന് ഇന്ത്യക്കാരനായതില്‍ എനിക്ക് അഭിമാനിക്കാനാവുന്നില്ല…
ദളിതനെ മനുഷ്യനായി കാണാന്‍ കഴിയാത്തവര്‍ ഭരിക്കുന്ന നാട്ടില്‍, പശുവിനെ ദൈവമായും ദളിതനെ പട്ടിയായും കാണുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയല്‍ ഇന്ത്യേ ജാതിയുടെ വസൂരി പിടിച്ച നിന്‍റെ മുഖം ഇനിയുമെത്ര ആര്യവേപ്പിലകള്‍ തേച്ചാലാണ് ഗുണപ്പെടുക…