പൂമുഖം LITERATURE അന്യസംസ്ഥാന തൊഴിലാളിയെ സ്നേഹിച്ച പെണ്‍കുട്ടി

അന്യസംസ്ഥാന തൊഴിലാളിയെ സ്നേഹിച്ച പെണ്‍കുട്ടി

വന്റെ ഭാഷക്ക്
തന്റേത് പോലുള്ള ഹെയര്‍പിന്‍
വളവുകളില്ലാത്തത്
നിയന്ത്രണാതീതമായ കാര്യമാണെന്ന്
സിമന്റും മണലും തഞ്ചത്തില്‍
കൂട്ടിക്കുഴച്ചു
അവളുടെ കിടപ്പുമുറിയുടെ ഭിത്തി മിനുക്കുന്നത്
കാണുമ്പോഴാണ്
പെണ്‍കുട്ടി അറിയുന്നത് തന്നെ!

പിന്നെ ഒരു വട്ടം പോലും
സംസാരിക്കാതെ
പരുക്കന്‍ തേച്ചുപിടിപ്പിച്ച
ചുവരില്‍ നിന്നും
കണ്ണുകൾ പറിക്കാതെയും
ഒരു പെണ്‍കുട്ടിയുടെ ഉള്ളിലെ
അസ്വാസ്ഥ്യങ്ങള്‍ക്ക് ചുറ്റിലും
ഒരാള്‍ക്ക് ഭിത്തി കെട്ടാനാവുമോ?

അവൻ ഒരു അന്യസംസ്ഥാനതൊഴിലാളി
വശങ്ങളിൽ നിന്നുള്ള
അവളുടെ കാഴ്ച്ചയില്‍
ഒരു ഭിക്ഷുവിന്റെ ഛായ.

ഓരോ കല്ലുകളും
പൂക്കളെന്ന പോലെ
പെറുക്കി വെക്കുന്നു
കണ്ണടച്ച് ധ്യാനത്തിലെന്ന പോല്‍
കരം ചലിപ്പിക്കുന്നു.

സംഘാംഗങ്ങൾ നിര്‍മ്മിതിയില്‍
സിമന്റും മണലും കൂട്ടി
അതിവിശിഷ്ടമായ മറ്റെന്തോ
എന്നപോലെ ഒരുക്കുന്നു.

അവരുടെ വര്‍ത്തമാനത്തില്‍
ഒരു സംഘഗാനം മുഴങ്ങുന്നുണ്ടോ?

കഴുത്തിലെ നിറംകെട്ട ചരടില്‍
തൂങ്ങിക്കിടക്കുന്ന വിചിത്ര ചിത്രലിപികള്‍

ഒരു പെണ്‍കുട്ടി
മുന്നില്‍ വന്നു നിന്നിട്ടും
നോട്ടമനക്കാത്ത യുവാവിന്റെ
മിഴിയുറക്കം!

നിര്‍മ്മിക്കുന്നത്
കെട്ടിടമോ
കമാനമോ ആയാലും
ദേശാന്തരസഞ്ചാരവടുകള്‍
കാല്‍വടിവുകളില്‍ നിന്നും
രഹസ്യമായി അവള്‍ കണ്ടെടുക്കുന്നു.

വെള്ളം കയ്യിലൊഴിച്ച് കൊടുക്കുമ്പോഴും
അന്യസംസ്ഥാന തൊഴിലാളി
മുഖമുയര്‍ത്തുന്നില്ല.

എവിടെ നിന്ന് വരുന്നു?
അവള്‍ ചോദിക്കുന്നു.

-കപിലവസ്തു.

അവന്റെ ഉത്തരം
അവളെ ഒറ്റനിമിഷം കൊണ്ട്
ബോധിവൃക്ഷമാക്കുന്നു.

ബോധാബോധങ്ങള്‍ക്കിടയില്‍
ആകാശത്തേക്ക് പടര്‍ന്നുകയറിയ
ശാഖികളില്‍ നിന്ന്
രാജഗൃഹത്തിലെ
ആയിരക്കണക്കിന് പക്ഷികള്‍
പറന്നു പൊങ്ങുന്നു.

ഉള്ളില്‍
പഗോഡയില്‍ നിന്നെന്ന പോലെ
നിര്‍ത്താതെ മണി മുഴങ്ങുന്നു.

അനന്തരം,
പണി പൂര്‍ത്തിയാക്കി
സംഘങ്ങള്‍ സംഘങ്ങളായിട്ടാണ്
അവര്‍ മടങ്ങുന്നത്

ഏറ്റവും പിന്നിലായി നടന്ന
അവള്‍ തിരിഞ്ഞു നോക്കുമ്പോള്‍
പൂക്കള്‍ കൊണ്ട് പണിത ആ വീട്
ഒരു മഹാവൃക്ഷമായി കാണപ്പെട്ടു.

അതിന്റെ തണലില്‍
മിഴികളടച്ച്
ഒരു പ്രകാശവും.


 

Comments

You may also like