പൂമുഖം INTERVIEW ഭീഷണിപ്പെടുത്തി എന്നെ നിശബ്ദയാക്കാം എന്ന് കരുതുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് തോല്‍ക്കേണ്ടി വരും

ഭീഷണിപ്പെടുത്തി എന്നെ നിശബ്ദയാക്കാം എന്ന് കരുതുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് തോല്‍ക്കേണ്ടി വരും


കഴിഞ്ഞ ദിവസം തനിക്ക് നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് സാമൂഹ്യ പ്രവർത്തക ധന്യാ രാമന്‍ പറയുന്നു


 

താണ്ട് നാല് വര്‍ഷം മുമ്പായിരുന്നു ഇതുപോലൊരു അക്രമം എനിക്ക് നേരെ നടന്നത്. ഒരു ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കേസുമായി മുന്നോട്ട് പോയപ്പോള്‍ ആ കേസിലെ പ്രതിയുടെ ആളുകളായിരുന്നു അന്ന് എനിക്ക് നേരെ ഭീഷണിയും, അക്രമവും നടത്തിയത്. എന്നെ രക്ഷിക്കാന്‍ വന്ന അയല്‍വാസികളെ വരെ അന്ന് ആ അക്രമികള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. അന്ന് പോലീസിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും ഉണ്ടായിരുന്നു. ഇരുപത്തിനാല് മണിക്കൂറിനകം എല്ലാ പ്രതികളേയും അന്ന് പോലീസ് പിടികൂടി.

ആ സംഭവത്തിന് ശേഷവും ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും അത്ര കാര്യമായുള്ളവയായിരുന്നില്ല. ഈ അടുത്ത കാലം മുതലാണ് എന്നെ ആരോ പിന്തുടരുന്നുണ്ട് എന്ന് എനിക്ക് തോന്നിത്തുടങ്ങിയത്. അത് വെറും തോന്നലായിരുന്നില്ല എന്ന് അധികം താമസിയാതെ തന്നെ മനസ്സിലായി. കാരണം, ഈ അടുത്ത ദിവസങ്ങളില്‍ എന്റെ വീടിന് ചുറ്റുമുള്ള ബള്‍ബുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം നടന്നിരുന്നു. നശിപ്പിക്കപ്പെട്ട ബള്‍ബുകള്‍ മാറ്റിയിട്ടതിന് പുറകെ വയറിങ്ങ് അടക്കം നശിപ്പിക്കുകയും, പിന്നീട് ബള്‍ബ് സ്ഥാപിക്കാന്‍ കഴിയാത്ത വിധം നശിപ്പിക്കുകയും ചെയ്തു. പോലീസ് നിരീക്ഷണത്തിലുള്ള എന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ സംഭവമുണ്ടായത് എന്നതുകൊണ്ട് തന്നെ എന്നെ കൃത്യമായി ആരോ ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നുള്ളത് ഉറപ്പായിരുന്നു.

ആ സംഭവങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് ഇന്നലെ രാത്രി ഏകദേശം രണ്ടുമണിയോടെ ഒരാള്‍ എന്നെ ആക്രമിക്കുന്നത്. പുറത്തെ ഗെയിറ്റിലെ പൂട്ട് അറുത്ത് മാറ്റിയ നിലയിലാണ്. ബെഡ്റൂമിന്റെ വാതില്‍ തകര്‍ത്താണ് അയാള്‍ ഹാളിലേക്ക് കടന്നുവന്നത്. ജനലിനരികില്‍ കിടക്കരുതെന്നും, ബെഡ്റൂം മാറ്റണമെന്നുമുള്ള പോലീസ് നിര്‍ദ്ദേശമുള്ളതുകൊണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ ഹാളിലാണ് ഉറങ്ങുന്നത്.

ആ അപരിചിതനായ മനുഷ്യന്‍ എന്റെ കഴുത്തിന് കുത്തിപ്പിടിച്ചപ്പോഴാണ് ഞാന്‍ ഉറക്കമുണരുന്നത്. ഞാന്‍ നോക്കുമ്പൊള്‍ അയാളുടെ കൈവശം കത്തിപോലെ എന്തോ ഒരായുധമുണ്ട്. മൊബൈല്‍ ടോര്‍ച്ചിന്റെയോ മറ്റോ ഒരു ചെറിയ വെളിച്ചം എന്റെ മുഖത്ത് പതിയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഞാന്‍ ചാടിയെണീറ്റു. ആ സമയം ഞാന്‍ ശരിക്കും ഭയന്നിരുന്നു. എന്റെ തൊട്ടടുത്ത് രണ്ടര വയസ്സായ കുഞ്ഞും, ഭര്‍ത്താവുമുണ്ടായിരുന്നു. ആദ്യത്തെ ഞെട്ടലില്‍ നിന്ന് മുക്തമായതോടെ ഞാന്‍ ഒച്ച വെച്ചു. എന്റെ ഒച്ച കേട്ട് ഭര്‍ത്താവ് ഉണര്‍ന്നപ്പോള്‍ അയാള്‍ എന്റെ ശരീരത്തിലെ പിടി വിടുകയും, എന്നെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അവിടെ നിന്ന് പോവുകയും ചെയ്തു. പുറത്ത് പോലീസ് നില്‍ക്കുമ്പോള്‍, രണ്ട് വാതിലുകള്‍ തകര്‍ത്ത് അകത്ത് കടന്ന എന്തും ചെയ്യാന്‍ മടിക്കാത്ത ആ മനുഷ്യന്റെ വരവും, ഒന്നിനെയും കൂസാതെയുള്ള തിരിച്ചുപോക്കും കണ്ടപ്പോള്‍ എനിക്കെന്തോ മുന്നറിയിപ്പ് നല്‍കി പോയതുപോലെയാണ് തോന്നിയത്.

11738051_846560952093105_974111596351833749_n

ഈ സംഭവം ഏത് കേസുമായി ബന്ധപ്പെട്ടുള്ളതാണെന്ന് എനിക്ക് വ്യക്തമല്ല. ഞാന്‍ ഒരുപാട് കേസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടിക്കാരെല്ലാം കയ്യൊഴിഞ്ഞ വിഷയങ്ങളിലാന് ഞാന്‍ ഇടപെടുന്നത്. പല സമയങ്ങളിലായി പല പ്രതികളുടേയും ആളുകള്‍ എന്നെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. എസ്റ്റേറ്റ് ഉടമകള്‍ ആദിവാസികളെ അക്രമിച്ച സംഭവമുണ്ടായപ്പോള്‍ ഞാന്‍ ദേശീയ തലത്തില്‍ അധികാരികള്‍ക്ക് പരാതി നല്‍കുകയും അതിന്റെ അന്വേഷണം നടക്കുകയുമുണ്ടായി. ആ അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സിറ്റിങ്ങില്‍ ഈ എസ്റ്റേറ്റ് ഉടമകള്‍ക്കൊന്നും അവരുടെ വസ്തുവിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതിന്റെ ഭാഗമായി അവരില്‍ പലരും എന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു.

ഈ അടുത്താണ് ട്രൈബല്‍ ഡിപ്പാര്‍റ്റ്മെന്റിലെ അഴിമതികളുടെ വിവരം പുറത്ത് കൊണ്ടു വന്നത്. അതിന്റെ ഭാഗമായി റെയ്ഡുകള്‍ നടക്കുകയും പല തെളിവുകളും പുറത്ത് വന്നു. വ്യാജ ക്യാഷ് ബുക്ക് ഉണ്ടാക്കി പണം തട്ടിയ പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്ത് വന്നു. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട പലരെയും സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ വരെ സാധ്യതയുണ്ട് എന്നാണറിഞ്ഞത്.

എന്നെ ആക്രമിക്കാന്‍ വന്നയാളെ എനിക്ക് തിരിച്ചറിയാനായില്ല. പുറത്തെ ലൈറ്റില്‍ നിന്നുള്ള നിഴലിലാണ് ഞാന്‍ അയാളെ കാണുന്നത്. ഏതാണ്ട് മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള ആരോഗ്യമുള്ള ഒരു മനുഷ്യന്‍. അയാളുടെ ശരീരഭാഷയില്‍ നിന്നും മറ്റും ഒരു പ്രൊഫഷണല്‍ കില്ലറെ പോലെയാണ് എനിക്ക് തോന്നിയത്.

ഈ കഴിഞ്ഞ വനിതാദിനത്തില്‍ പോലും ഞാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ സന്ദേശങ്ങളില്‍ സ്ത്രീയുടെ സുരക്ഷയെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. കേരളത്തിനകത്തും പുറത്തും സ്വതന്ത്രമായി സുരക്ഷിതയായി സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നതില്‍ ഞാന്‍ ഒരുപാട് അഹങ്കരിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ മുറ്റത്ത് പോലീസ് നില്‍ക്കുമ്പോള്‍ പോലും ഒരാള്‍ അകത്ത് കയറി കഴുത്തില്‍ കത്തി വക്കുമ്പോള്‍ എന്താണ് കരുതേണ്ടത്? ഞാനിതിനെ ഒരു സൂചനയായി എടുക്കുകയാണ്.

ഞാന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ആദിവാസികളുമായി ഇടപെടുന്നതിന്റെയും, അവരുടെ ഊരുകളില്‍ സന്ദര്‍ശിക്കുന്നതിന്റെയും മാറ്റങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അവരിപ്പോള്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരെയിപ്പോള്‍ ആര്‍ക്കും അത്ര പെട്ടെന്ന് ചൂഷണം ചെയ്യാനാവുന്നില്ല. അതുകൊണ്ട് തന്നെ അവരെ ചൂഷണം ചെയ്തിരുന്നവര്‍ക്കെല്ലാം ഞാനിപ്പോള്‍ ശത്രുവാണ്. ഇതുപോലുള്ള ഭീഷണികള്‍ കൊണ്ട് എന്നെ നിശബ്ദയാക്കാം എന്നാണ് അവര്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. ഞാന്‍ നിശബ്ദയാവണമെങ്കില്‍ ഒന്നുകില്‍ അവരെന്നെ കൊല്ലണം, അല്ലെങ്കില്‍ ഞാന്‍ മരിക്കണം. ജീവിതത്തില്‍ അനുഭവിക്കേണ്ട ദുരിതങ്ങളെല്ലാം അനുഭവിച്ച ഒരാളാണ് ഞാന്‍. ഇനിയൊന്നും അനുഭവിക്കാനുമില്ല. അതുകൊണ്ട് ഭീഷണിപ്പെടുത്തി എന്നെ നിശബ്ദയാക്കാം എന്ന് കരുതുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് തോല്‍ക്കേണ്ടി വരും.


 

Comments
Print Friendly, PDF & Email

You may also like