പൂമുഖം LITERATUREകഥ അവസാനത്തെ ഇല

അവസാനത്തെ ഇല

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

വാഷിംഗ്ടൺ സ്ക്വയറിനു പടിഞ്ഞാറ് ഭാഗത്തുള്ള ചെറുപട്ടണത്തിൽ ഒരിടത്ത് തെരുവുകൾ ഭ്രാന്ത് പിടിച്ചത് പോലെ തലങ്ങും വിലങ്ങും തിരിയുന്നു.ആളുകൾ സ്ഥലങ്ങൾ എന്നു വിളിക്കുന്ന ചെറു തുണ്ടുകളായി അവ ചിതറിക്കിടന്നു .ഒരിക്കൽ ഒരു ചിത്രകാരൻ ഈ തെരുവിൽ വിലപ്പെട്ട ഒരു സാധ്യത കണ്ടെത്തി. ദരിദ്രനായ ഒരു ചിത്രകാരൻ ചിത്രകലാ സാമഗ്രികളുടെ പണം കൊടുക്കാൻ ഉണ്ടെന്നു കരുതുക .അവയുടെ പണം ഈടാക്കാൻ വരുന്ന ഒരുത്തൻ ഈ വഴികൾ കുറുകെ കടന്ന് ചെന്ന് ഒരു ചില്ലി കാശുപോലും തിരിച്ചുകിട്ടാനാവാതെ തുടങ്ങിയിടത്തു തന്നെ എത്തിച്ചേരുകയാണ് പതിവ്. ഗ്രീനിച്ച് ഗ്രാമം എന്നറിയപ്പെടുന്നു ഈ നഗര ഭാഗത്തേക്ക് വൈകാതെ കലാകാരന്മാർ വന്നുചേർന്നു .നല്ല വെളിച്ചവും ചുരുങ്ങിയ വാടകയും ഉള്ള മുറികൾ അവർ ഇഷ്ടാനുസരണം കണ്ടെത്തുകയും ചെയ്തു.

ഉയരം കുറഞ്ഞ മൂന്നുനില കെട്ടിടത്തിന്റെ മുകൾനിലയിൽ ആയിരുന്നു സൃൂവും ജോൺസിയും താമസിച്ചിരുന്നത് .ഇവരിലൊരാൾ മൈനയിൽ നിന്നും മറ്റേവൾ കാലിഫോർണിയയിൽ നിന്നുമായിരുന്നു എട്ടാം തെരുവിലെ റസ്റ്റോറന്റിൽ വെച്ചാണ് അവർ കണ്ടുമുട്ടിയത്. കലയിലും ഭക്ഷണത്തിലും വസ്ത്രത്തിലും അവരുടെ അഭിരുചികൾ സമാനമായിരുന്നതിനാൽ ഒരുമിച്ചു താമസിക്കാനും ജോലി ചെയ്യാനും അവർ തീരുമാനിക്കുകയായിരുന്നു.

അതൊരു വസന്തകാലമായിരുന്നു .ശൈത്യകാലമായതോടെ തണുത്ത ഒരപരിചിതൻ അവിടേക്ക് കയറി വന്നു .തന്റെ തണുത്ത കൈ വിരലുകൾ കൊണ്ട് അവിടെയും ഇവിടെയുമുള്ള ആളുകളെ അയാൾ തൊട്ടുതലോടി. ഒരു ഭീകര രോഗമായിരുന്നു ആ അപരിചിതൻ .ഡോക്ടർ അയാളെ ന്യൂമോണിയ എന്നു വിളിച്ചു .നഗരത്തിന്റെ കിഴക്കുഭാഗത്ത് തിരക്കിട്ട് ചുറ്റിനടന്ന് അയാൾ നിരവധി പേരെ തള്ളിവീഴ്ത്തി .എന്നാൽ ഗ്രീനിച്ചിലെ ഇടുങ്ങിയ തെരുവുകളിൽ അവനത്ര വേഗം നടന്നു കയറാനായില്ല .ന്യൂമോണിയ മാന്യൻ ഒന്നുമായിരുന്നില്ല .അങ്ങനെയുള്ള ഒരാൾക്ക് കാലിഫോർണിയയിൽ നിന്നുള്ള ഒരു പാവം പെണ്ണിനെ ആക്രമിക്കാൻ കഴിയുമായിരുന്നില്ല .എന്നാൽ മിസ്റ്റർ ന്യൂമോണിയ തന്റെ തണുത്ത വിരലുകൾകൊണ്ട് ജോൺ സിയെ തള്ളിയിട്ടു. അനങ്ങാൻ പോലുമാവാതെ അവൾ ശയ്യാവലംബിയായി ജാലകത്തിലൂടെ തൊട്ടപ്പുറത്തെ വീടിന്റെ ചുമരലേക്ക് നോക്കി അവൾ കിടന്നു.

ഒരു പ്രഭാതത്തിൽ തിരക്കുപിടിച്ചോടുന്നതിനിടയിൽ ഹാളിൽ വച്ച് ജോൺസി കേൾക്കാതെ ഡോക്ടർ സൃൂവിനോട് ഇപ്രകാരം പറഞ്ഞു:

“അവൾ രക്ഷപ്പെടുമോയെന്നകാര്യം സംശയമാണ് “.ഒന്നു നിർത്തി അദ്ദേഹം തുടർന്നു “ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവൾക്കൊരു അവസരമുണ്ട് .ആഗ്രഹമില്ലാത്ത പക്ഷം എനിക്കൊന്നും ചെയ്യാനില്ല. രോഗം ഭേദമാവില്ലെന്ന്നിന്റെ കൂട്ടുകാരി വിചാരിച്ച മട്ടുണ്ട് .അവളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും സംഗതിയുണ്ടോ?”
“ഇറ്റലിയിൽ പോയി നേപ്പിൾസ് ഉൾക്കടൽ പെയിന്റ്ചെയ്യണമെന്നവൾ പറയാറുണ്ട് “സൃു പ്രതിവചിച്ചു
“പെയിന്റിംഗോ….അതല്ല …അവളെ കാര്യമായി വിഷമിപ്പിക്കുന്ന മറ്റെന്തെങ്കിലും ….ഒരു പുരുഷൻ … അങ്ങനെ വല്ലതും?”
“ഏയ് അങ്ങനെ ഒരാൾ ഇല്ല”
“”അതൊരു കുറവാണല്ലോ “ഡോക്ടർ തുടർന്നു “എന്റെ പരമാവധി ഞാൻ ചെയ്യാം എന്നാൽ ഒരു രോഗി താൻ മരിക്കാൻ പോവുകയാണെന്ന് വിചാരിക്കാൻ തുടങ്ങിയാൽ എന്റെ അധ്വാനം വെറുതെയാവും. അവളോട്പുതിയ ശൈത്യകാല വസ്ത്രങ്ങളെ കുറിച്ച് സംസാരിച്ചു നോക്കൂ. ഭാവിയെക്കുറിച്ച് പ്രതീക്ഷ യുണ്ടെങ്കിൽ രോഗമുക്തി ക്കുള്ള സാധ്യതകളേറെയാണ്”
ഡോക്ടർ പോയതിനുശേഷം അവൾ തന്റെ സ്റ്റുഡിയോയിലേക്ക് പോയി അവിടെ ചെന്നിരുന്നു കരയുവാൻ തുടങ്ങി.പിന്നീടവൾ പെയിന്റിംഗിനുള്ള സാമഗ്രികൾ എടുത്ത് ഒരു പാട്ടു മൂളികൊണ്ട് ജോൺ സിയുടെ മുറിയിലേക്ക് ചെന്നു .ജോൺസി ജാലകത്തിലൂടെ പുറത്തേക്കു നോക്കി ശാന്തയായി കിടക്കുകയായിരുന്നു .അവൾ ഉറങ്ങുകയാണെന്ന് കരുതി സൃു പെട്ടെന്ന് പാട്ട് നിർത്തി അവിടെയിരുന്നു ചിത്രം വരയ്ക്കാൻ ആരംഭിച്ചു. അതു തുടരവേ പരിക്ഷീണം ആയ ഒരു ശബ്ദം കേട്ടു സൃു ഉടൻ എഴുന്നേറ്റ്കിടക്കയ്ക്കരികിലേക്ക് ചെന്നു . കണ്ണുകൾ തുറന്നു പിടിച്ചു ജാലകത്തിലൂടെ പുറത്തേക്ക് നോക്കി അവൾ പുറകോട്ട് എണ്ണുകയായിരുന്നു താഴ്ന്ന സ്ഥായിയിൽ
ഒൻപത്…എട്ട്….. ഏഴ്എന്നിങ്ങനെ

സൃു ജനലിലൂടെ പുറത്തേക്ക് നോക്കി .എന്താണ് അവിടെ എണ്ണാൻ ? കുറച്ചകലെയായി അടുത്ത വീടിന്റെ ഭിത്തി മാത്രം.അതിന് ജാലകങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.ചുമരിന് എതിർ വശത്തായി ഒരു വയസ്സൻ മരം നിന്നിരുന്നു.ശീതക്കാറ്റേറ്റ് അതിന്റെ ഇരുണ്ട ശിഖരങ്ങളിലെ ഇലകൾ മിക്കവാറും കൊഴിഞ്ഞു പോയിരുന്നു.
“എന്റെ മോളെ ….എന്താണവിടെ?.”സൃു ചോദിച്ചു .
“ആറ്… ” പ രിക്ഷീണമായ ശബ്ദത്തിൽ ജോൺസി പറഞ്ഞു “അവ ഇപ്പോൾ വളരെ വേഗത്തിലാണ് കൊഴിഞ്ഞു വീഴണത്.മൂന്നു ദിവസം മുമ്പ് അതിലൊരു നൂറെണ്ണം എങ്കിലും ഉണ്ടായിരുന്നു അതെണ്ണുമ്പോൾ എന്റെ തല പെരുത്തു പോയിരുന്നു.എന്നാൽ ഇപ്പോൾ എന്തെളുപ്പമാണ്?ദാ ഒരെണ്ണംകൂടി വീഴുന്നു ഇനി അഞ്ചെണ്ണം മാത്രം.”
” അഞ്ച്…. എന്താണത് ……നിൻ്റെ സ്യൂവിനോട് പറയില്ലേ?”
“ആ മരത്തിലെ ഇലകളേ…..അവസാനത്തെ ഇല വീഴുമ്പോൾ ഞാനും പോകും .എനിക്കറിയാം കൂടിയാൽ മൂന്നുദിവസം ..ഡോക്ടർ നിന്നോട് ഒന്നും പറഞ്ഞില്ലേ ?”
“എന്തൊക്കെയാണീ പുലമ്പുന്നത് …അതിലൊന്നും ഒരു കഥയുമില്ല. ആ കിഴവൻ മരത്തിനു നിന്നെ എന്ത് ചെയ്യാനാണ് .?..രോഗം ഭേദമാകുന്നതുമായി അതിനെന്തു ബന്ധം? നിനക്ക് മരത്തിനോട് പണ്ടേ വലിയ ഇഷ്ടമായിരുന്നു എന്നുവച്ച് ഇങ്ങനെ വിഡ്ഢിയാകണോ ?… നിന്റെ രോഗം ഭേദമാകുന്നതിനെക്കുറിച്ച് ഇന്ന് രാവിലെയും ഡോക്ടർ പറഞ്ഞു. നല്ല പുരോഗതിയുണ്ടെന്നാ അദ്ദേഹത്തിന്റെ പക്ഷം .എഴുന്നേറ്റ് എന്തെങ്കിലും കഴിക്കൂ .എന്നിട്ട് വേണം എനിക്ക് പണി തുടങ്ങാൻ .ചിത്രം വിറ്റ് പണം കിട്ടിയാൽ നിന്റെ ആരോഗ്യരക്ഷയ്ക്ക് ചിലതൊക്കെ വാങ്ങണമെന്നുണ്ട്.”
“നീ എനിക്കു വേണ്ടി ഒന്നും വാങ്ങേണ്ട.”
ഇങ്ങനെയൊക്കെ പറഞ്ഞു ജോൺസി പുറത്തേക്കു തന്നെ നോക്കി കിടന്നു “ദാ…..മറ്റൊന്നുകൂടി …..വേണ്ട എനിക്കൊന്നും കഴിക്കണ്ട . ഇനിയിപ്പോൾ നാലെണ്ണമേയുള്ളൂ….രാത്രി ആവുന്നതിനു മുമ്പ് അവസാന ഇല വീഴണതെനിക്ക്കാണണം. അതോടെ ഞാനും മരിക്കും .”
“എന്റെ പൊന്നു ജോൺസി ഞാൻ ഈ പെയിന്റിംഗ് തീർക്കും വരെ കണ്ണടച്ച് കിടക്കാം എന്ന് എനിക്ക് വാക്ക് തരില്ലേ?ആ ചുമരിലേക്ക്നോക്കില്ലെന്നും ?എനിക്കിത് നാളെ കൊണ്ട് തീർക്കണം എനിക്ക് വെളിച്ചം വേണം അതുകൊണ്ട് ജനൽ അടയ്ക്കാൻ പറ്റില്ല “

“നിനക്ക് മറ്റേ മുറിയിലിരുന്നു ചെയ്തുകൂടെ?”ജോൺസി തണുപ്പൻ മട്ടിൽ പറഞ്ഞു.
“നിന്റെ അടുത്തിരിക്കാൻ ആണ് എനിക്കിഷ്ടം .ഇലകളെ ഇനി നീ നോക്കരുത്”
“നീയതു വരച്ചു കഴിഞ്ഞാലുടൻ പറയണം.”
ഇങ്ങനെ പറഞ്ഞ് വിളറിവെളുത്ത്കണ്ണുകൾ അടച്ചു കൊണ്ടു ജോൺസി കിടന്നു അവൾ തുടർന്നിങ്ങനെ മൊഴിഞ്ഞു .

“എന്തെന്നാൽ എനിക്കാ അവസാന ഇല വീഴണത് കാണണം .എത്ര ദിവസമായി ഞാൻ അതു കാത്തിരിക്കണത്… അതിനെ ക്കുറിച്ച് ഏറെ ചിന്തിച്ചും കഴിഞ്ഞു .ആ ഇലകളൊന്നിനെ പോലെ ഞാൻ താഴേക്ക് താഴേക്ക് വീണുകൊണ്ടിരിക്കുകയാണ് .”

“പൊന്നുമോളൊന്നുറങ്ങാൻ നോക്കൃേ.അല്പം നിർത്തി സൃു തുടർന്നു .ഞാൻ പോയി ആ ബർമനോട് ഇവിടേക്ക് വരാൻ പറയാം.ഈ ചിത്രത്തിലെനിക്ക് ഒരാളെ കൂടി വരക്കേണ്ടതുണ്ട്.ഞാൻ അയാൾക്ക് ബർമൻ്റെ രൂപംനൽകും ഒരു മിനിറ്റിനകം എത്താം .വരണ വരെ ഇവിടെ നിന്ന് അനങ്ങരുത്.”

ആകെട്ടിടത്തിന്റെ ആദ്യത്തെ നിലയിലായിരുന്നു ബർമൻ താമസിച്ചിരുന്നത്. അയാൾക്ക് 60 കഴിഞ്ഞിരുന്നു.വിജയിച്ച ഒരു പെയിന്ററൊന്നുമായിരുന്നില്ല അയാൾ.40 വർഷക്കാലം പരിശ്രമിച്ചിട്ടും ഒരു നല്ല ചിത്രം പോലും അയാൾക്ക് വരക്കാനായില്ല.തന്റെ മാസ്റ്റർപീസ്‌ വരക്കുന്നതിനെക്കുറിച്ച് അയാൾ എപ്പോഴും വാചാലനാകുമായിരുന്നു.എന്നാൽ അത് തുടങ്ങിയ വെയ്ക്കാൻ പോലും അയാൾക്ക് കഴിഞ്ഞിരുന്നില്ല. മറ്റു ചിത്രകാരന്മാർക്ക് മോഡലായിരുന്ന്അൽപസ്വൽപം പണമൊക്കെ അയാൾക്കു ലഭിച്ചിരുന്നു .നന്നായി മദ്യപിക്കുമായിരുന്ന അയാളെപ്പോഴും തന്റെ മാസ്റ്റർപീസിനെ കുറിച്ച്സംസാരിച്ചു .സൃൂവിനും ജോൺസിക്കും സാധ്യമായതെല്ലാം ചെയ്തുകൊടുത്തു. അവരെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്ന് ആ വൃദ്ധൻ വിശ്വസിച്ചു .മങ്ങിയ വെളിച്ചമുള്ള മദ്യം മണക്കുന്ന അയാളുടെ മുറിയിലേക്ക് സൃു കടന്നുചെന്നു.ജോൺസി യെക്കുറിച്ചും ഐവി മരത്തിലെ ഇലകളെ കുറിച്ചും പറഞ്ഞു.ആ ഇല പോലെ ജോൺസിയും വീണു പോയേക്കാം എന്ന ഭയവും അവൾ ബർമനുമായി പങ്കുവച്ചു. ജോൺസി കൂടുതൽ കൂടുതൽ ക്ഷീണിതയായി വരികയാണെന്നും.ഇതുകേട്ട ബർമൻപൊട്ടിത്തെറിക്കുക തന്നെ ചെയ്തു .

“എന്ത്? ഇപ്പോഴും ഇത്തരം വിഡ്ഢികളുണ്ടോ ?മരത്തീന്നു ഇല വീണത്കണ്ടു ആളുകൾ മരിക്കുമെന്നോ?ഇങ്ങനെയൊന്ന് ഞാനിതുവരെ കേട്ടിട്ടേയില്ല.നിന്റെ ചിത്രത്തിന്റെ മുന്നിലിരുന്നു തരാൻ എനിക്കിപ്പോ മനസ്സില്ല.ആ പാവം കുട്ടിയെ കൊണ്ട് അങ്ങനെയൊക്കെ ചിന്തിപ്പിക്കണതെന്തിന് ?
“അവൾക്ക് രോഗം കലശലാണ്.നല്ല ക്ഷീണവും ഉണ്ട് .രോഗാധികൃം കൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കണത്.അപ്പൂപ്പൻ വരുണില്ലെങ്കിൽ വേണ്ട….നിങ്ങളെക്കുറിച്ച് എനിക്ക് മോശമായി ചിന്തിക്കേണ്ടിവരും.”

ബർമൻ വീണ്ടും ഒച്ച എടുത്തു.”എന്തൊരു പെണ്ണാ ഇത് “ഒന്നു നിർത്തി അയാൾ തുടർന്നു,”ആരാ ഞാൻ വരണിലൃാന്ന് പറഞ്ഞേ .ഞാൻ നിന്റെ കൂടെ തന്നെ വരണുണ്ട്. അരമണിക്കൂറായി ഞാൻ അതിനെക്കുറിച്ച് തന്നെയാ പറഞ്ഞുകൊണ്ടിരിക്കണത്.ജോൺസി യെ പോലൊരു പെൺകുട്ടി രോഗിയായി കിടക്കേണ്ട ഇടമല്ലിത് .ഒരു ദിവസം ഞാൻ എന്റെ മാസ്റ്റർപീസ് പൂർത്തിയാക്കും.പിന്നെ നാം എല്ലാം ഇവിടെ നിന്ന്പോവും.എന്റെ ദൈവമേ ….തീർച്ച”.

അവർ മുറിയിലെത്തുമ്പോൾ ജോൺസി നല്ല ഉറക്കത്തിലായിരുന്നു.സൃു ജനാല വിരികൾ താഴ്ത്തിയിട്ടു ബർമനെ അടുത്ത മുറിയിലേക്ക്കൊണ്ടുപോയി.അവിടെ നിന്നുകൊണ്ട് അവർ ഭീതിയോടെ ആ വൃക്ഷത്തെ നോക്കി .പിന്നീടവർ ഒന്നും മിണ്ടാതെ ഒരു നിമിഷം പരസ്പരം നോക്കി നിന്നു.പുറത്ത് മഞ്ഞ കലർന്ന മഴ പെയ്യുന്നുണ്ടായിരുന്നു.

ബർമൻ സൃൂവിന് മുന്നിലിരുന്നു .അവൾ വരയ്ക്കാൻ ആരംഭിച്ചു. രാത്രി മുഴുവൻ അതു നീണ്ടു നിന്നു .ഒരു മണിക്കൂർ നേരത്തെ ഉറക്കത്തിനു ശേഷം പ്രഭാതത്തിൽ അവൾ ജോൺ സിയുടെ കട്ടിലിനു അടുത്തേക്ക്ചെന്നു.അവൾ കണ്ണുകൾ മലർക്കെ തുറന്ന് ജനലിലേക്ക് നോക്കിക്കൊണ്ട്കിടക്കുകയായിരുന്നു .
“എനിക്കു പുറത്തേക്ക് നോക്കണം ” ജോൺസി പറഞ്ഞത് കേട്ട് സൃൂ ജാലക തിരശ്ശീലകൾ ഉയർത്തി.തലേരാത്രിയിൽ കാറ്റും മഴയും ഭയങ്കരം ആയിരുന്നിട്ടും ആ വൃക്ഷത്തിന്റെ ഒരില മാത്രം വീഴാതെ നിൽക്കുന്നുണ്ടായിരുന്നു .ഇവയോട് ചേർന്ന കൊമ്പ് പച്ച നിറമാർന്ന് കാണപ്പെട്ടു.എന്നാൽ അതിന്റെ അറ്റം വാർദ്ധക്യത്താൽ മഞ്ഞനിറമായിരുന്നു.തറയിൽ നിന്ന് കഷ്ടിച്ച് ഇരുപത് അടി ഉയരത്തിലായിരുന്നു അത് ഞാന്നു കിടന്നിരുന്നത്.
“അത് അവസാനത്തേതാണ്” അല്പം നിർത്തി അവൾ തുടർന്നു.” രാത്രിയിൽ അത് വീണു പോയേക്കു മെന്ന് ഞാൻ കരുതി.കാറ്റ് വീശുന്നത്എനിക്ക് കേൾക്കാമായിരുന്നു.ഇന്ന് …..ഇന്നെന്തായാലും അത് വീഴും…. അതേ സമയത്ത് ഞാനും മരിക്കും.”
“എന്റെ പൊന്നു ജോൺസി നിന്നക്കുറിച്ച് നീ ചിന്തിക്കുന്നില്ലെങ്കിൽ വേണ്ട..എന്നെക്കുറിച്ച് നീ ആലോചിക്കുന്നുണ്ടോ?നീ പോയാൽ ഞാനെന്തു ചെയ്യും?”സൃൂ ചോദിച്ചു ജോൺസി അതിനു മറുപടിയൊന്നും പറഞ്ഞില്ല .ദീർഘ സഞ്ചാരത്തിന് പുറപ്പെടാൻ തയ്യാറാകുന്ന ഒരു ആത്മാവാണ്ലോകത്തിലെ ഏറ്റവും ഏകാന്തനായ ജീവി.ഈ ഭൂമിയോടും സൗഹൃദങ്ങളോടും അവളെ ബന്ധിച്ച ചരടുകൾ ഒന്നൊന്നായി അഴിയുകയായിരുന്നു.

ആ ദിവസം സാവധാനമാണ് കടന്നുപോയത്. ഇരുട്ടാകുമ്പോഴും ആ ഇല വൃക്ഷത്തിൽ തൂങ്ങി നിൽപ്പുണ്ടായിരുന്നു .രാത്രിയിൽ വടക്കൻ കാറ്റ് ആഞ്ഞു വീശാൻ ആരംഭിച്ചു .മഴ ശബ്ദത്തോടെ ചുമരിൽ പതിക്കാനും.പിറ്റേന്ന് പ്രഭാതമായപ്പോൾ തനിക്ക് പുറത്തേക്ക് നോക്കണം എന്ന് ജോൺസി വാശിപിടിച്ചു അപ്പോഴും ആ ഇല അവിടെത്തന്നെ ഉണ്ടായിരുന്നു. ജോൺസി ഏറെ നേരം അത് നോക്കി കിടന്നു .പിന്നീടവൾ ഭക്ഷണമുണ്ടാക്കി കൊണ്ടിരുന്ന സൃൂവിനെ വിളിച്ചു

“ഞാനൊരു ചീത്തക്കുട്ടിയാണ് സ്യൂ .”ഒന്ന് നിർത്തി അവളിങ്ങനെ തുടർന്നു
“ഞാനെത്ര മാത്രം ചീത്തയാണെന്നു കാണിക്കാൻ എന്തോ അതിനെ അവിടെ നിർത്തിയതാണ്. മരിക്കാനാഗ്രഹിക്കുന്നതു ഒരു ചീത്തക്കാര്യമാണ് .ഞാനെന്തെങ്കിലും കഴിക്കാൻ പോവാ .ആദ്യം തന്നെ ഒരു കണ്ണാടി കൊണ്ടുവാ . ഞാനെന്നെയൊന്നു കാണട്ടെ .എന്നിട്ടെണീറ്റു ഭക്ഷണമുണ്ടാക്കുന്നത് നോക്കിയിരിക്കും .”

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവളിങ്ങനെ മൊഴിഞ്ഞു
“സ്യൂ , ഒരു നാൾ നേപ്പിൾസ് ഉൾക്കടൽ വരയ്ക്കാനാവുമെന്നു എനിക്ക് പ്രതീക്ഷയുണ്ട്

ഉച്ച തിരിഞ്ഞു ഡോക്ടറെത്തി .ജോൺസിയുടെ മുറിക്കു സമീപമുള്ള ഹാളിലേക്ക് സ്യൂ ഡോക്ടറുടെ പിന്നാലെ ചെന്നു .
” നല്ല ഭാഗ്യമുണ്ട് .സാഹചര്യം വളരെ അനുകൂലമാണ് “സ്യൂവിന്റെ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ചു ഡോക്ടർ പറഞ്ഞു “അവളെ നന്നായി ശ്രദ്ധിക്കണം .എങ്കിൽ രോഗം ഉടനെ ഭേദമാകും .ഇവിടെ മറ്റൊരു രോഗിയെ എനിക്ക് നോക്കേണ്ടതുണ്ട് .അയാളുടെ പേര് ബർമൻ എന്നാണ്. പെയിന്ററാണ് .അയാൾക്കും ന്യുമോണിയ ബാധിച്ചിരിക്കുന്നു .വൃദ്ധനും ക്ഷീണിതനുമാണയാൾ .അത് കൊണ്ട് വലിയ പ്രതീക്ഷയൊന്നുമില്ല എന്നാലും അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി നമുക്ക് കഴിയാവുന്നതു ചെയ്യണം “

അടുത്ത ദിവസവും ഡോക്ടർ അവിടെ വന്നു .സ്യൂവിനെ വിളിച്ചു ഇങ്ങനെ പറഞ്ഞു .”ഇവളുടെ രോഗമൊക്കെ പമ്പ കടന്നു . നീയാണെല്ലാം ചെയ്തത് .ഇനി നല്ല ഭക്ഷണമൊക്കെ കൊടുത്തു നന്നായി നോക്കണം “

അന്ന് ഉച്ച തിരിഞ്ഞു ജോൺസിയുടെ കിടക്കയ്ക്കു അരികിലെത്തി അവളെ ചുറ്റിപ്പിടിച്ചു ഇങ്ങനെ പറഞ്ഞു . ” നിന്നോടെനിക്കൊരു കാര്യം പറയാനുണ്ട്‌. നമ്മുടെ ബർമനപ്പൂപ്പൻ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിൽ വെച്ച് മരിച്ചു . പാവം, രണ്ടു ദിവസമേ അസുഖമായി കിടക്കേണ്ടി വന്നുള്ളൂ .ആദ്യത്തെ ദിവസം മുതൽ നിസ്സഹായനായി വേദന കൊണ്ട് പുളയുന്ന അദ്ദേഹത്തെ ആരോ കണ്ടതായി പറഞ്ഞു .”

ഒന്ന് നിർത്തി അവൾ തുടർന്നു “അപ്പൂപ്പന്റെ ഷൂസും വസ്ത്രങ്ങളും മഞ്ഞിൽ കുതിർന്നിരുന്നു .അദ്ദേഹം എവിടെയായിരുന്നു എന്ന് ആളുകൾ അത്ഭുതപ്പെട്ടു .തലേ ദിവസം രാത്രി ഭയങ്കര കാറ്റും മഴയും ഉണ്ടായിരുന്നു അവർ ചിലതു കാണുകയും ചെയ്തു .അപ്പൂപ്പൻ വിളക്ക് പുറത്തേക്കു കൊണ്ട് പോയിരുന്നു .പെയിന്റിങ്ങിനാവശ്യമായ സാധനങ്ങളും .പച്ചയും മഞ്ഞയുമായ പെയിന്റ്‌ .
പിന്നെ …
നോക്കു ജോൺസിക്കുട്ടി .. ആ അവസാന ഇല …..!വീശിയടിക്കുന്ന കാറ്റിലും കോരിച്ചൊരിയുന്ന മഴയിലും അത് വീഴാതെ നിന്നതെങ്ങിനെയെന്നോർത്തു എന്റെ മോൾ അത്ഭുതപ്പെട്ടില്ലേ ..? അത് ബർമന്റെ മാസ്റ്റർപീസായിരുന്നു .രാത്രി മുഴുവൻ നിന്ന് അദ്ദേഹമത് വരയ്ക്കുകയായിരുന്നു .

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like