പൂമുഖം LITERATUREകഥ ഹിഡിംബി

“ഈശാനരൻ കാത്തു നിൽക്കുന്നു”.

ബലകന്റെ അവ്യക്തമായ ശബ്ദം കാതുകളിൽ മുഴങ്ങി.

അവാച്യമായ അനുഭൂതികൾ നുരഞ്ഞു കത്തുന്ന സിരകളിലാകെ പ്രതികാരം ആടിത്തിമിർക്കുകയാണ്. കണ്ണെത്താദൂരത്തോളം നീളുന്ന ശവഘോഷയാത്രകൾ, കത്തിയെരിയുന്ന ചിതാകുണ്ഡങ്ങൾ, ആർത്തലച്ചു നിലവിളിക്കുന്ന ബന്ധുജനങ്ങൾ.

പ്രഭോ!.

വീണ്ടും ബലകന്റെ ശബ്ദം; കണ്ണുകൾ തുറക്കാതിരിക്കാനായില്ല.

ശബ്ദം കേട്ട ദിക്കിലേക്ക് മുഖം തിരിച്ചു.

മഞ്ചത്തിൽ നിന്നും പതുക്കെ താഴേക്കിറങ്ങി, ശിബിരത്തിന്റെ മൂലയിലായി കൂട്ടിയിട്ടിരിക്കുന്ന പാദുകങ്ങളുടെ അരികിലേക്ക് നടന്നു.

തുകലുകൾ കൊണ്ടുണ്ടാക്കിയ പാദുകങ്ങളെല്ലാം ചോര പുരണ്ടു നനഞ്ഞിരിക്കുന്നു.

ചോരയും, മണ്ണും, തുകലും, ആയുധങ്ങളും, പടച്ചട്ടകളും ഇഴപിരിഞ്ഞു കിടക്കുന്ന ഗന്ധമാണെങ്ങും.

മരണം പെയ്തിറങ്ങുകയാണ് കുരുക്ഷേത്രത്തിൽ, ഇനിയുമേറെ ചെയ്തു തീർക്കുവാനുണ്ട്.

ഉലൂകൻ സമ്മാനിച്ച പാദുകങ്ങളിലേക്ക് കാലുകൾ കടത്തി വെച്ചു.

പിരിച്ചൊടിക്കപ്പെട്ട വലതുകാലിന്റെ നീളക്കുറവ് മറികടക്കാനായി ഗാന്ധാരത്തിലെ ചെരുപ്പുകുത്തികൾ നന്നായി പരിശ്രമിച്ചിട്ടുണ്ട്.

ഇടതുകാലിൽ പൊക്കം കുറഞ്ഞതും വലതുകാലിൽ പൊക്കം കൂടിയതുമായ പാദുകങ്ങൾ.

സാവകാശം വാതിലിനടുത്തെത്തി, തിരശീലകൾ വലത്തേക്ക് വകഞ്ഞുമാറ്റി.

ഇരുളിൽ അയാൾ നിൽക്കുന്നു, ഹിഡിംബിയുടെ നിശാചരനായ സഹായി ഈശാനരൻ.

അസമയത്തുള്ള ആ കൂടിക്കാഴ്ച പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

കൗരവസേനയുടെ മേൽ മരണം വിതച്ച ഘടോത്കചൻ കർണ്ണന്റെ വേൽ പ്രയോഗത്താൽ നിപതിച്ചിട്ട് നാഴികകൾ കഴിഞ്ഞിരിക്കുന്നു.

മഹാമേരുവായി കുരുക്ഷേത്രം നിറഞ്ഞ ഘടോത്കചൻ നൂറ് കണക്കിന് യുദ്ധവീരന്മാരെയാണ് കൊന്നൊടുക്കിയത്.

മദമിളകിയ ആനകളെയും, കുതിരകളെയും വരെ വീഴ്ത്തിയ ഭീമപുത്രനെ തടയാനാകാതെ കൗരവസേന പിന്തിരിഞ്ഞോടാൻ തുടങ്ങിയതാണ് കർണ്ണനെ പ്രകോപിപ്പിച്ചത്.

ഒടുവിൽ ഹിഡിംബിയുടെ ദുഃഖങ്ങൾക്കും ഹേതുവായിരിക്കുന്നു.

പ്രഭോ!.

ഇരുട്ടിൽ നിന്നും ഈശാനരന്റെ ശബ്ദമുയർന്നു.

ഹിഡിംബി സേവകരുടെ ശവദാഹപ്പുരയിൽ കാവലിരിക്കുന്നു, അവിടെയാണ് ഘടോത്കചൻ.

അത്രയും പറഞ്ഞവസാനിപ്പിച്ച അയാൾ മറുപടി കാക്കാതെ ഇരുളിലേക്ക് ഇറങ്ങിപ്പോയി.

ബലകൻ കറുത്ത അംഗവസ്ത്രം കൈയിലേക്ക് വെച്ചു തന്നു.

ഗാന്ധാരത്തിന്റെ രീതികൾ, ചിട്ടകൾ തെറ്റാതെ പാലിക്കുവാൻ അയാൾ മിടുക്കനാണ്.

ആടയാഭരണങ്ങളും, ആയുധങ്ങളും അഴിച്ചു വെച്ചു.

കറുത്ത ഉത്തരീയത്തിനുള്ളിൽ സുരക്ഷിതനാണെന്ന വിശ്വാസത്തിൽ ഇരുളിലേക്ക് നടന്നു.

കത്തിച്ച പന്തവുമായി തുണ വരുവാനിറങ്ങിയ ബലകനെ കൈകളുയർത്തി തടഞ്ഞു. കുറ്റബോധത്താൽ കുനിഞ്ഞുപോയ യജമാനന്റെ മുഖം അയാൾ കാണരുതെന്ന സ്വാർത്ഥത.

അതിരുകൾ മുഴുവൻ ശവദാഹപ്പുരകളായി മാറിയ കുരുക്ഷേത്രത്തിൽ കത്തിയെരിയുന്ന ചിതാകുണ്ഡങ്ങളുടെ വെളിച്ചം തന്നെ ധാരാളം.

മണ്ണ് മുഴുവൻ ചോരയിൽ കുതിർന്നു ചതുപ്പായി കിടക്കുന്നു.

പാദുകങ്ങൾക്കുള്ളിൽ കാലുകൾ തെന്നാതെ മുന്നോട്ട് നീങ്ങാനാകുന്നില്ല.

വഴുതി വീണാൽ നിലംതൊടുന്നത് ആയുധങ്ങൾക്കോ, പാതിവെന്ത ശരീരങ്ങൾക്കോ മുകളിലാകും.

അർദ്ധപ്രാണരായ ആനകളുടെയും, കുതിരകളുടെയും, ശ്വാനന്മാരുടെയും ദയനീയ വിലാപങ്ങളാണ് ചുറ്റിലും. യുദ്ധം മനുഷ്യരുടേത് മാത്രമല്ല, ചട്ടം പഠിപ്പിച്ച മൃഗങ്ങളുടേത് കൂടിയാണെന്ന് അവയ്ക്കെങ്കിലും മനസ്സിലായിട്ടുണ്ടാകും.

വിശ്രമമില്ലാത്ത ശവദാഹപ്പുരകളിൽ ലഹരിയിൽ നുരഞ്ഞു പണിയെടുക്കുന്നവർ ഉച്ചത്തിൽ ആരെയൊക്കെയോ പുലഭ്യം പറയുന്നതും കേൾക്കാം. കുരുവംശത്തിന്റെ ആചാര്യന്മാരെയോ, കൊന്നും ചത്തും തീരുന്ന സേവകരെയോ ആകും.

ഉന്തുവണ്ടികളിൽ വാരിവലിച്ചിട്ടു കൊണ്ടു വരുന്ന ശവശരീരങ്ങളിൽ നിന്നും ആഭരണങ്ങളും, ഏലസുകളും, ഉടുതുണികളും പറിച്ചെടുക്കുന്ന ശവദാഹകാർമ്മികരുടെ കണ്ണുകളിൽ കുരുക്ഷേത്രം തെളിഞ്ഞു കത്തുകയാണ്.

പാതിയണഞ്ഞ പട്ടടകളിൽ നിന്നും പച്ചമാംസം ഭക്ഷിക്കുവാനായി ഇരമ്പിയാർക്കുകയാണ് കഴുകന്മാരും, കുറുനരികളും. ഇടയ്ക്കെല്ലാം അവ കൂട്ടത്തോടെ ജീവനുള്ള മനുഷ്യർക്ക് നേരെ തിരിയുന്നത് കണ്ടപ്പോഴാണ് നിരായുധനാണെന്ന ബോധമുണ്ടായത്.

നാലുപാടും തിരഞ്ഞു, എവിടെയാണ് ഹിഡിംബി?

കനിഷ്ഠപുത്രനെ അഗ്നിയ്ക്ക് സമർപ്പിക്കുവാൻ ഭീമനെ തിരഞ്ഞു പോയിരിക്കുമോ?.

പ്രഭോ, അവിടെയുണ്ട്.
തൊട്ടരുകിൽ ഈശാനരൻ നിൽക്കുന്നു.

ഇയാൾ ഒപ്പമുണ്ടായിരുന്നോ, വഴിയിലെങ്ങും ഒരു പദചലനം പോലും കേട്ടിരുന്നില്ലല്ലോ.

ചിലപ്പോൾ കാത്തു നിന്നതാകാം.

ഉം..

ഒരു മൂളലിൽ സംഭാഷണം അവസാനിപ്പിച്ചു.

അയാൾ കാട്ടിയ വഴിയിലൂടെ നടക്കുന്നതിനിടയിൽ ദൂരെ അവൾ തെളിഞ്ഞു വന്നു.

ഉയർത്തിക്കെട്ടിയ തലമുടിയും, വിയർത്തൊഴുകിയ ശരീരവുമായി ചമ്രം പടിഞ്ഞിരിക്കുകയാണ് അതിഗംഭീരയായ ഹിഡിംബി. പുത്രന്റെ ശരീരത്തിലേക്ക് പറന്നിരിക്കുന്ന ഈച്ചകളെ മരച്ചില്ല വീശി ആട്ടിയോടിക്കുകയാണവൾ.

ആരെയോ പ്രതീക്ഷിക്കുന്ന പോലെ നാലുപാടും സഞ്ചരിച്ചു കൊണ്ടിരുന്ന അവളുടെ കാഴ്ചയിലേക്കാണ് കയറിച്ചെന്നത്.

ഒരു മാത്രയിലൊതുങ്ങിയ കാഴ്ചയ്ക്കൊടുവിൽ ഒരു വാക്ക് മാത്രം കേട്ടു.

കചൻ..

പിന്നെയൊന്നും ഹിഡിംബി മിണ്ടിയില്ല.

ഭീമസേനകുമാരൻ വരുമെന്ന് കരുതി കാത്തിരിയ്ക്കുകയാണ്, രാജകുടുംബങ്ങളുടെ ശവദാഹപ്പുരയിലേക്കാണ് ഘടോത്കചകുമാരനെ കൊണ്ടുപോയത്, അവിടെ ആരും കുമാരനെ സ്വീകരിച്ചില്ല. പാണ്ഡവകുമാരന്മാരെ കണ്ടും അപേക്ഷിച്ചു, ഒരാളും സഹായിച്ചില്ല. ഒടുവിൽ, അനാഥമായി ഉപേക്ഷിക്കപ്പെട്ട ശരീരം ചുമന്നതും, ഇവിടെയെത്തിച്ചതും വനവാസികളാണ്.

ഇത്രയും പറഞ്ഞു നിറുത്തിയ ഈശാനരൻ, ചോദ്യഭാവത്തിൽ മുഖമുയർത്തി.

സത്യവതിയുടെയും, പരാശരന്റെയും പുത്രനായ വ്യാസന്റെ പരമ്പര രാജത്വം ഘോഷിക്കുന്നു, ഭീഷ്മരിൽ അവസാനിച്ചതല്ലേ കുരുവംശത്തിന്റെ പാരമ്പര്യം. അസ്ഥിത്വം കവർന്നെടുത്തവർക്ക് ഭീമപുത്രനെ സേവകപ്പുരയിൽ ഉപേക്ഷിക്കുവാനുള്ള അധികാരമുണ്ടോ.

ചട്ടുകാലിൽ തുടങ്ങിയ വിറയൽ ശരീരമാകെ പടർന്നു കയറി.

പകിടകളിൽ തെരുപ്പിടിച്ചും, ദീർഘശ്വാസമെടുത്തുമാണ് നുരഞ്ഞു കയറിയ കോപത്തെ മറികടന്നത്.

ഈശാനരനോട് കാർമ്മികരെ കൂട്ടിവരാൻ കൽപ്പിച്ചു.

വിറപൂണ്ട കൈയുർത്തി ഹിഡിംബിയുടെ ശിരസ്സിൽ തലോടി.

മകളെ..

ശബ്ദം തീരെ നേർത്തിരുന്നിട്ടും ഹിഡിംബി അതറിഞ്ഞു.

ആരും വരില്ല, കുമാരന് വേണ്ട കർമ്മങ്ങൾ ചെയ്യുക.

ഭീമൻ..

ഹിഡിംബിയുടെ ശബ്ദത്തിൽ അയാൾ വരുമെന്ന പ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്.

വഞ്ചനകൾ മാത്രം അനുഭവിച്ചവൾ സ്വന്തം പുത്രനെ കുരുതി കൊടുത്ത കുരുക്ഷേത്രത്തിൽ ഒരിക്കലും വരാത്ത ഭർത്താവിനെ കാത്തിരിക്കുന്നു.

എന്റെ പുത്രൻ ധീരനായ പോരാളിയായി കുരുക്ഷേത്രം നിറയണമെന്ന് മാത്രമാണ് പ്രാർത്ഥിച്ചത്, അവന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുവാൻ മറന്നു.

ഹിഡിംബി വലത് കൈയുയർത്തി ഘടോത്കചന്റെ നെറുകയിൽ തലോടി.

നിന്റെ പുത്രൻ മഹാധീരനായിരുന്നു, ഇന്ന് കുരുക്ഷേത്രം കണ്ടതും അറിഞ്ഞതും അവനെ മാത്രമാണ്, കൗരവസേന ബാക്കിയായത് ഭാഗ്യം.

ഘടോത്കചൻ പാണ്ഡവരുടെ യശസ്സ് ഉയർത്തിയല്ലോ; എനിക്ക്, അതുമതി.

ആയുധം പ്രയോഗിച്ച കർണ്ണൻ ദുഃഖാർദ്രനായി കണ്ണുനീർ വാർത്തത് ഞാൻ കണ്ടതാണ്,
എതിരാളികളുടെ ബഹുമാനവും നേടിയാണ് കുമാരൻ വീരസ്വർഗ്ഗം പൂകിയത്.

ഗാന്ധാര നരേശാ, അങ്ങയുടെ ഈ വാക്കുകൾ കേൾക്കുവാൻ കഴിഞ്ഞുവല്ലോ, അതുമതി. യുദ്ധത്തിനിടയിൽ വീണുപോയ പുത്രനെ ഭൂമിദാനം ചെയ്യുവാൻ ഭീമൻ വരികയില്ലേ..

പുത്രി, പോരാളിയായ മകനെ ഭൂമിദാനം ചെയ്യുവാൻ അർഹത അവന്റെ അമ്മയ്ക്ക് മാത്രമാണ്.

ഭാഗ്യഹീനയായ അമ്മയാണ് ഞാൻ, എന്റെ പുത്രനോ പിതാവിന്റെ വാത്സല്യം അറിയുവാനും കഴിഞ്ഞില്ല. പാണ്ഡവർക്ക് രാജ്യം നേടിക്കൊടുക്കുവാനായി ആയുധമെടുത്തവനല്ലേ; അവനെ കാണുവാൻ എന്റെ ഭീമൻ വരേണ്ടതല്ലെ?

ഈശാനരൻ ഇരുട്ടിൽ നിന്നും കയറി വന്നു.

കർമ്മങ്ങൾ ചെയ്യുവാൻ ആരും വരില്ല, ഘടോത്കചൻ ക്ഷത്രിയനല്ലത്രേ.

ക്ഷത്രീയനല്ലെന്നോ! ഭീമസേനന്റെ പുത്രനാണവൻ, പിതാവിന്റെ പാരമ്പര്യങ്ങൾ അവനും അവകാശപ്പെട്ടതാണ്.

പൊന്നും പണവും കൊടുക്കാമെന്ന് പറഞ്ഞിട്ടും ആരും വരുന്നില്ല, വർണ്ണം നോക്കിയാൽ ഘടോത്കചകുമാരൻ നിഷാദനാണത്രെ..

പാരമ്പര്യം നോക്കുകയാണെങ്കിൽ കുരുവംശത്തിന്റെ ഈ തലമുറ മത്സ്യഗന്ധിയുടേതല്ലേ, അതിൽ ആരാണ് ക്ഷത്രീയർ. അധികാരം അനുഭവിക്കുന്നവരുടെ ഏറാന്മൂളികളുണ്ടാക്കിയ ആചാരങ്ങല്ലേ, അത് ഹിഡിംബിയുടെ പുത്രനും വേണ്ട.

ചുമലിൽ നിന്നും തറയിലേക്ക് വീണുകിടന്ന കറുത്ത അംഗവസ്ത്രം വാരിയെടുത്ത് അരയിൽ ചുറ്റിക്കെട്ടി, കൈകളും കാലുകളും കോപമുണർന്ന് വിറകൊള്ളുകയാണ്.

ഈശാനരാ..

പ്രഭോ..

ചന്ദനമുട്ടികൾ കൊണ്ടുവരുക.

കൽപ്പന കേട്ടയുടൻ, ഈശാനരൻ ഇരുളിലേക്ക് ഊളിയിട്ടു.

മരശിഖരങ്ങൾ അടുക്കിയൊരുക്കിയ തട്ടിലേക്ക് ഘടോത്കചനെ എടുത്ത് കിടത്തുവാൻ ആരൊക്കയൊ സഹായിച്ചു, ഇരുളിൽ നിൽക്കുന്നവരാരും കർമ്മിയെ തിരിച്ചറിഞ്ഞിട്ടില്ല.

ഗംഗാ ജലത്താൽ ശുദ്ധമാക്കേണ്ടവനെയാണ് കാട്ടരുവിയിലെ ജലത്തിൽ ശുദ്ധി വരുത്തിയത്, കാടിന്റെ പുത്രന് ഗംഗയേക്കാൾ പവിത്രം കാട്ടരുവി തന്നെയാകും.

പെട്ടെന്നാണ് ഇരുട്ടിൽ ഒരു കാട് നിരങ്ങിനീങ്ങി വരുന്നതുപോലെ ഒരാരവം അടുത്തേക്ക് വരുവാൻ തുടങ്ങിയത്, ആദ്യം തിരിഞ്ഞു നോക്കിയത് ഹിഡിംബിയെയാണ്, ചുറ്റും നടക്കുന്നതൊന്നും അറിയാതെ കൈയിലിരിക്കുന്ന മരച്ചില്ല വെറുതെ വീശുകയാണവൾ.

ആയുധം കരുതേണ്ടതായിരുന്നു, അർദ്ധരാത്രിയിൽ പടയുമായി വരുന്നവർ മിത്രമാകില്ല.

ആരായാലും നേരിടണം, മുന്നിൽ കിടക്കുന്നത് കുരുക്ഷേത്രത്തെ കോരിത്തരിപ്പിച്ച മഹാധീരനാണ്. ആ ശരീരം ലക്ഷ്യമാക്കിയാണ് വരുന്നതെങ്കിൽ, ശകുനിയെ വീഴ്ത്താതെ ഒരാൾക്കും അവനെ തൊടാൻ കഴിയില്ല.

ചുവടുകൾ ഉറപ്പിച്ച്, പകിടകളിൽ കൈകൾ ചേർത്തു കാത്തു നിന്നു.

ഇരുളിൽ നിന്നും ആദ്യം കയറി വന്നത് ഈശാനരനാണ്, വിയർത്തു കുളിച്ച അയാളുടെ നിഴലിൽ ഒരുപാട് പേർ നിൽക്കുന്നത് അവ്യക്തമായി കാണാം.

പ്രഭോ, ഘടോത്കചകുമാരന്റെ കൂട്ടാളികളാണ്, അവർ കാട്ടിൽ കാത്തിരിക്കുകയായിരുന്നു.

എന്തിന് ?.

രാത്രിയുടെ മറവിൽ കൗരവകുടീരങ്ങൾ ആക്രമിക്കുകയായിരുന്നു ലക്ഷ്യം, ഘടോത്കചകുമാരന്റെ മരണത്തിന് പക വീട്ടുവാനായി ആയുധങ്ങളുമായി പുറപ്പെട്ടതാണിവർ.

ശിരസ്സിനുള്ളിൽ ഒരു കൊള്ളിയാൻ മിന്നി.നിരായുധരും ക്ഷീണിതരുമായ കൗരവകുടീരങ്ങളിലേക്ക് പ്രതികാരദാഹവുമായി പാഞ്ഞടുക്കുന്ന ആയുധധാരികളായ പോരാളികൾ, അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ നാലുപാടും ചിതറിയോടുന്ന കൗരവസേനകൾ, അവർക്കിടയിൽ മരണമായി പെയ്തിറങ്ങുന്ന ഘടോത്കചന്റെ സൈന്യം.

രാജ്യം പിടിക്കുവാനും, രാജ്യം സംരക്ഷിക്കുവാനുമായി കുരുക്ഷേത്രം ചമച്ചവരും ഒപ്പം കൂടിയവരുമെല്ലാം, ഈ ഒറ്റ രാത്രികൊണ്ട് തുടച്ചു നീക്കപ്പെടുമായിരുന്നു.

ഈശാനരന്റെ കൂടെ ഹിഡിംബിയെ തേടി വന്നതാണ് നിമിത്തം, ഇല്ലെങ്കിൽ ഭീമപുത്രന്റെ മരണം കുരുക്ഷേത്രത്തിന്റെ വിധിയെഴുതുന്നത് കണ്ടുനിൽക്കേണ്ടി വന്നേനെ.

പകിടകൾ കൊണ്ടെഴുതിയ കണക്കുകളിൽ കൗരവരുടെ മാത്രമല്ല കുരുവംശത്തിന്റെ മുഴുവൻ നാശമാണ് ലക്ഷ്യം, ഈ ആക്രമണം നടക്കുവാൻ പാടില്ല, തടയണം.

തലയുയർത്തിപ്പിടിച്ച് ഇരുളിലേക്ക് കയറിച്ചെന്നു, മുന്നിൽ ആർത്തിരമ്പി നിൽക്കുകയാണ് കാടിന്റെ സൈന്യം.

പോരാളികളെ, നിൽക്കുക.

ഈശാനരൻ കൈകളുയർത്തിയതും ഇരമ്പിക്കയറി വന്നവർ നിശബ്ദരായി.

ഇദ്ദേഹം ഗാന്ധാര നരേശൻ ശകുനി, ഘടോത്കചകുമാരന്റെ കർമ്മങ്ങൾ ചെയ്യിക്കുവാൻ വന്നിരിക്കുന്ന അദ്ദേഹത്തെ അനുസരിക്കുക, ഇത് ഹിഡിംബിയുടെ കൽപ്പനയാണ്.

ചന്ദനമുട്ടികൾ നിരത്തുവിൻ, കുമാരനെ യഥാവിധി ഭൂമിദാനം ചെയ്യണം.

ആയുധങ്ങൾ കൈമാറിയ പോരാളികൾ ഘടോത്കചന്റെ ശരീരം ചന്ദനം നിരത്തിയ ചിതാകുണ്ഡത്തിലേക്ക് എടുത്തു വെച്ചു.

ഹിഡിംബിയെ കൂട്ടികൊണ്ടു വരുവാനും, ചിത കത്തിയ്ക്കുവാനുള്ള പന്തങ്ങൾ തെളിയിക്കുവാനും ആജ്ഞകൾ നൽകിയത് ധൃതഗതിയിലായിരുന്നു.

എത്രയും പെട്ടെന്ന് പാളയത്തിലേക്ക് മടങ്ങണം, കാടിന്റെ സന്തതികളിൽ പ്രതികാരചിന്ത ആളിക്കത്തുന്നതിന് മുൻപ് ശിബിരത്തിലെത്തി മുന്നറിയിപ്പ് നൽകണം.

ശില പോലെ മണ്ണിലുറച്ചിരിക്കുന്ന ഹിഡിംബിയോട് ഭീമൻ വരില്ലെന്ന് പറയുവാനുള്ള ധൈര്യമില്ലാതെ പകച്ചു നിൽക്കുകയാണ് ഈശാനരനും കൂട്ടരും.

മകളെ എഴുന്നേൽക്കുക.

പ്രഭോ, പുത്രനെ കാണുവാൻ അദ്ദേഹം വരും..

പുത്രി ഇനിയും കാത്തിരുന്നാൽ നേരം പുലരും, അത്രയും നേരം കാക്കുവാൻ കഴിയില്ല.

അദ്ദേഹം പുത്രനെ ചോദിച്ചാൽ ഞാനെന്ത് പറയും.

ഘടോത്കചകുമാരൻ സ്വർഗ്ഗസ്ഥനായെന്ന് അയാൾ സമാധാനിച്ചു കൊള്ളും.

തറയിൽ നിന്നെഴുന്നേറ്റ ഹിഡിംബി കാട്ടരുവിയിലെ ജലം ധാരയായി തലയിലേക്കൊഴിച്ചു, ശേഷം അടുത്തു നിന്ന ഈശാനരനോട് തന്റെ തലമുണ്ഡനം ചെയ്യുവാൻ ആവശ്യപ്പെട്ടു.

അവളുടെ ശിരസ്സിൽ കരിനാഗങ്ങളെപ്പോലെ ചുറ്റിപ്പിണഞ്ഞു കിടന്ന മുടിയിഴകൾ മണ്ണിലേക്ക് ഒഴുകിയിറങ്ങുവാൻ തുടങ്ങി, നഗ്നമായിക്കൊണ്ടിരിക്കുന്ന ആ ശിരസ്സിലേക്ക് നോക്കവേ ഗാന്ധാരത്തിന്റെ മഹാറാണി സുധർമ്മയുടെ മുഖം ഹിഡിംബിയിൽ തെളിഞ്ഞു വന്നു.

ചിത കൊളുത്തുവാനായി പട്ടടയെ ചുറ്റി വലംവെയ്ക്കുന്ന അമ്മ, കത്തിച്ച പന്തത്തിൽ നിന്നും ചിതാകുണ്ഡത്തിലേക്ക് അഗ്നി പകരുന്ന അമ്മ, എഴുന്നേൽക്കുവാനോ തടയുവാനോ കഴിഞ്ഞില്ല.

നാലുപാട് നിന്നും പടർന്നു കയറിയ അഗ്നി അതിവേഗതയിൽ ശരീരത്തെ പുണരുവാൻ തുടങ്ങി, ആളിക്കത്തുവാൻ തുടങ്ങിയ ഉത്തരീയം അരയിൽ നിന്നും ഊരിയെടുത്ത് വലിച്ചെറിഞ്ഞു.

ദിക്കുകൾ പിളർന്നു കൊണ്ട് ഹിഡിംബിയുടെ നിലവിളി ഉയർന്നപ്പോഴാണ് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്, ആർത്തലച്ചു പെയ്യുന്നവളുടെ ഏങ്ങലടികൾക്കിടയിൽ ഈശാനരന്റെ ശബ്ദം കേട്ടു.

എല്ലാപേരും കാട്ടിലേക്ക് മടങ്ങി, ഹിഡിംബി മാത്രം ചിതയുടെ അരികിലിരുന്ന് നിലവിളിക്കുകയാണ്.

കരയട്ടെ മതിയാകും വരെ കരയട്ടെ, അവൾക്ക് കാവലാവുക.

കൽപ്പന സ്വീകരിച്ച ഈശാനരൻ ചിതയുടെ അരികിലേക്ക് മടങ്ങി.

ആശ്രയമറ്റവരുടെ നിലവിളികളാണ് കാതുകളിൽ നിറയുന്നത്, കത്തിയെരിയുന്ന ചിതാകുണ്ഡങ്ങളിൽ നിന്നുയരുന്ന അഗ്നി ശരീരത്തെ പൊള്ളിയ്ക്കുവാൻ തുടങ്ങിയിരിക്കുന്നു. ഭൂതാവേശത്താൽ വലിച്ചെറിഞ്ഞ അംഗവസ്ത്രം കാൽച്ചുവട്ടിൽ ചോര പുരണ്ടു കിടപ്പുണ്ട്, ചുട്ടുപൊള്ളുന്ന ശരീരവും പേറി അർദ്ധനഗ്നനായി തിരികെ നടന്നു.

ശിബിരത്തിലെത്തിയപ്പോഴും, അകലെയായി പതിയും പുത്രനും നഷ്ടപ്പെട്ട ഹിഡിംബി കുരുക്ഷേത്രം നിറഞ്ഞു പെയ്യുകയായി..

ചിത്രരചന : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like