പൂമുഖം INTERVIEW സ്വതന്ത്രസംഘടനയായ ഡി വൈ എഫ് ഐ, സി.പിഐ (എം)ന്റെ പോഷകസംഘടനയെപ്പോലെ പ്രവര്‍ത്തിക്കേണ്ടവരല്ല: സ്വരാജ്

സ്വതന്ത്രസംഘടനയായ ഡി വൈ എഫ് ഐ, സി.പിഐ (എം)ന്റെ പോഷകസംഘടനയെപ്പോലെ പ്രവര്‍ത്തിക്കേണ്ടവരല്ല: സ്വരാജ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരില്‍ സമാപിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാനസമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും എം.സ്വരാജിനെ തെരെഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐയെ കുറിച്ചും, തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സ്വരാജ് സംസാരിക്കുന്നു.

വീണ്ടും ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി സ്വരാജ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്ത് തോന്നുന്നു? കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അമരത്തിരുന്നു കൊണ്ട് കഴിഞ്ഞ കാലാവധിയിലെ തന്റെ കടമകള്‍ ചെയ്തുതീര്‍ക്കാനായി എന്ന് കരുതുന്നുണ്ടോ?

വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഡി.വൈ.എഫ്.ഐ. ഞങ്ങള്‍ നിലവിലുള്ള സമൂഹത്തില്‍ ഒരു യുവജനസംഘടന എന്ന നിലയില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച് പരിസ്ഥിതി സംഘടനയായും, ജീവകാരുണ്യപ്രസ്ഥാനമായും, സന്നദ്ധസംഘടനയായും, കലാകായികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും ആയെല്ലാം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തിക്കുന്നുണ്ട്. ആ നിലയില്‍ ഞങ്ങള്‍ക്ക് ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യങ്ങളോട് ഏറ്റവും മികച്ച നിലയില്‍ തന്നെ പ്രതികരിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസമാണുള്ളത്. കേരളത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിനും, ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിനും ഈ കാലയളവിനുള്ളില്‍ ഡി.വൈ.എഫ്.ഐ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ യുവജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി ഡി വൈ എഫ് ഐ നിരന്തരം പ്രക്ഷോഭരംഗത്തായിരുന്നു. സമരപോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിലും വിജയിപ്പിക്കുന്നതിലും ഇതരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിലുമൊക്കെ സഘടനയ്ക്ക് ഈ കാലയളവില്‍ മുന്നേറാനായിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും മുകച്ച യുവജനസംഘടനാ ഓഫീസ് ഈ കാലയളവിനുള്ളില്‍ തിരുവനന്തപുരത്ത് പണിതുയര്‍ത്താന്‍ സാധിച്ചതും ഒരു നേട്ടമായി ഞങ്ങള്‍ കാണുന്നു. യുവതികളുടെ സംഘടനാപ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി ‘സമ’ എന്ന പേരില്‍ യുവതികളുടെ പൊതുവേദിയും,  മതനിരപേക്ഷവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു സെക്കുലര്‍ മാട്രിമോണിയല്‍ വെബ്സൈറ്റും ഇതേ കാലയളവിനുള്ളില്‍ തന്നെയാണ് രൂപീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുള്ളത്. ഏറ്റവുമൊടുവില്‍ കേരളീയസമൂഹം ജാതീയതയുടെയും, വര്‍ഗ്ഗീയതയുടെയും വെല്ലുവിളികളെ നേരിടുന്ന സമയത്ത് അതിനെ പ്രതിരോധിക്കാന്‍ സമൂഹം ആഗ്രഹിക്കും വിധം ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ച് വളരെ വലിയ വിജയമായിരുന്നു. കേരളീയസമൂഹം ഡി.വൈ.എഫ്.ഐയുടെ കൊടിക്കീഴില്‍ അണിനിരക്കുന്ന കാഴ്ചയാണ് സെക്കുലര്‍ മാര്‍ച്ചില്‍ കണ്ടത്. അങ്ങനെ കഴിഞ്ഞ സമ്മേളനകാലയളവില്‍ ഒരു മികച്ച യുവജന സംഘടനയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലാണുള്ളത്.

തൊണ്ണൂറുകളിലും, രണ്ടായിരത്തിന്റെ ആദ്യകാലങ്ങളിലുമെല്ലാം സാംസ്കാരിക ഇടപെടലുകള്‍ക്ക് ശക്തി പകര്‍ന്നിരുന്ന പല പ്രവര്‍ത്തനങ്ങളും ഡി വൈ എഫ് ഐയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ക്യാമ്പസുകളില്‍ നിന്ന് പുറത്ത് വരുന്നവരും, സാധാരണക്കാരായ യുവജനങ്ങളും ഡി വൈ എഫ് ഐക്ക് കരുത്തായി ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടിക്ക് ധാരാളം കേഡര്‍മാരെ സംഭാവന ചെയ്തിരുന്നു ഈ സംഘടന. എന്നാല്‍ അടുത്ത കാലത്തായി ഡി വൈ എഫ് ഐക്ക് ധാരാളം വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാനസമേളനത്തില്‍ പോലും ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തനം വിമര്‍ശിച്ചിക്കപ്പെട്ടിരുന്നു?

തൊണ്ണൂറുകളുടെ അവസാനവും, രണ്ടായിരത്തിന്റെ തുടക്കവും യുവജനസംഘടനകളെ സംബന്ധിച്ചിടത്തോളം ആവേശ്വോജ്ജ്വലമായ ഒരു കാലമായിരുന്നില്ല എന്നതാണ് സത്യം. കാരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ലോകമെമ്പാടും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് നേരെ വലിയ കടന്നാക്രമണങ്ങള്‍ നടക്കുകയും ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും ദുര്‍ബലമാവുകയും സോഷ്യലിസം മുദ്രാവാക്യമാക്കിയ യുവജനസംഘടനകള്‍ ശിഥിലമാവുകയും ചെയ്ത ഒരു കാലമാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉണ്ടായത്. ആ നിരാശാഭരിതമായ കാലഘട്ടം സംഘടനയിലേല്പിച്ച മുറിവുകളില്‍ നിന്ന് ക്രമേണ മോചിതമായി വരുന്ന കാഴ്ചയ്ക്കാണ് തൊണ്ണൂറുകളുടെ അവസാനം സാക്ഷ്യം വഹിക്കുന്നത്. അല്ലാതെ അതിഗംഭീരമായ മുന്നേറ്റത്തിന്റെ ഒരു കാലമായിരുന്നില്ല അത്. തൊണ്ണൂറുകളുടെ തുടക്കത്തിലെ തിരിച്ചടികളില്‍ നിന്ന് സാവധാനം ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങള്‍ കരുത്ത് സംഭരിച്ച് മുന്നോട്ട് വരുന്ന ഒരു കാലമായിരുന്നു അത്. അവിടെ നിന്നും ഒരുപാട് മുന്നോട്ട് ഞങ്ങള്‍ക്കിപ്പോള്‍ പോവാന്‍ കഴിഞ്ഞു. ക്രമാനുഗതമായ ഒരു വളര്‍ച്ചയുടേയും മുന്നേറ്റത്തിന്റെയും ചിത്രമാണത്. [pullquote align=”full” cite=”” link=”” color=”” class=”” size=””]1980ല്‍ രൂപീകരിക്കപ്പെട്ട ഡി.വൈ.എഫ്.ഐ എണ്‍പതുകളില്‍ പ്രവര്‍ത്തിച്ചതു പോലെ 2016ല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. എണപതുകളിലെ ഡി.വൈ.എഫ്.ഐ അല്ല ഈ കാലഘട്ടത്തില്‍ ഉണ്ടാവേണ്ടത്. ഈ കാലഘട്ടത്തില്‍ ഉണ്ടാവേണ്ടത്, ഈ കാലഘട്ടത്തിലെ ഡി.വൈ.എഫ്.ഐ ആണ്. ആഗോളവത്കരണവും, ആഗോളവത്കരണം സൃഷ്ടിച്ച നവസാംസ്കാരിക ബോധവുമെല്ലാം രൂഢമൂലമായുള്ള ഒരു കാലത്ത് അതിനെ അഭിമുഖീകരിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്നത്. ആ ദൗത്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഞങ്ങള്‍ വരുത്തിയിട്ടില്ല.[/pullquote]

പിന്നെ, പാര്‍ട്ടി സമ്മേളനത്തിലെ ഞങ്ങളെ കുറിച്ചുള്ള വിമര്‍ശനത്തെപ്പറ്റി പറയുകയാണെങ്കില്‍, അതെല്ലാം നിറം പിടിപ്പിച്ച കഥകളാണ്. ഞങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അര്‍ഹതയുണ്ട്, ആര്‍ക്കും അവകാശവുമുണ്ട്. അത്തരം വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളാനും ഡി.വൈ.എഫ്.ഐ തയ്യാറാണ്. അതിനപ്പുറം സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ ചേരുന്നത് ഡി.വൈ.എഫ്.ഐയെ വിമര്‍ശിക്കാനല്ല എന്നെങ്കിലും ഇത് പ്രചരിപ്പിക്കുന്നവര്‍ മനസ്സിലാക്കണം. ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് എന്ന് പരിശോധിക്കേണ്ടത് ഡി.വൈ.എഫ്.ഐ തന്നെയാണ്. സ്വയം വിമര്‍ശനപരമായി ഞങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ പരിശോധീക്കാറുണ്ട്. സി.പി.ഐ എം അത്തരത്തില്‍ എന്തെങ്കിലും വിലയിരുത്തലുകളോ വിമര്‍ശനങ്ങളോ നടത്തിയതായി ഞങ്ങള്‍ക്കറിയില്ല. അതെല്ലാം എന്തൊക്കെയായാലും ഞങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വലിയ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത് എന്ന് ഞങ്ങള്‍ക്ക് നിസ്സംശയം പറയാം. നേരത്തെ പറഞ്ഞല്ലോ, രാഷ്ട്രീയമായി ഞങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനസര്‍ക്കാരിന് പോലും ഞങ്ങള്‍ക്ക് അവാര്‍ഡ് നല്‍കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ റിപ്പോര്‍ട്ട് കാലയളവില്‍ അംഗത്വത്തില്‍ ഒരു ലക്ഷത്തോളം അംഗങ്ങളുടെ വര്‍ദ്ധനവാണ് ഡി.വൈ.എഫ്.ഐയ്ക്ക് ഉണ്ടായിട്ടുള്ളതും.

യഥാര്‍ത്ഥത്തില്‍ ഭരണഘടനാപ്രകാരം ഡി വൈ എഫ് ഐ ഒരു സ്വതന്ത്ര സംഘടനയല്ലേ? പിന്നെ എന്തുകൊണ്ടാണ് ആ സംഘടന സി.പി.ഐ എമ്മിന്റെ ഒരു പോഷകസംഘടനയെ പോലെ പെരുമാറുന്നത്?

തീര്‍ച്ചയായും. ഭരണഘടനാപരമായി ഡി.വൈ.എഫ്.ഐ ഒരു സ്വതന്ത്രസംഘടന തന്നെയാണ്. സ്വതന്ത്രമായി തന്നെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടതും. ഞങ്ങളുടെ പരിപാടികള്‍ തീരുമാനിക്കുന്നത് ഞങ്ങളുടെ തന്നെ കമ്മിറ്റികളാണ്. ഞങ്ങളുടെ നേതൃത്വത്തെ തെരെഞ്ഞെടുക്കുന്നത് ഞങ്ങളുടെ സമ്മേളനമാണ്. ആ അര്‍ത്ഥത്തിലെല്ലാം സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിയുന്നുണ്ട്.

ഡി.വൈ.എഫ്.ഐക്ക് ഏറെ യോജിപ്പുള്ള ഒരു പ്രസ്ഥാനമാണ് സി.പി.ഐ എം. ആ പാര്‍ട്ടിയുടെ നയപരിപാടികളോടാണ് ഞങ്ങള്‍ക്ക് കൂടുതല്‍ യോജിപ്പ്. സ്വാഭാവികമായും അതിന്റെ പ്രതിഫലനം എന്ന നിലയില്‍ സി.പി.ഐ എമ്മിന്റെ ഒരു പോഷകസംഘടനയാണ് ഡി.വൈ.എഫ്.ഐ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ചിലപ്പോള്‍ ചില കുറവുകള്‍ ഞങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ടാവാം. അത് ഞങ്ങള്‍ പരിഹരിക്കേണ്ടതാണ്. അങ്ങനെ സി.പി.ഐ എമ്മിന്റെ ഒരു പോഷകസംഘടനയെപ്പോലെ പ്രവര്‍ത്തിക്കേണ്ടവരല്ല ഡി.വൈ.എഫ്.ഐ. അക്കാര്യത്തില്‍ സ്വയം വിമര്‍ശനപരമായ സമീപനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്.

dyfi_collectorate_and_secretariat_picket_photos-00835


വര്‍ത്തമാനകാല  ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രസക്തി എന്താണ്? സംഘടനയ്ക്ക് അതിന്റെ ദൗത്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ?

ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയുള്ള സ്വാധീനമല്ല ഉള്ളത്. കേരളത്തിലേത് പോലെ സ്വാധീനം മറ്റെല്ലായിടത്തും ഉണ്ട് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയല്ല യാഥാര്‍ത്ഥ്യം എന്ന് എല്ലാവര്‍ക്കുമറിയാം. പല സംസ്ഥാനങ്ങളിലും ഞങ്ങള്‍ വളരെ ചെറിയ ഒരു സംഘടനയാണ്. പക്ഷെ, അവിടെയും ശരിയായ നിലപാട് സ്വീകരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഡി.വൈ.എഫ്.ഐ നടത്തിയിട്ടില്ല. ഞങ്ങളുടെ നിലപാടുകളെല്ലാം മതനിരപേക്ഷരായ ആളുകളുടെ പ്രശംസയ്ക്ക് പാത്രമായിട്ടുള്ളതാണ്. മഹാരാഷ്ട്രയിലായാലും, തമിഴ്നാട്ടിലായാലും, കര്‍ണ്ണാടകയിലായാലുമെല്ലാം ഉള്ള ശക്തിയും സ്വാധീനവും ഉപയോഗിച്ച് വര്‍ഗ്ഗീയതയ്ക്കെതിരായിട്ടുള്ള, ജാതീയതയ്ക്കെതിരായിട്ടുള്ള ക്യാമ്പൈനുകളളും പ്രക്ഷോഭങ്ങളും നടത്തുന്നുണ്ട്. പക്ഷേ, ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമായ സ്വാധീനമാണ് ഡി.വൈ.എഫ്.ഐക്കുള്ളത്. അതുകൊണ്ട് തന്നെ സാഹചര്യത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ഞങ്ങളുടെ ദൗത്യങ്ങള്‍ ഞങ്ങളാല്‍ കഴിയും വിധം കൃത്യമായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് തന്നെയാണ് കാണാനാവുക.

സാംസ്കാരികവും സര്‍ഗ്ഗാത്മകവുമായ ഒരിടം പണ്ടു കാലത്ത് ഡി വൈ എഫ് ഐക്ക് ഉണ്ടായിരുന്നുവെന്നും ആ ഇടം നഷ്ടമായി എന്നും വിമര്‍ശിക്കുന്നവര്‍ ഏറെയുണ്ട്?

സംസ്കാരികം, സര്‍ഗാത്മകം എന്നീ വാക്കുകള്‍ പുനര്‍ നിര്‍വ്വചനം ആവശ്യമുള്ള വാക്കുകളാണ്. ഏതര്‍ത്ഥത്തിലാണ് ആ വിമര്‍ശനമുയരുന്നത് എന്ന് എനിക്കറിയില്ല. ഒരു സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ആ സമരത്തെ സര്‍ഗാത്മകം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കും. ഈ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി ഒരാള്‍ ശബ്ദമുയര്‍ത്തിയാല്‍ ആ അഭിപ്രായപ്രകടനം തന്നെ സര്‍ഗാത്മകമാണ്. സാമ്പ്രദായികമായ ധാരണകളില്‍ കുടുങ്ങി നില്‍ക്കുന്ന ചിലരുടെ വിമര്‍ശനമാവാം ഇതെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഇതിനൊക്കെ പുറമെ കലാസാംസ്കാരിക രംഗത്തുള്ള ഇടപെടലാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ഒരു മുഖമാസിക യുവധാര എന്ന പേരില്‍ ഡി.വൈ.എഫ്.ഐ പ്രസിദ്ധീകരിക്കുന്നുണ്ട്. യുവധാര സാഹിത്യരംഗത്തെ മികച്ച സൃഷ്ടിക്ക് പുരസ്കാരവും നല്‍കുന്നുണ്ട്. പുതുതായി ചലച്ചിത്ര അവാര്‍ഡുകള്‍  ഡി.വൈ.എഫ്.ഐ ഏര്‍പ്പെടുത്താന്‍ പോവുകയാണ്. പുസ്തകപ്രസാധന രംഗത്തേക്ക് ഉടനെത്തന്നെ കടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അങ്ങനെ പ്രകടമായ കലാസാഹിത്യരംഗത്തുള്ള ഇടപെടലുകള്‍ കൂടി മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകണം എന്ന് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവധാരയുടെ നേതൃത്വത്തിലുള്ള അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കാന്‍ പോവുകയാണ്.

സവര്‍ണ്ണബോധവും, ജാതീയതയും ഇന്ന് നമുക്കിടയിലേക്ക് കൂടുതല്‍ ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. എങ്ങനെയാണ് ഡി വൈ എഫ് ഐയെ പോലുള്ള യുവജന സംഘടനകള്‍ അതിനെതിരെ പ്രചരണം നടത്തേണ്ടത് എന്ന് ആലോചിച്ചിട്ടുണ്ടോ?

ജാതീയതയ്ക്കെതിരെയുള്ള ഒരു വലിയ ക്യാമ്പൈനാണ് ഈ നവംബര്‍ മാസത്തില്‍ ഞങ്ങള്‍ ഏറ്റെടുത്ത കേരളം ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ സെക്ക്യുലര്‍ മാര്‍ച്ച്. തിരുവനന്തപുരത്തെ അരുവിപ്പുറത്ത് നിന്നും കാസര്‍ഗോട്ടെ കയ്യൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ചുകള്‍ നൂറ് കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി പിന്നിട്ട് എറണാംകുളത്താണ് സമാപിച്ചത്. എറണാംകുളത്ത് ഞങ്ങള്‍ മതനിരപേക്ഷ മഹാസംഗമം സംഘടിപ്പിക്കുകയുണ്ടായി. ജാതീയതയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്ന പ്രക്ഷോഭങ്ങളുടെയും ക്യാമ്പൈനുകളുടെയും ഒടുവിലത്തെ ഒരു കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു ഏറ്റെടുത്ത് നടത്തും.

കനയ്യകുമാര്‍ എന്ന ചെറുപ്പക്കാരന്‍ ഇന്ന് ഇടതുപക്ഷയുവത്വത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ഇടതുപക്ഷയുവത്വത്തില്‍ പ്രതീക്ഷ തോന്നുന്നുണ്ടോ ഇപ്പോള്‍?

കനയ്യകുമാറിന്റെ വിഷയം ഇപ്പോള്‍ ഉയര്‍ന്നുവന്ന ഒരു വിഷയം മാത്രമാണ്. ആ പ്രശ്നം ഉയര്‍ന്നു വന്നില്ലെങ്കിലും ഇടതുപക്ഷത്തില്‍ തന്നെയാണ് രാജ്യത്തിന്റെ പ്രതീക്ഷ. കനയ്യകുമാര്‍ ഇപ്പോള്‍ കേന്ദ്രഗവണ്മെന്റിന്റെ വര്‍ഗ്ഗീയവത്കരണ ശ്രമങ്ങളുടെ ഒടുവിലത്തെ ഇരയാണ്. ഒരു പ്രത്യേക സംഭവം എന്ന നിലയ്ക്കാണ് ഇതിനെ കാണേണ്ടത്. ഈ വിഷയത്തിന് മുമ്പും ഇടതുപക്ഷത്തിലും, ഇടതുപക്ഷയുവത്വത്തിലും പ്രതീക്ഷയുള്ള ആളാണ് ഞാന്‍.

പാര്‍ലിമെന്റ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ?  തൃത്താല എം.എല്‍.എ വി.ടി.ബല്‍റാമും കഴിഞ്ഞ ദിവസം താങ്കളുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ താങ്കള്‍ തൃത്താലയില്‍ മത്സരിക്കുന്നുണ്ട് എന്ന് ബല്‍റാം സൂചിപ്പിക്കുകയുണ്ടായിരുന്നു. അതിന് ശേഷം ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ അത് വാര്‍ത്തയായി വരികയുമുണ്ടായി.

ബല്‍റാമിന്റെ മനസ്സിന്റെ ചെറുപ്പം എന്നേ അതിനെ കുറിച്ച് എനിക്ക് പറയാനാവൂ. കാരണം, ഒരു രാഷ്ട്രീയ സംവാദത്തില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളോടാണ് പ്രതികരിക്കേണ്ടത്. ഞാനെപ്പോഴും വിഷയത്തിനകത്ത് ഒതുങ്ങി നില്‍ക്കാനാണ് ശ്രമിക്കാറുള്ളത്. എന്റെ ഫേസ്ബുക്കിലെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും. ആ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളേ ഞാന്‍ അവിടെ പറഞ്ഞിട്ടുളൂ. പക്ഷേ, അദ്ദേഹം കുറേ കേട്ടുകേള്‍വിയുടെയും ചില ഗോസിപ്പ് വാര്‍ത്തകളുടേയുമൊക്കെ ചുവടു പിടിച്ച് കുറേ ദുസ്സൂചനകള്‍ നല്‍കുക മാത്രമാണ് ചെയ്തത്.

ഇന്ത്യയിലെ ഒരു പൗരന്‍ എന്ന നിലയ്ക്ക് കേരളത്തിലെ ഏത് നിയമസഭാനിയോജക മണ്ഡലത്തിലും മത്സരിക്കാനുള്ള നിയമപരമായ അവകാശമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് മത്സരിച്ചുകൊള്ളണം എന്നില്ല. ഡി.വൈ.എഫ്.ഐ ഭാരവാഹി എന്ന നിലയ്ക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയും, അത്തരത്തിലുള്ള പാര്‍ലിമെന്ററി സ്ഥാനമാനങ്ങളിലേക്ക് വരികയും ചെയ്യുന്നതാണ് എന്റെ പ്രവര്‍ത്തനങ്ങളുടെ ഏകലക്ഷ്യം എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഞാന്‍ തെരെഞ്ഞെടുപ്പില്‍ അവസരം ലഭിക്കുമോ എന്ന് ചിന്തിച്ച് സംഘടനാപ്രവര്‍ത്തനം ആരംഭിച്ച ആളല്ല. ജീവിതാവസാനം വരെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാവാതെ ജീവിച്ച ഒരാളാണ് മതാത്മാഗാന്ധി. കൃഷ്ണപിള്ളയും ആയിട്ടില്ല. അപ്പോള്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് പരമപ്രധാനം എന്ന് ചിന്തിക്കുന്നവരാണ് സീറ്റുണ്ടോ എന്നും, തൃത്താലയില്‍ മത്സരിക്കുമോ എന്നും, മറ്റെവിടെങ്കിലും മത്സരിക്കുമോ എന്നെല്ലാം ചോദിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന വാര്‍ത്തകളെല്ലാം തന്നെ അവാസ്തവവും അടിസ്ഥാനരഹിതവുമാണ്. പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം വാര്‍ത്തകള്‍ മാത്രമാണ്. അത്തരം വാര്‍ത്തകള്‍ക്കും പ്രചരണങ്ങള്‍ക്കുമൊന്നും യാതൊരു പ്രസക്തിയുമില്ല. രാഷ്ട്രീയപ്രവര്‍ത്തകരെല്ലാം തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല, ഇനി മത്സരിച്ചാല്‍ തന്നെ അതൊരു തെറ്റുമല്ല.

മാധ്യമങ്ങള്‍ പലപ്പോഴും ലക്ഷ്യം വച്ചിട്ടുള്ള ഒരു യുവജനനേതാവാണ് താങ്കള്‍. കഴിഞ്ഞ ദിവസവും ഒരു വാര്‍ത്ത താങ്കള്‍ക്കെതിരെ പ്രചരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് നിരന്തരം താങ്കള്‍ ഇത്തരം വാര്‍ത്തകളിലൂടെ വ്യക്തിഹത്യയ്ക്ക് ഇരയാവുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

മാധ്യമപ്രവര്‍ത്തനത്തിന് വളരെ ഉയര്‍ന്ന ലക്ഷ്യങ്ങളുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം തന്നെ പരിശോധിച്ചാല്‍ അത് മനസ്സിലാവും. അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളുടെ നാവായാണ് ലോകത്തില്‍ തന്നെ മാധ്യമങ്ങള്‍ ആവിര്‍ഭവിക്കുന്നത്. അങ്ങനെയാണ് മാധ്യമങ്ങളുടെ ചരിത്രം തുടങ്ങുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍മാധ്യമപ്രവര്‍ത്തനം ഒരു കച്ചവടമായി മാറുകയും, തത്ഫലമായി മാധ്യമപ്രവര്‍ത്തനത്തില്‍ കച്ചവട താത്പര്യങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. അങ്ങനെ സാമൂഹ്യമായ ലക്ഷ്യത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തനം അകന്നു പോയി. അത് ആ രംഗത്ത് പൊതുവായി കാണുന്ന ഒരു ദൗര്‍ബല്യമാണ്.

വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വ്വം മാധ്യമപ്രവര്‍ത്തകരുമായി ബന്ധം സൃഷ്ടിക്കുന്ന ഒരാളല്ല ഞാന്‍. അതൊരു കുറവാണ് എങ്കില്‍ ആ കുറവ് എനിക്കുണ്ട്. ബോധപൂര്‍വ്വം ഒരു സൗഹൃദം സൃഷ്ടിക്കുകയും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ആ സൗഹൃദം ഉപയോഗിക്കുകയും ചെയ്യുന്ന, എനിക്ക് അസ്വീകാര്യമായ ഒരു പ്രവണത രാഷ്ട്രീയത്തിലും, മാധ്യമരംഗത്തും ഇന്ന് സജീവമാണ്. ഞാന്‍ ഇന്നുവരെ ആ ദിശയില്‍ മുന്നോട്ട് പോയിട്ടില്ല. മരണം വരെ പോവുകയുമില്ല. കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെയും ഇന്ന് വരെ എന്റെ ഒരാവശ്യത്തിന് വേണ്ടി ഞാന്‍ എന്റെ ഫോണില്‍ വിളിച്ചിട്ടില്ല. ഇനി വിളിക്കുകയുമില്ല. അതിനര്‍ത്ഥം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരുമായി എനിക്ക് ശത്രുതയുണ്ട് എന്നല്ല. [pullquote align=”full” cite=”” link=”” color=”” class=”” size=””]എനിക്ക് കേരളത്തിലെ മാധ്യമപ്രവര്‍ത്ത്കരില്‍ ഒരാളോട് പോലും ശത്രുതയില്ല. എനിക്കെതിരായി നിരന്തരം അടിസ്ഥാനരഹിതവും, വ്യക്തിഹത്യാപരവുമായ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരോട് പോലും എനിക്ക് വ്യക്തിപരമായി ശത്രുതയില്ല. കാരണം, ഞാനത് കാണുന്നത് എന്നോടുള്ള വ്യക്തിപരമായ വിദ്വേഷം കൊണ്ടാവില്ല അവര്‍ അങ്ങനെ ചെയ്യുന്നത് എന്നുറപ്പുള്ളതുകൊണ്ട് തന്നെയാണ്.[/pullquote]

മറിച്ച് അവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ അവര്‍ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്നതായിരിക്കാം. അവരുടെ സ്ഥാപനം ആവശ്യപ്പെടുന്ന അത്തരം കാര്യങ്ങള്‍ അവര്‍ തുടര്‍ന്നും ചെയ്തുകൊള്ളട്ടെ. എങ്കിലും എന്നെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളിലധികവും നൂറ് ശതമാനവും അടിസ്ഥാനരഹിതമാണ് എന്നതില്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് ഉചിതമാണോ എന്ന് അതെഴുതുന്നവരാണ് ചിന്തിക്കേണ്ടത്. ഒരുപക്ഷേ, അവര്‍ക്ക് ജീവിക്കാന്‍ വേണ്ടി ആയിരിക്കാം. പക്ഷേ, ഹീനമായ ഇത്തരം ജോലികള്‍ ചെയ്ത് ജീവിക്കേണ്ടതുണ്ടോ എന്ന് അത്തരം ജോലികള്‍ ചെയ്യുന്നവര്‍ ചിന്തിക്കേണ്ട കാര്യമാണ്. ഏതായാലും ഇത്തരത്തിലുള്ള ഒരു വാര്‍ത്തയ്ക്കും എന്നെ സ്വാധീനിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ എനിക്ക് ബോധ്യമുള്ള വഴികളിലൂടെയാണ് മുന്നോട്ട് പോവുന്നത്. അത് മാധ്യമങ്ങളെന്നല്ല ആരെതിര്‍ത്താലും എനിക്ക് ബോധ്യമുള്ളിടത്തോളം കാലം ആ വഴികളിലൂടെ തന്നെ ഞാന്‍ മുന്നോട്ട് പോവും.

 

end line

Comments
Print Friendly, PDF & Email

You may also like