പൂമുഖം TRAVEL ആദിമ ഭൂമിയിലൂടെ – ഒഡീഷ (ഒന്നാം ഭാഗം)

ആദിമ ഭൂമിയിലൂടെ – ഒഡീഷ (ഒന്നാം ഭാഗം)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മല്‍കാന്‍ഗിരിയുടെ പ്രതലങ്ങള്‍

ഒഡിഷയുടെ ചരിത്രം പലവഴികള്‍ നടന്നുമറഞ്ഞതാണ്. രാമായണത്തിലും മഹാഭാരതത്തിലും ഒഡിഷയുടെ പല ഭാഗങ്ങളെയും പ്രകീര്‍ത്തിക്കുന്നു. പ്രത്യേകിച്ചും ഛത്തീസ്ഗഡിനും ആന്ധ്രയ്ക്കും ഇടയ്ക്ക് കിടക്കുന്ന സ്ഥലം. മഹാഭാരതത്തിലും രാമായണത്തിലും ഇടയ്ക്കൊക്കെ സൂചിപ്പിക്കുന്നുണ്ടെന്നല്ലാതെ ഒഡിഷയുടെ പ്രാചീന ചരിത്രം നമുക്ക് വെളിവാകുന്നത് ഖാരവെല രാജാവിന്‍റെയും അശോകന്‍റെ കലിംഗയുദ്ധകാലത്തുമാണ്. 261 BC യില്‍ മൌര്യസാമ്രാജ്യത്തിലെ അശോകചക്രവര്‍ത്തി ദയ നദിക്കരയില്‍ (ഇന്നത്തെ ഭുബനേശ്വറിനടുത്ത്) നടത്തിയ കലിംഗ യുദ്ധമാണല്ലോ അഹിംസയും ബുദ്ധനും ഇന്ത്യകടന്നു പുറംനാടുകളിലേക്ക് സത്യം അന്വേഷിച്ചിറങ്ങിയത്.

യാത്രകള്‍ നിറംമങ്ങാത്ത ബാല്യത്തെപ്പോലെയാണ്. തിരിച്ചു വീണ്ടും വരണമെന്ന് തോന്നിപ്പിക്കുന്ന ഇടങ്ങള്‍. യാത്രകള്‍ ചിലപ്പോള്‍ നമ്മെ പിന്നോട്ട് നടത്തുകയും മുന്നോട്ടു പോവാനുള്ള ഊര്‍ജം തരികയും ചെയ്യും. ഇത്തരത്തിലുള്ള ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ്‌ എനിക്ക് മല്‍കാന്‍ഗിരി. മണ്ണും മനുഷ്യനും പ്രകൃതിയും അതിന്‍റെതായ ഒരാവാസവ്യവസ്ഥ സൃഷ്ടിക്കപ്പെട്ടയിടം. പ്രകൃതിയും കൃഷിയും ഒന്നായി മാറുന്ന ചക്രവാളം. മാല്‍കാന്‍ഗിരിയെപ്പറ്റി പറയാതെ ഒഡിഷയെപ്പറ്റി പറയാന്‍ സാധിക്കില്ല. മല്‍കാന്‍ഗിരിയിലൂടെ ഒഡിഷയിലേക്ക് യാത്രചെയ്യുന്നതാണതിന്‍റെ സുഖം. പുരാണങ്ങളിലെ ദണ്ടകാരണ്യ മേഖലയും ഇപ്പോഴത്തെ ചുവപ്പന്‍ കോറിഡോറും നിറയുന്ന കഥകള്‍.

ഏകദേശം ഒരു കോടിയോളം ജനങ്ങള്‍ മരിക്കുകയും അതിലെറെപ്പേര്‍ പിടിക്കപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത ലോകത്തിലെതന്നെ വളരെ ക്രൂരമായ കലിംഗ യുദ്ധത്തിന്‍റെ പാരമ്യത്തിലാണ് വിജയത്തിന്‍റെ ദുഖത്തിലാണ് അശോകന്‍ രക്തത്തില്‍ നിന്ന് സമാധാനത്തിലേക്ക് നടന്നുകയറിയത്.

1992-ല്‍ കൊരാപ്പുട്ട് ജില്ലയില്‍ നിന്ന് വേര്‍പെടുത്തി പുതുതായി രൂപം കൊണ്ട ജില്ലയാണ് മല്‍കാന്‍ഗിരി. മല്‍കാന്‍ഗിരി എന്ന പേര് ഉല്‍ഭവിക്കുന്നത് മാലികമര്‍ദ്ദന്‍ഗിരി എന്നത് ലോപിച്ചണെന്ന് ചരിത്രം പറയുന്നു. ഫ്രഞ്ച്കാരുടെ പിന്തുണയുണ്ടായിരുന്ന ഗോല്‍കൊണ്ട പട്ടാളത്തലവനായ മാലിക് മൊഹമ്മദ് എന്ന പടയാളിയെ പതിനേഴാം നൂറ്റാണ്ടില്‍ യുദ്ധത്തില്‍ തോല്പ്പിച്ചു കൊലപ്പെടുത്തി എന്നതില്‍ നിന്നാണ് കൃഷ്ണ എന്ന രാജാവിന് ‘മാലിക്കിന്റെ അന്തകന്‍” എന്നര്‍ത്ഥം വരുന്ന മാലികമര്‍ദ്ദന്‍ കൃഷ്ണ എന്ന പേര് വന്നതെന്ന് ചരിത്രം. ഫ്രെഞ്ച്കാര്‍ക്ക് ശേഷം വന്ന ബ്രിട്ടീഷ്കാരാണ് മല്‍കാന്‍ഗിരി എന്നു പുനര്‍നാമകരണം ചെയ്തത്.

കുത്തനെയുള്ള മലനിരകളും വഴികളും പച്ചയുടെ തെളിച്ചവും നിശബ്ദതയുടെ ആഴവും. ആന്ധ്രയുടെ വിശാഖപട്ടണം ജില്ലയും ഈസ്റ്റ്‌ ഗോദാവരിയും ഛത്തീസ്ഗഡിലെ ദന്തെവാദയും സുക്‍മയും ഇപ്പുറം കൊരാപ്പുട്ടും അതിര്‍ത്തി പങ്കിടുന്ന ഇവിടം നിരവധി ഔഷധസസ്യങ്ങളും നാടന്‍ അറിവുകളും ഇഴചേര്‍ന്നയിടമാണ്. ഏകദേശം അറുപത്തിരണ്ടോളം ഗോത്രജനതയുടെ സഞ്ചയം. അതില്‍ത്തന്നെ പതിമൂന്നോളം ഗോത്രങ്ങള്‍ അതിപ്രാചീനം. കോയ, ബോണ്ട, പൊറജ, ദിദിയ തുടങ്ങി വിവിധ ഗോത്ര വിഭാഗങ്ങള്‍. ഏറെ ഇതിഹാസങ്ങള്‍ക്കു സാക്ഷിയായെന്ന് പറയപ്പെടുന്ന സ്ഥലം. ‘മാവോവാദി’ എന്ന് വിളിക്കപ്പെടുന്ന ആദിമജനത ജീവിക്കാന്‍ വേണ്ടി പാടുപെടുന്ന സ്ഥലം.

തന്‍റെ കാലിന്‍റെ അടിയിലെ ഓരോ തരി മണ്ണും കോര്‍പ്പറേറ്റുകള്‍ കുഴിച്ചിളക്കി കൊണ്ടുപോകുന്നയിടം. 1965 ദണ്ഡകാരണ്യ പദ്ധതിയുടെ ഭാഗമായി ഒട്ടേറെ ബംഗാളി അഭയാര്‍ഥികളെയും 1990 കളില്‍ എല്‍‌ടി‌ടി‌ഇ അഭയാര്‍ഥികളെയും പാര്‍പ്പിച്ചയിടം. പി സായിനാഥ് എഴുതിയ ‘Everybody Loves a Good Drought’എന്ന പുസ്തകത്തില്‍ ഈ സ്ഥലത്തെ ഗോത്ര ജീവിതങ്ങളെയും ചൂഷണങ്ങളെയും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

മല്‍കാന്‍ഗിരിയിലേക്ക്

ഭുബനെശ്വറില്‍ നിന്ന് ബസ്സില്‍ കയറുമ്പോള്‍ മിക്കവരും കച്ചവടക്കാരായ ഹിന്ദി സംസാരിക്കുന്ന ആള്‍ക്കാര്‍ ആയിരുന്നു. പിന്നെ കുറെ പാവപ്പെട്ട ഒഡിയ. എവിടെയോ പഠിക്കുന്ന ഒരഞ്ചു പേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘവും ഏതോ ആശുപത്രിയില്‍പ്പോയി സുഖമായെന്നു തോന്നുന്നതിന് മുമ്പേ തിരിച്ചു പോരുന്ന മറ്റൊരാദിവാസികുടുംബവും. ഇഷ്ടം പോലെ സാധനങ്ങള്‍ കുത്തിക്കയറ്റിയിരുന്നു കച്ചവടക്കാര്‍. ഇതെല്ലാം മാല്‍കാന്‍ഗിരിയിലെ ആദിവാസികളെ ചൂടിപ്പിക്കാനും മണ്ണില്‍ നിന്ന് പറിച്ചെറിയാനും ആണ്. ബസ്സ് പുറപ്പെട്ടു. ദൂരം താണ്ടിയുള്ള യാത്ര തുടങ്ങി.

സൂര്യവെളിച്ചം കണ്ണിലേക്കടിച്ചതോടെയാണുണര്‍ന്നത്‌. വാച്ച് നോക്കി. സമയം രാവിലെ അഞ്ചു മണി. സൂര്യന്‍ തെളിമയോടെ പ്രകാശിച്ച് മരങ്ങള്‍ക്കും ചില്ലകള്‍ക്കും മലകള്‍ക്കുമിടയിലൂടെ കിനിഞ്ഞിറങ്ങിയിരുന്നു. ഞാന്‍ ബോറയെ നോക്കി. നല്ല ഉറക്കമാണ്. സീറ്റ് നേരെയാക്കി ഞാനിരുന്നു. ബസ് ജെയ്പ്പൂരില്‍ എത്തി. കൊരാപ്പുട്ടും കഴിഞ്ഞ് ജെയ്പ്പൂരില്‍ എത്തുമ്പോള്‍ പലരും ഇറങ്ങിയും കയറിയും മുഖങ്ങള്‍ മാറിയിരുന്നു. ഇതൊരു ഗവണ്മെന്റ് ‘ഹൈടെക്’ ബസ്സാണ്. ഒരുമാതിരി വേഗതയോടെ നാലോ അഞ്ചോ സ്റ്റോപ്പുകള്‍ മാത്രം നിര്‍ത്തുന്ന സര്‍വീസ്. വെറും 470 കിലോമീറ്റര്‍ മാത്രമേ ഉള്ളുവെങ്കിലും പന്ത്രണ്ടും പതിമൂന്നും മണിക്കൂറുകള്‍ എടുക്കും ഭുബനേശ്വറില്‍ നിന്ന് മല്‍കാന്‍ഗിരിയിലെത്താന്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ നെല്ലിന്‍ വൈവിധ്യങ്ങള്‍ ഉണ്ടായിരുന്ന സ്ഥലമാണ് ജൈപൂര്‍ ട്രാക്ട് എന്നറിയപ്പെടുന്ന (മധ്യപ്രദേശില്‍ തുടങ്ങി ഒഡീഷ വഴി ബംഗാള്‍ വരെ) ഈ സ്ഥലം. ഇന്നും അവശേഷിക്കുന്ന നെല്ലിന്‍ വൈവിധ്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ പെടാപ്പാട് പെടുന്നു. ജെയ്പ്പൂര്‍ കഴിഞ്ഞപ്പോള്‍ പാത ചെറുതായി ഇരുണ്ടതായിത്തുടങ്ങി. മാവോവാദികളെ ‘തുരത്താന്‍’ വേണ്ടി റോഡുകള്‍ വീതി കൂട്ടിത്തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ വന്നതിനേക്കാള്‍ എത്രയോ മാറ്റങ്ങള്‍. ഇരുപത്തെട്ടോളം ചെറിയ പാലങ്ങള്‍. ഇതാണ് പുതുതായി പ്രഖ്യാപിച്ച റാഞ്ചി-വിശാഖപട്ടണം കോറിഡോര്‍. ഏറ്റവും എളുപ്പത്തില്‍ വിശാഖപട്ടണത്തുനിന്നു റാഞ്ചിയിലേക്ക് എത്താവുന്ന പുതുവഴി. മാവോയിസ്റ്റുകള്‍ ഈ റോഡ്‌ പണിയെ ശക്തമായി എതിര്‍ത്തിരുന്നു.

ചെറിയ ചെറിയ ചായപ്പീടികകളും വൃത്തിയായി മണ്ണ്കൊണ്ട് പണിത ആദിവാസിപ്പുരകളും കൃഷിവാസസ്ഥലങ്ങളും മുറിച്ച് ബസ് നീങ്ങി. രാവിലെ ഏഴു മണിക്ക് ബസ് ഗോവിന്ദപ്പള്ളിയില്‍ ചായകുടിക്കാന്‍ നിര്‍ത്തി. ഡ്രൈവര്‍ എങ്ങോട്ടോ മറഞ്ഞു. ബോറ വെള്ളത്തിന്‍റെ തണുപ്പ് നഷ്ടപ്പെടാതിരിക്കാന്‍ കടലാസ്സില്‍ പൊതിഞ്ഞ വെള്ളക്കുപ്പിയെടുത്ത് കുടിച്ചു പറഞ്ഞു.. ‘ഇനിയും ഒരമ്പതു കിലോമീറ്ററുണ്ട് മല്‍ക്കാന്ഗിരിയിലേക്ക്. ഉദ്ദേശിച്ചതിലും ഒരു മണിക്കൂര്‍ വൈകും.’ എട്ടു മണി എന്നത് ഒന്‍പതു മണിയാകുമെന്നു സാരം. ഞങ്ങളിറങ്ങി ചായ പറഞ്ഞു. ബോറ ഒരു വിത്തൌട്ട് പറഞ്ഞു. അദ്ധേഹത്തെ ‘ജൈവഗ്യാസ്’ വല്ലാതെ അലട്ടുന്നുണ്ടെന്ന് തോന്നി. ചായക്ക് ഒരേ രുചി. ബീഹാറില്‍ നിന്ന് കഴിഞ്ഞയാഴ്ച കുടിച്ച അതെ ചായ.

മാതിലി

ബസ്സ്‌ മാതലിയില്‍ എത്തിയപ്പോള്‍ റാപിഡ് ആക്ഷന്‍ ഫോഴ്സിന്‍റെ ശക്തമായ സാന്നിധ്യം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുത്തു മാവോയിസ്റ്റുകള്‍ നടന്നു പോയയിടം. ഇപ്പോള്‍ കൂടുതല്‍ സുരക്ഷ. ഉയര്‍ന്ന മുള്‍വേലികളും വാച്ച് ടവറും മണല്‍ചാക്കിന്‍ പ്രതിരോധവും. ഇതേ സ്ഥിതിയാണ് ഇവിടെയുള്ള മിക്ക പോലീസ് സ്റ്റേഷനുകളും. റോഡില്‍ ഇരുവശവും തോക്ക് പിടിച്ച പടയാളികള്‍ ധൃതിയില്‍ നടന്നു കൊണ്ടേയിരിക്കുന്നു. അവരുടെ കണ്ണുകള്‍ ബസ്സിലേക്ക് സസൂക്ഷ്മം പായുന്നുണ്ട്. ആഗ്രഹിക്കുന്നവരെ കിട്ടാന്‍ വേണ്ടിയുള്ള നോട്ടം. എന്‍റെ താടി ഒരു പ്രശ്നമാകുമോ എന്ന് ഒരു വട്ടം ചിന്തിച്ചു. പിന്നീടാണറിഞ്ഞത് ഇരുന്നൂറോളം മാവോയിസ്റ്റ് അനുകൂലികള്‍ ഇന്ന് ഇവിടത്തെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുന്നുണ്ടെന്ന്.

ലക്ഷ്മണ്‍ നായിക് എന്ന പോരാളി

മാതിലിയിലൂടെ നീങ്ങുമ്പോള്‍ സ്വാതന്ത്ര്യ സമര പോരാളി ആയിരുന്ന ചരിത്രത്തില്‍ ഇടം പിടിച്ച ലക്ഷ്മണ്‍ നായിക്കിന്‍റെ അവഗണിക്കപ്പെട്ട ഒരു പൂര്‍ണകായ പ്രതിമ കണ്ടു. മല്‍കാംഗിരി ദേശീയതലത്തില്‍ വാര്‍ത്തകളില്‍ ബ്രിട്ടീഷ്കാര്‍ക്കെതിരെയുള്ള സമരങ്ങളില്‍ വാര്‍ത്തകളില്‍ നിറയുന്നത് ലക്ഷ്മണ്‍ നായിക് എന്ന ഊര്‍ജസ്വലനായ സ്വാതന്ത്ര്യസമര പോരാളിയുടെ പേരിലാണ്. 1899 ല്‍ ജനിച്ച ഭുമിയ ഗോത്രത്തില്‍പ്പെട്ട ലക്ഷ്മണ്‍ നായിക് ഒട്ടേറെ അഹിംസാ സമരമാര്‍ഗങ്ങളില്‍ ഗോത്രജനതയെ നയിച്ചു. പലരും ചരിത്രത്തില്‍ പഠിക്കാത്തതോ അതല്ലെങ്കില്‍ അത്ര പ്രാധാന്യം കൊടുക്കത്തതോ ആയ പോരാട്ടങ്ങളാണ് മല്‍കാംഗിരിയില്‍ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ നടന്നത്.

ഇതൊരുപക്ഷെ കീഴാളപക്ഷത്തുനിന്നുള്ള പോരാട്ടമായത് കാരണം ആരുടേയും ശ്രദ്ധയില്‍പെട്ടില്ലെന്ന് വേണം കരുതാന്‍. 1942 ല്‍ കോണ്‍ഗ്രസ്‌ പാര്‍ടിയുടെ മാതിലി കമ്മിറ്റി പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മണ്‍ നായിക് ബ്രിട്ടീഷ്‌ കാരുടെ നികുതിനയങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു. 1924 ല്‍ ഇദ്ധേഹത്തെ ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനത്തില്‍ നാമനിര്‍ദേശം ചെയ്തു. ഇദ്ദേഹം മല്‍കാംഗിരിയിലെ ഗാന്ധി എന്നറിയപ്പെട്ടുതുടങ്ങി.

കൊരാപ്പുട്ട്‌ മേഖലയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ അതിശക്തമായ വികാരം കൊടികുത്തിവാണ നാളുകള്‍. ക്വിറ്റ്‌ ഇന്ത്യാ സന്ദേശങ്ങള്‍ ജനങ്ങള്‍ നെഞ്ചിലേറ്റിയ ഈയവസരത്തിലാണ് ബോണ്ടഗോത്രം August 21, 1942 ല്‍  ലക്ഷ്മണ്‍ നായിക്കിന്‍റെ നേതൃത്വത്തില്‍ മാതിലി പോലീസ് സ്റ്റേഷന്‍ പിടിച്ചെടുക്കുന്നത്. വിവിധ ഗ്രാമങ്ങളില്‍ നിന്ന് ഗോത്രജനത പോലീസ് സ്റ്റേഷനിലേക്ക് ഇരമ്പിവന്നു. ലക്ഷ്മണ്‍ നായിക് കോണ്‍ഗ്രസിന്‍റെ പതാക പോലീസ് സ്റ്റേഷന് മുകളില്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും പിന്നീട് പോരാളികള്‍ക്കെതിരെ വെടിവെപ്പ് നടത്തുകയും ചെയ്തു. നാല്പതോളം പോരാളികള്‍ മാതിലി പോലീസ് സ്റ്റേഷനില്‍ മരിച്ചുവീണു.

ഏകദേശം ഇരുന്നൂറോളം പോലീസ്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ലക്ഷ്മണ്‍ നായിക് രക്ഷപ്പെട്ടെങ്കിലും ഒരു ഫോറെസ്റ്റ് ഗാര്‍ഡിനെ കൊന്നെന്നു കൊലപാതകക്കുറ്റം ചുമത്തി തന്‍റെ മകന്‍ രഘുനാഥ് നായിക്കിനും മറ്റു പലരോടുമോപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. കൊരാപ്പുട്ട്‌ കോടതിയില്‍ വിചാരണ നേരിട്ട ലക്ഷ്മണ്‍ നായിക്കിനെ തൂക്കിലേറ്റാന്‍ വിധിച്ചു ബെര്‍ഹാംപൂര്‍ ജയിലിലേക്ക് മാറ്റി. 1943 മാര്‍ച്ച്‌ ഇരുപത്തെട്ടിനു രാവിലെ അഞ്ചെ മുപ്പതിന് ലക്ഷ്മണ്‍ നായിക്കിനെ തൂക്കിലേറ്റി ബ്രിട്ടീഷ്‌ ഭരണകൂടം. ഇന്ന് ഈ മാതിലിയിലൂടെ കടന്നുപോവുമ്പോള്‍ അദ്ധേഹത്തിന്‍റെ സ്മാരകം നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു. കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം ഒരു ചടങ്ങായി ഇവിടെ അദ്ധേഹത്തെ ആദരിക്കുന്നു. അത് കഴിഞ്ഞാല്‍ ഈ സ്മാരകം എല്ലാവരും മറന്നു കാടുപിടിച്ചു കിടക്കും ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട്.

ബസ്സ്‌ യാത്ര തുടര്‍ന്നു. ഇറങ്ങിയും കേറിയും ജീവിതം മുന്നോട്ട്. സതിഗുഡ ഡാം ബോര്‍ഡ് കണ്ടപ്പോള്‍ എനിക്ക് തോന്നി എത്താറായെന്ന്. മഴയില്‍ തകര്‍ന്ന റോഡും കയറ്റവും ഇറക്കവും. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. ദൂരെ സൂര്യന്‍റെ ആകാശം. വാച്ച് നോക്കി സമയം അഞ്ചര. ഉണരുന്ന നെല്‍പ്പാടങ്ങള്‍. പാടങ്ങളില്‍ ഗോത്രജീവിതം സജീവം. വിത്തിറക്കാന്‍ വയല്‍ തയ്യാറാക്കുകയും ഉഴുതുമറിക്കുകയും ചെയ്യുന്നു. എല്ലാം പരമ്പരാഗത രീതിയില്‍. കാളകള്‍ കൃഷിപ്പാടത്ത് അദ്ധ്വാനിക്കാന്‍ തയ്യാറാകുന്നു. ഇതുവരെ വിശ്രമിച്ച ഇവര്‍ക്കിനി അദ്ധ്വാനത്തിന്‍റെ നാളുകള്‍. റോഡിലൂടെ നടന്നുകയറുന്ന തനി നാടന്‍ പശുക്കൂട്ടങ്ങള്‍.

കുറച്ചു കഴിഞ്ഞ് ബോറ ഫോണെടുത്ത് സഹപ്രവര്‍ത്തകനോട്‌ ഞങ്ങള്‍ അഞ്ചു മിനിട്ടിനുള്ളില്‍ എത്തുമെന്ന് ഒഡിയയില്‍ പറയുന്നത് കേട്ടു. ബസ്സ് പൊടി നിറഞ്ഞ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞു. ഒരു ചെറിയ ബസ്സ്റ്റാന്റ്. രണ്ടു മൂന്നു ബസ്സുകള്‍ ഒരു മൂലയ്ക്ക് മയങ്ങിക്കിടക്കുന്നു. അതിനിടയ്ക്ക് സഹപ്രവര്‍ത്തകന്‍ ബൈക്കുമായി വന്നിരുന്നു. അദ്ദേഹം എന്‍റെ ബാഗുമെടുത്ത്‌ ഒന്നും പറയാതെ പാഞ്ഞു പോയി. ഞാന്‍ മറ്റൊരു ബൈക്കില്‍ ഇരുന്നു പോയി. മല്യബാന്‍ഡ് ഹോട്ടല്‍. അവിടെയാണ് മുറി. ബസ്സ്ടാന്റിനു പിന്നില്‍ തന്നെ. ഒന്‍പതരയോടെ പ്രേമാനന്ദ ഹോട്ടലില്‍ വരുമെന്നറിയിച്ചു. ഞാന്‍ കുളിച്ചു റെഡിയായി.

മല്‍കാന്‍ഗിരി

ഒരിക്കല്‍ കാടിന്‍റെ കരുത്തായിരുന്നു മല്‍കാന്‍ഗിരി. ഒഡിഷയുടെ ദക്ഷിണഭാഗത്ത്‌ ഏറ്റവും അറ്റത്ത് ഒരു ചുണ്ടെലിയെപ്പോലെ കിടക്കുന്ന മല്‍കാന്‍ഗിരി മലകളും കാടും ഗോത്രവും ഇന്നും അതിന്‍റെതായ ചില സവിശേഷതകള്‍ നിലനിര്‍ത്തുന്ന വിരളമായ ഒരു സ്ഥലമാണ്. പൂര്‍വഘട്ടത്തിന്‍റെ ഭാഗമായ മല്‍കാന്‍ഗിരി മലയും സമതലവും ഇടകലര്‍ന്ന ഭൂമിയാണ്‌. ഏകദേശം 1600 മില്ല്യന്‍ വര്‍ഷങ്ങളുടെ പഴക്കം. ആസ്ബസ്ടോസ്, ബോക്സൈറ്റ്, ക്വാര്‍ട്സ്, ചുണ്ണാമ്പ് കല്ല്‌ തുടങ്ങിയ ധാതുസമ്പത്ത്. ഇരുപതു കൊല്ലം ഭൂമിയുടെ വനം അറുപതു ശതമനമായിരുന്നു. ഇന്നിത് 40 ശതമാനത്തില്‍ താഴെയായി ചുരുങ്ങി. സാല, വേങ്ങ, തേക്ക്, മുണ്ടി, റോസ്വുഡ്, പൂവം, മുള, പുളി, മഹുവ, കെണ്ടു (ബീഡിയില) തുടങ്ങിയ ഇനങ്ങള്‍ കാട്ടില്‍ വളരുന്നു.

ഏകദേശം അന്‍പതു ശതമാനം സാക്ഷരത കൈവരിച്ച ജില്ല (2011 census) തൊണ്ണൂറു ശതമാനംപേരും ഗ്രാമീണമേഖലയില്‍ ജീവിക്കുന്നു. ഗോത്രവിഭാഗം ഭൂരിഭാഗവും കാട്ടിലെ വിഭവങ്ങളെ ആശ്രയിച്ചു കഴിയുന്നവരാണ്. കാട്ടിലെ വിഭവങ്ങള്‍ കുറഞ്ഞത് കാരണം ഇവരില്‍ പലരും ആന്ധ്രയിലെ മുളകുപാടത്തു പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. വനത്തിന്‍റെ തീക്ഷ്ണത കലിമേള, മാതിലി തുടങ്ങിയ സ്ഥലങ്ങളിലാണ്‌ കാണാവുന്നത്. സബോരി, സില്ലെരു, പോട്ടെരു, സപ്തധാര, കോളം, മച്കുണ്ട് നദികളെ സമ്പന്നമാക്കുന്നു. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളാണ് ഇവിടത്തെ മഴക്കാലം.

ഹൈന്ദവപുരാണങ്ങള്‍ പറയുന്നതിനും ഹിന്ദുക്കള്‍ കാലുകുത്തുന്നതിനും മുന്‍പേ ഇവിടെയൊരു നല്ല ജനജീവിതവും സംസ്കാരവുമുണ്ടായിരുന്നു. ഏകദേശം ദ്രവീഡിയന്‍ ജീവിതത്തോടും ഭാഷയോടും സാമ്യം പുലര്‍ത്തുന്നതോ അല്ലെങ്കില്‍ ദ്രവീഡിയന്‍ തന്നെയോ ആയവ. ഈയൊരു സ്ഥലത്തിന്‍റെ ഹൃദയമാണ് മല്കന്ഗിരി. അത്ഭുതപ്പെടുത്തിയ ചില സ്ഥലങ്ങളില്‍ ഒന്ന്. ഓരോ അടിവെയ്ക്കുമ്പോഴും നമ്മെ പഠിപ്പിക്കുന്നത്‌ പുതിയ അറിവാണ് കാഴ്ചയാണ്.

(തുടരും)…

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like