പൂമുഖം POLITICS ലോക് സഭ തെരഞ്ഞെടുപ്പ് – രണ്ടാം ഘട്ട സാധ്യതകൾ: എൻ ഡി എ യ്‌ക്കു തിരിച്ചടി.

ലോക് സഭ തെരഞ്ഞെടുപ്പ് – രണ്ടാം ഘട്ട സാധ്യതകൾ: എൻ ഡി എ യ്‌ക്കു തിരിച്ചടി.

 

17 ആം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂർത്തിയായിരിക്കുകയാണ്. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമായി 95 ലോക്സഭാ മണ്ഡല ങ്ങളിലും ഒഡീസയിലെ 28 നിയമസഭ മണ്ഡലങ്ങളിലും, രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നു . ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ ഡി എം കെ സ്ഥാനാർത്ഥി കതിർ ആനന്ദിന്റെ വസതിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച പണം കണ്ടു പിടിച്ചതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയ, തമിഴ് നാട്ടിലെ വെല്ലൂർ ഒഴികെയുള്ള, മുഴുവൻ സീറ്റുകളിലേക്കും കർണാടകയിലെ 14 ഉം, മഹാരാഷ്ട്രയിലെ 10 ഉം , യു പി യിലെ 8 ഉം  , ആസാം , ബീഹാർ, ഒഡിഷ എന്നിവിടങ്ങളിലെ 5 വീതവും  സീറ്റുകളിലേക്കും, ഛത്തിസ്ഗഡിലെ 3 ഉം, പശ്ചിമ ബംഗാളിലെ  3 ഉം , ജമ്മുവിലെ  2 ഉം, മണിപ്പൂരിലെ  1 ഉം , പോണ്ടിച്ചേരിയിലെ 1 ഉം  ആണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പോടു കൂടി, തമിഴ് നാട്, പോണ്ടിച്ചേരി, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പൂർത്തിയാവും. സുരക്ഷയുടെ ഭാഗമായി ത്രിപുരയിലെ ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ആദ്യത്തേതിൽ  നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തിലെ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പ്രകടന പത്രികയും ചർച്ചക്ക് വിഷയമാകുന്നതായി കാണുന്നു. എങ്കിലും ദേശീയതയും ന്യൂനപക്ഷ വിരുദ്ധതയും ആണ് ബി ജെ പി രണ്ടാം ഘട്ടത്തിലും പ്രചാരണ വിഷയമാക്കുന്നത്. കോൺഗ്രസ്സ് ആകട്ടെ, മോദി സർക്കാറിന്റെ കീഴിൽ നടന്ന അഴിമതിയും വാഗ്‌ദാന ലംഘനങ്ങളും ആണ് ചർച്ച ചെയ്യുന്നത്.

രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേറെയും എൻ ഡി എ യുടെ കൈവശമിരുന്ന സീറ്റുകൾ ആണെന്നതിനാൽ ഈ തെരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. എ ഐ എ ഡി എം കെ (35) , ബി ജെ പി (26), ശിവ സേന (4), ബി ജെ ഡി (3), ജെ ഡി (യു) (1), പി എം കെ (1) . 97 സീറ്റിൽ 70 ലും  എൻ ഡി എ എം പി മാർ ആണ് നിലവിൽ. യു പി എ ആകട്ടെ, കോൺഗ്രസ് (11), ആർ ജെ ഡി, ജെ ഡി ( എസ്) (2 വീതം), എൻ സി പി, നാഷണൽ കോൺഫറൻസ് (1  വീതം), അങ്ങനെ 15 എം പി മാർ. .

പ്രധാനമായും രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങൾ തമിഴ് നാടും പോണ്ടിച്ചേരിയും ആണ്. എം ജി ആറിന് ശേഷം, തമിഴകത്ത് നിറഞ്ഞുനിന്ന കുമാരി ജയലളിതയും ഡോക്ടർ മുത്തുവേൽ കരുണാനിധിയും മൺമറഞ്ഞു പോയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇത് . യു പി എ യുടെയും എൻ ഡി എ യുടെയും നേതൃത്വത്തിലുള്ള രണ്ടു പ്രധാന മുന്നണികളിലും 8 വീതം പാർട്ടികൾ ആണ് ഉള്ളത്. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ, കോൺഗ്രസ്സ്, സി പി എം, സി പി ഐ, മുസ്‌ലിം ലീഗ്, വിടുതലൈ തിരുമകൾ കട്ചി , എം ഡി എം കെ, കെ എം ഡി കെ, ഇന്ത്യ ജനനായക കട്ചി എന്നിവ ഉൾപ്പെട്ട മുന്നണിയും മുഖ്യമന്ത്രി പഴനി സ്വാമിയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെ, ബി ജെ പി, പി എം കെ, ഡി എം ഡി കെ, പുതിയ തമിഴകം, തമിഴ് മനില കോൺഗ്രസ്സ്, മക്കൾ നീതി കട്ചി എന്നിവ ചേർന്ന  മുന്നണിയും  തമ്മിലാണ് പ്രധാന മത്സരം. ടി ടി വി ദിനകരന്റെ ‘അമ്മ മക്കൾ മുന്നേറ്റ കഴകവും കമൽ ഹാസൻറെ മക്കൾ നീതി മയ്യവും ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നത് എടുത്തു പറയേണ്ടത് ആണ്. ഒരു കാലത്തു ഡി എം കെ യും, എ ഐ ഡി എം കെ യും കോൺഗ്രസ്സും ഇടതു കക്ഷികളും മാത്രമായിരുന്ന തമിഴ് നാട്ടിൽ ഇന്ന് അനേകം സമ്മർദ്ദ ഗ്രൂപ്പുകൾ രാഷ്ട്രീയ കക്ഷികളായി മാറിയിരിക്കുന്നു  .

മത്സരം കടുത്തതാണെങ്കിലും  വോട്ടർമാരിൽ പൊതുവെ ഒരു വിരക്തി നിലനിൽക്കുന്നതായി കാണാം. ജയലളിത, കരുണാനിധി തുടങ്ങിയ പ്രഗത്ഭരുടെ അഭാവം ഈ തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും എന്ന് കാണേണ്ടതാണ്. ഏകദേശം 25 മുതൽ 30 വരെ സീറ്റുകൾ ഇക്കുറി യു പി എ ക്കു ഇവിടെ നിന്നും ലഭിച്ചേക്കാം. പൊതുവിൽ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ  തമിഴ് നാട്ടിൽ ജയിക്കുന്നതു ഏതെങ്കിലും ഒരു മുന്നണിയിൽ പെട്ടവരാണ്. അങ്ങനെയെങ്കിൽ യു പി എ ക്കു 35 സീറ്റിനു മുകളിൽ ലഭിക്കാനും സാധ്യത കാണുന്നു. കോൺഗ്രസ് മത്സരിക്കുന്ന 9 സീറ്റുകളും , ഡി എം കെ മത്സരിക്കുന്ന 20 സീറ്റുകളും  സി പി എം, സി പി ഐ മത്സരിക്കുന്ന സീറ്റുകളും വിജയ സാധ്യതാ പട്ടികയിലുണ്ട്.

തമിഴ് നാട് കഴിഞ്ഞാൽ ഏറ്റവും അധികം സീറ്റുകളിൽ മത്സരം നടക്കുന്നത് കർണാടകയിൽ ആണ്. 14 സീറ്റിൽ ആണ് രണ്ടാം ഘട്ടത്തിൽ കർണാടകയിൽ മത്സരം നടക്കുന്നത്. ഇവിടെ ബി ജെ പി ഒറ്റക്കും, കോൺഗ്രസ്സ്, ജനതാദൾ എസ് കക്ഷികൾ ഒന്നിച്ചുമാണ് മത്സരിക്കുന്നത്. തീ പാറുന്ന പോരാട്ടമാണ് ഇക്കുറി. ദേവ ഗൗഡ മത്സരിക്കുന്ന തുംകൂർ, ദേവ ഗൗഡയുടെ പേരക്കുട്ടികൾ മത്സരിക്കുന്ന ഹസ്സൻ, മാണ്ട്യ തുടങ്ങിയ മണ്ഡലങ്ങൾ ദേശീയ ശ്രദ്ധ ആകർഷിക്കുന്നു. ഇവയിൽ കോൺഗ്രസ്സ് നേതാവായിരുന്ന അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത ബി ജെ പി പിന്തുണയോടെ മത്സരിക്കുന്ന മാണ്ട്യയിലെ മത്സരം ആണ് ഏവരും ഉറ്റു നോക്കുന്നത്. സഖ്യ കക്ഷിയായ കോൺഗ്രസ് ഈ മണ്ഡലങ്ങളിൽ പ്രാദേശികമായി എന്ത് നിലപാടെടുക്കും എന്നത് തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കും. കഴിഞ്ഞ തവണ ബി ജെ പി 6 സീറ്റുകൾ ഈ മേഖലയിൽ നിന്ന്  നേടിയിരുന്നു. കോൺഗ്രസ് നേതാക്കളായ മുനിയപ്പ മത്സരിക്കുന്ന കോലാറിലും, വീരപ്പ മൊയ്‌ലി മത്സരിക്കുന്ന ചിക്കബല്ലാപ്പുരയിലും കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ മത്സരിക്കുന്ന ബാംഗ്ലൂർ നോർത്തിലും ശക്തമായ മത്സരം ആണ് നടക്കുന്നത്. ബി ജെ പി യുടെ ശോഭ കരാന്തില മത്സരിക്കുന്ന ഉഡുപ്പി ചിക്മഗല്ലൂർ, യെദിയൂരപ്പയുടെ മകൻ രാഘവേന്ദ്രയും മധു ബംഗാരപ്പയും മത്സരിക്കുന്ന ഷിമോഗയും ഇക്കുറി കടുത്ത മത്സരമാണ് നേരിടുന്നത്. തീരദേശ മേഖലയിൽ ബി ജെ പി ഇക്കുറിയും നല്ല പ്രകടനം കാഴ്ച വയ്‌ക്കുവാൻ സാധ്യതയുണ്ട് . ഇത്തവണ കോൺഗ്രസ് – ജെ ഡി എസ് കാലുവാരൽ ഉണ്ടായില്ലെങ്കിൽ എട്ടു സീറ്റുകൾ വരെ സഖ്യത്തിന് ഇവിടെ നേടാൻ സാധിക്കും.

വിദർഭ, മാറാത്തവാഡാ മേഖലയിലെ 10 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയതയെക്കാളും വർഗീയതയെക്കാളും കർഷകരുടെ ജീവൽസംബന്ധിയായ വിഷയങ്ങളും തൊഴിലില്ലായ്മയും ആണിവിടെ ചർച്ചാ വിഷയം. കഴിഞ്ഞ തവണ 10 ൽ 8 സീറ്റും  നേടിയത് ബി ജെ പി – ശിവസേന കൂട്ടുകെട്ട് ആണ്. രണ്ടെണ്ണം കോൺഗ്രസ്സും. ഇവിടെ പ്രധാന മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സുശീൽ കുമാർ ഷിൻഡെയും ബാബാസാഹേബ് അംബേദ്ക്കറുടെ കൊച്ചു മകനും വഞ്ചിത് ബഹുജൻ അംഗാഡിയുടെ സ്ഥാനാർത്ഥിയുമായ പ്രകാശ് അംബേദ്‌കറും  മത്സരിക്കുന്ന സോളാപ്പൂർ ആണ്. ഇവിടെ ദളിത് മുസ്‌ലിം വോട്ടുകൾ ജനസംഖ്യയുടെ 35% വരും.അതിനാൽ തന്നെ, പ്രവചനാതീതമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസ് ഒരു പക്ഷെ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാം. കോൺഗ്രസിന്റെ കുത്തക സീറ്റായ നാന്ദഡിൽ സിറ്റിംഗ് എം പി അശോക് ചവാൻ ആണ് ഇക്കുറിയും മത്സരിക്കുന്നത്. കോൺഗ്രസ് ഈ മേഖലയിൽ ജയിച്ച ഹിൻഗോളി സീറ്റിലെ വിജയത്തിന് പിന്നിലും അശോക് ചവാന്റെ സ്വാധീനമുണ്ട്. ഇവിടെ സിറ്റിംഗ് എം പി രമേശ് സാറ്റ്‌വെ ഇക്കുറി മത്സരിക്കുന്നില്ല, പകരം സുഭാഷ് വാൻഖാടെ ആണ് ശിവ സേനയുടെ ഹേമന്ത് പാട്ടീലിനെ നേരിടുന്നത്.
വഞ്ചിത് ബഹുജൻ അംഗാഡിയുടെ പ്രകാശ അംബേദ്‌കർ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് അകോല . അകോലയിൽ നിന്ന്  ഇതിനു മുൻപ് രണ്ടു തവണ പ്രകാശ് അംബേദ്‌കർ വിജയിച്ചിട്ടുണ്ട്. നിലവിലെ സിറ്റിംഗ് എം പി, ബി ജെ പി യുടെ സഞ്ജയ് ധോത്രയും കോൺഗ്രസ്സിന്റെ ഹിദായത്ത് പട്ടേലുമാണ്. ഇവിടെയും പ്രവചനം തീർത്തും അസാധ്യമാണ്. വിപുലമായ സ്വാധീനമുള്ള ശിവസേനക്ക് വിജയ പ്രതീക്ഷ നൽകുന്ന മണ്ഡലമാണ് ബുൽദാന. ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രീതം മുണ്ടെയാണ് ഇത്തവണയും ബീഡിനെ പ്രതിനിധീകരിക്കുക. വഞ്ചിത് ബഹുജൻ അംഗാഡിക്ക് ഇത്തവണ കിട്ടുന്ന വോട്ടുകൾ കോൺഗ്രസ് – എൻ സി പി സഖ്യത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. എങ്കിലും ഇവിടെ കോൺഗ്രസ് 2 സീറ്റുകളിലും എൻ സി പി ഒരു സീറ്റിലും വിജയിച്ചേക്കും. വഞ്ചിത് ബഹുജൻ അംഗാഡി 1 സീറ്റും , ശിവസേന 3 സീറ്റും ബി ജെ പി 3 സീറ്റും ഈ മേഖലയിൽ നേടിയേക്കും.

ഉത്തർ പ്രദേശിലെ പശ്ചിമ മധ്യ മേഖലയിലെ 8 സീറ്റുകളിൽ അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പാണ് നടന്നത്. ബി ജെ പിയും ബി എസ് പി, എസ് പി , ആർ എൽ ഡി ഉൾപ്പെടുന്ന മഹാഗഡ്‌ബന്ധനും കോൺഗ്രസ്സും ആണ് ഈ 8 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളികൾ. നാഗിന, അംറോഹ, ആഗ്ര, മഥുര, ഫത്തേപ്പൂർ സിക്രി, അലിഗർ, ഹത്രാസ്, ബുലന്ദേശ്വർ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം വാശിയേറിയ മത്സരങ്ങൾ ആണ് നടക്കുന്നത്. ഇവയിൽ, കോൺഗ്രസിന്റെ രാജ് ബബ്ബറും, ബി ജെ പിയുടെ രാജ്‌കുമാർ ചാഹറും ബി എസ്  പി യുടെ ശ്രീഭഗവാൻ ശർമയും തമ്മിലുള്ള മത്സരം പ്രവചനാതീതമാണ്. മൂന്നിൽ ആർക്കു വേണമെങ്കിലും ഇവിടെ വിജയിക്കാം എന്നതാണ് സ്ഥിതി. രണ്ടാം ഘട്ടത്തിൽ കോൺഗ്രസ് പ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും പ്രധാനം ഫത്തേപ്പൂർ സിക്രി ആണ്. നടി ഹേമ മാലിനി മത്സരിക്കുന്ന മഥുരയിൽ ഇക്കുറി വിജയം ആർ എൽ ഡി സ്ഥാനാർഥി കുൻവർ നരേന്ദ്ര സിംഗിനാകും . ആഗ്രയിൽ ബി എസ്  പി യുടെ മനോ കുമാർ സോണിയും യു പി മന്ത്രിയായ എസ് പി സിങ് ബാഗേലും തമ്മിലാണ് പ്രധാന മത്സരം. അലിഗറിലും ഇത്തവണ മത്സരം കടുക്കുമെങ്കിലും ബി എസ്  പി യുടെ അജിത് ബല്യാൻ വിജയിക്കാനാണ് സാധ്യത. ജനതദൾ എസ്സിൽ നിന്നും ബി എസ്  പി യിലേക്ക് മാറി അംറോഹയിൽ മത്സരിക്കുന്ന ഡാനിഷ് അലി ശക്തമായ മത്സരമാണ് ബി ജെ പിയിൽ നിന്നും നേരിടുന്നത്. ഹത്രാസിലും ബുലന്ദേശ്വരിലും നാഗിനയിലും ശക്തമായ മത്സരമാണ് നടക്കുന്നത്. ഇക്കുറി രണ്ടാം ഘട്ടത്തിൽ യു പി യിൽ ഒരു സീറ്റിൽ ആർ എൽ ഡി, രണ്ടു സീറ്റുകളിൽ ബി ജെ പി, നാല് സീറ്റിൽ ബി എസ്  പി, ഒരു സീറ്റിൽ എസ് പി ഇങ്ങനെയായേക്കും കക്ഷി നില.

രണ്ടാം ഘട്ടത്തിൽ ഒഡിഷയിലെ 5 സീറ്റുകളിൽ ആണ് ലോക് സഭയിലേക്കു മത്സരം നടക്കുന്നത്. ബർഗർ, സുന്ദരഗാർ, അസ്ക, കാണ്ഡമാൽ, ബോലങ്കാർ എന്നിവയാണവ . ബി ജെ പി യുടെ സിറ്റിംഗ് സീറ്റ് ആയ സുന്ദർഗറിൽ കേന്ദ മന്ത്രി ജുവൽ ഓരോണ് വീണ്ടും ജനവിധി നേടുന്നു. കോൺഗ്രസിന്റെ ജോർജ് തീർക്കിയും ബി ജെ ഡി യുടെ സുനിത ബിസ്വാലും ചേർന്ന്  ശക്തിയേറിയ ത്രികോണ മത്സരത്തിന് വേദിയൊരുക്കുന്നു . അസ്കയിൽ ആകട്ടെ, കോൺഗ്രസ് ഇക്കുറി സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. രണ്ടാം പാദത്തിൽ ബി ജെ പി മൂന്നു സീറ്റുകളും ബി ജെ ഡി ഒരു സീറ്റും നേടുവാൻ ആണ് സാധ്യത.

ആസാമിൽ രണ്ടാംഘട്ട പോളിംഗ് നടക്കുന്ന 5 മണ്ഡലങ്ങൾ മംഗൾഡോയ്‌, സിൽച്ചാർ, ആട്ടോണോമസ് ഡിസ്‌ട്രിക്‌, നൗഗോങ്, കരിംഗഞ്ജ് എന്നിവയാണ്. ഇവയിൽ രണ്ടു വീതം എം പി മാർ നിലവിൽ കോൺഗ്രസിനും ബി ജെ പി ക്കും ഉണ്ട്. എ ഐ യു ഡി എഫ് എന്ന പാർട്ടിക്കാണ് കരിംഗഞ്ജ് ലോകസഭാ മണ്ഡലം. സിൽച്ചറിൽ മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് സുഷ്മിത് ദേവ് ആണ് കോൺഗ്രസിന് വീണ്ടും സാധ്യത നൽകുന്നത്. ഇക്കുറിയും രണ്ടു സീറ്റുകൾ കോൺഗ്രസ്സും, രണ്ടു സീറ്റുകൾ ബി ജെ പി യും ഒരു സീറ്റ് എ ഐ യു ഡി എഫും സ്വന്തമാക്കും.

രണ്ടാം ഘട്ടത്തിൽ അഞ്ചു മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാർ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. കോൺഗ്രസ് മത്സരിക്കുന്ന 9 സീറ്റുകളിൽ മൂന്നെണ്ണവും ഈ ഘട്ടത്തിൽ ആണ് നടക്കുന്നത്. ബീഹാറിൽ ഏറ്റവും കൂടുതൽ മുസ്‌ലിം വോട്ടുകൾ ഉള്ള കിഷൻഗഞ്ചിൽ കോൺഗ്രസിന്റെ മുഹമ്മദ് ജാവേദ്, സുൽത്താൻ ഒവൈസിയുടെ  എ ഐ എം ഐ എം  പാർട്ടിയുടെ മൗലാനാ അഷ്‌റഫ് ഹഖ് ഇമാൻ , ജനതാദൾ യു വിന്റെ സയദ് അഹമ്മദ് അഷ്‌റഫ് എന്നിവരോടാണ് ഏറ്റുമുട്ടുന്നത്. ഒവൈസിയുടെ സ്ഥാനാർഥിയുടെ രംഗ പ്രവേശം ഇവിടുത്തെ കോൺഗ്രസിന്റെ നില പരുങ്ങലിൽ ആക്കുന്നു. പുർണിയയിൽ കോൺഗ്രസിന് വേണ്ടി പപ്പു സിങ് ആണ് ജനതാദൾ യു വിന്റെ സന്തോഷ് കുമാർ കുശ്‌വാഹയെ നേരിടുന്നത്. നിലവിലെ എം പി ആയ താരിഖ് അൻവർ ആണ് കത്തിഹാറിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത്. ഭഗൽപൂരിൽ ആർ ജെ ഡിയും ജനതാദൾ യു വും തമ്മിൽ ആണ് മത്സരം. ബങ്കയിൽ ബി ജെ പി യുടെ മുൻ എം പി ദിഗ്‌വിജയ് സിംഗിന്റെ ഭാര്യ റിബൽ ആയി മത്സരിക്കുന്നതിനാൽ ആർ ജെ ഡി യുടെ സാധ്യതകൾ കൂടുന്നു. ബീഹാറിൽ രണ്ടാം പാദത്തിൽ, ആർ ജെ ഡി യും കോൺഗ്രസും രണ്ടു സീറ്റുകൾ വീതം നേടിയേക്കാം, ഒരു സീറ്റ് ജനതാദൾ യു വിനും കിട്ടിയേക്കാം .

പശ്ചിമ ബംഗാളിലെ ഡാർജിലിങ് , റായ്‌ഗഞ്ച് , ജൈപൈഗുരി എന്നീ മണ്ഡലങ്ങളിൽ ആണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത് . മൂന്നു മണ്ഡലങ്ങളിലും ബി ജെ പി അതി ശക്തമായ മത്സരമാണ് കാഴ്ചവെയ്ക്കുന്നത് . കഴിഞ്ഞ തവണ 1600 വോട്ടിനു കോൺഗ്രസിലെ ദീപാ ദാസ് മുൻഷിയെ തോൽപ്പിച്ച്  വിജയിയായ മുഹമ്മദ് സലിം ആണ് റായ്‌ഗഞ്ചിലെ സി പി എം സ്ഥാനാർഥി. ദീപാ ദാസ് മുൻഷി കോൺഗ്രസിന് വേണ്ടി ഇവിടെ വീണ്ടും പോരാടുമ്പോൾ  ടി എം സി, ബി ജെ പി സ്ഥാനാർത്ഥികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. ബി ജെ പി യും കോൺഗ്രസ്സും ആയിരിക്കും ഇവിടെ അവസാന ഘട്ടത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന പാർട്ടികൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇടതു കോട്ട എന്നറിയപ്പെടുന്ന ജൈപൈഗുരിയിൽ ഇക്കുറി ബി ജെ പി യും തൃണമൂൽ കോൺഗ്രസും മുന്നണിയിൽ തന്നെയുണ്ട്. ഡാർജിലിംഗിൽ ഇത്തവണയും ബി ജെ പി വെന്നിക്കൊടി നാട്ടാൻ ആണ് സാധ്യത. രണ്ടാം പാദത്തിലെ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ ബി ജെ പി യും ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചേക്കാം.

ഛത്തിസ്ഗഡിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റിൽ രണ്ടെണ്ണം കോൺഗ്രസിനും ഒന്ന്  ബി ജെ പിക്കും കിട്ടിയേക്കും. ജമ്മുകാശ്മീരിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റിൽ നാഷണൽ കോൺഫറൻസിനാണ്  ജയസാധ്യത. പോണ്ടിച്ചേരിയിൽ കോൺഗ്രസിനും  മണിപ്പൂരിൽ മണിപ്പൂർ പീപ്പിൾസ് പാർട്ടിക്കുമാണ്  മുൻ തൂക്കം.

രണ്ടാം ഘട്ടത്തിലെ 95 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 25 വരെ സീറ്റുകളിൽ വിജയിച്ചേക്കാം, സഖ്യ കക്ഷികൾ ആയ ഡി എം കെ 20 വരെ സീറ്റിലും സി പി എം, സി പി ഐ, ജനതാദൾ, നാഷണൽ കോൺഫറൻസ്, ആർ ജെ ഡി എന്നിവ രണ്ടു വീതം സീറ്റിലും വിജയിക്കുവാൻ സാധ്യതയുണ്ട്.  ബി ജെ പി 20 സീറ്റുകൾ നേടും, സഖ്യ കക്ഷിയായ ജനതാദൾ യു ഒരു സീറ്റിലും വിജയിക്കും. ബി എസ് പി 4 സീറ്റിലും, എസ് പി രണ്ടു സീറ്റിലും മണിപ്പൂർ പീപ്പിൾസ് പാർട്ടി, എ ഐ യു ഡി എഫ് എന്നിവർ ഓരോ സീറ്റിലും വിജയിച്ചേക്കാം.

Comments
Print Friendly, PDF & Email

You may also like