പൂമുഖം POLITICS ലോകസഭാ തെരഞ്ഞെടുപ്പ് – മൂന്നാം ഘട്ട സാധ്യതകൾ : ബി ജെ പി യുടെ നഷ്ടം കോൺഗ്രസിനു നേട്ടമാകും

ലോകസഭാ തെരഞ്ഞെടുപ്പ് – മൂന്നാം ഘട്ട സാധ്യതകൾ : ബി ജെ പി യുടെ നഷ്ടം കോൺഗ്രസിനു നേട്ടമാകും

 

17 ആം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പൂർത്തിയായിരിക്കുകയാണ്. 13 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 116 ലോക് സഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. ഗുജറാത്ത് (26), കേരളം (20 ), ഗോവ (2 ) എന്നിവിടങ്ങളിലെ എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത് മൂന്നാം ഘട്ടത്തിലാണ്. കർണാടകയിലെ (14 ), മഹാരാഷ്ട്രയിലെ (14) , യു പി യിലെ (10 ) , ആസാം (4 ) , ബീഹാർ ( 5 ) ഒഡിഷ (6 ) ഛത്തിസ്ഗഢ് (7 ) , പശ്ചിമ ബംഗാൾ (5 ) , കാശ്മീരിലെ അനന്തനാഗ് (1 ) ദാമം ഡിയു, ഭദ്ര നാഗർ ഹാവേലി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓരോ മണ്ഡലങ്ങളിൽ — ഇത്രയും ഇടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ കഴിഞ്ഞ തവണ നീട്ടി വച്ച തെരഞ്ഞെടുപ്പും ഈ ഘട്ടത്തിൽ നടക്കുകയുണ്ടായി. ഇതോടു കൂടി, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ഗുജറാത്ത്, ഛത്തിസ്ഗഢ് , പശ്ചിമ ബംഗാൾ ഒഴികെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. മൂന്നാം ഘട്ടം അവസാനിച്ചതോടു കൂടി 300 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടുകൾ പോളിംഗ് ചെയ്യപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. ഹിന്ദി ബെൽറ്റിലെയും പശ്ചിമ ബംഗാളിലെയും 245 സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാത്രമാണ് അടുത്ത 4 ഘട്ടങ്ങളിൽ ആയി നടക്കുന്നത്.

മൂന്നാം ഘട്ടത്തോടെ പൊതു തെരഞ്ഞെടുപ്പിലെ ആവേശം പൂർണ്ണസ്ഥായിയിലെത്തി. എവിടെയും തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ മാത്രം.

16 – ആം ലോക്സഭയിൽ, മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 116 മണ്ഡലങ്ങളിൽ, 62 സിറ്റിംഗ് സീറ്റുകൾ ബി ജെ പി യുടേതാണ്. കോൺഗ്രസ്സിന് 16ഉം , സി പി എം ന് 7ഉം , ബി ജെ ഡിക്ക് 6ഉം , എൻ സി പി ക്ക് 4ഉം , എസ് പിക്ക് 3 ഉം , ശിവസേന, ആർ ജെ ഡി, ഐ യൂ എം എൽ , എ ഐ യൂ ഡി എഫ് എന്നീ കക്ഷികൾക്ക് 2 വീതവും സീറ്റുകൾ, കേരള കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആർ എസ് പി , എൽ ജെ പി, സി പി ഐ, പി ഡി പി, സ്വാഭിമാന പക്ഷ എന്നിവർക്കാണ് ഓരോന്ന് വീതവും സീറ്റുകൾ ഉണ്ട് .

മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന പ്രധാന സംസ്ഥാനം ഗുജറാത്ത് ആണ്. 26 സീറ്റുകൾ ആണ് ഗുജറാത്തിൽ ഉള്ളത്, കഴിഞ്ഞ തവണ മോദിക്ക് അനുകൂലമായാണ് ഗുജറാത്ത് വിധിയെഴുതിയത്. 26 സീറ്റും ബി ജെ പി നേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന ഗുജറാത്തിൽ തുടർന്ന് നടന്ന കാലുമാറ്റത്തിലൂടെ ബി ജെ പി വീണ്ടും ശക്തി തിരിച്ചു പിടിക്കുന്ന കാഴ്ച ആണ് കണ്ടത്. ഇക്കുറി 20 മുതൽ 24 സീറ്റുകൾ വരെ ബി ജെ പി നേടിയേക്കും. കോൺഗ്രസിന് പരമാവധി 2 മുതൽ 6 വരെ സീറ്റുകൾ കിട്ടിയേക്കും. ഗുജറാത്തിയായ മോദി ഫാക്ടർ ഒരു പക്ഷെ 26 സീറ്റും വൈകാരികമായി ബി ജെ പി ക്കു നേടിക്കൊടുത്തേക്കാം.

കേരളം ആണ് മൂന്നാം ഘട്ടത്തിൽ കൂടുതൽ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനം. ഇവിടെ 20 സീറ്റുകളിൽ ആണ് മത്സരം നടന്നത്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യു ഡി എഫും സി പി എം നേതൃത്വം കൊടുത്ത എൽ ഡി എഫും തമ്മിലാണ് പ്രധാന മത്സരം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ഉൾപ്പെടെ ബി ജെ പി യുടെ നേതൃത്വത്തിലുള്ള എൻ ഡി എ യും അര ഡസൻ സീറ്റുകളിൽ എങ്കിലും കടുത്ത മത്സരം നടത്തിയിട്ടുണ്ട്. കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടും ശശി തരൂർ മത്സരിക്കുന്ന തിരുവനന്തപുരവും ദേശീയ പ്രാധാന്യമുള്ള മണ്ഡലങ്ങൾ ആണ്. വലിയ അടിയൊഴുക്കുകൾ ഇത്തവണ ഇവിടെ നടന്നു എന്നത് ഫല പ്രവചനം തീർത്തും അസാധ്യമാക്കുന്നു. വോട്ടിങ് ശതമാനം ഉയർന്ന പശ്ചാത്തലത്തിൽ 12 മുതൽ 16 വരെ സീറ്റുകളിൽ യു ഡി എഫും 4 മുതൽ 8 വരെ സീറ്റുകളിൽ എൽ ഡി എഫും വിജയിച്ചേക്കാം. എൻ ഡി എ ഇത്തവണയും അവരുടെ അക്കൗണ്ട് തുറക്കില്ല.

ഗുജറാത്തും കേരളവും കഴിഞ്ഞാൽ ഏറ്റവും അധികം സീറ്റുകളിൽ മത്സരം നടന്നത് കർണാടകയിൽ ആണ്. 14 സീറ്റിൽ ആണ് മൂന്നാം ഘട്ടത്തിൽ കർണാടകയിൽ മത്സരം നടന്നത്. ഇതോടു കൂടി 2 ഘട്ടത്തിലായി കർണാടകയിലെ എല്ലാ സീറ്റിലും മത്സരം പൂർത്തിയായി. ഇവിടെ ബി ജെ പി ഒറ്റക്കും, കോൺഗ്രസ്സ്, ജനതാദൾ എസ് കക്ഷികൾ ഒന്നിച്ചുമാണ് മത്സരിച്ചത്. തീ പാറുന്ന പോരാട്ടമായിരുന്നു ഇക്കുറി. നിലവിൽ ഉത്തര കർണാടകയിൽ 11 സീറ്റുകളിൽ ബി ജെ പിയും മൂന്നു സീറ്റുകളിൽ കോൺഗ്രസ്സും ആണ് ഉള്ളത്. കുമാര സ്വാമിയും, ഡി കെ ശിവകുമാറും, സിദ്ധാരാമയ്യയും കൈമെയ് മറന്നാണ് ഇവിടെ ബി ജെ പി യോട് മല്ലിടുന്നത് . രണ്ടു മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ മത്സരിക്കുന്ന ഷിമോഗയിൽ യെഡിയൂരപ്പയുടെ മകൻ രാഘവേന്ദ്ര ആയിരിക്കും വിജയി. കോൺഗ്രസിലെ മല്ലികാർജുന ഖാർഗ്ഗെ മത്സരിക്കുന്ന ഗുൽബർഗയിൽ അദ്ദേഹം തന്നെ ജയിക്കാൻ ആണ് സാധ്യത. ജനതാദൾ എസ് മത്സരിക്കുന്ന കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലത്തിൽ ജനതാദൾ എസ് ജയിച്ചേയ്ക്കും . കോൺഗ്രസ്സ് 7 സീറ്റുകളിലും ബി ജെ പി 6 സീറ്റുകളിലും ജയിച്ചേക്കാം.

മഹാരാഷ്ട്രയിലെ 14 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. 14 ൽ 6 സീറ്റുകൾ ബി ജെ പി യും 3 എണ്ണം ശിവസേനയും ഒന്ന് ബി ജെ പി ശിവസേന സഖ്യത്തിലെ സ്വാഭിമാനപക്ഷയും നാലെണ്ണം എൻ സി പി യും ജയിച്ചിരുന്നു. കോൺഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റും കിട്ടിയിരുന്നില്ല. അഹമ്മദ് നഗറിൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് ബി ജെ പി സ്ഥാനാർഥി ആയി മത്സരിക്കുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ മത്സരിക്കുന്ന ബാരമതിയും ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലങ്ങൾ ആണ്. ഇക്കുറി കോൺഗ്രസ് – എൻ സി പി സഖ്യം നില മെച്ചപ്പെടുത്തും എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ബി ജെ പി 4, എൻ സി പി 4, ശിവസേന 3 കോൺഗ്രസ് 2 , കോൺഗ്രസ് മുന്നണിയിൽ മത്സരിക്കുന്ന സ്വാഭിമാൻ പക്ഷ 1 എന്നിങ്ങനെയാകും മത്സര ഫലം.

ഉത്തർ പ്രദേശിലെ യാദവ മേഖലയിലെയും വടക്കേ ഉത്തർ പ്രാദേശിയിലെയും 10 സീറ്റുകളിൽ വാശിയേറിയ തെരഞ്ഞെടുപ്പാണ് നടന്നത്. കഴിഞ്ഞ തവണ പത്തിൽ 7 സീറ്റുകൾ ബി ജെ പി യും 3 സീറ്റുകൾ എസ് പിയും ആണ് ഇവിടെ നേടിയത്. മുലായംസിംഗ് യാദവ് മത്സരിക്കുന്ന മെയിൻപുരി, വരുൺ ഗാന്ധി മത്സരിക്കുന്ന പിലിബത്ത്, തുടങ്ങിയ മണ്ഡലങ്ങൾ പോരാട്ടത്തിനിറങ്ങുന്നതു മൂന്നാം ഘട്ടത്തിലാണ്. കേന്ദ്ര സംസ്ഥാന സർക്കാറിന് എതിരായ വികാരം ആണ് ഇത്തവണ ഈ മേഖലയിൽ നിഴലിക്കുന്നത്. കരിമ്പ് കർഷകരുടെ പ്രശ്‍നങ്ങൾ വൈകാരികവുമാണ്. അതിനാൽ തന്നെ ഇത്തവണ മഹാ ഗഡ്‌ബന്ധനിലെ സമാജ്‌വാദി പാർട്ടി ഈ മേഖലയിൽ 8 സീറ്റുകൾ നേടും, ബി ജെ പി ക്കു ലഭിക്കുക കേവലം 2 സീറ്റുകൾ മാത്രമാവും. കോൺഗ്രസ് മെയിൻപുരി ഒഴികെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട് എങ്കിലും വിജയ സാധ്യത തീർത്തും കുറവാണ്. എസ് പി സ്ഥാനാർത്ഥികൾക്ക് എതിരെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ ബി ജെ പി യുടെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതു മൂലം എസ് പി യുടെ സാധ്യതകൾ വർദ്ധിക്കുകയാണ്.

മൂന്നാം ഘട്ടത്തിൽ ഒഡിഷയിലെ 6 സീറ്റുകളിൽ ആണ് ലോക്സഭയിലേക്കു മത്സരം നടന്നത്. ഭുവനേശ്വർ, പൂരി, കട്ടക്ക്, കിയോഞ്ചർ, സമ്പൽപൂർ, ധെങ്കനാൽ എന്നിവയാണ് മണ്ഡലങ്ങൾ. 6 സീറ്റുകളും ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ബി ജെ ഡി ആണ്. എന്നാൽ കട്ടക്ക്, പൂരി, ധെങ്കനാൽ സീറ്റുകളിൽ ഇത്തവണ ബി ജെ പി ക്കായിരിക്കും മുൻ തൂക്കം. ഭുവനേശ്വർ, സമ്പൽപ്പൂർ, കിയോഞ്ചർ സീറ്റുകളിൽ ഇത്തവണയും ബി ജെ ഡി ആയിരിക്കും ജയിക്കുക. കോൺഗ്രസ് ചിത്രത്തിലേ ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു. മുൻ ഐ എ എസ് ഓഫിസർ ആയ അപരാജിത സിങ് ബി ജെ പി ക്കു വേണ്ടിയും , മുൻ മുംബൈ പോലീസ് കമ്മീഷണർ ആയ അരൂപ് പട് നായിക്ക് ബി ജെ ഡി ക്കു വേണ്ടിയും മത്സരിക്കുന്ന ഭുവനേശ്വർ ആണ് ഏറ്റവും ശ്രദ്ധേയമായ മത്സരം കാഴ്ചവയ്‌ക്കുന്ന മണ്ഡലം. മൂന്നാം ഘട്ടത്തിൽ ബി ജെ പി യും ബി ജെ ഡി യും മൂന്നു വീതം സീറ്റുകൾ നേടിയേക്കും.

ബീഹാറിൽ മൂന്നാം ഘട്ടത്തിൽ മത്സരം നടന്ന ജഞ്ജർപൂർ ബി ജെ പിയും സുപൗൾ ആർ ജെ ഡി യും ഖഗാരിയ എൽ ജെ പി യും മധേപുര, അറാറിയ മണ്ഡലങ്ങൾ ആർ ജെ ഡിയും കൈവശം വച്ചിരിക്കുന്നു. പപ്പു യാദവും ശരദ് യാദവും മത്സരിക്കുന്ന മധേപുരയിലാണ് ശ്രദ്ധേയമായ മത്സരം. ആർ ജെ ഡി രണ്ടു സീറ്റിലും കോൺഗ്രസ്, ബി ജെ പി, എൽ ജെ പി എന്നിവർ ഓരോ സീറ്റിലും ജയിച്ച് നിലവിലെ സ്ഥിതി തുടരാൻ ആണ് സാധ്യത.

ആസാമിൽ മൂന്നാം ഘട്ടത്തിൽ പോളിംഗ് നടന്ന 4 മണ്ഡലങ്ങൾ, ബാർപേട്ട, ധുബ്രി, കൊക്രജാർ, ഗുവാഹത്തി എന്നിവയാണ്. നിലവിൽ എ ഐ യു ഡി എഫ് എന്ന പാർട്ടിക്കു രണ്ടു സീറ്റും ബി ജെ പി സ്വതന്ത്രൻ എന്നിവർക്ക് ഓരോ സീറ്റും ആണുള്ളത് . ഇക്കുറി കോൺഗ്രസ് 2 മുതൽ 3 വരെ സീറ്റുകൾ നേടിയേക്കും. ഒരു സീറ്റു ബോഡോ ലാൻഡ് പാർട്ടിയും.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള മൂന്നു മണ്ഡലങ്ങളിൽ ആണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്നത്. ബംഗാളിലെ കോൺഗ്രസിന്റെ അതികായനായിരുന്ന മാൽഡയുടെ ഘനിഖാൻ ചൗധരിയുടെ സ്വാധീനമുള്ള രണ്ടു മണ്ഡലങ്ങൾ. മാൽഡ ഉത്തർ, മാൽഡ ദക്ഷിൺ. രണ്ടിലും കഴിഞ്ഞ തവണ വിജയിച്ചത് കോൺഗ്രസ് ആണ്. ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന പ്രണാബ് കുമാർ മുക്കർജിയുടെ മകനും നിലവിലെ കോൺഗ്രസ് സിറ്റിംഗ് എം പി യുമായ അഭിജിത് മുഖർജി മത്സരിക്കുന്ന ജംഗിപൂർ, സി പി എമ്മിന്റെ നിലവിലെ സീറ്റും, കോൺഗ്രസിന് സ്വാധീനവുമുള്ളതുമായ മുഷിദാബാദ്, തൃണമൂൽ കോൺഗ്രസിന്റെ നിലവിലെ സീറ്റായ ബലൂർഘട്ട എന്നിവയാണ് മറ്റു രണ്ടു മണ്ഡലങ്ങൾ. ഈ മണ്ഡലങ്ങളിൽ കോൺഗ്രസിനും സി പി എമ്മിനും ആർ എസ് പി ക്കും വലിയ സ്വാധീനമുണ്ട് . മാൽഡ ഉത്തർ മണ്ഡലത്തിൽ നിലവിലെ കോൺഗ്രസ് എം പി മൗസും നൂർ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് ജനവിധി തേടുമ്പോൾ കോൺഗ്രസിനായി നിലവിലെ എം എൽ എ യും മൗസും നൂറിന്റെ കസിനുമായ ഇഷ ഖാൻ ചൗധരിയാണ് മത്സരിക്കുന്നത്. സി പി എം എം എൽ എ, ഖാഗം മുർമു ആണ് ബി ജെ പി ക്കുവേണ്ടി ഇവിടെ മത്സരിക്കുന്നത്. പ്രവചനാതീതമാണ് ഇവിടത്തെ മത്സരഫലം .ജംഗിപ്പൂരിലും മുർഷിദാബാദിലും കോൺഗ്രസ് ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത്. ഇത്തവണ കോൺഗ്രസിന് ഇവിടെ നിന്നും 3 സീറ്റുകൾ വരെ ലഭിച്ചേക്കും, ടി എം സി, ബി ജെ പി എന്നിവർ ഓരോ സീറ്റിലും വിജയിക്കും.

ഛത്തിസ്ഗഡിൽ 7 സീറ്റിൽ ആണ് മൂന്നാം ഘട്ടത്തിൽ മത്സരം നടക്കുന്നത്. ഇതോടെ ഛത്തിസ്ഗറിലെ 11 മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് കഴിയും. കഴിഞ്ഞ തവണ ദുർഗ് മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസ്സ് ജയിച്ചത്. ഇത്തവണ 7 സീറ്റിലും വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്സ്.

ഗോവയിലെ രണ്ടു മണ്ഡലങ്ങളിൽ ഓരോ സീറ്റുകൾ വീതം കോൺഗ്രസ്സും ബി ജെ പി യും പങ്കു വയ്‌ക്കും. ത്രിപുരയിലും ഭദ്ര നാഗർവേലിയിലും ദാമം ഡിയു മണ്ഡലങ്ങളിലും വിജയ സാധ്യത ബി ജെ പി ക്കാണ്. കാഷ്മീരിലെ അനന്ത് നാഗ് മണ്ഡലത്തിൽ കോൺഗ്രസിലെ ഗുലാം നബി ആസാദും, പി ഡി പി യിലെ മെഹ്ബൂബ മുഫ്‌തിയും മാറ്റുരക്കുന്നു . 15 ശതമാനത്തിൽ മാത്രം വോട്ടിംഗ് നടന്ന ഇവിടെ പ്രവചനം അസാധ്യമാണ്.

മൂന്നാം ഘട്ടത്തിലെ 116 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി ജെ പിയും 41 വരെ സീറ്റുകളിൽ വീതം വിജയിച്ചേക്കാം, എസ് പി 8, സി പി എം 6 , എൻ സി പി 4 , ശിവസേന 3 ബി ജെ ഡി 3 , ആർ ജെ ഡി 2 , മുസ്‌ലിം ലീഗ് 2 , ടി എം സി, സ്വാഭിമാൻ പക്ഷ, കേരള കോൺഗ്രസ്, ആർ എസ് പി , ബോഡോ നാഷണൽ പാർട്ടി, എൽ ജെ പി , ജനത ദൾ എസ് എന്നിവർ ഓരോ സീറ്റ് എന്നിങ്ങനെ നേടിയേക്കും. ബി ജെ പി ക്കു 21 സീറ്റുകൾ വരെ ഈ ഘട്ടത്തിൽ നഷ്ടപ്പെട്ടേയ്ക്കും കോൺഗ്രസിന് 25 അധിക സീറ്റുകൾ ലഭിക്കുവാനാണ് സാധ്യത. സമാജ്‌വാദി പാർട്ടിയും ശിവസേനയും നില മെച്ചപ്പെടുത്തും.ബി ജെ ഡി ക്ക് കോട്ടം തട്ടിയേക്കും.

Comments
Print Friendly, PDF & Email

You may also like