പൂമുഖം OPINION കേരളം എന്ന് മുതലാണ് രാഷ്ട്രീയം ചർച്ച ചെയ്തു തുടങ്ങാൻ പോകുന്നത് ?

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : കേരളം എന്ന് മുതലാണ് രാഷ്ട്രീയം ചർച്ച ചെയ്തു തുടങ്ങാൻ പോകുന്നത് ?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴും കേരളത്തിൽ ഇടതുമുന്നണി സ്ഥാനാർഥി പട്ടിക മാത്രമാണ് പുറത്തു വന്നിട്ടുള്ളത് ഇരുപതു മണ്ഡലങ്ങളിലെയും സിപിഎം സിപിഐ സ്ഥാനാർഥി പട്ടിക വന്നെങ്കിലും കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, നാളെ… എന്ന് പ്രഖ്യാപനം നീണ്ടു പോകുന്നു. ബിജെപി സ്ഥാനാർഥി പട്ടികയെപ്പറ്റി കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ  വലിയ ചർച്ചയില്ലെങ്കിലും ദേശീയ പാർട്ടി എന്ന നിലയിൽ അവരും, ഈ തിരഞ്ഞെടുപ്പിൽ, നേട്ടം ഉണ്ടാക്കണം എന്ന മോഹവുമായി, രംഗത്തുണ്ട് .
ഭാവി ഭാഗധേയം ആരുടെ കൈകളിൽ ഏൽപ്പിക്കണം എന്ന്, രാജ്യം, തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ പൊതുവേ ലോക് സഭ തിരഞ്ഞെടുപ്പുകളിൽ കാണാറുള്ള തരത്തിലുള്ള ചർച്ചകളും പ്രസംഗങ്ങളും കാമ്പെയ്നുകളും ഉണ്ടാകുന്നില്ല. കേരളം അല്ലെങ്കിൽ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഒന്നും തന്നെ ദേശീയ രാഷ്ട്രീയമോ രാജ്യം നേരിടുന്ന വെല്ലുവിളികളോ ചർച്ച ചെയ്യുന്നില്ല
നോട്ടു നിരോധനം , സാമ്പത്തിക വളർച്ചാനിരക്കിലെ അന്തരങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയവ രാഷ്ട്രീയ കക്ഷികൾ വിഷയമാക്കുന്നേയില്ല. ചർച്ചയാകുന്നത്, പല പെറ്റി ഇഷ്യൂസും ആണ് . കുണ്ടറയിൽ നാല് പേര് ഒരു പാർട്ടി വിട്ട് മറ്റേ പാർട്ടിയിൽ ചേർന്നതും കാഞ്ഞങ്ങാട് ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിരുദ്ധ രാഷ്ട്രീയ നിലപാടെടുക്കുന്നതും ഒക്കെ വലിയ വിഷയങ്ങളാവുന്നു !
കപട ദേശീയതയും കപട ദേശസ്നേഹവും ദേശീയ രാഷ്ട്രീയത്തിൽ ചർച്ച ആക്കാൻ ശ്രമിക്കുന്നവരെ വിമർശനപരമായി നേരിട്ട്, രാജ്യത്തെ ചിന്തിക്കുന്ന ജനതയുടെ- യുവജനങ്ങളുടെ- ചിന്താശേഷി നിയന്ത്രിക്കുന്ന തരത്തിലുള്ള ബ്രെയിൻ സ്റ്റോർമിങ് വിഷയങ്ങളോട് കേരളത്തിനെന്താണ് ഈയിടെ ഇത്ര അയിത്തം തോന്നാൻ കാരണം ?
സെന്റർ ഫോർ ഡെവലപ്പിംഗ് സൊസൈറ്റിസ് ഫെല്ലോയും , രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവിന്റെ അഭിപ്രായത്തിൽ തൊഴിലില്ലായ്മ ആവും ഇന്ത്യയുടെ സൈലന്റ് കില്ലർ .
ഭരണ കക്ഷിക്ക്‌ തിരിച്ചടി ഉണ്ടാവാൻ പോകുന്നത് രാജ്യത്തെ വളർന്നു വരുന്ന തൊഴിലില്ലായ്മ തന്നെയാകും. പക്ഷെ അത് അതുൾക്കൊള്ളുന്ന പ്രാധാന്യത്തോടെ വിശാലമായി ചർച്ച ചെയ്യപ്പെടണം. അതിനു തയ്യാറാവണം മുഖ്യധാര രാഷ്ട്രീയ കക്ഷികൾ .ഇന്ത്യൻ മെട്രോ നഗരങ്ങളിലെ അഭ്യസ്ത വിദ്യരായവർക്കിടയിൽ വർധിച്ചു വരുന്ന തൊഴിലില്ലായ്മ ഒരു ദേശീയ കക്ഷിയോ പ്രാദേശിക കക്ഷിയോ ഗൗരവബോധത്തോടെ ചർച്ച ആക്കിയിട്ടില്ല. പ്രധാന പ്രതിപക്ഷ കക്ഷി ആയ കോൺഗ്രസ്സിന്റെ പ്രസിഡന്റ്, രാഹുൽ ഗാന്ധി, തൊഴിലില്ലായ്മ വിഷയം പല പൊതുയോഗങ്ങളിലും പരാമർശ വിധേയം ആക്കുന്നു എങ്കിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് അതൊരു പ്രചാരണ വിഷയമേ അല്ലാതാകുന്നൂ.
ഉദാരവൽക്കരണത്തിലൂടെ മൻമോഹൻ ക്യാബിനറ്റ് വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനും ഉത്പാദനം നടത്താനും ഉതകുന്ന തരത്തിൽ നടപ്പാക്കിയ പോളിസികൾ എല്ലാം മോഡി സർക്കാർ അധികാരത്തിൽ വന്ന്, ‘മേക്ക് ഇൻ ഇന്ത്യ’ എന്ന് പുനർനാമകരണം ചെയ്തു കാര്യമായ നിക്ഷേപങ്ങൾ ഈ മേഖലയിൽ ഉണ്ടായതായി അവർക്കു തന്നെ അവകാശപ്പെ ടാനാകുന്നില്ല.
മേക്ക് ഇൻ ഇന്ത്യ പ്രഖ്യാപനം, അനിൽ അംബാനിയും ബിജെപിയും ചേർന്ന്, വലിയ അഴിമതിക്ക് പുകമറ സൃഷ്ടിക്കാൻ വേണ്ടി, നടത്തിയ  ഒരു മാർക്കറ്റിങ് തന്ത്രമായിരുന്നു എന്ന് പോലും പലരും സംശയമുയർത്തി കഴിഞ്ഞു.
2016 ലെ നോട്ടു നിരോധനം മുതൽ രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും തൊഴിൽ നഷ്ടങ്ങളിൽ നിന്നും രാജ്യം കര കയറിയിട്ടില്ല. ഇതിന്റെ പ്രത്യക്ഷ സൂചനയാണ്, ആ നെഗറ്റിവ് റിപ്പോർട് പുറത്തുവിടാൻ കഴിയാതെ, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ രണ്ടു ഉയർന്ന ഉദ്യോഗസ്ഥന്മാർ  രാജി വെയ്‌ക്കേണ്ടിവന്നത്. തങ്ങൾക്കു പ്രതികൂലം ആകുന്ന സർക്കാർ സ്ഥാപനങ്ങളെ, ഭരണ ഘടനാ സ്ഥാപനങ്ങളെ, തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച്, വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരുപക്ഷെ ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സുപ്രീം കോടതി ജഡ്ജിമാരുടെ തുറന്ന കുമ്പസാരം.

കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും നേരിട്ടുള്ള തിരഞ്ഞെടുപ്പ് പോരാട്ടം ദേശീയ കക്ഷിയായ കോൺഗ്രസ് നയിക്കുന്ന യുഡിഎഫും , സിപിഎം നയിക്കുന്ന എൽഡിഎഫും തമ്മിലാണ്. മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ഈ തിരഞ്ഞെടുപ്പിൽ അവരിരുവരും ജനശ്രദ്ധയിൽ കൊണ്ടുവരേണ്ടത് കേന്ദ്ര സർക്കാരിന്റ ജനവിരുദ്ധ നയങ്ങൾ, ഭരണ പരാജയം , രാജ്യത്ത് മോഡി സർക്കാർ അധികാരത്തിൽ വന്നത് മുതൽ കുതിച്ചുയരുന്ന കർഷക ആത്‍മഹത്യകൾ, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങൾ ആണ്. നാളിതു വരെ കോൺഗ്രസ്സും സിപിഎമ്മും ഇവയൊന്നും ചർച്ചയാക്കാനോ നേതാക്കളുടെ പ്രസംഗങ്ങളിൽ വിഷയമാക്കാനോ തയ്യാറായിട്ടില്ല.
അഭിസംബോധന ചെയ്യേണ്ട ദേശീയ വിഷയങ്ങളും ദേശീയ രാഷ്ട്രീയവും മറന്ന്, കേവല വോട്ടു ബാങ്ക് സംരക്ഷണത്തിലൂന്നി പെറ്റി പൊളിറ്റിക്സ് കളിച്ചു നടന്നാൽ തിരഞ്ഞെടുപ്പ് കാലത്തും അതിനു ശേഷവും ഇവരൊക്കെ ഓഡിറ്റ് ചെയ്യപ്പെടും. ഏതെങ്കിലും നേതാക്കൾ അധികാരക്കൊതി മൂത്തോ ഇച്ഛാഭംഗം കൊണ്ടോ പാർട്ടി മാറുന്നതും മറ്റും പെറ്റി ഇഷ്യൂസ്  ആണ്. അതല്ല രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യണ്ടത്. നിർഭാഗ്യവശാൽ മുതിർന്ന നേതാക്കൾ വരെ ഏതാനും വോട്ടുകൾക്കായി അത്തരം വിഷയങ്ങൾക്ക് അമിത പ്രാധാന്യം നൽകി പ്രധാനവിഷയങ്ങൾ തമസ്ക്കരിക്കുന്നു. ഇതാണ് കേരളത്തിലെ ഇന്നത്തെ ദു:ഖകരമായ അവസ്ഥ.
ബൊഫോഴ്‌സ് അഴിമതി, ശവപ്പെട്ടി കുംഭകോണം, 2G അഴിമതി…. തുടങ്ങിയവ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കവല പ്രസംഗങ്ങളിൽ അടക്കം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായ കേരളത്തിൽ റാഫേൽ അഴിമതിയെപ്പറ്റി വല്ലപ്പോഴും രാഹുൽ ഗാന്ധി, കേരളത്തിൽ വരുമ്പോൾ, പരാമർശിച്ചാലായി എന്നതാണാവസ്ഥ.
കേരളത്തിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെ മാടി വിളിച്ചിരുന്ന പ്രവാസ ഭൂമി പോലും ക്രൂഡ് ഓയിൽ വിലത്തകർച്ച കാരണം പുതിയ തൊഴിൽ സാധ്യതകളുടെ മേഖല അല്ലാതായിരിക്കുന്നു. ആ രാജ്യങ്ങളിൽ സ്വദേശിവൽക്കരണവും മറ്റും കാരണം തൊഴിൽ നഷ്ടങ്ങളുണ്ടാകുന്നു. തൊഴിലില്ലായ്മയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവാത്തതും പ്രധാന രാഷ്ട്രീയ ചർച്ച വിഷയങ്ങളാവണം. ഏതോ പഞ്ചായത്തിലെ നേതാക്കൾ പാർട്ടി മാറിയത്, എവിടെയോ രാഷ്ട്രീയ നേതാക്കൾ വിളിച്ചു പറയുന്ന മണ്ടത്തരങ്ങൾ, ഏതാനും ചില വോട്ടുകൾക്കായി നടത്തുന്ന ജാതി മത വർഗീയ പരാമർശങ്ങൾ.. ഇവയ്ക്കു പുറകെ അവസരവാദികളായ സമുദായനേതാക്കളോടൊപ്പം പോകാതെ രാജ്യതാൽപ്പര്യം മുൻനിർത്തി ദേശീയ പ്രാദേശിക പാർട്ടികൾ എത്രയും വേഗം തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് വേണ്ടത് .

Comments
Print Friendly, PDF & Email

You may also like