പൂമുഖം NEWS ലോക്‌ സഭ തെരഞ്ഞെടുപ്പ് – സാദ്ധ്യതകൾ, നിഗമനങ്ങൾ.

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : ലോക്‌ സഭ തെരഞ്ഞെടുപ്പ് – സാദ്ധ്യതകൾ, നിഗമനങ്ങൾ.

 

ആമുഖം:
കോൺഗ്രസ്സ് എന്ന മുഖ്യകക്ഷി ഒരു വശത്ത്, ബിജെപി ഉൾപ്പെടെയുള്ള മറ്റ് കക്ഷികൾ മറുവശത്ത്, എന്ന നിലയ്ക്കാണ് ഇന്ത്യ ഒരു റിപ്പബ്ലിക്ക് ആയതിന് ശേഷം നടന്ന ലോക്സഭാതെരഞ്ഞെടുപ്പുകളെല്ലാം നടന്നത്. കോൺഗ്രസ്സിന് അധികാരം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പുകളിൽ പോലും ഇതായിരുന്നു സ്ഥിതി. എന്നാൽ 2014ൽ നരേന്ദ്രമോദിയുലോക്സഭാതെരഞ്ഞെടുപ്പ് ടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന എൻഡിഎ ഗവണ്മെന്റ് ഈ സമവാക്യം കാറ്റിൽ പറത്തി. മാത്രമല്ല, 2014 വരെ, ആരാലും മാറ്റാനാകാത്തതെന്ന് നാം കരുതിപ്പോന്ന ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങൾ വരെ, ഇനി അധികാരത്തിൽ വന്നാൽ, വേണ്ടിവന്നാൽ, മാറ്റപ്പെടും എന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍. കൊണ്ടുചെന്നെത്തിച്ചു. കോൺഗ്രസ്സിന്റെ ഈ പാർശ്വവൽക്കരണവും കോൺഗ്രസ്സിന്റെ ചെലവിൽ ഹിന്ദുത്വശക്തികൾ നേടിയ മേധാവിത്വവുമാണ് 2019 ലെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകളായി ഞാൻ കാണുന്നത്.

സാദ്ധ്യതകൾ:
സൗഹൃദസർവ്വേഫലങ്ങൾ എന്തൊക്കെ വിളമ്പിയാലും, പക്ഷപാതമാധ്യമങ്ങൾ, മോദിയെ തോൽപ്പിക്കാനാവാത്ത, ദേശീയ നായകൻ എന്നൊക്കെ വിശേഷിപ്പിച്ചാലും, എല്ലാം കൈവിട്ടു പോയെന്ന് എനിക്ക് തോന്നുന്നില്ല. 2019 ൽ ഒരു hung parliament-നുള്ള സാധ്യതയാണ് ഞാൻ കാണുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ, കോൺഗ്രസ്സ് നയിക്കുന്ന യുപിഎ, സംസ്ഥാനാടിസ്ഥാനത്തിൽ മത്സരിക്കുന്ന പ്രാദേശിക പാർട്ടികളുടെ അയഞ്ഞ സഖ്യം അഥവാ മൂന്നാം മുന്നണി, എന്നീ മൂന്ന് വിഭാഗങ്ങളിലായി സീറ്റുകൾ വിഭജിക്കപ്പെടും. ശരിക്ക് ഇന്ത്യ ആര് ഭരിക്കും എന്ന് തീരുമാനിക്കപ്പെടുന്നത് തെരഞ്ഞെടുപ്പിലാവില്ല, മറിച്ച് തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഉപജാപങ്ങളിലാവും. ഞാൻ ഇങ്ങനെ എഴുതുമ്പോൾ ചിലർ നെറ്റി ചുളിക്കുന്നത് എനിക്ക് കാണാം. എന്നാൽ ഞാൻ ഈ പറയുന്നത് സ്ഥിതിവിവര ക്കണക്കുകളുടെ പിൻബലത്തിലാണ്. എങ്ങനെയെന്നല്ലേ?

എൻഡിഎ:

2014 ൽ ബിജെപി ഒറ്റയ്ക്ക് നേടിയ 282 സീറ്റുകൾ അവരുടെ optimum performance ആണ്.2019 ൽ ആ പ്രകടനം ആവർത്തിക്കാനുള്ള സാധ്യത വളരെ വിരളമാണ് (friendly സർവ്വേകൾ എന്തൊക്കെ വിളമ്പിയാലും). 2019 ൽ ബിജെപി 200 സീറ്റുകൾക്കപ്പുറം കടക്കാനുള്ള സാധ്യത തന്നെ ഇന്നത്തെ നിലയ്ക്ക് കുറവാണ്. വിശകലനത്തിന്റെ സൗകര്യത്തിനുവേണ്ടി ഞാൻ ഇന്ത്യയെ, യുപി, തെക്കേഇന്ത്യ, ഒഡിഷയും ബംഗാളും ഉൾപ്പെടുന്ന വടക്ക്-കിഴക്കൻ മേഖല, മഹാരാഷ്ട്രയും ബിഹാറും ഉൾപ്പെടുന്ന വടക്ക്-പടിഞ്ഞാറൻ മേഖല എന്നിങ്ങനെ, നാല് മേഖലകളായി തിരിക്കുന്നു. 2014 ൽ ബിജെപി നേടിയ 282 സീറ്റുകളിൽ 71 സീറ്റുകൾ യുപിയിൽ നിന്നായിരുന്നു. 2019 ൽ 71 എന്നത് 30 ലേയ്ക്കോ അതിലും കുറവ് സീറ്റുകളിലേയ്ക്കോ എത്താനുള്ള സാധ്യത കൂടുതലാണ് (https://www.indiatoday.in/…/uttar-pradesh-lok-sabha-polls-m…).തമിഴ്നാട്, കേരളം, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന, എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന തെക്കേ ഇന്ത്യയാണ് ബിജെപിയുടെ weak spot. ഈമേഖലയിലുള്ള 131 സീറ്റുകളിൽ ബിജെപിയ്ക്ക് നേടാനായത് വെറും 21 സീറ്റുകളാണ് (അതിൽ പതിനേഴും അവരുടെ തെക്കേ ഇന്ത്യയിലെ ശക്തികേന്ദ്രമായ കർണാടകയിൽ നിന്നാണ്). 2019 ൽ തെക്കേ ഇന്ത്യയിൽ ബിജെപി 20ൽ താഴെ സീറ്റുകളിൽ ഒതുങ്ങാനാണ് സാധ്യത. ഇനി, ബംഗാളും ഒറീസ്സയും ഉൾപ്പെടെയുള്ള വടക്ക്-കിഴക്കൻ മേഖലയിലേക്ക് വന്നാൽ അവിടെയുള്ള 89 സീറ്റുകളിൽ 2014 ൽ ബിജെപി നേടിയത് 12 സീറ്റുകളാണ്.ബംഗാളിലും ഒഡിഷയിലും അവർ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചാൽ പോലും പരമാവധി ബിജെപിക്ക് ലഭിക്കാവുന്നത് 20 സീറ്റുകളാണ്.പിന്നീട് ബിജെപി മിന്നുന്ന പ്രകടനം കാഴ്ചവെച്ചത് ബീഹാറും മഹാരാഷ്ട്രയും ജമ്മു-കാശ്മീരും ഉൾപ്പെടെയുള്ള യുപി-ഇതര വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ്. ഇവിടെയെല്ലാം കൂടി 243 സീറ്റുകൾ ഉള്ളതിൽ ബിജെപി നേടിയത് 178 സീറ്റുകളാണ്.അതിൽ ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും, മധ്യപ്രദേശ്, ജാർഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിൽ 90% സീറ്റുകളും ബിജെപി നേടി. ഈ സംസ്ഥാനങ്ങളിൽ ഇതേ രീതിയിൽ സീറ്റുകൾ നേടുക എന്നത് 2019ൽ ബിജെപിയെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായ കാര്യമാണ്. ഈ മേഖലയിൽ ബിജെപിയുടെ സീറ്റ് വിഹിതം 110നും 115നും ഇടയിൽ ഒതുങ്ങാനാണ് സാധ്യത. അതായത് 2014 നേക്കാൾ ഏതാണ്ട് 65 സീറ്റുകളുടെ കുറവ്.പിന്നെ എൻഡിഎയിൽ ഉള്ള പ്രധാന പാർട്ടികൾ ശിവ്സേന, ജെഡി (യു), അണ്ണാ ഡിഎംകെ, ലോക് ജനശക്തി പാർട്ടി, എന്നിവരാണ്.ശിവ്സേന 25 സീറ്റുകളിലും ജെഡി (യു) 17 സീറ്റുകളിലും അണ്ണാ ഡിഎംകെ 20 സീറ്റുകളിലും, ലോക് ജനശക്തി പാർട്ടി 6 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. അതായത് മൊത്തം 68.അതിൽ അണ്ണാ ഡിഎംകെ തീരെ ദുർബ്ബലമായ അവസ്ഥയിലാണ്.അഞ്ചോ ആറോ സീറ്റുകൾ അവർക്ക് കിട്ടിയാലായി. അങ്ങനെ നോക്കുമ്പോൾ ഈ പാർട്ടികൾക്കെല്ലാം കൂടി പരമാവധി 35 സീറ്റുകളേ ലഭിക്കൂ. അങ്ങനെ 185 +35 = 220 എന്ന നിലയിൽ എൻഡിഎ എത്താനാണ് സാധ്യത. എൻഡിഎയിൽ ഉള്ള മറ്റ് ചെറുകക്ഷികളെ ചേർത്താലും സീറ്റു നില 225 ന് മുകളിൽ കടക്കില്ല.

യുപിഎ:

തെക്കേ ഇന്ത്യ ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളിലും കൂടി 2014 ൽ കോൺഗ്രസ്സ് നേടിയത് 25 സീറ്റുകൾ മാത്രമാണ്.തെക്കേ ഇന്ത്യയിൽ നിന്ന് 19 സീറ്റുകളും, അങ്ങനെ മൊത്തം 44.യുപിഎയിലെ സഖ്യകക്ഷികളെല്ലാം കൂടി നേടിയതാവട്ടെ 16 സീറ്റുകളും.2019ൽ യുപിഎ ഈ കക്ഷിനില മെച്ചപ്പെടുത്തുകയേയുള്ളൂ.ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ്സ് നില കുറേക്കൂടി മെച്ചപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നു, പ്രത്യേകിച്ച് ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ നല്ല പ്രകടനം കണക്കിലെടുക്കുമ്പോൾ. 2014 ൽ ഈ സംസ്ഥാനങ്ങളിലെ 91 സീറ്റുകളിൽ കോൺഗ്രസ്സ് നേടിയത് വെറും 3 സീറ്റുകളാണെന്ന് ഓർക്കണം. 2019ൽ ഈ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ്സിന് 35 സീറ്റുകളെങ്കിലും പ്രതീക്ഷിക്കാം. കർണാടകത്തിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തെക്കേ ഇന്ത്യയിൽനിന്നും കൂടുതൽ സീറ്റുകൾ കോൺഗ്രസ്സിന് പ്രതീക്ഷിക്കാം.എന്റെ അനുമാനത്തിൽ കോൺഗ്രസ്സിന് തെക്കേ ഇന്ത്യയിൽ നിന്ന് 35 സീറ്റുകൾ കിട്ടാൻ സാധ്യതയുണ്ട്.യുപി,ബീഹാർ, അസം, ബംഗാൾ, ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 55 സീറ്റുകൾ കോൺഗ്രസ്സിന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ മൊത്തം 125. യുപിഎയുടെ പ്രമുഖ ഘടകകക്ഷികളായ ഡിഎംകെ, എൻസിപി, ആർജെഡി എന്നീ കക്ഷികൾക്ക് കിട്ടാവുന്ന 35 സീറ്റുകളും മറ്റ് ചെറുകക്ഷികളുടെ 5 സീറ്റുകളും ഉൾപ്പെടെ യുപിഎയുടെ മൊത്തം കക്ഷിനില 2014 ലെ 60 ൽ നിന്ന് 165 എന്ന ഭേദപ്പെട്ട നിലയിൽ എത്തും.

പ്രാദേശികകക്ഷികൾ:

മുകളിൽ കൊടുത്ത സംഖ്യകൾ യാഥാർഥ്യമായി വന്നാൽ പ്രാദേശികകക്ഷികൾക്കെല്ലാം കൂടി ബാക്കി വരുന്ന 153 സീറ്റുകൾ ലഭിക്കും (543 – 225 – 165 = 153). ഇവരിൽ എസ്പി, ബിഎസ്പി, തൃണമൂൽ കോൺഗ്രസ്സ്, YSR കോൺഗ്രസ്സ്, TRS, ബിജു ജനതാദൾ, ഇടതു പാർട്ടികൾ, എന്നിവരാണ് പ്രമുഖർ.

തെരഞ്ഞെടുപ്പിന് ശേഷമുള്ളചിത്രം:

ഒറ്റനോട്ടത്തിൽ കാര്യങ്ങൾ സിമ്പിൾ ആണ്. യുപിഎയും പ്രാദേശികകക്ഷികളുടെ മുന്നണിയും ചേർന്നാൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരുന്നത് ഒഴിവാക്കാം. പക്ഷെ അത്ര ലളിതമല്ല കാര്യങ്ങൾ. കൂടുതൽ സീറ്റുകൾ നേടിയ പാർട്ടി എന്ന നിലയിൽ പ്രസിഡന്റ് ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ വിളിക്കുമെന്ന കാര്യം ഉറപ്പാണ്. അവിടെയാണ് കളികൾ തുടങ്ങുന്നത്. മൂന്നാംമുന്നണിയിലെ ഇടത് പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്സ്, ആർജെഡി, തെലുഗുദേശം, ജെഡി (എസ്), എസ്പി (ഒരുപരിധിവരെ) എന്നീ പാർട്ടികൾ എൻഡിഎയുടെ കൂടെ പോകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. പക്ഷെ മറ്റ് പാർട്ടികളുടെ കാര്യം അതല്ല. ഒറ്റയാന്മാരാൽ നയിക്കപ്പെടുന്ന ബിജു ജനതാദൾ, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്സ്, എന്നീ പാർട്ടികൾ എങ്ങോട്ട് വേണമെങ്കിലും ചായാം. അവർക്ക് പ്രത്യയശാസ്ത്രത്തിന്റെ അലട്ടലൊന്നുമില്ല, തങ്ങളുടെ സംസ്ഥാനങ്ങൾക്ക് ചില ആനുകൂല്യങ്ങൾ, രണ്ടോ മൂന്നോ പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങൾ, അത്രയും കിട്ടിയാൽ അവർ എൻഡിഎയുടെ കൂടെ പോകും. പക്ഷെ ഈ മൂന്ന് കക്ഷികൾക്കും കൂടി പരമാവധി 40 സീറ്റുകളിൽ കൂടുതൽ ലഭിക്കാൻ വഴിയില്ല.272 എന്ന മാജിക്സംഖ്യയിൽ എത്താൻ എൻഡിഎയ്ക്ക് പിന്നെയും വേണം 12 പേരുടെ പിന്തുണ. ഇവിടെയാണ് മായാവതിയുടെ പ്രസക്തി.

മായാവതി ഫാക്ടർ:

യുപിയിലെ SP+BSP+RLD മുന്നണിയിൽ കോൺഗ്രസ്സിനെ ഉൾപ്പെടുത്തുകയില്ലെന്ന് മായാവതിക്കാണ് നിർബ്ബന്ധബുദ്ധി. അഖിലേഷ് യാദവിന് ഇപ്പോഴും കോൺഗ്രസിനോട് ഒരു മൃദുസമീപനമാണുള്ളത്. ഏറ്റവും അവസാനം “ഞങ്ങൾക്ക് കോൺഗ്രസ്സിന്റെ സഹായം ആവശ്യമില്ലെന്നും വേണമെങ്കിൽ 80 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിക്കൊള്ളാനും rumour mongering നിർത്താനുമാണ്” മായാവതി കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മായാവതിയുടെ കോൺഗ്രസ്സിനോടുള്ള ഈ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടിന് കാരണം എന്താണെന്ന് മുകളിൽ കൊടുത്ത വിശകലനം വ്യക്തമാക്കുന്നു. എന്റെ അനുമാനത്തിൽ കോൺഗ്രസ്സിനോടുള്ള ബിഎസ്പിയുടെ ഈ കടുത്ത നിലപാടിന് പിന്നിൽ വ്യക്തമായ കണക്കുകൂട്ടലുകളും സ്വാർത്ഥതാല്പര്യങ്ങളുമുണ്ട്. “കാര്യംകാണാൻ കഴുതക്കാലും പിടിക്കും” എന്ന പ്രമാണം അനുസരിച്ച് ബിജെപിക്ക് അവസാനം തന്റെ വാതിലിൽ മുട്ടേണ്ടിവരുമെന്ന് മായാവതി നേരത്തെ കണ്ടിരിക്കുന്നു. അതിനാൽ ഫലപ്രഖ്യാപനത്തിന് ശേഷം സാഹചര്യമനുസരിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറാനുള്ള സ്വാതന്ത്ര്യം അവർക്ക് വേണം. കോൺഗ്രസ്സുമായി കൂട്ടുകൂടി ആ സ്വാതന്ത്ര്യത്തിന് തടയിടാൻ അവർ ആഗ്രഹിക്കുന്നില്ല. അവരുടെ നോട്ടം പ്രധാനമന്ത്രിക്കസേരയാണ്. അതില്ലെങ്കിൽ ഒരു പ്രധാനവകുപ്പും ഉപപ്രധാനമന്തി എന്ന സ്ഥാനവും. സാഹചര്യം ഒത്തുവന്നാൽ ഒരുപക്ഷെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി മായാവതി ആയാലും അത്ഭുതപ്പെടേണ്ട. ഇവിടെ പക്ഷെ മായാവതിയുടെ മോഹങ്ങൾക്ക് തിരിച്ചടി നൽകാൻ പ്രാപ്തിയുള്ള ചില ഘടകങ്ങളുണ്ട്. ഒന്നാമത്, മായാവതിയെന്ന പ്രശ്നക്കാരിയെ ഒഴിവാക്കാൻ ബിജെപി ചില പ്രാദേശികകക്ഷികളിൽ നിന്ന് എംപിമാരെ അടർത്തിമാറ്റാൻ ശ്രമിക്കുകയും ആ ശ്രമം വിജയം കാണുകയും ചെയ്തുകൂടെന്നില്ല. രണ്ടാമത്, നരേന്ദ്രമോദിക്ക് പകരം എൻഡിഎ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിതിൻ ഗഡ്കരിയുടെയോ രാജ്നാഥ് സിങിന്റെയോ പേര് നിർദ്ദേശിക്കുന്ന പക്ഷം യുപിഎയിൽനിന്ന് പോലും എൻസിപി പോലുള്ള ഘടകകക്ഷികൾ എൻഡിഎയിലേക്ക് പൊയ്ക്കൂടെന്നില്ല.
ബിജെപിയെ അകറ്റി നിർത്തി ഒരു മതേതര സർക്കാർ കേന്ദ്രത്തിൽ വരണമെങ്കിൽ കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യുപിഎ സീറ്റുനില മെച്ചപ്പെടുത്തേണ്ടതായുണ്ട്. നേരത്തെ പറഞ്ഞതുപോലെ യുപിഎയ്ക്ക് കുറവ് സീറ്റുകളും പ്രാദേശികകക്ഷികൾക്ക് കൂടുതൽ സീറ്റുകളും എന്ന നില വന്നാൽ അത് ബിജെപിയ്ക്ക് സഹായകമാവുകയേ ഉള്ളൂ. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് നരേന്ദ്രമോദിയും അമിത്ഷായും നിരന്തരം ഗാന്ധികുടുംബത്തെയും കോൺഗ്രസിനെയും ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. പ്രാദേശികകക്ഷികളെ എങ്ങനെയും വളയ്ക്കാമെന്ന് അവർക്ക് ബോധ്യമുണ്ട്. കോൺഗ്രസ്സിന് എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഒരു കാര്യത്തിൽ നമുക്ക് അവരെ വിശ്വസിക്കാം. രാജ്യത്തിന്റെ വൈവിധ്യം, മതേതരത്വം എന്നിവ തകിടം മറിക്കാൻ അവർ കൂട്ടുനിൽക്കുകയില്ല.

കോൺഗ്രസ്സ് ചെയ്യേണ്ടത്:

ബിഎസ്പി ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികളെ ചേർത്ത് സർക്കാർ രൂപീകരിക്കാൻ എൻഡിഎ തുനിഞ്ഞാൽ കോൺഗ്രസ്സ് അതിനെ എതിർക്കുന്നതിനോ ചാക്കിട്ടുപിടുത്തത്തിനോ പോകരുതെന്നാണ് എന്റെ അഭിപ്രായം. “Who against Modi?” എന്നെല്ലാം അർണാബ് ഗോസ്വാമിയെ പോലെയുള്ള ആങ്കറുകൾ നിലവിളിക്കുന്നുണ്ട്. ഇപ്പോൾ തന്നെ എൻഡിഎ 30 ൽ കൂടുതൽ കക്ഷികളുടെ കൂട്ടായ്മ ആണെന്നതാണ് വസ്തുത. ഈ കൂട്ടായ്മയിലേക്ക് മായാവതി, നവീൻ പട്നായിക്, ചന്ദ്രശേഖർ റാവു, ജഗ് മോഹൻ റെഡ്ഡി തുടങ്ങിയ അതികായർ ചേരുമ്പോൾ എൻഡിഎയുടെ മുഖച്ഛായ തന്നെ മാറും. ഉള്ളാലെ മോദിയോട് എതിർപ്പുള്ള നിതീഷ്കുമാർ, ഉദ്ധവ്താക്കറെ, എന്നിവർ കൂടി ചേരുമ്പോൾ മോദിയുടെ അപ്രമാദിത്തത്തിന് വലിയ വിലങ്ങുതടിയാണ് സൃഷ്ടിക്കപ്പെടുന്നത്. മോദിയെ പോലൊരു സ്വേച്ഛാധിപതിക്ക് അത്തരമൊരു സർക്കാരിനെ ദീർഘകാലം നയിക്കാൻ കഴിയില്ല. നരേന്ദ്രമോദിക്ക് പകരം ഗഡ്കരിയോ രാജ്നാഥ് സിംഗോ പ്രധാനമന്ത്രി ആയാൽ ഒരുപക്ഷെ മന്ത്രിസഭ കാലാവധി തികയ്ക്കാൻ വഴിയുണ്ട്. അത് പക്ഷെ ഹിന്ദുത്വയുടെ മൂർച്ച കുറയ്ക്കും. ആ കാലയളവ് കോൺഗ്രസ്സിന് ഒരു വലിയ അവസരമാണ് നൽകുന്നത്. കിട്ടുന്ന സമയം പാഴാക്കാതെ ഉത്തരേന്ത്യയിൽ പാർട്ടിയെ കെട്ടിപ്പടുക്കുകയും അഴിമതികൾ പുറത്തുകൊണ്ടുവന്നും ജനവിരുദ്ധനടപടികളെ എതിർത്തും സർക്കാരിനെ പരമാവധി മുൾമുനയിൽ നിർത്തുകയും ചെയ്യുക. അങ്ങനെയെങ്കിൽ പിറകെ വരുന്ന തെരഞ്ഞെടുപ്പിൽ യുപിഎയ്ക്ക് വീണ്ടും അധികാരത്തിലേറാനുള്ള വഴി തുറന്നുകിട്ടും. അതിനുപകരം തട്ടിക്കൂട്ട് സർക്കാർ ഉണ്ടാക്കാൻ പോയാൽ അത് ബൂമറാങ് ആകാനാണ് സാധ്യത.

Disclaimers :
– വീണ്ടും ഒരു ഭീകരാക്രമണമോ വർഗ്ഗീയ ലഹളയോ ഏതെങ്കിലും VIP യുടെ മരണമോ മതി, മുകളിൽ എഴുതിയ നിഗമനങ്ങളാകെ തെറ്റാൻ.
– പ്രിയങ്ക ഗാന്ധി വദ്ര എന്ന untested element ന്റെ സ്വാധീനം യുപി ഫലത്തെ എത്രമാത്രം സ്വാധീനിക്കും എന്നത് മറ്റൊരു ഘടകമാണ്

Comments
Print Friendly, PDF & Email

You may also like