പൂമുഖം CINEMA കുമ്പളങ്ങി നൈറ്റ്സ്

കുമ്പളങ്ങി നൈറ്റ്സ്

മധു.സി. നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് കുമ്പളങ്ങി നൈറ്റ്സ്. വ്യത്യസ്തമായ പ്രീ റിലീസ് പരസ്യങ്ങൾ കൊണ്ട്, വലിയ പുതു തലമുറ താര നിര കൊണ്ട് പ്രേക്ഷകർ കാത്തിരുന്ന സിനിമയായി അത്. സമൂഹ മാധ്യമങ്ങളിൽ കുമ്പളങ്ങി നൈറ്റ്സിന്റെ ടീസർ തരംഗമായിരുന്നു. ശ്യാം പുഷ്കരന്റെ തിരക്കഥകൾ വ്യത്യസ്തത കൊണ്ടും വൈവിധ്യം കൊണ്ടും രാഷ്ട്രീയ മാനങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടവയാണ്. അതായിരുന്നു കുമ്പളങ്ങി നൈറ്റ്സിന്റെ മറ്റൊരാകർഷണം. ഷൈജു ഖാലിദിന്റെ ക്യാമറ പകർത്തിയ കാഴ്ചകളുടെ സാമ്പിൾ ട്രയിലർ മുതൽ കാണികൾ ഏറ്റെടുത്തിരുന്നു. സുഷിൻ ശ്യാമിന്റെ സംഗീതവും അൻവർ അലിയുടെ വരികളും സിനിമ ഇറങ്ങുന്നതിനൊപ്പം ഹിറ്റായി. സൗബിൻ ഷാഹിർ ,ഷൈൻ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ്, ആൻ ബെൻ , ഫഹദ് ഫാസിൽ, ഗ്രേസ് തുടങ്ങീ സമൃദ്ധമായ താരനിരയും സിനിമയിലുണ്ട്.

കുമ്പളങ്ങി നൈറ്റ്സ് എന്ന പേരിന് ഒരു കൗതുകമുണ്ട്. നൈറ്റ്സ് ഇൻ ലണ്ടൻ തുടങ്ങീ നഗര രാത്രികളിൽ കഥ പറഞ്ഞവസാനിപ്പിക്കുന്ന നിരവധി സിനിമകൾ ലോകത്താകമാനം ഉണ്ടായിട്ടുണ്ട്. കുമ്പളങ്ങി പക്ഷെ ഒറ്റപ്പെട്ട ഒരു കായൽ തുരുത്താണ്. നഗര മാലിന്യം വലിച്ചെറിയപ്പെടുന്ന ഒരിടം. അവിടത്തെ രാത്രികളാണ് സിനിമയുടെ ഏറ്റവും വലിയ കഥാപരിസരം. ഇതു കേൾക്കുമ്പോൾ തോന്നുന്ന കൊടിയ ദാരിദ്ര്യവും കദനവുമൊന്നുമല്ല സിനിമയുടെ ഇതിവൃത്തം. അവിടത്തെ പ്രണയവും സൗഹൃദവും മോഹഭംഗങ്ങളുമൊക്കെ പറഞ്ഞ് ഭംഗിയായി ഒഴുകുന്ന ഒരു ഫീൽ ഗുഡ് സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. സജി (സൗ ബിൻ ഷാഹിർ ) ബോബി (ഷൈൻ നിഗം) ബോണി ( ശ്രീനാഥ് ഭാസി ) ഫ്രാങ്കി (മാത്യു തോമസ് ) എന്നീ സഹോദരന്മാരുടെ കഥയാണ് ഒരടരിൽ കുമ്പളങ്ങി നൈറ്റ്സ്. തികച്ചും വ്യത്യസ്തരായ നാലു പേരാണവർ. പരസ്പരം തർക്കങ്ങളിലൂടെ മുന്നോട്ടു പോകുന്ന അവരുടെ ജീവിതത്തെ അച്ഛനുമമ്മയും നഷ്ടപ്പെട്ട അനാഥത്വമാണ് നയിക്കുന്നത്. സജിയുടെ ആത്മവിശ്വാസക്കുറവും ബോബിയുടെ അലക്ഷ്യമായ ഒഴുക്കും ബോണിയുടെ വിപ്ലവങ്ങളും ഫ്രാങ്കിയുടെ പ്രായത്തെ തോൽപ്പിക്കുന്ന കാര്യ പ്രാപ്തിയും ഒക്കെ ഉണ്ടാക്കുന്നത് ഒറ്റപ്പെടലാണ്. ആ തുരുത്തോളം ഒറ്റപ്പെട്ട അവരുടെ ജീവിതത്തിൽ നിന്ന് പോയവരും കയറി വരുന്നവരും ഒക്കെ ചേർന്ന് അവരിൽ നിർമിക്കുന്ന മറ്റൊരു ലോകമാണ് കുമ്പളങ്ങി നൈറ്റ്സിന്റെ മറ്റൊരടർ.ബേബി മോൾ (ആൻ ബെൻ) എന്ന ബോബിയുടെ പ്രണയിനിയും അവളുടെ ചേച്ചിയുടെ ഭർത്താവ് ഷമ്മിയും (ഫഹദ് ഫാസിൽ )കളരി പഠിക്കാൻ വന്ന് ബോണിയുടെ കൂടെ കൂടുന്ന വിദേശ യാത്രികയും സജിയുടെ ഏക സുഹൃത്തായ തമിഴ് നാട്ടുകാരൻ ഇസ്തിരിക്കാരനും ഭാര്യയും കുഞ്ഞുമൊക്കെ അവരുടെ കുമ്പളങ്ങി രാത്രികളുടെ ഭാഗമാകുന്നു. സ്നേഹിച്ചും പ്രണയിച്ചും കലഹിച്ചും വാശി പിടിച്ചും അവരെ ഇവർ പരസ്പരം ചേർത്തു നിർത്തുന്നു.

കൂട്ടിച്ചേർക്കുന്ന പല ബിന്ദുക്കൾ ഉണ്ടാകുമ്പോഴും ഇവർ നാലു പേരുടേയും ജീവിതങ്ങൾ പറയുന്ന ഒരു ആന്തോളജി എന്നും കുമ്പളങ്ങി നൈറ്റ്സിനെ പറയാം. ബോബി പ്രത്യേകിച്ച് ലക്ഷ്യബോധങ്ങളൊന്നുമില്ലാതെ നടക്കുന്ന ഒരാളായിരുന്നു. കറുത്ത നിറമുള്ള സുഹൃത്തിന്റെ പ്രണയിനിയോട് കുട്ടി ഈ ബാഹ്യ സൗന്ദര്യത്തിലൊന്നും വിശ്വസിക്കാത്ത ടൈപ്പ് ആണല്ലേ എന്ന് മുഖത്തു നോക്കി ചോദിക്കുമായിരുന്നു അയാൾ. ‘ചായ കുടിക്കാൻ ചായത്തോട്ടം വാങ്ങണോ’ എന്ന ആശങ്കയിൽ നിന്ന് അയാൾ പ്രണയം കൊണ്ട് അടിമുടി പൂത്തുലയുന്ന കാമുകനാകുന്നു. അച്ഛന്റെ ഓർമദിവസമോർക്കാതെ അലസനായി ചോറുണ്ണുന്ന, എല്ലാ സ്നേഹ പ്രകടനവും പ്രഹസനം മാത്രമായി തിരിച്ചറിയുന്ന അയാൾ പ്രണയത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു. ചിതറിപ്പോയ സഹോദരങ്ങളെ ഒരർത്ഥത്തിൽ ഒന്നിപ്പിക്കുന്നത് ബോബിയുടെ ഈ മാറ്റമാണ്. സജിയാവട്ടെ ഉത്തരവാദിത്വങ്ങളിൽ പകച്ച് ഒന്നും ചെയ്യാതെ നിൽക്കുന്നു. ഒരേ സമയം അയാൾ നിസ്സഹായനും ഹീറോയുമാണ്. വർഷങ്ങളായി അടക്കി വച്ച കരച്ചിലും പേറി നടക്കുന്ന സജി സൗബിന്റെ അഭിനയ ജീവിതത്തിലെ മികച്ച വേഷമാണ്. ബോണി പ്രണയവും സംഗീതവും നൃത്തവും പേറി നടന്നാണ് ഒറ്റപ്പെടലുകളെ അതിജീവിക്കുന്നത്. ഈ വ്യത്യസ്ത തുരുത്തുകളെ കണ്ട് വളർന്നാണ് ഫ്രാങ്കി ഉത്തരവാദിത്വ ബോധവും അടുക്കും ചിട്ടയുമുള്ളവനാകുന്നത്.

ശ്യാം പുഷ്കരന്റെ തിരക്കഥകൾ ആസ്വാദ്യമായ ക്രാഫ്റ്റ് വർക്കുകൾ എന്നതിലപ്പുറം അപനിർമാണത്തിന്റെ രാഷ്ട്രീയ ദൗത്യം കൂടി പേറുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സിലും ആ ദൗത്യം തുടരുന്നു. ഒറ്റ തന്തക്കു പിറക്കൽ മുതൽ കുറെ സ്ത്രീ വിരുദ്ധ വാർപ്പു മാതൃകകളെ പൊളിക്കുന്നുണ്ട്. അതു കൊണ്ടാണ് ബോഡി ഷേമിങ്ങ് തമാശകൾ പ്രശ്നവത്കരിക്കപ്പെടുന്നതും അതിനെതിരായ ഡയലോഗുകൾ മാസ് പഞ്ച് രീതിയിൽ സൃഷ്ടിക്കുന്നതും. ഒറ്റ തന്തക്കു പിറക്കൽ എന്ന സാമാന്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തീട്ടപ്പറമ്പിലെ പറമ്പ് മാത്രമെ ഞങ്ങടെയുള്ളു തീട്ടം മറ്റ് പലരുടെയുമാണ് എന്ന സൗബിന്റെ ഡയലോഗ് ഭൂമി, നാഗരികത, ദളിതത്വം തുടങ്ങീ നിരവധി അവസ്ഥകളോട് കലഹിക്കുന്നുണ്ട്. തങ്ങളെ വിട്ടു പോയ അമ്മ അടുത്തു കൂടെ പോകുമ്പോഴുണ്ടായിരുന്ന അമൃതാഞ്ജന്റെ മണം പോലുള്ള അലസ വാചകങ്ങളിലൂടെയുള്ള തിരിച്ചറിവ് സിനിമയിൽ ആ മകന്റേയും അധികം സ്ക്രീൻ സ്പേസില്ലാത്ത അമ്മയുടെയും ആത്മബന്ധം കൂടിയാണ്. ഇത്തരം അപനിർമാണങ്ങളുടെ ഏറ്റവും വലിയ ഭംഗി സിനിമ എന്ന തുടർക്കാഴ്ചയുടെ ആസ്വാദനത്തെ അത് ബാധിക്കുന്നേ ഇല്ല എന്നതാണ്. തിരക്കഥയും സംവിധാനവും ചേർന്ന് പോകുന്ന ഇടം അവിടെയാണ്.

‘ മറ്റൊരു അപനിർമാണം സംഭവിച്ചത് ഫഹദിന്റെ ഷമ്മിയിലാണ്.ഒരു വ്യവസ്ഥാപിത സിനിമയിലെ നായകന്റെ രീതികൾ പിന്തുടരുന്ന വില്ലൻ ആണയാൾ. ഭാര്യയും അവളുടെ അനുജത്തിയും പതിഞ്ഞ് പറയുന്നത് തന്നെ പറ്റിയാണോ എന്ന് സംശയിക്കുന്നത്രയും ആത്മവിശ്വാസക്കുറവ് അയാൾക്കുണ്ട്. കടുത്ത വില്ലനിസം അയാളിലുണ്ടാവുന്നത് ആത്മവിശ്വാസക്കുറവിന്റെ പരകോടിയിലാണ്. തന്നെ അനുസരിച്ചു പരിപാലിച്ചു പോന്ന ഭാര്യയുടെ ശബ്ദം തനിക്കെതിരെ ഉയർന്ന രാത്രിയിലാണയാളുടെ നില തെറ്റുന്നത്. ഒരാൾ എന്നതിലുപരി ഇവിടെ നിലനിൽക്കുന്ന വ്യവസ്ഥയുടെ പ്രതിനിധി ആണയാൾ. ഫഹദ് ഫാസിൽ എന്ന നടന്റെ ഏറ്റവും മികച്ച റോൾ ആയി ഷമ്മി എന്ന തോന്നലില്ല, ഒരു മുഖ്യ ധാരാ നായക നടൻ ഇമേജ് ശ്രദ്ധിക്കാതിരിക്കുന്നത് മലയാള പോപ്പുലർ സിനിമയിൽ അപൂർവമാണ്. അത്തരം ഒരിടം തിരക്കഥാകൃത്തിന്റെ കൂടി മികവാണ്.

ലോക്കൽ ഈസ് ഇന്റെർനാഷണൽ എന്ന പരസ്യവാചകത്തിന്റെ ഭംഗി നിറഞ്ഞ സിനിമകളാണ് അങ്കമാലി ഡയറീസും കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്സാക്ഷിയുമെല്ലാം. ഓരോരോ ദേശങ്ങളുടെ കൂടി കഥകൾ പറഞ്ഞ് ആണ് ഈ സിനിമകൾ അന്തർദേശീയ നിലവാരത്തിലെത്തുന്നത്. ആ പാതയുടെ തുടർച്ചയിൽ എവിടെയോ ആണ് കുമ്പളങ്ങി എന്ന ദേശവും കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയും ‘

Comments
Print Friendly, PDF & Email

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

You may also like