Home ചുവരെഴുത്തുകൾ അനുരാഗ രസതന്ത്രം

അനുരാഗ രസതന്ത്രം

 

സ്ത്രീ-പുരുഷ സംയോഗത്തിൽ ആരാണു കൂടുതൽ സുഖമനുഭവിക്കുന്നത്?

യുധിഷ്ഠിരൻ പിതാമഹന്റെ മുന്നിൽ ഉന്നയിച്ച ഒരു പ്രശ്നമാണു. അതിനു ഇന്ദ്രനും ഭംഗാസ്വനനും തമ്മിലുള്ള വൈരത്തിന്റെ കഥ ഭീഷ്മർ പറഞ്ഞു കൊടുത്തു. വ്യാസൻ അതെഴുതിവച്ചിട്ടുണ്ട്.

രാജാവായ ഭംഗാസ്വൻ നായാട്ടിനു വനത്തിൽ പോയി. ക്ഷീണിതനായി ചുറ്റിത്തിരിയുമ്പോൾ ഒരു പൊയ്ക കണ്ടു. അതിൽ മുങ്ങി നിവർന്നപ്പോൾ ഭംഗാസ്വനൻ പെണ്ണാ‍യി മാറി. ലജ്ജകൊണ്ട് ചൂളിപ്പോയ രാജാവ് ഒരുവിധത്തിൽ കൊട്ടാരത്തിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. പുത്രന്മാരെ ഭരണമേൽ‌പ്പിച്ചു വനത്തിലേക്ക് മടങ്ങി. അവിടെ ഒരു മുനിയുടെ ഭാര്യയായി ജീവിച്ചു. അതിലുമുണ്ടായി മക്കൾ. അസൂയമൂത്ത ദേവേന്ദ്രൻ ഭംഗാസ്വനന്റെ രണ്ടു രൂപത്തിലുമുള്ള മക്കളെ തമ്മിൽ തല്ലിച്ചു കൊന്നു. വിവരമറിഞ്ഞ്, മുനിപത്നിയായ ഭംഗാസ്വനൻ മനമുരുകി വിലപിച്ചു. ശാപം ഭയന്ന ഇന്ദ്രൻ വിപ്രവേഷത്തിൽ വന്നു മക്കൾക്ക് പുനർജന്മം നൽകാമെന്നു വരം നൽകി. ഏതു രൂപത്തിലുള്ള പുത്രന്മാരേയാണു പുനർജനിപ്പിക്കേണ്ടതെന്നു ചോദിച്ചപ്പോൾ സ്ത്രീരൂപത്തിൽ ഉണ്ടായവരെ മതി എന്നു പറഞ്ഞു. എന്താണതിനു കാരണമെന്നു അമ്പരന്ന ഇന്ദ്രനോട് ‘അവൾ’ പറഞ്ഞത്, ‘പെണ്ണിനാണു സ്നേഹം. ആണിനു സ്നേഹാധിക്യമില്ല‘. അതുകൊണ്ട് തനിക്കിനി പുരുഷരൂപമേ വേണ്ട എന്നു ‘അവൾ’ തീർത്തുപറഞ്ഞു.

377

ഈ ഇതിഹാസകഥയുടെ പശ്ചാത്തലത്തിലൂടെ ഇന്നത്തെ ലോകത്തെ നോക്കിക്കാണുന്നത് അത്ഭുതകരമായിരിക്കും. സ്ത്രീ‍രൂപത്തിലുള്ള അധികം‌പേരും സ്ത്രീത്വം കാംഷിക്കുന്നില്ല. പുരുഷന്മാർ തിരിച്ചും. സ്ത്രീകൾ പൊതുവെ പൌരുഷമാണ് സ്വന്തം ബലമായി കാണുന്നത്. അതുകൊണ്ട് സ്ത്രൈണതയുള്ള പുരുഷന്മാരെ അവർ ഏറെ ഇഷ്ടപ്പെടുന്നു. ആടുകയും പാടുകയും ചെയ്യുന്ന ആണിനെ അവർ ആരാധിക്കും. അങ്ങനെയുള്ളവർക്കു ചുറ്റും കൂടിനിൽക്കാൻ ആഗ്രഹിക്കുന്നു. സാഹസിക കർമ്മങ്ങൾ ചെയ്യാൻ സ്ത്രീകൾക്ക് ആകാംഷ കൂടുതലാണു. പണിയെടുക്കാനും പണിയെടുപ്പിക്കാനും ഉത്സാഹം വർദ്ധിച്ചു. അതിനുള്ള കാരണവും വ്യാസൻ പറഞ്ഞുവച്ചിട്ടുണ്ട്. പഞ്ചചൂഡ എന്ന അപ്സരസിന്റെ വാക്കുകളിലൂടെയാണത്. അതിവിടെ കുറിക്കാൻ എനിക്കു ധൈര്യമില്ല. ജിജ്ഞാസുക്കൾക്ക് മഹാഭാരതം വായിക്കാം.

സ്ത്രീകൾ പൌരുഷത്തിന്റെ കുന്നുകയറുമ്പോൾ ആണു സ്ത്രൈണതയുടെ കുന്നിറങ്ങുന്ന ഒരു കാഴ്ചയാണു കണ്ടത്. അവ തമ്മിൽ യോജിപ്പിക്കാവുന്ന, സമൂഹം അംഗീകരിക്കുന്ന ഒരു വൈകാരികതലം കണ്ടെത്താൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് സംഘർഷ ഭരിതമാണു ഇന്നു സമൂഹം.

300

പൌരുഷാംശം കൂടിനിൽക്കുന്നവൻ പുരുഷനായും സ്ത്രൈണാംശം കൂടിനിൽക്കുന്നവൾ സ്ത്രീയായും ജനിക്കുന്നു. ജനിതകങ്ങൾ അതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. സയൻസിനും സംശയമില്ല. തന്നിൽ കുറവുള്ള സ്ത്രൈണാംശത്തെ പുരുഷനും, തന്നിൽ കുറവുള്ള പൌരുഷാംശത്തെ സ്ത്രീയും കണ്ടെത്തി ഒന്നിച്ചു ചേരുന്നതായിരുന്നു വിവാഹം. ഇന്നത് മറ്റ് പല ഭൌതിക മാനദണ്ഡങ്ങളിലേക്കും മാറി. അതുപോ‍ലെ വിവാഹത്തിലൂടെ ഒന്നിച്ചു ചേരുന്നവർക്കു ഒരൊറ്റ ലക്ഷ്യമാണുണ്ടാവേണ്ടത്. ഇന്നതില്ല. മത്സരം ഉണ്ടുതാനും. ഉടലുകൾ പരസ്പരം ചേരുമ്പോഴും മനസുചേരാറില്ല. വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾക്കും സ്ത്രീ‍പുരുഷ സംഘർഷങ്ങൾക്കും കാരണം ഈ വൈരുദ്ധ്യമാണു. ഇതു തിരിച്ചറിയാൻ കഴിയുന്നവർ വിവാഹം വേണ്ടെന്നു വക്കണം. സംഘർഷത്തോടെ ജീവിക്കുന്നതിനേക്കാൾ അതാണു നല്ലത്.

വൈകാരികതയിലെ ഈ കീഴ്മേൽ മറിച്ചിൽ ചിലരേയെങ്കിലും സ്വവർഗ്ഗാനുരാഗത്തിലേക്കു നയിക്കുന്നുണ്ടാകും. അതൊരു ആന്തരിക ഭാവമാറ്റമാണു. എതിർലിംഗത്തിൽ നിന്നു കിട്ടില്ലെന്നു ഉറപ്പുള്ളത് സ്വവർഗ്ഗത്തിൽ കണ്ടെത്തുന്നവരെ കുറ്റം പറയാൻ പറ്റില്ല. ആശയവിനിമയത്തിനും, സ്നേഹത്തിനും, പ്രവർത്തികൾക്കൊക്കെ അവർക്ക് സ്പേസ് കിട്ടുന്നുണ്ടാകണം. ഇണ എതിർലിംഗത്തിൽ പെട്ടയാളാണെങ്കിൽ ജീവിതം സംഘർഷ ഭരിതമായിരിക്കും എന്നവർ ഭയക്കുന്നുണ്ടാകും. ആ ഭയത്തിൽ നിന്നുള്ള മോചനം കൂടിയാണു സ്വവർഗ്ഗാനുരാഗം. അവർ സന്തോഷം അനുഭവിക്കുന്നു. അതവരുടെ ജീവിതം ധന്യമാക്കട്ടെ.

സെമറ്റിക് മതങ്ങൾക്കു ഈ ചിന്ത ഉൾക്കൊള്ളാൻ കഴിയില്ല. അവരെ അനുകരിക്കുന്ന ഹിന്ദുക്കോസ്റ്റുകൾക്കും എതിർപ്പുണ്ടാകും. പക്ഷെ സ്വവർഗ്ഗാ‍നുരാഗത്തിന്റെ കെമിസ്ട്രി കൂടുതൽ വ്യാപകമാകാനേ പോകുന്നുള്ളു. സ്വവർഗ്ഗാനുരാഗത്തിനു കോടതിവിധിക്കുമപ്പുറമുള്ള മാനങ്ങളുണ്ട്. അതവർ തിരിച്ചറിയണം.

Comments
Print Friendly, PDF & Email

You may also like