നിരീക്ഷണം

ഫ്രാൻകോയെ അറസ്റ്റ് ചെയ്‌താൽ ? 

ിഷപ്പ് ഫ്രാൻകോയെ അറസ്റ്റ് ചെയ്‌താൽ എന്ത് സംഭവിക്കും?

ജാമ്യം കിട്ടും.

പിന്നെ എന്ത് സംഭവിക്കും?

കേസ് നടക്കും.

പിന്നെ?

കേസ് നടന്നുകൊണ്ടേയിരിക്കും.

ഹർജികൾ, പുതിയ കക്ഷികൾ, പുതിയ ആരോപണങ്ങൾ, പുനരന്വേഷണങ്ങൾ, CBI അന്വേഷണം, പുതിയ സാക്ഷികൾ, തെളിവുകൾ, കോടതിമാറ്റങ്ങൾ ഇവയെല്ലാം തുടർന്നുകൊണ്ടേയിരിക്കും..

ഈ സമയത്തെല്ലാം സർവ്വവിധ ആത്മീയ അധികാരങ്ങളോടും കൂടി മുളയ്ക്കൻ തലസ്ഥാനത് തുടരും, ആഘോഷമായ പാട്ടുകുർബാന നടത്തികൊണ്ടേയിരിക്കും.കാരണം കത്തോലിക്കാ സഭയുടെ വത്തിക്കാൻ മുതൽ ഇടവക വികാരികൾ വരെയുള്ള അധികാരസ്ഥാപനങ്ങൾ ഇരയായ കന്യാസ്ത്രീ തെറ്റു ചെയ്തു എന്ന് കരുതുന്നു. അവർ ഇത് പുറത്തു പറയരുതായിരുന്നു എന്നാണ് സഭയുടെ പക്ഷം. ഫ്രാങ്കോ ബിഷപ്പ് പീഡിപ്പിച്ചോ ഇല്ലയോ എന്നതല്ല, ഒരു കന്യാസ്ത്രീ സഭയുടെ സൽപ്പേര് കളങ്കപ്പെടുത്തുന്നു എന്നതാണ് അവരുടെ പ്രശ്നം.

കത്തോലിക്ക സഭയുടെ ഇപ്പോഴത്തെ മൗനത്തിന് ഒരു ക്രിമിനൽ മുഖം ഉണ്ട്. ആ മൗനം മിണ്ടാതിരിക്കൽ അല്ല. കുറ്റാരോപിതനായ ബിഷപ്പിനെ പിന്തുണക്കുന്നു എന്ന് ഉറക്കെ വിളിച്ച് പറയുന്നതാണ് ആ മൗനം. ഇരയായ കന്യാസ്ത്രീയുടെ പക്ഷത്തല്ല എന്ന് പ്രഘോഷിക്കുകയാണ് ആ മൗനം. ഇത് ലളിതമായി മനസിലാക്കാവുന്നതേയുള്ളൂ. സഭക്ക് വെളിയിലുള്ള ഒരു വ്യക്തിയിൽ നിന്നും ആണ് കന്യാസ്ത്രീ  പീഡനം സഹിക്കേണ്ടിവന്നത് എങ്കിൽ സഭ എങ്ങിനെ പ്രതികരിക്കുമായിരുന്നു എന്ന് ചിന്തിച്ചാൽ മതി. ന്യൂനപക്ഷ പീഡനത്തിനെതിരിയുള്ള വാറോലകൾ വത്തിക്കാനിൽ നിന്നും പറന്ന് എത്തുമായിരുന്നു, ഇടയലേഖനങ്ങൾ പള്ളികൾ തോറും വായിക്കപെടുമായിരുന്നു, ഇടയന്മാർ അൾത്താരവിട്ട് തെരുവിൽ ഇറങ്ങുകയും ചെയ്യു മായിരുന്നു.

അതുകൊണ്ട് പേരിനുള്ള ഒരു അറസ്റ്റിൽ ഇത് അവസാനിക്കരുത്. കാരണം മുളക്കന്‍റെ അറസ്റ്റിനും ജാമ്യത്തിനും ശേഷം അവഗണിക്കപ്പെടുന്ന ഒരാളുണ്ട് – ആ പാവം കന്യാസ്ത്രീ. അതാണ് ചരിത്രം. ഈ പീഡനം പുറത്തു പറയരുതായിരുന്നു എന്ന് അപ്പോൾ അവർ നൂറു വട്ടം ചിന്തിക്കും. ഇത്തരം സാഹചര്യങ്ങളുണ്ടായാൽ പ്രതികരിക്കരുത് എന്നൊരു സന്ദേശം നൽകാനിടയാകും. അതുകൊണ്ട് പൊതു സമൂഹത്തിന്‍റെ ജാഗ്രത മുളയ്ക്കന്‍റെ അറസ്റ്റിൽ അവസാനിക്കുന്നതായിരിക്കരുത്, നിഷ്പക്ഷമായ കുറ്റാന്വേഷണവും വിചാരണയും, ശിക്ഷാവിധിയും ഉണ്ടാകുംവരെ രാഷ്ട്രീയപാർട്ടികളും പൊതുസമൂഹവും മാധ്യമങ്ങളും ജാഗ്രത തുടരേണ്ടതുണ്ട്.

ബിഷപ്പിനെ അനുകൂലിച്ചുകൊണ്ട് നിലപാട് എടുത്തിരിക്കുന്ന മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സമൂഹത്തിന്‍റെ അവസ്ഥയാണ് ഏറ്റവും പരിതാപകരം. ലോക്കപ്പ് മർദ്ദനത്തിനു ശേഷം ജഡ്ജിയുടെ മുന്നിൽ ഹാജരാക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് അവരുടേത്. സത്യം പറഞ്ഞാൽ മർദ്ദനം തുടരും എന്നറിയാവുന്നതുകൊണ്ട് പ്രതികൾ സത്യം പറയാറില്ല. മുളക്കന്‍റെ പീഡനചരിത്രം മുഴുവൻ അറിഞ്ഞിട്ടും ഇരയായ കന്യാസ്ത്രീയെ തള്ളിപ്പറയേണ്ടിവരുന്ന സഹകന്യാസ്ത്രീകളുടെ മാനസികാവസ്ഥ എത്ര ഭയാനകമായിരിക്കും?

ഇടയന്മാരുടെ പീഡന ആരോപണങ്ങളെ സഭ എല്ലാ കാലത്തും കൈകാര്യം ചെയ്തത് ഇങ്ങനെ തന്നെയാണ്. മെഡിക്കൽ മിഷൻ ഓഫ് മേരി (MMM) എന്ന കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടയിലെ ഡോക്ടർ ആയിരുന്ന സിസ്റ്റർ മൗര (Maura O’Donohue) 1995 ൽ കത്തോലിക്ക സഭയെ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ട് പുറത്ത് വിട്ടു. ആറു വർഷം എടുത്ത് ഇരുപത്തിമൂന്നു രാജ്യങ്ങളിലെ കന്യാസ്ത്രീകളുടെ ഇടയിൽ നടത്തിയ സർവ്വേയിൽ, 29 കന്യാസ്ത്രീകളെ ഗർഭിണികളായി കണ്ടു എന്നതായിരുന്നു റിപ്പോർട്ട്. ഈ കേസുകളിലെല്ലാം പ്രതിസ്ഥാനത്ത് പുരോഹിതന്മായിരുന്നു.

ഇന്നുവരെ വത്തിക്കാൻ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഒരു വർഷത്തിനു ശേഷം കർദ്ദിനാൾ എഡ്വേർഡോ മാർട്ടിനസ് (അന്നത്തെ Prefect of the Vatican, ) നു നാലു പേജുള്ള ഒരു മെമോ സമർപ്പിച്ചു. അച്ചന്മാരുടെ വ്യാപകമായ പീഡനമായിരുന്നു വിഷയം. കത്തോലിക്ക സഭ നടത്തുന്ന ആശുപത്രികളിൽ ഗർഭച്ഛിദ്രത്തിന് എത്തിക്കുന്ന കന്യാസ്ത്രീകളുടെ കണക്കുകൾ ഉദ്ധരിച്ച് നൽകിയ മെമോയും അവഗണിക്കപ്പെട്ടു- ഒരു നടപടിയും ഉണ്ടായില്ല. ഗർഭച്ഛിദ്രത്തിനിടയിൽ മരിച്ച ഒരു കന്യാസ്ത്രീയുടെ പൂർണ്ണ വിവരങ്ങളും സിസ്റ്റർ മൗര്യ നൽകിയിരുന്നു.

ഏറ്റവുമധികം ഇത്തരം പീഡനങ്ങൾ നടക്കുന്നത് ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലാണ് എന്നാണ് കണ്ടെത്തൽ. വത്തിക്കാൻ അതേ ന്യായം കൊണ്ട് ഈ വിഷയം മൂടിവക്കാൻ ശ്രമിച്ചു. “ഇത് ചില പ്രദേശങ്ങളിലെ പ്രശ്നമാണെന്നും അതാത് പ്രാദേശിക സഭകൾ ഇത് കൈകാര്യം ചെയ്യേണ്ടതാണ്“ എന്നും 2001 മാർച്ചിൽ വത്തിക്കാൻ വക്താവ് Joaquin Navarro-Valls പ്രസ്താവന ഇറക്കി.

ആഫ്രിക്കയിൽ പ്രേഷിത പ്രവർത്തനങ്ങളിൽ ഒരു അച്ചനും രണ്ടോ മൂന്നോ കന്യാസ്ത്രീകളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയേണ്ടിവരും. പുറത്ത് എയിഡ്സ് ഭീഷണി ഉള്ളതിനാൽ, ‘സുരക്ഷിതരായ പങ്കാളികള്‍’ എന്ന നിലയിലാണ് അച്ചന്മാർ സന്യാസിനികളെ ഉപയോഗിക്കുന്നത് എന്ന് Rev. Anthony Musaala ഉഗാണ്ടയിൽ നിന്നും 2013ൽ റിപ്പോർട്ട് ചെയ്തു.  പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുന്നതുവരെ റവ. ആന്‍റണി സസ്പെൻഡ് ചെയ്യപ്പെട്ടു എന്നതൊഴിച്ച് ഒന്നും സംഭവിച്ചില്ല.

അച്ചന്മാരുടേയും ബിഷപ്പുമാരുടേയും കന്യാസ്ത്രീ പീഡനത്തിന് സഭയിൽ നിന്ന് എന്തെങ്കിലും ഗൗരവതരമായ നടപടി ഉണ്ടായതായി ചരിത്രമില്ല. പ്രതികരിക്കാനോ പരസ്യമാക്കാനോ ശ്രമിച്ച കന്യാസ്ത്രീകൾ ശിഷ്ടകാലം അവഹേളിതരും അവഗണിക്കപ്പെട്ടവരുമായി കഴിയേണ്ടിവന്നു എന്നത് ചരിത്രം. അത്രത്തോളം പുരുഷ കേന്ദ്രീകൃതമാണ് കത്തോലിക്ക സഭ. -കൃസ്ത്യൻ സഭകളെല്ലാം.

കത്തോലിക്ക സഭയിൽ രണ്ടാം തരം പൗരന്മാരാണ് കന്യാസ്ത്രീകൾ. ആത്മീയ ശുശ്രൂഷകളിൽ സഹായികളാകുന്നതല്ലാതെ കുർബാന ചൊല്ലുന്നതിനോ, ശവമടക്കുന്നതിനോ, വിവാഹം നടത്തുന്നതിനോ, മാമോദീസ നടത്തുന്നതിനോ കന്യാസ്ത്രീകൾക്ക് അവകാശമില്ല.

ഒരു പടി കൂടി കടന്നതാണ് സഭയുടെ സാമ്പത്തിക ഇടപാടുകൾ. ഒരു സാധാരണ ഇടവകയുടെ ബാങ്ക് ഇടപാടുകൾ വികാരിയുടെ പേരിലാണ്- മിക്ക പള്ളികളിലും ജോയിന്‍റ് അക്കൗണ്ട് ഇല്ല. അതേസമയം കന്യാസ്ത്രീകൾക്ക് കിട്ടുന്ന ശമ്പളം പോലും അവരുടെ സ്വന്തമല്ല. അച്ചന്‍, പള്ളിയുടെ മൊത്തം സ്വത്തും സ്വതന്ത്രമായി കൈകാര്യം ചെയ്യുമ്പോൾ കന്യാസ്ത്രീകൾക്ക് സ്വന്ത അധ്വാനത്തിന്‍റെ പ്രതിഫലത്തിന്മേൽ പോലും അവകാശമില്ല.

ഇങ്ങനെ, ആത്മീയ ശുശ്രൂഷയിൽ, സാമ്പത്തിക വിഷയങ്ങളിൽ, സ്വതന്ത്ര സഞ്ചാരത്തില്‍ പോലും തുല്യതയില്ലാതെ ഒരു തരം സെമി സ്ലേവറിയാണ് കന്യാസ്ത്രീകൾ കത്തോലിക്ക സഭയിൽ അനുഭവിക്കുന്നത്. ഇരുകൂട്ടർക്കും പരാതിയില്ലാത്തിടത്തോളം കാലം അത് അവരുടെ വിശ്വാസം, സഭയുടെ ആന്തരിക വിഷയം.
പക്ഷേ ബിഷപ്പിന്‍റെ പീഡനം അത്തരത്തിലുള്ളതല്ല. ഒരു കെട്ടുറപ്പുള്ള സെറ്റപ്പിനകത്ത് നിന്നും നീതി ലഭിക്കില്ല എന്ന ബോധ്യം വന്നതുകൊണ്ടാണ് നിസ്സഹായരായ കന്യാസ്ത്രീകൾ തിരുവസ്ത്രവുമിട്ടുകൊണ്ട് പൊതു സമൂഹത്തിനു മുന്നിലേക്ക് വന്നിരിക്കുന്നത്.

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ കർത്താവുപോലും കൈവിട്ടിരിക്കുന്നു.
ഇവരെ നിരുപാധികം പിന്തുണക്കേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്.
അവർക്ക് നീതി കിട്ടിയേ മതിയാകൂ.!
ഇനി അവരെ നിസ്സഹായരായി വിട്ടുകൂട സമൂഹത്തിന്‍റെ
ജാഗ്രത കുറ്റവാളിയുടെ അറസ്റ്റിനു വേണ്ടി മാത്രമാകരുത്, മാതൃകാപരമായി ശിക്ഷിക്കുന്നത് വരെ തുടരണം.

Comments
Print Friendly, PDF & Email

ഇടുക്കി സ്വദേശി, താമസം ബഹ്‌റൈനിൽ. നവ മാധ്യമങ്ങളിൽ സജീവം. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. സമകാലിക വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നു.

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.