പൂമുഖം ചുവരെഴുത്തുകൾ നഴ്സുമാരുടെ സമരം: തെറ്റും ശരിയും

നഴ്സുമാരുടെ സമരം: തെറ്റും ശരിയും

.nurses123

െയ്ത ജോലിക്കുള്ള കൂലിയാണ് അവർ ചോദിക്കുന്നത്. ചൂഷണത്തിന് അവസാനം കാണണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. ധാരാളിത്തത്തിനായുള്ള പണം സമ്പാദിക്കാനല്ല അവർ സമരം ചെയ്യുന്നത്. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശപ്പെട്ട ശമ്പളത്തിന് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. അവരെ ആത്മാർത്ഥമായും പിന്തുണക്കുന്നു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നതിന് ഒരു ചെലവുണ്ട്. അവിടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ഡോക്ടർമാർക്കും നേഴ്സ്മാർക്കും ലബോറട്ടറി ജീവനക്കാർക്കും മറ്റു ജീവനക്കാർക്കും ശമ്പളം നൽകേണ്ടത്. ആശുപത്രി നടത്തുന്നവർക്ക് ലാഭവും ലഭിക്കേണ്ടതുണ്ട്. ഈ ലാഭത്തിൽ നിന്നും അർഹതയുള്ള ശമ്പളം നേഴ്‌സുമാർക്ക് ലഭിക്കണം. നിലവിൽ പല സ്ഥലങ്ങളിലും ലഭിക്കുന്ന പതിനായിരത്തിൽ താഴ്ന്ന ശമ്പളം പോരാ. ആത്മാഭിമാനത്തോടെ ജീവിക്കാൻ ഇരുപതിനായിരത്തിലധികം ശമ്പളം നൽകണം, സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം നൽകണം. ആ ചെലവ് താങ്ങാൻ ചികിത്സ തേടിയെത്തുന്നവർ തയ്യാറാവണം.
സമരത്തിന് പിന്തുണ …

രണ്ട് കാര്യങ്ങൾ കൂടി പറയാനുണ്ട്. ഡോക്ടർമാരെല്ലാം നേഴ്സ്മാർക്ക് ലഭിക്കേണ്ട ശമ്പളം അടിച്ചുമാറ്റുന്നു എന്ന രീതിയിൽ പല പോസ്റ്റുകള്‍ കാണുന്നു. വളരെ പ്രശസ്തരായവർ പോലും ഇതേറ്റുപാടുന്നു. മോശമാണത്. സമൂഹത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന ന്യൂനപക്ഷം ഡോക്ടർമാരെ വെച്ചാണ് ഭൂരിപക്ഷത്തെയും നിങ്ങൾ അളക്കുന്നത്.  ജൂനിയർ ഡോക്ടർമാർക്ക് ലഭിക്കുന്ന ശമ്പളം ഒന്നന്വേഷിച്ചിട്ട് എഴുതാമായിരുന്നു.

ഇന്ന് നഴ്സുമാർ അനുഭവിക്കുന്ന അതേ അവസ്ഥ നാളെ അനുഭവിക്കാൻ പോകുന്നത് ഡോക്ടർമാരാണ്. വെള്ളിവെളിച്ചത്തിൽ ജീവിക്കുന്ന ന്യൂനപക്ഷത്തെ കണ്ട് എല്ലാവരെയും അങ്ങിനെ കാണരുത്. എംബിബിഎസും പിജിയും കഴിഞ്ഞ എന്‍റെ ശമ്പളം അൻപതിനായിരം രൂപയാണ്. എംബിബിഎസും മാനസികാരോഗ്യ വിഭാഗത്തിൽ പിജിയും കുട്ടികളുടെ മാനസികാരോഗ്യ വിഭാഗത്തിൽ ഫെല്ലോഷിപ്പും കഴിഞ്ഞ എന്‍റെ ഭാര്യയുടെ ശമ്പളം ഒരു ലക്ഷത്തി പതിനയ്യായിരം രൂപയാണ്. ഒരു രൂപയുടെ കട്ടോ കൈക്കൂലിയോ മേടിക്കുന്നില്ല. മനുഷ്യനെന്ന നിലയിൽ ചെയ്യേണ്ട കടമകൾ ചെയ്യുന്നുണ്ട്. ഒരു രൂപയുടെ നികുതി വെട്ടിച്ചിട്ടില്ല. അറിയാൻ പറഞ്ഞതാണ് … ഇങ്ങനെ നിരവധിപേരുണ്ട്.
അവരെല്ലാം നഴ്സുമാരുടെ സമരത്തെ പിന്തുണക്കുന്നുണ്ടാവില്ല. പക്ഷേ, അത് അസത്യപ്രചാരണത്തിനുള്ള ഉപാധിയാക്കരുത്. പിജി സമരത്തെ പിന്തുണക്കാത്തവരും ഡോക്ടർ സമൂഹത്തിലുണ്ടായിരുന്നു. ഡോക്ടർമാരുടെ സമരത്തെ എതിർക്കുന്നവരും ഡോക്ടർ സമൂഹത്തിലുണ്ടായിരുന്നു. അതുകൊണ്ട് എല്ലാം ഒരേ തുലാസിൽ തൂക്കി അപമാനിക്കരുത്.

രണ്ടാമത് പറയാനുള്ളത് മെഡിക്കോസിനോടാണ്.  ബോണ്ട് സമരമടക്കമുള്ള സമരങ്ങളില്‍ നിങ്ങളെ പിന്തുണച്ച സമൂഹമിവിടെയുണ്ട്. നിങ്ങളുടെ ശമ്പള വർദ്ധനവ് സമരത്തിലും നിങ്ങളെ പിന്തുണച്ച സമൂഹമാണിത്. അന്നത്തെ നിങ്ങളുടെ അവസ്ഥയിൽ, അല്ലെങ്കിൽ അതിലും മോശം അവസ്ഥയിലാണ് ഇന്ന് ഈ നഴ്സുമാർ. അവരെ പിന്തുണക്കാതിരിക്കുന്നതിൽ രാഷ്ട്രീയമായി ശരികേടുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകളിലെ നഴ്സുമാരെ താരതമ്യം ചെയ്‌ത്‌ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് ശമ്പള വർദ്ധനവ് വേണ്ട എന്നു വാദിക്കുന്ന ചിലരെ മുഖപുസ്തകത്തിൽ കണ്ടു.

നിങ്ങളുടെ അനുഭവക്കുറവാണ് അങ്ങിനെ ചിന്തിപ്പിക്കുന്നത്. ഇവ രണ്ടും തമ്മിൽ താരതമ്യമേ പാടില്ല. എല്ലാ രീതിയിലും വ്യത്യസ്‍തമാണ് രണ്ടും. മെഡിക്കൽ കോളേജിലെ പ്രൊഫസ്സർക്ക് രണ്ടര ലക്ഷം രൂപ ശമ്പളം ഉണ്ടെന്നതിനാൽ ഹൗസ് സർജന്‍റെ ശമ്പളം കൂട്ടരുത് എന്ന് പറയുന്നതുപോലെയേയുള്ളൂ ഇത്. നാളെ മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ നിങ്ങൾക്കിത് മനസിലാകും. അന്ന് നിങ്ങളാവും ഇന്നത്തെ നഴ്സുമാരുടെ ഭാഗത്ത് …

മൂന്നാമത് പറയാനുള്ളത് സർക്കാരിനോടാണ്. സാധാരണക്കാരുടെ പക്ഷത്ത് നിൽക്കുന്ന ഇടതുസർക്കാരിനെയാണ് ഇഷ്ടം. മാനേജുമെന്‍റുകളുടെ ഭാഗത്ത് നിന്ന് സംസാരിക്കുന്ന കോൺഗ്രസ് ഭരണം പോലെയല്ല പ്രതീക്ഷിക്കുന്നത്. സമരങ്ങളെ അടിച്ചമർത്തുകയല്ല, സമരത്തിലെത്തിക്കാതെ പരിഹാരം കാണുകയാണ് വേണ്ടത്. സമരങ്ങളെ അടിച്ചമർത്തുന്ന ഇടതുസർക്കാർ ഒരു നല്ല മാതൃകയല്ല.

അവസാനമായി സമരം ചെയ്യുന്നവരോട്, പിന്തുണയുണ്ട്. സമരം ചെയ്യുന്നവരിലെ പലരും ഡോക്ടർമാരെ അടച്ചാക്ഷേപിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ; അതൊഴിവാക്കണം. ഒട്ടുമിക്ക ഡോക്ടർമാരും നിങ്ങളെ പിന്തുണക്കുന്നുണ്ട്. നിങ്ങളെപ്പോലെ തന്നെ ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരാണ് ഞങ്ങളും. അശാസ്ത്രീയത പടർത്തുന്ന, വൈദ്യർ എന്നു വിളിക്കുന്ന മോഹനനെ ഒക്കെ പിന്തുണക്കുന്ന ചില നഴ്സുമാരെ കണ്ടു. നിങ്ങൾ പഠിച്ച ശാസ്ത്രത്തെ തോൽപ്പിക്കാൻ തയ്യാറാവരുത്.
സമരത്തിന് പിന്തുണ ..

Comments
Print Friendly, PDF & Email

You may also like