സമാന്തര കോളേജ് അധ്യാപനകാലത്തെ തന്‍റെ ജീവിതം ഒന്നിനൊന്ന് മെച്ചമായിരുന്നെന്ന് വിശ്വസിക്കുവാനാണ് കേളുമാഷിനിഷ്ടം. ഓരോ വിഷയത്തിലുമുള്ള മാഷ്ടെ കേമത്തം അത്രയ്ക്കുണ്ട്. അക്കൂട്ടത്തിൽ ഒന്നുരണ്ട് നാൾ ബയോളജി ക്ലാസിൽ കക്ഷി തന്‍റെ പാണ്ഡിത്യം തെളിയിച്ച രംഗമാണ് വിഷയം.
ബയോളജി പഠിപ്പിക്കുന്ന ഗീത ടീച്ചർ മോളുടെ കല്യാണം പ്രമാണിച്ച് അവധിയിലായപ്പോഴാണ് കേളുമാഷ് പത്ത്-സി ക്ളാസിൽ ബയോളജി പഠിപ്പിച്ചത്.
“ജീവനുള്ളവയെക്കുറിച്ചുള്ള പഠനമല്ലേ ജീവശാസ്ത്രം അഥവാ ബയോളജി. അപ്പോൾ നമുക്ക് ജീവനുള്ളതും ജീവനില്ലാത്തതും തമ്മിലുള്ള വ്യത്യാസം ചർച്ച ചെയ്ത് പഠിക്കാം.” പത്ത്-സിയിലെ കുരുത്തം കെട്ടവരിൽ നിന്നും കൂടുതലായി ഭീഷണി നേരിടാൻ ഇടയില്ലാത്ത ഒരു വിഷയത്തിലേക്ക് ശ്രദ്ധ ചെലുത്തി മാഷ് ആമുഖമായി അത്രയും പറഞ്ഞു. ഗീത ടീച്ചർ അപ്പോഴെടുക്കുന്ന ഭാഗം ഒറ്റവായനയിൽ മനസ്സിലാകാത്തതുകൊണ്ട് മാഷ് മൂപ്പരുടെ ‘ചെറിയ പുത്തിയിൽ’ തോന്നിയ കാര്യത്തിലേക്ക് കുട്ടികളെ നയിക്കുകയായി.

“എന്താ സുലൈമാനെ ജീവനുള്ളതും ജീവനില്ലാത്തതും തമ്മിലുള്ള വ്യത്യാസം?” പിൻബെഞ്ചിലിരിക്കുന്ന തടിമാടൻ സുലൈമാനെ തന്‍റെ വരുതിയിലാദ്യമേ കൊണ്ടുവരാനുള്ള ഗുണ്ട് മാഷ് പ്രയോഗിച്ചത് പെട്ടെന്നാണ്.
“സ്സാർർ ജീവനുള്ളതെല്ലാം പെറും. ജീവനില്ലാത്തത് പെറൂല്ല സ്സാർ.”
സുലൈമാന്‍റെ മറുപടി കേട്ട് കുട്ടികൾ ഒന്നടങ്കം ചിരിച്ചെങ്കിലും കേളുമാഷ് അവനെ ഇരുത്തുന്ന രീതിയിൽ പറഞ്ഞു.
“എടോ ഇന്ട്യാടത്തെ മാവ് പെറ്വോ സുലൈമാനെ? അയിന് ജീവന്ണ്ടല്ലോ. പോയത്തം പറായാണ്ട് ആട കുത്തിരിക്ക്..” സുലൈമാനെ നോക്കി പെൺകുട്ടികളടക്കം കളിയാക്കി ചിരിച്ചപ്പോൾ അവൻ പത്തിതാഴ്ത്തി കൊതുകിരിക്കുമ്പോലെ പുറത്തേക്ക് നോക്കിയിരിപ്പായി.
“പിന്നെന്താ ശരിയായ വ്യത്യാസം? ശോഭ പറ..”
രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന പഠിപ്പിസ്റ്റായ ശോഭ എഴുന്നേറ്റ് നിന്ന്, പിറകിലേക്കും മുന്നിലേക്കും ഒന്ന് ‘സിംഹാവലോകനം’ നടത്തിയശേഷം പറഞ്ഞു.
“സ്സാർർ ജീവനുള്ള, ജീവിതമുള്ള എല്ലാറ്റിനും ചോന്ന ചോര ഇണ്ട് സ്സാർ.”
“മിടുക്കി. മിടുമിടുക്കി. ഇഞ്ഞി പറഞ്ഞത് പെരുത്ത് ശര്യാ..” കേളുമാഷുടെ അഭിനന്ദനവാക്കുകൾ കേട്ട് ശോഭ ഒന്ന് നെഗളിച്ചിരിക്കുമ്പോഴാ, പിറകിലിരിക്കുന്ന കുഞ്ഞനന്തൻ ഒരൊന്നാന്തരം ചോദ്യം കേളുമാഷിന് നേരെ പ്രയോഗിച്ചത്.
“സ്സാർർ കൂറേന്‍റെ ചോര ചോന്നിട്ടല്ലല്ലോ.. അയിന് ജീവന്ണ്ടെന്ന് ഗീത ടീച്ചറ് പറഞ്ഞിട്ട്ണ്ടല്ലോ..!”
പഠിപ്പിസ്റ്റ് ശോഭയുടെ ‘ഗമാലിറ്റി’ ഒന്നിടിച്ചിരുത്താനാ അവളെ കണ്ണിന് നേർക്ക് കണ്ടുകൂടാത്ത കുഞ്ഞനന്തൻ ആ അമിട്ട് പൊട്ടിച്ചത്. പക്ഷെ ശരിക്കും അത് കൊണ്ടത് കേളുമാഷിനും. റഫാൽ യുദ്ധവിമാനത്തിന്‍റെ വേഗതയിൽ വന്ന ചോദ്യം കേളുമാഷുടെ ഇരു ചെവികളിലും വന്നിടിച്ച് ക്ലാസ്സിൽ ഒരിമ്പലായി മാറി. കേളുമാഷ് കുറച്ചുനേരം ഒരൊന്നൊന്നര ചിന്തയിൽ മുങ്ങിത്താഴുമ്പോൾ കുഞ്ഞനന്തനെ വെടിവെച്ച് കൊല്ലാൻ വരെ മാഷ് ആഗ്രഹിച്ചു. ക്ലാസ്സ് മുഴുവൻ മാഷുടെ ഉത്തരത്തിനായി കാത്തിരിക്കുകയാണ്. ഉത്തരം പറഞ്ഞില്ലെങ്കിൽ ആകെ നാറുമെന്ന് മാഷും കരുതി. പെട്ടെന്നാണ് ഒരുത്തരം മൂപ്പരുടെ രക്ഷക്കെത്തിയത്.
“എടൊ കുഞ്ഞനന്താ ഇഞ്ഞി എന്തൊരു ചോദ്യാ മനേ ചോയിച്ചേ….നിക്ക് തീരെ ബിവരേല്ലേ. എടൊ കൂറേന്‍റെയൊക്കെ ജീവിതം ഒരു ജീവിതാടോ. ഒലക്കേലെ ഒരു ചോദ്യം കൊണ്ട്ബന്ന്ക്ക്. ആട കുത്തിരിക്കിഞ്ഞി. കൂറേന്‍റെ മണ്ണാങ്കട്ട പറേന്ന്.”
ഒറ്റശ്വാസത്തിൽ കേളുമാഷ് കുഞ്ഞനന്തനേക്കാൾ വലിയ ബോംബിട്ടപ്പോൾ ക്ലാസ്സൊന്നടങ്ങുകയും കുഞ്ഞനന്തൻ പിള്ളേരുടെ കൂട്ടച്ചിരിയിൽ കനത്ത കാറ്റിൽ വയൽ വരമ്പിലേക്ക് വീണ നേന്ത്രവാഴ കണക്കെ ഡെസ്കിൽ മൂക്കുകുത്തിവീണതും ഒന്നിച്ചായിരുന്നു. സംഗതി ശുഭം.
(തുടരും)