പൂമുഖം LITERATUREനർമ്മം കേളുമാഷ് (ഭാഗം – 17)

കേളുമാഷ് (ഭാഗം – 17)

കേളുമാഷ് സ്കൂളിൽ ചേരുംമുൻപ് നാട്ടിലെ സമാന്തര കോളേജുകളിൽ അധ്യാപകനായി തിളങ്ങിയ ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് മൂപ്പർ മൂന്നോ നാലോ കോളേജുകളിൽ ‘ഓടിച്ചാടി നടന്ന്’ ക്ലാസ്സെടുത്തിട്ടുണ്ട്. മാഷിന് അന്ന് നല്ല ചോരത്തിളപ്പുള്ള കാലമല്ലേ. കൂടാതെ ഇത്തിരി പണം സമ്പാദിക്കാനുള്ള കുറുക്കുബുദ്ധിയും ഉണ്ട്. ആയതിനാൽ ദിവസത്തിന്‍റെ ഇരുപത്തിനാല് മണിക്കൂറും ആശാന് മതിയാകില്ലെന്ന അവസ്ഥയുമായി. അതിന്നിടയിൽ സംഭവിച്ച കയ്യബദ്ധങ്ങള്‍ക്കും സൂത്രം പ്രയോഗിച്ചുള്ള മാഷുടെ രക്ഷപ്പെടലുകൾക്കും ഒരു കൈയും കണക്കുമില്ല.

പഠിച്ച വിഷയം കണക്കിലെടുത്താൽ മാഷ് ഒരു മലയാളം അധ്യാപകനാണെങ്കിലും പാരലൽ കോളേജിൽ ജോലി ചെയ്യുന്ന കാലത്ത് പത്താം ക്ലാസ്സിലെ ഒട്ടുമിക്ക വിഷയങ്ങളിലും മൂപ്പർ കൈവെച്ചിട്ടുണ്ട്. അക്കാലത്ത് ‘പ്രതിഭയിലും’ ‘നളന്ദയിലും’, ‘മിനർവയിലും’ സാമൂഹ്യപാഠം ക്ലാസ് മാഷുടെ അധീനതയിലാണ്. ആ വിഷയത്തിൽ മാഷൊരു കുലപതിയെന്നാ രക്ഷിതാക്കളും വിചാരിച്ചത്. കേളുമാഷ് പഠിപ്പിച്ചാൽ സാമൂഹ്യപാഠം പിന്നെ വായിക്കേണ്ടതില്ലെന്നാണ് കുട്ടികളുടെ അഭിപ്രായവും.

കാര്യങ്ങൾ ഇങ്ങയൊക്കെ മുന്നേറുമ്പോഴും ഒരുദിവസം മാഷിന് ഒരക്കിടി പറ്റി. പ്രതിഭയിലെ ക്ലാസ്സ് കഴിഞ്ഞ് പതിനൊന്ന് മണിക്കാണ് നളന്ദയിലെ ക്ലാസ്സ്. മാഷ് അന്ന് നളന്ദയിലേക്ക് തിരക്കിട്ട് പോകാനുള്ള ശ്രമത്തിലാണ്. പ്രതിഭയിലും അടുത്ത പിരീഡ് സാമൂഹ്യ പാഠമാണ്. സ്റ്റാഫ് റൂമിലെ റേക്കിൽ വെച്ച മഞ്ഞ കവറുള്ള നോട്ടുപുസ്തകം (അതാണ് രണ്ടുവർഷത്തോളമായി മൂന്ന് കോളേജുകളിലും കുട്ടികൾക്കായി കൊടുക്കുന്ന ‘പരീക്ഷാ ഒറ്റമൂലി’. മാഷുടെ ഗുളിക രൂപത്തിലുള്ള സാമൂഹ്യപാഠം നോട്ട്. ഏറെ ‘കഷ്ടപ്പെട്ടാണ്’ മാഷ് ആ നോട്ടുണ്ടാക്കിയത്. റെഫർ ചെയ്യാൻ അക്കാലത്തെ പ്രശസ്ത ഗൈഡായ ‘എബിസി’ മുതൽ പല ഗൈഡുകളും മേടിച്ചതിന്‍റെ ബുദ്ധിമുട്ട് മൂപ്പർക്കല്ലേ അറിയൂ. അങ്ങനെയാണ് ആ സാമൂഹ്യപാഠം ഒറ്റമൂലി സൃഷ്ടിക്കപ്പെട്ടത്. “കേളുമാശ് പഠിപ്പിച്ചാൽ നൂറില് നൂറ്വല്ലേ” എന്ന് പറയിപ്പിക്കുന്നിടത്ത് ആ ഒറ്റമൂലി എത്തിയെങ്കിൽ കേളുമാഷ് അക്കാര്യത്തിൽ അത്ര ‘ചില്ലറക്കാരനല്ലെന്ന്’ ബോധ്യമായല്ലോ!

വര: പ്രസാദ്‌ കാനാത്തുങ്കല്‍

മാഷ് നളന്ദയിൽ എത്തുമ്പോഴേക്കും ബെല്ലടിച്ചിട്ട് അഞ്ചുമിനിറ്റ് കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് പ്രിൻസിപ്പൾ അനന്തൻ മാഷും സ്റ്റാഫും കാണാതെ നേരിട്ട് കക്ഷി ക്ലാസ്സിൽ ഹാജരായി. സ്പീഡിൽ നടന്നു വന്നതിന്‍റെ കിതപ്പടക്കി കേളുമാഷ് കുട്ടികളോട് സാമൂഹ്യപാഠം നോട്ടുബുക്ക്‌ പുറത്തെടുക്കാൻ പറഞ്ഞു. മാഷ് പറഞ്ഞുതീരും മുമ്പ്തന്നെ കുട്ടികൾ ഡെസ്കിൽ നിന്നും സാമൂഹ്യപാഠം പുസ്തകം പുറത്തെടുത്ത് ആ ‘ഒറ്റമൂലികൾ’ കടലാസിൽ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായി.

“റൈറ്റ് ഡൌൺ …..” മാഷ് നോട്ടെഴുത്ത് തുടങ്ങാനുള്ള അനൗൺസ്മെന്റ് കുട്ടികൾക്ക് നൽകിയ ശേഷം തന്‍റെ കൈയ്യിൽ ഭദ്രമായിവെച്ച മഞ്ഞക്കവറുള്ള നോട്ടുപുസ്തകം തുറന്നു. ഒന്നേ മാഷ് ആ നോട്ടിലേക്ക് നോക്കിയുള്ളൂ. തല കറങ്ങുന്നപോലെ തോന്നി. നോട്ടുബുക്ക്‌ മാറിയിരിക്കുന്നു! കാൽ മുതൽ തലവരെ ഒരു പെരുപ്പ്…

“ഇത് ശശിമാഷുടെ ഹിന്ദി നോട്ടുബുക്കാണല്ലോ. ദൈവമേ ചതിച്ചല്ലോ. ആ കാലമാടൻ ശശി തന്‍റെ സർവ്വസ്വവും തകർത്തല്ലോ മുത്തപ്പാ… മിടുക്കരായ ഈ പിള്ളേരെ കയ്യിലെടുക്കാനുള്ള അടുത്ത ഭാഗം ചില സംശയം ബാക്കിയുള്ളതുകൊണ്ട് തുടങ്ങാനും പറ്റില്ല. തൽക്കാലം ഓഫീസിലേക്കൊന്ന് പോയി വരാം. എന്തെങ്കിലും ബുദ്ധി തോന്നാതിരിക്കില്ല.” മാഷ് കാടുകയറി ചിന്തിച്ചപ്പോൾ മുൻ ബെഞ്ചിലിരിക്കുന്ന റസിയ പെട്ടെന്നെഴുന്നേറ്റുനിന്ന് കേളുമാഷെ നോക്കി ഒറ്റ ചോദ്യം.

“ന്ത് പറ്റി സ്സാർർർ.? ങ്ങളെടുത്ത നോട്ട്ബുക്ക് മാറിപ്പോയോ. പക്കേങ്കിൽ അത് സാരേല്ല. മ്മക്ക് പ്പം അടുത്ത പാഠം തൊടങ്ങാം സ്സാർർർ…” അത്രയും പറഞ്ഞ് ആൺകുട്ടികളുടെ ഭാഗത്തേക്ക്, താനൊരു ബെല്യ കാര്യം ചെയ്തെന്ന മട്ടിൽ ഒന്ന് കണ്ണെറിഞ്ഞ് റസിയ കൂട്ടുകാർക്കിടയിൽ അമർന്നിരുന്നു. മൂപ്പര് റസിയ പറഞ്ഞത്കൂടി കേട്ടപ്പോൾ ഉടലോടെ ഭൂമിക്കുള്ളിലേക്ക് പതിച്ചപോലെയായി. “നിക്ക് പറ്റിയ അക്കിടി ഇക്കുരിപ്പുങ്ങൾക്ക് ബേഗം തിരിഞ്ഞിക്ക്. ബല്ലാത്ത ജന്തുക്കൾ തന്നെ. ഈട്ന്ന് ബേഗം ദെച്ചപ്പെടണം.”

“ങ്ഹാ.. മ്മക്ക് ഇന്ന് അടുത്ത ഭാഗം തൊടങ്ങാം. എല്ലാരും സൈലൻറ്. ഒച്ചേണ്ടാക്ക്ർതെ. ഞാൻ ഓഫീസിൽ പോയി ബേഗം ബെരാം. ജസ്റ്റ് എ മിനിറ്റ്…”
“താങ്ക്യൂ സ്സാർർർ” റസിയ ഉച്ചത്തിൽ നന്ദി പറഞ്ഞ് കേളുമാഷെ ഓഫീസിലേക്ക്‌ യാത്രയാക്കി. ഓഫീസിൽ കേളുമാഷ് കണ്ടത് പ്രിൻസിപ്പൽ അപരിചിരായ രണ്ടുപേരുമായി എന്തോ സംസാരിക്കുന്നതാണ്.
“അന്ത്രുമാഷെ ഞാൻ അന്നേ ങ്ങളോട് പറഞ്ഞല്ലോ. ഈട കോൽക്കളി അറീന്ന ഒറ്റമാഷമ്മാറും ഇല്ല. യെനക്കും അറഞ്ഞൂടാ. ന്നാൽ പോരേയിനും. ങ്ങള് പ്രതിഭേല് ചോയിക്ക്. ആട ആരെങ്കിലും ണ്ടാവും.”

അതുകേട്ടതും കേളുമാഷുടെ മനസ്സിൽ ഒരു നൂറ്-നൂറ്റിപ്പത്ത് ബൾബ് കത്തി. ഒന്നല്ല ഒരായിരം തവണ. പിന്നെ കാണുന്നത് പ്രിൻസിപ്പലിന്‍റെയും ആ അപരിചിതരുടേയും മുന്നിലേക്ക് കേളുമാഷുടെ ഒറ്റ ചാട്ടമാണ്. മൂന്നുപേരേയും നോക്കി വെളുക്കെ ചിരിച്ച് കേളുമാഷ് പ്രസ്താവിച്ചു. “സാർ ഞാനില്ലേ ഈട. നിക്ക് കോൽക്കളീൽ ഉസ്കൂള്ന്നും കോളേജ്ന്നും പെരുത്ത് സമ്മാനങ്ങൾ കിട്ട്യത്‌ ങ്ങള് അറിഞ്ഞിക്കില്ലേ സാർ.” എന്നിട്ട് കേളുമാഷ് ആഗതരോടായി പറഞ്ഞു. “ഞാൻ റെഡ്യാട്ടോ ജീപ്പ്ണ്ടല്ലേ? മ്മക്ക് പൂവ്വാം.”

“ഹേ അതെങ്ങന്യാ കേളുമാഷേ ഈട ഇങ്ങക്ക് ക്‌ളാസ്സില്ലേ.? ഇങ്ങക്ക് കോൽക്കളി അറീന്നതോ അറീയാത്തതോ അല്ല കാര്യം. ഈട ക്ലാസ്സ് കൊളാവും.” അതിനൊരുത്തരം ഉണ്ടായില്ല. പകരം കണ്ടത് മറ്റൊന്നാണ്.

അനന്തൻ മാഷ് അത്രയും പറഞ്ഞ് കേളുമാഷുടെ നേരെ തിരിയുമ്പോൾ കണ്ടത് വന്ന അപരിചിതർ കേളു മാഷെ ‘പൊക്കിയെടുത്ത് ജീപ്പിൽ കടത്തികൊണ്ടുപോകുന്നതാണ്’.

പാവം പ്രിസിപ്പൽ! ഇതേപോലുള്ള സൂത്രക്കാരെ കുറെ മേയ്ച്ചതിലുള്ള പരിചയം കൊണ്ടൊന്നും പറയാതെ ചോക്കുമെടുത്ത് കേളുമാഷ് രക്ഷപ്പെട്ട ക്‌ളാസ്സിലേക്ക് നടക്കുമ്പോൾ ഓർത്തു, “അല്ലപ്പാ ഈ കേളുമാഷ് ഏടുന്നേനും കോൽക്കളി പഠിച്ചേ.. മ്മളെ പറ്റിച്ചതാളീ. ആർക്കറിയാ… ങ്ങും, എന്തേലും ആവട്ടെ..”

കേളുമാഷ് ഓർത്തത് മറ്റൊന്നാണ് “പടച്ചോൻ മുത്തപ്പന് തൊണ. കൃത്യ സമയത്ത് ഇഞ്ഞി അന്ത്രുമാഷേ ഇങ്ങോട്ടയച്ചല്ലോ മുത്തപ്പാ. ഇത്രേം ചെയ്യെങ്കില് പിന്നെ മ്മള് കോൽക്കളിയല്ല കുച്ചിപ്പുടീം കൈകാര്യം ചെയ്യൂലെ അനന്തൻ മാഷെ. “കേളുമാഷ് അപ്പോഴും ‘പടക്കളത്തിൽ’ നിന്ന് ഒന്ന് രക്ഷപ്പെട്ടതിലെ സന്തോഷ ത്തിലാണ്. അനന്തൻ മാഷ് കേളുമാഷെ പ്രാകിക്കൊണ്ട് ക്ലാസ്സിലും. അതും കേളുമാഷുടെ ഡബിൾ പിരീഡ്.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.