മൊറോക്കോ – ഭക്ഷണവും ജീവിതവും
കഫെസംസ്കാരം വ്യാപകമായുള്ള ഇടമാണ് മൊറോക്കോ. ഒരു ചെറിയ കഫെ എങ്കിലും ഇല്ലാത്ത ഒരു ഗ്രാമം ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഓരോ മൊറോക്കൊക്കാരന്റെയും ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഏതെങ്കിലും ഒരു കഫെയിലാണ്. സൗഹൃദ സംഗമങ്ങളും , പത്രവായനയും, സിഗരറ്റ് വലിയും, ബിസിനസ് സംബന്ധിച്ച ചർച്ചകളും ഒക്കെ അവിടെ നടക്കും.
ബർബർ വിസ്കി എന്ന് വിദേശികൾ പേരിട്ടിരിക്കുന്ന വിഭവത്തിന് Atay എന്നാണ് ഇന്നാട്ടുകാർ പേരിട്ടിരിക്കുന്നത്. തിളച്ച വെള്ളത്തിൽ ഗ്രീൻടീയും ധാരാളം പൊതിനയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ഈ ചായ മോറോക്കോയിൽ ഇപ്പോഴും എവിടെയും വിളമ്പുന്നു. പ്രത്യേകതരം ചെറിയ മൊറോക്കൻ ഗ്ലാസുകളിലാണ് ഇത് കിട്ടുക. കപ്പ് മേശപ്പുറത്ത് വച്ചശേഷം കെറ്റിൽ പൊക്കിപ്പിടിച്ച് ചായ പകരുമ്പോൾ ചായക്ക് മുകളിൽ പാത പൊന്തും. കെറ്റിൽ എത്രത്തോളം ഉയർത്തുന്നു എന്നുള്ളത് അതിഥിക്ക് കൊടുക്കുന്ന ബഹുമാനത്തിന്റെയും വിനയത്തിന്റെയും അടയാളമായും കണക്കാക്കപ്പെടുന്നു. പൊതീനയും തേയിലയും മറ്റും ഇതുണ്ടാക്കുന്ന കെറ്റിലിൽ നിന്ന് എടുത്തു മാറ്റാത്തതു കാരണം ഓരോ പ്രാവശ്യവും എടുക്കുന്ന ചായ അതിനു മുൻപുള്ളതിൽ നിന്ന് രുചിവ്യത്യാസമുള്ളതായിരിക്കും. ഇതിനെപ്പറ്റി ഇന്നാട്ടിൽ പ്രസിദ്ധമായ ഒരു പഴഞ്ചൊല്ല് ഇങ്ങന : ആദ്യത്തെ കപ്പ് ജീവിതം പോലെ മധുരം ഉള്ളതും രണ്ടാമത്തേത് പ്രേമം പോലെ ശക്തവും മൂന്നാമത്തെ കപ്പ് മരണം പോലെ തിക്തവും ആയിരിക്കും!

ടൂറിസ്റ്റുകൾ അധികമായുള്ള ഇടങ്ങളിൽ സ്ത്രീകൾ ഒറ്റയ്ക്ക് കഫേകളിൽ കയറുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ നാട്ടുമ്പുറങ്ങളിൽ ഇത് അധികം കാണാൻ കഴിയില്ല. രണ്ട് സ്ത്രീകൾ മാത്രം ഉൾപ്പെട്ട സംഘമായിരുന്നു ഞങ്ങളുടേത്. പക്ഷെ ഒരിടത്തുനിന്നും അതുകൊണ്ടുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇസ്ലാമിക രാജ്യമാണെങ്കിലും ഇവിടെ മദ്യം റസ്റ്റോറൻറ്കളിലും സൂപ്പർമാർക്കറ്റുകളിലും ചെറിയ കടകളിലും ലഭിക്കും.
ഓറഞ്ചും മാതളനാരങ്ങയും ധാരാളമായി കൃഷിചെയ്യുന്ന ഇവിടെ ഇവയുടെ ഫ്രഷ് ജൂസ് വളരെ ജനപ്രിയമായ ഒരു പാനീയമാണ്.
അപ്പോപ്പോൾ ഉണ്ടാക്കിയ ചുടുകുബ്ബൂസാണ് ഇവർ ഒരോ ഭക്ഷണത്തിനൊപ്പവും കഴിക്കുക. പല തെരുവുകളിലും സ്ത്രീകൾ വീട്ടിൽ ഇവ ഉണ്ടാക്കി നീളത്തിലുള്ള ഒരു പലകയിൽ നിരത്തി വെയ്ക്കും. വീട്ടിലെ ആൺകുട്ടികളോ പുരുഷന്മാരോ ഇവ അടുത്തുള്ള പൊതുഒവനുകളിലേക്ക് കൊണ്ട് പോയി ചുട്ടകൊണ്ടുവരുന്നത്. എല്ലാ വീടുകൾക്കും സ്വന്തമായി ഒവനുകളില്ലാതിരുന്ന പഴയ കാലത്ത രീതി ഇപ്പോഴും പിൻതുടർന്ന് വരുന്നു. ഇത്തരം പലകകളുമായി നടന്ന് പോകുന്ന ആൺകുട്ടികളെ ഇടവഴികളിലൂടെ പോകുമ്പോൾ ഇടയ്ക്കിടെ കണ്ടിരുന്നു. മദ്ധ്യദേശത്ത് സാധാരണ കാണുന്ന കുബ്ബൂസിനേക്കാൾ കട്ടിയുള്ളതും സ്പോഞ്ചിയുമാണ് മൊറോക്കൻ ബ്രഡ് ; ഏകദേശം ഒരിഞ്ച് വണ്ണമുണ്ടാവും. ഇത്തരം കുബൂസ് ഉണ്ടാക്കുന്ന ഒരിടത്ത് ഞങ്ങൾക്ക് പോകാനുള്ള സൗകര്യം കിട്ടി. ഇതിന് മുകളിൽ അല്പം കൊത്തിയരിഞ്ഞ ഇറച്ചിയും പച്ചക്കറിയും നിരത്തി വച്ച് പിസ പോലെ ബേക്ക് ചെയ്ത് ചിലർ കഴിക്കുന്നത് കണ്ടു.
സാധാരണ ഹലാൽ മട്ടൺ, ചിക്കൻ എന്നിവ എല്ലായിടത്തും ലഭിക്കുമെങ്കിലും പന്നി മാംസം വലിയ പട്ടണങ്ങളിലെ ധാരാളം വിദേശികൾ എത്തുന്ന റസ്റ്റൊറൻ്റുകളിൽ മാത്രമേ വിളമ്പുന്നുള്ളു. അരി- ഗോതമ്പ് വിഭവങ്ങളായ റവ, കുസ്കുസ്, ബോർഗോൽ എന്നിവ നിത്യോപയോഗസാധനങ്ങളിൽ പെടും.
വളരെ വൈവിദ്ധ്യമുള്ളതും രുചികരവുമാണ് മൊറോക്കൻ ഭക്ഷണം. ഇവിടെയെത്തുന്ന ഓരോരുത്തരും പ്രിയപ്പെട്ട ഓർമ്മയായി കൂടെ കൊണ്ടു പോകുന്നവയിൽ പെട്ടതാണ് ഈ രുചികൾ! കോൺ ആകൃതിയിലുള്ള അടപ്പോടു കൂടിയ പരന്ന കളിമൺ പാചക പാത്രമാണ് റ്റജീൻ. ചിക്കൻ, ബീഫ്, മട്ടൺ, പച്ചക്കറി എന്നിവ പലതരം പലവ്യഞ്ജനങ്ങൾ, ബദാം, ഒലീവ്കായ, ഉണങ്ങിയ ആപ്രിക്കോട്ട് എന്നിവ ചേർത്തുണ്ടാക്കിയ വളരെ കട്ടിയുള്ള ഒരു സ്റ്റൂവാണ് ഈ പാത്രത്തിൽ ഉണ്ടാക്കുന്ന റ്റജിൻ എന്ന് തന്നെ പേരുള്ള വിഭവം. ഈ ഇനത്തിൽപ്പെട്ട ധാരാളം റെസിപ്പികൾ ഉണ്ട്. നാരങ്ങ, കുങ്കുമപ്പൂവ് എന്നിവയാണ് മറ്റു ചേരുവകൾ.
എട്ടാം നൂറ്റാണ്ടു മുതൽ പ്രചാരത്തിലുള്ള വിഭവമാണ് ടജീൻ. ഹറൂൺ അൽ റഷീദിന്റെ കാലത്ത് രചിക്കപ്പെട്ട ആയിരത്തി ഒന്ന് രാവുകളിലെ കഥകളിൽ ഈ വിഭവത്തെപ്പറ്റി പറയുന്നുണ്ട് എന്നത് ഇതിന്റെ ജനപ്രിയതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ഇതിന്റെ കോണാകൃതിയിലുള്ള അടപ്പിൽ തട്ടി ആവി ഘനിഭവിച്ച് ജലമായി പാത്രത്തിലേക്ക് തന്നെ വീഴുന്നു എന്നത് വിഭവത്തിന്റെ രുചി വർദ്ധിപ്പിക്കുന്നു. കച്ചവടക്കാർക്കും നാടോടികൾക്കും മറ്റും മരുഭൂമിയിലെ യാത്രയ്ക്കിടയിൽ ലഭ്യമായ എല്ലാ ചേരുവകളും ഒന്നിച്ചു ചേർത്ത് ഒരു പാത്രത്തിൽ തന്നെ വിറകടുപ്പിലെ ചെറിയ ചൂടിൽ ഭക്ഷണം പാകം ചെയ്ത് എടുക്കാൻ കഴിയുന്നു എന്നുള്ളത് ഈ രീതി കൂടുതൽ പ്രചാരത്തിൽ ആകാനും നൂറ്റാണ്ടുകൾ നിലനിൽക്കാനും സഹായിച്ചു എന്ന് വേണം കരുതാൻ . ഈ നാട്ടിലെത്തിയാൽ റ്റജീൻ കഴിക്കാതെ ആരും മടങ്ങരുത്.
പാരമ്പര്യരീതിയിലുള്ള ഈ പാത്രം സാധാരണ മൺചട്ടി പോലെ പോളിഷ് ചെയ്യാത്തതാണ്. എന്നാൽ മനോഹരമായി തിളങ്ങുന്ന പോളിഷ് ചെയ്തതും അലങ്കാര പണികളോടുകൂടിയതും ആയ പല ഇനത്തിലും തരത്തിലുമുള്ളവയും മരാക്കെഷിലെ മിക്ക തെരുവുകളിലും കണ്ടു.
ബഗ്‌രീർ, പാൻ കേക്കുകൾ, പലതരം പേസ്ട്രികൾ, പഴങ്ങൾ,തൈര് തുടങ്ങിയവയാണ് പ്രാതൽ വിഭവങ്ങൾ. മിക്കവാറും എല്ലാ ദിവസവും ഇവ ഹോട്ടലിലെ മെനുവിലുണ്ടായിരുന്നു.
സിനിമയും സംഗീതപരിപാടികളും വലിയ നഗരങ്ങളിൽ സാധാരണയാണ്. അധികവും ഫ്രഞ്ചുഭാഷയിൽ ഡബ്ബ് ചെയ്തതോ ഫ്രഞ്ച് സബ്ടൈറ്റിലുകൾ ഉള്ളതോ ആയിരിക്കും. പല കടകളിലും അമിതാബ് ബച്ചൻ്റെയോ ഷാരൂഖ്ഖാൻ്റെയൊ പേരു പറഞ്ഞു കൊണ്ടാണ് ഞങ്ങളെ എതിരേറ്റത്. മറ്റു ചിലർ പഴയ ഹിന്ദി പാട്ടുകൾ 2-.3 വരി പാടിക്കേൾപ്പിച്ചു. ബോളിവുഡ് സിനിമകൾ എല്ലാവർക്കും അത്രകണ്ട് സുപരിചിതമാണ്.
ചെറുപ്പക്കാർ ആധുനിക വേഷങ്ങൾ ധരിക്കാറുണ്ടെങ്കിലും വിവാഹിതരും പ്രായമുള്ള സ്ത്രീകളും പാരമ്പര്യ രീതിയിലുള്ള നീണ്ട ഹൌസ് കോട്ട് പോലെയുള്ള വേഷമാണ് അണിഞ്ഞു കണ്ടത്. എല്ലായിടത്തും പ്രസിദ്ധമായ ബ്രാൻഡുകളുടെ വിലകുറഞ്ഞ ഡ്യൂപ്ലിക്കേറ്റുകൾ ധാരാളമായി കണ്ടു. ജെല്ലബ എന്ന് പേരുള്ള നീളത്തിലുള്ള ഹൗസ്കോട്ട് ആകൃതിയുള്ളതും മുൻപിൽ ബട്ടണുകൾ ഉള്ളതുമായ ഹുഡ് ഉള്ള വസ്ത്രം സ്ത്രീപുരുഷന്മാർ ഒരുപോലെ ധരിച്ചു കണ്ടു. ഓരോരുത്തരുടെ നിലവാരവും വിലയും അനുസരിച്ച് ഇതിൽ ധാരാളമായി ചിത്രപ്പണികളും മറ്റലങ്കാരങ്ങളും ഉണ്ടാവും.

ഷൂവിന്റെ തിളക്കത്തിനെയും വൃത്തിയെയും പറ്റിയും നാട്ടുകാർ അതീവ ശ്രദ്ധാലുക്കൾ ആയത് കൊണ്ടായിരിക്കാം ഷൂ പോളിഷ് ചെയ്യുന്നവരെ ഓരോ മുക്കിലും മൂലയിലും കാണാൻ കഴിഞ്ഞത്. ചെറുപ്പക്കാർ ധരിച്ചിരിക്കുന്ന സ്നിക്കറുകൾ പോലും നല്ല വൃത്തിയുള്ളതായിതോന്നി.സാധാരണയായി വീട്ടിനകത്ത് ഇവർ ചെരുപ്പ് ഉപയോഗിക്കാറില്ല. ഇതിനായി പ്രത്യേകമായ ബിൽഗ (Bilgha)എന്ന് പേരുള്ള ഒരു പാദരക്ഷ ഉപയോഗിക്കും. ആണുങ്ങളുടെ ഇടയിൽ മഞ്ഞ നിറത്തിലുള്ളവയാണ് ഏറ്റവും അധികം പേർ ഉപയോഗിക്കുന്നതായി കണ്ടത്. എന്നാൽ സ്ത്രീകൾ അവരുടെ താൽപര്യത്തിനും സ്റ്റൈലിനും അനുസരിച്ച പല നിറങ്ങളും ധരിക്കുന്നു. വെള്ളി കൊണ്ട് ഉണ്ടാക്കിയ പ്രത്യേക ഡിസൈനിലുള്ള ബർബർ ആഭരണങ്ങൾ നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ്.
പച്ച കുത്തുന്നത് ഇവിടെ പ്രായമുള്ള സ്ത്രീകൾക്കിടയിൽ സാധാരണമാണ്. ബർബർ സ്ത്രീകളുടെ ഇടയിൽ കവിളിലും നെറ്റിയിലും താടിയിലും പച്ചകുത്തൽ പതിവാണ്. ഓരോ ഗോത്രത്തിന്റെ തനതായുള്ള ടാറ്റൂവും കൂടാതെ പിശാചുക്കളെ ഓടിക്കാനായി പ്രത്യേക അടയാളങ്ങളും കൂട്ടത്തിൽ പെടും. ഇസ്ലാം മത നിയമപ്രകാരം പച്ചകുത്തൽ അനുവദനീയമല്ല.എന്നാൽ ഇന്നും ഗോത്ര സംസ്കാരം പൂർണമായി കൈ വിട്ടിട്ടില്ലാത്ത ഇവരുടെ ഇടയിൽ ഇത് ധാരാളമായി കണ്ടു.
ചുവന്ന വെൽവെറ്റ് കൊണ്ട് ഉണ്ടാക്കിയ ഫെസ് എന്ന തൊപ്പി മൊറോക്കൊക്കാരുടെ ചിത്രങ്ങളിൽ ധാരാളമായി കണ്ടിരുന്നുവെങ്കിലും ഞങ്ങളുടെ സഞ്ചാരത്തിനിടയിൽ വളരെ കുറച്ച് മാത്രമേ കാണാനായുള്ളൂ. ഇതിൻറെ ഫാഷൻ മങ്ങിക്കൊണ്ടിരിക്കുകയാവാം.
പാരമ്പര്യ രീതിയിലുള്ള, തലമറയ്ക്കുന്ന വസ്ത്രം-ഹിജാബ്- ധരിച്ച ധാരാളം സ്ത്രീകളെ കണ്ടു. ധരിക്കുന്ന വ്യക്തിയുടെയും കുടുംബത്തിന്റെയും തീരുമാനം മാത്രമേ ഇതിന്റെ പിന്നിലുള്ളു. ഭരണാധികാരികൾ ഈ വിഷയത്തിൽ ഇടപെടാറില്ല എന്നാണ് അറിയാൻ കഴിഞ്ഞത് .
മുൻപു യാത്ര ചെയ്ത പല രാജ്യങ്ങളെയും അപേക്ഷിച്ചു സാധനങ്ങളുടെ വിലയും ജീവിതച്ചിലവും ഇവിടെ കുറവാണ്. മൊറോക്കോയിൽ ഷോപ്പിങ്ങിനു പോകുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കുക. വില പേശാൻ അറിയില്ലെങ്കിൽ ധാരാളം പണം നഷ്ടമാകും. വിലപേശൽ ഇവരുടെ ജീവിതത്തിൻ്റ ഭാഗമാണ്. ഞാൻ മുൻപ് പറഞ്ഞതുപോലെ അവിടെയെത്തി രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നത്. ഈ രഹസ്യം ഹോട്ടലിലെ സ്റ്റാഫ് ആണ് പറഞ്ഞു തന്നത്.
എന്തെങ്കിലും വാങ്ങാൻ ഉദ്ദേശിച്ചാണ് കടയിൽ കയറുന്നത് എങ്കിൽ ആ വസ്തുവിൽ അധികം താല്പര്യം കാണിക്കാതെ അതിനേക്കാളും വിലകുറഞ്ഞ മറ്റെന്തെങ്കിലും വസ്തുവിന്റെ വില ചോദിക്കുകയും കച്ചവടക്കാരനോട് അവിടെ കാണുന്ന പല സാധനങ്ങളുടെയും വില ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുക. അല്പം സംസാരിച്ചു കഴിഞ്ഞശേഷം വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വില ചോദിക്കുക. അധികവും യഥാർത്ഥ വിലയുടെ ഇരട്ടിയോ മൂന്നിരട്ടിയോ എങ്കിലും ആയിരിക്കും അയാൾ പറയുക. പകുതിയോ മൂന്നിലൊന്നോ പറഞ്ഞ് അല്പാല്പമായി മുകളിലേക്ക് പോകുക. അറബിഭാഷ സംസാരിക്കാൻ അറിയുമെങ്കിൽ അത് വലിയ വ്യത്യാസം ഉണ്ടാക്കും. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ചെല്ലുന്നവർ പണം കായ്ക്കുന്ന മരങ്ങൾ ആണെന്നാണ് അവിടെയുള്ളവരുടെ വിചാരം. അതുകൊണ്ട് അവരുടെ കയ്യിൽ നിന്നും കൂടുതൽ വില ഈടാക്കിയാലും കുഴപ്പമില്ല എന്ന് ഉള്ള തോന്നൽ ഉള്ളവരാണ് അധികവും. എല്ലാ സാധനങ്ങൾക്കും മൊറോക്കൻ വിലയും ടൂറിസ്റ്റ് വിലയും വ്യത്യസ്തമാണ്. അറബി ഭാഷ സംസാരിക്കുന്ന ഡ്രൈവറോ സുഹൃത്തോ ഉണ്ടെങ്കിൽ അവരെക്കൊണ്ട് വാങ്ങിപ്പിക്കുന്നതായിരിക്കും ഭേദം.

എന്തും രാവിലെ വാങ്ങുന്നതിനേക്കാൾ വൈകുന്നേരം വാങ്ങുമ്പോൾ കുറേക്കൂടി ലാഭകരമായിരിക്കും എന്ന് മറ്റൊരാൾ പറഞ്ഞു തന്നു. എങ്ങനെയും വീട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് കയ്യിലിരിക്കുന്ന സാധനം വിറ്റ് ഒഴിവാക്കി പോകണമെന്ന് ആയിരിക്കുമല്ലോ അപ്പോഴത്തെ മാനസികാവസ്ഥ!
എന്തിനും ഏതിനും ഒരു ചെറിയ തുകയെങ്കിലും ടിപ്പ് ഇന്നാട്ടുകാർ പ്രതീക്ഷിക്കുന്നു. സാധാരണ തൊഴിലാളികൾ വളരെ ചെറിയ ശമ്പളക്കാരാണ്. ഒരു ചെറിയ തുകയെങ്കിലും ടിപ്പ് ആയി കിട്ടിയാൽ അവർ സന്തുഷ്ടരായി.