കടിയങ്ങാട് നിന്ന് പൊരിഞ്ഞ ചൂടിൽ കെ.എസ്. ആർ.ടി.സി ബസ്സിൽ കയറുകയാണ് കേളുമാഷും കൂട്ടുകാരായ മൊയ്തുവും ഗംഗാധരനും. ഗംഗാധരന് സീറ്റ് കിട്ടി. മൂപ്പർ സീറ്റിൽ ചന്തി ഉറപ്പിച്ചശേഷം കേളുമാഷെ നീട്ടി വിളിച്ചു.
“കേളുമാഷേ… ങ്ങള് ഇരിക്ക്ന്നോ.”
ഗംഗാധരൻ ആദ്യം സീറ്റിൽ ചാടിക്കേറി ഇരുന്നതിലെ മന:പ്രയാസം ഉള്ളിലൊതുക്കി കേളുമാഷ് പറഞ്ഞു.
“മാണ്ടാനേ. ങ്ങള് തന്നെ ആട കുത്തിരിക്കി… മ്മക്ക് അത്രേല്ലേ പോണ്ടൂ….”
അടുത്ത് നിന്ന കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോൾ കേളുമാഷ് ഒരല്പം ഉച്ചത്തിൽ പറഞ്ഞു.
“രണ്ട് കല്ലോട് ഒരു മൂരികുത്തി.”
ഉടനെ മൊയ്‌തു ഇടപെട്ട് പറഞ്ഞു,
“മാഷെ ഞാൻ മൂരികുത്തീല് എറങ്ങും. മോളെ പൊരേലൊന്ന് കാരണം.”
കേളുമാഷ് പിന്നെയും കണ്ടക്ടറോട് കുറച്ചുച്ചത്തിൽ പറഞ്ഞു.
“അല്ല കണ്ടക്ടറെ, ടിക്കറ്റൊന്ന് മാറ്റണം, ഒരു കല്ലോട് രണ്ടു മൂരികുത്തി.”
കോട്ടയംകാരനായ, ആ റൂട്ടിൽ ആദ്യമായി ജോലിക്കുവന്ന കണ്ടക്ടർക്ക് കേളുമാഷ് പറഞ്ഞത് തീരെ മനസ്സിലായില്ല.
മൂരികുത്തിയും കല്ലോടും പേരാമ്പ്രയ്ക്കടുത്തുള്ള സ്ഥലനാമങ്ങളെന്ന് മൂപ്പർക്ക് തീരെ തിരിപാടില്ല. തിരക്കിന്നിടയിൽ തന്നെ കളിപ്പിക്കുന്നെന്ന് തോന്നിയിട്ട് ഒരൽപ്പം ദേഷ്യത്തിൽ കണ്ടക്ടർ കേളുമാഷെ നോക്കി, മാഷ്ടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ പറഞ്ഞു.

“മാഷേ ഒരു കല്ലോട് രണ്ടു മൂരികുത്തിയാലും രണ്ടു കല്ലോട് ഒരു മൂരികുത്തിയാലും എനിക്കെന്നാ കാര്യം… നിങ്ങൾ ഇറങ്ങേണ്ട സ്ഥലം പറയൂ മിസ്റ്റർ…!”
ആനയെ വിഴുങ്ങിയ പോലെയായി കേളുമാഷും മൊയ്‌തുവും ഗംഗാധരനും. “ഇക്കുരിപ്പിനെ എന്തുചെയ്യണമെന്ന” മട്ടിൽ മൂവർക്കും കണ്ടക്ടറെ തുറിച്ചുനോക്കാനേ കഴിഞ്ഞുള്ളു. ഒടുക്കം മൊയ്തുവും കേളുമാഷും മൂരികുത്തീലും ഗംഗാധരൻ കല്ലോട്ടും ഇറങ്ങും വരെ കണ്ടക്ടറോടുള്ള താല്പര്യക്കുറവ് അവർ തുടർന്നു.