“ഇതെന്റെ ചരമക്കുറിപ്പാണ്…” ഇത്രയുമെഴുതി പേന താഴ്ത്തി.
എന്തെഴുതാനാണ് !! ഭൂമിയിലെ ഊഴം കഴിഞ്ഞ് മടങ്ങുകയാണ്.
ജീവിതംകൊണ്ട് ഞാൻ സൃഷ്ടിച്ച അടയാളമെന്താണ് ?!
കാലമിനിയും ബാക്കിയില്ലെന്നറിഞ്ഞാകാം,
ഒരുപാടോർമ്മകൾ…മുഖങ്ങൾ…
അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽതെളിഞ്ഞു
മരണംവരെ അവരെന്നെയോർത്ത്
സന്തോഷിച്ചതോർമ്മയില്ല.
അവളെക്കുറിച്ചോർത്താൽ, കരഞ്ഞുകൊണ്ട്
തിരിഞ്ഞുനടന്നതാണ് അവസാനകാഴ്ച.
തോറ്റുപോയ കളിയിടങ്ങൾ.
തലകുനിച്ച തൊഴിലിടങ്ങൾ.
നെഞ്ചുനീറി ഇറങ്ങിപ്പോന്ന ചങ്ങാതിക്കൂട്ടങ്ങൾ…
മുഖംതിരിച്ചുനടക്കുന്ന ബന്ധുജനങ്ങൾ….
ഏകാന്തതയല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലാത്ത കലാലയങ്ങൾ…
വേണ്ട, ഒന്നുമോർക്കേണ്ട.
നീണ്ടൊരു നെടുവീർപ്പോടെ വാചകം പൂർത്തിയാക്കി.
“ഇതുതന്നെയാണ് എന്റെ അടയാളവും. “
ഇറ്റുവീണ കണ്ണുനീർ അക്ഷരങ്ങളെ
പടർത്തിക്കളയുന്നേരം മുകളിൽ തൂങ്ങിയാടുന്ന
കുരുക്കിന്റെ നിഴൽ എന്റെ മേൽ പതിച്ചു നിശ്ചലമായി.
കവര്: സി.പി. ജോണ്സണ്