പൂമുഖം കാർണിവൽ പുസ്തകം കാർണിവൽ നദിയുടെ ഉറവ

കാർണിവൽ നദിയുടെ ഉറവ

ഞങ്ങൾ കണ്ട ഒരു സ്വപ്നമായിരുന്നു അത്. പഠനം ക്ലാസ് മുറിക്കകത്തു മാത്രമല്ല, പുറത്തുമാണെന്ന് തിരിച്ചറിഞ്ഞ കുറേ മനുഷ്യരുടെ സ്വപ്നം. ഞങ്ങൾ അതിനെ കവിതയുടെ കാർണിവൽ എന്നുവിളിച്ചു. സർക്കാർ കലാലയത്തിലെ വിരലിലെണ്ണാവുന്നത്ര അധ്യാപകർ മാത്രമുള്ള ഒരു പഠനവിഭാഗത്തിന് അതേറ്റെടുക്കാനാവുമോ എന്നു ശങ്കയുണ്ടായിരുന്നു. എടുത്താൽ പൊങ്ങാത്ത സ്വപ്നം എന്നു കരുതി മാറിനില്ക്കാൻ തോന്നിയില്ല. ഞങ്ങൾ അത് ഏറ്റെടുത്തു.

‘ആകാശം നോക്കി നടന്ന് പൊട്ടക്കിണറ്റിൽ വീഴാൻ’ വിധിക്കപ്പെട്ട കവികൾക്ക് വർഷത്തിലൊരിക്കൽ സ്വയം ജ്ഞാനസ്നാനം ചെയ്യാനൊരിടം എന്നു ഞങ്ങൾ കവിതയുടെ കാർണിവലിനെ സങ്കല്പിച്ചു. ആ സങ്കല്പനമായിരുന്നു എല്ലാ ആസൂത്രണങ്ങളുടെയും കാതൽ.

കവിതയ്ക്ക് മാത്രമായെന്തിനാണൊരിടം? നമുക്ക് സാഹിത്യോൽസവങ്ങളുണ്ടല്ലോ? അത് പോരേ? ചോദ്യങ്ങൾ ഉയർന്നുവന്നുകൊണ്ടേയിരുന്നു. അത് സ്വാഭാവികവുമായിരുന്നു. ഉത്തരം ലളിതമാണ്. കവിത ഒരു ഒറ്റമരമല്ല. എല്ലാ ജ്ഞാന മേഖലകളിലേയ്ക്കും ബഹുശാഖിയായി പടർന്നു കയറുന്ന വ്യവഹാരമാണ് അത്. മനോഹരമായ എന്തിനെയും ‘കവിത പോലെ’ എന്നു വിശേഷിപ്പിക്കുന്നില്ലേ, കേവലം കവിതയെ മുൻ നിർത്തിയുള്ള ആഘോഷമായല്ല, ജ്ഞാനരൂപങ്ങളുടെ മനോഹാരിതയിലേക്കുള്ള സന്ദർശനമായാണ് കാർണിവൽ വരുന്നത്. ജീവിതത്തിന്റെ എല്ലാ ധർമ്മസങ്കടങ്ങളുടെ ആവിഷ്കാരങ്ങളിലും ഞങ്ങൾ കവിത തിരയുന്നുണ്ട്. അതുകൊണ്ടാണ് സർഗ്ഗാത്മകതയുടെ എല്ലാതരം പടർപ്പുകളും കാർണിവലിനു വിഷയമാകുന്നത്. അങ്ങനെ ഞങ്ങൾ കാർണിവലിനു കുപ്പായം തുന്നി.

ആദ്യത്തെ കാർണിവൽ, പിന്നീട് മധുരമായിത്തീർന്ന ഒരു പേടിസ്വപ്നമായിരുന്നു ഞങ്ങൾക്ക്. ഞങ്ങൾ നോക്കിനില്ക്കേ, കാർണിവൽ നിലത്തിലേക്ക് അവരുടെ വരവുണ്ടായി. ദൈവമേ, ഞങ്ങൾ സ്വയം അമ്പരന്നു നിന്നു: താടി നീട്ടി വളർത്തിയവർ, താടിയേ ഇല്ലാത്തവർ, മുടി ചീകാത്തവർ, ചീകിയൊതുക്കിയവർ,മുടിയേയില്ലാത്തവർ, നീളൻ കുപ്പായമിട്ടവർ, കുപ്പായമിട്ടത് മറന്നുപോയവർ, കണ്ണിൽ തീ പറക്കുന്നവർ, ദൈന്യതയുടെ നിത്യകാമുകർ, സദാ അരക്ഷിതർ,സദാ മറ്റുള്ളവരെ ശിക്ഷിക്കുന്നവർ, അരാജകവാദികൾ… ഒരു പ്രഭാതത്തിൽ പട്ടാമ്പി ഒരു വണ്ടർലാൻ്റായി. മണ്മറഞ്ഞ പുരുഷാന്തരങ്ങൾ അവരുടെ തോളിൽ കയ്യിട്ട് നടക്കുന്നതായി പട്ടാമ്പി അറിഞ്ഞു. കാർണിവൽ, ഞങ്ങൾ പരസ്പരം പറഞ്ഞു, ഇതാണ് കാർണിവൽ. പട്ടാമ്പിപ്പുഴ ഇനിമുതൽ കാർണിവൽപ്പുഴയാണ്.

വന്നിറങ്ങിയവരെക്കണ്ട് എവിടെയെങ്കിലും ഓടിയൊളിച്ചാലോ എന്നുവരെ തോന്നിയവർ അടുത്തക്ഷണത്തിൽ കതിർക്കനമുള്ള ആതിഥേയരായി. കവികൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എന്ന് മനസ്സിൽ ഞങ്ങൾ സ്വാഗതവചനം കുറിച്ചിട്ടു. ഉള്ളിൽ കവിതയുടെ കടലിരമ്പുന്ന മനുഷ്യരെ ചേർത്തു നിർത്താനുളള വിദ്യാഭ്യാസത്താൽ ഒറ്റരാത്രിയിൽ ഞങ്ങളുടെ വിത്തുകൾ പൂമരങ്ങളായി.

പലതായി അഴിഞ്ഞ്, തകർന്ന് അലമ്പിപ്പോകുമായിരുന്ന ആ വലിയ സന്നാഹത്തിന് അക്കാദമികമായ കരുത്ത് പകർന്ന് സ്വയം സമർപ്പിക്കാൻ ഞങ്ങളുടെ മുമ്പിൽ ഒരാളുണ്ടായിരുന്നു : സന്തോഷ് മാഷ് എന്ന ഡോ. സന്തോഷ് എച്ച്. കെ. ഏത് പ്രശ്നങ്ങൾക്കും പ്രായോഗികവും സൈദ്ധാന്തികവുമായ ഉത്തരം നൽകുന്ന ഒരാൾ എന്ന് സന്തോഷ്മാഷിനെ അതിനകംതന്നെ ഞങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. സന്തോഷ് മാഷ് സ്വന്തം അക്കാദമിക ജീവിതം, ഒരിഞ്ചും ബാക്കിയാവാതെ മുഴുവനായിത്തന്നെ, കവിതയുടെ കാർണിവലിനു വേണ്ടി വിട്ടുനൽകി. ഓരോ വർഷവും കാർണിവലിനു മുമ്പേ ആശയ രൂപീകരണത്തിന്റെ ആദ്യത്രെഡുമായി സന്തോഷ് മാഷ് പ്രത്യക്ഷപ്പെടും. ആ തലയിൽ നിന്ന് കാർണിവൽനദി പുറപ്പെട്ടുതുടങ്ങുന്നു. പിന്നീടാണത് സമതലങ്ങളിലൂടെ ഒഴുകി വികസിക്കുക. വലിയ സ്വപ്നങ്ങളുടെ പിന്നിൽ സ്വയം സന്നദ്ധനായി നിൽക്കാൻ എച്ച്. കെ. സന്തോഷിനെപ്പോലെ ഒരാളുണ്ടായി എന്നതാണ് പട്ടാമ്പിയുടെ ഭാഗ്യം.

നിങ്ങൾ കൂടെനിന്നാൽ മാത്രം മതി, ഏത് അസാധ്യതയെയും അയാൾ സാധ്യതയാക്കി മാറ്റും. ഒറ്റ ആലോചനയിൽ അമാവാസി പൗർണമിയാവും.

സന്തോഷ് മാഷ് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്നു. പട്ടാമ്പി കോളേജിന്റെ ചരിത്രത്തെ തനിക്കു മുമ്പും പിമ്പും എന്ന് വിഭജിച്ചുകൊണ്ടാണ് മാഷ് പടിയിറങ്ങുന്നത്. മകരത്തിലെ ഈ കാർണിവൽ ഔപചാരികമായി മാഷിനുള്ളതാണ്. ആ അതുല്യമായ സംഘാടനമികവിനെ, ബൗദ്ധികമായ ഉയരത്തെ ആദരിക്കാനുള്ളതാണ്. ചരിത്രത്തിൽ മനുഷ്യർ ഇടം നേടുന്നത് പലവഴികളിലാണല്ലോ.

മലയാളത്തിൻ്റെ കാവ്യചരിത്രത്തിൽ പട്ടാമ്പി കവിതാ കാർണിവലിനൊരിടമുണ്ടാക്കിയാണ് മാഷ് മലയാളവിഭാഗത്തിൻ്റെ അധ്യക്ഷക്കസേരയിൽനിന്ന് എഴുന്നേല്ക്കുന്നത്.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like