പൂമുഖം LITERATUREലേഖനം മയക്കുമരുന്നിന്റെ മരണത്രികോണം

മയക്കുമരുന്നിന്റെ മരണത്രികോണം

കാഴ്ചയെയും കേൾവിയെയും പൊള്ളിക്കുന്ന വാർത്തകളിലേക്കാണ് നാട് നിത്യവും ഉണരുന്നത്. കൊലപാതകങ്ങൾ, വാഹനാപകടങ്ങൾ, ബലാൽസംഗങ്ങൾ വന്യമൃഗങ്ങളുടെ അക്രമങ്ങൾ, കലോത്സവങ്ങൾ പോലും ചോരക്കളമാക്കുന്ന സംഘടിതരാഷ്ട്രീയ അതിക്രമങ്ങൾ.. തത്സമായകാഴ്ചകളും പ്രതികളോ ആരോപിതരോ ചുരുളഴിക്കുന്ന കൊലക്കഥകളും ആധികാരികമെന്നോണം ആവർത്തിച്ചു പ്രക്ഷേപണം ചെയ്തുകൊണ്ട് വാർത്താലഹരിയിൽ ആറാടുകയാണ് മാധ്യമങ്ങൾ. രാസത്വരകങ്ങളെപ്പോലെയാണ്‌ ഇവ സുപ്തമായ കുറ്റവാസനകളോട് പ്രതിപ്രവർത്തിക്കുന്നത്.

മിക്ക കുറ്റകൃത്യങ്ങളുടേയും പിന്നിൽ രാസലഹരി മരുന്നുപയോഗം പ്രധാന ഘടകം ആവുന്നുണ്ട്.എങ്കിലും ഈ ദിശയിൽ നൂതനമായ ഒരു പ്രതിരോധനടപടി ആശയതലത്തിൽ പോലും ഉയർന്നു വരുന്നില്ല. വാർത്താറിപ്പോർട്ടുകളിലൂടെ നമ്മുടെ സമൂഹത്തിൽ, ലഹരി ഉപയോഗം വലിയ തോതിൽ പിടിമുറുക്കിയിരിക്കുന്നു എന്ന് ഊന്നിപറയാൻ ബന്ധപ്പെട്ടവർ ശ്രദ്ധാലുക്കളാണ്. നമ്മുടെ യുവാക്കൾ ഇനി രക്ഷയില്ലാത്തവിധം കൈവിട്ടു പോയിരിക്കുന്നു എന്ന് ധ്വനിപ്പിക്കുന്നുമുണ്ട്. ഇത് ഒരു മലയാളി അഥവാ കേരളപ്രതിഭാസമായി എടുത്തു പറയുന്നതിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ട്. കേരളത്തിലേക്ക് മരുന്നെത്തുന്ന സ്രോതസ്സുകൾ വലിയ ചർച്ചയാവാറില്ല.

പക്ഷേ നമുക്കതല്ല പ്രശ്നവൽക്കരിക്കേണ്ടതും പരിഹരിക്കേണ്ടതും. സ്രോതസ്സുകളും വിപണനശ്രുംഖലകളും ശക്തവും അന്താരാഷ്ട്രബന്ധമുള്ളവയും രാഷ്ട്രീയ-ഉദ്യോഗസ്ഥസംരക്ഷണം ഉള്ളവയും ആവാം എന്നിരിക്കെ ഏറ്റവും അറ്റത്തു ഉപഭോക്തൃ തലത്തിൽ ആണ് എന്ത് ചെയ്യാൻ കഴിയും എന്ന ആലോചനക്ക് പ്രസക്തി.

കുട്ടിക്കാലം മുതൽ കുട്ടികളെ മയക്കുമരുന്നിന്റെ ആക്രമണത്തിൽ നിന്നും ബാധയിൽ നിന്നും രക്ഷിച്ചെടുക്കണം. അത് വർജിക്കാനുള്ള വിവേകവും ശാസ്ത്രമനോഭാവവും, പ്രായോഗിക ബുദ്ധിയും, ദീർഘ വീക്ഷണവും ശുഭകാംക്ഷയും അവരിൽ വളർത്തണം. പാഠപുസ്തകങ്ങളിൽ ലഹരി പദാർത്ഥങ്ങളെ കുറിച്ചുള്ള കുറിപ്പുകൾ ഉൾപ്പെടുത്തണം.

ഇന്നത്തെ മുതിർന്ന പൗരന്മാർ പഠിക്കുമ്പോൾ “ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്” എന്ന് തുടങ്ങുന്ന ഒരു പ്രതിജ്ഞ രാവിലത്തെ സ്കൂൾ അസംബ്ലിയിൽ കൂട്ടത്തോടെ ചൊല്ലുന്ന പതിവുണ്ടായിരുന്നു. ആ പ്രതിജ്ഞ ഉള്ളിൽ പാകിയ സഹജാവബോധത്തിന്റെയും, രാജ്യസ്നേഹത്തിന്റെയും വിത്തുകൾ വ്യക്തിയോടൊപ്പം വളർന്നു ഇന്നും ഉറച്ച കാതലോടെ ഉള്ളിൽ ഇലവിടർത്തി പന്തലിച്ചു നിൽക്കുന്നുണ്ട് എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയും. അക്ഷരബോധ്യം വന്നതിന് ശേഷം, ഉരുവിട്ട് ഹൃദയത്തിൽ പതിഞ്ഞ ആദ്യത്തെ സാമൂഹ്യജീവനമന്ത്രം മായ്ച്ചു കളയുക എളുപ്പമല്ല. ആ മാതൃക ലഹരിക്കെതിരെയുള്ള പോരാട്ടത്തി ലും സ്വീകരിക്കാം.

സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ / ലഹരി വർജ്ജന പ്രതിജ്ഞ ഏർപ്പെടുത്തണം.

“മയക്കു മരുന്ന് ദോഷകരമാണ്. അവ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളെയും എന്നിൽ നിന്നു തട്ടിപ്പറിക്കും. അതിനാൽ ഞാൻ ലഹരി പദാർത്ഥങ്ങൾ, മയക്കു മരുന്നുകൾ എന്നിവ കഴിക്കുകയോ മറ്റു വിധത്തിൽ ഉപയോഗിക്കുകയോ അവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യില്ല. ഞാൻ മയക്കുമരുന്നു വാങ്ങുകയോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ഇല്ല.”

ഇതുകൊണ്ട് എന്ത് ഫലമുണ്ടാവാനാണ് എന്ന സംശയം തോന്നാം. ഇതിലൂടെ വിഷയം വിദ്യാർത്ഥിക്ക് പരിചിതമാവുന്നു. അതിനെ കുറിച്ച് സംസാരിക്കാൻ അധ്യാപകർക്ക് അവസരം ഉണ്ടാവുന്നു. അവരുൾപ്പെടെ ബന്ധപ്പെട്ട എല്ലാവരും – പി ടി എ കൾ, അതിഥി പ്രസംഗകർ, കൗൺസലിംഗ് നടത്തുന്നവർ എന്നിവർക്ക് കുട്ടികളുമായി സംവദിക്കാൻ തുടർച്ചയായ അവസരങ്ങൾ ഉണ്ടാവുന്നു.

സ്കൂളുകൾ ഡിജിറ്റൽ ആയിക്കൊണ്ടിരിക്കുകയാണ്. ലഹരിവ്യാപാരത്തിന്റെ യാത്രാവഴികളും, കൈമാറ്റ രീതികളും, മരുന്ന് വ്യാപാരികൾ ഒരുക്കുന്ന കെണികളും,ഒരൊറ്റ ഡോസിൽ തന്നെ വിധേയമാവുന്ന മാരകസ്വഭാവവും അനിമേഷനിലൂടെയും, ദൃശ്യങ്ങളിലൂടെയും, പ്രായത്തിനനുസരിച്ചുള്ള ചർച്ചകളിലൂടെയും പകർന്നു നൽകാൻ ഇന്ന് വിദ്യാലയങ്ങളിൽ ഭൗതികസാഹചര്യമുണ്ട്. അത് പ്രയോജനപ്പെടുത്തണം എന്നതാണ് മുഖ്യം.

ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ ഉള്ളപ്പോൾ ആത്മനാശത്തിലേക്കു പതിക്കുവാനുള്ള പ്രേരണ ഉണ്ടാവില്ല. താൽക്കാലിക രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടിയും വിദേശ തൊഴിൽതട്ടിപ്പ്മാഫിയയുടെ ഏജന്റുകളായും “ഈ നാട് ഒന്നിനും കൊള്ളില്ല” എന്ന് പ്രചരിപ്പിക്കുന്നവർ വളർന്നുവരുന്ന തലമുറയോട് ചെയ്യുന്നത് വലിയ കുറ്റമാണ്. എളുപ്പത്തിലുള്ള ബഹിർഗമനമാർഗങ്ങൾ പ്രാപ്തമല്ലാത്ത വലിയൊരു വിഭാഗം പെട്ടെന്ന് നൈരാശ്യത്തിലേക്കു വീഴുവാനും ഇതുപോലുള്ള കുമാർഗങ്ങൾ തേടുവാനും ഉള്ള സാധ്യത സൃഷ്ടിക്കപ്പെടുന്നു.

നിയമത്തിന്റെ അപര്യാപ്തതയെ കുറിച്ചും സ്ഥാപനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മയെ കുറിച്ചും ഒന്നും പരാമർശിക്കാൻ തോന്നുന്നില്ല. അവ ഇത്രകാലവും സമ്പൂർണ പരാജയമായിരുന്നു എന്ന് നിർലജ്ജം സാക്ഷ്യം പറയുമ്പോൾ എന്തിന് വാക്കുകൾ പാഴാക്കണം! ഒറ്റപ്പെട്ട വ്യക്തികളെ കസ്റ്റഡിയിൽ എടുക്കുന്നതല്ലാതെ സംസ്ഥാനത്തേക്കുള്ള വിതരണശ്രുംഖലയെയോ മൂല സ്രോതസ്സുകളെയോ നിയമത്തിനു മുൻപിൽ കൊണ്ടുവരാനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിക്കാണുന്നില്ല.

ടിബറ്റ് അക്രമണത്തിന് ശേഷം യാതൊരുവിധ പ്രതിരോധവും ഉണ്ടാവാതിരിക്കാൻ അവിടത്തെ യുവതയെ മയക്കുമരുന്നിനു അടിമപ്പെടുത്തുകയാണ് ചൈന ചെയ്തത് എന്ന് ദലൈലാമ എഴുതിയിട്ടുണ്ട്. സൈന്യത്തിലും കായിക രംഗത്തും ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ നിന്ന പഞ്ചാബിലെ യുവാക്കൾ പിന്തള്ളപ്പെട്ടതിന്റെ പിന്നിൽ അവർക്കിടയിൽ വർധിച്ച മയക്കുമരുന്നുപയോഗം ആണെന്ന് കാണാം. ഖാലിസ്താൻ പ്രക്ഷോഭത്തിന് ശേഷം തല്പരകക്ഷികൾ ബോധപൂർവം അവിടെ മയക്കുമരുന്നു വ്യാപനം നടത്തിയെന്ന അപവാദം ഉണ്ട്. സാമൂഹ്യ വികാസത്തിന്റെ മിക്ക സൂചികകളിലും മുന്നിൽ നിൽക്കുന്ന, രാജ്യത്തിനു പുറത്തു മികച്ച അതിജീവനക്ഷമത പ്രകടിപ്പിക്കുന്ന ഈ കൊച്ചു സംസ്ഥാനത്തിലെ യുവാക്കൾക്കെതിരെയും ഉണ്ടാവുമോ ഗൂഢപദ്ധതികൾ?

ഇതിനിടയിൽ കുട്ടികളിൽ ലഹരിമരുന്നുകളുടെ സാന്നിധ്യം പരിശോധിക്കാൻ ഉള്ള Drug test kit കളുടെ പ്രചാരം വർ ധിക്കുന്നു എന്ന വാർത്തയും വരുന്നു. അതു മറ്റൊരു തരത്തിലുള്ള ആശങ്ക ഉളവാക്കുന്നുമുണ്ട്. കുട്ടികൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നും കുടുംബ ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നും ഗൗരവമായ വിഷയങ്ങൾ ആണ്.

നാടിന് നാളത്തെ പൗരന്മാരെ വേണം. നാളത്തെ പൗരന്മാർക്ക് മുൻതലമുറയിൽ നിന്നു വ്യത്യസ്തമായി വിശാലവും വൈവിധ്യമാർന്നതും ആയ ആഗോള ജീവിതസാഹചര്യങ്ങൾ മുന്നിൽ തുറന്നു കിടക്കുകയാണ്. അതിൽനിന്നു തങ്ങളുടെ ഹ്രസ്വലാഭത്തിനു വേണ്ടി അധോലോകവും, മത, രാഷ്ട്രീയ, തീവ്രവാദ പ്രസ്ഥാനങ്ങളും അവയുടെ സ്പോൺസർമാരും ചേർന്ന് നെയ്തെടുത്ത മയക്കുമരുന്നു വ്യാപാരശ്രുന്ഖലയിൽ നിന്നു നമ്മുടെ കുട്ടികളെയും കൗമാരയൗവനങ്ങളേയും രക്ഷിക്കുക.

Catch them young.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like