പൂമുഖം INTERVIEW പ്രതീക്ഷകള്‍ ഇടതുപക്ഷത്തില്‍ തന്നെ

പ്രതീക്ഷകള്‍ ഇടതുപക്ഷത്തില്‍ തന്നെ


അശോക്‌ മിത്രയും പ്രസൻജിത് ബോസും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രണ്ടു തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. 84 കാരനായ മിത്ര അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും പശ്ചിമ ബന്ഗാളിൽ 1977 -87 കാലത്ത് ധനകാര്യ മന്ത്രിയും ഇന്ദിരാ സര്ക്കാരിന്റെ മുഖ്യ സാമ്പത്തിക കാര്യ ഉപദേഷ്ടാവുമായിരുന്നു. 38 കാരനായ പ്രസൻജിത് ബോസ് സി പി എം ന്റെ ഗവേഷണ വിഭാഗത്തിന്റെ മുൻ കൺവീനർ. പ്രണബ് മുഖർജിയുടെ പ്രസിഡണ്ട്‌ സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങിയതിനെ വിമർശിച്ചു പ്രസന്‍ജിത്തിനെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവിടെ ഇരുവരും ഇന്ത്യൻ ഇടതുപക്ഷത്തില്‍ ഇനി എന്ത് വേണമെന്ന് പരിശോധിക്കുന്നു. ഇന്ത്യ ടുഡേയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ മലയാള പരിഭാഷ.


 

37-con-ashok-mitra-1_660_121312104944

പ്രസന്‍ജിത്ത് : കഴിഞ്ഞ 4 കൊല്ലങ്ങളായി നാം ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണ്. സോവിയെറ്റ് യൂണിയന്റെ പതനത്തിനു ശേഷം ഉണ്ടായ വിജയോന്മാദം….. ഫ്രാൻസിസ് ഫുകുയാമ അതിനെ ചരിത്രത്തിന്റെ അന്ത്യം എന്ന് വിളിച്ചു. ഈ സൂചനയെ ഇന്നത്തെ പ്രതിസന്ധിയിൽ താങ്കൾ എങ്ങിനെയാണ് നോക്കി കാണുന്നത്?

മിത്ര: അമേരിക്കയിലെയും യൂറോപ്പിലേയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ, മുതലാളിത്തത്തിന്റെ അവസാന ഘട്ടത്തെ കുറിച്ച് മാർക്സ്‌ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുകയാണ്. ലാഭനിരക്കുകൾ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. മാർക്സിന്റെ പ്രവചനം യഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. യു എസിന്റെ അവസ്ഥ തന്നെ നോക്കൂ. അമേരിക്കൻ ഗുരുക്കന്മാരുടെ നിർദേശങ്ങൾ പിന്തുടരുകയാണ് യൂറോപ്യന്മാർ. പക്ഷെ രക്ഷയില്ല. തൊഴിൽ കുറയുന്നു. വളർച്ച സ്തംഭനാവസ്ഥയിലാണ്. മുതലാളിത്തത്തിന്റെ സ്തുതി പാഠകർ എന്തൊക്കെ പറഞ്ഞാലും 150 വര്‍ഷങ്ങള്‍ക്ക് മുൻപ് മാർക്സ് കണക്കു കൂട്ടിയിടത്തേക്കാണ് ലോകം ഇപ്പോള്‍ എത്തിച്ചേരുന്നത്.

അതെ, മാർക്സിസത്തിന്റെ താത്വികമായ താല്പര്യങ്ങൾ മാത്രമല്ല തിരിച്ചു വരുന്നത്‌. ലോകത്തെമ്പാടും പൊട്ടി മുളക്കുന്ന ബഹുജന പ്രക്ഷോഭങ്ങൾ, തൊഴിലാളി സമരങ്ങൾ, രാഷ്ട്രീയ മാറ്റങ്ങൾ… ലോകശ്രദ്ധ പിടിച്ചു പറ്റിയ വാൾസ്ട്രീറ്റ് പ്രക്ഷോഭം.. അങ്ങനെ പലതും. താങ്കളുടെ അഭിപ്രായത്തിൽ നാം രാഷ്ട്രീയ രംഗത്ത് ഇന്ന് ഈ കാണുന്നതൊക്കെ ഒരു നൂറ്റാണ്ടു മുൻപ് കണ്ട വിപ്ലവ രാഷ്ട്രീയത്തിന്റെ തിരിച്ചു വരവാണോ, അതോ നൂതനമായ പ്രവണതകളാണോ?

മിത്ര : 20 ആം നൂറ്റാണ്ടിന്റെ ഭൂരിഭാഗവും നടന്നതും ഇപ്പോൾ നടക്കുന്നതും തമ്മിൽ സാരമായ ചില ഗുണഭേദങ്ങൾ ഉണ്ട്. സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഗുരതരമായ ഫലങ്ങൾ. ഞാൻ അതിനെ ആഗോളവൽക്കരണം എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ല. കാരണം ആഗോളവല്ക്കരണം എന്ന് ആദ്യം ആശയം കൊണ്ടത്‌ മാർക്സ് ആണ്. അദ്ദേഹം തൊഴിലാളി വർഗത്തിന്റെ ആഗോളവൽക്കരണം ഭാവന ചെയ്തു. ഇന്ന് ബഹുജനത്തിന്റെ പ്രശ്നങ്ങളും അസംതൃപ്തിയും കേന്ദ്രീകരിച്ചു പല രാഷ്ട്രങ്ങളിലും നിരവധി പ്രക്ഷോഭങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പക്ഷെ അവയുടെ സംയോജനം നടക്കുന്നില്ല. 20 ആം നൂറ്റാണ്ടിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ കൊടിക്കീഴിൽ വിവിധ രാജ്യങ്ങളിൽ വിപ്ലവങ്ങൾ നടന്നത് പോലെ സംഭവിക്കുന്നില്ല. അത് പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നു. ജനം ഒരു പകരത്തിനു വേണ്ടി ഉഴറുകയാണ്. അത് നിവർത്തിക്കുവാ ൻ കമ്മ്യൂണിസ്റ്റ്‌ പാർടികൾക്ക് കഴിയുന്നില്ല എന്നത് ഖേദ കരമായിരിക്കുന്നു. ഇത് നിഷേധിക്കാനാവാത്ത വസ്തുത തന്നെയാണ്.

കഴിഞ്ഞ ദശാബ്ദത്തിൽ നവലിബറൽ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നടന്നത് ലാറ്റിൻ അമേരിക്കയിലാണ് എന്ന് താങ്കൾ എഴുതിയിരുന്നു. ആ പ്രദേശം പ്രകടമായും ഇടതുരാഷ്ട്രീയത്തിലേക്ക് ചാഞ്ഞിരുന്നു. പക്ഷെ, ബ്രസീലിലേയും അർജെന്റീനയിലെയും മിതസോഷ്യൽ ഡെമോക്രാറ്റിക് ഭരണകൂടങ്ങളോ, വെനെസുലയിലെയും ബൊളിവിയയിലെയും തീവ്രഭരണകൂടങ്ങളോ പരമ്പരാഗത കമ്മ്യൂണിസ്റ്റ്‌ പാർടികളല്ല നയിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്. ക്യുബയും ഘടനാപരമായ മാറ്റങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. 20 ആം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ മിക്കവയും സോവിയറ്റ് മാതൃകയെ പിന്‍തുടർന്നപ്പോൾ ആധുനിക കാലത്തെ ഇടതു ഉണർച്ചകൾ സോവിയറ്റ് മാതൃകയിൽ നിന്ന് പലപ്പോഴും വേറിട്ട്‌ സഞ്ചരിക്കുന്നു. അത് ആവശ്യമാണെന്ന് തോന്നുന്നുണ്ടോ?

മിത്ര : ലാറ്റിനമേരിക്കൻ സമരങ്ങളെ കുറിച്ച് ഒന്ന് കൂടി പറയാം. ഫിഡൽ കാസ്ട്രോ കമ്മ്യൂണിസ്റ്റ്‌ മുഖ്യധാരയിൽ നിന്ന് വേറിട്ട്‌ നിന്ന ആളാണ്‌. മുഖ്യകമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ ഊന്നി തുടങ്ങിയ അദ്ദേഹത്തിന് ആദ്യം ചില അകൽച്ചകൾ ഉണ്ടായിരുന്നു. പിന്നീട് വിപ്ലവം വിജയിച്ചപ്പോഴാണ് കമ്മ്യുണിസ്റ്റുകൾ കാസ്ട്രോ പ്രസ്ഥാനവുമായി ഐക്യപ്പെട്ടത്‌. സോവിയെറ്റ് യൂനിയൻ ഇല്ലാതായിട്ടും അതിൻറെ ഹാങ്ങ്‌ ഓവർ ഇല്ലാതായിട്ടില്ല എന്നതാണ് ഞാൻ അടിസ്ഥാന പ്രശ്നമായി കാണുന്നത്. പാർടിഘടനയിലും ജനങ്ങളോടുള്ള സമ്പർക്കത്തിലും അത് പുതിയ പരീക്ഷണങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. ചില ദേശങ്ങളിൽ പ്രസ്ഥാനങ്ങൾ പ്രതിലോമ ശക്തികളുമായി സമരസപ്പെട്ടു വർത്തിക്കുന്ന ഉദാഹരണങ്ങൾ ഉണ്ടാവാം. പക്ഷെ നാം അതിൽ നിന്ന് മാറണം. അത്തരം ശക്തികളെ എതിർത്ത് തോൽപ്പിക്കണം. അത് സാധ്യമാവണമെങ്കിൽ രാജ്യത്തെ എല്ലാ വിഭാഗങ്ങളു മായി നിരന്തരമായ സമ്പർക്കം പുലരേണ്ടിയിരിക്കുന്നു. പഴയ കമ്മ്യൂണിസ്റ്റ്‌ പാർടിയുടെ ഘടനയോടും അച്ചടക്കത്തോടും ചേർന്ന് നിൽക്കുകയാണെങ്കിൽ അത് അസാധ്യമാവും.

താങ്കൾ ഉന്നയിച്ചത് ആഴത്തിൽ വിശകലനം ചെയ്യേപ്പെടേണ്ട വിഷയമാണ്. കേന്ദ്രീകൃത ജനാധിപത്യം എന്ന് കമ്മ്യൂണിസ്റ്റ്‌ പാർടികൾ വിശേഷിപ്പിക്കുന്ന ഘടനയേയും അച്ചടക്കത്തേയും മാത്രം സംബന്ധിക്കുന്നതാണോ ഇത്? അതോ ഏക പാർട്ടി സ്റ്റേറ്റ് ആയ സോവിയറ്റ് യൂണിയൻ പ്രതിനിധീകരിച്ച സോഷ്യലിസ്റ്റ്‌ ആശയ -വീക്ഷണങ്ങളെ കുറിച്ചുള്ളതോ? മുകളിൽ നിന്ന് താഴേക്കു സംക്രമിപ്പിക്കപ്പെടുന്ന സോഷ്യലിസം. ആ രാജ്യത്ത് അത് ജനങ്ങളെ അന്യവൽക്കരിക്കുന്നതിലും സോവിയറ്റ് യൂണിയന്റെ പതനത്തിലും അവസാനിച്ചു. ഇന്നത്തെ ചൈനയെ നോക്കാം. ചൈന ആഗോളവൽക്കരണത്തിനൊപ്പം നടന്നു എന്നും ഏറെ നേട്ടങ്ങൾ കൈവരിച്ചു എന്നും പലരും കരുതുന്നു. പക്ഷെ ചൈനയിൽ പല മുഖ്യ വൈരുധ്യങ്ങളും തലനീട്ടുന്നു . രാജ്യത്തെ വികസന നയത്തെ കർഷകരും തൊഴിലാളികളും എതിർക്കുന്നു. വിമര്ശനങ്ങളെ അടിച്ചമർത്തുന്ന പ്രവണത കൂടി വരുന്നു. സ്റ്റേറ്റ് ജനങ്ങളിൽ നിന്ന് കൂടുതൽ അകന്നു. എല്ലാം കൊണ്ടും സോഷ്യലിസം കൂടുത്തൽ ജനാധിപത്യപരവും സുതാര്യവും ആവണമെന്നതിനെ കുറിച്ച് പുനർവിചിന്തനം ആവശ്യമായിരിക്കുന്നു.

മിത്ര : കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഘടകങ്ങളും ജനങ്ങളും തമ്മിലുള്ള വിനിമയത്തെ വിശദമായ ചർച്ചക്കു വിധേയമാക്കണം. ഇത് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശ്നമാണ്. ഇന്നത്തെ ബഹുകക്ഷി സംവിധാനത്തിൽ ഇതിനു വലിയ പ്രാധാന്യമുണ്ട്. പാർടിക്കുള്ളിൽ ചര്ച്ചകളും തിരുത്തലുകളും നടത്താറുണ്ട്‌. അത് പാർട്ടിക്ക് ബോധ്യപ്പെടുന്നതിനു ഉതകുന്നതാണ്. പക്ഷെ അതൊന്നും ജനങ്ങളുമായി പങ്കു വെക്കുന്ന പതിവില്ല. പാർടി എന്തുകൊണ്ട് ചില തീരുമാനങ്ങൾ കൈക്കൊണ്ടു എന്ന് അറിയാൻ ജനങ്ങൾക്ക്‌ താല്പര്യം ഉണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടത് അത്യന്താ പേക്ഷിതമായ കാര്യമാണ്. മറുവശത്ത് ഒരു വിപ്ലവ കക്ഷിക്ക് മിനിമം അച്ചടക്കം വേണമെന്നത് ഞാൻ അംഗീകരിക്കുന്നു. അത് കൂടാതെ മുന്നോട്ടു പോകാൻ കഴിയുകയില്ല. അച്ചടക്കം നിലനിർത്തുകയും അത് ജനതാല്പര്യം തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആവുകയും ചെയ്യുക എന്നതാണ് പാർട്ടിക്ക് മുന്നിലെ വെല്ലുവിളി.

താങ്കൾ പറഞ്ഞതു പ്രകാരം വർത്തമാനകാലത്തെ ഒരു സുപ്രധാന ഘടകം വിവരസാങ്കേതിക മേഖലയിലെ വിപ്ലവമാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ പോലും ഇന്റർനെറ്റ്‌ അതിവേഗം വർദ്ധിക്കുകയാണ്. ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറം തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും ചർച്ചകളിൽ പങ്കെടുക്കുവാനും എല്ലാ രാജ്യങ്ങളിലെയും പൌരന്മാർക്ക് സാധ്യത കൈവന്നിരിക്കുന്നു. ഇന്ത്യക്കാരനും ചൈനക്കാരനും അമേരിക്കൻ – ലാറ്റിനമേരിക്കൻ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. ചില ബുദ്ധിജീവികൾ തലപ്പത്തിരുന്നു ഒരു പ്രസ്ഥാനത്തിന്റെയോ രാഷ്ട്രത്തിന്റെയോ ഭാഗധേയം നിശ്ചയിക്കുകയും മറ്റുള്ളവർ അത് അതേപടി അംഗീകരിക്കുകയും ചെയ്യുക എന്നത് അവസാനിക്കുകയാണ്. അതേസമയം താഴെ നിന്ന് അഭിപ്രായങ്ങളും നിരൂപണങ്ങളും മുകളിലേക്ക് എത്തിക്കാനുള്ള ഫലപ്രദമായ സംവിധാനത്തിന്റെ അഭാവവും ഉണ്ട്. ഈ ഗുരുതരമായ പ്രശ്നം കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും കണക്കിലെടുക്കുന്നുണ്ടോ?

മിത്ര : സോവിയറ്റ് അനുഭവത്തിൽ നിന്ന് ശരിയായ പാഠം പഠിക്കേണ്ടതായിരുന്നു. സോവിയറ്റ് പതനത്തിന്റെ ശരിയായ ഉത്തരവാദി Voice of America ആയിരുന്നു. നിങ്ങള്ക്ക് അതിർത്തികൾ മുദ്രവെക്കാം, പുസ്തകങ്ങളും സിനിമകളും നിരോധിക്കാം. പക്ഷെ ‘വോയിസ്‌ ഓഫ് അമേരിക്ക’ യെ തടയാനാവില്ല. ഈ പ്രതിഭാസത്തെ കുറിച്ച് 40 വര്‍ഷങ്ങള്‍ക്ക് മുൻപേ നാം ചിന്തിക്കേണ്ടാതായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

നിരോധനവും സെന്‍സറിങ്ങും അല്ല സമൂഹത്തിനു പറഞ്ഞിട്ടുള്ളത്. അത്എപ്പോഴും സ്വതന്ത്രമായിരിക്കണം.

മിത്ര : ഈ രാജ്യത്ത് 500 ഗ്രാമങ്ങളുണ്ട്. ടെലികമ്മ്യൂണിക്കേഷൻ പലയിടത്തും എത്തുന്നതേയുള്ളൂ. നാം ഇതര മാർഗങ്ങൾ ആലോചിക്കണം. ഓരോ മൂലയിലും അറിവിന്റെ വ്യാപനം എത്തിക്കാനായി അവിടങ്ങളിൽ ഉള്ള അനുഭാവികളുടെ സേവനം നമുക്ക് പ്രയോജനപ്പെടുത്താൻ കഴിയണം.

ഗ്രാമങ്ങളെ കുറിച്ച് പറയുമ്പോൾ ഇന്ത്യയിൽ ഇന്ന് എന്താണ് നടക്കുന്നത് എന്ന് നോക്കാം. ആഗോളമുതലാളിത്തം പ്രതിസന്ധിയിൽ ആണ്; ഇതുവരെ കരകയറാൻ കഴിഞ്ഞിട്ടില്ല. ലാറ്റിൻ അമേരിക്കയിൽ ഒരു ഇടത് ഉയിർത്തെഴുന്നേൽപ്പ് പ്രകടമാണ്. യൂറോപ്പിൽ ഗ്രീസ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങി ചിലയിടത്തെങ്കിലും ഇടതു നേതൃത്വത്തിലുള്ള ബഹുജനപ്രസ്ഥാനങ്ങൾ ശക്തിയാർജിക്കുന്നു. പക്ഷെ ഇന്ത്യയിൽ ചിത്രം വ്യത്യസ്തമാണ്. കോൺഗ്രസ്സിന്റെ അവസാന മൂന്നു വർഷങ്ങളിൽ സാമ്പത്തിക നില ദുർബ്ബലമായി. പണപ്പെരുപ്പം വർദ്ധിച്ചു. വളർച്ച മന്ദഗതിയിലായി. വിദേശ കടം പെരുകി. ഈ പരിതസ്ഥിതിയിൽ ചലനാത്മകമായ ഒരു ഇടതു പ്രസ്ഥാനം ഉരുത്തിരിഞ്ഞു ശക്തിയാർജിക്കുന്നില്ല. അതിലെ വൈരുദ്ധ്യം കാണുന്നില്ലേ? എന്ത് കൊണ്ടാണ് നമ്മുടെ രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത്‌ ?

മിത്ര : മുഖ്യമായും രണ്ടു ഘടകങ്ങൾ ഉണ്ട്. ഇന്ത്യയിലെ സാധാരണക്കാർ പ്രതീക്ഷ അർപ്പിച്ചിരുന്ന കമ്മ്യുണിസ്റ്റ് പാർടി മറ്റെല്ലാവര്‍ക്കും മുൻപേ ഈ സാഹചര്യങ്ങൾ സമർത്ഥമായി വിശകലനം ചെയ്തിരുന്നു. ഇന്ത്യൻ വ്യവസ്ഥിതിയിലെ ജാതി -വർഗ ദ്വന്ദങ്ങൾ തിരിച്ചറിഞ്ഞിരുന്നു. നൂറുകണക്കിന് ഗ്രാമങ്ങളിലെ തൊഴിലാളികൾ ഒരുമിക്കുന്നതിന് വിഘാതമായി നില്ക്കുന്നത് ജാതിയാണെന്ന് കമ്മ്യൂണിസ്ടുകൾ കണ്ടെത്തിയിരുന്നു. പക്ഷെ കഴിഞ്ഞ 60-70 വര്ഷ കാലത്ത് ഈ പ്രശ്നം പരിഹരിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഈ അവസരം വിഭാഗീയ കക്ഷികൾ മുതലെടുക്കുകയും ചെയ്തു. രണ്ടാമത്തേത് ഇന്ത്യൻ മനസ്സിൻറെ ശാപമായ വിഗ്രഹാരാധനയാണ്. ആദരവും അനുസരണയുമാണ് നമ്മുടെ പ്രകൃതം. നേതാക്കളുടെ വാക്കുകൾ നമ്മൾ മുഖവിലക്കെടുക്കുന്നു രണ്ടു മുഖ്യപാര്ടികളുടെയും നേതാക്കൾ നിരുത്തരവാദിത്തം കാണിച്ചിട്ടുണ്ട്. എങ്കിലും അവർ തലസ്ഥാനത്ത് തുടരുന്നു. മുകളിൽ എന്തൊക്കെയോ ക്രമക്കേട് നടക്കുന്നുവെന്നു ജനങ്ങൾക്കറിയാം. പക്ഷെ തിരുവായ്ക്കെതിർവാ പറയുന്നതെങ്ങിനെ എന്നാണവരുടെ സങ്കോചം.

“INDIA AGAINST CORRUPTION ” പ്രസ്ഥാനം അങ്ങനെയുള്ള മാമൂലുകൾ പുലർത്തുന്നില്ല?

മിത്ര : അഴിമതി ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആർക്കും വലിയ പരാതിയൊന്നും ഇല്ല. പക്ഷെ, അഴിമതിയെ വെച്ച് പൊറുപ്പിക്കുന്ന സാമ്പത്തിക വ്യവസ്ഥക്ക് അധികകാലം നിലനില്പ്പില്ല. അതിനെ പ്രവർത്തിപ്പിക്കുന്ന യന്ത്രം തന്നെ അധികം താമസിയാതെ നിശ്ചലമാവും.

ഇനിയുള്ള ചർച്ചകളിൽ മുൻഗണന നേടുക ഗവണ്മെന്റുകൾ നടപ്പിലാക്കുന്ന നവ ലിബറൽ നയങ്ങളും അഴിമതിയും തമ്മിലുള്ള ബന്ധമാണ്. സ്പെക്ട്രം അഴിമതിയാവട്ടെ, കെ ജി ബേസിൻ വിവാദമാവട്ടെ, എല്ലായിടത്തും വന്കിട കോർപറേറ്റുകളും ഭരണവർഗ്ഗവും തമ്മിലുള്ള വേഴ്ചയാണ് പുറത്തു കൊണ്ടുവരുന്നത്. കോൺഗ്രസ്‌, ബി ജെ പി എന്നിവയിൽ തുടങ്ങി ചെറു പ്രാദേശിക കക്ഷികൾക്ക് വരെ ഇതിൽ പങ്കാളിത്തം ഉണ്ട്.

മിത്ര : ഇവിടെയാണ്‌ ധാർമികതയുടെ ച്യുതി കാണുക. പകരം സംവിധാനവുമായി വരേണ്ട ഇടതു പക്ഷം ശിഥിലമാണ്. ഇത് അഴിമതിയെ വർദ്ധിപ്പിക്കുന്നു. വൻകിടക്കാരും സർക്കാരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ പരസ്യമായി തന്നെ നടക്കുന്നു. എതിര്ക്കാൻ കഴിവുള്ളവർ പോലും മൌനം പാലിക്കുന്നു. ഈ ഘട്ടത്തിൽ ജനം ഇടതുപക്ഷത്തിൽ നിന്ന് രാഷ്ട്രീയവും ധാർമ്മികവും ആയ ബദൽ നേതൃത്വമാണ് കാംക്ഷിക്കുന്നത്.

ഇടതിനുള്ളിൽ തന്നെ പ്രതിസന്ധി ഉണ്ടെന്നാണോ?

മിത്ര : ഈ ദുർഭരണത്തിൽ കാഴ്ച്ചക്കാരാവാനാണ് ഇടതുപക്ഷം തീരുമാനിക്കുന്നതെങ്കിൽ നിരാശ മാത്രമായിരിക്കും ബാക്കി.

കാലവും ലോകവും മാറുമ്പോൾ ആഗോളവൽക്കരണത്തിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ഇടതു പക്ഷവും മാറണം. ഏതു ദിശയിൽ എന്നതു പരിശോധനക്ക് വിധേയമാണ്. ഇന്നും സമൂഹത്തിൽ, യുവാക്കൾക്കിടയിൽ, കർഷകർക്കും തൊഴിലാളികൾക്കും മധ്യവർഗ്ഗത്തിനും ഇടയിൽ കമ്യുണിസ്റ്റ് മൂല്യങ്ങൾക്ക് മതിപ്പുണ്ട്. 70 കളിലും പിന്നീട് രാജീവ്‌ ഗാന്ധി – വി പി സിംഗ് കാലത്തും അഴിമതിക്കെതിരെ ആഞ്ഞടിക്കുന്ന പ്രക്ഷോഭങ്ങൾ ഉണ്ടായപ്പോൾ ജ്യോതി ബാസുവിന്റെയും ഇ എം എസിന്റെയും ശബ്ദം ഉയർന്നു കേട്ടിരുന്നു. ആഗോളവൽക്കരണവുമായി ഒത്തുപോവാൻ പരിവർത്തനപ്പെടുന്നതിനിടയിൽ ഇന്ത്യൻ ഇടത് എതിർപ്പും സമരോത്സുകതയും കൈവിട്ടുവോ?

മിത്ര : വ്യവസ്ഥിതിയിൽ വ്യാപകമായ അഴിമതി നമ്മുടെ പ്രസ്ഥാനത്തിലേക്കും കിനിഞ്ഞിറങ്ങിയിട്ടുണ്ടാവാമെന്നു ചില അശ്രദ്ധമായ പ്രസ്താവനകൾ ചില ഇടതു പക്ഷക്കാരിൽ നിന്ന് കേൾക്കാനിടയായതാണ് എന്നെ ഏറെ വിഷമിപ്പിക്കുന്നത്. അരുത്; നമ്മുടെ പാർട്ടിക്ക് പിഴക്കരുത്. ‘ചുറ്റും എന്തും ആയിക്കോട്ടെ, നാം ഇടതു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ ആയതു കൊണ്ട് നമുക്ക് ചില സ്ഥായിയായ മൂല്യങ്ങളെ മുറുകെ പിടിച്ചേ പറ്റു’ എന്നായിരിക്കണം നമ്മുടെ നിലപാട് .അത്തരം പ്രസ്താവനകൾ പുറപ്പെടുവിക്കാൻ ജനങ്ങളോട്, തൊഴിലാളികളോട് ചേർന്ന് നില്ക്കുന്ന ഒരുപാർടിക്കേ കഴിയുകയുള്ളൂ. ജനങ്ങളെ വിശ്വാസത്തിലെടുക്കുക, അവരുമായി നിരന്തരം സമ്പർക്കം പുലർത്തുക. അപ്പോൾ പാർടിയെ അവർ നിർത്തിക്കൊളളും.

ഏഷ്യയിൽ തന്നെ ഏറ്റവും കാലം നിലനിന്ന ഒരു കമ്മ്യുണിസ്റ്റ് സർക്കാർ ആയിരുന്നു പശ്ചിമ ബംഗാളിലേത്. മൂന്ന് ദശാബ്ദങ്ങൾ! അതിൽ ഒരു ദശാബ്ദക്കാലം താങ്കൾ ധനകാര്യ മന്ത്രി ആയിരുന്നു. എല്ലാ വിഭാഗങ്ങൾക്കും വേണ്ടി ഒരുപാടു വാഗ്ദാനങ്ങളാണ് കമ്മ്യുണിസ്റ്റ് സർക്കാർ മുന്നോട്ടു വെച്ചത്. ആദ്യ ഘട്ടത്തിൽ അത് കുറേയൊക്കെ പാലിക്കപ്പെടുകയും ചെയ്തു. ഇന്ന് രാവിലെ കണ്ട പത്രത്തിലെ ഒരു സർവ്വേ ഫലം എന്നെ ഞെട്ടിച്ചു കളഞ്ഞു. 50% നാഗരിക യുവാക്കൾ മമത ബാനെർജി ഇടതിനേക്കാൾ ഇടതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. നമുക്കെന്താണ് സംഭവിച്ചത്?

മിത്ര : വല്ലാത്ത ദുരന്തം ആണത്. ജീർണത ഉണ്ടെന്നു പറയുമ്പോഴും മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ആത്മാർഥതയുള്ള പ്രവർത്തകർ ഉള്ളത് കമ്മ്യുണിസ്റ്റ് പാർടിക്കാണ്. പാർടിക്കുള്ളിൽ തന്നെ ഉള്ള ചിലരുടെ തീരുമാനങ്ങളാവണം ഈ സ്ഥിതിയിൽ എത്തിച്ചത്. ഇപ്പോഴും ബംഗാൾ കമ്മ്യുണിസ്റ്റ് പാർടി സുദൃഡവും സത്യസന്ധവും വിശ്വസനീയവും ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വിവേകമുള്ള ഒരു നേതൃത്വം ആണ് ബംഗാളിൽ ഇനി ആവശ്യം.

അതിലും സങ്കീർണമാണ് കാര്യങ്ങൾ എന്നാണു എന്റെ പക്ഷം. നേതൃത്വം മാത്രമാണ് ദുർബലപ്പെട്ടതെങ്കിൽ എന്ത് കൊണ്ട് ഈ തിരഞ്ഞെടുപ്പ് പരാജയം? രാഷ്ട്രീയവീഴ്ച? ആശയക്കുഴപ്പം? അതോ പ്രബുദ്ധരായ അണികൾ കേൾക്കപ്പെടുന്നില്ലെന്നാണോ? എങ്കിൽ എന്ത്കൊണ്ടാണ് നേതൃത്വം ജനാധിപത്യമുറയിൽ മാറ്റപ്പെടാത്തത്? എന്താണതിനു അണികൾ മുന്നോട്ടു വരാത്തത്? അതോ കമ്മ്യൂനിസ്ടുകൾ പോലെയുള്ള പാർടികളിൽ നേട്ടത്തിന്റെയും കോട്ടത്തിന്റെയും ഉത്തരവാദിത്തം നേതൃത്വത്തിനു കൂടുതലാണോ? പാർടിയുടെ താഴെതട്ടിലെക്കും അനാശാസ്യ പ്രവണതകൾ കടന്നു ചെന്നിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിലേക്കുള്ള അനുസ്യുതമായ ഒഴുക്ക് അത്ഭുതപ്പെടുത്തുന്നു. വാഗ്ദാനപ്പെരുമഴക്കിടയിലും ആ കക്ഷിയുടെ വലതു പക്ഷ നിലപാടുകൾ പ്രകടമായിരിക്കെ ഗ്രാമങ്ങളിൽ പോലും അത് സംഭവിക്കുന്നു എന്നതിൻറെ അർത്ഥം ഇടതു പ്രത്യയശാസ്ത്രം ഉൾക്കൊള്ളാത്തവർ ധാരാളമായി സംഘടനയിൽ അംഗത്വം നേടുന്നു എന്നത് തന്നെയല്ലെ?

മിത്ര : ഇത് നാം നേരത്തെ ചർച്ച ചെയ്തതാണ്. അണികളിൽ നിന്ന് മേലേക്കിടയിൽ ഉള്ളവരിലേക്ക് ആശയങ്ങൾ എത്തി ചേരാത്ത ഘടനയും അച്ചടക്കവും. കൃത്യമായി പറഞ്ഞാൽ കേന്ദ്രീകൃത ജനാധിപത്യത്തിൽ കേന്ദ്രീകരണം കൂടുതലും ജനാധിപത്യം കുറവുമാണ്. ബംഗാളിൽ 50-60 കളിൽ പാർടിയെ നയിച്ചവരുടെ ആശയങ്ങളും താൽപര്യങ്ങളും ശരിയായിരുന്നു. പക്ഷെ നേതൃത്വത്തിന്റെ സ്വഭാവം എങ്ങിനെ ഉള്ളതായിരുന്നു? അവർ ബംഗാളി മേൽത്തട്ടുകാരായിരുന്നു. ഹിന്ദു ഉപരി-മധ്യ വർഗം. രണ്ടു മൂന്നു തലമുറകൾക്ക് മുൻപ് ഫ്യുഡലിസത്തിലാണവരുടെ വേരുകൾ. വൈകാരികമായും ബുദ്ധിപരമായും അവർ കമ്മ്യുണിസ്റ്റ് ആശയങ്ങളെ സ്വാംശീകരിച്ചിട്ടുണ്ടാവാം. പക്ഷെ പെരുമാറ്റത്തിലും അച്ചടക്കം, പാർടി ഭരണം എന്നിവ കയ്യാളുന്നതിലും ഫ്യുഡൽ പ്രവണതകൾ സ്വാധീനം ചെലുത്തുന്നു.

ബംഗാളില്‍ കമ്മ്യുനിസ്റ്റുകളുടെ കാലം കഴിഞ്ഞു എന്നാണോ?

മിത്ര : ഞാൻ പറയുന്നത് ജനാധിപത്യ കേന്ദ്രീകരണവും, ബംഗാളി ഫ്യുഡലിസവും അപകടകരമായ ഒരു ചേരുവ ആണെന്നാണ്‌. ബംഗാളിൽ പാർടി അതിന്റെ രാഷ്ട്രീയ ഇരയായി, നമ്മളും.

ഗൗരവമായി ചിന്തിക്കേണ്ട കാര്യങ്ങൾ ആണ് താങ്കൾ പറയുന്നത്. ഒന്ന് പറയാം. ബംഗാളിനും രാജ്യത്തിനും ഇടതു രാഷ്ട്രീയം ഒഴിച്ച് കൂടാനാവാത്തതാണ്. ഇടതു രാഷ്ട്രീയത്തിന്റെ പുനരുജ്ജീവനം എങ്ങനെ സാധ്യമാക്കാമെന്നാണ് കരുതുന്നത്?

മിത്ര : ചർച്ചകൾ തുടരേണ്ടത് ആവശ്യമാണ്‌. തുറന്ന ചർച്ചകൾ. പാർടി ജനങ്ങൾക്ക്‌ മുൻപിൽ മറനീക്കി പ്രത്യക്ഷപ്പെടുകയാണ് വേണ്ടത്. സമൂഹത്തിൽ നടക്കുന്ന സംഭവവികാസങ്ങളിൽ നിന്ന് പാർട്ടിയും പ്രവർത്തകരും വേർതിരിഞ്ഞു നില്ക്കരുത്. പ്രവർത്തകർ പാർടി മാനുവൽ മാത്രമല്ല വായിക്കേണ്ടത് എന്ന് അവരോടു പറയണം. പാർടി പത്രത്തോടൊപ്പം എതിരാളികൾ എന്താണ് പറയുന്നത് എന്ന് കൂടി വായിക്കണം. ഏതാണ് ശരിയെന്നു വിലയിരുത്തുക. പുറംലോകത്ത് സംഭവിക്കുന്നത്‌ പാർടിക്കുള്ളിലേക്കും സംക്രമിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. സ്വന്തം നിലപാടാണ് സത്യം എന്നാവും പാർടിയുടെ വിലയിരുത്തൽ. അപ്പോഴും ചില കേവലസത്യങ്ങൾ ഭേദഗതി ചെയ്യേണ്ടതായി വരാം.

ലോകമെമ്പാടുമുള്ള കമ്മ്യുണിസ്റ്റ് അനുഭാവികളുടെ ധാരണയിൽ മാർക്സിയൻ ആശയങ്ങൾ അകളങ്കമായ രൂപത്തിൽ നിലനിൽക്കുന്നത് കെട്ടുറപ്പും കടുത്ത അച്ചടക്കവും ഉള്ള ശ്രേണീബദ്ധമായ പാർടിഘടനയിലാണ്. പക്ഷെ ലാറ്റിനമേരിക്കയിൽ ഈ ധാരണ കാതലായ മാറ്റത്തിന് വിധേയമായി.

മിത്ര : ശ്രേണിബദ്ധമല്ലാതെ, കഠിന നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ, അച്ചടക്കമുള്ള പാർടി നിലനിർത്തുവാൻ കഴിയുമോ എന്നതാണ് നമുക്ക് മുന്നിലെ യഥാർഥ വെല്ലുവിളി.

നിയന്ത്രണങ്ങളുടെ മാത്രം കാര്യമല്ല ഇത്. രാജ്യവ്യാപകമായി പൊതുജന സമരങ്ങൾ ഉണ്ടാവുന്നുണ്ട്. കഴിഞ്ഞ ദശാബ്ദം ദേശീയ തലത്തിൽ ഏറ്റവും പുരോഗമനപരമായ നീക്കങ്ങൾ ദൃശ്യമായി. ഉദാഹരണമായി, വിവരാവകാശനിയമം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവ. ഇതൊക്കെ മുന്നോട്ടു വെച്ചത് സാമൂഹ്യ പ്രസ്ഥാനങ്ങൾ ആണ്. അമ്പതോളം വിവരാവകാശ പ്രവർത്തകർ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വ്യവസ്ഥിതിയെ ചോദ്യംചെയ്തത് കൊണ്ടാണ് അവർ ലക്ഷ്യമാക്കപ്പെട്ടത്‌. ലാറ്റിൻ അമേരിക്കയിലെ ഉദാഹരണങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്ത്യയിലെ ഇടതു കക്ഷികൾ ഈ പ്രസ്ഥാനങ്ങളുമായി അടുത്ത ഇടപെടലുകൾ നടത്തേണ്ടതല്ലേ? രാഷ്ട്രീയ ഇടതും സാമൂഹ്യ ഇടതും ഐക്യപ്പെടെണ്ടതില്ലേ? ഉണ്ടെന്ന് കരുതുന്നു. ആ ദിശയിലാണ് ഇടതു രാഷ്ട്രീയം മുന്നോട്ടു നീങ്ങേണ്ടത്.

മിത്ര : ശരിയാണ് ജാതി പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ജാതി വിവേചനം അനുഭവിച്ചവർ നേതൃസ്ഥാനത്തെത്തിയതുമില്ല. സംഭവിച്ച തെറ്റ് ഏറ്റു പറയണം. നമ്മോടൊപ്പം അല്ലാത്തവർ നമ്മുടെ ശത്രുക്കൾ ആണെന്ന പഴയ ധാരണ മാറണം. അവർക്ക് പറയാനുള്ള പലതും നമുക്കും സ്വീകാര്യമായിരിക്കാം. തുറന്ന സമീപനം മുന്നോട്ടു വെക്കാം. അണികൾ സംസാരിക്കട്ടെ. മറുപക്ഷത്തുള്ള വരും. സ്വാതന്ത്ര്യത്തെ ഭയക്കരുത്. ഇതര കക്ഷികളുമായും അവർ സംവാദത്തിൽ ഏർപ്പെടട്ടെ. അതിൽ നിന്ന് അവരെ വിലക്കരുത്. നാം പരാജയം രുചിച്ചവരാണ്. നഷ്ടപ്പെട്ട ഇടവും സമയവും തിരിച്ചു പിടിക്കുന്നതിനു നമുക്ക് അതിരുകൾ ഭേദിക്കേണ്ടതുണ്ട്. തീര്ച്ചയായും ആവശ്യമായ ജാഗ്രത പുലർത്തുകയും വേണം.

അവസാനമായി ഒന്ന് കൂടി. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മറ്റു പ്രസ്ഥാനങ്ങൾ (india against corruption പോലെ ഉള്ളവ) അഴിമതിക്കെതിരെ പോരാടുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻ ജനപിന്തുണ നേടുകയും ചെയ്യുമ്പോൾ ഇടതിന്റെ പങ്ക് തുലോം നിസ്സാരമായിരിക്കുന്നു. ഈ ഘട്ടത്തിൽ ഇടതിന്റെ പാർലമെന്ററി നയങ്ങൾ ഫലപ്രദമാവുന്നുമില്ല. ഇന്ന് കോൺഗ്രസ്സും തൃണമൂലുമായി ഭിന്നിപ്പ് ഉണ്ടാക്കാൻ നോക്കുന്നു. നാളെ അത് ഉപേക്ഷിക്കുന്നു. പിന്നൊരിക്കൽ മുലായത്തിനെ സമീപിക്കുന്നു, വഞ്ചിക്കപ്പെടുന്നു. ഇത് ആവർത്തിക്കുകയാണ്. ഇതിനു പകരം പരിമിത ലക്ഷ്യങ്ങൾ വിട്ട് ജനങ്ങളെ നേരിട്ട് സമീപിക്കുന്നതിനല്ലേ ഊന്നൽ നല്കേണ്ടത്? അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുക, പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക…”അഴിമതിക്കെതിരെ ഇന്ത്യ”പ്രക്ഷോഭം ഇടതു പക്ഷം നടത്തേണ്ട സമരമായിരുന്നു.

മിത്ര : ഇടതു കക്ഷികൾ സമരങ്ങളിൽ പങ്കാളികൾ ആവുന്നില്ല എന്ന് പറയാനാവില്ല. കോർപ്പറേറ്റ് മാധ്യമങ്ങൾ അവ തമസ്കരിക്കുന്നുണ്ട്. അടിസ്ഥാനവർഗ്ഗത്തിനിടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഉയർന്ന തലത്തിൽ സഖ്യങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിൽ പാർടി ഏറെ ഊര്ജ്ജം പാഴാക്കിയിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. അപ്പോഴും പാർടി ആശയപരമായ സംശുദ്ധിയിലും സദാചാരത്തിലും ഉറച്ചു നിൽക്കണമെന്ന് ഞാന്‍ ആവർത്തിക്കുന്നു.

മൗലികമായ ആശയങ്ങളിൽ ഊന്നിയ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം, ജനാധിപത്യപരമായ ബഹുജനപ്രസ്ഥാനങ്ങളിൽ സക്രിയമായ പങ്കുവഹിക്കുന്ന ഒരു ഇടതു പക്ഷം, അതാണ്‌ താങ്കൾ നിർദേശിക്കുന്നത്?

മിത്ര : അതെ, ജനങ്ങളുടെ വിശ്വാസമാർജിക്കുന്ന ഒരു പ്രസ്ഥാനം.


കടപ്പാട് : ഇന്ത്യടുഡേ

Comments
Print Friendly, PDF & Email

You may also like