OPINION

ജയയുടെ സമരത്തെക്കുറിച്ച് തോമസ് ഐസക്ക്Jaya artist 2

 

ലപ്പുഴയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രമായ WATSAN പാര്‍ക്കിനെ മനോഹരമാക്കാന്‍ ബിനാലെ കലാകാരന്മാര്‍ക്കൊപ്പം എത്തിയപ്പോഴാണ് ചിത്രകാരികളായ പി.എസ് ജയ, പി.എസ്. ജലജ സഹോദരിമാരെ ഞാനാദ്യമായി കാണുന്നത്. പിന്നീട് ഈ വര്‍ഷം മാര്‍ച്ചില്‍ ആലപ്പുഴ സര്‍വ്വോദയപുരത്ത് നടന്ന മനുഷ്യസംഗമത്തിന്റെ കൂടിച്ചേരലില്‍ കണ്ടു. അന്ന് കണ്ട ജയമറ്റൊരാളായിരുന്നു. ജയയില്‍ കാണപ്പെട്ട കറുപ്പിന് പക്ഷേ, സ്വാഭാവികതയുണ്ടായിരുന്നില്ല. അതങ്ങനെയല്ലേ വരൂ. പ്രകൃതിയുടെ സവിശേഷതകളെ അതേപടി പുനരാവിഷ്കരിക്കാന്‍ മനുഷ്യന് ബുദ്ധിമുട്ടാണല്ലോ. രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ് വായിച്ച ജയയുടെ പ്രതിഷേധം ഒരു കലാരൂപമായി ശരീരത്തില് പടരുകയായിരുന്നു എന്നത് സംസാരത്തിലാണ് മനസ്സിലായത്.

എറണാകുളത്തെ കലാകക്ഷിയുടെ സജീവ പ്രവര്‍ത്തകരാണ് ജയയും ജലജയും. “രാഷ്ട്രീയകല” സൃഷ്ടിക്കുന്ന കലാകക്ഷിയിലെ ഈ ചങ്ങാതിമാരെ വീണ്ടും കണ്ടത് തിരഞ്ഞെടുപ്പ് കാലത്താണ്; ആലപ്പുഴയില് തുടങ്ങി പെരുമ്പാവൂരിലൂടെ സഞ്ചരിച്ച് എറണാകുളത്തെ കമ്മട്ടിപ്പാടത്ത് സമാപിച്ച ചലിക്കുന്ന ക്യാന്‍വാസ് വരയ്ക്കാനെത്തിയപ്പോഴായിരുന്നു അത്. ജിഷയുടെ മരണത്തോടുള്ള പ്രതിഷേധത്തില്‍ കലാകക്ഷിക്കൊപ്പം അല്പനേരം പങ്കാളിയായി. അന്നും ജയ കറുത്ത ചായം തേച്ചാണ് എത്തിയത്. ജയയുടേത് മൂര്‍ച്ചയേറിയ ഒരു സമരം തന്നെയായിരുന്നു. സ്വയം ക്യാന്‍വാസായി മാറി, കറുപ്പിനെ ശരീരത്തില് ചാലിച്ച്, സമൂഹത്തിലൂടെ കഴിഞ്ഞ 125 ദിവസങ്ങളായി ആ ചിത്രകാരി സഞ്ചരിച്ചു. ദളിതരോടുള്ള എല്ലാത്തരം അനീതികളോടുമുള്ള പ്രതിഷേധത്തോടെ. ഒപ്പം കറുത്തവരുടെ അവസ്ഥയെ ഒട്ടൊക്കെ നേരിട്ടറിഞ്ഞുകൊണ്ട്. നൂറ്റാണ്ടുകളുടെ ജാതി അനുഭത്തെ 125 ദിനംകൊണ്ട് അളക്കാനാകില്ലെന്നറിയാമെങ്കിലും അതിനോടുള്ള ഐക്യപ്പെടലാണിതെന്നാണ് ജയയുടെ നിലപാട്. ജയയുടെ കലയോട് എല്ലാത്തരം ഐക്യദാര്‍ഢ്യത്തോടെയും ഒരു ലാല്‍ സലാം. ഇന്നലെ ജലജ വിളിച്ചിരുന്നു. ജയയുടെ കലാസമരം അവസാനിക്കുന്ന കാര്യം പറഞ്ഞു. ജയയുടെ ജനങ്ങളുടെ കാരിക്കേച്ചര്‍ ആലപ്പുഴയില്‍ ഇലക്ഷന്‍ ക്യാമ്പയിനിലെ കൗതുകമായിരുന്നു.

ജയയുടെ സമരം അവസാനിക്കുന്ന തിങ്കളാഴ്ച തൃപ്പൂണിത്തുറയില്‍ കലാസംവാദത്തിന്റെ ദിവസമാക്കി കലാകക്ഷി മാറ്റുകയാണെന്ന് ജലജ പറഞ്ഞു. തീര്‍ച്ചയായും നീണ്ടനാള് നീണ്ടു നിന്ന ഈ കലാപ്രകടനം ഒരു സത്യാഗ്രഹം പോലെ തന്നെയാണ്. ഹെര്‍ബ്ലാക്ക്സ്റ്റോറി- എന്നാണ് തൃപ്പൂണിത്തുറയിലെ നാളത്തെ ദിവസത്തിന്റെ പേര്. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില് രാവിലെ പരിപാടികള്‍ തുടങ്ങും. വയനാട്ടില്‍ നിന്നുള്ള ഗോത്രമൊഴിയും നലീമ നാടകവും ഊരാളുകളുമുണ്ട്. അനിതാ ദുബെ റാഡിക്കല്‍ കലയുടെ രാഷ്ട്രീയ കാലത്തെ പ്രതിനിധീകരിക്കുന്നു. അനിതയുടെ സംഭാഷണം കേള്‍ക്കണമെന്നുണ്ട്. പക്ഷേ, ഓട്ടത്തിലാണ്. ഇന്ന് വയനാട്ടിലായിരുന്നു – പരിസ്ഥിതിദിന പരിപാടി. അറിയാമല്ലോ, ഖജനാവ് വലിയൊരു വെല്ലുവിളിയാണ്. പ്രവൃത്തി ദിവസങ്ങളില്‍ തലസ്ഥാനത്ത് ഉണ്ടായേ പറ്റൂ. അതുകൊണ്ടുമാത്രം എന്റെ സാന്നിധ്യം ഉണ്ടാകില്ല. നാളത്തെ ദിവസത്തിന് എല്ലാ ആശംസകളും. ജാതിഉന്മൂലനത്തെ പറ്റിയുള്ള സംവാദമടക്കമുള്ള പ്രോഗ്രാം കണ്ടു. കേരളത്തില്‍ അരിച്ചിറങ്ങുന്ന ഫാസിസത്തെ ചെറുക്കാന്‍ സാംസ്ക്കാരിക മുന്നേറ്റവും സാംസ്കാരിക സാക്ഷരതയും ഉണ്ടായേ മതിയാകൂ. അത്തരത്തില്‍ രാഷ്ട്രീയം സംവദിക്കുന്ന കലയ്ക്ക് അഭിവാദ്യങ്ങള്‍.


 

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.