പൂമുഖം LITERATUREകഥ മരണം എന്ന കഥാപാത്രം (മൂന്ന് കഥകൾ ചേർന്ന് ഒരു കഥ) – രണ്ട് : ആൾമാറാട്ടം

മരണം എന്ന കഥാപാത്രം (മൂന്ന് കഥകൾ ചേർന്ന് ഒരു കഥ) – രണ്ട് : ആൾമാറാട്ടം

രേഖകളില്‍ പുതിയ വിലാസം ചേര്‍ക്കാനുള്ള അപേക്ഷ കൊടുത്ത് ഞാന്‍ പുറത്തേയ്ക്ക് വന്നു. ഓഫീസര്‍ ഒപ്പിട്ട് രശീതി കൈയില്‍ കിട്ടാന്‍ അര-മുക്കാല്‍ മണിക്കൂറാകും. അടുത്ത മാസത്തെ വൈദ്യുതി ബില്ലില്‍ പുതിയ വിലാസമായിരിക്കും എന്നുറപ്പ് തന്നു സെക്ഷന്‍ ഗുമസ്ത.
ഒരു കോഫി കുടിക്കാമെന്ന് കരുതി അടുത്ത ഇടവഴിയിലേയ്ക്ക് നടന്നു.
റെസ്റ്റോറന്‍റില്‍ തിരക്ക് തീരെ കുറവായിരുന്നു.
പാതയില്‍ നിന്ന് മാറി സ്ഥിതിചെയ്യുന്നതു കൊണ്ട് സ്വൈരമായിരുന്ന് പ്രണയിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. ഉച്ചയാവുന്നതോടെ അകവും പുറവും, പ്രേമബദ്ധരായ ഇണകളെക്കൊണ്ട് നിറയും.
മൂലയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഇരിപ്പിടം കണ്ടെത്തി ഒരു കോഫിയും വടയും പറഞ്ഞു.

“വടയോടൊപ്പം ചട്ണി മതി – സാമ്പാര്‍ വേണ്ട!”

കര്‍ണാടകക്കാരുടെ മധുരിക്കുന്ന സാമ്പാര്‍, കീഴടക്കാന്‍ ഇതുവരെ കഴിയാതെ പോയ അപൂര്‍വം രുചിക്കൊടുമുടികളില്‍ ഒന്നാണ്.

മധുരം ചേര്‍ക്കാത്ത, കടുപ്പം കൂടിയ ഫില്‍റ്റര്‍ കോഫിയുമായി, ഫോണില്‍ വായിച്ചും എഴുതിയും ഞാനിരുന്നു. അടുത്ത ടേബ്ളില്‍ ശബ്ദായമാനമായ ഒരു തെലുങ്ക് കുടുംബമാണ്. കരഞ്ഞും വാശിപിടിച്ചും മൂന്ന് കുട്ടികളുമുണ്ട് സംഘത്തില്‍. അവരിലൊരാളുടെ കൈ തട്ടി താഴെ വീണുടഞ്ഞ പ്ലേറ്റിന്‍റെ കഷണങ്ങള്‍ അടിച്ചുകൂട്ടിയെടുക്കുകയാണ് ഒരു ജീവനക്കാരന്‍. അടുത്ത സീറ്റില്‍ ഒറ്റക്കിരുന്ന് ചായ കുടിക്കുകയായിരുന്ന മനുഷ്യന്‍റെ കാലുറയിലേയ്ക്ക് പ്ലേറ്റില്‍ നിന്ന് എന്തൊക്കെയോ തെറിച്ചിട്ടുണ്ട്. ഒരു വാക്ക് മിണ്ടാന്‍ നില്‍ക്കാതെ ഗ്ലാസിലെ വെള്ളത്തില്‍ ടിഷ്യൂ മുക്കി കാലുറ തുടച്ചുകൊണ്ടിരുന്ന അയാളോട് ക്ഷമ ചോദിക്കണമെന്നോ വസ്ത്രം തുടച്ച് വൃത്തിയാക്കൂന്നതില്‍ അയാളെ സഹായിക്കണമെന്നോ ഒന്നും ആര്‍ക്കും തോന്നുന്നില്ല.
പൊതുസ്ഥലങ്ങളില്‍ മാന്യമായി പെരുമാറാന്‍ നമ്മള്‍ എന്നാണ് പഠിക്കുക ?

ഉടഞ്ഞ പ്ലേറ്റിന്‍റെ വിലയും ബില്ലില്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധിച്ചത് കാര്‍ഡുമായി കൌണ്ടറില്‍ എത്തിയ കുടുംബാംഗം തന്നെയാണ്. പണം കൊടുത്ത് അവര്‍ പുറത്തേക്കിറങ്ങിയതോടെ അന്തരീക്ഷത്തിലെ പിരിമുറുക്കം അയഞ്ഞു. അപരിചിതരായ അന്തേവാസികള്‍ പരസ്പരം കൈമാറിയ ചെറുചിരികളില്‍ അത് തെളിഞ്ഞുകണ്ടു.

ദൂരെ എതിര്‍മൂലയില്‍ ശരീരപ്രകൃതിയിലും വേഷത്തിലും ടോള്‍സ്റ്റോയിയെ അനുസ്മരിപ്പിച്ച ഒരു വൃദ്ധന്‍ ഒറ്റക്കിരുന്ന് പ്രാതല്‍ കഴിക്കുന്നുണ്ടായിരുന്നു.

വര : പ്രസാദ് കാനാത്തുങ്കൽ

നോട്ടം മുഖത്ത് വീണപ്പോള്‍ അയാള്‍ എന്തോ ചോദിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് തോന്നി. സംശയനിവൃത്തിക്കായി വീണ്ടും നോക്കി. മുഖത്തെ ചോദ്യഭാവത്തില്‍ ഒരു ചെറുചിരി തിരനോട്ടം നടത്തി. സംശയിച്ച് സംശയിച്ച് അയാള്‍ കൈയുയര്‍ത്തി. നീട്ടിവളര്‍ത്തിയ നരച്ച താടിയുടേയും തലമുടിയുടേയും പശ്ചാത്തലത്തില്‍, ‘പുളിച്ച’ ആ ചിരി മാത്രം ഓര്‍മ്മയില്‍ എവിടെയോ തെളിഞ്ഞും മറഞ്ഞും പിടി തരാതെ നിന്നു. ആ ചിരി എനിക്ക് പരിചയമുണ്ട്. ഞാന്‍ കൌണ്ടറിലേയ്ക്ക് നീങ്ങി. കാത്തുനില്‍ക്കാന്‍ കൈ കാണിച്ച് അയാള്‍ വാഷ് റൂമിന് നേരെ ചൂണ്ടി. പൈസ കൊടുത്ത് തിരിഞ്ഞപ്പോള്‍ അവിടെ നിന്ന് പുറത്തിറങ്ങി അയാള്‍ കൌണ്ടറിലേയ്ക്ക് നടക്കുകയായിരുന്നു. ഒരു കാല്‍ വലിച്ചുവലിച്ചുള്ള ആ നടപ്പ് കണ്ട നിമിഷം മനസ്സിലൂടെ ഒരു മിന്നല്‍ കടന്നുപോയി.
അടുത്തുവന്ന് അയാള്‍ കൈ നീട്ടി. മുറം പോലെ പരന്ന ആ വലിയ കൈവെള്ളയില്‍ എന്‍റെ തണുത്ത് ദുര്‍ബലമായ കൈ വിറയ്ക്കുന്നതായും വിയര്‍ക്കുന്നതായും ഞാനറിഞ്ഞു.

“സാറിന് മനസ്സിലായോ?”

“ഈ താടിയും മുടിയും ….?”

എവിടെയും തൊടാതെ ഞാന്‍ തുടങ്ങി.

“കോവിഡ് കാലത്ത് ബാര്‍ബര്‍ ഷോപ്പില്‍ പോകുന്നത് നിര്‍ത്തി. ഇതാണ് സൌകര്യമെന്ന് മനസ്സിലായപ്പോള്‍ അതങ്ങനെ തുടരാമെന്ന് നിശ്ചയിച്ചു. നിങ്ങളുടെ കോളനിയില്‍ എട്ടാമത്തെ ക്രോസില്‍ ആയിരുന്നു ഞാന്‍ താമസിച്ചിരുന്നത്. “

“എവിടെയോ കണ്ടുപരിചയമുള്ള മുഖമാണല്ലോ എന്ന് കുറച്ചുനേരമായി ആലോചിക്കുകയായിരുന്നു. “ ഞാന്‍ നുണ പറഞ്ഞു
“എന്താണ് ഇവിടെ?”

അയാള്‍ പറഞ്ഞ ഉത്തരമോ തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണത്തിന്‍റെ വിശദാംശങ്ങളോ പിന്നീട് അവ്യക്തമായേ എനിക്ക് ഓര്‍ത്തെടുക്കാനായുള്ളൂ. യാത്ര പറഞ്ഞ്, ഇലക്ട്രിസിറ്റി ഓഫീസില്‍ ബാക്കിയായിരുന്ന ജോലി തീര്‍ത്ത്, ഞാന്‍ ജയശങ്കറിനെ വിളിച്ചു.

“തിരക്കിലാണോ? നേരില്‍ കാണാന്‍ സമയമുണ്ടോ? അഞ്ചുമിനുട്ടില്‍ ഞാനവിടെയെത്താം.”

രണ്ടാം നിലയിലുള്ള ഓഫീസിന്‍റെ പടികളിറങ്ങി ജയശങ്കര്‍ താഴെ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്ത കാള്‍ അര മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ എന്നു പറഞ്ഞു.
ഞങ്ങള്‍ പുറത്തേയ്ക്ക് നടന്നു.

മുഖവുരയില്ലാതെ ഞാന്‍ വിഷയത്തിലേയ്ക്ക് കടന്നു.

“കോവിഡിന്‍റെ ആദ്യവരവില്‍ നമ്മുടെ കോളനിയിലെ രാഘവേന്ദ്ര മരിച്ച വിവരം ഫോണില്‍ എന്നെ അറിയിച്ചത് ഓര്‍മ്മയുണ്ടോ?”

“ഓര്‍മ്മയുണ്ടല്ലോ- അടച്ചിരിപ്പിന്‍റെ കെണിയില്‍ പെട്ട് മാഷ് നാട്ടിലായിരുന്നു.”

“അന്ന് രാഘവേന്ദ്ര ആരാണെന്ന് അറിയാതെ പരുങ്ങിയ എന്നോട് ‘ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് മുന്നില്‍ വെച്ച് ഒരിക്കല്‍ ഞാന്‍ തന്നെയാണ് മാഷക്ക് പരിചയപ്പെടുത്തിത്തന്നത്’ എന്ന് പറഞ്ഞ് സഹായിച്ചത് ഓര്‍മ്മയുണ്ടോ?”

“മറന്നിരുന്നു. ഇപ്പോള്‍ ഓര്‍മ്മ വന്നു. “

“കോളനിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേയ്ക്കുള്ള വഴിയില്‍ നാലാമത്തെയോ അഞ്ചാമത്തെയോ ഇടത്തോട്ടുള്ള തിരിവില്‍ ഒരു ഉഡുപ്പി റെസ്റ്റോറന്റ് ഉണ്ട്. കണ്ടിട്ടുണ്ടോ ? “
ജയശങ്കർ മൂളി.
“ഇന്ന് അവിടെ വെച്ച് ഞാനയാളെ കണ്ടു.“

ജയശങ്കറിന്‍റെ മുഖത്ത് ഒരു ചെറുപുഞ്ചിരി മിന്നിമറഞ്ഞു.

“തമാശ പറയാനാണോ എന്നെ ഓഫീസില്‍ നിന്ന് വിളിച്ചിറക്കിയത്?”

“തമാശയല്ല! എന്‍റെ ഉള്ളിലെ വിറ ഇപ്പോഴും മാറിയിട്ടില്ല.”

റെസ്റ്റോറന്‍റിലെ കൂടിക്കാഴ്ചയെ കുറിച്ച് കേട്ടുകഴിഞ്ഞ് ജയശങ്കര്‍ ചോദിച്ചു :

“താന്‍ രാഘവേന്ദ്രയാണെന്ന് അയാള്‍ പറഞ്ഞോ ? അതോ മാഷ് അനുമാനിച്ചോ? മാഷ് കണ്ടത് ജയദേവപ്പയെയാണ്. അവര്‍ രണ്ടുപേരും എട്ടാം ക്രോസിലായിരുന്നു. മാഷ് കോളനി വിട്ടതിന് പിന്നാലെ അയാളും വാടകവീട് ഒഴിഞ്ഞു.”

“മുടന്തുള്ളയാൾ ആയിരുന്നില്ലേ രാഘവേന്ദ്ര ?”

“അതാണ് മാഷെ കുഴപ്പത്തിലാക്കിയത് എന്ന് മനസ്സിലായി. മാഷ് മാത്രമല്ല മറ്റ് പലരുമുണ്ട് സംശയാലുക്കളുടെ സംഘത്തില്‍.
ജയദേവപ്പയ്ക്കും ആ പറഞ്ഞ ‘ദുര്‍ന്നടപ്പു’ണ്ട്. ഒരാള്‍ക്ക് ജന്‍മനാല്‍ ഒരു കാലിന് നീളക്കുറവുണ്ട്. മറ്റേയാള്‍ക്ക് പക്ഷാഘാതം ഒരു കാലിന് സമ്മാനിച്ച വലിവും. രണ്ടുപേരും ഒരേ വീട്ടിന്‍റെ താഴത്തെയും മുകളിലെയും നിലകളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്നു. എല്ലാവരുമായും പരിചയപ്പെടാന്‍ വേണ്ടത്ര കാലം അവര്‍ കോളനിയില്‍ ഉണ്ടായിരുന്നില്ല. രാഘവേന്ദ്ര മരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ജയദേവപ്പയും വീടൊഴിഞ്ഞു.
‘പകലും രാത്രിയും ഭേദമില്ലാതെ രാഘവേന്ദ്ര വീട്ടില്‍ കയറിവരുന്നു.വാതില്‍ അടച്ചുകുറ്റിയിട്ടാലും ഇഷ്ടന് വരാനും പോകാനും തടസ്സമാവുന്നില്ല. സ്വൈരമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ല’എന്നതായിരുന്നു വീടൊഴിയാന്‍ കാരണമായി പറഞ്ഞത് എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ രാഘവേന്ദ്ര മാഷേയും വന്നുകണ്ടു. നന്നായി!”

വീട്ടിലേയ്ക്കുള്ള മടക്കയാത്രയിലും വീട്ടിലെത്തിക്കഴിഞ്ഞും എനിക്ക് സ്വസ്ഥത തിരിച്ചുകിട്ടിയില്ല – റെസ്റ്റോറന്‍റില്‍ ഞാന്‍ കണ്ടത് ജയദേവപ്പയേയോ അതോ തന്നെ വന്നു കാണാറുണ്ടായിരുന്നു എന്ന് ജയദേവപ്പ പറഞ്ഞ രാഘവേന്ദ്രയേയോ? ജയദേവപ്പ എന്ന പുതുമുഖത്തെ പറ്റി ജയശങ്കര്‍ പറഞ്ഞത് പൂര്‍ണമായും വിശ്വസിച്ചാലും പ്രശ്നം തീരുന്നില്ല.

മൂന്ന് വര്‍ഷം മുന്‍പ് മനസ്സില്‍, മരിച്ച് മണ്ണടിഞ്ഞ മനുഷ്യന്‍ ആള്‍മാറാട്ടം നടത്തി, ഇന്നെന്‍റെ മുന്നില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അയാള്‍ക്ക് പകരം അന്ന് മരിച്ച ആളുടെ പരിചയപ്പെടുത്തല്‍ രേഖകളൊന്നും ഇനി ഒരിക്കലും എനിക്ക് കിട്ടില്ല.

രാഘവേന്ദ്രയായി ഞാന്‍ സങ്കല്‍പ്പത്തില്‍ മറവ് ചെയ്തത് ജയദേവപ്പയെയാവാം. തെറ്റ് തിരുത്തി അമുഖനായ രാഘവേന്ദ്രയെ അടക്കം ചെയ്യേണ്ട ദൌത്യത്തിനാണ് ഇനി ഞാന്‍ തയ്യാറാവേണ്ടത്!

വര : പ്രസാദ് കാനാത്തുങ്കൽ

കവർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments

You may also like