വെയിൽ തൊടാനാകാ-
ത്തകം ചെടികളിൽ
ജലം പകർന്നതി-
ന്നുയിർ കാക്കാൻ മാത്രം
വളർന്നലങ്കാര
പരിചരണങ്ങൾ
കുറുകെ രാപ്പകൽ
ഉഴറിടുമ്പോഴും
ഒഴുക്കുവെള്ളത്തി-
ലതേ തെളി, നില
വെറുതെ നഗ്നത
വെളിപ്പെടും മുള
അതിഥികൾക്കായി
അഭിമുഖമാത്ര
ഇളം വിറയലായ്
കറക്കും കാറ്റിനാൽ
അടുക്കള വേവിൽ
നടുത്തള സൊറ-
പറച്ചിലേറ്റത്തിൽ
നിസ്സംഗം നാമ്പുകൾ
പണം കെണിയായി
പിണഞ്ഞൊരുങ്ങുമ്പോൾ
പടർച്ചയിൽ വാസ്തു
കടമുറിക്കുമ്പോൾ
വിളർത്ത് വേറിട്ടും
പൊടിച്ച നോവുകൾ.
അകം പച്ച വെറും
പുറംപൂച്ചെന്നത്
വിളിച്ചു ചൊല്ലുമോ
തളിരുടൽ നീറി
കുളിർ തളത്തിലെ
പൊറുതി നേരുകൾ
Comments