പൂമുഖം നോവൽ കാടകം (അധ്യായം – 12)

കാടകം (അധ്യായം – 12)

അൻപത്തിയഞ്ച്

ഹേമ ജോലിക്ക് ചേർന്നു. തിരക്ക് ആണെന്ന് ഹേമയ്ക്ക് തോന്നി. ജോലി ചെയ്യാൻ ആവശ്യത്തിലേറെ ഉദ്യോഗസ്ഥർ ഉള്ളതുപോലെ. ചർച്ചകളും തമാശകളുമായി ആഘോഷം നിറഞ്ഞ അന്തരീക്ഷം. ഹേമ ഉൾപ്പെടെയുള്ള പുതിയ ജീവനക്കാരെ മേലുദ്യോഗസ്ഥൻ സീറ്റുകളിലേക്ക് നയിച്ച് സെക്ഷനുകളുടെ അധികാരികളെ ഏൽപ്പിച്ചു. എല്ലാ കണ്ണുകളും ഹേമയുടെ നേരേയായിരുന്നു. കട്ടിക്കണ്ണട ധരിച്ച് നരച്ചു തുടങ്ങിയ ഒരു സ്ത്രീയായിരുന്നു ഹേമയുടെ സീനിയർ. അവർ ഹേമയെ വാത്സല്യത്തോടെ സ്വീകരിച്ചു. കുറച്ച് കുശലങ്ങൾക്ക് ശേഷം ചെയ്യാനുള്ള ജോലികൾ വിശദീകരിച്ചു തുടങ്ങി. അല്പം കഴിഞ്ഞ് ഹേമ സീറ്റിന് അടുത്തുള്ള ഗ്ലാസ് പാളി നീക്കി പുറത്തേക്ക് നോക്കി. ചേറിന്റെയും ചെളിയുടെയും അസ്വസ്ഥത ജനിപ്പിക്കുന്ന ഗന്ധം അകത്തേക്ക് കടന്നുവന്നു. മൂന്നാം നിലയിലുള്ള ഓഫീസാണ്. താഴെ ഒരു ചെളിപ്പാടമാണ്. കഴുത്തിൽ കയറില്ലാത്ത കന്നുകാലികളുടെ ഒരു കൂട്ടം തന്നെ അവിടെ മേയുന്നു. കാറ്റ് വീണ്ടും ചെളിയുടെ ഗന്ധം അകത്തേക്ക് കൊണ്ടു വന്നു.

‘ആ വശത്തുള്ള ജനൽ തുറക്കണ്ട. വല്ലാത്ത വാടയാണ്.’ സീനിയറായ സ്ത്രീ ഓക്കാനം അടക്കിക്കൊണ്ട് പറഞ്ഞു.

‘ജോലി എന്താണ് ചെയ്യേണ്ടത്?’ ഹേമ ചോദിച്ചു.

‘ഒരു മണിക്കൂർ കഴിയട്ടെ. കുറച്ച് വൗച്ചറുകൾ വരും. അതെല്ലാം ചെക്ക് ചെയ്യാൻ പഠിപ്പിക്കാം. അതുവരെ എല്ലാവരെയും പരിചയപ്പെടാൻ നോക്കൂ.’
ഹേമ തലയാട്ടി.

സ്ത്രീ ഹേമയുടെ കണ്ണിൽ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
‘കാണുമ്പോൾ തന്നെ അറിയാം. എങ്കിലും ചോദിക്കുവാ, കുട്ടി നമ്മുടെ ആളല്ലേ? വേണ്ടപ്പെട്ട ഒരു പയ്യൻ ഉണ്ട്, എൻജിനീയറാ. മറ്റൊന്നും ആയിട്ടില്ലെങ്കിൽ നോക്കട്ടോ?’

ഹേമ അവരെ മിഴിച്ചു നോക്കി.

ഹേമ മിണ്ടാതെ നിന്നതുകൊണ്ട് ചോദ്യം അസ്ഥാനത്തായിപ്പോയി എന്ന് സ്ത്രീക്ക് മനസ്സിലായി. അവർ ഒന്നും മിണ്ടാതെ നടന്നുപോയി.

ഹേമ ഗ്ലാസ്സിലൂടെ പാടത്തേക്ക് നോക്കി. കന്നുകാലികളുടെ എണ്ണം കൂടിയിരിക്കുന്നു. ചിലതിനെ മറ്റു ചിലത് കുത്തിയോടിക്കുന്നു. കൂറ്റൻ കാളകളിലൊന്ന് ഒരു പയ്യിന്റെ പുറത്തു കയറാൻ പാടുപെടുന്നു. ഹേമ കാട്ടിലെ രാത്രികളെ കുറിച്ച് ഓർത്തു മന്ദഹസിച്ചു. രാജനോടുള്ള മത്സരത്തിൽ ജയിക്കാനും അവകാശം ഉറപ്പിക്കാനും ഗിരി നടത്തിയ പരാക്രമങ്ങൾ ഓർത്തു.

വൈകിട്ട് വരെയും കാര്യമായ ജോലി ഉണ്ടായിരുന്നില്ല. ജാതിയെ പറ്റി ചോദിച്ചതിന് സീനിയർ സ്ത്രീ വന്ന് ഖേദം പറഞ്ഞു. അപ്പോഴും ഹേമ മന്ദഹസിച്ചതേയുള്ളൂ എന്നത് അവരെ കൂടുതൽ അസ്വസ്ഥയാക്കി. അവർ പിന്നെ അടുക്കാൻ ശ്രമിച്ചതേയില്ല.

അൻപത്തിയാറ്

രാജന്റെ ഉടമസ്ഥതയിലായ ശേഷം ഷാപ്പ് പൂർവ്വാധികം അഭിവൃദ്ധിപ്പെട്ടു. ചന്ദ്രശേഖരൻ മുതലാളിക്ക് മാസാമാസം കൊടുക്കാമെന്ന് ഏറ്റിരുന്ന ഏഴായിരം രൂപ കൃത്യമായി കൊടുക്കാൻ കഴിഞ്ഞു. അതിനുപുറമേ സഹകരണസംഘത്തിൽ പതിനായിരംരൂപ വീതം നിക്ഷേപിക്കാനും തുടങ്ങി. അതിന്റെ പ്രേരണ വന്നത് ഗിരിയിൽ നിന്നാണ്. ആഴ്ചയിലൊരിക്കൽ ഗിരി സൈക്കിൾചവിട്ടി രാജന്റെ ഷാപ്പിൽ എത്തും. രാജന് വലിയ ആഹ്ളാദമാണത്. ഗിരിയുടെ ഓരോ വരവിലും ഷാപ്പ് പുതുക്കപ്പെടും. അത് കൂടുതൽ മനോഹരമാകും. ബെഞ്ചുകളും ഡസ്ക്കുകളും എല്ലാം ഗിരി മാറ്റി. ഡസ്ക്കുകൾക്ക് മുകളിൽ പ്ലാസ്റ്റിക് വിരിപ്പുകൾ വന്നു. ചാണകം മെഴുകിയ തറയിൽ പലകകൾ അടുക്കപ്പെട്ടു. വൃത്തിയുള്ള ലുങ്കിയും ബനിയനും കിട്ടിയതോടെ ജോലിക്കാർക്കും ഉത്സാഹമായി. ഒരുമിച്ചു കൂട്ടി വച്ചിരുന്ന നാല് ചിത്രങ്ങൾ – നെഹ്റു, ഇന്ദിരാഗാന്ധി, ഇഎംഎസ്,എ.കെ.ജി- വൃത്തിയാക്കി നാല് ഭിത്തികളിലായി സ്ഥാപിച്ചു.

‘മൂപ്പർക്ക് എന്താ ശമ്പളം?’ മദ്യപർ പരസ്പരം ചോദിച്ചു.

‘ഒരു ശമ്പളവുമില്ല. അങ്ങേര് ഒരുസ്നേഹത്തിനു വന്നു ചെയ്തുകൊടുക്കുന്ന കാര്യങ്ങളാ.’

‘വലിയ മനുഷ്യൻ തന്നെ.’

‘തുള്ളി കുടിക്കില്ല.’

‘വീട്ടിൽ ഇഷ്ടം പോലെ റബ്ബർ ഉണ്ട്. മണ്ണടീലെ വലിയൊരു തറവാട്ടിലെയാ. ഷാപ്പിലൊക്കെ വന്ന് കേറുന്നത് യഥാർത്ഥ ത്തിൽ ആ വീട്ടുകാർക്ക് നാണക്കേടാ. എന്നിട്ടും ഇങ്ങേര് കാര്യമാക്കുന്നില്ല. എല്ലാം രാജനോടൊള്ള സ്നേഹം കൊണ്ടാ.’

‘അതിന്റെ പൊറകിൽ വേറൊരു കഥ ഒണ്ട് . എവരെല്ലാം ഒരു കാട്ടിൽ പെട്ടുപോയി മൂന്നാലു മാസം. ചത്തുപോകേണ്ടതാരുന്നു. ഉയിരോട് തിരിച്ചെത്തി. അതിന്റെ സ്നേഹമാ അങ്ങോട്ടുമിങ്ങോട്ടും.’

കുടിയന്മാരുടെ സംസാരം എല്ലാം രാജൻ കേട്ടു. ഗിരി കട്ടക്ക് കൂടെ നിൽക്കുമെങ്കിൽ ഒരു ഷാപ്പ് കൂടി വാങ്ങണമെന്ന് രാജൻ ഉറപ്പിച്ചു. ഒരു ദിവസം അത് പറയുകയും ചെയ്തു.

ഗിരി പറഞ്ഞു: ‘ഞാൻ എല്ലാത്തിനും കൂടെയുണ്ടാവും. എനിക്ക് ഒരുപാട് സമയം ഉണ്ട്. പക്ഷേ ഷാപ്പെല്ലാം നിന്റെ പേരിൽ മതി.എനിക്ക് ഇപ്പോ പൈസയുടെ പ്രശ്നം ഒന്നുമില്ല. ഉണ്ടാവുന്ന സമയത്ത് ഞാൻ ചോദിച്ചോളാം.’

‘എന്തിനാടാ ഒരുപാട് പൈസ?’ അൽപ സമയത്തിനു ശേഷം ഗിരി ചോദിച്ചു.

‘എനിക്ക് എന്നോടുതന്നെ ഒരു ബഹുമാനം ഉണ്ടാവാൻ. പിന്നെ ഒരു ദിവസം എല്ലാം വലിച്ചെറിഞ്ഞ് കാട്ടിലേക്ക് ഒരു പോക്കു പോകാൻ.’

അൻപത്തിയേഴ്

രാത്രി സ്റ്റെല്ല അതിവിചിത്രമായ ഒരു സ്വപ്നം കണ്ടു. രണ്ടുദിവസം പിന്നിട്ടിട്ടും ആ സ്വപ്നം മനസ്സിൽ നിന്നും മാഞ്ഞില്ല. അത്ര വ്യക്തതയോടെ സ്വപ്നം കാണുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്. സ്വപ്നം കണ്ടത് ഇങ്ങനെയാണ്: കാട്ടിലെ അലച്ചിലിനിടയിൽ മനസ്സില്ലാമനസ്സോടെ രാജനുമായി ജീവിതം തുടങ്ങുന്നു. ഗർഭം ധരിക്കുന്നു. ഹേമ ഗിരിയിൽ നിന്നും ഗർഭം ധരിക്കുന്നു. തനിക്ക് ഒരാൺകുട്ടിയും ഹേമയ്ക്ക് പെൺകുട്ടിയും ജനിക്കുന്നു. ആയുസ്സ് ഉണ്ടെങ്കിൽ ഇവർ വിവാഹം കഴിക്കട്ടെ എന്ന് താനും ഹേമയും പരസ്പരം പറയുന്നു. കാട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം കൊണ്ടുപിടിച്ചു നടക്കുന്നു, പക്ഷേ കാലം കഴിയുന്തോറും അത് നടക്കില്ല എന്ന തിരിച്ചറിവിൽ എല്ലാവരും എത്തുന്നു. വീണ്ടും രണ്ടുപേരും ഗർഭം ധരിക്കുന്നു. വീണ്ടും പ്രസവിക്കുന്നു. ഇത്തവണ രണ്ടുപേർക്കും പെൺകുട്ടികൾ. കാടിന്റെ അപകടം നിറഞ്ഞ സാഹചര്യത്തിൽ ആരൊക്കെ അവശേഷിക്കും എത്ര കുട്ടികൾ ജീവിക്കും എന്ന് മുതിർന്ന നാലുപേരും സംസാരിക്കുന്നു. ചർച്ചയ്ക്കൊടുവിൽ താൻ തീരുമാനമെടുക്കുന്നു. ആവുന്ന കാലത്തോളം ഗർഭം ധരിക്കുക, പ്രസവിക്കുക. ജീവിതത്തിന് എന്തെങ്കിലും അർത്ഥം കൊടുക്കാനുള്ള ഏക വഴി അതാണെന്ന് പ്രഖ്യാപിക്കുന്നു. ഹേമ ആ തീരുമാനത്തിൽ പരിഭ്രമിക്കുന്നു. എങ്കിലും വീണ്ടും ഗർഭങ്ങളും പ്രസവങ്ങളും തുടരുന്നു. സമ്പൂർണ്ണ നഗ്നരായ തങ്ങളുടെ കുടുംബങ്ങൾ അപ്പോഴും കാടിനു പുറത്തേക്കുള്ള വഴിതേടി അലയുന്നു. കുട്ടികൾ വളർന്നു തുടങ്ങുമ്പോൾ ഒരു പരിഭ്രമം തനിക്ക് ഉണ്ടാവുന്നു – ഇവർ പരസ്പരം ഇണചേരാൻ തുടങ്ങിയാൽ എന്താവും അവസ്ഥ! സാഹോദര്യം എന്ന മൂല്യം കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയാതെ താനും ഹേമയും വിഷമിക്കുന്നു. സാഹോദര്യത്തെ സംബന്ധിച്ച ഉപദേശങ്ങൾ കുട്ടികൾക്ക് തീരെ മനസ്സിലാകുന്നില്ല. അവർ ലക്കും ലഗാനുമില്ലാതെ ഇണചേരുന്നതും അവർക്ക് കുട്ടികൾ ഉണ്ടാവുന്നതും മുതിർന്നവർക്ക് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നു. ക്രമേണ അതിനെയെല്ലാം ഉൾക്കൊള്ളുന്ന പുതിയ ഒരു മൂല്യബോധം മുതിർന്ന അംഗങ്ങൾക്ക് ഉണ്ടായിവരുന്നു. അപ്പോഴും കാടിന്റെ പുറത്തേക്കുള്ള യാത്ര തുടരുന്നു. കാടിനു പുറത്ത് കാണാനിരിക്കുന്ന, ആൾക്കൂട്ടങ്ങളുള്ള ജീവിതം കുട്ടികളെ ആവേശഭരിതരാക്കുന്നു.

വര: പ്രസാദ് കാനത്തുങ്കൽ

അങ്ങനെയിരിക്കെ തങ്ങളെക്കാൾ വലിപ്പവും ഉയരവും ഉള്ള ഒരുപറ്റം മനുഷ്യർ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്നു. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങിയ പൂർണ്ണനഗ്നരായ ഒരു ജനവിഭാഗമാണത്. അവരെ കണ്ടതോടെ എല്ലാവർക്കും സന്തോഷമായി. അവരുമായി ഒത്തുചേരണം. പുതിയ ആളുകളിലെ ഏത് സ്ത്രീയെ താൻ വരിക്കുമെന്നും ഏത് പുരുഷനെ താൻ വരിക്കുമെന്നും ഓരോ കുട്ടിയും തിരഞ്ഞെടുപ്പ് തുടങ്ങുന്നു. വന്നവരാകട്ടെ തങ്ങളെ തീരെ ഗൗനിക്കാതെ യാത്ര പുനരാരംഭിക്കുന്നു. അവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ഗിരി കുന്തവുമായി പിന്നാലെ ചെന്ന് ഒരുവനിട്ട് കുത്ത് കൊടുക്കുന്നു. വന്ന ജനക്കൂട്ടം ഒന്നാകെ തിരിഞ്ഞ് ഗിരിയെ മാത്രം ആക്രമിക്കുന്നു. ഗിരി കൊല്ലപ്പെടുന്നു. പിന്നെ ഗിരി ഇല്ലാതെ യാത്ര തുടരുന്നു. ക്രമേണ ഹേമയും രാജന്റെ ഇണയാകുന്നു. രാജനിൽ നിന്ന് ഹേമയ്ക്ക് കുട്ടികളുണ്ടാവുന്നു. ഒരു ദിവസം എന്തെന്നറിയാത്ത കാരണത്താൽ കുട്ടികൾ ചേരിതിരിഞ്ഞ് പരസ്പരം യുദ്ധം ചെയ്യാൻ തുടങ്ങുന്നു. മിക്കതും മരിച്ചു വീഴുന്നു. എല്ലാം അവസാനിക്കട്ടെ നമ്മൾ മാത്രം മതി എന്ന് രാജൻ പറയുന്നിടത്ത് സ്വപ്നം അവസാനിക്കുന്നു

അൻപത്തിയെട്ട്

‘ഒന്നാന്തരം സ്വപ്നം ! നീ എന്നെക്കൂടി ഭ്രമിപ്പിച്ചു കളഞ്ഞല്ലോ.’ ഹേമ ഫോണിലൂടെ പറഞ്ഞു.

‘എനിക്ക് തോന്നുന്നത് ഞാൻ ഇതേ സ്വപ്നം പല ദിവസങ്ങളിലും കണ്ടിട്ടുണ്ടെന്നാണ്. അതുകൊണ്ടാണ് ഇത്ര വ്യക്തതയോടെ ഓർക്കാൻ കഴിയുന്നത്.’ സ്റ്റെല്ല പറഞ്ഞു.

‘നമുക്ക് കാട്ടിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതിരിക്കുകയും വർഷങ്ങളോളം നമ്മൾ ജീവനോടെ ഇരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇതൊക്കെ തന്നെയായിരിക്കും സംഭവിക്കുക. ആ നിലയ്ക്ക് ഇത് നമ്മുടെ ഒരു അപര യാഥാർത്ഥ്യമാണ്.’
ഹേമ ആലോചനയോടെ പറഞ്ഞു.

‘നീ സ്വപ്നത്തിൽ കണ്ട അസാധാരണരായ മനുഷ്യർ നിയാണ്ടർത്താൽ മനുഷ്യരോ മറ്റോ ആയിരിക്കാം. ഹോമോസാപ്പിയൻസിനോട് ലൈംഗിക ആകഷണം ഇല്ലാത്ത ഏതോ മനുഷ്യവിഭാഗങ്ങൾ.’

‘സ്വപ്നത്തേക്കാൾ വിചിത്രമായ മറ്റു ചിലത് കൂടി എൻ്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട്.’ സ്റ്റെല്ല പറഞ്ഞു.

‘അതെന്താ?’

‘എൻ്റെ ഭർത്താവിന് പുതിയൊരു രോഗിയെ കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന് വളരെയേറെ പരിചയമുള്ള, ആത്മബന്ധമുണ്ടായിരുന്ന ഒരു രോഗി.’

‘ആരാണത്?’

‘ഊഹിച്ചു നോക്കൂ?’

‘ഞാനെങ്ങനെ ഊഹിച്ചെടുക്കാൻ? എനിക്ക് അങ്ങേരുടെ ആളുകളെ അധികം അറിയില്ലല്ലോ?’

‘നീ ബുദ്ധിമുട്ടണ്ട. ഞാൻ തന്നെ പറയാം. ഡോക്ടർ അന്നമ്മ. ആളിനെ അറിയുമോ?’

‘ജോസച്ചായന്റെ പഴയ ഭാര്യയോ!’

‘അവർ തന്നെ.’

‘ശത്രുതയിലായിരുന്നില്ലേ? പിന്നെങ്ങനെ പെട്ടെന്ന്?’

‘അവരുടെ രണ്ടാമത്തെ വിവാഹവും പരാജയമായി. അവരുടെ പുതിയ ഭർത്താവ് വലിയ ധൂർത്തനായിരുന്നു. അയാൾ ഇവരുടെ പണമെല്ലാം നശിപ്പിച്ചു. രണ്ടുപേരും തമ്മിൽ നിത്യവും വഴക്കായി. പിരിയുകയും ചെയ്തു. അന്നമ്മ രണ്ടു കുട്ടികളുമായി തനിച്ച് ജീവിക്കുകയാ. രണ്ടാമത്തെ കല്യാണവും തകർന്നതോടെ അവരുടെ മനോനില മോശമായി. ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലായിരുന്നു. ആ ഡോക്ടറിൽ നിന്നാ ജോസച്ചായൻ വിവരമറിഞ്ഞത്. അവരുടെ കല്യാണം തകർന്ന വിവരം കുറച്ചു സന്തോഷത്തോടെ എന്നോട് ജോസച്ചായൻ പറഞ്ഞിരുന്നു. അന്നമ്മയെ താൻ ഒന്നു വിളിക്കുന്നതിൽ വിരോധമുണ്ടോ എന്ന് എന്നോട് ചോദിച്ചു. എനിക്കെന്തു വിരോധം. വിളിച്ചോളാൻ പറഞ്ഞു.’
‘എൻ്റെ സാന്നിദ്ധ്യത്തിലാ ആദ്യം വിളിക്കുന്നെ. ഒന്നും അറിയാത്തതു പോലെ വിളിച്ചു. പക്ഷേ അവർ പിടികൂടി. ജോസിനോട് വിവരം പറഞ്ഞ കാര്യം മറ്റേ ഡോക്ടർ ഇവരോട് പറഞ്ഞിരുന്നു. ഇളിഭ്യനായെങ്കിലും എന്റെ ജോസ് പിടിച്ചുനിന്നു. പിന്നെയും രണ്ടുപേരും കൂടെക്കൂടെ സംസാരിക്കുന്നുണ്ടാവണം. ഞാൻ കേട്ടിട്ടില്ല. ഈയിടെ ഞാൻ ചോദിച്ചു അവരുടെ കാര്യം എന്തായെന്ന്. അപ്പോഴാണ് പറയുന്നത് അവരെ ഇപ്പോൾ ഇദ്ദേഹമാണ് ചികിത്സിക്കുന്നതെന്ന്. അവർക്ക് വലിയ ആശ്വാസം ഉണ്ടെന്ന്.’

‘നന്നായിരിക്കട്ടെ.’
ഹേമ പറഞ്ഞു.

‘അതെ, നന്നായിരിക്കട്ടെ.’ സ്റ്റെല്ലയും പറഞ്ഞു.

‘അവർ തമ്മിൽ സംസാരിക്കുന്നതിൽ നിനക്ക് വിഷമം ഒന്നും ഇല്ലല്ലോ?’

‘തരിമ്പുപോലും ഇല്ല.’

‘മിടുക്കി. അതാണു പെണ്ണ്.നീ ഹാപ്പിയല്ലേ?’

‘വളരെ. എന്റെ ഹാപ്പിനസ് നാൾക്കു നാൾ കൂടി വരികയാണ്. സത്യമായിട്ടും. എനിക്കു തന്നെ അതിന്റെ മേൽ നിയന്ത്രണമില്ല ഹേമേ. വെറുതെയിരിക്കുമ്പോളെല്ലാം ആഹ്ളാദത്തിന്റെ ഒരു അല ഹൃദയത്തിലേക്ക് കടന്നുവരും. ഇപ്പോൾ നല്ലവണ്ണം പഠിക്കാൻ പോലും അതു കാരണമൊക്കുന്നില്ല.’

‘എന്താ നിന്റെ ആനന്ദത്തിന്റെ കാരണം?’

‘അറിയില്ല. നമ്മൾ പെട്ടുപോയ ആ കാടിന്റെ വികൃതിയാകും എന്നു ചിലപ്പോൾ തോന്നും. നീയും ഒരിക്കൽ പറഞ്ഞില്ലേ രാത്രിയിൽ ഉറക്കം മുറിഞ്ഞാൽ മരങ്ങൾക്കിടയിലാണ് കിടക്കുന്നതെന്ന തോന്നൽ ഉണ്ടാവാറുണ്ടെന്ന്? എനിക്ക് ഏതാണ്ട് സദാ ആ ചിന്തയാണ്. കാടിന്റെ ആഹ്ളാദകരമായ സാന്നിദ്ധ്യം കൂടുതൽ കൂടുതൽ അനുഭവപ്പെടുന്നു.’

അൻപത്തിയൊൻപത്

ജോസുമായി വർഷങ്ങൾക്കുശേഷം സംസാരിച്ചപ്പോൾ തന്നെ അന്നമ്മയുടെ വിഷാദത്തിന്റെ മേഘം പെയ്തുമാറാൻ തുടങ്ങി. ആദ്യത്തെ സംസാരം പാതിവഴി എത്തിയപ്പോൾ ജോസ് പഴയ ഭർത്താവിന്റെ അധികാരത്തോടെ അന്നമ്മയെ ‘നീ’ എന്ന് സംബോധന ചെയ്തു തുടങ്ങി. സംസാരം അവസാനിക്കുന്നതിന് മുമ്പ് അന്നമ്മ ജോസിനെ ജോസച്ചായാ എന്നു വിളിച്ച്, അവശേഷിച്ച മഞ്ഞിനെ ഉരുക്കിക്കളയുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ മൂന്ന് നാല് തവണ പരസ്പരം സംസാരിച്ചതോടെ രണ്ടു കാര്യങ്ങൾ നടന്നു. ഒന്ന്, അന്നമ്മയുടെ അസുഖത്തിന് കാര്യമായ കുറവ് വന്നു. രണ്ട്, ചികിത്സ ജോസ് ഏറ്റെടുത്തു. ഡോക്ടർ ഫ്രാൻസിസ് കൊടുത്ത മരുന്നുകൾ തന്നെയാണ് ജോസിനും അന്നമ്മയ്ക്ക് നൽകാൻ ഉണ്ടായിരുന്നത്. പക്ഷേ ജോസുമായി ഓരോ സെഷൻ കഴിയുമ്പോഴും അന്നമ്മ തന്നെ വിവേകപൂർവ്വം മരുന്നിന്റെ അളവ് കുറച്ചു കുറച്ചു കൊണ്ടുവന്നു. ഒടുവിൽ ജോസിന്റെ സമ്മതത്തോടെ മരുന്ന് പൂർണ്ണമായി നിർത്തുകയും ചെയ്തു. ആദ്യമാദ്യം ഫോണിലൂടെ ആയിരുന്നു ചികിത്സയെങ്കിൽ പിന്നീട് കോട്ടയത്തും തിരുവനന്തപുരത്തും ഉള്ള ഇന്ത്യൻ കോഫി ഹൗസുകളിൽ വച്ചായിരുന്നു മനോരോഗവിദഗ്ദ്ധനും രോഗിയും തമ്മിലുള്ള കൂടിക്കാഴ്ചകൾ. എപ്പോഴും ചികിത്സകനായിരുന്നു ഭക്ഷണത്തിന്റെ ബില്ല് അടച്ചത്. കൂടിക്കാഴ്ചകൾ തന്നെയായിരുന്നു ചികിത്സയും. സ്റ്റെല്ല ഹേമയെ വിളിച്ച് വിവരം പറയുന്ന വൈകുന്നേരവും കൂടിക്കാഴ്ച നടന്നു.

‘നിനക്ക് മനസ്സിലായോ എന്നെനിക്കറിയില്ല,’ ജോസ് പറഞ്ഞു, ‘നമ്മുടെ കൂടിക്കാഴ്ചകളിൽ ഞാൻ എന്നെ തന്നെ ചികിത്സിക്കുകയാണ്. എനിക്കും ചികിത്സ വേണ്ടിയിരുന്നു എന്ന് അറിഞ്ഞത് നിന്നോട് സംസാരിച്ചു തുടങ്ങിയപ്പോഴാണ്. ഓരോ തവണ സംസാരിച്ചുകഴിയുമ്പോഴും കൂടുതൽ ഉന്മേഷം, കൂടുതൽ ഊർജ്ജം, ആത്മവിശ്വാസം. അപ്പോൾ എനിക്ക് മനസ്സിലായി എനിക്കും പ്രശ്നമുണ്ടായിരുന്നു എന്ന്.’

‘അച്ചായൻ എന്നെ ചികിത്സിക്കുന്നതിൽ സ്റ്റെല്ലക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?’

‘സ്റ്റെല്ലയുടെ കാര്യം ഒന്നും പറയാൻ പറ്റില്ല. നിന്നെ ചികിത്സിക്കുന്നതിൽ പ്രശ്നമൊന്നും ഉള്ളതായി പറഞ്ഞില്ല. ആദ്യ രണ്ട് സെഷനുകളുടെ കാര്യം ഞാൻ പറഞ്ഞിരുന്നു. ഇങ്ങോട്ട് അധികം ഒന്നും പറയാഞ്ഞതു കൊണ്ട് ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല.’

‘വിരോധം ഉണ്ടാകും അതാണ് മിണ്ടാത്തത്.’ അന്നമ്മ പറഞ്ഞു.

‘സ്റ്റെല്ല അതിസങ്കീർണമായ ഒരു കേസ് ആണ്. ഞാൻ എത്ര വൈവിധ്യമാർന്ന കേസുകൾ ഓരോ ദിവസവും കാണുന്നു. സ്കിസോഫ്രേനിയക്കാർ, വിഷാദ രോഗികൾ, പലതരം ഫോബിയ ഉള്ളവർ ഇങ്ങനെ എത്ര പേർ. അതൊക്കെ മനസ്സിലാക്കാൻ എനിക്ക് പ്രയാസമില്ല. പക്ഷേ സ്റ്റെല്ല എനിക്ക് ഒരു പ്രഹേളികയാണ്. ശരിക്കും ഒരു പ്രഹേളിക. ചിലപ്പോൾ തോന്നും അവൾ ഭൂമിയിലേ ഇല്ല എന്ന്, അവളുടെ മനസ്സു നിറയെ കാടാണെന്ന്. കാടിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വരും. പിന്നെ ആലോചനയിൽ അങ്ങനെ നിൽക്കുന്നത് കാണാം. പിന്നെയെന്താ, വീട്ടിൽ ഭാര്യയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്ന് പറയാം. അത്രമാത്രം.’

‘കുട്ടി വന്നുകഴിയുമ്പോൾ മാറ്റം വരും.’ അന്നമ്മ പറഞ്ഞു.

‘സാധ്യത കുറവാണ്. വരാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് വലിയ പ്രതീക്ഷകളും ആവേശവും ഒക്കെ അമ്മമാർക്ക് കാണേണ്ടതല്ലേ? ഇവിടെ അത് ഒട്ടും തന്നെ ഇല്ല. മറ്റാരുടെയോ ഗർഭം ചുമക്കുന്ന പോലെയാണ് സ്റ്റെല്ല പെരുമാറുന്നത്.’

‘നിങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം ആയിരിക്കുമോ കാരണം?’

‘സാധ്യതയില്ല. സ്റ്റെല്ലക്ക് അതൊരു വിഷയമായേ തോന്നിയിട്ടില്ല. ഞാൻ പറഞ്ഞില്ലേ വിവാഹിതയായ ലക്ഷണമേ അവൾക്കില്ല. നേരത്തെ ഒരു വീട്ടിലായിരുന്നു. ഇപ്പോൾ മറ്റൊരു വീട്ടിലാണ്. അത്രയേ ഉള്ളൂ.’

‘കാട്ടിൽ പെട്ടുപോയതിന്റെ ആഘാതം ആകാം. മാറാൻ സമയമെടുക്കും.’ അന്നമ്മ പറഞ്ഞു.

‘ആഘാതമോ ആനന്ദമോ എന്ന് പറയാനാകുന്നില്ല. മറ്റേതോ മണ്ഡലത്തിൽ അവൾ പ്രവേശിച്ചു കഴിഞ്ഞതു പോലെയാണ് എനിക്ക് തോന്നാറ്. നമുക്കാർക്കും പരിചിതമല്ലാത്ത ഏതോ വിദൂര മണ്ഡലം.’

കവർ: വിൽസൺ ശാരദ ആനന്ദ്

Comments

You may also like