നാൽപ്പത്തിയേഴ്
ഒരാഴ്ചയുടെ ഇടവേളയിൽ പരസ്പരം സന്ദർശിക്കുക എന്നതാണ് കാട്ടിൽനിന്ന് തിരികെ എത്തിയ ശേഷം സ്റ്റെല്ലയുടെയും ഹേമയുടെയും രീതി. ഡോക്ടർ ജോസിന്റെ ആലോചന ഉറയ്ക്കുന്ന ലക്ഷണം കാണിച്ചു തുടങ്ങിയ സമയത്ത് സ്റ്റെല്ല ഹേമയുടെ വീട്ടിലെത്തി. ‘നമുക്കൊന്ന് നടന്നാലോ?,’ സ്റ്റെല്ല ചോദിച്ചു. ‘എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.’
‘പിന്നെന്താ. നമുക്ക് ജങ്ക്ഷൻ വരെ നടക്കാം. എനിക്ക് തയ്യൽക്കടയിൽ നിന്ന് ബ്ലൗസും വാങ്ങാം, നിന്റെ വിശേഷവും കേൾക്കാം.’
‘ആവശ്യമില്ലാത്ത ഒരു കാര്യമാണ്.’ ഹേമയുമൊത്ത് നടക്കുമ്പോൾ വീട്ടിൽ സജീവമായിരിക്കുന്ന കല്യാണ ആലോചനയെപ്പറ്റി സ്റ്റെല്ല പറഞ്ഞു. ’താല്പര്യം തീരെയില്ല എന്ന് പറഞ്ഞിട്ടും ആർക്കും മനസ്സിലാകുന്നില്ല.’
‘കേട്ടിടത്തോളം വലിയ ഉപദ്രവം ഇല്ലാത്ത ആലോചനയായിട്ടാണ് എനിക്ക് തോന്നുന്നെ. അതങ്ങനെ പോകട്ടെ സ്റ്റെല്ല. ജോസ് ഡോക്ടർ നല്ല മനുഷ്യൻ ആണെന്നാണ് എന്റെ വിലയിരുത്തൽ. നിന്നെപ്പോലെ ഒരു ബുദ്ധിജീവിയും.’
‘എനിക്ക് ഈ ആലോചനയെ എതിർക്കണമെന്നുണ്ട്. പക്ഷേ പറ്റുന്നില്ല. പണ്ട് ഇഷ്ടമില്ലാത്ത ഏതെങ്കിലും കാര്യം ചെയ്യാൻ ആരെങ്കിലും പറഞ്ഞാൽ ഞാൻ വീട് തലകീഴായി മറിച്ചിരുന്നതാ. ഇപ്പൊ ഇത്ര പ്രാധാന്യമുള്ള കാര്യമായിട്ടും ശക്തമായി എതിര് പറയാൻ കഴിയുന്നില്ല. എന്തെങ്കിലുമൊക്കെ നടക്കട്ടെ എന്ന ഒരു ചിന്ത മനസ്സിൽ കയറിവരുന്നു.’
‘അത് തന്നെയാ ശരി. കാട്ടിൽ ഏതു നിമിഷവും മരണം എന്ന അവസ്ഥയിൽ ജീവിച്ച നമുക്ക് അതിലും വലുത് എന്ത് സംഭവിക്കാനാണ്. വലിയ പ്രശ്നം തോന്നുന്നില്ലെങ്കിൽ സമ്മതിക്ക്.’
‘എന്റെ സമ്മതം ആരും ചോദിക്കുന്നില്ല എന്നതാ ഏറ്റവും രസകരം. താല്പര്യമില്ല എന്നു പറഞ്ഞാലും യഥാർത്ഥത്തിൽ എനിക്ക് സമ്മതമാണെന്നാ എല്ലാവരും ഊഹിക്കുന്നെ. എനിക്കാണെങ്കിൽ പണ്ടത്തെപ്പോലെ ഒന്നും അറുത്തുമുറിച്ചു പറയാനും കഴിയുന്നില്ല. പോട്ടെ, ഞാൻ വന്നത് വേറൊരു കാര്യം ചോദിക്കാനാ.’
‘പറ.’
‘നമുക്കെല്ലാവർക്കും കൂടി ഒരിക്കൽ കൂടി കാട്ടിൽ പോയാലോ?’
‘ഏതു കാട്ടിൽ? നീലഗിരിയിലോ?’
‘വേറെയെവിടെ?’
‘എത്ര പാടുപെട്ടാ അവിടെനിന്ന് രക്ഷപ്പെട്ടത് ! രക്ഷപ്പെട്ടതിൽ ഏറ്റവും ആശ്വാസം നിനക്കായിരുന്നല്ലോ. പിന്നെന്താ ഇപ്പോൾ?’
‘ആകെ ഒരാശയക്കുഴപ്പം പോലെ. വീട്ടിൽ കുഴപ്പമില്ല. പക്ഷേ നാടുമായി പൊരുത്തപ്പെടാൻ തീരെ കഴിയുന്നില്ല. സകലർക്കും കാട്ടിലെ ജീവിതത്തിന്റെ വിശദാംശങ്ങൾ അറിയണം. പപ്പയും മമ്മിയും കരുതലോടെയാണ് അക്കാര്യങ്ങൾ ചോദിക്കുക. അവരുടെ ജിജ്ഞാസ അടക്കാൻ വേണ്ട കാര്യങ്ങൾ മാത്രം ഞാൻ പറയും. നേരിട്ടു ചോദിക്കുന്നില്ലെങ്കിലും എല്ലാവർക്കും അറിയേണ്ടത് എന്റെയും നിന്റെയും കന്യാകത്വം ഭദ്രമാണോ എന്നാണ്.’
ഹേമ പൊട്ടിച്ചിരിച്ചു. ‘ഞാൻ ഇവിടെ അക്കാര്യമെല്ലാം എപ്പോഴേ പരസ്യമാക്കി. അച്ഛനൊഴികെ എല്ലാവരോടും. അതാ എന്റെയും ഗിരിയുടെയും കല്യാണക്കാര്യത്തിൽ വേഗം തീരുമാനമായത്.’
‘കുറച്ചു ദിവസമെങ്കിലും ചുപ്പന്റെ സ്ഥലത്തു ചെന്ന് നിൽക്കണമെന്ന് തോന്നുന്നു.’ സ്റ്റെല്ല പറഞ്ഞു.
‘അതാ എനിക്ക് മനസ്സിലാകാത്തത്. നീ അവിടെ വളരെ അൺകംഫർട്ടബിൾ ആയിരുന്നല്ലോ. ജീവൻ തിരിച്ചു കിട്ടിയപോലെയല്ലേ അവിടെ നിന്ന് മടങ്ങിയത്? പിന്നെന്താ അങ്ങോട്ട് തിരികെ പോകണമെന്ന് പറയുന്നേ?’
‘കൊടുംകാട്ടിലെ അപകടങ്ങളിലേക്കല്ല. നമ്മളെ അറിയാവുന്ന ചുപ്പൻ്റെ ആൾക്കാരുടെ അടുത്തേക്ക് ഒന്നുകൂടി പോയാലോ എന്നൊരു ചിന്ത. കാരണം മറ്റൊന്നുമല്ല. കുറച്ചു ദിവസം അവിടെ നിന്നാൽ നാടിനോട് സ്നേഹം തോന്നിയേക്കും. മറ്റൊരു കാര്യം, അത് എങ്ങനെ വിശദീകരിക്കണം എന്നറിയില്ല. വിചിത്രമായ കാര്യമാണ്. കാട്ടിൽനിന്ന് പുറപ്പെട്ടപ്പോൾ തന്നെ തുടങ്ങിയതാണ്. അപ്പോൾ അത് ദുർബ്ബലമായിരുന്നു- കാട്ടിലേക്ക് ഒരാകർഷണം. അതിനിപ്പോൾ ശക്തി കൂടിക്കൂടിവരികയാണ്. ആനന്ദകരവും സൗഖ്യദായകവുമായ വല്ലാത്ത ഒരാകർഷണം. മറ്റാരോടും അത് പറഞ്ഞാൽ മനസ്സിലാകില്ല. അതാ നിന്നെ കാണാൻ വന്നത്.’
പരിസരം മറന്നാണ് സ്റ്റെല്ല അത്രയും പറഞ്ഞതെന്ന് ഹേമക്ക് തോന്നി. അവൾ കൂടുതൽ ഒന്നും പറയാതെ സ്റ്റെല്ലയുടെ കൈപിടിച്ച് നടന്നു.
നാല്പത്തിയെട്ട്
ഗിരിയുടെയും ഹേമയുടെയും വിവാഹകാര്യത്തിൽ രണ്ടു വീട്ടുകാരും തമ്മിൽ വേഗം ധാരണയിലായെങ്കിലും തീയതി നിശ്ചയിക്കപ്പെട്ടില്ല. അതല്പം നീണ്ടുപോകട്ടെ എന്നായിരുന്നു വീട്ടുകാരുടെയും വിവാഹം കഴിക്കാനുള്ളവരുടെയും മനസ്സിൽ. തുടർന്നുള്ള പഠനം പ്രയാസമാണെന്നു തോന്നിയതുകൊണ്ട് ഗിരി ഒരു റബ്ബർകട തുടങ്ങാൻ തീരുമാനിച്ചു. ഹേമയാകട്ടെ കോളേജിൽപോയുള്ള പഠനം ഉപേക്ഷിച്ചെങ്കിലും ജോലിക്കു വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. രണ്ടാഴ്ച് കൂടുമ്പോൾ ഗിരി ഹേമയെ സന്ദർശിക്കും. ഗിരിയും സ്റ്റെല്ലയും തമ്മിൽ വല്ലപ്പോഴും മണ്ണടിയിലെ വേലുത്തമ്പി സ്മാരക വായനശാലയിൽ വെച്ചും കണ്ടുമുട്ടും.
‘സ്റ്റെല്ലയ്ക്ക് കാടിനോട് തോന്നുന്ന താല്പര്യത്തെ കുറിച്ച് നിനക്കെന്താ തോന്നുന്നെ?’ ഒരു ദിവസം ഹേമ ചോദിച്ചു.
‘അതിശയകരമാണത്. ശരിക്കും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവവികാസം. ഞാൻ അവളെ കണ്ടിരുന്നു. വായനശാലയിൽ വച്ച്. നിന്നോട് പറഞ്ഞതുപോലെ തെളിച്ചല്ലെങ്കിലും കുറച്ചു കാര്യങ്ങൾ എന്നോടും പറഞ്ഞു. കാട്ടിലെ കാര്യങ്ങൾ എപ്പോഴും ഓർക്കുമെന്നും ആ ഓർമ്മകൾ അവൾക്ക് വലിയ ആഹ്ളാദം നൽകുന്നുവെന്നും ഒക്കെ. മനുഷ്യന്റെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രഹേളികയാണ് എന്നു മാത്രമേ എനിക്ക് പറയാൻ കഴിയുന്നുള്ളൂ. വിവാഹാലോചനയുടെ ഷോക്ക് ആയിരിക്കാം അവൾ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കാരണം.’
‘എനിക്ക് തോന്നുന്നില്ല.’ ഹേമ പറഞ്ഞു. ‘ അവൾക്ക് അങ്ങനെ ഒരു ഷോക്ക് ഇല്ല. നേരിയ അസ്വസ്ഥത മാത്രമേ അക്കാര്യത്തിൽ ഉള്ളൂ. അസാധാരണമായ മറ്റെന്തോ അവളുടെയുള്ളിൽ സംഭവിക്കുന്നുണ്ട്. മറ്റൊരു കാര്യം കൂടി അവൾ പറഞ്ഞു. അവൾക്ക് നിങ്ങളുടെ നാട്ടിലെ തുരങ്കമില്ലേ, അരവക്കച്ചാണി? കെട്ടിന് മുന്നേ അവൾക്ക് അത് കാണണമെന്ന്.’
‘നമുക്ക് പോകാം. പുറത്തുനിന്ന് കാണുന്നതിൽ കുഴപ്പമൊന്നുമില്ല.’ ഗിരി പറഞ്ഞു.
‘അവൾക്ക് അരവക്കച്ചാണിക്കുള്ളിൽ കയറണം. അതിന്റെ അവസാനംവരെ നടക്കണം. പണ്ടേക്കു പണ്ടേയുള്ള ആഗ്രഹമാണത്രെ. കെട്ട് കഴിഞ്ഞാൽ പിന്നെ അത് നടക്കില്ലെന്ന് അവൾക്കറിയാം. തുരങ്കത്തെപ്പറ്റി കേട്ടതിൽ പിന്നെ എനിക്കും കാണണമെന്ന് തോന്നുന്നുണ്ട്. ഞാൻ ചെല്ലാമെന്നു പറഞ്ഞു.’
‘അജ്ഞാതവാസക്കാലത്ത് പാണ്ഡവന്മാർ ഒളിച്ചുപാർത്ത സ്ഥലമാണെന്നാണ് ഐതിഹ്യം.’ ഗിരി പറഞ്ഞു. ‘ആ തുരങ്കത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ല. എത്ര ദൂരം അതിൽ കയറി നടക്കാമെന്നും അറിയില്ല.’
‘രാജനെ കൂടി വിളിച്ചാലോ?’ ഹേമ ചോദിച്ചു.
‘അത്തരം ചാപല്യങ്ങൾക്കൊന്നും അവനെ കിട്ടില്ല. പിന്നെ പറയാൻ ഒക്കില്ല. സ്റ്റെല്ല ഉള്ളതു കൊണ്ട് വന്നേക്കും.’
‘അവന്റെ മനസ്സാണ് മറ്റൊരത്ഭുതം. പെട്ടെന്നാണ് എന്നോട് കമ്പമായത്. അത് വളരെപ്പെട്ടെന്ന് അതുവരെ വിരോധമായിരുന്ന സ്റ്റെല്ലയോടായി. നോക്കിക്കോ, ഇനി അത് അവളിൽ നിന്നും മാറി വേറെ ഏതെങ്കിലും പെണ്ണിനോടാകും. അവന് ഒരു ഇണ വേണമെന്നേയുള്ളു.’
‘എനിക്കറിയില്ല.’ ഗിരി പറഞ്ഞു.
നാൽപ്പത്തി ഒൻപത്
‘പുറത്തുനിന്ന് കണ്ടാ മതി. അകത്തു കേറുന്നത് അപകടമാണെന്നാ കേട്ടത്.’ അരവക്കച്ചാണിയിലേക്ക് നടക്കുമ്പോൾ ഗിരി പറഞ്ഞു.
‘അതല്ലേ അതിൻ്റെ ത്രില്ല്. അകത്തു കയറി കുറച്ചു ദൂരം നടക്കാം. പിന്നെ തിരിച്ചു പോരാം.’ ഹേമ പറഞ്ഞു.
രാജനും സ്റ്റെല്ലയും ഒന്നും മിണ്ടാതെ അവർക്കൊപ്പം നടന്നു. നടക്കുന്നതിനിടെ രാജൻ സ്റ്റെല്ലയെ നോക്കിക്കൊണ്ടിരുന്നു. നാലുപേരുടെയും യാത്ര എതിരെ വന്നവരും പീടികകളിലിരുന്നവരും കൗതുകത്തോടെ നോക്കി. അരവക്കച്ചാണിയുടെ മുന്നിൽ എത്തിയപ്പോഴേക്കും സൂര്യൻ തലയ്ക്കു മുകളിൽ എത്തിയിരുന്നു. തുരങ്കത്തിന് മുന്നിൽ മേഞ്ഞുകൊണ്ടിരുന്ന രണ്ടു പശുക്കൾ അവരെ ചോദ്യഭാവത്തിൽ നോക്കി.

‘ഞാൻ ഇറങ്ങി ഒന്നു നോക്കിയിട്ടു വരാം.’ രാജൻ പറഞ്ഞു.
അവൻ തുരങ്കത്തിലേക്ക് തല നീട്ടി അതിന്റെ ഗന്ധം ശ്വസിച്ചു. പിന്നെ കൈയിലിരുന്ന ടോർച്ച് അകത്തേക്ക് പ്രകാശിപ്പിച്ചു. അല്പം സന്ദേഹിച്ചു നിന്നശേഷം ഇഴഞ്ഞ് അകത്തേക്ക് അപ്രത്യക്ഷനായി. നിക്കർ മാത്രം ധരിച്ച ഒരു ബാലൻ ഓടിവന്ന് അവരെ നോക്കി നിന്നു.
‘തുരങ്കത്തീ കേറുന്നത് കാണാൻ വന്നതാ.’ പയ്യൻ പ്രസരിപ്പോടെ പറഞ്ഞു.
‘നീ കയറീട്ടൊണ്ടോ?’ ഗിരി ചോദിച്ചു.
ബാലൻ ഇല്ലെന്നു തലയാട്ടി.
‘ആരും കേറത്തില്ല. പേടിയാ. പണ്ടൊരിക്കൽ കുഞ്ഞൻ നാരാണൻ കേറുന്നതേ കണ്ടിട്ടുള്ളൂ.’
‘അങ്ങേരെന്തിനാ കയറിയേ?’ ഗിരി ചോദിച്ചു.
‘തൂറാൻ.’ ബാലൻ നിഷ്കളങ്കമായി പറഞ്ഞു.
ഹേമ പൊട്ടിച്ചിരിച്ചു. ‘ആരാ ഈ കുഞ്ഞൻ നാരായണൻ?’
‘ഒരു ഭിക്ഷക്കാരനാ. ഞങ്ങളുടെ നാട്ടിലെ റോയൽ ബെഗർ. ഇപ്പോൾ ഒരുപാട് പ്രായമായി.’ സ്റ്റെല്ല പറഞ്ഞു.
‘ഏതായാലും അകത്തു കയറുമ്പോൾ കുഞ്ഞൻ നാരായണന്റെ ഡിഎൻഎ കാലിൽ പറ്റാതെ നോക്കണം.’ ഹേമ ചിരിച്ചുകൊണ്ട് പറഞ്ഞു.
രാജൻ അകത്തുനിന്ന് തിരികെയെത്തി.
‘നീണ്ട തുരങ്കമാ.’ രാജൻ പറഞ്ഞു. നെറേ കരീലയാ. പാമ്പൊണ്ടോ എന്നറിയില്ല.’
‘ആവശ്യമില്ലാത്ത അപകടത്തിന് പോണോ?’ ഗിരി ഹേമയോട് അടക്കത്തിൽ ചോദിച്ചു.
‘നിനക്ക് പേടിയുണ്ടോ?’ ഹേമ ചോദിച്ചു.
ഗിരി ചിരിച്ചു.
‘ടോർച്ച് തരൂ. ഞാൻ ഇറങ്ങാം.’ സ്റ്റെല്ല രാജനോട് പറഞ്ഞു.
‘വേണ്ട. ഞാൻ ആദ്യം ഇറങ്ങാം. പുറകെ വന്നാ മതി.’ രാജൻ പറഞ്ഞു.
അവൻ ഇത്തവണ അനായാസമായി തുരങ്കത്തിനകത്ത് ഇറങ്ങി. ഉള്ളിൽ നിന്ന് സ്റ്റെല്ലക്കായി കൈനീട്ടി. അകത്തേക്ക് വന്ന സ്റ്റെല്ലയെ ഇരുകൈകളും കൊണ്ട് സഹായിച്ച് താഴേക്കിറക്കി. പിന്നാലെ ഹേമയെയും ഗിരിയെയും. ബാലനും ഇറങ്ങാൻ നോക്കിയെങ്കിലും രാജൻ തടഞ്ഞു.
രാജൻ ടോർച്ച് പ്രകാശിപ്പിച്ചു. ആദിമമായ ഏതോ സംസ്കാരത്തിന്റെ ശേഷിപ്പു പോലെ തുരങ്കം മുന്നിൽ നീണ്ടുകിടന്നു.
‘കുറച്ചു നടക്കാം.’ സ്റ്റെല്ല പറഞ്ഞു.
രാജൻ കരുതലോടെ മുന്നോട്ടു നീങ്ങി. മറ്റുള്ളവർ പിന്നാലെയും. കാട്ടിലെ അസന്നിഗ്ദ്ധഘട്ടങ്ങളുടെ പുനരാവിഷ്കാരമാണ് ആ നിമിഷങ്ങളെന്ന് ഗിരിക്കും ഹേമയ്ക്കും തോന്നി. അപകടങ്ങളെ നേരിടാൻ തയ്യാറെടുത്ത് രാജൻ മുന്നിൽ നീങ്ങുന്നു. വിനീതരായ അനുയായികളായി മറ്റുള്ളവർ പിന്നാലെ ചെല്ലുന്നു. അല്പദൂരം കഴിഞ്ഞപ്പോൾ തന്നെ കരിയിലകൾ ഇല്ലാതെയായി. കൂർത്ത കല്ലുകൾ പാദരക്ഷകളെ ചുംബിച്ചുതുടങ്ങി. അല്പംകൂടി കഴിഞ്ഞപ്പോൾ തുരങ്കം ഒന്നു വളഞ്ഞു. പിന്നെയും മുന്നിലേക്ക് ചെന്നപ്പോൾ രണ്ടു വശങ്ങളിലേക്കും പിളർപ്പുകൾ.
‘ഇതു നിശ്ചയമായും പഴയകാലത്തെ മനുഷ്യനിർമ്മിതമായ പാതകളാണ്. ഒരുപക്ഷേ പടയാളികൾക്കു വേണ്ടി ഏതോ രാജാവ് നിർമ്മിച്ചിട്ടുള്ളത്.’ ഹേമ പറഞ്ഞു.
‘അജ്ഞാതവാസക്കാലത്ത് പാണ്ഡവന്മാർ താമസിച്ചതാണെന്നാണ് ഐതിഹ്യം.’ ഗിരി പറഞ്ഞു.
‘അത്തരം ആയിരം കഥകൾ പലയിടത്തുമുണ്ട്. പിന്നേ, നിങ്ങളുടെ മണ്ണടിയിൽ ഇല്ലാത്തതെന്താ? കാമ്പിത്താൻ, വേലുത്തമ്പി, ഇപ്പോൾ ഇതാ പഞ്ചപാണ്ഡവരും! വല്ലാത്ത നാട്ടുകാരാ.’
ഹേമ കളിയാക്കിക്കൊണ്ട് ഗിരിയുടെ കൈത്തണ്ടയിൽ അടിച്ചു. അത് തടയാൻ നോക്കിയ ഗിരിയുടെ കൈതട്ടി രാജന്റെ കൈയിലിരുന്ന ടോർച്ച് താഴെവീണ് അകലേക്ക് ഉരുണ്ടു. അന്ധകാരം! രാജൻ കരുതലോടെ ടോർച്ചു തപ്പി മുന്നോട്ടു നീങ്ങി. വശത്തു കിടന്ന ഒരു മൺകൂനയിൽ രാജൻ ചവിട്ടിയതും ചെറുപ്രാണികളുടെ ഒരു സൈന്യം തന്നെ മൂളി ഉയർന്നു. നാലുപേരെയും അവ വട്ടമിട്ടു പൊതിഞ്ഞു. രക്ഷപ്പെടാൻ വേണ്ടി നാലുപേരും അകലേക്ക് അകലേക്ക് നീങ്ങി. പ്രാണികൾ അകന്നപ്പോഴേക്കും നാലുപേരും നാലിടങ്ങളിൽ ദിശാബോധം നഷ്ടപ്പെട്ട് നില്ക്കുകയായിരുന്നു. പക്ഷേ മങ്ങിയ വെട്ടത്തിൽ പരസ്പരം കാണാൻ കഴിഞ്ഞു.
‘എല്ലാവരും എന്റെയടുത്ത് വരൂ.’ രാജൻ വിളിച്ചു പറഞ്ഞു.
മറ്റുള്ളവർ അവന്റെയടുത്ത്ക്ക് നീങ്ങിച്ചെന്നു.
‘വീണ്ടും നമുക്ക് ചതി പറ്റിയല്ലോ. എങ്ങനെയാണ് തിരിച്ചു കയറുക?’ ഗിരി പറഞ്ഞു.
‘സ്റ്റെല്ലേ!’ ഹേമ വിളിച്ചു.
സ്റ്റെല്ല കൈനീട്ടി അവളെ പിടിച്ചു.
‘എല്ലാവരും കൈ കോർത്തു പിടിക്ക്.’ സ്റ്റെല്ല പറഞ്ഞു.
‘ഏതാ തിരിച്ചു പോകാനുള്ള വഴി?’ രാജൻ ചോദിച്ചു.
‘ഒരു പിടിയും കിട്ടുന്നില്ല.
നാല് വഴിയുണ്ട്. എല്ലാം ഇപ്പോൾ ഒരുപോലെയിരിക്കുന്നു.’ സ്റ്റെല്ല പറഞ്ഞു.
‘നിശ്ചയമായും നമ്മൾ അസാധാരണമായ വിധിയുള്ള ആളുകളാണ്. ഒരുമിച്ച് എവിടെ പോയാലും ആപത്തിൽ പെടും.’ ഹേമ ചിരിച്ചുകൊണ്ട് പറഞ്ഞു.
കുറച്ചുനേരം നാലുപേരും ഒന്നും മിണ്ടാതെ നിന്നു.
‘രാജാ നീ ഒരു തീരുമാനം പറയൂ. ഏതു വഴി പോകണം?’ ഗിരി ചോദിച്ചു.
രാജൻ അല്പം ആലോചിച്ച ശേഷം ഒരു വഴി തിരഞ്ഞെടുത്തു.
‘പോകാം.’ അവൻ പറഞ്ഞു.
നാലുപേരും നടക്കാൻ തുടങ്ങിയപ്പോൾ സ്റ്റെല്ല തടഞ്ഞു. അവൾ എന്തിനോ കാതോർത്തു.
അകലെനിന്ന് ദുർബ്ബലമായ ഒരു ശബ്ദം എല്ലാവരും കേട്ടു.
‘വരൂ, ആ വഴിയാണ്. ശബ്ദം അവിടെനിന്നാണ്.’
സ്റ്റെല്ല മറ്റുള്ളവരെ നയിച്ച് ശബ്ദം കേട്ട വഴിയേ നടന്നു. വീണ്ടും ശബ്ദം കേട്ടു. ‘ഓയ്’ എന്ന ശബ്ദം. അകലെ തുരങ്കത്തിന്റെ മുഖത്തുനിന്ന് വരുന്നതാണ്.
‘ആ ചെറുക്കനാണ്.’ സ്റ്റെല്ല പറഞ്ഞു.
‘അവൻ ഒച്ചവെച്ചത് കാര്യമായി. ഇല്ലെങ്കിൽ നമ്മൾ കുടുങ്ങിപ്പോയേനെ.’ ഹേമ പറഞ്ഞു.
ബാലന്റെ വിളി കൂടുതൽ ഒച്ചയിൽ കേൾക്കാൻ തുടങ്ങി. തുരങ്കമുഖത്തെത്തിയപ്പോൾ രാജൻ സ്റ്റെല്ലയെ കയറാൻ സഹായിച്ചു. തുടർന്ന് മറ്റുള്ളവരെയും.
പുറത്തെത്തിയ ഉടനെ ഹേമ ബാലനെ കെട്ടിപ്പിടിച്ചു.
‘നീ എത്ര വലിയ സഹായമാണ് ഞങ്ങൾക്ക് ചെയ്തതെന്ന് അറിയാമോ?’ ഹേമ അവനോട് ചോദിച്ചു.
ബാലൻ മിഴിച്ചു നോക്കി. ‘ഞാൻ പോട്ടെ. ഒടയാംകുളത്ത് പന്തുകളി ഒണ്ട്.’
അതു പറഞ്ഞ് അവൻ ഓടിപ്പോയി.
‘അവനെ അയച്ചത് ദൈവമാണോ?’ ഗിരി ചോദിച്ചു.
‘അങ്ങനൊരു സാധനം ശരിക്കും ഉണ്ടോ?’ ഹേമ തിരിച്ചു ചോദിച്ചു. പിന്നെ അവൾ കൂട്ടിച്ചേർത്തു: ‘കാണുമായിരിക്കും. അല്ലാതെ നമ്മളെ പോലെ
ഒന്നുകൊണ്ടും പാഠം പഠിക്കാത്ത മഠയരെ ആര് സൃഷ്ടിക്കാനാണ്!’
നാലുപേരും തുരങ്കത്തിനു പുറത്ത് കുത്തിയിരുന്നു. ഗിരിയും ഹേമയും തൊട്ടുമുൻപ് അതിജീവിച്ച പ്രതിസന്ധിയെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. സ്റ്റെല്ല എഴുന്നേറ്റുചെന്ന് പുല്ലുമേയുന്ന പശുക്കളെ തലോടാൻ തുടങ്ങി. രാജൻ അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു. പിന്നെ അവനും തുരങ്കത്തിനുള്ളിലെ സംഭവത്തെ കുറിച്ച് ആലോചിക്കാൻ തുടങ്ങി. കാട്ടിൽ പെട്ടതുമായി തട്ടിച്ചു നോക്കിയാൽ സുഹൃത്തുക്കൾ ധീരമായാണ് തുരങ്കത്തിനുള്ളിലെ പ്രതിസന്ധിയെ നേരിട്ടതെന്ന് അവനു തോന്നി. ആരുടെ ശബ്ദത്തിലും പരിഭ്രാന്തി തോന്നിയില്ല. നേരത്തേ തന്നെ തോന്നിയ സംശയം ബലപ്പെടുകയാണ്. കാട് സ്റ്റെല്ലയെയും ഹേമയെയും ഗിരിയെയും വല്ലാതെ മാറ്റിയിട്ടുണ്ട്. ആ മാറ്റം തുടരുകയുമാണ്. എന്താണ് അവരുടെ ഉള്ളിൽ പ്രവർത്തിക്കുന്നതെന്നു മാത്രം അവനു പിടികിട്ടിയില്ല.
അൻപത്
അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ച് സ്റ്റെല്ലയുടെയും ഡോക്ടർ ജോസിന്റെയും വിവാഹം നടന്നു. സ്റ്റെല്ലയുടെയും ജോസിന്റെയും വീടുകളിൽ രണ്ടു ദിവസം വീതം താമസിച്ചശേഷം ദമ്പതികൾ ജോസിന്റെ തിരുവനന്തപുരത്തെ വസതിയിലേക്ക് പോയി.
ജനറൽ ആശുപത്രിയിലാണ് ഡോക്ടർ ജോസിന് ജോലി. രാവിലെ ഒൻപതുമണിക്ക് ജോസ് പോയിക്കഴിഞ്ഞാൽ സ്റ്റെല്ല അത്യാവശ്യ ജോലികൾ ഒതുക്കി പഠിക്കാൻ ഇരിക്കും. ആഴ്ചയിൽ ഒരു തവണയെങ്കിലും ഹേമയ്ക്ക് കത്തെഴുതും. കത്തിൽ സ്റ്റെല്ല ആവർത്തിക്കുന്ന ഒരു കാര്യം ഇതാണ്-
വെറുതെയിരുന്നാൽ കാട്ടിലെ ഓർമ്മകൾ കയറിവരും. കാട് ഇപ്പോളൊരു ലഹരി പോലെയായി മാറിയിട്ടുണ്ട്. ഇവിടെ ചുറ്റിനും കാണുന്ന ബഹളങ്ങളോട് ഒരടുപ്പോം തോന്നുന്നില്ല ഹേമേ. നാടിനെ പഴയ രീതിയിൽ കാണാനേ കഴിയുന്നില്ല. കാട് ആണെങ്കിൽ കാന്തം പോലെ മനസ്സിനെ പിടിച്ചു വലിക്കുന്നു. അതുകൊണ്ട് ഡിസ്ട്രാക്ഷന് വേണ്ടി എന്തെങ്കിലും എടുത്ത് പഠിക്കുന്നു. കാട്ടിലായിരുന്നപ്പോൾ ഏതു വിധേനയും പുറത്തു കടക്കണം, രക്ഷപ്പെടണം എന്നു മാത്രമായിരുന്നു. നാട്ടിലെത്തിയപ്പോൾ മുതൽ തിരിച്ചാണ്. കാട് കാണണം, കാട്ടിലലിയണം.’
‘എനിക്ക് വേറൊരു രീതീലാ.’ ഹേമ മറുപടി എഴുതും.
‘കാട് എനിക്കൊരു ധൈര്യമാ. അതിൽപരം ഒന്നും സംഭവിക്കാനില്ല എന്ന ഒരു ചിന്ത എപ്പോഴും ഉണ്ട്. ഒന്നിനെക്കുറിച്ചും വേവലാതി തോന്നുന്നില്ല. മനസ്സിൽ പഴയപോലെ ആഗ്രഹങ്ങൾ ഒന്നുമില്ല എന്നു മാത്രം.’
ഉച്ച കഴിഞ്ഞാൽ സ്റ്റെല്ല വീണ്ടും പഠിക്കാനിരിക്കും. ജോസ് ജോലി കഴിഞ്ഞ് അഞ്ചുമണിയോടെ തിരികെ എത്തും. അഞ്ചരയോടെ സ്വകാര്യ പ്രാക്ടീസ് ആരംഭിക്കും. നാലര മുതൽ തന്നെ രോഗികളും അവർക്കൊപ്പം ഉള്ളവരും വന്നു തുടങ്ങും. ആ സമയം കണക്കുകൂട്ടി സ്റ്റെല്ല ഗേറ്റ് തുറന്നിടും. രാത്രി എട്ടുമണിയോടെ ജോസ് പ്രാക്ടീസ് അവസാനിപ്പിക്കും. അത്താഴത്തിനിരിക്കുമ്പോൾ അന്നു ചികിത്സിച്ച കേസുകളിൽ കൗതുകകരമായിട്ടുള്ളവ ജോസ് സ്റ്റെല്ലയോട് വിവരിക്കും. മനുഷ്യമനസ്സ് അപഭ്രംശം വന്ന് ഓടിപ്പോകുന്ന കാട്ടുവഴികൾ സ്റ്റെല്ലയെ വിസ്മയിപ്പിക്കും. ചിത്രശലഭത്തിനെ ഭയമുള്ള സ്ത്രീ, കാണുന്ന കിണറുകളിൽ എല്ലാം ഇറങ്ങുന്ന പയ്യൻ, തക്കം കിട്ടിയാൽ ഹിമാലയത്തിലേക്ക് ഓടിപ്പോകുന്ന പെൺകുട്ടി, താനൊഴികെ എല്ലാം മായക്കാഴ്ചയാണെന്ന് കരുതുന്ന യുവാവ് – ഇവരെയെല്ലാം സ്റ്റെല്ല ദൂരെനിന്നു കണ്ടു വിസ്മയിച്ചു. പക്ഷേ മാസങ്ങൾ കഴിഞ്ഞപ്പോൾ അത്തരം കാര്യങ്ങളിലുള്ള താല്പര്യം കുറയാൻ തുടങ്ങി.
ജോസിന് പ്രൊഫഷൻ എന്നാൽ ഭ്രാന്താണ്. ജനിച്ചതു തന്നെ മനോരോഗ വിദഗ്ധനാവാനാണ് എന്ന മട്ടിലാണ് അയാൾ രാവിലെ ആശുപത്രിയിൽ പോകുന്നത്. ഓരോ രോഗിയുടെയും രോഗശാന്തി അയാളെ ആവേശം കൊള്ളിക്കുന്നു. ഏതെങ്കിലും രോഗിയുടെ അസുഖം മാറാതിരുന്നാൽ ജോസിന് സ്വസ്ഥത നഷ്ടപ്പെടും. പ്രൊഫഷൻ ഒരു പരിധിക്കപ്പുറം മനസ്സിലേക്ക് എടുക്കരുതെന്നു മറ്റു ഡോക്ടർമാർ പറയുന്നത് അയാൾക്ക് സ്വീകാര്യമേയല്ല.
ജോസിനെ ആവേശം കൊള്ളിച്ച ഒരു സംഗതി ഉണ്ടായി. വിവാഹം കഴിഞ്ഞ് അഞ്ചാം മാസം സ്റ്റെല്ല ഗർഭിണിയായി. ആകാശത്തിന്റെ മട്ടുപ്പാവിൽ കയറിയ പോലെയായിത്തീർന്നു അയാൾ. വീട്ടുജോലിക്ക് വേഗം ഒരു ജോലിക്കാരിയെ ഏർപ്പാടാക്കി. മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് ഉണ്ണാൻ വരുന്നതും ശീലമാക്കി.
ഹേമ കാണാൻ വന്നപ്പോൾ സ്റ്റെല്ലയോട് ചോദിച്ചു:
‘ഡോക്ടർ ആനന്ദം കൊണ്ട് മതിമറന്നിരിക്കുകയാണ്. അല്ലേ?’
‘അതെ മതിമറന്നിരിക്കുകയാണ് പാവം. എന്നെപ്പറ്റിയോ വയറ്റിലുള്ള കുഞ്ഞിനെ പറ്റിയോ അല്ല കരുതൽ. എന്റെ ഗർഭത്തെ പറ്റി മാത്രം. അങ്ങേരുടെ അഭിമാനവും ജീവിതം തന്നെയും അതിനെ ചുറ്റിപ്പറ്റിയാണെന്ന് തോന്നിപ്പോകും.’
‘അങ്ങനെയൊന്നും പറയണ്ട.’
‘പറയുന്നില്ല. ഞാനും കുഞ്ഞിന്റെ വരവ് നോക്കിയിരിക്കുകയാണ്. വേറെന്താണ് ചെയ്യാനുള്ളത്! എന്റെ മനസ്സിൽ നിറയെ കാടാണ്.’
‘ഒരു കാര്യം പറയാൻ മറന്നു,’ ഹേമ പറഞ്ഞു.
‘എന്താണ്?’
‘രാജൻ ഇന്നലെ വൈകിട്ട് വീട്ടിൽ വന്നിരുന്നു. അവന്റെ ഷാപ്പ് നന്നായി പോകുന്നു. അവന്റെ പറച്ചിലിൽ നിന്ന് എനിക്ക് തോന്നുന്നത് മുതലാളി അത് അവന് കൊടുത്തേക്കും എന്നാണ്.’
‘അവൻ നല്ല അദ്ധ്വാനി അല്ലേ? നല്ലത് വരട്ടെ.’
‘ഇടയ്ക്ക് ഷാപ്പിൽ നിന്ന് ആഴ്ചകൾ അവധി എടുത്തവൻ കാട്ടിൽ പോകും. അവിടെ ചെറിയതോതിൽ സാമൂഹ്യ പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്.’
‘ആഹാ! അതു കൊള്ളാമല്ലോ. നമുക്കും ഒരിക്കൽ കാട്ടിൽ പോകണം.’
ഹേമ ശബ്ദം താഴ്ത്തി:
‘ഒക്കെയാണെങ്കിലും നിന്റെ കാര്യത്തിൽ അവൻ്റെ മനസ്സിൽ എന്തൊക്കെയോ ഉണ്ട്.’
‘എന്താ അങ്ങനെ പറയാൻ?’ സ്റ്റെല്ല ചോദിച്ചു.
‘അവന്റെ സംസാരത്തിൽ നിന്ന് അങ്ങനെ തോന്നി. കാട്ടിൽ നിന്നും വരേണ്ടിയിരുന്നില്ല, സ്റ്റെല്ലയുമായി അവിടെ ജീവിച്ച് മരിച്ചാൽ മതിയായിരുന്നു എന്ന് ഒരു തവണ അവൻ പറഞ്ഞു. നിന്റെ കല്യാണം കേറി കലക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നു എന്നും ചുപ്പൻ തടഞ്ഞു എന്ന് പറഞ്ഞു.’
‘എന്തിനാണ് അങ്ങനെയൊക്കെ?’ ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം സ്റ്റെല്ല ചോദിച്ചു.
‘അറിയില്ല. അവന്റെ വാല്യൂ സിസ്റ്റം നമ്മളുടേതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. നീ അവന്റെ സ്വന്തമാകുന്നതിന്റെ വക്കിൽ നിൽക്കുമ്പോൾ ആണല്ലോ നമ്മൾ കാടിന് പുറത്തെത്തുന്നത്. അതിന്റെ നിരാശയാകാം. ഏതായാലും നീ ഹാപ്പി അല്ലേ?’ ഹേമ ചോദിച്ചു.
‘വളരെ. ശരിക്കും വളരെ ഹാപ്പിയാണ് ഹേമ.’
(തുടരും)
കവർ: വിൽസൺ ശാരദ ആനന്ദ്