(ജൂൺ 5 ലോക പരിസ്ഥിതി ദിനം)
“The earth has music for those who listen.”
(William Shakespeare)
ജൂൺ 5. ലോകപരിസ്ഥിതിദിനം വന്നെത്തി. എന്തിനാണ് ഇത്തരം ദിനങ്ങൾ എന്ന ചോദ്യങ്ങൾക്ക് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ് ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ് ഹൈഡ് വളരെ മുന്‍പ് തന്നെ പറഞ്ഞു: “ഇന്നത്തെ അമൂർത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

മരുഭൂവൽക്കരണമെന്ന ഭീഷണിയെ വേണ്ടവിധത്തിൽ ലോകം നേരിട്ടോ എന്നത് സംശയമാണ്. യുഎൻ കൺവെൻഷനിൽ പറഞ്ഞതനുസരിച്ച് ഗ്രഹത്തിൻ്റെ 40 ശതമാനം വരെ ഭൂമി നശിച്ചു. ഇത് ലോക ജനസംഖ്യയുടെ പകുതിയെ നേരിട്ട് ബാധിക്കുകയും, സാമ്പത്തിക രംഗത്ത് ആഗോള ജിഡിപിയുടെ പകുതിയോളം (44 ട്രില്യൺ യുഎസ് ഡോളർ) വരുന്ന വെല്ലുവിളിയാകുകയും ചെയ്യുന്നു. 2000 മുതൽ വരൾച്ചയുടെ തോതും കാലാവധിയും 29 ശതമാനത്തോളം വർദ്ധിച്ചുകൊണ്ടിരിക്കുന്നു – അടിയന്തര നടപടിയില്ലാതെ വന്നാൽ, 2050 ആകുമ്പോഴേക്കും വരൾച്ച ലോക ജനസംഖ്യയുടെ മുക്കാൽ ഭാഗത്തെയും ബാധിച്ചേക്കാം. ഒപ്പം പ്രവചനാതീതമായ കാലാവസ്ഥാവ്യതിയാനം ഒരു ഭീഷണിയായി നിലനിൽക്കുന്നു. ഇപ്പോൾ തന്നെ ഭൂഖണ്ഡങ്ങളിലെ പുതിയ മാറ്റങ്ങൾ ഭാവിയിൽ കാലാവസ്ഥയെ എങ്ങനെ ബാധിക്കും എന്ന് പറയാൻ വയ്യ. ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളർന്നുകൊണ്ടിരിക്കുന്നു. ഭാവിയിൽ കേരളം ഉൾപ്പെടെയുള്ള തീരദേശങ്ങൾ ഹിമാലയം പോലെയുള്ള വലിയ മഞ്ഞുമലകൾ ആയേക്കാം എന്നാണ് ശാസ്ത്രലോകം സൂചിപ്പിക്കുന്നത്. പ്രകൃതി തന്നെ ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുമ്പോൾ മനുഷ്യപ്രവർത്തനത്താൽ രൂപപ്പെടുന്ന ഒട്ടേറെ പ്രതിസന്ധികളുമുണ്ട് നമുക്ക് മുന്നിൽ.ഈ വസ്തുത കൂടി ഓർമ്മപ്പെടുത്തുകയാണ് മരുഭൂവൽക്കരണം കൂടിക്കൊണ്ടിരിക്കുന്നു എന്ന സന്ദേശം പേറുന്ന പരിസ്ഥിതി ദിനം. സുന്ദരമായ ഭൂമിയെന്ന ജീവഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തിച്ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും. ഇതിനു കാരണക്കാരൻ മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സര്‍വ്വ ജീവനേയും തീഗോളത്തിലെറിഞ്ഞ് കൊടുത്തെന്ന അപഖ്യാതിയും മനുഷ്യകുലം പേറേണ്ടി വരും. ഈ പച്ചയറിവിലേക്ക് എത്തിച്ചേരാനുള്ള വഴി തുറക്കലാണ് പരിസ്ഥിതിവിചാരത്തെ ഉണര്‍ത്തുകവഴി ഉണ്ടാവുന്നത്.
“നമ്മുടെ ഭൂമി: പുനരുദ്ധാരണം, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം. ഞങ്ങൾ #തലമുറപുനഃസ്ഥാപനമാണ്.” എന്ന ആശയത്തിലേക്ക് വരുമ്പോൾ ഭൂമിയുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും പുനരുദ്ധാരണം നടത്തുകയും ചെയ്യുക നമ്മുടെ കാലത്തിന്റെ അനിവാര്യമായ ഒരു ആവശ്യമായി മാറിയിരിക്കുന്നു എന്നത് വ്യക്തമാണ്. ഭൂമി പുനരുദ്ധാരണം എന്നത് പരിസ്ഥിതിയിൽ ഉണ്ടായ നാശനഷ്ടങ്ങളെ തിരിച്ചുപിടിച്ച്, വരും തലമുറകൾക്ക് വേണ്ടി ആരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. മലിനീകരണവും, വനംനശീകരണവും മൂലം നശിച്ചുപോയ ഭൂമി -ജലവിഭവങ്ങളിലുള്ള പുനരുദ്ധാരണം അനിവാര്യമാണ്. മണ്ണിനോട് സൗഹൃദമായ കൃഷി രീതികൾ, പ്രകൃതിയെ പരിഗണിച്ചുകൊണ്ടുള്ള സുസ്ഥിര വികസനങ്ങൾ, എന്നിവ ഉൾപ്പെടുത്തി പ്രകൃതിയെ മടക്കിക്കൊണ്ടുവരികയാണ് ലക്ഷ്യം.
മരുഭൂവൽക്കരണം (Desertification) എന്നത് ഊഷരമായ ഭൂമി ക്രമേണ മരുഭൂമിയാക്കപ്പെടുന്ന പ്രക്രിയയാണ്. കരുതൽ ഇല്ലാത്ത ദുർബലമായ മേഖലകളിൽ സംഭവിക്കുന്ന പരിസ്ഥിതി-ഭൗമശാസ്ത്ര -കാലാവസ്ഥ വ്യതിയാന പ്രക്രിയകളുടെ ഫലമായി ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്നതിലൂടെ ഒരു ഭൂവിഭാഗം മരുഭൂമിയായി മാറുന്നു. മരുഭൂവത്കരണത്തിന്റെ കാരണങ്ങൾ പലതാണ്. വനനശീകരണം ഒരു കാരണമാണ്. വാസ സ്ഥലങ്ങളിലെ അനിയന്ത്രിത മരംവെട്ടലും. മണ്ണിന്റെ നൈസർഗ്ഗിക സംരക്ഷണം നഷ്ടപ്പെടുത്തുന്ന കൃഷി രീതിയും, അമിതമായ രാസവസ്തുക്കളുടെ ഉപയോഗവും അമിതവിളവെടുപ്പും മണ്ണിന്റെ കാർഷികശേഷി കുറയ്ക്കുന്നു. മറ്റൊന്ന് കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി വിവിധ പ്രദേശങ്ങളിൽ നീണ്ട നാളത്തെ വരൾച്ചയോ അപ്രതീക്ഷിത മഴയോ സംഭവിച്ചാൽ മണ്ണിന്റെ ഘടനയും ഫലഭൂയിഷ്ഠതയും ബാധിക്കപ്പെടുന്നതാണ്. അതൊരുപക്ഷേ മനുഷ്യന്റെ നിയന്ത്രണത്തിനും മീതെയായാകും. ഭൂമിയുടെ പലയിടങ്ങളും ഇന്ന് കൊടുംവരൾച്ചയുടെ ഭീഷണിയിലാണ്. ഭൂഗർഭജലവിതാനത്തിന്റെ ആഴം വർധിക്കുന്നതും വരൾച്ചയിലേക്ക് നയിക്കുന്നുണ്ട്. മനുഷ്യന്റെ അമിത ഇടപെടലുകളേയും ദീർഘവീക്ഷണം ഇല്ലാത്ത പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള വികസനത്തെയും എങ്ങനെ തടയാം എന്നും പ്രകൃതിയും മനുഷ്യരും തമ്മിൽ സഹവർത്തിത്വം പുലർത്തി എങ്ങനെ കരുതാം എന്നും ചിന്തിക്കാം. ജലസംരക്ഷണ, സംഭരണം, വരൾച്ച പ്രതിരോധ കൃഷി എന്നീ മാർഗ്ഗങ്ങൾ വഴി നാം വരൾച്ചയുടെ ആഘാതം കുറയ്ക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
“ഞങ്ങൾ തലമുറപുനഃസ്ഥാപനം” എന്നത്, കൂട്ടായ പുനരുദ്ധാരണം, വനവൽക്കരണം, വരൾച്ച പ്രതിരോധം എന്നിവയിലൂടെ, നമുക്കു മാത്രമല്ല, നമ്മുടെ ഭാവി തലമുറകൾക്കും സമാധാനപരമായ, സുസ്ഥിരമായ ഒരു ഭൂമി നൽകുക എന്ന പ്രതിജ്ഞയാണ് ലക്ഷ്യമിടുന്നത്. കൂട്ടായ്മയായി മുന്നേറുക, അതാണ് നമ്മുടെ ദൗത്യം. തലമുറപുനഃസ്ഥാപനം എന്ന ഈ ആശയം നമുക്ക് ഓരോരുത്തർക്കും പ്രചോദനം നൽകട്ടെ. ഒട്ടേറെ ദിനങ്ങൾക്കിടയിൽ പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തലാവാൻ ഈ പരിസ്ഥിതി ദിനം കാരണമാകട്ടെ. ഒരു ശുഭ ഭാവിയിലേക്ക് എത്താൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
കവര്‍: സി. പി. ജോണ്‍സണ്‍