സൂര്യനസ്തമിച്ചിരിക്കുന്നു. കിളികൾ മരത്തലപ്പുകളിലേക്കു കൂടണയുന്നു, ജോലിക്ക് പോയവർ ധൃതിയിൽ വീട്ടിലേക്ക് മടങ്ങുന്നു, നിരത്തുകളിൽ ലൈറ്റുകൾ തെളിയുന്നു.
നാട്ടിലും, വിദേശത്തുമുള്ള എല്ലാ ബാച്ച്ലേഴ്സും തിരക്കിട്ട പാചകത്തിലാണ്. മസാലയുടെയും,രുചിക്കൂട്ടുകളുടെയും ഗന്ധം പരക്കുന്നു. ചിലർ വോഡ്കയിൽ നാരങ്ങ പിഴിയുന്നു. ഫ്രിഡ്ജിൽ നിന്നെടുത്ത ബീയർ കുപ്പികൾ പൊട്ടുന്നു, വീട്ടിൽ നിന്നും രണ്ടു പെഗ് അടിക്കാൻ അനുവാദം കിട്ടാത്തവരും പുഞ്ചിരിച്ച മുഖത്തോടെ അവരോടൊപ്പമുണ്ട്.
ദൂരദേശങ്ങളിൽ പഠിക്കാൻ പോയ കുട്ടികൾ വീട്ടിലേക്ക് വിളിച്ചു അയക്കേണ്ട രൂപയുടെ കണക്കുകൾ പറഞ്ഞു, അല്പം മിണ്ടി ഫോൺ അടയ്ക്കുന്നു.
അമ്മമാർ അടുക്കളയിൽ പാത്രങ്ങൾ കഴുകി വയ്ക്കുന്നു. സന്ധ്യയിൽ നിന്നും രാത്രിയിലേക്ക് നീങ്ങുംതോറും ആകാശ ചിത്രങ്ങൾ മാറി വരുന്നുണ്ട്.അന്നത്തെ സീരിയലിന്റെ ഷൂട്ടിംഗ് കഴിഞ്ഞു
ഗായത്രി ഓട്ടോയിൽ നിന്നും തിരക്കിട്ടിറങ്ങി ഫ്ലാറ്റിലേക്ക് ചേക്കേറി.
പഴവും, പാലുമെടുത്തു കുറച്ചു നട്ട്സും ചേർത്തു ഒരു ഷേക്കുണ്ടാക്കി, പൊടുന്നനെ തയ്യാറാക്കിയ ഡിന്നർ കുളികഴിഞ്ഞു സാവകാശം കഴിച്ചു. വായിച്ചു നിറുത്തിയ ബുക്ക് എടുത്തു. അഷിതയുടെ കഥകൾ- അവരിത് എത്രാമത്തെ തവണയാണ് വായിക്കുന്നതെന്ന് അവർക്ക് തന്നെ പിടിയില്ല.
കുട്ടികൾ പഠിപ്പ് നിർത്തി, അമ്മമാർ അവസാന പാത്രവും കഴുകി റൂമിലേക്ക് വന്നു. അഛന്മാരും ജോലി കഴിഞ്ഞുള്ള വിശ്രമം അവസാനിപ്പിച്ച് കിടക്കാനായി മുറിയിലെത്തി. അമ്മാമമാരും, അപ്പുപ്പന്മാരും, പിഞ്ചു കുഞ്ഞുങ്ങളും എല്ലാവരും മൊബൈൽ എടുത്തു. മുകളിൽ നിന്നൊരു മലക്ക് എത്തി നോക്കി. ലോകം മുഴുവനും കത്തിച്ചു വച്ച മെഴുതിരികൾ പോലെ ഭൂമിയാകെ മൊബൈൽ ഇലുമിനേഷനുകൾ .. നിരന്നു നിൽക്കുന്ന കുഞ്ഞ് മലക്കുകളുടെ കണ്ണുകൾ വലിയൊരു പെരുന്നാളിന്റെയോ, ഉത്സവത്തിന്റെയോ അലങ്കാരങ്ങൾ കാണും പോലെ കൗതുകം പൂണ്ടു.
പ്രായമുള്ളവരിൽ അധികവും സീരിയലും, ഇതിഹാസ കഥകളും കണ്ടു കൊണ്ടിരുന്നു. ഇടയ്ക്കിടെ അവരുടെ മുഖത്തു സമ്മിശ്ര വികാരങ്ങളും ഭക്തിത്തിളക്കങ്ങളും കാണാം. ബാച്ച്ലർസ് പലവക ടെക്നോളജി രസങ്ങളിൽ ശ്രദ്ധപൂണ്ടിരിക്കുന്നുണ്ട്. ഗോസിപ്പുകൾ രസിച്ചും, ഉണ്ടാക്കിയും ചിലർ.ചിലർ റീൽസ് എഡിറ്റ് ചെയ്യുന്നുണ്ട്. ചിലർ ബയോഡാറ്റകൾ തയ്യാറാക്കുന്നു.
എല്ലാം നിറുത്തിവെച്ചു കൃത്യം പതിനൊന്നരയ്ക്ക് എല്ലാവരും അവരവരുടെ അമ്മമാരുടെ ഏറ്റവും നല്ല ഫോട്ടോകൾ തിരഞ്ഞെടുത്തു. ചിലർ വീഡിയോകൾ തയ്യാറാക്കി. അടുത്ത ദിവസം മദേർസ് ഡേ വിഷ് ഇടാനായുള്ള തിരക്കിലാണ് ഭൂമി മുഴുവനും. അതിൽ വർഷങ്ങളായി അമ്മമാരെ വൃദ്ധ സദനത്തിൽ ആക്കിയവരും ഉണ്ട്. കുറച്ചു പേർ അമ്മമാരോട് പിണക്കത്തിൽ കഴിയുന്നവരുമാണ്.
“തങ്ക മനസ് അമ്മ മനസു
മുറ്റത്തെ തുളസി പോലെ “
“അമ്മ എൻ മുഖവരി നീ അമ്മ “
“കണ്കൾ നീയേ…”
ഇങ്ങനെ മികച്ച പാട്ടുകൾ മുതിർന്നവരും
I love you mummy തുടങ്ങിയ പാട്ടുകൾ കുട്ടികളും തയ്യാറാക്കിക്കൊണ്ടിരുന്നു. സ്വന്തം അമ്മയെ കുറിച്ച് അമ്മ തുളസിപോലെ നിർമ്മലമെന്നുള്ള പാട്ട് എടുക്കാൻ ഒത്തിരി പേർ മത്സരിച്ചു.
ചെറിയൊരു ഉറക്കം കഴിഞ്ഞു. ഗായത്രി ഒരു കാൾ എടുത്തു മിണ്ടുന്നുണ്ട്. പൊടുന്നനെ അവർ മൊബൈൽ തുറന്നു നോക്കി.
നോക്കിയതും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിട്ടുമുണ്ട്.
നല്ലൊരു നൃത്താധ്യാപികയും, അറിയപ്പെടുന്ന ചാനലിലെ
ഒരു പ്രോഗ്രാം ഡയറക്റ്ററുമായ തന്റെ മകൾ കൃത്യമായി പന്ത്രണ്ട് മണിക്ക് തന്നെ “Mothers day” ആശംസകൾ തയ്യാറാക്കിയിരിക്കുന്നു.
ഒരു മകൾ എത്ര ഭംഗിയായി അമ്മയെ സ്നേഹിക്കുന്നു എന്ന് തുടങ്ങുന്ന ഭാഷണത്തിൽ, അമ്മ തന്നെ വളർത്താനെടുത്ത കഷ്ടപ്പാടുകളിൽ നിന്നും തുടങ്ങി, അവരുടെ കഴിവുകൾക്ക് കിട്ടിയ അംഗീകാരത്തെ കുറിച്ചു പറഞ്ഞു പോകുന്ന വീഡിയോ ഇങ്ങനെ മകൾ അവസാനിപ്പിക്കുന്നു
…..ഇത് പറയുന്നതിൽ ആർക്കും എന്നോട് ദേഷ്യം ഒന്നും തോന്നരുത്. അച്ഛൻ വിട്ടു പോയതിൽ പിന്നെ അവരുടെ തീരാസങ്കടം ഞാൻ മുഴുവൻനേരവും കണ്ടതാണ്.അച്ഛന്റെ വേർപാടിന് ശേഷം മൂകയായി, ഒന്നിലും ശ്രദ്ധയില്ലാതെ ആരോടും ഒന്നുമുരിയാടാതെ, ഇരുന്ന മരക്കൊമ്പ് വലിയൊരു കർക്കിടകക്കാറ്റിൽ ഒടിഞ്ഞു ആർത്തലച്ച വെള്ളപ്പാച്ചിലിൽ ഒഴുകി എങ്ങോ മറഞ്ഞു പോയ പോലെ, നഷ്ടത്തെ മാത്രം ഓർത്തോർത്തു കണ്ണ് നിറഞ്ഞൊഴുകിയ അവരെ ഞാൻ കണ്ടതാണ്.
അവരുടെ ജോലി സീരിയലിൽ അഭിനയിക്കുകയും, വേദികളിൽ നൃത്തം അവതരിപ്പിക്കുകയുമാണ്..
ഈ വീടിന്റെ പടിപ്പുരക്കുള്ളിൽ കടന്നാൽ ഒരു ടീച്ചറെപ്പോലെയോ, ഡോക്ടറെ പ്പോലെയോ സ്നേഹമുള്ള ഒരമ്മയാണ് അവരും. ഇതെല്ലാം ഞാൻ കാണുന്നതാണ്. ഇനി ഒരു ജോലിയിലേക്കും, നൃത്തത്തിലേക്കും വരുന്നില്ലെന്ന് പറഞ്ഞിരുന്ന അവരെ ഞങ്ങൾ അഭിനയിക്കാൻ നിർബന്ധിച്ചു സമ്മതിപ്പിച്ചു അയച്ചതാണ്. ഈ നാട്ടിലുള്ള വിധവകളായ അധ്യാപികമാരും, ഡോക്ർമാരും, ബാക്കി ഏതു ജോലിക്കാരും അവരുടെ പ്രിയപ്പെട്ടവർ മരിച്ചു കഴിഞ്ഞു ഒന്നോ രണ്ടോ മാസങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നതിനു ഒരു അലിഖിത നിയമവും തടസമില്ല.
പിന്നെ എന്തുക്കൊണ്ട് ചാനലുകളിൽ എന്റെ അമ്മയെ കുറിച്ചു വാർത്തകൾ വരുന്നു?
മുഴുവനും കാണാൻ നിൽക്കാതെ
നിറഞ്ഞകണ്ണുകൾ തുടച്ചു ഗായത്രി വീഡിയോ ഓഫാക്കി. അവർ അന്ന് സമാധാനമായുറങ്ങി.
പിറ്റേന്നത്തെ പുലരിക്ക് ചന്തമേറിയിരുന്നു. നനുത്തമഴ കൊണ്ട പൂക്കളിൽ ഒന്നെടുത്തവർ തലയിൽ ചൂടി..
നല്ല നിറമുള്ളൊരു കോട്ടൺ സാരി എടുത്തു ചുറ്റി, ചേരുന്ന രണ്ട് കുപ്പിവളകൾ അണിഞ്ഞു.
കാലത്തെ നൃത്തം പഠിക്കുന്ന ചില കുട്ടികൾ വിളിച്ചു.
ഹാപ്പി മദേർസ് ഡേ പറഞ്ഞു..
ഗ്രൂപ്പിൽ ഗംഗേച്ചിടെ വീഡിയോ കണ്ടുവെന്നും പറഞ്ഞു.
ഗംഗയുടെ ആ വീഡിയോ അത്തവണത്തെ ഏറ്റവും നല്ല mothers day വീഡിയോ ആയി വൈറൽ ആയി.
ഗായത്രിയുടെ ആ ദിവസത്തിന് തിളക്കമുള്ളതായി. വൈകീട്ട് ഗംഗ കേക്കുമായി വീട്ടിലെത്തി. കേക്ക് വാങ്ങി ഗായത്രി മകൾക്കൊരു ഉമ്മ കൊടുത്തു.മുന്നോട്ട് നീങ്ങാൻ പ്രത്യാശയുടെ പ്രകാശം തന്നൊരു കുട്ടിയുടെ കവിളിൽ കുഞ്ഞ് നക്ഷത്രം പതിഞ്ഞ പോലെ കേക്കിന്റെ അലങ്കാരം തിളങ്ങി.
കവര്‍: വിത്സണ്‍ ശാരദ ആനന്ദ്